Advertisment

സന്യാസ ജീവിതത്തെ പുച്ഛിക്കുന്ന അരാജക വാദികൾ അറിയേണ്ട ചില കാര്യങ്ങൾ

New Update

publive-image

Advertisment

ർത്ഥിനി - പോസ്റ്റുലൻസി - നൊവിഷ്യേറ്റ് - ഈ മൂന്ന് കാലഘട്ടങ്ങൾ കഴിഞ്ഞാണ് ഒരുവൾ ക്രിസ്ത്യൻ സന്യാസിനി ആകുന്നത്. ഈ കാലഘട്ടങ്ങളിൽ കോൺവെൻറ്റിൽ നിന്ന് പിരിഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം സന്യാസിനിക്ക് ഉണ്ട്; പലരും പിരിഞ്ഞു പോകാറുമുണ്ട്.

സഭയുടെ അച്ചടക്കനിയമങ്ങൾ പാലിക്കുന്നവർക്ക് മാത്രമാണ് പിന്നീടുള്ള ജൂനിയറേറ്റ് കാലഘട്ടം. ജൂനിയറേറ്റ് കാലഘട്ടത്തിലേക്ക് ഒരു സമർപ്പിത കടക്കുന്നതിനു മുമ്പായി സന്യാസ വ്രതങ്ങളായ കന്യകാത്വം, അനുസരണം, ദാരിദ്രം - എന്നീ വ്രതങ്ങൾ തൻറ്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊള്ളാമെന്ന് തിരുസഭയുടെയും സന്യാസസഭയുടേയും ദൈവജനത്തിൻറ്റേയും മുമ്പിൽ ആഘോഷമായ വിശുദ്ധ കുർബാനയുടെ മദ്ധ്യത്തിൽ പ്രതിജ്ഞ ചെയ്യുന്നു.

ഇതിന് പുറമെ സാമൂഹ്യ ജീവിതം, ലോകവുമായുള്ള ബന്ധം, സ്വന്തം സന്യാസസഭയും കത്തോലിക്കാസഭയും ഒരു സമർപ്പിതയ്ക്ക് നൽകുന്ന അവകാശങ്ങൾ - ഇവയെ കുറിച്ചൊക്കെ അറിഞ്ഞിരിക്കണം.

publive-image

തുടർന്ന് ആറുമാസത്തെ റീജൻസി സന്യാസസഭയുടെ കീഴിലുള്ള ഒരു കോൺവെൻറ്റിൽ തുടർന്ന് ചെയ്യുന്നു.

ഈ കാലഘട്ടങ്ങളിലൊക്കെ ഒരു ജൂനിയറേറ്റ് സിസ്റ്ററിൻറ്റെ കാര്യത്തിൽ മിസ്ട്രസിൻറ്റെ (ഗുരുത്തിയമ്മയുടെ) റിപ്പോർട്ടും നിർണായകമാണ്. ജൂനിയറേറ്റ് കാലഘട്ടം സിറോ മലബാർ സഭയുടെ നിയമമനുസരിച്ച് 5 മുതൽ 7 വർഷക്കാലവും, ലാറ്റിൻ സഭയുടെ നിയമാവലിയനുസരിച്ച് 7 മുതൽ 9 വർഷകാലവും നീണ്ടതാകുന്നു.

മദർ ജനറാളും, ജനറൽ കൗൺസിലും അടങ്ങുന്ന അധികാരികളുടെ മേൽനോട്ടത്തിൽ അനേകം വർഷങ്ങളുടെ സ്ട്രിക്റ്റ് ആയ പരിശീലനത്തിന് ശേഷവും, സ്വന്തം ധ്യാനത്തിൻറ്റേയും പ്രാർഥനയുടേയും വിചിന്തനത്തിൻറ്റേയും അവസാനമേ ഒരുവൾ സന്യാസ ജീവിതത്തിലേക്ക് കടക്കൂ എന്ന് സാരം.

ഇതൊന്നും അറിയാത്തവർക്ക് വെറുതെ സന്യാസ ജീവിതത്തെ പുച്ഛിക്കാം. അതാണിപ്പോൾ സിസ്റ്റർ ലൂസി കളപ്പുരക്കലിൻറ്റെ പേരു പറഞ്ഞു സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നതും.

ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാണിക്കാനാണ് അരാജക വാദികളുടെ നീക്കം. ഈ അരാജക വാദികൾ മിഷനറിമാരെ പോലെ മനുഷ്യന് എന്തെങ്കിലും ഉപകാരം ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?

മദർ തെരേസയെ ആർക്കു വേണമെങ്കിലും വിമർശിക്കാം. പക്ഷെ എത്ര പേർക്ക് മദർ തെരേസ ആകാൻ പറ്റുമെന്ന് ഇങ്ങനെ വിമർശിക്കുന്നവർ ഒന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.

കേരളത്തിൽ ഇടതുപക്ഷവുമായി അടുത്തുനിൽക്കുന്ന കണ്ടമാനം അരാജക വാദികൾ കലാ-സാഹിത്യ മേഖലകളിൽ ഉണ്ട്.

ഇത്തരം അരാജക വാദികൾക്ക് വിവാഹത്തേയും, കുടുംബ സങ്കൽപ്പങ്ങളേയും, മത രീതികളേയും, സന്യാസത്തേയും, ഭരണകൂടത്തേയും എന്നുവേണ്ട സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളേയും വെല്ലുവിളിക്കണം. ഇതിനൊക്കെ പകരം എന്താണ് അവരുടെ കയ്യിലുള്ളത് എന്നു ചോദിച്ചാൽ അവർക്ക് തന്നെ മറുപടി ഇല്ലാ.

ജോൺ എബ്രാഹത്തേയും, ബാലചന്ദ്രൻ ചുള്ളിക്കാടിനേയും, കവി അയ്യപ്പനേയും ഒക്കെ ആരാധിച്ചിരുന്ന അരാജക വാദികളായ ഒരു യുവ തലമുറ 1980-കളിലും, 90-കളിലും കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അത്തരം അരാജകവാദികളെ ആരാധിക്കുന്ന അധികം പേർ കേരളത്തിൽ ഇല്ലാ എന്നുള്ളത് ആശ്വാസകരമാണ്.

ഈയിടെ ചിലർ ബിഷപ്പ് ഫ്രാങ്കോയുടെ അംശവടിയിൽ അടിവസ്ത്രം തൂക്കി. അങ്ങനെ ചെയ്തത് നല്ലതാണെന്ന് പലരും പറയും. പക്ഷെ ഫ്രാങ്കോ അല്ല അരാജക വാദികളുടെ കണ്ണിലെ പ്രതിപാദ്യ വിഷയം എന്ന് സുബോധത്തോടെ ചിന്തിച്ചാൽ പലർക്കും മനസിലാക്കാം.

ഫ്രാങ്കോയെ കേന്ദ്ര കഥാപാത്രമാക്കി അരാജക വാദികൾ മത സങ്കൽപ്പങ്ങളെ വെല്ലു വിളിക്കുകയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോൾ ചില സ്ഥാപിത താൽപര്യക്കാർ അല്ലാതെ ക്രിസ്ത്യൻ സമൂഹമൊന്നും പ്രതിഷേധിച്ചു കണ്ടില്ല.

ഫ്രാങ്കോയെ ഇനീ ബലാത്സംഗ കേസിൽ പരസ്യമായി തൂക്കികൊല്ലാൻ ശിക്ഷിച്ചാലും ക്രിസ്ത്യൻ സമൂഹത്തിൻറ്റെ മത വികാരം വ്രണപ്പെടാനുള്ള ചാൻസൊന്നും ഒട്ടുമേ ഇല്ലാ. പക്ഷെ മെത്രാൻറ്റെ അംശവടിയിൽ ജെട്ടി തൂക്കിയിട്ട് വിമർശിക്കുമ്പോൾ അത് പല ക്രിസ്ത്യാനികളും അംഗീകരിച്ചെന്നു വരികയില്ല.

സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിന്നാണ് പുരുഷനും വരുന്നതെന്ന് എല്ലാവർക്കും അറിയാം. പക്ഷെ തൃശൂരിലെ കേരളവർമ കോളേജിൽ യുവതിയുടെ കാലുകൾക്കിടയിൽ തലകീഴായി ശബരിമല ശാസ്താവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ചിത്രം പ്രദർശിപ്പിക്കുന്നതിനെ എത്ര പേര് അനുകൂലിക്കും?

ഇവിടെയൊക്കെ 'മിതത്ത്വം' എന്ന് പറയുന്നത് വരുന്നതായിരിക്കും നമ്മുടെ സമൂഹത്തിൻറ്റെ കെട്ടുറപ്പിന് അഭികാമ്യം. മതപരമായ വിഷയങ്ങളിൽ ഒരു മിതത്ത്വം പുലർത്തുന്നതാണ് ഉത്തരവാദിത്ത്വബോധമുള്ള ഒരു പൗരൻ നമ്മുടെ പാരമ്പര്യ സമൂഹത്തിൽ അനുവർത്തിക്കേണ്ട രീതി. കലാസൃഷ്ടി നടത്തുന്ന അരാജകവാദികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

സന്തോഷവും, സംതൃപ്തിയും, സമാധാനവും ഉള്ള ഒരാൾ എന്തിന് കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ പോണം എന്ന് അരാജക വാദികളെ കാണുമ്പോൾ സുബോധത്തോടെ ആരും ചിന്തിക്കുന്നത് നല്ലതാണ്.

സ്വന്തം മനസിനുള്ളിൽ സമാധാനക്കേട് ഉള്ളത് കൊണ്ടല്ലേ അരാജക വാദികൾ കള്ളിൻറ്റേയും, കഞ്ചാവിൻറ്റേയും, പുകവലിയുടെയും ഒക്കെ പുറകെ എപ്പോഴും പോകുന്നത്? അരാജക വാദികൾ പലപ്പോഴും സന്തോഷം അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്.

പലപ്പോഴും കള്ളും, കഞ്ചാവും അടിച്ചു കഴിയുമ്പോഴാണ് ഇവരുടെ ഉള്ളിൽ കെട്ടി കിടക്കുന്ന ദുഖങ്ങളും, വിഷമങ്ങളും, 'ഫ്രസ്റ്റ്രേഷനും' ഒക്കെ പുറത്തു വരുന്നത്. പണ്ട് ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിലുള്ള രണ്ടു മലയാളികൾ കഞ്ചാവടിച്ചതിനു ശേഷം കെട്ടിപിടിച്ച് കരയുമായിരുന്നു.

പലരും അത് കണ്ടിട്ടുണ്ട്. രണ്ടു പേരും വലിയ പണ്ഡിതരുമായിരുന്നു. പക്ഷെ എന്ത് പ്രയോജനം? ജോൺ എബ്രഹാമിനെ പോലെ തന്നെ അവർ പലരുമായി ഉടക്കുണ്ടാക്കി; തല്ലു കൂടി; പ്രണയ നൈരാശ്യങ്ങളിൽ ഏർപ്പെട്ടു.

അച്ചടക്കമില്ലാത്ത മനസ്സിൽ നിന്ന് സന്തോഷവും, സംതൃപ്തിയും, സമാധാനവും ഒരിക്കലും ഉണ്ടാവില്ല. അരാജകവാദികൾക്ക് എപ്പോഴും ഭ്രാന്തൻ സ്വപ്നങ്ങളുമായി ജീവിക്കാൻ ലഹരി വേണം. അക്കാരണം കൊണ്ടാണ് അവർ ലഹരിക്ക് അടിമപ്പെടുന്നത്.

വ്യവസ്ഥിതിക്കെതിരെ ഇത്തരം കൂട്ടർ പൊരുതുന്നു എന്ന് ചിലരൊക്കെ പറയുന്നത് അങ്ങേയറ്റം മൂഢമായ സങ്കൽപ്പമാണ്.

ചെലവ് കുറഞ്ഞ വീടുകൾ നിർമിച്ച ലാറി ബക്കറും, കന്യാസ്ത്രീ മഠത്തിൻറ്റെ വേലിക്കെട്ടുകൾക്കപ്പുറത്ത് ജീവിതം സമർപ്പിച്ച മദർ തെരേസയും, സാധാരണ ജനങ്ങളോട് താദാത്മ്യപ്പെടാൻ വസ്ത്രം പോലും ഉപേക്ഷിച്ച മഹാത്മാ ഗാന്ധിയും ഒക്കെ നിലനിൽക്കുന്ന വ്യവസ്ഥാപിത ജീവിത രീതികളോട് പൊരുതിയവരാണ്.

കള്ളിലും, പുകവലിയിലും, കഞ്ചാവിലും മുങ്ങി നടന്നവർക്ക് വേണ്ടി അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവരോട് സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സുബോധമുള്ളവർക്ക് സാധിക്കുകയുള്ളൂ. ഇത്തരക്കാർ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വഴിയിൽ കാണുന്നവർക്കും ഒക്കെയാണ് പലപ്പോഴും ദുരിതങ്ങൾ സമ്മാനിക്കുന്നത്.

ജന്മനാ ഉള്ള കലയെപ്പോലും കള്ള് ഷാപ്പിനും, പട്ട ഷാപ്പിനും അപ്പുറം ഒരു ജീവിതമില്ലാതെ ഇക്കൂട്ടർ നശിപ്പിക്കുന്നു. എന്തായാലും ജോൺ എബ്രഹാമിനും, കവി അയ്യപ്പനും കുടുംബവും കുട്ടികളും ഇല്ലാതിരുന്നതു ഭാഗ്യം!!!

കുടുംബത്തിലുള്ള സ്ത്രീകളും ഇത്തരം അരാജക ജീവിതം നയിക്കുകയാണെങ്കിൽ കുടുംബം പുലരുമോ? അരാജക ജീവിതത്തെ ആരാധിക്കുന്നവർ കുടുംങ്ങളിലുള്ള സ്ത്രീകൾക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കുമോ?

സ്ത്രീ പക്ഷത്തു നിന്ന് അരാജകവാദത്തെ നോക്കി കാണുമ്പോഴാണ് ഇതിൻറ്റെയൊക്കെ പൊള്ളത്തരം മനസിലാക്കാൻ സാധിക്കുന്നത്. സമൂഹത്തിലെ വ്യവസ്ഥാപിതമായ എല്ലാത്തിനേയും വിമർശിക്കുന്ന അരാജക വാദികൾ സ്വപ്നത്തിൽ പോലും തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകൾ തങ്ങളെ പോലെ തന്നെ പെരുമാറണമെന്ന് പറയത്തില്ലാ.

കുറച്ചു നാൾ മുമ്പ് പശ്ചിമ ബംഗാളിലെ പുരുലിയയിൽ നിന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. അവിടെ കുഷ്ഠ രോഗികളുടെ മുറിവുകൾ വെച്ചു കെട്ടാനായി മിഷനറിമാർ മാത്രമേ ഉള്ളൂ. കുഷ്ഠം പിടിപെട്ടാൽ രോഗികളെ ആളുകൾ കല്ലെറിഞ്ഞു ഓടിക്കും.

അങ്ങനെ ജാർക്കണ്ട്, പശ്ചിമ ബംഗാൾ, ബീഹാർ - ഇവിടുന്നെല്ലാം രോഗികൾ എത്തുന്ന സ്ഥലമാണ് പുരുലിയ. മദർ തെരേസയെ ആർക്കു വേണമെങ്കിലും വിമർശിക്കാം. പക്ഷെ എത്ര പേർക്ക് മദർ തെരേസ ആകാൻ പറ്റുമെന്ന് കൂടി സ്വയം വിലയിരുത്തേണ്ടതുണ്ട്.

മദർ തെരേസയെ കുറിച്ചൊരു കഥയുണ്ട്: പണ്ട് ഭിക്ഷ യാചിച്ചു ചെന്നപ്പോൾ മദറിൻറ്റെ മുഖത്ത് ഒരാൾ തുപ്പി. തുപ്പൽ തുടച്ചു കളഞ്ഞിട്ട് മദർ "എന്നെയല്ലേ തുപ്പിയത്; അത് സാരമില്ല; ഇനി രോഗികൾക്കുള്ളത് താ" എന്ന് പറഞ്ഞു. ഇതൊക്കെ കാടടച്ചു വെടി വെക്കുന്നത് പോലെ മിഷനറിമാർക്കും, സന്യസ്തർക്കുമെതിരേ വിമർശനങ്ങൾ തൊടുക്കുമ്പോൾ ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment