Advertisment

കപ്പല്‍ ജോയിയുടെ വലിയ വീടും കേരളത്തിലെ കണ്ണേറിന്‍റെ ജ്യോതിഷ പ്രവചനങ്ങളും !!

author-image
ദാസനും വിജയനും
Updated On
New Update

''എന്താ കരിങ്കണ്ണാ നോക്കുന്നേ'' , ''എന്താ കരിങ്കണ്ണാ അഭിപ്രായം'' എന്നൊക്കെ കേരളത്തിൽ ചിലപ്പോഴൊക്കെ നിങ്ങളും കണ്ടിട്ടുണ്ടാകും, വീടുപണിയുന്ന സമയങ്ങളിൽ വീടിനെ ഓലകൊണ്ടോ ടാർപ്പായകൊണ്ടോ മറച്ചുകൊണ്ട് കറുത്ത ബോർഡിൽ മുന്നിൽ കെട്ടിത്തൂക്കുന്ന വാക്കുകളാണിത് .

Advertisment

പഴയ കാരണവന്മാർ ഒന്നും ചുമ്മാ ചെയ്യാറില്ല . ജ്യോതിശാസ്ത്ര പ്രകാരം ഒരു മനുഷ്യന്റെ ശനിദശയിലാണ് വീട്ടുപണികൾ നടക്കുക. ജോലി നഷ്ടപ്പെടൽ , കച്ചവടം നഷ്ടം , ആരോഗ്യം, സുഖ ജീവിതം എന്നിവയെ ബാധിക്കുമെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയിലൂടെ കുറെയൊക്കെ പ്രശ്നങ്ങൾ ഇല്ലാതാകും എന്നാണ് പറയപ്പെടുന്നത് .

publive-image

കണ്ണേറിനെ കുറിച്ച് വിശുദ്ധ പ്രവാചകന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട് . അവരിലും കണ്ണേറുകൾ ഏറ്റിട്ടുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . വീടുകൾ ആർക്കും പണിയാം , പക്ഷെ അത് കാണിച്ച് നാട്ടുകാർക്ക് പണിയാനുള്ള അവസരം കൊടുക്കരുത് . ചാനലിൽ കാണിച്ച ഒട്ടുമിക്ക വീട്ടുകാരനും ആ ഷോ കഴിഞ്ഞാൽ മുട്ടൻ പണികൾ കിട്ടിയിട്ടുണ്ടെന്നത് ഒരു നഗ്ന സത്യമാണ് . അത് ആ വീട്ടുകാരോട് രഹസ്യമായി ചോദിച്ചാൽ പറയും .

സാധാരണയിൽ ഒരു വീട് സ്വന്തം നാട്ടിൽ വെച്ചാൽ തന്നെ വീടിന്റെ കുറ്റി പൂജക്ക്‌ ശേഷം കുറച്ചു നാളുകൾക്കുള്ളിൽ ആ വീട്ടിൽ ഒരു നെഗറ്റീവ് കാര്യം നടക്കുന്നു എന്നതും , അതുപോലെ അതി ഗംഭീരമായി ഒരു വിവാഹമാമാങ്കം നടന്നാലും ഇതാണ് കണ്ടുവരുന്നത് . മിക്കവാറും വിവാഹങ്ങൾ തീരുമാനമാകാറാണ് പതിവ് .

ഒരു സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ് വീട് അതുപോലെ മക്കളുടെ വിവാഹം . അത് ചിന്തിക്കാവുന്നതിൽ നിന്നും വ്യത്യസ്തമായി പലരും ചെയ്തുകാണുമ്പോൾ ഉണ്ടാകുന്ന മനോവേദനകൾ കണ്ണേറായും കരി നാക്കായും ഭവിക്കുന്നു . അതിനെ മറികടക്കുവാൻ ചിലരൊക്കെ കുറെ ദാനധർമ്മങ്ങളൊക്കെ ചെയ്തുകൂട്ടാറുണ്ട് .

ചിലർ മൃഗങ്ങളെ അറുത്തുകൊണ്ട് ബലിദാനം കൊടുക്കുന്നു . ഇതൊക്കെ ഇപ്പോൾ എഴുതുവാനുള്ള കാരണമായത് ആ 47000 സ്‌ക്വയർ അടി വലിപ്പമുള്ള വീട്ടുകാരൻ 47 നാളുകൾ ആ വീട്ടിൽ താമസിക്കാനാകാതെ 14 നിലകളിൽ നിന്നും താഴോട്ട് ചാടുമ്പോൾ എന്തായിരിക്കും ആ മാനസികാവസ്ഥ .

അതും സ്വന്തം മകന്റെയും കൂട്ടുകാരന്റെയും മുന്നിൽ നിന്നും ആ കടും കൈ ചെയ്തപ്പോൾ എന്തുകൊണ്ടായിരിക്കും ആ നിമിഷത്തിൽ അങ്ങനെ തോന്നിയത് .

publive-image

ഞാൻ കുളിച്ചിട്ടു വരാം , ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം , ഞാൻ നടന്നിട്ടു വരാം എന്നൊക്കെ പറയുന്നതുപോലെ ഞാൻ മരിച്ചിട്ടു വരാം എന്നൊക്കെ ചിലർക്ക് തോന്നാറുണ്ടത്രെ ! ഒരു സെക്കന്റിൽ തോന്നുന്ന ഒരു തീരുമാനത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെടും എന്നുള്ളത് അവർ ചിന്തിക്കില്ല എന്നാണ് പറയപ്പെടുന്നത് .

കൂട്ട് കച്ചവടങ്ങളിൽ പാർട്ണണർമാർ അറിയാതെ പലതും ചെയ്തു പിടിക്കപ്പെടുമ്പോഴും , വൻ തുകക്കുള്ള ചെക്കുകൾ മടങ്ങുമ്പോഴും പ്രതീക്ഷിക്കാത്ത തിരിച്ചടികൾ കച്ചവടത്തിൽ കിട്ടുമ്പോഴും ഭീഷണികൾ നിലനിൽക്കുമ്പോഴും സമൂഹത്തിൽ നാണക്കേട് വരുമ്പോഴുമൊക്കെയാണ് ഒരാൾ സ്വയം മരിക്കുവാൻ തയ്യാറാവുക .

അറക്കൽ വീട്ടുകാരന്റെ മരണത്തിൽ സാമ്പത്തിക കാര്യങ്ങളാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട് . ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിടിവാണ്‌ ഇതിനു കാരണമെന്ന് കേള്‍ക്കുന്നു . പക്ഷെ ഇരുപത് കൊല്ലങ്ങൾക്കുമേലെയായി ഈ ക്രൂഡ് കച്ചവടം നടത്തുന്നയാൾക്ക് ഇതൊരു പുത്തരിയാകാൻ ഇടയില്ല .

ഞാണിന്മേൽ കളിക്കാരാണ് ഇവരൊക്കെ . ക്രൂഡ് - സ്വർണ്ണം - ഡോളർ - ക്രിപ്റ്റോ ഇതൊക്കെ കച്ചവടം ചെയ്യുന്നവരുടെ മനസ്സും ഹൃദയവുമൊക്കെ പലിശക്കാരുടേതായിരിക്കും , ഇതൊക്കെ ചൂതാട്ടത്തിന്റെ വേറെ തലങ്ങളാണ് . അപ്പോൾ പിന്നെ എന്തിന് ആത്മഹത്യ ?

ആരിൽ നിന്നോ നിക്ഷേപമായി കുറച്ചു കോടികൾ കൈപറ്റിയിട്ടുണ്ടത്രെ,  സ്വന്തമായി കപ്പലുകൾ സ്വാന്തമായുള്ള ആൾക്ക് എന്തോന്ന് കോടികൾ . മലയാളി ആയതുകൊണ്ട് അത്യാവശ്യം വാങ്ങിക്കൂട്ടാവുന്നതിൽ അധികം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടാകും . അപ്പോൾ പിന്നെ അതൊക്കെ ഗ്യാരന്റിയായുള്ളപ്പോൾ പിന്നെന്തിന് അദ്ദേഹം ചാടി ?

5000 രൂപക്കും 10000 രൂപക്കും ആത്‍മഹത്യ ചെയ്യുന്ന ആളുകളുള്ള നാടാണ് തൃശൂർ ജില്ലയിലെ വടക്കഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമം (സ്ഥലത്തിന്റെ പേരെഴുതുന്നില്ല ).

അതുപോലെ കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സ്ഥലമാണ് മാനന്തവാടിയും കൽപ്പറ്റയും . സ്വതവേ ഇടുക്കിയിലും വയനാട്ടിലും താമസിക്കുന്ന ജനങ്ങളിൽ ഏറിയ പങ്കും ലോലഹൃദയരാണ് . പക്ഷെ ഒരു ലോല ഹൃദയമുള്ളയാൾക്ക് ക്രൂഡ് ഓയിലിന്റെ ഊഹക്കച്ചവടവും സാധ്യമല്ല !!!

അങ്ങ് ഡൽഹിയായിരുന്നു അറക്കൽ ചേട്ടൻ കളരിയഭ്യാസം ആരംഭിച്ചത് . 1995 ല്‍ നടന്ന വിവാദമായ ഒരു കേസിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് ദൽഹി സുഹൃത്തുക്കളാണ് അദ്ദേഹത്തെ ദുബായിലേക്ക് കയറ്റി അയച്ചത് . ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ദൽഹി ലോബിയായിരുന്നു  ഇതിന്റെ പിന്നിൽ .

ഷെൽ എന്ന അമേരിക്കൻ കമ്പനിയുടെ ഇറാഖ് സൂപ്പർവൈസറായി ജോലി നോക്കിയ ശേഷം ക്രൂഡ് ഓയില്‍ കച്ചവടത്തിന്റെ ഗുട്ടൻസ് പഠിക്കുകയും കപ്പലുകൾ ലീസ് ചെയ്തുകൊണ്ട് ചെറുകിട രാജ്യങ്ങൾക്കും മറ്റും ക്രൂഡ് ഓയിൽ കച്ചവടം ചെയ്തുകൊണ്ട്

വിജയിക്കുകയും ചെയ്തു .

ഡൽഹിയിലെ ചില വമ്പന്മാരായിരുന്നു ഇതിന്റെയൊക്കെ പിറകിൽ . ഓയിൽ ഫോർ ഫുഡ് എന്ന സംഭവുമായി ബന്ധപ്പെട്ട് ഒരു മുൻ മന്ത്രിയുടെ മകനും ഡൽഹിയിലെ ഒരു രാഷ്ട്രീയ സെക്രട്ടറിയും ഇദ്ദേഹവുമായി കച്ചവട ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു എന്നൊക്കെ അറിയുവാൻ കഴിയുന്നു .

എന്തായാലും പോകേണ്ടത് പോയി , നഷ്ടപെട്ടത് അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും അച്ഛനും അമ്മയ്ക്കും മാത്രം . കൂടാതെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറെ സാധാരണക്കാർക്കും .

publive-image

യുഎഇ സത്യമുള്ള രാജ്യമാണ് , ദുബായ് ഐശ്വര്യമുള്ള നഗരമാണ് . ലക്ഷക്കണക്കിന് ജനതയുടെ പ്രാർത്ഥന എന്നും ഈ രാജ്യത്തിന് മേലെയുണ്ട് . വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത ഒരു ജനതയാണിവിടെ . ഭരണകർത്താക്കൾ  ജനമനസ് മനസ്സിലാക്കി മാത്രം പ്രവർത്തിക്കുന്നവർ .

വളരെ സൂക്ഷിച്ചും നേരായും കച്ചവടം നടത്തിയാൽ ജീവിതം മോശമല്ലാത്ത രീതിയിൽ കൊണ്ടുപോകാനാവുന്ന രീതിയിലാണ് ഇവിടത്തെ നിയമങ്ങൾ .

തലയിൽ കയറ്റാവുന്നതിലും അധികം ഭാരമായി ക്രെഡിറ്റ് കാർഡുകളും ലോണുകളും ഒക്കെയായി ഫോർബ്സിന്റേയും അറേബിയൻ ബിസിനസ്സ് മാഗസിന്റെയും കവർ പേജുകളിൽ സ്ഥാനം പിടിക്കുവാൻ വ്യഗ്രത കാണിക്കുമ്പോൾ മൂക്കും കുത്തി വീഴാതെ നോക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് .

അവിടേക്ക് പറന്നിറങ്ങുന്ന മന്ത്രിമാരുടെ കൂടെ നിന്നുകൊണ്ട് ഫോട്ടോ എടുക്കുവാൻ ധൃതി കാണിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് ഈ കോവിഡ് വന്നപ്പോഴുംപ്രവാസിയെന്ന പാവങ്ങളെ നാട്ടിലേക്ക് എത്തിക്കേണ്ട കാര്യം വന്നപ്പോഴും എല്ലാവര്ക്കും മനസ്സിലായി .

ആയതിനാൽ ഇനിയെങ്കിലും പ്രവാസികൾ വീടുകൾ പണിയുമ്പോൾ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാതെ , ചാനലുകാർക്കൊന്നും ഷോ കാണിക്കുവാൻ സമ്മതിക്കാതെ അടങ്ങിയൊതുങ്ങി പോകുകയാണെങ്കിൽ കുറച്ചുകൂടി നാളൊക്കെ ജീവിക്കാനാകും എന്ന ഉപദേശത്തോടെ

നടുക്കടലിൽ ക്രൂഡ് ഓയിൽ നിറച്ച കപ്പലിലെ കപ്പിത്താൻ ദാസനും

സെമിത്തേരിയിൽ കുഴിമാടം ഒരുക്കിക്കൊണ്ട് വിജയനും

 

dasanvijayanblog@gmail.com

Advertisment