Advertisment

കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടേയും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടേയും അമരത്തിരിക്കുന്നവർക്ക് യാതൊരു ശൗര്യവുമില്ല. ഇപ്പോൾ ഹൈദരാബാദിൽ നടന്ന കൂട്ട ബലാത്സംഗത്തിനെതിരെ രാജ്യം മുഴുവൻ അലയടിക്കുന്ന പ്രക്ഷോഭം കേരളത്തിലുള്ളവർ ഒന്ന് കണ്ണ് തുറന്നു കാണേണ്ടതുണ്ട്.

നേരത്തേ ഡൽഹിയിൽ നടന്ന കൂട്ട ബലാത്സംഗത്തിനെതിരേ നടന്ന പ്രക്ഷോഭത്തിൽ പ്രകടനക്കാർ രാഷ്ട്രപതി ഭവൻ വരെ കയ്യേറി. രാഷ്ട്രപതി ഇന്ത്യൻ സ്‌റ്റെയിറ്റിൻറ്റെ തലവൻ മാത്രമല്ലാ; ഇന്ത്യൻ സൈന്യത്തിൻറ്റെ 'സുപ്രീം കമാൻഡർ' കൂടിയാണ്.

അങ്ങനെയുള്ള രാഷ്ട്രപതി വസിക്കുന്ന ഭവനം കയ്യേറിയെന്ന് പറയുമ്പോൾ ആ പ്രതിഷേധത്തിൻറ്റെ ശൗര്യം സുബോധമുള്ളവർക്കൊക്കെ മനസിലാക്കാം. അന്ന് അതുകൊണ്ടു തന്നെ സോണിയാ ഗാന്ധിയും, ഡോക്റ്റർ മൻമോഹൻ സിങ്ങും നേരിട്ട് ആ പ്രശ്നത്തിൽ ഇടപെട്ടു; പ്രധാനമന്ത്രി ഡോക്റ്റർ മൻമോഹൻ സിംഗ് 'നിർഭയ സംഭവത്തിൻറ്റെ' പേരിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

publive-image

കേരളത്തിൽ എത്രയോ ബലാത്‌സംഗങ്ങൾ നടന്നിരിക്കുന്നൂ? സൗമ്യ വധമൊക്കെ ആരുടേയും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ചാനൽ ചർച്ചകൾക്കും, നാമമാത്രമായ പ്രതിഷേധങ്ങൾക്കും അപ്പുറം കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും എന്തെങ്കിലും പ്രതിഷേധം നടത്തിയിട്ടുണ്ടോ?

മലയാളികൾക്കിടയിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത തന്നെയാണ് ഈ പ്രതിഷേധമില്ലായ്മക്ക് കാരണം. ആരൊക്കെ നിഷേധിച്ചാലും ഈ അടിസ്ഥാനപരമായ വസ്തുത സുമനസുകൾക്ക് കാണാതിരിക്കാൻ ആവില്ല.

മലയാളികൾക്കിടയിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിൻറ്റെ പിന്നിലുള്ള ചേതോവികാരം ആയി വർത്തിച്ചതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര യുഗത്തിൽ അശുദ്ധരെന്ന് ഒരു വലിയ കൂട്ടം സ്ത്രീകൾ തെരുവുകളിൽ കൂടി സ്വയം പ്രഖ്യാപിക്കുന്നു;

വിദ്യാഭ്യാസമുള്ള സ്ത്രീകൾ പോലും 'റെഡി റ്റു വെയിറ്റ്' ക്യാമ്പയിൻ നയിക്കുന്നു. കേരളത്തിലെ സ്ത്രീകൾ അങ്ങനെ പ്രതികരിച്ചില്ലെങ്കിലാണ് അത്ഭുതം. "പെൺചൊല്ല് കേൾക്കുന്നവൻ പെരുവഴി" എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകൾ മലയാളത്തിലുണ്ട്.

"നാരികൾ നാരികൾ വിശ്വ വിപത്തിൻറ്റെ

നാരായ വേരുകൾ; നാരകീയാഗ്നികൾ" - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാൻറ്റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകരുണ്ട്. ഇതൊക്കെ ചെറുപ്പത്തിലേ ചെവിയിൽ പതിഞ്ഞ പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ സ്വയം അശുദ്ധരാണെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ അതിൽ ഒരതിശയവും ഇല്ലാ.

“പെണ്ണായി തീർന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം” - എന്നൊക്കെയായിരുന്നു കേരളത്തിലെ പഴയ ഫ്യൂഡൽ സങ്കൽപ്പങ്ങൾ. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:

“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്

അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ

ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…

ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ

ഞാനിന്നടക്കാത്ത പെണ്ണുമില്ല

ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റേയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കൻ പാട്ടുകൾ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.

"നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും." - 'ഒരു വടക്കൻ വീരഗാഥയിലെ' ഈ ഡയലോഗ് മലയാള പ്രേക്ഷകരുടെ കയ്യടി നേടിയ ഒന്നാണല്ലോ.

എം.ടി. വാസുദേവൻ നായർ കഥാസന്ദർഭത്തിൻറ്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഈ ഡയലോഗിനെ പിന്നീട് ന്യായീകരിച്ചത്. പക്ഷെ സുബോധമുള്ളവർക്ക് ഇതിലെ സ്ത്രീ വിരുദ്ധത കാണാതിരിക്കാൻ ആവില്ല. 'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ സൂപ്പർ ഹിറ്റായി മാറിയത് ഇത്തരത്തിലുള്ള 'കിടിലൻ' ഡയലോഗുകൾ മൂലമായിരുന്നല്ലോ.

ഇത്തരം രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തിൽ നിലനിൽക്കുന്നതുകൊണ്ടായിരിക്കണം മീൻ വിൽപ്പനക്കാരിയായ സ്ത്രീകൾക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്തത്.

വലിയ അലുമിനിയം ചട്ടി ഒക്കെ തലയിൽ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോൾ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തിൽ കൊടുക്കാവുന്നതാണ്.

നമ്മുടെ മൽസ്യ ഫെഡ്ഡും, കേരളാ സർക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീൻ വിറ്റതിന് ശേഷവും അവർക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും.

ഈയിടെ 6 മക്കളുള്ള പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാർത്തയിൽ പറഞ്ഞിരിക്കുന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി കൂടി വരുന്ന സന്ദർഭങ്ങൾ പല മീൻ വിൽപ്പനക്കാരികൾക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലും, ഹാജി അലി ദർഗ്ഗയിലും സ്ത്രീകൾ കയറിയപ്പോൾ ആരും പ്രതിഷേധിച്ചു കണ്ടില്ല. അവിടെയൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്.

പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികൾ പക്ഷെ നെയ്തേങ്ങാ വെച്ച് തലക്ക് എറിയുന്നു; 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു.

വിശ്വാസം കൊണ്ടല്ലാ; ഗുണ്ടായിസവും തെറി വിളിയും കൊണ്ടാണ് ബി.ജെ.പി. - യും, സംഘ പരിവാറുകാരും കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ നോക്കുന്നത് എന്ന് ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന അവരുടെ ആറ്റിറ്റ്യൂഡിൽ നിന്ന് വ്യക്തമാണ്. ഈ ആക്രമണങ്ങളേയും, ഗുണ്ടായിസങ്ങളേയും ബി.ജെ.പി. അപലപിക്കാത്തതും അതുകൊണ്ടാണ്.

ശബരിമല ഭക്തരെ മറയാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നോക്കുകയായിരുന്നു. ഹിന്ദു മതവും, സംഘപരിവാറും തമ്മിൽ കടലും കടലയും പോലുള്ള വ്യത്യാസമുണ്ട്. ഹിന്ദു വിശ്വാസത്തിനപ്പുറം അധികാരം എങ്ങനെയും കരസ്ഥമാക്കുവാൻ എല്ലാ കുൽസിത ശ്രമങ്ങളും നടത്തുന്നതിൻറ്റെ ഭാഗമായാണ് ബി.ജെ.പി. - യും, സംഘ പരിവാറുകാരും കേരളത്തിൽ ശബരിമല വിഷയം ഏറ്റെടുത്തത്. അതിൻറ്റെ ഭാഗമായി അവരുടെ വോട്ട് ശതമാനം വർധിക്കുകയും ചെയ്തു.

ഈ ഗുണ്ടായിസത്തേയും, ആക്രമണങ്ങളേയും മലയാളികൾ എന്തുകൊണ്ട് സപ്പോർട്ട് ചെയ്യുന്നൂ എന്ന് ചോദിക്കുമ്പോഴാണ് കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത വെളിപ്പെടുന്നത്.

അതുകൊണ്ടാണ് ബിന്ദു അമ്മിണിക്ക് നേരേ പകൽ വെളിച്ചത്തിൽ 'കെമിക്കൽ സ്പ്രേ' അടിച്ചയാൾ വീര പുരുഷനാകുന്നത്; തൃപ്തി ദേശായിക്ക് ഇന്ത്യയിൽ മറ്റൊരിടത്തും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധം കേരളത്തിൽ നേരിടേണ്ടി വന്നതും അതുകൊണ്ടു തന്നെ.

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുത്ത് നിൽക്കുന്നതുകൊണ്ട് അവരുടെ 'വോട്ടുബാങ്ക് പൊളിറ്റിക്സിനും' അനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ ഈ പ്രസ്ഥാനങ്ങളൊക്കെ നിർബന്ധിക്കപ്പെടുന്നു.

ശബരിമലയിൽ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' എതിരായ പോലീസ് പരിശോധനയോടും, തൃപ്തി ദേശായിക്ക് മറുപടി കൊടുക്കാൻ തയാറാകാതിരുന്ന കേരളാ പോലീസിനോടും പ്രതിഷേധിക്കാനാവാതെ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ കുഴങ്ങുന്നത് അതുകൊണ്ടാണ്.

പണ്ട് പ്രമോദ് മുതാലിക്കിൻറ്റെ നേത്ര്വത്ത്വത്തിലുള്ള 'ശ്രീ രാം സേന' മാൻഗ്ലൂരിലെ പബ്ബിൽ കയറിയ സ്ത്രീകൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. കേന്ദ്രത്തിൽ എൽ.കെ. അദ്വാനി അടക്കം പല പ്രമുഖരും ഈ ആക്രമണങ്ങളോടും ഗുണ്ടായിസത്തോടും വിയോജിച്ചു. പക്ഷെ 'ശ്രീ രാം സേന' ആക്രമണങ്ങൾ നിറുത്തിയില്ല.

അവസാനം സ്ത്രീകൾ തന്നെ പ്രമോദ് മുതാലിക്കിനേയും, ശ്രീ രാം സേനക്കാരേയും ഒരു പാഠം പഠിപ്പിക്കുവാൻ മുമ്പിട്ടിറങ്ങി. പ്രമോദ് മുതാലിക്കിന് സ്ത്രീകൾ 'പാൻറ്റീസ്' പോസ്റ്റിലും, ക്യൂരിയറിലും അയക്കാൻ തുടങ്ങി.

സ്ത്രീകളുടെ 'പാൻറ്റീസ്' കെട്ടുകെട്ടായി പ്രമോദ് മുതാലിക്കിൻറ്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ ശ്രീ രാം സേനക്കാരും, പ്രമോദ് മുതാലിക്കും പത്തി മടക്കി. ജനാധിപത്യത്തിൽ സഭ്യമായ പ്രതിഷേധ മാർഗങ്ങളാണ് അവലംബിക്കേണ്ടത്.

ഇതെഴുതുന്നയാൾ അത്തരം പ്രതിഷേധ മാർഗങ്ങളെ മാത്രമേ അനുകൂലിക്കുന്നുള്ളൂ. പക്ഷെ ശുദ്ധമായ ഗുണ്ടായിസവും, അക്രമവും കാണിക്കുന്നവരുടെ അടുത്ത് സഭ്യമായ പ്രതിഷേധ മാർഗങ്ങൾ ഒന്നും ഫലം കാണില്ല എന്നുള്ളത് കൂടി കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾക്കും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്കും നെത്ര്വത്ത്വം നൽകുന്നവർ ഓർക്കേണ്ടതുണ്ട്.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment