Advertisment

ഏറ്റവും അടുത്ത സുഹൃത്ത് അമിത്, ഏറ്റവും കൂടുതൽ സഹായിച്ചത് അദാനി, ഏറ്റവും വലിയ അഴിമതി നടത്തിയത് അനിൽ, എന്നും കുശലാന്വേഷണം നടത്തുന്നത് അംബാനിമാർ, എല്ലാം ജനങ്ങളിൽ എത്തിക്കുവാൻ അർണാബ്, കള്ളത്തരത്തിന് ചുക്കാൻ പിടിക്കുന്നത് അരുൺ, അങ്ങനെ പോകുന്നു 'അ' യിൽ തുടങ്ങുന്ന മോഡിയുടെ വക്താക്കൾ. ഇനി ജനങ്ങളെ നോട്ടിനു ക്യൂ നിര്‍ത്തിയപോലെ ഇവരില്‍ ചിലര്‍ തീഹാറില്‍ ക്യൂ നില്‍ക്കുന്നത് കാണാം

New Update

"ഈ മോഡി അണ്ണന് എന്താ പറ്റിയേ ? ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയല്ലേ. എന്തൂട്ട് കളിയാ അങ്ങേരിപ്പോ കളിക്കണത്." ചാലക്കുടി മണ്ഡലത്തിലെ കോണത്തുക്കുന്നിലെ കൃഷ്ണകുമാർ മേനോന്റെ ചോദ്യമാണ്. കൃഷ്ണകുമാർമേനോൻ ഒരു കറ തീർന്ന കോൺഗ്രസുകാരൻ ആണ്, അന്നും ഇന്നും എന്നും.

Advertisment

പക്ഷെ കേരളത്തിലെ ചില തത്പര കക്ഷികൾ ലീഡറെയും മുരളിയേയും പത്മജയയെയും ഒറ്റപ്പെടുത്തി എന്നൊരു തോന്നലും വിങ്ങലും അദ്ദേഹത്തെ എന്നും പാർട്ടിയിൽ നിന്നും അകറ്റി നിർത്തിയിരുന്നു. പക്ഷെ മനസ്സിനകത്തെ മൂവർണ്ണ കൊടിയുടെ നിറം മായാതെ സൂക്ഷിച്ചു.

publive-image

ആയിടക്കാണ് കേന്ദ്രത്തിൽ മോഡി പ്രഭാവം അലയടിച്ചതും കേരളത്തിൽ കോൺഗ്രസ്സുകാർ മെല്ലെപ്പോക്ക് നയം തുടങ്ങിയതും. കൂടാതെ കൂടെ ഉണ്ടായിരുന്ന ചില കോൺഗ്രസ്സുകാരിലും കമ്മ്യുണിസ്റ്റുകാരിലും ഒരു മോഡി ഭക്തി കയറിക്കൂടി. അന്യസംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും വരുന്നതായ ചില സുഹൃത്തുക്കളുടെ മദ്യ സൽക്കാരങ്ങളിൽ മോദിവാഴ്ത്തുക്കൾ നിറഞ്ഞു കവിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന അവസ്ഥ മനസ്സിനെ ചാഞ്ചാട്ടി. പക്ഷെ എല്ലാം നോട്ട് നിരോധനത്തിലൂടെ അസ്ഥാനത്തായി.

അന്നാണ് അങ്ങേരുടെ കഴിവുകേടുകൾ മലയാളി മനസ്സിലാക്കിയത്. ഇന്നിപ്പോൾ സ്വന്തം പ്രസ്ഥാനം തന്നെ നല്ലതെന്ന വസ്തുത ഏതൊരു കോൺഗ്രസ്സുകാരനിലും സംജാതമായിരിക്കുന്നു. അയ്യപ്പജ്യോതി വന്നാലും പോത്തിറച്ചി കിട്ടിയില്ലെങ്കിലും അതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പെട്രോൾ പമ്പിലെ അവസ്ഥയും ബാങ്ക് അക്കൗണ്ട് ദുരുപയോഗവും, എടിഎം ക്യു നിൽക്കലും നാട്ടിൽ കച്ചവടമില്ലായ്മയും എല്ലാം കൂടി നാട്ടില്‍ അരക്ഷിതാവസ്ഥ സംജാതമായിരിക്കുന്നു. ഇത് ഒരു ആവറേജ് മലയാളിയുടെ ഉള്ളിലെ ചിന്തകളാണ്.

ഇക്കഴിഞ്ഞ ദിവസം മോഡിജി രാജ്യത്തെ ഞെട്ടിക്കുവാൻ തീരുമാനിച്ചു. ഒരു പ്രഖ്യാപനം നടത്തുവാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാവര്‍ക്കും ആ ദുരന്ത ഓര്‍മ്മകളാണ് ആദ്യം മനസ്സില്‍ വന്നത്.

പുൽവാമയിലും മറ്റും ഭീകരാക്രമണം ഉണ്ടായപ്പോൾ നൈനിറ്റാളിലെ കടുവ സങ്കേതത്തിൽ ഷൂട്ടിങ്ങിനുപോയ മഹാത്മാവ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ അർണാബ് ഗോസാമിമാർ വരെ ഞെട്ടിത്തരിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റും മുകേഷ് അംബാനിയുടെ ന്യുസ് 18 നും എല്ലാവരും ഫേസ്‌ബുക്കിൽ കുറിപ്പുകളുമായി കാത്തിരുന്നു.

publive-image

ഇതുപോലൊരു കാത്തിരുപ്പ് കേരളത്തിൽ ഉണ്ടായത് 1979 ജൂലൈ മാസത്തിലായിരുന്നു. അമേരിക്ക സ്വന്തമായി വികസിപ്പിച്ചെടുത്ത സ്കൈലാബ് എന്ന സാധനം ഭൂമിയിലേക്ക് പതിക്കുന്നു, അതും ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കും എന്ന വാർത്തകൾ ഇന്ത്യ മുഴുവൻ പരന്നപ്പോൾ ജനങ്ങൾ ഇതുപോലെ കാത്തിരുന്നു. പക്ഷെ ആരെയും ദ്രോഹിക്കാതെ ആസ്ട്രേലിയക്കടുത്ത് കടലിൽ പതിച്ചു.

അതുപോലെയായിരുന്നു മോഡിജിയുടെ പ്രഖ്യാപനവും. ആരോ പറഞ്ഞു ഇന്ത്യ പാക്ക് യുദ്ധം ആണെന്ന്. ആരോ പറഞ്ഞു പെട്രോൾ ഡീസൽ വില കുറക്കുവാൻ ആണെന്ന്. ആരോ പറഞ്ഞു ബാങ്കിൽ പതിനഞ്ച് ലക്ഷം വീതം നിക്ഷേപിക്കുവാൻ ആണെന്ന്. ഓരോരോ ചാനലുകാരും അവരവരുടെ കഴിവുകൾ അനുസരിച്ച് കഥകൾ മെനഞ്ഞുകൊണ്ടിരുന്നു. ന്യുസ് ആദ്യം പറയുവാനായി അർണാബ് ഗോസാമി പലരെയും ബന്ധപ്പെട്ടുകൊണ്ടിരുന്നു.

അമിത് ഷാ പറഞ്ഞു അങ്ങേർക്കെന്തോ വട്ടാണെന്ന്. അധികാരം കയ്യിൽ നിന്നും നഷ്ടപെടുന്നതിന്റെ അസ്വാസ്ഥ്യം. ആരോ ഉണ്ടാക്കിവെച്ച മിസൈൽ വേധ സാമഗ്രി പൊട്ടിയെന്നോ, മേലേക്ക് പോയെന്നോ എന്നതായിരുന്നു, ശത്രുവിന്റെ എന്തോ കുന്ത്രാണം തകർത്തുവെന്നോ എന്നൊക്കെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് വിളിച്ചു പറഞ്ഞത്.

എന്തോ ഒരു വലിയ വാർത്ത കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയ ചാനലുകാരാണ് ആദ്യം മോഡിയെ തെറിവിളിച്ചു തുടങ്ങിയത്. പിന്നെ തെറി വിളിച്ചത് മമത ബാനർജി. കാരണം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് നടത്തിയതെന്ന് വേറെ ആരുടെ തലയിലും കത്തിയില്ല.

അന്നേ ദിവസം ലോക നാടകദിനമായതുകൊണ്ടു പപ്പുരാഹുൽ കൂടുതലൊന്നും പറഞ്ഞില്ല. നാടക ദിനാശംസകൾ രാഹുൽ ട്വിറ്ററിലൂടെ എഴുതുമ്പോൾ അതിനേക്കാൾ ഭേദം ഒരു മൂർച്ഛയില്ലാത്ത കത്തികൊണ്ട് മോഡിജിയുടെ പള്ളക്ക് കുത്തുന്നതായിരുന്നു. പ്രിയങ്ക ഗാന്ധി ഒന്ന് പുഞ്ചിരിച്ചേയുള്ളൂ, ആ പുഞ്ചിരിയിൽ എല്ലാമെല്ലാം ഉൾക്കൊണ്ടിരുന്നു. ഇടതുപക്ഷം ഒന്നും തന്നെ പ്രതികരിച്ചില്ല, ലാവലിൻ ഭൂതം അവരെ ഇപ്പോഴും വേട്ടയാടുന്നു പോലും.

ചൗക്കിദാർ ചോറാണ് എന്ന് പറയുമ്പോൾ തന്നെ കള്ളനാണെന്ന് വിളിക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയാത്ത ഒരു പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ രാജാവ് നന്ഗ്നനെന്നു പറയുന്നവർ മലയാളികളും തമിഴന്മാരും മാത്രം. ബാക്കിയെല്ലാവർക്കും പ്രധാനമന്ത്രി ഒരു മഹാ സംഭവമായി കുടി കൊള്ളുകയാണ്.

എന്ത് മാജിക്കാണ് ഈ ചങ്ങാതി ജനങ്ങളിൽ കാണിച്ചതെന്ന് മനസ്സിലാകുന്നില്ല. ചാത്തൻ സേവയാണോ ആഫ്രിക്കൻ ബ്ലാക്ക് മാജിക്കാണോ അതോ ഫ്രീമേസൺ ഇല്ല്യൂമിനേറ്റി സേവയോ ? എന്തായാലും സേവ നടത്തിയവർക്ക്‌ കൂലി (ഷെയർ) കൊടുക്കുവാൻ ബാക്കിയുണ്ടെന്ന് തോന്നുന്നു. കാരണം പഴയതുപോലെ ഒന്നുമങ്ങോട്ട് ഫലിക്കുന്നില്ല.

അല്ലെങ്കിൽ പിന്നെ അദ്വാനിജിയുടെയും മുരളി മനോഹർ ജോഷിയുടെയും ജസ്വന്ത് സിങ്ങിന്റെയും ശാപമായിരിക്കും. അതുമല്ലെങ്കിൽ അറിഞ്ഞും അറിയാതെയും ഇവരൊക്കെ കൂടി കൊന്നൊടുക്കിയ ആയിരങ്ങളുടെ ആത്മാക്കളുടെ പ്രാർത്ഥന അല്ലെങ്കിൽ അവരുടെയൊക്കെ കുടുംബങ്ങളുടെ തേങ്ങലുകൾ. എല്ലാം തിരിച്ചടിയായി കിട്ടി തുടങ്ങിയിരിക്കുന്നു.

publive-image

മൂന്ന് ലക്ഷം വോട്ടുകൾക്ക് ജയിച്ച യുപിയിലെ മഥുര മണ്ഡലത്തിൽ ഹേമമാലിനിയും ആദിത്യനാഥും വന്നപ്പോൾ സ്വീകരിക്കുവാൻ നൂറാളുകൾ മാത്രം. ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി വിടുന്നു, എംഎൽഎ മാർ എംപിമാർ യാതൊരു കൂസലുമില്ലാതെ ചുവടുകൾ മാറ്റുന്നു.

എന്തിനായിരുന്നു ഒരു ഭീകരാക്രമണം ? എന്തിനായിരുന്നു ഒരു സർജിക്കൽ സ്ട്രൈക്ക് ? എന്തിനായിരുന്നു ഒരു യുദ്ധകോലാഹലം ?

പക്ഷെ ദൈവം എല്ലാ പ്ലാനുകളും തകർത്തെറിഞ്ഞു. അപ്രതീക്ഷിതമായിരുന്നു ആ പൈലറ്റിന്റെ വീഴ്ച. ആ പൈലറ്റ് വീണില്ലായിരുന്നുവെങ്കിൽ ഇമ്രാൻഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയില്ലായിരുന്നുവെങ്കിൽ സിദ്ധു കോൺഗ്രസ്സിൽ അല്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ നടക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല.

പഴയ ഗോദ്ര കളികൾ ഒന്നും നടക്കുന്നില്ല, കൂടെ നിൽക്കുന്നവരിൽ ആരോ കാര്യമായി പിന്നിലൂടെ കളിക്കുന്നുണ്ട്, പാല് കൊടുത്ത കൈകളിൽ കൊത്തിയതുകൊണ്ട് വിഷമുള്ളവർ കൂടെത്തന്നെയുണ്ട്. അത് ഗഡ്കരിയാകാം, അദ്വാനിയാകാം, സുഷമയാകാം. എന്തായാലും എല്ലാറ്റിന്റെയും അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനിയുള്ള അന്വേഷണങ്ങൾ കോംപ്രമൈസുകൾ ഇല്ലാതെ അന്വേഷിക്കുവാൻ തുടങ്ങിയാൽ ജനങ്ങളെ നോട്ടിന് ക്യു നിർത്തിയപോലെ തിഹാറിൽ ചിലരൊക്കെ ക്യു നിൽക്കുന്നത് കാണാം എന്ന് വിശ്വസിക്കുന്നു.

ഏറ്റവും അടുത്ത സുഹൃത്ത് അമിത്, ഏറ്റവും കൂടുതൽ സഹായിച്ചത് അദാനി, ഏറ്റവും വലിയ അഴിമതി നടത്തിയത് അനിൽ, എന്നും കുശലാന്വേഷണം നടത്തുന്നത് അംബാനിമാർ, എല്ലാം ജനങ്ങളിൽ എത്തിക്കുവാൻ അർണാബ്, കള്ളത്തരത്തിന് ചുക്കാൻ പിടിക്കുന്നത് അരുൺ, അങ്ങനെ പോകുന്നു 'അ' യിൽ തുടങ്ങുന്ന അദ്ദേഹത്തിന്റെ വക്താക്കൾ.

ഇവരൊക്കെ കൂടി ഇക്കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് ഇന്ത്യയെ തീറെഴുതി കൊണ്ടിരിക്കുമ്പോൾ നല്ലവണ്ണം ആലോചിച്ചും മനസ്സിലാക്കിയും വോട്ടവകാശം വിനിയോഗിക്കുക. നിങ്ങളുടെ ഒരു വോട്ട് ഇന്ത്യയുടെ ഭാവി മാത്രമല്ല, വരും തലമുറയുടെയും ഭാവിയെ നിശ്ചയിക്കുന്നു.

നമ്മുടെ രാജ്യം ഒരു അയർലണ്ടും സൈപ്രസും ഗ്രീസും ഈജിപ്തും യമനും ഇറ്റലിയും സ്പെയിനും സിറിയയും ആകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വിവരമില്ലാത്ത , സ്വേച്ഛാധിപതികളായ ഭരണാധികാരികളാണ് ഈ രാജ്യങ്ങളെ ഗതികേടിൽ ആക്കിയത്, ജനങ്ങളെ പട്ടിണിയിൽ അകപ്പെടുത്തിയത്. ആയതിനാൽ ഒരു വോട്ട് ചിലപ്പോൾ നിങ്ങളുടെ രാജ്യത്തെ രക്ഷിച്ചേക്കാം.

ഞങ്ങളുടെ വോട്ടുകൾ സുരക്ഷിതമായ ഒരു ഇന്ത്യക്കായി മാത്രമേ വിനിയോഗിക്കൂ എന്ന ഉറപ്പിന്മേൽ,

രാഷ്ട്രീയക്കാരാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട വോട്ടർ ദാസനും മറ്റൊരു പാവം വോട്ടർ വിജയനും

Advertisment