Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -13 : അഹിംസാ വ്രതിയായ കടുവ

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

1944 ഡിസംബറില്‍ നടന്ന ഹിന്ദുമഹാസഭയുടെ ബിലാസ്‌പൂര്‍ സമ്മേളനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാൻ റിപ്പബ്ലിക് എന്നായിരിയ്ക്കണം എന്ന് പ്രമേയം പാസ്സാക്കി. നാഥുറാം വിനായക് ഗോഡ്‌സെയാണ് ‌പ്രമേയങ്ങള്‍ പിന്‍താങ്ങിയത്‌. പ്രമേയത്തിൻ്റെ വിശദാംശങ്ങൾ താഴെ നൽകാം.

publive-image

1) സ്വതന്ത്ര ഹിന്ദുസ്ഥാൻ്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ "സ്വതന്ത്ര ഹിന്ദുസ്ഥാന്‍ രാഷ്‌ട്രത്തിൻ്റെ ഭരണഘടന'' എന്ന പേരിലാകും അറിയപ്പെടുക.

2) ചരിത്ര പരമായി, രാഷ്‌ട്രീയമായി, വംശീയമായി, സാംസ്‌കാരികമായി, ഹിന്ദുസ്ഥാൻ ഒന്നാണ്‌, പൂര്‍ണ്ണമാണ്‌, അവിഭക്തമാണ്‌ എക്കാലവും.

3) സര്‍ക്കാര്‍ ജനാധിപത്യ ഫെഡറല്‍ സ്വഭാവമുള്ളതായിരിക്കണം.

4) നിയമസഭയ്‌ക്ക് ‌ദ്വിതല സംവിധാനമായിരിക്കും.

5) പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ‌ഒരു വോട്ട്‌, ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്ക് ‌സംവരണം.

6) മൗലികാവകാശങ്ങള്‍ എല്ലാവർക്കും ഒരുപോലെ ഉണ്ടാകും. എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ തുല്യരായിരിക്കും. വിവേചനപരമായ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ടാവില്ല.

7) നിറം, ജാതി, വര്‍ണ്ണം എന്നിവ സര്‍ക്കാര്‍ ജോലിക്കോ അധികാരത്തിനോ തൊഴിലിനോ തടസ്സമാകില്ല.

8) എല്ലാ പൗരന്മാര്‍ക്കും തൊഴില്‍ ചെയ്യാനും മതാനുഷ്‌ഠാനത്തിനും സംസ്‌കാര പരിരക്ഷണത്തിനും ഭാഷാ പ്രചരണത്തിനും സ്വാതന്ത്ര്യമുണ്ടാകും. ഒരു മതത്തിനും വിലക്കുകളോ പ്രത്യേക പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ല.

ഇതിൽ ഒച്ചപ്പാടുണ്ടാക്കുവാൻ തക്കതായൊന്നുമില്ലെങ്കിലും ഹിന്ദുമഹാസഭ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എന്ന് മുസ്ലിം ലീഗിന് എളുപ്പത്തിൽ പ്രചരിപ്പിയ്ക്കാൻ സാധിച്ചു.

1945ൽ തന്നെ‌ കുപ്രസിദ്ധമായ ദേശായി ലിഖായത്ത് ‌സന്ധി ഉണ്ടായി‌. കേന്ദ്ര അസംബ്ലിയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ബിലുഭായ്‌ ദേശായിയും മുസ്ലീംലീഗ്‌ നേതാവ്‌ ലിഖായത്ത്‌ അലിഖാനും ചേര്‍ന്നുണ്ടാക്കിയ ഈ ഉടമ്പടി പ്രകാരം രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുണ്ടായ സ്‌തംഭനത്തെപ്പറ്റി ചര്‍ച്ച വേണമെന്ന് ‌ബ്രിട്ടീഷ് ‌സര്‍ക്കാരിനോട് ‌ആവശ്യപ്പെട്ടു. കോണ്‍ഗ്രസു പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ‌ദേശായി ഈ ഉടമ്പടിയില്‍ എത്തിയത്‌. ചര്‍ച്ചയ്‌ക്ക്‌ വൈസ്രോയി ചില നിബന്ധനകള്‍ വെച്ചു.

1. ലോക മഹായുദ്ധം തീരും വരെ എല്ലാ പാര്‍ട്ടികളും യുദ്ധത്തെ പിന്തുണയ്‌ക്കണം.

2. കോണ്‍ഗ്രസിനു 5ഉം മുസ്ലീംലീഗിനു 5ഉം പ്രതിനിധികളുള്ള സര്‍ക്കാര്‍ രൂപീകരിക്കും.

3. ക്വിറ്റിന്ത്യാ സമരം പിന്‍വലിക്കണം.

50% വരുന്ന മുസ്ലീംലീഗിനായിരുന്നു ഇതിൻ്റെ നിയന്ത്രണം. ഇത് വലിയ വിമർശനം വിളിച്ചു വരുത്തി. ഹൈന്ദവരെ രാഷ്ട്രീയമായി മുട്ടുകുത്തിച്ച ഈ സംഗതിയ്ക്ക് കോൺഗ്രസ്സ് കൂട്ട് നിന്നുവെന്ന് ജനം വിശ്വസിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യകക്ഷി സേന വിജയ പ്രാപ്തിയിൽ എത്തുന്നു എന്ന ഘട്ടം സമാഗതമായതോടെ ബ്രിട്ടീഷുകാർ ഇന്ത്യ വിടുവാനുള്ള മാനസികമായ തയ്യറെടുപ്പുകൾ ആരംഭിച്ചു. ഭാരതത്തിൻ്റെ പല ഭാഗങ്ങളിലും കർഷക സമരങ്ങളും മറ്റു വർഗീയ ലഹളകളും തലപൊക്കിയിരുന്ന കലുഷിതമായ അവസ്ഥയും കാരണമായി. വൈസ്രോയിയായ വേവൽ സായിപ്പ് 1945 ജൂൺ 14ന് കുറച്ചു നിർദ്ദേശങ്ങളുമായി ഇന്ത്യൻ നേതാക്കളെ സമീപിച്ചു, ഈ നിർദ്ദേശങ്ങളാണ് ചരിത്രത്തിൽ വേവൽ പദ്ധതി എന്നറിയപ്പെടുന്നത്.

publive-image

1, കേന്ദ്രത്തിൽ ഒരു താത്കാലിക ഇടക്കാല ഭരണകൂടം രൂപീകരിക്കും

2, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിക്കും. വൈസ്രോയിയും ചീഫ് കമാണ്ടറും ഒഴികെയുള്ള അതിലെ എല്ലാ അംഗങ്ങളും ഇന്ത്യക്കാരായിരിക്കും

3, വൈസ്രോയിയുടെ കൗൺസിലിൽ ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും തുല്യ പ്രാധാന്യം ഉണ്ടായിരിക്കും

4, ഇന്ത്യയുടെ ഭരണ ഘടന ഇന്ത്യക്കാർക്ക് തന്നെ തയാറാക്കാം

5, വൈസ്രോയിക്ക് വീറ്റോ അധികാരം ഉണ്ടായിരിക്കും

1945 ജൂൺ 25ന് ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി 21 പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ വേവൽ സായിപ്പ് സിംലയിലെ സർക്കാർ മന്ദിരത്തിലേക്ക് ക്ഷണിച്ചു. എന്നാൽ അവിടെ വച്ച് കാര്യങ്ങൾ മാറി മറിഞ്ഞു.

കൗൺസിലിലേക്കുള്ള മുസ്‌ലിം അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ലീഗിന് കിട്ടണമെന്നും, വൈസ്രോയിക്കുള്ള വീറ്റോ അധികാരം മുസ്ലീമുകൾക്കും കിട്ടണമെന്നും, ജിന്ന വാശി പിടിച്ചു. അതായത് മറ്റു സമൂഹങ്ങൾ എന്തൊക്കെ കരുതിയാലും ശരി മുസ്ലിം താത്പര്യങ്ങൾക്ക് വിഘാതമായി ഒന്നും സംഭവിയ്ക്കാൻ പാടില്ല എന്ന് ഉറപ്പു വരുത്തുവാൻ ലീഗ് പ്രതിജ്ഞാബദ്ധമായിരുന്നു എന്ന്.

കോൺഗ്രസ്സും ഹിന്ദു മഹാസഭയും ഇതിനെതിരെ പ്രതിഷേധിച്ചു. ഈ സംഭവം മുസ്ലീമുകൾക്കിടയിൽ ജിന്നക്ക് ഒരു വീര പരിവേഷം ലഭിക്കാൻ സഹായിച്ചു. നാണംകെട്ട ദിവസം എന്ന് ഹിന്ദു മഹാ സഭ ഇതിനെ വിശേഷിപ്പിച്ചു. അങ്ങനെ വേവൽ പദ്ധതി പരാജയമായി. ഇത്തരം സംഭവങ്ങൾ ഹൈന്ദവ യുവാക്കളിൽ അമർഷത്തിൻ്റെ അഗ്നി ജ്വലിപ്പിച്ചു. പലരും സായുധ സമരത്തിന് തയ്യാറായി മുന്നോട്ടു വന്നു.

ഇതിനിടയിൽ മഹാത്മജിയോട് ഹിന്ദുക്കൾക്ക് അപ്രിയം ജനിയ്ക്കുന്ന നിരവധി പ്രവർത്തികൾ അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടായി. അവയൊക്കെ മുസ്ലിം പ്രീണനം എന്ന ഗണത്തിൽ പെടുത്താവുന്നവയാണ്. ഹിന്ദുജനതയെ രക്ഷിച്ച ശിവജിയെ സ്‌തുതിക്കുന്ന 52 ശ്ലോകങ്ങളടങ്ങിയ ശിവഭവാനി എന്ന ഗാനവും, വന്ദേ മാതരവും പൊതുവേദിയില്‍ പാടുന്നത്‌ ഗാന്ധിജി എതിര്‍ത്തു.

ശിവജി ഇല്ലായിരുന്നെങ്കില്‍ ഭാരതം മുഴുവന്‍ ഇസ്ലാമീകരിക്കപ്പെടുമായിരുന്നു എന്ന ആശയമുള്ളതാണ്‌ മഹാത്മാവിന്‌ ഈ ഗാനം ഇഷ്‌ടക്കേടുണ്ടാക്കിയത്‌. വന്ദേ മാതരത്തെ മുസ്ലിംകൾ എതിർക്കുന്നു എന്നതായിരുന്നു എതിർപ്പിൻ്റെ കാരണം.

"കാശിജി കി കലാ ജാത്തീ മഥുരാ മസ്‌ജിദ് ‌ഹോത്തീ"

"ശിവജി ജോ ന ഹോത്തേ തോ സുന്നത്‌ ഹോത്തീ‌" സബ്‌കി

(കാശിയുടെ കാന്തി നഷ്‌ടമാകുമായിരുന്നു. മഥുരയില്‍ മസ്‌ജിദ്‌ വരുമായിരുന്നു. ശിവജി ഇല്ലായിരുന്നുവെങ്കില്‍ എല്ലാവരും സുന്നത്ത്‌ ചെയ്യപ്പെടുമായിരുന്നു). ഇതായിരുന്നു ശിവ് ഭവാനി.

മുസ്ലിം ലീഗ് കൊലവിളികൾ പലയിടത്തായി നടത്തുമ്പോൾ ഗാന്ധിജി നിശ്ശബ്ദമാക്കുവാൻ ശ്രമിയ്ക്കുന്നത് ഹിന്ദുക്കളുടെ ശബ്ദത്തെയാണെന്ന് ഹിന്ദുമഹാസഭയടക്കമുള്ളവർ ശക്തിയായി വിമർശിച്ചു.

മാത്രമല്ല, അഹിംസയെന്നാല്‍ അക്രമിക്കുന്നവന് ‌കീഴടങ്ങുക എന്നതാണന്ന് തോന്നിയ്ക്കും വിധമായിരുന്നു ഗാന്ധിജിയുടെ പല പ്രസംഗങ്ങളും‌. ഗാന്ധിജി അഹിംസയെ ഉദാഹരിക്കാന്‍ പ്രാർത്ഥനാ യോഗത്തിൽ ഒരു കഥ പറയുമായിരുന്നു‌. പശുക്കള്‍ കടുവയ്‌ക്കു ഭക്ഷണമായി സ്വയം നിന്നു കൊടുക്കുകയും പശുക്കളെ തിന്നു മടുത്ത കടുവ അഹിംസാ വ്രതിയായി മാറിയെന്നുമാണ് ‌കഥ.

സ്വയം പ്രതിരോധമുയർത്താതെ ഗണേശ്‌ ശങ്കര്‍ വിദ്യാര്‍ത്ഥി എന്നയാള്‍ കാണ്‍പൂരില്‍ മുസ്ലീംങ്ങളാല്‍ കൊല്ലപ്പെട്ടത്‌ അഹിംസയ്‌ക്കു മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു അഹിംസാ സിദ്ധാന്തം ഇന്ത്യയെ നശിപ്പിക്കുമെന്നും പാകിസ്ഥാന്‍ ഇന്ത്യ മുഴുവന്‍ കൈവശപ്പെടുത്തുമെന്നും ഹിന്ദുമഹാസഭയും മറ്റ് ഹൈന്ദവ ഉത്ഥാന സംഘടനകളും ഉത്പതിഷ്ണുക്കളും അഭിപ്രായപ്പെട്ടു.

തുടരും…

 

batwara ka itihas
Advertisment