Advertisment

വിദേശത്ത് മലയാളിയുടെ അനൗദ്യോഗിക അംബാസിഡർ ... അനാവശ്യത്തിന് ആര് ജയിലില്‍ കിടന്നാലും ന്യായം നോക്കി മാത്രം ഇടപെടല്‍ ! ഇതുവരെ മലയാളി വാഴ്ത്തിപ്പാടിയ യൂസഫലിക്ക പെട്ടെന്നൊരു ദിവസം മലയാളിക്ക് അപ്രിയനായി മാറിയപ്പോള്‍ ...

author-image
ദാസനും വിജയനും
Updated On
New Update

ഇന്ത്യയുടെ യുഎഇയിലെ അനൗദ്യോഗിക അംബാസിഡർ പത്മശ്രീ യുസഫ് അലിയെന്ന യുസഫലിക്ക, ദാന ധർമ്മ ങ്ങളിൽ സോഷ്യൽ മീഡിയയിലെ താ രം എന്ന് വേണമെങ്കിൽ പറയാവുന്ന ആ വ്യക്തിത്വത്തിന് ഒരൊറ്റ തീരുമാനത്തിലൂടെ ജനങ്ങളുടെ മനസ്സിൽ നന്മയിൽ നിന്നും വെറുപ്പിലേക്കുള്ള വാതിലുകൾ തുറക്കുകയായിരുന്നു .

Advertisment

പത്തനാപുരത്തെ വൃദ്ധസദനത്തിനും പ്രളയദുരിതാശ്വാസത്തിനും മറ്റും അഞ്ചും പത്തും പതിനഞ്ചും കോടികൾ വീശിയെറിഞ്ഞപ്പോൾ കിട്ടിയ ഇമേജ് ജനപിന്തുണയുമായിരുന്നു ഇക്കയുടെ കരുത്ത് . എന്നാല്‍ അനാവശ്യമായ ഒരൊറ്റ തീരുമാനത്തിലൂടെ അതൊക്കെ ഇല്ലാതാക്കിയപ്പോൾ വിഷമിക്കുന്നത് യൂസഫലിയെ സ്നേഹിച്ച ആരാധിച്ച ഒരു സമൂഹമാണ്.

publive-image

ചേരമാൻ പെരുമാളും സെയിന്റ് തോമസും അനുഗ്രഹിച്ച കൊടുങ്ങല്ലൂരിലെ നാട്ടികയിൽ ജനിച്ചു. കച്ചവടത്തിന്‍റെ ആദ്യ പാഠങ്ങള്‍ തുടങ്ങിയത് അഹമ്മദാബാദിൽ . പിന്നീട് ഗള്‍ഫിലെത്തി അബുദാബിയിലെ എംകെ സ്റ്റോഴ്സിൽ സെയിൽസ്മാനായി ജോലിതുടങ്ങി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മലയാളി ആയി മാറി .

യൂസഫലിയുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതൽ അഹങ്കരിച്ചത് ഞങ്ങൾ മലയാളികൾ ആയിരുന്നു, പ്രത്യേകിച്ച് തൃശൂർക്കാർ . ഇന്നിപ്പോൾ എന്തോ ഒരു മനപ്രയാസം അങ്ങയുടെ നേരെ തോന്നുമ്പോൾ അങ്ങൊരിക്കലും തിന്മയിലേക്ക് പോയിട്ടില്ല എന്നുള്ള വിശ്വാസം എല്ലാറ്റിനെയും പിടിച്ചു നിര്‍ത്തുന്നു .

സ്വന്തം നാട്ടുകാരനായ ഒരു വ്യവസായി നിസ്സാരകാര്യത്തിന് ഒമാനിൽ ജയിലിൽ അകപ്പെട്ടപ്പോൾ, അങ്ങയുടെ നാട്ടുകാരനായ ഒരു സ്വർണ്ണക്കടക്കാരൻ ദുബായിൽ ജയിലിൽ അകപ്പെട്ടപ്പോൾ, അങ്ങയുടെ നാട്ടുകാരനായ ഒരു കംപ്യുട്ടർ കച്ചവടക്കാരൻ അബുദാബിയിൽ ജയിലിൽ അകപ്പെട്ടപ്പോൾ ന്യായത്തിനും സത്യസന്ധതക്കും അനുകൂലമായി അങ്ങെടുത്ത തീരുമാനം ഞങ്ങളിൽ ഏറെ ബഹുമാനം ഉയർത്തിയിരുന്നു .

കൈക്കൂലി കൊടുത്ത കുറ്റത്തിന് ഒമാനിൽ ജയിലിൽ അകപ്പെട്ട മലയാളിയെ കുറിച്ച് അങ്ങ് പറഞ്ഞത് - 'ജീവിക്കുന്ന രാജ്യത്തിനെതിരായി ആര് എന്ത് തെറ്റുകൾ ചെയ്താലും പിടിക്കപ്പെടുക തന്നെ വേണം' - എന്നാണ്.

ദുബായിൽ ചെക്കുകേസിൽ അകപ്പെട്ട വ്യവസായിയെക്കുറിച്ചു പറഞ്ഞത് ' മദ്യവും മദിരാക്ഷിയും സിനിമയുമൊക്കെയായി ജീവിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഓർക്കണമായിരുന്നു' എന്നാണ്.

അബുദാബിയിൽ അകപ്പെട്ട മലയാളിയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു ' മലയാളിക്ക് പേരുമോശം വരുന്ന രീതിയിൽ ആരൊക്കെ കളിച്ചാലും അവർ എത്ര ഉന്നതനായാലും അഴിയെണ്ണുക തന്നെ വേണം ' എന്നാണ്. സമൂഹം അംഗീകരിച്ച നിലപാടുകളായിരുന്നു അവയൊക്കെ.

publive-image

എന്നിട്ടും എന്തിനാണ് താങ്കൾ ഇങ്ങനെയൊരു തീരുമാനം എടുത്തുകൊണ്ട് ജനങ്ങളുടെ ഇഷ്ടത്തെ തോൽപ്പിച്ചുകളഞ്ഞത്. ഇവിടെയാണ് വൈരുദ്ധ്യാത്മിക ഭൗതിക സിദ്ധാന്തം എന്നൊക്കെ പറയാറുള്ള സാധനം നാം ഓർത്തുപോകുന്നത് .

ഇക്കഴിഞ്ഞ പ്രളയത്തിൽ വഴിയോരക്കച്ചവടക്കാരനായ നൗഷാദ് ഇന്നിപ്പോൾ അങ്ങയെക്കാളും എത്രയോ മുകളിൽ ആയി സ്ഥാനം പിടിച്ചിരിക്കുന്നു. ഫോർബ്സ് ലിസ്റ്റിൽ അല്ല, കേരളത്തിലെ നല്ലവരായ ഒരു കൂട്ടം ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ നൗഷാദിനുള്ള സ്ഥാനം വരെ അങ്ങേക്കില്ലാതായിരിക്കുന്നു .

അങ്ങയുടെ കൊച്ചിയിലെ മാളിലെ പാർക്കിങ്ങിനെക്കുറിച്ചും കൺവെൻഷൻ സെന്ററിനെ കുറിച്ചും ഒക്കെ മറ്റുള്ളവർ എഴുതിപ്പിടിപ്പിച്ചപ്പോൾ അങ്ങേക്കായി ചാവേറായവരാണ് ഞങ്ങൾ.

ഇക്കഴിഞ്ഞ ആഴ്ചച്ചത്തെ സോഷ്യൽ മീഡിയ എടുത്തുനോക്കിയാൽ അങ്ങേക്കും മുഖ്യമന്ത്രിക്കും എതിരെയാണ് എല്ലാവരും കൊടി പിടിച്ചിരിക്കുന്നത് . അതിനെ മറക്കുവാൻ മറ്റൊരു കൊടുങ്ങല്ലൂർകാരനെ അകത്തിട്ടു ചോദ്യം ചെയ്തു തീവ്രവാദിയാക്കിയിട്ടൊന്നും കാര്യമില്ല .

സത്യം എന്നും പുറത്തുവരും , അതെത്ര മണിച്ചിത്ര താഴിട്ടു പൂട്ടിയിടുവാൻ ശ്രമിച്ചാലും അത് താനേ പുറത്തുവന്നിരിക്കും. ഖത്തറിൽ പ്രധാനമന്ത്രിയുടെ ചടങ്ങിൽ വെച്ച് അങ്ങയെ ആരോ തരം താഴ്ത്തിയെന്നറിഞ്ഞപ്പോൾ ഏറെ വിഷമിച്ചവരാണ് ഞങ്ങൾ .

നാട്ടികയിലെ കോട്ടൺമിൽസ് ഗ്രൗണ്ടിൽ പൊരിവെയിലത്ത് ആയിരക്കണക്കിന് ചെറുപ്പക്കാരെ ഇന്റർവ്യൂവിന് ക്ഷണിച്ചുണ്ടാക്കിയ വിവാദത്തിലും കൺവെൻഷൻ സെന്ററിനെതിരെ കൊച്ചിയിലെ സിപിഎം ലോബി ഇറക്കി വിട്ട ഭൂതത്തിനെതിരെയും, ലുലുമാളിനെതിരെ രാജീവ് തൊടുത്തുവിട്ട ബ്രഹ്മാസ്ത്രത്തിനെതിരെയും, ആദ്യ പ്രളയത്തിൽ കേന്ദ്രത്തിനെതിരെ അബുദാബിയുടെ ഫണ്ട് എന്ന ദുഷ്‌പേരിലും സോഷ്യൽമീഡിയ അങ്ങയുടെ കീഴിൽ ഉറച്ചുനിന്നു.

ഒരു ഗള്‍ഫ് രാജ്യത്ത് അങ്ങേയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളി യുവാവിനെ അവിടുത്തെ ഭരണകൂടം ജയിലിലടച്ചു. ആ പോസ്റ്റിന്‍റെ കീഴില്‍ കമന്റിട്ട സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ മലയാളിയെ 6 മണിക്കൂര്‍ നേരം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ചു ക്ഷമ പറയിപ്പിച്ചാണ് മടക്കിയത്.

ലോകരാഷ്ട്രത്തലവന്മാരുമായുള്ള ചിത്രങ്ങൾ പത്രങ്ങളിൽ വാർത്തയായി വരുവാനും ചാനലുകളിലെ ഗൾഫ്‌വാർത്തകളിൽ മുഖ്യവാർത്തകളായി വരുത്തുവാനും ചെറുപ്പക്കാരായ മീഡിയ പ്രവർത്തകർ പരസ്പരം പോരടിച്ചു . ആരും ഒന്നും മോഹിച്ചിട്ടല്ല ഇതൊക്കെ ചെയ്‌തത് . ഒരു മലയാളിയുടെ വളർച്ചയിൽ അഭിമാനിച്ചുകൊണ്ടാണ് അവരിതൊക്കെ ചെയ്തുകൂട്ടിയത് .

publive-image

ഒരു നല്ല പള്ളി സ്വന്തം നാട്ടിൽ പണിതു, ഖത്തീബിനെ മാറ്റുവാൻ ശ്രമിച്ചെങ്കിലും താങ്കൾ പള്ളി പണിതതുകൊണ്ടു കുറെയാളുകള്‍ അതും സമ്മതിച്ചു. താങ്കൾ ആയിരങ്ങളുടെ കുടുംബം പോറ്റുന്നതുകൊണ്ട് കുറെ സ്ഥലങ്ങളിൽ താങ്കളെ എല്ലാവരും ബഹുമാനിക്കുന്നു .

അവരുടെ പ്രാർത്ഥനയുടെ ഫലം താങ്കൾക്കും കുട്ടികൾക്കും താങ്കളുടെ സ്ഥാപനത്തിനും ലഭിക്കുന്നു . താങ്കളുടെ വാക്കുകൾക്ക് രാഷ്ട്രീയക്കാരും മാധ്യമക്കാരും വില കൽപ്പിക്കുന്നു. പക്ഷെ ഈ ശക്തിയൊന്നും മർദ്ദിതർക്കും പീഡിതർക്കും എതിരെ ഉപയോഗിക്കുവാൻ അങ്ങ് ശ്രമിക്കരുത്.

അങ്ങയുടെ മനസ്സ് ഇതിനൊന്നും കൂട്ടുനിൽക്കുകയേ ചെയ്യരുത് . പരിശൂദ്ധ മക്കയിലെ കഅബ ഷെരീഫ് കഴുകുവാൻ അവസരം കിട്ടിയ ഒരു വ്യക്തിയാണ് താങ്കൾ.

കോൺഗ്രസ്സുകാരും ബിജെപിക്കാരും കമ്മ്യുണിസ്റ്റ് കാരും എസ്ഡിപിഐക്കാരും ഇകെ എപി സുന്നിക്കാരും മുജാഹിദ് ജമാഅത്ത് വിഭാഗക്കാരും സുറിയാനി ക്രിസ്ത്യാനിയും കാത്തലിക്കും ഒക്കെ ഒരുപോലെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സംഭാവന വാങ്ങുന്ന അങ്ങയെപോലെയുള്ള ആളുകൾ ചില കാര്യങ്ങളിൽ ഇടപെടുമ്പോൾ വരും വരായ്കകൾ നോക്കുന്നത് നല്ലതാണ് .

താങ്കൾ ഇന്നിപ്പോൾ താങ്കളുടെ കച്ചവട സാമ്രാജ്യം ഗൾഫിൽ നിന്നും നാട്ടിലേക്ക് പറിച്ചുനടുകയാണെന്ന് ഏവർക്കും അറിയാം . അപ്പോൾ നാട്ടിലുള്ള എല്ലാ തല്ലിപ്പൊളികളുടെയും സഹായസഹകരണങ്ങൾ വേണമെന്നും അറിയാം. അങ്ങനെ നീങ്ങുമ്പോൾ പാവപ്പെട്ട ഒരു അമ്മയുടെയോ ഉമ്മയുടെയോ അച്ഛന്റെയോ ബാപ്പയുടെയോ കണ്ണുനീർ മതി എല്ലാം ഇല്ലാതാക്കുവാൻ .

ആമസോൺ കാടുകളിൽ തീ പടരുന്നതുപോലെ പാവപ്പെട്ടവന്റെ മനസ്സിലെ തീ ആരൊക്കെ വിചാരിച്ചാലും ചിലപ്പോൾ കെടുത്താൻ കഴിയണമെന്നില്ല .

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ . നമ്മുക്ക് നാം തന്നെയാണ് നരകവും സ്വർഗ്ഗവും പണിയുന്നത് എന്നത് എന്നും ഓർക്കുന്നത് നന്നായിരിക്കും .

ഒരേ സമയം മദർതെരേസക്കൊപ്പവും അപ്പുറത്ത് ദാവൂദ് ഇബ്രാഹിമിനൊപ്പവും അത്താഴം കഴിക്കുന്ന ഏർപ്പാട് കേരള ജനത എക്കാലവും തള്ളിക്കളഞ്ഞിട്ടേയുള്ളൂ ...

നാം ഉയരങ്ങളിലേക്കുള്ള പടവുകൾ ചവുട്ടിക്കയറുമ്പോൾ അത് ഒരു പാവപ്പെട്ടവന്റെ ചുമലിലൂടെ ആകരുതെന്ന് ഉപദേശിച്ചുകൊണ്ട്,

യുഎഇയിലെ വണ്ടിച്ചെക്കുകേസിൽ വാദിക്കുന്ന വക്കീൽ ദാസനും ഗുമസ്തൻ വിജയനും

Advertisment