Advertisment

ലോകം ആരാധ്യരാക്കിയിട്ടും എന്തിനീ അസൂയ, കുശുമ്പ്, കുതുകാല്‍വെട്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന അടൂരിന്റെ സാമ്പിൾ വെടിക്കെട്ട് എന്തിനുവേണ്ടി ? സ്വയംവരം എഴുതാൻ ഒന്നിച്ചിരുന്ന കെപി കുമാരനോട് അടൂർ ചെയ്തതെന്താണ്. വിശ്വോത്തര സംവിധായകൻ അരവിന്ദനോട് ചെയ്തതോ ? ലോകാരാധ്യനായ ചലച്ചിത്രകാരന് ഇപ്പോഴെന്തിനീ അവാർഡ് വിരുദ്ധത ? - 'നിലപാട് ' കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ

author-image
Vincent
Updated On
New Update

publive-image

Advertisment

അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകാരാധ്യനായ ചലച്ചിത്രകാരനാണ്. മലയാള സിനിമയെ കടല്‍ ക‍ടത്തി ലോക ചലച്ചിത്ര ഭൂപടത്തില്‍ വലിയൊരിപ്പിടത്തിന് അര്‍ഹമാക്കിയത് അടൂരാണ്. പ്രതിഭാധനന്‍, സാഥ്വികൻ, സൂപ്പര്‍ താരങ്ങളെപോലും വകവയ്ക്കാത്ത യഥാര്‍ത്ഥ കലാകാരനാണദ്ദേഹം.

മലയാളികള്‍ നെഞ്ചിലേറ്റിയ അടൂര്‍ എന്ന അതുല്യ കലാകാരന്‍ കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് വിവാദങ്ങളുടെ ആദ്യ വെടിപൊട്ടിച്ചു കഴി‍ഞ്ഞു. ഇനി ഇത് മാലപ്പടക്കം പോലെ പൊട്ടിയും ചീറ്റിയും മുന്നോട്ടു പോകും.

തന്‍റെ ഒരു സിനിമ ദേശീയ അവാര്‍ഡിനു പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്തരിച്ച നടന്‍ അശോക് കുമാര്‍ (ജൂറി അംഗം) ഉറങ്ങുകയായിരുന്നു എന്നതാണ് അടൂര്‍ പുതിയ അഭിപ്രായത്തിനു നല്‍കുന്ന ന്യായവാദം.

എന്തിനായിരുന്നു കെപി കുമാരനെ വെട്ടിയത് ?

publive-image

പലതവണ ജൂറി അംഗമായും ചെയര്‍മാനായും ഇരുന്നിട്ടുള്ള അടൂര്‍ എടുത്ത തീരുമാനങ്ങളൊക്കെ ചലച്ചിത്രത്തിന്‍റെ കാമ്പും കഴമ്പും കലാ മൂല്യവും മാത്രം നോക്കിയായിരുന്നു എന്നു പറയാന്‍ കഴിയുമോ ?

ജെ.സി ഡാനിയേല്‍ അവാര്‍ഡ് കെ.പി കുമാരന് നല്‍കാന്‍ ഇക്കുറി സര്‍ക്കാര്‍ തീരുമാനിച്ച ശേഷം വി.എസ് രാജേഷ് 'കൗമുദി ടിവി' യില്‍ കെ.പി കുമാരനെ ഇന്‍റര്‍വ്യൂ ചെയ്തു.

അദ്ദേഹം അതില്‍ പറഞ്ഞു: "ഞാനും കൂടി സഹകരിച്ച ചിത്രമാണ് അടൂരിന്‍റെ സ്വയംവരം. ഞാന്‍ എല്‍.ഐ.സി ജോലി കഴിഞ്ഞു വരുന്നതുവരെ അടൂര്‍ എന്‍റെ വീടിനു സമീപം കാത്തു നില്‍ക്കും. രാത്രി ദീര്‍ഘ ചര്‍ച്ച. അങ്ങിനെ പിറന്നതാണ് സ്വയംവരം. എന്നിട്ടെന്നെ ഒരു കേട്ടെഴുത്തുകാരന്‍ മാത്രമാക്കി അടൂര്‍ പറഞ്ഞപ്പോള്‍ വേദന തോന്നി".

അതിഥി, രുഗ്മിണി, തോറ്റം, ആകാശഗോപുരം ഒടുവില്‍ ഗ്രാമവൃക്ഷത്തിലെ കുയില്‍ തുടങ്ങിയ മികച്ച ചിത്രങ്ങളെടുത്ത സംവിധായകനാണ് കുമാരന്‍.


ജെ.സി ഡാനിയേല്‍ അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനായി ഒരിക്കല്‍ അടൂര്‍. കെ.പി കുമാരന്‍റെ പേര്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ പറ്റില്ലെന്നു പറഞ്ഞ അടൂര്‍ നിര്‍ദ്ദേശിച്ചത് എം.പി സുകുമാരന്‍ നായരുടെ പേരാണ്. അന്ന് കുമാരനെ അടൂര്‍ വെട്ടി. പിന്നീടൊരിക്കല്‍ എം.ടിയും വെട്ടി. ഹരിഹരനാണ് അന്നു നല്‍കിയത്. ഇക്കുറി ഗായകന്‍ ജയചന്ദ്രന്‍ ചെയര്‍മാനായത് കുമാരന്‍റെ ഭാഗ്യം.


publive-image

'കാമുകി' ഇറങ്ങിയിരുന്നെങ്കില്‍ മറ്റൊരു ശശികുമാറോ   

നമ്മുടെ ബുദ്ധിജീവികളൊക്കെ എന്താ ഇങ്ങിനെയായി പോകുന്നത് ? കേന്ദ്ര അവാര്‍ഡ് കമ്മിറ്റി  അംഗങ്ങള്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഓഫര്‍ ചെയ്യാത്ത എത്ര മഹാരഥന്മാരുണ്ട് മലയാള സിനിമയില്‍ ?

സ്വന്തം കക്ഷികളെ കമ്മറ്റിക്കുള്ളില്‍ തിരുകി കയറ്റി സേഫാകുന്നവരാണ് ഭൂരിപക്ഷവും. ഭരിക്കുന്നവരുടെ താറു താങ്ങുക, വൃത്തികേടു ചെയ്താല്‍ മിണ്ടാതിരിക്കുക, എന്തു നീതിനിഷേധം നടന്നാലും 'മൗനി ബാബ'യാവുക എന്നതൊക്കെ ഇവര്‍ക്കു സ്വന്തം.

അടൂരിന്‍റെ ചരിത്രമെടുക്കാം. ആദ്യത്തെ സിനിമ പ്രതിസന്ധി. കുടുംബാസൂത്രണമാണു വിഷയം. നിര്‍മ്മാണം അന്നത്തെ കുടുംബാസൂത്രണ വകുപ്പ്. ആദ്യ നാടകം - വൈകിവന്ന വെളിച്ചം. തനി പൈങ്കിളി.

പ്രതിസന്ധിക്കും ശേഷമെടുത്ത സിനിമ കാമുകി. ആദ്യകാല സുഹൃത്ത് (പിന്നെ ശത്രു) കുളത്തൂര്‍ ഭാസ്കരന്‍ നായര്‍ പറഞ്ഞത്. "കാമുകി ഇറങ്ങാതിരുന്നത് അടൂരിന്‍റെ ഭാഗ്യം.

ഇറങ്ങിയിരുന്നെങ്കില്‍ മറ്റൊരു ശശികുമാറാകുമായിരുന്നു അടൂര്‍". തനി തറപ്പടം. നാലു പാട്ടുകള്‍ എഴുതിയത് ഏറ്റുമാനൂര്‍ സോമദാസന്‍, ആര്‍ട്ട് ഡയറക്ടര്‍ അരവിന്ദന്‍ (വിശ്വോത്തര സംവിധായകന്‍), തിരക്കഥ സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ (കാഞ്ചനസീത എഴുതിയ പ്രഗല്‍ഭന്‍).

ഒടുവിൽ അടൂരിനെ അരവിന്ദന്‍ മൂക്കിനിടിച്ചത് ?

ഈ അരവിന്ദന്‍റെ സ്ഥിരം നിര്‍മ്മാതാവായിരുന്നു അച്ചാണി രവിയെന്ന കൊല്ലത്തെ കശുവണ്ടി മുതലാളി രവീന്ദ്രനാഥന്‍ നായര്‍. ഇദ്ദേഹത്തെ അടൂര്‍ വളച്ചെടുത്തു എന്നു പറഞ്ഞു അരവിന്ദന്‍ ശണ്ഠ കൂടി. ഇരുവരും തെറ്റി. ഒത്തുതീര്‍പ്പിന് പ്രസിദ്ധ കവി എം. ഗോവിന്ദന്‍ മദിരാശിയില്‍ നിന്നെത്തി.

publive-image


അദ്ദേഹത്തിന്‍റെയും സംവിധായകന്‍ രാജീവ് നാഥിന്‍റെയും മുമ്പില്‍  ട്രിവാന്‍ഡ്രം ഹോട്ടലില്‍ വച്ച് അടൂരിനെ അരവിന്ദന്‍ മൂക്കിനിടിച്ചതും അടൂര്‍ ഇറങ്ങി ഓടിയതും രഹസ്യം.


അതായിരിക്കാം ഒരിക്കലും അരവിന്ദന്‍ ചിത്രങ്ങളെ അടൂര്‍ അംഗീകരിച്ചിട്ടില്ല. ഒരു വിലയുമില്ലാത്ത ചിത്രങ്ങളെന്നാണ് അരവിന്ദന്‍ ചിത്രങ്ങളെക്കുറിച്ച് അടൂര്‍ പിന്നീടൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. പരസ്യമായിതന്നെ.

ഇവരൊക്കെ മാതൃകകള്‍ ആകേണ്ടവരല്ലേ ? യു.ഡി.എഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസും എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ സി.പി.എമ്മും ആകുമ്പോള്‍ ഇവരുടെ വ്യക്തിത്വങ്ങളെ എത്ര പുച്ഛത്തോടെയാണ് ആരാധകര്‍ നോക്കുന്നതെന്നിവര്‍ അറിയേണ്ടേ ?


ഇപ്പോള്‍ മിക്ക ബുദ്ധിജീവികളും രാത്രി ബി.ജെ.പിയും പകല്‍ സി.പി.എമ്മുമാണ്. പട്ടും വളയും തന്നെ കാരണം. കേന്ദ്ര-കേരള പത്മശ്രീകള്‍ കിട്ടേണ്ടേ ?


ലോകം ആരാധ്യരാക്കിയിട്ടും എന്തിനീ അസൂയ, കുശുമ്പ്, കുതുകാല്‍വെട്ട്, കാലുവാരല്‍ തുടങ്ങിയ സാമ്പിള്‍ വെടിക്കെട്ടുകള്‍ ? കുറഞ്ഞത് ഒരു ആറ്റംബോമ്പിലെങ്കിലും പിടിക്കേണ്ടേ.

  • ഓണററി എഡിറ്റർ
Advertisment