Advertisment

സമസ്തയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി വഖഫ് പ്രശ്നത്തിനു താല്‍ക്കാലിക പരിഹാരം കണ്ടപ്പോള്‍ ലീഗിന് അമര്‍ഷം; അതാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരേ നീണ്ടത്; പക്ഷെ ഇതിന്‍റെ രാഷ്ട്രീയ നേട്ടം പിണറായി വിജയന്!അതീവ ബുദ്ധിശാലിയായ ഒരു രാഷ്ട്രീയ നേതാവിനു മാത്രം കഴിയുന്ന നീക്കത്തിലൂടെ പിണറായി സമസ്തയെ വിശ്വാസത്തിലെടുത്തിരിക്കുന്നു; ലീഗ് നേതൃത്വത്തെ രാഷ്ട്രീയക്കാരന്‍റെ കടുത്ത ഭാഷയില്‍ ആക്രമിക്കാനും അദ്ദേഹം തയ്യാറാകുന്നു; ഇതാണ് പിണറായി വിജയന്‍-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കേരളത്തില്‍ മുസ്ലിം രാഷ്ട്രീയത്തിന് നീണ്ടകാലത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയം, സമുദായ രാഷ്ട്രീയം, സമ്മര്‍ദ രാഷ്ട്രീയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വകഭേദങ്ങളുമുണ്ട് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്. അതുകൊണ്ടുതന്നെ ന്യൂസ് 18 -ലെ അപര്‍ണാ കുറുപ്പ് 11 -ാം തീയതി രാത്രിയിലെ എട്ടുമണി ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ എനിക്കുത്സാഹം. തീര്‍ച്ചയായും വരുമെന്ന് മറുപടി.

മുസ്ലിം ലീഗ് മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൂര്‍ച്ചയേറിയ ചോദ്യം തന്നെയാണ് അപര്‍ണ വിഷയമാക്കിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗത്തിന്‍റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലായിരുന്നു ലീഗിനെതിരായ ആക്രമണമെന്നതുകൊണ്ട് വാക്കുകള്‍ക്കു ചൂടും ചൂരും ഏറെയായിരുന്നു.

മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ മുദ്രാവാക്യങ്ങളും കോഴിക്കോട്ടു കടപ്പുറത്തെ വേദിയില്‍ മുഴങ്ങിയ പ്രസംഗങ്ങളുമെല്ലാം അങ്ങേയറ്റം പ്രകോപനപരമായിരുന്നു. സമുദായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭിന്നിപ്പിക്കുന്നു എന്നതായിരുന്നു ലീഗ് നേതാക്കളുടെ ആരോപണം.

"മതമാണു മതമാണു മതമാണ് നമ്മുടെ പ്രശ്നം" എന്ന കെ.എം ഷാജിയുടെ പ്രയോഗം അണികളെ ആവേശം കൊള്ളിക്കാന്‍ പോരുന്നതായിരുന്നു. ലീഗ് വിട്ടു സി.പി.എമ്മില്‍ ചേരുന്നവര്‍ ഇസ്ലാമില്‍ നിന്നാണു വിട്ടുപോകുന്നതെന്നാണ് അദ്ദേഹം ചിത്രീകരിച്ചത്. മാര്‍ക്സിസ്റ്റുകാര്‍ ഇസ്ലാമിന്‍റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്‍ കല്ലായി പൊതുമരാമത്തു മന്ത്രി മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചതിനെ അടച്ചാക്ഷേപിച്ചു. മുസ്ലീമായ റിയാസ് മറ്റു മതത്തില്‍ നിന്നു വിവാഹം കഴിച്ചത് ഹീനമായ നടപടിയായെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ തീരെ നിലവാരം കുറഞ്ഞതായിരുന്നു.

പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമാക്കിക്കൊണ്ടുള്ളവയായിരുന്നു. തികച്ചും തരം താണതും. ഇതെല്ലാം മനസിലാക്കി ലീഗ് നേതൃത്വം, പ്രത്യേകിച്ച് സാദിഖലി തങ്ങള്‍, പ്രകോപനപരമായ മുദ്രാവാക്യങ്ങളുടെയും പ്രസംഗങ്ങളുടെയും പേരില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടി അപര്‍ണയുടെ ആദ്യ ചോദ്യം ലീഗ് പ്രതിനിധി എന്‍.എ കരീമിനോട്. മുദ്രാവാക്യങ്ങളിലെയും പ്രസംഗങ്ങളിലെയും വീഴ്ചകള്‍ക്ക് ലീഗ് നേതാക്കള്‍ തന്നെ മാപ്പു ചോദിച്ചില്ലേ എന്നായിരുന്നു എന്‍.എ കരീമിന്‍റെ മറുചോദ്യം. സി.പി.എം നേതാക്കളും മുമ്പൊക്കെ ഇതുപോലെ പ്രസംഗിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം വാദിച്ചു. ലീഗ് നേതാക്കള്‍ക്ക് പ്രസംഗത്തിനിടയ്ക്കു വന്ന നാക്കുപിഴവാണ് തെറ്റായ പരാമര്‍ശങ്ങള്‍ എന്നു സമര്‍ത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നിങ്ങനെയുള്ള സമുദായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യവും കരിം ഉയര്‍ത്തി.

ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധി കെ.എസ് അരുണ്‍ കുമാര്‍ ആഞ്ഞടിക്കുക തന്നെ ചെയ്തു. എസ്.എന്‍.ഡി.പിയെപ്പോലെ, എന്‍.എസ്.എസിനെപ്പോലെ സമുദായ സംഘടനയാണു ലീഗെങ്കില്‍ അതു തുറന്നു പറയുകയാണു വേണ്ടതെന്നായി അരുണ്‍ കുമാര്‍. കാസര്‍കോട്ടു നിന്നുള്ള അഡ്വ. ഷുക്കൂറും ചര്‍ച്ചയില്‍ പങ്കെടുത്തു.

പിന്നെ ചോദ്യം എന്‍റെ നേര്‍ക്ക്. പ്രസംഗത്തിലെയും മുദ്രാവാക്യങ്ങളിലെയും പിഴവില്‍ നേതാക്കള്‍ മാപ്പു പറഞ്ഞസ്ഥിതിക്ക് അതേപ്പറ്റി കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ തുടക്കം. പക്ഷെ കേരളം പോലൊരു സംസ്ഥാനത്ത് ഉത്തരവാദിത്തമുള്ള നേതാക്കള്‍ ഇങ്ങനെ സംസാരിക്കാമോ എന്ന് ഞാന്‍ ഉറക്കെത്തന്നെ ചോദിച്ചു.

1971 ല്‍ തലശേരിയില്‍ നടന്ന വര്‍ഗീയ കലാപത്തിന്‍റെ കാര്യവും ഞാന്‍ ചൂണ്ടിക്കാട്ടി. അന്ന് ആര്‍.എസ്.എസുകാര്‍ മുസ്ലിങ്ങളെ അടിച്ചപ്പോള്‍ അവരെ രക്ഷിക്കാന്‍ അവിടെ ഓടിയെത്തിയ സി.പി.എം നേതാവ് പിണറായി വിജയനാണ് ഇന്നു കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും ഞാന്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് എവിടെ നില്‍ക്കുന്നു എന്നാണ് ഞാന്‍ വിശദീകരിച്ചത്. 1957 -ല്‍ ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പുതന്നെ മലപ്പുറത്തു വന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു "ചത്ത കുതിര" എന്നാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചതെന്നു ഞാന്‍ എടുത്തു പറഞ്ഞു.

1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. കോണ്‍ഗ്രസ് പ്രതിപക്ഷത്ത്. 1959 ല്‍ വിമോചന സമരം. പിന്നെ 1960 ല്‍ ഇടക്കാല തെരഞ്ഞെടുപ്പ്. എന്തു വില കൊടുത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പി.എസ്.പിയുടെയും മുസ്ലിം ലീഗിന്‍റെയും കുട്ടുകെട്ടുണ്ടാക്കി.

തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്നണി പി.എസ്.പി നേതാവു പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി. പക്ഷെ, ലീഗിനു മന്ത്രിസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം കെ.എം സീതി സാഹിബ് സ്പീക്കര്‍. അദ്ദേഹം അന്തരിച്ചപ്പോള്‍ പിന്നെയും പ്രതിസന്ധി. അവസാനം പാര്‍ട്ടി അംഗത്വം രാജിവച്ചു വന്നാല്‍ ലീഗ് പ്രതിനിധി സി.എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കാമെന്നും കോണ്‍ഗ്രസ്.

സി.എച്ച് സ്പീക്കറായെങ്കിലും കോണ്‍ഗ്രസിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് ലീഗ് മുന്നണി വിടുകയായിരുന്നുവന്ന് ഞാന്‍ ചൂണ്ടിക്കാട്ടി.

1967 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് മുസ്ലിം ലീഗിനെ കൂടെ കൂട്ടിയതും സപ്തകക്ഷി മുന്നണി ഉണ്ടാക്കി സര്‍ക്കാരുണ്ടാക്കിയതും ഞാന്‍ വിശദീകരിച്ചു. ആദ്യ ചര്‍ച്ചയ്ക്ക് ഇ.എം.എസ്, എം.എന്‍ ഗോവിന്ദന്‍ നായരും ലീഗ് നേതാവ് ബാഫക്കി തങ്ങളുടെ വീട്ടിലെത്തി. സി.എച്ച് മുഹമ്മദ് കോയ തുടങ്ങി ലീഗിലെ പ്രമുഖ നേതാക്കളും അവിടെയെത്തി.

publive-image

മുന്നണി ജയിച്ച് മന്ത്രിസഭ രൂപീകരിച്ചാല്‍ മുസ്ലിം ലീഗിന് മന്ത്രിസഭയിലെ പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി മുന്‍കൂര്‍ ധാരണ വേണമെന്നായി ലീഗ് നേതാക്കള്‍. അതൊക്കെ തെരഞ്ഞെടുപ്പിനു ശേഷം ആലോചിക്കാമെന്ന് ഇ.എം.എസും. തര്‍ക്കം നീണ്ടു.

അപ്പോഴാണ് തീന്‍ മേശമേല്‍ അത്താഴമെത്തിയത്. ആവി പറക്കുന്ന മീന്‍ ബിരിയാണിയായിരുന്നു വിഭവം. ഇനിയിപ്പോള്‍ ഭക്ഷണം കഴിഞ്ഞുമതി ചര്‍ച്ചയെന്നായി ഇ.എം.എസ്.

മീന്‍ ബിരിയാണി വളരെ സന്തോഷത്തോടെ ഇ.എം.എസ് കഴിച്ച കാര്യം എം.സി വടകര സി.എച്ചിന്‍റെ ജീവചരിത്രത്തില്‍ പറയുന്നുണ്ടെന്ന് ഞാന്‍ എന്‍.എ കരിമിനെ ഓര്‍മിപ്പിച്ചു. 1967 ലെ ഇ.എം.എസ് മന്ത്രിസഭയില്‍ ലീഗ് നേതാക്കളായ സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും മന്ത്രിമാരായ കാര്യവും ഞാന്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ ചരിത്രം അറിയണമെന്ന് കരിമിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ലീഗിന്‍റെ ആവേശപൂര്‍വമുള്ള പ്രകടനവും പൊതു സമ്മേളനവും യഥാര്‍ത്ഥത്തില്‍ സമസ്തയ്ക്കും അതിന്‍റെ പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായിട്ടായിരുന്നുവെന്ന വാദമാണ് ഞാന്‍ മുന്നോട്ടുവെട്ടത്. കാരണം പിണറായി സര്‍ക്കാരിനെതിരെ വഖഫ് നിയമനത്തിന്‍റെ പേരില്‍ പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നേതൃത്വത്തിന്‍റെ നീക്കത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഒറ്റ നീക്കത്തിനു തകര്‍ക്കുകയായിരുന്നു. അതു ലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഏറ്റവും പ്രബലമായ സംഘടനയാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം). സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ 75 ശതമാനത്തിലധികവും സമസ്തയുടെ നിയന്ത്രണത്തിലാണ്.

സമസ്തയുടെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളുമാണ്. മുസ്ലിം ലീഗ് പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ വൈസ് പ്രസിഡന്‍റുമാണ്. സമസ്തയും ലീഗും തമ്മില്‍ ഇഴപിരിക്കാനാവാത്തത്ര ബന്ധങ്ങളുണ്ടെന്നര്‍ത്ഥം.

പക്ഷെ പള്ളികളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കാന്‍ സമസ്ത തയ്യാറായില്ല. ലീഗ് പറയുന്നതുപോലെ പള്ളികളില്‍ വഖഫ് പ്രചാരണം നടത്താന്‍ സമസ്തയുടെ പക്വമായ നേതൃത്വം ഒരുക്കമായിരുന്നില്ലെന്നര്‍ത്ഥം. പ്രത്യേകിച്ച് അതിന്‍റെ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

publive-image

ഇവിടെയാണ് ജിഫ്രി തങ്ങള്‍ സ്വന്തം നിലപാടു ദൃ‌ഢപ്പെടുത്തുന്നത്. ലീഗ് നേതൃത്വം വെട്ടിലായി. ക്ഷീണം മാറ്റാന്‍ വഖഫ് സംരക്ഷണ റാലി. പിണറായിക്കെതിരെ ആക്രോശം. ചെത്തുകാരന്‍ കോരനു സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന മുദ്രാവാക്യം. ഇവിടെ ജിഫ്രി തങ്ങളുടെ പക്വതയും മാന്യതയും കേരള സമൂഹം കണ്ടു. ലീഗ് നേതൃത്വത്തിന്‍റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് എപ്പോഴും കുടപിടിക്കാന്‍ സമസ്തയെ കിട്ടില്ലെന്ന ഉറച്ച സന്ദേശവും അദ്ദേഹം നല്‍കി.

ഇതില്‍ ജയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. മുസ്ലിം, ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ദൃഢമായ ബന്ധം പുലര്‍ത്തുന്നുണ്ട് അദ്ദേഹം. തിരുവനന്തപുരത്തെ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാരുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട് മുഖ്യമന്ത്രിക്ക്.

ജിഫ്രി മുത്തുക്കോയ തങ്ങളുമായും പിണറായിക്ക് അടുത്ത ബന്ധം തന്നെ. സമസ്തയ്ക്ക് സര്‍ക്കാരില്‍ നിന്ന് അത്ര വലിയ കാര്യങ്ങളൊന്നും നേടാനില്ല. എന്നാല്‍ ചിലപ്പോള്‍ ചില ചില്ലറ ആവശ്യങ്ങളുണ്ടാവും. അതൊക്കെ നേരിട്ടു മുഖ്യമന്ത്രിയോടു പറയാം. അദ്ദേഹം ഉടന്‍ ഒക്കെയും സാധിച്ചു കൊടുക്കുകയും ചെയ്യും.

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും തമ്മില്‍ അടുത്ത സൗഹൃദം വളര്‍ന്നു. വഖഫ് പ്രശ്നത്തില്‍ ലീഗിനെതിരെ സമസ്ത തീരുമാനമെടുത്തപ്പോള്‍ ജിഫ്രി തങ്ങളെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. കൂടിയാലോചന വേണമെന്നും തങ്ങളുടെ ആവശ്യം എപ്പോള്‍ വേണമെങ്കിലുമാവാമെന്നും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥമായ മറുപടി.

സമസ്ത നേതൃത്വം തിരുവനന്തപുരത്ത്. മുഖ്യമന്ത്രിയുടെ മുറിയില്‍ ഹൃദ്യമായ സ്വീകരണം. മനസു തുറന്ന ചര്‍ച്ച. വഖഫ് നിയമന പ്രശ്നത്തില്‍ സര്‍ക്കാരിനു പിടിവാശിയേതുമില്ലെന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമസ്തയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി വഖഫ് പ്രശ്നത്തിനു താല്‍ക്കാലിക പരിഹാരം കണ്ടപ്പോള്‍ ലീഗിന് അമര്‍ഷം. അതാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരേ നീണ്ടത്. പക്ഷെ ഇതിന്‍റെ രാഷ്ട്രീയ നേട്ടം പിണറായി വിജയന്.

അതീവ ബുദ്ധിശാലിയായ ഒരു രാഷ്ട്രീയ നേതാവിനു മാത്രം കഴിയുന്ന നീക്കത്തിലൂടെ പിണറായി സമസ്തയെ വിശ്വാസത്തിലെടുത്തിരിക്കുന്നു. ലീഗ് നേതൃത്വത്തെ രാഷ്ട്രീയക്കാരന്‍റെ കടുത്ത ഭാഷയില്‍ ആക്രമിക്കാനും അദ്ദേഹം തയ്യാറാകുന്നു.

ഇതാണ് പിണറായി വിജയന്‍.

Advertisment