Advertisment

ആര്‍ എസ് എസ് നേതാവ് ബാലശങ്കറും ഓര്‍ത്തഡോക്സ് സഭയും തമ്മിലെന്ത് ? ജേക്കബ് ജോര്‍ജ് എഴുതുന്നു

New Update

ഓര്‍ത്തഡോക്സ് സഭയുടെ ഉറപ്പിന്‍റെ ബലത്തിലാണ് ആര്‍ ബാലശങ്കര്‍ ചെങ്ങന്നൂരില്‍‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങിതിരിച്ചത്. ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്സ് വോട്ടാകെ ബിജെപിക്കായിരിക്കുമെന്നായിരുന്നു ഉറപ്പ് . ബിജെപി വോട്ടും സ്വന്തം കുടുംബത്തിന്‍റെ വകയായുള്ള പതിനായിരത്തോളം വോട്ടും ഓര്‍ത്തഡോക്സ് വോട്ടും കൂടികൂട്ടിയാല്‍ കേരള നിയമസഭയിലേയ്ക്കുള്ള യാത്ര ഉറപ്പ്-ബാലശങ്കര്‍ കണക്കുകൂട്ടി.ഓര്‍ത്തഡോക്സ് വോട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത് സഭയിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്. സംശയിക്കാനൊന്നുമില്ലതന്നെ . ഇക്കാര്യം സഭാ വക്താവ് ജോണ്‍സ് എബ്രഹാം കോന്നാട്ടു് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്.

Advertisment

publive-image

കായംകുളത്ത് ചേപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയ്ക്കുവേണ്ടി ബാലശങ്കര്‍ ഇടപ്പെട്ടു നടത്തിയ ഒരു സഹായത്തിനു നന്ദി സൂചകമായാണ് സഭാനേതൃത്വം വോട്ടുവാഗ്ദാനം ചെയ്തത്. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നകാര്യം വന്നപ്പോള്‍ റോഡരികത്തെ സെന്‍റ്ജോര്‍ജ് പള്ളിയുടെ ഒട്ടുമിക്കഭാഗവും പോകുമെന്നതായിരുന്നു പ്രശ്നം. മദ്ബാഹ വരെ എടുത്താലേ പറ്റു.

1500 ലേറെ വര്‍ഷം പഴക്കമുള്ള പള്ളിയാണ്. സഭാപ്രതിനിധികള്‍ ഡല്‍ഹിയിലെത്തി ബാലശങ്കറിനെ കണ്ടു കാര്യം പറഞ്ഞു. ബാലശങ്കര്‍ ഒരു ബുദ്ധി പ്രയോഗിച്ചു. പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ കൊണ്ട് ഏറ്റെടുപ്പിച്ചു. 1500 വര്‍ഷം പഴക്കമുള്ള പള്ളിയാണ്. ചരിത്രപരമായി പ്രാധാന്യമുള്ളത്. ബാലശങ്കര്‍ ഇടപ്പെട്ട് പള്ളിയ്ക്ക് സംരക്ഷണം കൊടുത്തതിന് നന്ദി സൂചകമായി ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്സ് വോട്ട് കൊടുക്കാം എന്ന് സഭാഭാരവാഹികള്‍ ഉറപ്പിച്ച് നല്‍കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ താങ്കളെ വിജയിപ്പിച്ചില്ലെങ്കില്‍ നന്ദികേടായിരിക്കുമെന്നാണ് ഫാ. കോന്നാട്ടു ബാലശങ്കറിനോട് പറഞ്ഞത്.

ബാലശങ്കര്‍ ചില്ലറക്കാരനൊന്നുമല്ല .സംഘപരിവാറിലെ ഒരത്യുന്നതന്‍ തന്നെയാണദ്ദേഹം. ആര്‍ എസ് എസിന്‍റെ പ്രസിദ്ധീകരണമായിരുന്ന ഓര്‍ഗനൈസറിന്‍റെ മുന്‍ പത്രാധിപര്‍. വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് പ്രവര്‍ത്തന കേന്ദ്രം. ബിജെപിയുടെ നേതൃപരിശീലനകേന്ദ്രത്തിന്‍റെ സഹകോര്‍ഡിനേറ്ററാണിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും അടുത്ത ബന്ധമുണ്ട്. അവരെയൊക്കം അറിയിച്ചിട്ടാണ് ബാലശങ്കര്‍ ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ വന്നെത്തിയത്. വന്നു നോക്കിയപ്പോഴാണ് സീറ്റില്ലെന്ന കാര്യം ബോധ്യമായത്. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും കൂടി ഒപ്പിച്ച പണിയാണെന്നാണ് ബാലശങ്കറിന്‍റെ ആരോപണം. മധ്യതിരുവിതാം കൂറില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടിയാല്‍ അത് ചില്ലറക്കാര്യമാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നു.ചെങ്ങന്നൂരില്‍ കാര്യങ്ങള്‍ ഒത്തുവന്നതാണ്. ജയം ഉറപ്പാണ് മഞ്ചേരം പോലെയല്ല ചെങ്ങന്നൂര്‍.

മഞ്ചേശരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രന്‍റെ പ്രശ്നം താന്‍ വിജയിക്കുമോ എന്ന പേടി തന്നെയാണെന്നാണ് ബാലശങ്കറിന്‍റെ അഭിപ്രായം. രണ്ടിടത്തും സുരേന്ദ്രന്‍ തോല്‍ക്കുകയും ചെങ്ങന്നൂരില്‍ ബാലശങ്കര്‍ ജയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള എളുപ്പവഴി ചെങ്ങന്നൂര്‍ സീറ്റ് നിഷേധിക്കുക തന്നെ .

കോന്നി ഉള്‍പ്പെട്ട പത്തനംതിട്ട പാര്‍ലമെന്‍റ് സീറ്റില്‍ 2019 വലിയ പ്രതീക്ഷയോടെയാണ് കെ സുരേന്ദ്രന്‍ മത്സരിച്ചത്. ശബരിമല കത്തിജ്വലിച്ചു നിന്ന സമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും ഉയര്‍ന്നു തന്നെ നിന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത് .കോണ്‍ഗ്രസിലെ ആന്‍റോആന്‍റണി (49677) വോട്ടുനേടി ലോകസഭാംഗമായി. രണ്ടാം സ്ഥാനം വീണാ ജോര്‍ജിന് (46946) വോട്ട്. മൂന്നാം സ്ഥാനം കെ സുരേന്ദ്രനും (46506) രണ്ടും മൂന്നും സ്ഥാനങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രം.

കോന്നിയില്‍ പിന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേന്ദ്രന്‍ വീണ്ടും മൂന്നാം സ്ഥാനാത്തായിരുന്നു. അപ്പോഴും രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കാള്‍ നിസാരവോട്ടു വ്യത്യാസത്തിലായിരുന്നു മൂന്നാം സ്ഥാനം സിപിഎമ്മിലെ കെ യു ജനീഷ്കുമാറിനായിരുന്നു കോന്നിയില്‍ വിജയം.കിട്ടിയ വോട്ട് (54099). രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിലെ പി മോഹന്‍രാജിന് (44146) വോട്ടും മൂന്നാം സ്ഥാനത്തായ കെ സുരേന്ദ്രന് (39786) വോട്ടും കിട്ടി. മണ്ഡലത്തിലുള്ളവരുടെ വോട്ട് നന്നായി കിട്ടിയതുകൊണ്ടാണ് സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ (46506) വോട്ട് കിട്ടിയത്. കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാകട്ടെ ഈഴവ വോട്ട് അപ്പാടെ ജനീഷ് കുമാറിന് മറിഞ്ഞു.

പകരം ഓര്‍ത്തഡോക്സ് വോട്ട് നല്ല തോതില്‍ കെ സുരേന്ദ്രന് കിട്ടുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കിട്ടിയ ഈഴവ വോട്ട് ഉപതെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയപ്പോള്‍ ഓര്‍ത്തഡോക്സുകാര്‍ ഉദാരമായി സഹായിച്ച് ബിജെപി പ്രസിഡന്‍റിന് നേരിടുമായിരുന്ന കുറവ് നികത്തി.

ഇത്തവണ കോന്നിയില്‍ ബിജെപിക്കാര്‍ക്ക് വോട്ടുചെയ്യാനുമാത്രം കാരണമൊന്നും ഓര്‍ത്തഡോക്സ് സമുദായകാര്‍ക്കില്ല.ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് വോട്ട് ഒരു നേതാവിന് കൊടുക്കാമെന്ന് പറഞ്ഞത് സ്ഥാനാര്‍ത്ഥി ഒരു പള്ളിയെ രക്ഷിച്ചതിന്‍റെ പേരിലാണ് . ആ സ്ഥാനാര്‍ത്ഥി നില്‍ക്കുകയെ വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം. ഓര്‍ത്തഡോക്സുകാര്‍ വോട്ടു കൊടുക്കാമെന്ന് വിചാരിച്ചാലും ബിജെപിയ്ക്ക് വേണ്ടെന്ന സ്ഥിതി.

BALASANKER ORTHADOX
Advertisment