ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -14 : ഇടം കൈ സല്യൂട്ടിൻ്റെ വിപ്ലവം !

സത്യം ഡെസ്ക്
Tuesday, December 22, 2020

-സിപി കുട്ടനാടൻ

ദേശീയ ഭാഷ നിശ്ചയിക്കുന്നതിലും ഗാന്ധിജിയുടെ നിലപാട് മുസ്ലിം പ്രീണനം എന്ന നിലയിലേയ്ക്ക് വിലയിരുത്തപ്പെട്ടു. ഹിന്ദിയല്ല ഹിന്ദുസ്ഥാനിയാണ്‌ രാഷ്‌ട്രഭാഷയാകേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉറുദുവിൻ്റെയും ഹിന്ദിയുടേയും ഒരു സങ്കരഭാഷയാണ്‌ ഇത്‌. ലിപിയില്ലാത്ത ഒരു ഭാഷയാണ് ഹിന്ദുസ്ഥാനി‌. പ്രയോഗത്തില്‍ ഉറുദു തന്നെയാണ് ‌ഹിന്ദുസ്ഥാനി.

ബാദ്‌ഷാ രാമന്‍, ബീഗം സീത തുടങ്ങിയ പ്രയോഗങ്ങള്‍ ഗാന്ധിജി നടത്തിയെങ്കിലും ജിന്നയെ ശ്രീ. ‌ജിന്നയെന്നോ മൗലാനാ ആസാദിനെ പണ്‌ഡിറ്റ്‌ ആസാദെന്നോ വിളിക്കാന്‍ ഗാന്ധിജി തയ്യാറായില്ല.

ഗാന്ധിജിയുടെ ഇത്തരം നടപടികൾ സമൂഹത്തിൽ ഇടപെട്ട് നിൽക്കുന്ന ഹിന്ദുക്കൾക്കിടയിലെ യുവ രക്തങ്ങളെ അദ്ദേഹത്തിൽ നിന്നും അകറ്റുവാനും തിരുത്തൽ ചിന്താഗതികൾ ഉണ്ടാകുവാനും വഴിവച്ചു. ഇന്ത്യയിലെ 80% ജനങ്ങള്‍ സംസാരിക്കുന്ന ഹിന്ദിഭാഷയെ ഉപേക്ഷിച്ച്‌ മുസ്ലീം പ്രീണനത്തിനായി ഹിന്ദുസ്ഥാനിക്കു വേണ്ടി മഹാത്മാ വാദിച്ചു എന്ന് അവർ മഹാത്മാവിനെ വിമർശിച്ചു.

ഇതെല്ലാം നടക്കുന്നതിനിടയിൽ നിശബ്ദമായ ചില സഹനങ്ങൾ പൊട്ടിത്തെറിയ്ക്കുന്ന ഘട്ടമെത്തി. അതായിരുന്നു ഇന്ത്യൻ നാവിക സമരം. ഇതിനെ രണ്ടാം ശിപായി ലഹള എന്നൊക്കെ ചിലർ വിശേപ്പിച്ചുവെങ്കിലും. നാവിക സമരം എന്ന് തന്നെയാണ് ചരിത്രത്തിൽ അറിയപ്പെട്ടത്.

റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ യാതൊരു അറിയിപ്പും കൂടാതെ സ്ഥലം മാറ്റുന്ന രീതികൾ ബ്രിട്ടീഷുകാർക്കിടയിൽ വ്യാപകമായിരുന്നു. ഞങ്ങൾ പറയുന്നത് അനുസരിയ്ക്കാൻ മാത്രമായി ജനിച്ചവനാണ് ഇന്ത്യക്കാരൻ എന്ന മനോഭാവമായിരുന്നു സായിപ്പന്മാരെ നയിച്ചിരുന്നത്.

നല്ല ആഹാരം കഴിയ്ക്കാനുള്ള യോഗ്യത ഇന്ത്യക്കാരനില്ല എന്ന് സായിപ്പിന് തോന്നിയിട്ടുണ്ടാവണം. കാരണം വളരെ മോശപ്പെട്ട രീതിയിലുള്ള ഭക്ഷണമായിരുന്നു ഇന്ത്യൻ സൈനികർക്ക് ലഭ്യമാക്കിയിരുന്നത്. പലപ്പോഴും നാറുന്ന ദാലും കട്ടി കൂടിയ ചപ്പാത്തിയും ആഹരിയ്ക്കാൻ ഇന്ത്യൻ സൈനികൻ്റെ ഗതികേട് അവനെ നിർബന്ധിതമാക്കി.

കുടുംബസമേതം ജീവിയ്ക്കുവാനുള്ള മുനുഷ്യൻ്റെ ചോദനകൾ പട്ടാളക്കാരനുമുണ്ടെന്നത് വകവയ്ക്കാതെ ഇന്ത്യൻ സൈനികർക്ക് അവധി പോലും ബ്രിട്ടീഷുകാർ അനുവദിച്ചിരുന്നില്ല. വിദേശ രാജ്യങ്ങളിലൊക്കെ ജോലി ചെയ്യാൻ പോയിരുന്ന ഇന്ത്യൻ സൈനികർ ദുരിതക്കയത്തിലും അപമാന ഭാരത്തിലുമായിരുന്നു കഴിഞ്ഞിരുന്നത്. മാന്യമായ ശമ്പളം നൽകാതെ പീഡിപ്പിയ്ക്കുന്ന അവസ്ഥയിൽ നിന്നുള്ള മോചനം സ്വപ്നം കാണാൻ തുടങ്ങിയ ഇന്ത്യക്കാരായ പട്ടാളക്കാർ ആ സ്വപ്നത്തെ പ്രവൃത്തി പഥത്തിൽ എത്തിച്ചത് 1946 ഫെബ്രുവരി 18ന് ആയിരുന്നു.‌

ബോംബെ നാവിക തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എച്ച്‌.എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ ഇന്ത്യക്കാരായ നേവൽ ഓഫീസർമാർ ജോലി ചെയ്യാൻ തയ്യാറാകാതെ പണിമുടക്ക് പ്രഖ്യാപിച്ചു. നിരാഹാര സത്യാഗ്രഹം പോലെയുള്ള സമര പരിപാടികൾക്ക് അവർ ഒരുമ്പെട്ടു. ഫെബ്രുവരി 19ന് ലെഫ്റ്റനൻ്റെ സിഗ്നൽമാൻ എം.എസ്.ഖാൻ പ്രസിഡണ്ടായും ടെലിഗ്രാഫിസ്റ്റ് പെറ്റി ഓഫീസർ മദൻസിങ് സെക്രട്ടറിയായും സെൻട്രൽ സ്ട്രൈക്ക് കമ്മിറ്റി രൂപീകരിച്ചു.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചില ആവശ്യങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിൽ ഉന്നയിക്കപ്പെട്ടു.

1, ഒരേ റാങ്കിലും സീനിയോറിറ്റിയിലുമുള്ള ഇന്ത്യൻ സൈനികർക്കും ബ്രിട്ടീഷ് സൈനികർക്കും തുല്യമായ വേതനം നൽകുക

2,  ഇന്ത്യോനേഷ്യയിലേക്കയച്ച ഇന്ത്യൻ പട്ടാളക്കാരെ തിരികെ വിളിക്കുക

3, മാന്യവും രുചികരവും വൃത്തിയുള്ളതുമായ ആഹാരം ലഭ്യമാക്കുക

4, തടവിലാക്കപ്പെട്ട ഐ.എൻ.എക്കാരെ മോചിപ്പിക്കുക

ഈ ആവശ്യങ്ങളോട് ബ്രിട്ടീഷുകാരുടെ നിലപാട് ആശാവഹമായിരുന്നില്ല. അതോടെ സമരം ഭാരതമൊട്ടാകെ പടർന്നു പിടിച്ചു. സമരം കറാച്ചി മുതൽ കൽക്കട്ട വരെ പടർന്നു. കൊച്ചിയും, വിശാഖപട്ടണവും സമരത്തിൽ പങ്കുചേർന്നു. ബോംബെയിലെ മറൈൻ ഡ്രൈവ്‌, അന്ധേരി എന്നിവിടങ്ങളിലെ വ്യോമസേനാ ക്യാമ്പുകളിലെ സൈനികരും സമരത്തിൽ ചേർന്നു. ബോംബെ നഗരത്തിൽ ബന്ദ് ആചരിച്ചുകൊണ്ട് സമരം ജനകീയ പിന്തുണ നേടിയെടുത്തു.

ഇന്ത്യൻ നാഷണൽ നേവി എന്ന് സ്വയം പേരിട്ടുകൊണ്ട് കപ്പലുകളിലെ യൂണിയൻ ജാക്ക്‌ പതാകകൾ താഴെയിറക്കി ത്രിവർണ പതാകയും ഭഗവ പതാകയും പച്ചക്കൊടിയും ചുവപ്പ് കൊടിയും മറ്റുമൊക്കെ ഉയർത്തപ്പെട്ടു. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ഇന്ത്യക്കാരായ പട്ടാളക്കാർ അനുസരിക്കാൻ വിസമ്മതിച്ചു. കൂടാതെ, ബ്രിട്ടീഷ് മേലുദ്യോസ്ഥരെ ഇടം കൈ കൊണ്ട് സല്യൂട്ട് ചെയ്തു. 20000 ഓളം നാവികരും, 78 കപ്പലുകളും, ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ പങ്കെടുത്തു. സമരം വലിയൊരു ചർച്ചയായി.

എന്നാൽ സൈനികരുടെ ഈ സമരത്തോട് ദേശീയ നേതാക്കളുടെയും കോൺഗ്രസ്സിൻ്റെയും സമീപനം ആശാവഹമായിരുന്നില്ല. ഗാന്ധിജിയടക്കമുള്ള പ്രമുഖർ ഈ സമരത്തെ എതിർത്തു. മുസ്ലിം ലീഗ് ഈ സമരത്തെ അപലപിച്ചു. ഇതോടെ ഈ സമരത്തെ അടിച്ചമർത്താനുള്ള മാനസികമായ കരുത്ത് ബ്രിട്ടീഷുകാർക്ക് ലഭിച്ചു. ബ്രിട്ടൻ തങ്ങളുടെ സൈനികശക്തി ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തി. തുടർന്നുണ്ടായ കലാപത്തിൻ്റെ ഭാഗമായി 7 പേർ കൊല്ലപ്പെടുകയും, 30ൽ അധികം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്രത്തിൽ ദീപ്തമായ ഒരു ഏടാണ് നാവിക സമരം.

വേവൽ പദ്ധതിയുടെ പരാജയത്തിന് ശേഷം സമാനമായ മറ്റൊരു നീക്കവുമായി വീണ്ടും ബ്രിട്ടീഷുകാർ രംഗത്തെത്തി. ബ്രിട്ടീഷ് മന്ത്രി സഭയിലെ കാബിനറ്റ് അംഗങ്ങളായിരുന്ന പാഥിക് ലോറൻസ് സായിപ്പ്, സ്റ്റാഫോർഡ് ക്രിപ്സ് സായിപ്പ്, എവി അലക്‌സാണ്ടർ സായിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം 1946 മാർച്ചു മാസത്തിൽ ഇന്ത്യൻ നേതാക്കളുമായി ചർച്ചകൾ ചെയ്യുവാനെത്തി. ഇവരുടെ വരവിനെ “കാബിനറ്റ് മിഷൻ” എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇന്ത്യാ ചരിത്രത്തിലെ നിർണായകമായ നാഴികക്കല്ല് ഇവിടെ സംഭവിയ്ക്കുകയാണ്.

ചർച്ചകൾക്ക് ശേഷം 1946 മെയ് 16ന് കാബിനറ്റ് മിഷൻ മുന്നോട്ടു വച്ച തീരുമാനങ്ങൾ താഴെ പറയുന്നവയായിരുന്നു.

1) ഏകീകരിക്കപ്പെട്ട ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവിയും സ്വാതന്ത്ര്യവും നൽകും.

2) മുസ്ലീം ഭൂരിപക്ഷമുള്ള പ്രവിശ്യകളായ സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, നോർത്ത്-വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് എന്നിവയെ ഒരു ഗ്രൂപ്പാക്കും. ബംഗാളും ആസാമും ചേർത്ത് മറ്റൊരു ഗ്രൂപ്പും രൂപീകരിക്കും.

3) ഹിന്ദു ഭൂരിപക്ഷമുള്ള മധ്യേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും പ്രവിശ്യകൾ ചേർത്ത് ഒരു ഗ്രൂപ്പ് രൂപീകരിക്കും.

4) ഡൽഹി ആസ്ഥാനമായി ഒരു കേന്ദ്ര ഗവൺമെണ്ട് രൂപീകരിക്കും. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളായ പ്രതിരോധം, കറൻസി, നയതന്ത്രം എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും. മറ്റ് അധികാരങ്ങൾ ഗ്രൂപ്പുകളുടെ ഏകീകരണത്തോടെ പ്രവിശ്യകളിലെ സർക്കാരുകൾ നിർവ്വഹിക്കും.

5) എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് കേന്ദ്രത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കും.

ഈ ദൗത്യം വിജയിക്കുകയും ഹിന്ദു മഹാസഭയുടെ വിയോജിപ്പോടു കൂടി ലീഗും കോൺഗ്രസ്സും ഇത് പാസ്സാക്കി. എന്തെന്നാൽ ശരീഅത്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലോ സ്വാധീനത്തിലോ ഉള്ള ഭരണ ഘടനകൾ നിർമിക്കാനുള്ള വഴികൾ തുറന്നിടുന്നതായിരുന്നു കാബിനറ്റ് മിഷൻ്റെ വ്യവസ്ഥകൾ. പാകിസ്ഥാൻ എന്ന ആശയത്തെ കാബിനറ്റ് മിഷൻ നിരാകരിച്ചുവെങ്കിലും, സ്വയം ഭരണമുള്ള ഇസ്‌ലാമിക് സ്റ്റേറ്റുകൾ സ്ഥാപിക്കുവാൻ അതിൽ വ്യവസ്ഥയുണ്ടായിരുന്നു.

ഇതോടെ മുസ്ലിം വർഗീയതയ്ക്ക് വിജയക്കൊടി നാട്ടാനുള്ള അവസരമാണ് കോൺഗ്രസ്സ് കൊടുത്തതെന്ന് ആക്ഷേപങ്ങളുണ്ടായി. അത് സത്യവുമായിരുന്നു. 1946 ജൂലൈ മാസത്തിൽ ഭരണ ഘടനാ നിർമാണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഭൂരിപക്ഷ സീറ്റുകളിലും കോൺഗ്രസ്സ് ജയിച്ചതോടെ ശരീഅത്ത് സ്വാധീനത്തിലുള്ള ഭരണ ഘടന ഇന്ത്യയിൽ നിർമ്മിക്കാം എന്ന ലീഗിൻ്റെ അജണ്ട പരാജയം രുചിക്കുമെന്നായി.

ഉടൻ തന്നെ കാബിനറ്റ് മിഷൻ പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് മുസ്ലിം ലീഗ് മുൻധാരണകളെ അട്ടിമറിച്ചു. ഇത് നെഹ്രുവിനെപ്പോലുള്ള നേതാക്കളിൽ അതൃപ്തിയുണ്ടാക്കി. 1946 ആഗസ്റ്റ് 16ന് ഭാരതമൊട്ടുക്ക് പ്രത്യക്ഷ സമര ദിനമായി ആചരിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു. “പൊരുതി നേടി പാകിസ്ഥാൻ, ചിരിച്ചു നേടും ഹിന്ദുസ്ഥാൻ” എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം ഉയർന്നത് ഈ ദിനത്തിലായിരുന്നു.

തുടരും …

×