Advertisment

കരമില്ലാത്തയാൾക്ക് കൈത്താങ്ങാകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മടി; പോണാട്ടിൽ കാറ്റിൽ മേൽക്കൂര പൂർണ്ണമായും തകർന്ന അംഗ പരിമിതൻ്റെ വീട് സന്ദർശിക്കാൻ മൂന്നു ദിവസം കഴിഞ്ഞിട്ടും റവന്യൂ ഉദ്യോഗസ്ഥരെത്തിയില്ല, തിരഞ്ഞെടുപ്പ് തിരക്കെന്ന്‌ വില്ലേജ് ഓഫീസർ 

author-image
സുനില്‍ പാലാ
New Update

കരൂർ : കരമില്ലാത്തയാൾക്ക് കൈത്താങ്ങാകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് മടി. കരൂർ പഞ്ചായത്തിലെ പോണാട്ടിൽ കാറ്റിൽ മേൽക്കൂര പൂർണ്ണമായും തകർന്ന അംഗ പരിമിതൻ്റെ വീട് സന്ദർശിക്കാൻ മൂന്നു ദിവസം കഴിഞ്ഞിട്ടും റവന്യൂ ഉദ്യോഗസ്ഥരെത്തിയില്ല.

Advertisment

publive-image

വില്ലേജ് ഓഫീസ് പരിധിയിലുള്ള പൊരമ്പനാൽ അനിൽകുമാറിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട അനിൽകുമാറും ഭാര്യ ശാലിനിയും മകൾ അമിതയും ഇവരുടെ വല്യമ്മ പൊന്നമ്മയും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇക്കാര്യം തകർന്ന വീടിൻ്റെ ചിത്രം സഹിതം പത്രമാധ്യമങ്ങളിൽ വാർത്തയായിട്ടും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാൻ തയ്യാറാകാത്തതാണ് വിവാദമായത്.

ളാലം വില്ലേജ് ഓഫീസിൻ്റെ ആസ്ഥാനമായ പാലാ മിനി സിവിൽ സ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനിട്ട് കൊണ്ട് അനിൽകുമാറിൻ്റെ വീട്ടിൽ എത്താമെന്നിരിക്കേയാണ് ഈ അംഗ പരിമിതൻ്റെ കുടുംബത്തോട് റവന്യൂ അധികാരികൾ കണ്ണിൽച്ചോരയില്ലാതെ പെരുമാറിയത്.

publive-image

സംഭവം നടന്നിട്ട് മൂന്നു ദിവസമായിട്ടും റവന്യൂ അധികാരികളെ കാണാഞ്ഞതിനെ തുടർന്ന് അനിൽകുമാർ ഇന്നലെ രാവിലെ നേരിട്ടെത്തി ളാലം വില്ലേജ് ഓഫീസറെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നാണ്‌ ആക്ഷേപം.

കരൂർ പഞ്ചായത്ത് അധികാരികളെയും വീട് തകർന്ന വിവരം അനിൽ കുമാർ അറിയിച്ചിരുന്നു. പഞ്ചായത്തിലെ ഓവർ സീയർ എത്തി നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്.

മൂന്നര സെൻ്റിലെ കൊച്ചു വീടിൻ്റെ മേൽക്കൂരയിൽ ഷീറ്റാണ് മേഞ്ഞിരുന്നത്. ഇത് കാറ്റിൽ പറന്നു പോയതോടെ മകളുടെ പുസ്തകങ്ങളും ഭക്ഷണ പദാർത്ഥങ്ങളും വീട്ടുപകരണങ്ങളുമെല്ലാം മഴയിൽ കുതിർന്നു നശിച്ചു.

കാറ്റിൻ്റെ ഹുങ്കാരശബ്ദം കേട്ട് അടച്ചുറപ്പുള്ള അടുത്ത വീട്ടിലേക്ക് അനിലും കുടുംബാംഗങ്ങളും ഓടി മാറിയതിനാൽ ആളപായമുണ്ടായില്ലെന്ന് മാത്രം. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും സ്ഥലത്തെത്താൻ പോലും തയ്യാറാകാത്ത ളാലം വില്ലേജ് അധികാരികളുടെ നടപടിയിൽ പരക്കെ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഇതേ സമയം തിരഞ്ഞെടുപ്പ് ജോലികളുടെ ബാക്കി പണികൾ തീർക്കാനുണ്ടായിരുന്ന തിനാലാണ് അനിലിൻ്റെ തകർന്ന വീട് സന്ദർശിക്കാൻ കഴിയാതെ വന്നതെന്ന് ളാലം വില്ലേജ് ഓഫീസർ വിനോദ് ചന്ദ്രൻ പറഞ്ഞു. റവന്യൂ ജീവനക്കാർ സ്ഥലം സന്ദർശിച്ചിട്ടു പ്രത്യേക പ്രയോജനമൊന്നും വീട്ടുകാർക്ക് കിട്ടാനില്ല.

പുതിയ നിയമ ഭേദഗതി അനുസരിച്ച് പഞ്ചായത്തു തലത്തിലുള്ള ഉദ്യോഗസ്ഥരാണ് നാശനഷ്ടം വിലയിരുത്തേണ്ടതെന്നും, സമയം കിട്ടിയാൽ അടുത്ത ദിവസം അനിൽകുമാറിൻ്റെ വീട് സന്ദർശിക്കുമെന്നും ളാലം വില്ലേജ് ഓഫീസർ പറഞ്ഞു.

pala news
Advertisment