Advertisment

ആ പെൺകുട്ടികളുടെ കാര്യത്തിൽ മൗനിബാബകളായി മാറിയ സാംസ്കാരിക പോരാളികളേ നിങ്ങളുടെ വീട്ടിൽ നിന്നും അധികം ദൂരമില്ലല്ലോ വാളയാറിലേക്ക്. മഞ്ചക്കട്ടി വനത്തിലെ വെടിയൊച്ചകൾക്ക് മറയ്ക്കാനാകുമോ വാളയാറിലെ ആ രോദനങ്ങളെ - ദാസനും വിജയനും പറയാനുണ്ട് ...

author-image
ദാസനും വിജയനും
Updated On
New Update

ദൈവം എന്നും എപ്പോഴും അങ്ങനെയാണ്. കഷ്ടത അനുഭവിക്കുന്നവരെ എന്നും കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും. എന്നും ശിക്ഷിച്ചു കൊണ്ടിരിക്കും ! ദുഷ്ടന്മാർ എന്നും രാജ്യത്തിൻറെ അധികാര കസേരകളിൽ ഏത് വിധേനയും എത്തിപ്പെടുന്നു.

Advertisment

ലോകം മുഴുവനും രാജ്യങ്ങളുടെ തലവന്മാർ ചെകുത്താൻ ആരാധകരായി മാറുമ്പോൾ അവർക്കുവേണ്ടതായ രക്തം പാവങ്ങളിൽ നിന്നും ഊറ്റിക്കുടിക്കുന്നു.

പാവങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷകരായി അധികാര കസേരയിലെത്തിയ കേരളത്തിന്റെ സ്വന്തം പാർട്ടിക്കാർ ഇന്നിപ്പോൾ വാളയാറിൽ ചെയ്തുകൊണ്ടിരിക്കുന്നത് അത്യന്തം സങ്കടപരമായ കാര്യങ്ങളാണ്. അത് മനസ്സിലാക്കണമെങ്കിൽ വാളയാറിലെ ജനതയുടെ ജീവിതം മനസ്സിലാക്കണം. അവിടത്തെ പാവങ്ങളുടെ ജീവിത ശൈലി മനസ്സിലാക്കണം.

കുട്ടികളെ തനിച്ചാക്കി രാവിലെ 7 മണിക്ക് കൂലിപ്പണിക്ക് പോകുന്ന രക്ഷിതാക്കൾ നടന്നു തളർന്നു തിരികെയെത്തുന്നത് രാത്രി 7 ഉം 8 ഉം ആകുമ്പോഴാണ്. വാളയാറും പരിസരവും കേരളത്തിൽ തന്നെയാണോ എന്നാരും സംശയിച്ചുപോകും.

publive-image

പ്രതികരിക്കുവാനറിയാത്ത, സ്നേഹിക്കുവാൻ മാത്രമറിയുന്ന , ആരെയും സാർ എന്ന് വിളിക്കുവാൻ മാത്രമറിയുന്ന ഒരു കൂട്ടം പാവങ്ങളാണ് വാളയാറിൽ അധിവസിക്കുന്നത് . ചുള്ളിമടയിലും എട്ടിമടയിലും വന്യമൃഗങ്ങളോട് അങ്കം വെട്ടി ഉണ്ടാക്കുന്ന പച്ചക്കറികളും മലബാർ സിമന്റ്‌സിൽ നിന്നും വരുന്ന സിമന്റ് പൊടിയും ഒക്കെ ഭക്ഷിച്ചാണ്‌ അവിടത്തെ ജനങ്ങൾ ജീവിതം തള്ളിനീക്കുന്നത് .

കേരളത്തിലെ പ്രമാണിയായിരുന്ന മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയനായിരുന്ന മുഖ്യമന്ത്രിയും പഴയ പ്രതിപക്ഷ നേതാവും വൈദ്യതി മന്ത്രിയുമൊക്കെ ജയിച്ചുവന്നത് ഈ പാവപ്പെട്ടവന്റെ വോട്ടുകൾ ഇരന്നു വാങ്ങിയാണ് . വാളയാറിലും മലമ്പുഴയിലുമൊക്കെ കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ.

രണ്ടുതവണ ഇന്നാട്ടിലെ എംപിയായിരുന്ന ബുദ്ധിജീവിയുടെ കുഞ്ഞളിയൻ കേസിലെ പ്രതിയായപ്പോൾ കണ്ണൂർ മോഡൽ വിധി നടപ്പാക്കൽ ഇവിടെയും നടന്നു. പാർട്ടിക്ക് വേണ്ടപ്പെട്ടയാളെ ശിശുക്കളുടെ ക്ഷേമത്തിനായി നിയോഗിച്ചപ്പോൾ ഇവർ കരുതിക്കാണും'' എല്ലാം എല്ലാവരും മറന്നു കാണുമെന്ന് '' .

ഇങ്ങനെയൊരു ജനപ്രീതി ഈ പാവപ്പെട്ട കുരുന്നുകൾക്ക് കിട്ടുമെന്ന് ഇതിൽ ഇടപെട്ടവർ സ്വപ്നത്തിൽ പോലും ചിന്തിച്ചുകാണില്ല. അതവരുടെ നന്മ, അവരുടെ മാതാപിതാക്കന്മാരുടെ നന്മ.

ശരിക്കും പറഞ്ഞാൽ കേരളം ഒന്നടങ്കം ആത്മാർത്ഥമായി ഈ കുരുന്നുകളുടെ നീതിക്കായി പോരാടുമ്പോൾ എത്ര മാവോയിസ്റ്റുകളെ നിങ്ങൾ തണ്ടർ ബോൾട്ടുകാരെക്കൊണ്ട് വെടിവെച്ചിട്ടാലും എത്രയെത്ര അപകടമരണങ്ങൾ നിങ്ങൾ സൃഷ്ടിച്ചാലും ഇനിയൊന്നും ഇവിടെ വിലപ്പോവില്ല. ശിശുക്ഷേമ ചെയർമാനെകൊണ്ട് രാജിനാടകം കളിപ്പിച്ചാലോ നിയമസഭയിൽ മുതലക്കണ്ണീർ പൊഴിച്ചാലോ സിബിഐയുടെ പേരുകൾ വലിച്ചിഴച്ചാലോ ഇവരുടെ ശാപം നിങ്ങളിലും നിങ്ങളുടെ തലമുറകളിലും വീടും എന്നത് അച്ചിട്ട ഒരു വസ്തുതയാണ് .

ഇടക്കിടക്ക് ചികിത്സ തേടി വെറുക്കപ്പട്ടവരുടെ രാജ്യമായ അമേരിക്കക്ക് പോകേണ്ടി വരുന്നതും മക്കൾക്ക് ലോകം മുഴുവൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടി വരുന്നതൊക്കെ പാവങ്ങളുടെ കണ്ണുനീരിന്റെ തിരിച്ചടികളാണ് എന്നത് ഇക്കളികൾ കളിക്കുന്നവരുടെ കുടുംബക്കാർ എങ്കിലും മനസ്സിലാക്കിയാൽ നന്ന്.

തങ്കമണിയും സൂര്യനെല്ലിയും ഐസ്ക്രീമും സോളാറുമൊക്കെ ആവശ്യമാംവിധം കാലാകാലങ്ങളിൽ ഉപയോഗപ്പെടുത്തി പോരാളി ഷാജിമാരെക്കൊണ്ടും പോരാളി സജിൻമാരെക്കൊണ്ടും സോഷ്യൽ മീഡിയയിലും ചായക്കടകളിലും ബാർബർ ഷാപ്പുകളിലും ബീഡിതെറുപ്പുകടകളിലും ഇരുത്തി എതിരാളികളുടെ അണ്ണാക്കിലേക്ക് പിണ്ണാക്ക് കയറ്റി അങ്കം വെട്ടിച്ചപ്പോൾ ഇങ്ങനെയെയൊക്കെ തിരിച്ചടികൾ വരുമെന്നു മനസിലാക്കാൻ പാർട്ടികളാസ്സുകളിലെ അധ്യാപക സഖാക്കൾ വൈകിപ്പോയി.

കേരള ചരിത്രത്തിൽ ആദ്യമായി 140 അസംബ്ലി മണ്ഡലങ്ങളിൽ 18 എണ്ണത്തിൽ മാത്രം മുന്നിൽ എത്താൻ ഇപ്പോൾ ഭരിക്കുന്നവർക്ക് കഴിഞ്ഞുള്ളു എന്ന ദയനീയത ഉണ്ടാക്കിയെടുത്തത് ഇത്തരം തീരുമാനങ്ങളുടെ ആകെത്തുകയാണ്.

ഏത് കേസുകെട്ട് വന്നാലും അപ്പോൾ റജീനയിലേക്കും സരിതയിലേക്കും നിലമ്പൂരിലെ രാധയിലേക്കും ഒക്കെ ശ്രദ്ധ തിരിച്ചുവിട്ടുള്ള ഈ പോരാളി ഷാജിക്കളി ഇത്തവണ വിലപ്പോവുമോ എന്ന് സംശയമാണ്.

അട്ടപ്പാടിയിൽ ഒരു പാവം ആദിവാസി മരിച്ചപ്പോൾ അല്ലെങ്കിൽ ആ പാവത്തിനെ ആരോ തല്ലിക്കൊന്നപ്പോൾ മലയാളത്തിന്റെ മഹാനടൻ വളരെയേറെ ദുഖിച്ചു എന്നറിഞ്ഞു. ആരോ അഭ്യർത്ഥിച്ചുകൊണ്ട് എഴുതിച്ചതുപോലെയുള്ള പ്രതികരണവും വായിച്ചു. അതിന്റെ പിന്നാലെ കൊക്കെയിൻ സംവിധായകനും പ്രിയപ്പെട്ട ഭാര്യയും തൃശൂരിന്റെ സ്വന്തം കോപ്പി ടീച്ചറും അടക്കം അനവധി സാംസ്‌കാരിക കൊണാപ്പൻമാരും പോരാളി പട്ടികളും കുറച്ചൊന്നുമല്ല കുരച്ചു കൂട്ടിയത്.

പെരുമ്പാവൂരിലേക്ക് നിങ്ങളുടെ വീട്ടിൽ നിന്നും അത്രയൊന്നും ദൂരമില്ലെന്ന് ഇവർ ജനങ്ങളെ പറഞ്ഞു പറ്റിച്ചു. നല്ലവരായ സ്ത്രീകളുടെ വോട്ടുകൾ വാങ്ങി അധികാരത്തിൽ എത്തി. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഒരു സംശയം ഉള്ളിൽ ജനിക്കുന്നു, ഈ ജിഷയുടെ മരണത്തിൽ സത്യം ഈ കേട്ടതൊക്കെ തന്നെയാണോ എന്ന്.

ഡൽഹിയിലെ നിർഭയയെ ഉദാഹരണമാക്കി കേന്ദ്രത്തിൽ ചിലർ ഭരണം പിടിച്ചത് പോലെ ജിഷയിലൂടെ വല്ലവരും സ്വപ്നം കണ്ടിരുന്നോ എന്ന്. ചില സാംസ്കാരിക ക്വൊട്ടേഷൻകാരുടെ പ്രതികരണം കണ്ടപ്പോൾ അങ്ങനെയും തോന്നിപ്പോയി. എല്ലാം പറഞ്ഞുറപ്പിച്ചത് പോലെയായിരുന്നു പിന്നീട് ഇടതുഅനുകൂല സാംസ്‌കാരിക നായകർ ഇക്കാര്യം കൈകാര്യം ചെയ്തത് എന്ന വസ്തുത ഓർമ്മിക്കുന്നു.

ബാക്കി കടമ മാധ്യമങ്ങള്‍ക്കാണ്. വാളയാര്‍ മറയ്ക്കാന്‍ കുതന്ത്രങ്ങള്‍ ഒരുക്കുന്നവര്‍ മറ്റെന്തെങ്കിലും വെടിവയ്പോ മറ്റോ ഇട്ടുതന്നാല്‍ അത് പ്രധാനമാക്കി വാളയാര്‍ ഒഴിവാക്കിയാല്‍ ജനം പ്രതികരിക്കും എന്നോര്‍ക്കുക, സോഷ്യല്‍ മീഡിയ അതേറ്റുപിടിക്കും .

പല കേസുകളെ അട്ടിമറിക്കാൻ ശബരിമലയിൽ തൊട്ടുകളിച്ചപ്പോൾ കണ്ണൂരിലെ കുത്തക മണ്ഡലങ്ങളിലടക്കം ജനം ഇവരെ എഴുതി തള്ളിയത് കാണുമ്പൊൾ അടുത്ത ഭരണത്തിന്റെ തകർച്ച വാളയാറിൽ തട്ടി തന്നെയായിരിക്കും എന്ന് വിശ്വസിച്ചുകൊണ്ട്,

വാളയാറിലെ പെൺകുട്ടികളെ കൊന്നവനെ കണ്ടാൽ അവന്മാരെ വെറുതെ വിടില്ലെന്ന നിശ്ചയദാർഢ്യവുമായി കണ്ണുനീരോടെ ദാസനും ഈ കൊലപാതകികളെ സഹായിച്ചവരെ ഓടിച്ചിട്ട് അടിക്കണം എന്ന ആഗ്രഹുമായി വിജയനും.

Advertisment