Advertisment

സ്പെഷ്യല്‍ കളരിയില്‍ പരിശീലനം പോത്തിനെയും പട്ടിയെയും വെട്ടിയും കുത്തിയും. ചോര കണ്ടും വീഴ്ത്തിയും അറപ്പ് മാറണം. കൃത്യം നടത്താന്‍ തെരഞ്ഞെടുക്കുന്നത് പടക്കമെറിഞ്ഞു മണ്ണ് തെറിപ്പിക്കാന്‍ കഴിയുന്ന സ്ഥലം. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും അത്താഴപ്പട്ടിണിക്കാര്‍. കൊല്ലിക്കുന്നവനും മക്കളും അപ്പോഴും സുഖജീവിതം നയിക്കുന്നു - രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

മിഴ്‌നാട്ടിലെ മധുരയിൽ എട്ട് വർഷങ്ങൾക്ക് മുമ്പ് സംഭവം നടന്നു : തമിഴ്‍നാട്ടിലെ മുഖ്യമന്ത്രിയുടെ മകൻ മധുരയിലെ ഒന്നാംകിട ജുവല്ലറി ഷോറൂമിൽ കയറിച്ചെന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ വാങ്ങുകയും പണം ചോദിച്ചപ്പോൾ തോക്ക് ചൂണ്ടുകയും ചെയ്തു. ജൂവല്ലറിയുടമ പോലിസിൽ പരാതി കൊടുത്തപ്പോൾ പരാതിയെടുക്കുവാൻ പോലീസ് തയാറായില്ല.

ജൂവല്ലറിയുടമ പ്രതികരിക്കുമെന്ന് ഉറപ്പായപ്പോൾ മധുര മുനിസിപ്പാലിറ്റിയുടെ വണ്ടികളും ജോലിക്കാരും ജൂവലറിയുടെ മുന്നിൽ ഡ്രൈനേജ് തോടുകൾ തുറക്കുകയും മണ്ണും ചെളിയും വാരി കടയുടെ മുന്നിൽ നിക്ഷേപിക്കുകയും ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോൾ മുഖ്യമന്തിയുടെ മകന്റെ മൊബൈൽ ഫോണിൽ ഒന്ന് രണ്ടു ചിത്രങ്ങൾ വന്നു.

മുഖ്യമന്ത്രിയുടെ മകന്റെ മകൻ ലണ്ടനിൽ നടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങൾ . അതേ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യയുടെ മൊബൈലിലും ലഭിച്ചപ്പോൾ കളി മാറി. അന്ന് തന്നെ സ്വർണ്ണക്കാരന്റെ സ്വർണ്ണം കടയിൽ എത്തി. അതുപോലെ കുഴിച്ചിട്ട തോടെല്ലാം പൂർവാധികം ഭംഗിയോടെ ശരിയാവുകയും ചെയ്തു. ഇതാണ് കളി.

publive-image

പക്ഷേ കേരളത്തില്‍ ഇത്തരം കുഴപ്പങ്ങളൊന്നുമില്ല. ഇവിടെ എല്ലാം രാഷ്ട്രീയമാണ്. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധുക്കള്‍. ഒരു നേരത്തെ അന്നത്തിന് കഷ്ടപ്പെടുന്നവരുടെ കുടുംബം. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീടുപോലെ ഓല മേഞ്ഞ ഒറ്റമുറി വീടുകളുള്ള പ്രവര്‍ത്തകരെ തപ്പിയാണ് രാഷ്ട്രീയ ദുരന്തങ്ങള്‍ എത്തുന്നത്. മുന്തിയവനെ കൊന്നാല്‍ വിവരം അറിയും. ഇതാണെങ്കില്‍ ഒരാഴ്ച അയ്യോ .. പാവം.. വിളി. പിന്നെ അതെല്ലാം മറക്കും.

കൊല്ലിക്കുന്നവനും അങ്ങനെ തന്നെ. അവന്‍ പ്രതാപിയാണ്. പക്ഷേ പണിക്കിറങ്ങുന്നവര്‍ അത്താഴപ്പട്ടിണിക്കാരനും. സിരകളില്‍ പാര്‍ട്ടി വികാരം ത്രസിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകരുണ്ട് അതിനെല്ലാ൦. ഒത്താല്‍ ജയിലും പോലീസുമായി അവര്‍ക്ക് ശിഷ്ടകാലം കഴിച്ചുകൂട്ടാം. ചിലര്‍ക്ക് മാത്രം കേസില്ല, ബഹളങ്ങളിള്ള, അതൊക്കെ ഏതെങ്കിലും പാവം ക്വട്ടേഷന്‍കാരന് കൊടുത്ത് അവര്‍ എം എല്‍ എമാരും എം പിമാരുമാകും. ചിലര്‍ അതുക്കും മേലെയുമാകും.

publive-image

മലബാര്‍ രാഷ്ട്രീയം അങ്ങനെയാണ്. എന്തിനും തയാറാകണം, അറപ്പ് പാടില്ല, ചോരകണ്ടും വീഴ്ത്തിയും ശീലിക്കണം. ആവേശം മൂത്ത പ്രവര്‍ത്തകരെ കണ്ടെത്തി അവര്‍ക്ക് കളരിയില്‍ പരിശീലനം നല്‍കുന്നത് സ്പെഷ്യല്‍ കളരിയിലാണ്. ആരെയും എവിടെ കയറിയും എത്ര വെട്ടിയും കൊല്ലാന്‍ അറപ്പുമാറ്റുന്ന പരിശീലനം.

പരിശീലന കാലത്ത് പോത്തിനെയും പശുവിനെയും പട്ടിയെയും വെട്ടിയും കുത്തിയും അറപ്പ് മാറ്റിക്കും. വെട്ടി തെളിഞ്ഞാല്‍ പിന്നെ കളത്തിലിറങ്ങാം. ഒരാളെ കൊല്ലാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തിന് പോലും പ്രത്യേകതയുണ്ട്. മണ്ണുള്ള സ്ഥലത്ത് വച്ചാകും കൃത്യം നടപ്പിലാക്കുക.

മണ്ണിലേക്ക് ബോംബെറിഞ്ഞ് സ്ഥലത്ത് പെട്ടെന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ആദ്യ നീക്കം. മണ്ണിലേക്ക് ബോംബെറിയുമ്പോള്‍ മണ്ണ് തെറിക്കും. ഒപ്പം കുപ്പിച്ചില്ലുകളും തകിട് കഷ്ണങ്ങളും തെറിച്ച് ചുറ്റുമുള്ളവരുടെ ദേഹത്ത് പതിക്കും. അതോടെ പരിസര വാസികള്‍ ഓടും.

ബോംബെറിഞ്ഞാല്‍ ആദ്യം ചാടിയിറങ്ങുക വെട്ടാന്‍ നിയോഗിക്കപ്പെട്ട രണ്ടു പേരായിരിക്കും. അവര്‍ പണി നടത്തുമ്പോള്‍ ബാക്കിയുള്ളവര്‍ ഇവര്‍ ഓഡി രക്ഷപെടാതിരിക്കാനും പുറത്തുള്ളവര്‍ അടുത്തേക്ക് വരാതിരിക്കാനും കരുതലോടെ നില്‍ക്കും. ആള്‍ക്കൂട്ടം വന്നാല്‍ പിന്നെയും എറിയാന്‍ കൂടി ബോംബുകള്‍ ബാക്കിയുണ്ടാകും.

publive-image

കൊല്ലുന്നത് ആരുമായിക്കൊള്ളട്ടേ പ്രതി ആരെന്നു നിശ്ചയിക്കുന്നത് പാര്‍ട്ടിക്കാരാണ്. കേസ് പാര്‍ട്ടിക്കാര്‍ നടത്തും. ഭാര്യയ്ക്കും മക്കള്‍ക്കും ചിലവും അവരുടെ എല്ലാ കാര്യങ്ങളും പിന്നെ പാര്‍ട്ടിക്കാരാണ് നടത്തുന്നത്.

അപ്പോഴും നേതാക്കളും അവരുടെ മക്കളും വിദേശങ്ങളില്‍ സുഖജീവിതം നയിക്കും. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ 10 കോടീശ്വരന്മാരില്‍ ആരുടെയെങ്കിലും കമ്പനിയില്‍ വൈസ് പ്രസിഡന്റ്, സി ഇ ഓ, ജി എം തുടങ്ങിയ തസ്തികകളില്‍ സുരക്ഷിതമായി ജോലി ചെയ്ത് ഭാര്യയും കുട്ടികളുമായി അന്തസായി ജീവിക്കുന്നുണ്ടാകും.

ഈ മക്കള്‍ക്ക് ഉന്നത ജോലി കൊടുക്കുന്നത് ഈ മുതലാളിമാരുടെ ഔദാര്യം കൊണ്ടോ അവര്‍ക്ക് പിതാക്കളോടുള്ളസ്നേഹം കൊണ്ടോ ആണെന്ന് കരുതരുത്. അത് അവരുടെ കൂടി സ്വത്താണ്.

കേരളത്തിൽ ഓല മേഞ്ഞ വീടുകൾ അപ്രത്യക്ഷമായ ഈ കാലഘട്ടത്തിൽ പെരിയയയിലെ ആ ഓല മേഞ്ഞ വീട്ടിൽനിന്നും കേട്ട കരച്ചിൽ മനസ്സിനെ ആകപ്പാടെ ഉലച്ചിരിക്കുകയാണ്. അതിപ്പോൾ ഷുവൈബിന്റെ വീട്ടിൽ നിന്നായാലും അഭിമന്യുവിന്റെ വീട്ടിൽ നിന്നായാലും കൊടിഞ്ഞിയിലെ ഫൈസൽ ആയാലും അമ്മമാരുടെ കണ്ണുനീരിന് ഉപ്പുരസം തന്നെയാണ്.

ഓരോരോ പ്രദേശങ്ങളിലെ ചിലരെ ഒതുക്കുവാനും , സ്വന്തം പാർട്ടിയിലെ ശത്രുവിനെ നിഗ്രഹിക്കുവാനും , സംസ്ഥാനത്തെ മറ്റുള്ള പ്രശ്നങ്ങളിൽ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ചുവിടുവാനുമായി പിന്നീടുള്ള കൊലപാതകങ്ങൾ.

പിന്നെയുള്ളത് വലിയ വലിയ അഴിമതികളും പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകളികളും അണികളുടെ ചോർച്ചയും ഭരണത്തിന്റെ വീഴ്ച്ചയും ഒക്കെ മറയ്ക്കുവാൻ പ്ലാൻ ചെയ്തുണ്ടാക്കുന്ന ചിലതരം അട്ടിമറികൾ. ഉദാഹരണമായി വിഴിഞ്ഞം കലാപം തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നുവെന്നാണ് ഒരു ആരാപണം. പൂന്തുറ കലാപം ഒരു പാർട്ടിയുടെ രൂപീകരണത്തിനുണ്ടാക്കിയ വഴിമരുന്നാണ് . പന്നിയാറിൽ പെൻസ്റ്റോക്ക് പൈപ്പ് പൊടിച്ചതും പവർ സ്റ്റേഷൻ തകർത്തതും ഒരു പ്രമാദ അഴിമതിയുടെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ വേണ്ടിയായിരുന്നു ?

publive-image

മലബാറില്‍ ഒരു എംഎൽഎ യുടെ മകളെ പ്രണയിച്ചതിന് കാമുകനെയും കൂട്ടുകാരെയും അപകടത്തിൽ പെടുത്തി കൊലചെയ്തുവെന്നാണ് കേള്‍വി. തലശ്ശേരിയിലെ ഫൈസൽ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കുവാൻ വേറെയും കുരുതികള്‍ ഉണ്ടായി. മധ്യപ്രദേശിലെ വ്യാപം കേസ് പോലെ റെയിൽവേ ട്രാക്കിലും , വിഷം കഴിച്ച നിലയിലുമായി ഒട്ടേറെ കൊലപാതകങ്ങൾ .

ഷുവൈബിന്റെ മരണം ഒരു മണ്ഡലത്തിലെ ഭാവി എംഎൽഎ യെ ഇല്ലാതാക്കിയതാണ് . അഭിമന്യുവിന്റേത് ജാതിയും മതവും പേരും നോക്കിയുള്ള ഒരുതരം കളിയായിരുന്നു.

ഒരു ദിവസം ബിജെപിക്കാരെ കാണുന്നിടത്തെല്ലാം ഇട്ട് വെട്ടിയപ്പോൾ ഡൽഹിയിലെ നേതാവിന്റെ കാറിനു നേരെ ബിജെപിക്കാർ കല്ലെറിഞ്ഞു.

അപ്പോൾ എല്ലാം ഒരു നിമിഷം ഇല്ലാതായി. ഇത്രേയുള്ളൂ ഇവരുടെയൊക്കെ ധൈര്യവും ധിക്കാരവും. കൂട്ടം കൂടുമ്പോഴും അണികളെ കാണുമ്പോഴും വലിയ വലിയ ഡയലോഗ് വിടുന്ന നേതാക്കന്മാർ ഒറ്റക്കൊറ്റക്ക് എല്ലാം പേടിത്തൂറികളാണ് എന്നത് അവരെയൊക്കെ സിബിഐ ചോദ്യം ചെയ്യുവാൻ വിളിക്കുമ്പോൾ നമ്മൾ ടിവിയിൽ കാണുന്നതാണ്. അപ്പോൾ ഇല്ലാത്ത വയറു വേദനയും വയറിളക്കവും ഒക്കെനമ്മൾ കേൾക്കേണ്ടിവരും.

publive-image

ഐഎസ് മാതൃകയിലാണ് ഒരു നിരപരാധിയായ പയ്യനെ പാടത്തിട്ട് വെട്ടിക്കൂട്ടിയത് . വിധി നടപ്പാക്കിയവർ ഇന്നിപ്പോൾ ചക്രശ്വാസം വലിക്കുകയാണ്.

സ്വന്തം ആളുകൾ കൊലചെയ്യപ്പെടുമ്പോൾ മാത്രം സോഷ്യൽ മീഡിയയിൽ കറുത്ത ബാഡ്ജും ഹാഷ്ടാഗും ക്യാമ്പയിനും മുതലക്കണ്ണീരുമായിവരുന്ന സോഷ്യൽ വിപത്തുകളായ ചില സിനിമ കള്ളന്മാരും കള്ളികളും സാഹിത്യ മോഷ്ടാക്കളും കോപ്പി ടീച്ചര്‍മാരുമൊക്കെയാണ് ഇന്നിപ്പോൾ ഈ നാടിന്റെ ശാപമാകുന്നത് . അവർ തിരഞ്ഞെടുപ്പിലെ സീറ്റുകളിലാണ് കണ്ണുവെച്ചിരിക്കുന്നത്.

ഇന്ന് ഞാൻ നാളെ നീ.

മരണം വാതിൽക്കൽ ഒരു നാൾ മഞ്ചയുമായി വരുമെന്ന ഉത്തമവിശ്വാസം ഈ കൊലക്ക് കൂട്ടുനിൽക്കുന്നവർക്ക് ഉണ്ടാകട്ടെ എന്ന് സാത്താനോട് പ്രാർത്ഥിച്ചുകൊണ്ട്,

കാസർഗോട്ടെ പെരിയയിലെ ചെറ്റക്കുടിലിൽ നിന്നും ദാസനും ആ അച്ഛന്റെ കണ്ണുനീർ തുടച്ചുകൊണ്ട് വിജയനും

 

Advertisment