Advertisment

ഒരു ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ മൂടി വെക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള മാർഗങ്ങളെ കുറിച്ച് തുറന്ന ചർച്ച നടത്തുകയാണ് വേണ്ടത്

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ഹിറ്റ്ലർക്കെതിരേ പണ്ട് നാസി ജർമനിയിൽ വലിയ പടപ്പുറപ്പാട് ഉണ്ടായത് സ്വന്തം സൈന്യത്തിൽ നിന്ന് തന്നെയായിരുന്നു. ആഭ്യന്തര സംഘർഷങ്ങളെ ഒതുക്കാൻ 'വാൽക്കിരി' എന്ന് ഹിറ്റ്ലർ തന്നെ പേരിട്ടിരുന്ന സൈനിക മുറയെ ജർമൻ സൈനിക ഓഫീസർമാർ ഹിറ്റ്ലറെ തന്നെ അട്ടിമറിക്കാൻ വേണ്ടി ഉപയോഗിച്ചു. നാസികൾക്ക് അത് ചെറുക്കാനായെങ്കിലും 'വാൽക്കിരി' ഉണ്ടാക്കിയ ആഖാതം വളരെ വലുതായിരുന്നു.

ഹിറ്റ്ലറുമൊത്തുള്ള മീറ്റിങ്ങിനിടയിൽ മുതിർന്ന സൈനിക ഓഫീസർമാർ തന്നെ ബോംബ് പൊട്ടിക്കുക എന്നത് നാസി പാളയത്തിൽ വല്ലാത്ത അസ്ഥിരതയ്ക്കാണ് പിന്നീട് വഴിയൊരുക്കിയത്. ബോംബ് പൊട്ടിക്കുകയും, സൈനിക അട്ടിമറിക്ക് നേത്ര്വത്ത്വം കൊടുക്കുകയും ചെയ്ത പട്ടാള ഓഫീസർമാർക്കും അന്ന് അവരുടെ ന്യായങ്ങൾ ഉണ്ടായിരുന്നു. ഹിറ്റ്ലർ ജർമനിയെ സമ്പൂർണ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് പൂർണബോധ്യം വന്നപ്പോൾ മാത്രമാണ് അവർ സൈനിക അട്ടിമറിക്ക് മുതിർന്നത്.

ഹിറ്റ്ലറുടെ ജർമനിയിൽ സംഭവിച്ചത് പോലെ തന്നെ ഇന്ത്യയിലെ ബി.ജെ.പി. - യിലും മിക്കവാറും പൊട്ടിത്തെറിയുണ്ടാകാൻ പോകുന്നത് സ്വന്തം പാർട്ടിയിൽ നിന്നു തന്നെയായിരിക്കും. അതിനു കാരണം ജർമനിയിൽ സംഭവിച്ചത് പോലെ തന്നെ നേത്ര്വത്ത്വം രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള ബോധ്യപ്പെടലിലൂടെയായിരിക്കും എന്നാണ് തോന്നുന്നത്.

രാജ്യം ഭരിക്കുന്ന ഒരു പാർട്ടി കാണിക്കേണ്ട പക്വത ഇപ്പോൾ ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം ഒട്ടുമേ കാണിക്കുന്നില്ല. പ്രൊഫഷണലിസത്തിൻറ്റെ അഭാവവും, മോശം പ്ലാനിങ്ങും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിൻറ്റെ പ്രശ്നങ്ങളാണ്. നോട്ട് നിരോധനം പോലെയുള്ള നടപടികളിൽ ഭരണ രംഗത്തെ ആ പ്രൊഫഷണലിസത്തിൻറ്റെ അഭാവം നന്നായി കാണാം. ഒരു കാരണവും കൂടാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അന്ന് ചെയ്തത്.

publive-image

GST - യിലൂടെ ഇൻഫോർമൽ സെക്റ്റർ ഒന്ന് 'ഫോർമലൈസ്' ചെയ്യേണ്ടത് ഒരു ആധുനിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്തത് ആണ്. പക്ഷെ അത് കുറച്ചു കൂടി സാവകാശത്തിലാക്കാമായിരുന്നു. ഇന്ത്യയിലെ പോലുള്ള ലോകത്തിലെ ഏറ്റവും സങ്കീർണമായ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ ഉള്ള ഒരു രാജ്യത്ത് നാടകീയമായ നീക്കങ്ങൾ നടത്താൻ പാടുള്ളതല്ല. അക്കാര്യത്തിൽ ബി.ജെ.പി. - ക്ക്‌ ഗുരുതരമായ വീഴ്ച സംഭവിച്ചു.

ബി.ജെ.പി. ഇപ്പോൾ ചെയ്യുന്നത് പോലെ നാടകീയമായ നീക്കങ്ങളല്ല ഒരു പ്രശ്നത്തിനുമുള്ള പരിഹാരം. കയ്യടി കിട്ടാൻ വേണ്ടി മാത്രമാണ് പല നിർണായകമായ തീരുമാനങ്ങളും എടുക്കുന്നതെന്ന് ബി.ജെ.പി. യുടെ ഇപ്പോഴത്തെ ഭരണം കാണുമ്പോൾ തോന്നിപ്പോകും. സമ്പദ് വ്യവസ്‌ഥ ഒക്കെ പ്രൊഫഷണലുകൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. അവിടെ സ്വീകരിക്കേണ്ട നടപടികളൊക്ക വെറുതെ വികാരാവേശത്തിന് വിധേയമായോ, മുദ്രാവാക്യം വിളിയോ പോലെ ആയിരിക്കരുത്. അത്തരം പ്രൊഫഷണൽ സമീപനത്തിൻറ്റെ കാര്യത്തിൽ ബി.ജെ.പി. - ക്ക്‌ വലിയ വീഴ്ച പറ്റി എന്നുള്ളത് നിസ്തർക്കമായ കാര്യമാണ്.

പക്ഷെ അത്തരം വീഴ്ചകളെ അവർ മൂടി വെക്കാനാണ് ഇത്രയും നാൾ ശ്രമിച്ചത്. 2018 - ൽ മാത്രം10 മില്യൺ തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) -യുടെ പഠനത്തിൽ ഉള്ളത്. അത്തരം പഠനങ്ങൾക്കൊന്നും സംഘ പരിവാറിൻറ്റെ 'ബൗദ്ധിക്ക് കാര്യവാഹ്' എന്നുള്ള വിഭാഗം വിഭാഗം വേണ്ടത്ര പരിഗണന കൊടുത്തില്ല.

ഇന്ത്യയിൽ തൊഴിലിനെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് 2018 ഡിസംബറിൽ പൂർത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും മോഡി സർക്കാർ ആ റിപ്പോർട്ട് പുറത്തിറക്കിയില്ലാ. അതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ ആക്റ്റിങ് ചെയർമാൻ രാജി വെക്കുന്നത്തിലേക്ക് വരെ കാര്യങ്ങൾ എത്തി.

1972 - 73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് 2017 -18 കാലഘട്ടത്തിൽ രാജ്യത്ത് ഉണ്ടായെതെന്നായിരുന്നു നാഷണൽ സാമ്പിൾ സർവേയുടെ കണ്ടെത്തൽ. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായതെന്നായിരുന്നു രണ്ടു മാസം കേന്ദ്ര സർക്കാർ പൂഴ്ത്തിവെച്ച നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കിയത്.

നേരത്തേ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) തൊഴിലുണ്ടാക്കുന്നതിൽ രാജ്യത്ത് വളരെ മോശം അവസ്ഥയാണെന്ന് ചൂണ്ടി കാണിച്ചിരുന്നു. 2018 - ൽ ഏതാണ്ട് 11 മില്യൺ അതല്ലെങ്കിൽ 1 കോടി 10 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന CMIE - യുടെ പ്രവചനം അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതായിരുന്നു പിന്നീട് വന്ന നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട്.

ചെറുകിട വ്യവസായം, കാർഷിക രംഗം, കൺസ്ട്രക്ഷൻ മേഖല, ഐ. ടി., റെയിൽവേ, എയർ പോർട്ടുകൾ, റോഡ് വികസനം, തുറമുഖ വികസനം - ഇവയൊക്കെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നത്. അസംഘടിത മേഖലയിലും, കാർഷിക മേഖലയിലും പ്രവർത്തിക്കുന്നവരിൽ പലർക്കും ജി.എസ്.ടി-യും, നോട്ടു നിരോധനവും സൃഷ്ടിച്ച ആശയ കുഴപ്പത്തിൽ നിന്ന് ഇനിയും മുക്തരാകുവാൻ സാധിച്ചിട്ടില്ല.

നോട്ടു നിരോധനവും, ജി.എസ്.ടി-യും ഒക്കെ വന്നതിൽ പിന്നെ നമ്മുടെ പല മേഖലകളിലും ഉളവാക്കുന്ന തൊഴിലിനെ ആണ് അവയൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന വസ്തുത കാണാതെ പോകരുത്. സാധാരണ ജനത്തിനേറ്റവും കൂടുതൽ തൊഴിൽ നൽകുന്ന തുകൽ, ടെക്സ്റ്റയിൽസ്, കൺസ്ട്രക്ഷൻ മേഖല - ഇവയൊക്കെ ഇന്ന് മൊത്തം മാന്ദ്യത്തിലാണ്.

നോട്ടു നിരോധനം മൂലം ആകെ കൂടിയുള്ള നേട്ടം പുരോഗതി പ്രാപിച്ച ഡിജിറ്റൽ ഇക്കോണമിയാണ്. പക്ഷെ അപ്പോഴും ഓർക്കണം - നോട്ട് നിരോധനത്തിന് മുൻപും ഇതേ ഇൻറ്റെർനെറ്റ് ബാങ്കിങ്ങും, ക്രെഡിറ്റ് കാർഡ് പ്രോസസിങ്ങും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്നുള്ളത്. 'പേ.ടി.എം.' പോലും നോട്ടു നിരോധനത്തിന് മുൻപ് ഇവിടെ ഉണ്ടായിരുന്നു.

2011 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിരുന്നു എന്നാണ് 'ലേബർ സ്റ്റാറ്റിസ്റ്റിക്സ്' ഉദ്ധരിച്ച് പലരും കൃത്യമായി പറയുന്നത്. ഇന്ത്യയിൽ 2011-12 -ന് ശേഷം വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കുന്ന കൺസ്ട്രക്ഷൻ സെക്റ്റർ ആകെ മൊത്തം ഡൗൺ ആണ്. ടെക്സ്റ്റയിൽസിൽ കയറ്റുമതി കൂട്ടാൻ നമുക്കായില്ല. ചൈന ടെക്സ്റ്റയിൽസിൽ 145 ബില്യൺ ഡോളർ എക്സ്പോർട്ട് നടത്തുമ്പോൾ നാം ബംഗ്ലാദേശിനേക്കാളും വിയറ്റ്നാമിനെക്കാളും പിന്നിലാണ്.

ലെതറിൽ എക്സ്പോർട്ട് കൂട്ടാനുള്ള എല്ലാ സാധ്യതകളും ബി.ജെ.പി. - യുടെ അന്ധമായ പശുസ്നേഹം മൂലം കൊട്ടിയടക്കപ്പെട്ടു. ഒപ്പം കർഷകർക്കും ന്യൂനപക്ഷ സമുദായങ്ങളിലെ വലിയൊരു വിഭാഗത്തിനും ഈ പശുസ്നേഹം വലിയ സാമ്പത്തിക തിരിച്ചടികൾ നൽകി. ചുരുക്കം പറഞ്ഞാൽ ബി.ജെ.പി. സർക്കാർ അവരുടെ അവരുടെ തലതിരിഞ്ഞ പോളിസികളിലൂടെ സാമ്പത്തിക രംഗം വഷളാക്കുകയാണ് 2014 മുതൽ ചെയ്തത്.

ഇപ്പോൾ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതിലൂടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തന്നെ രാജ്യത്തെ മോശം സാമ്പത്തികാവസ്ഥ അംഗീകരിച്ചിരിക്കുന്നു. ഒരു ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ മൂടി വെക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള മാർഗങ്ങളെ കുറിച്ച് തുറന്ന ചർച്ച നടത്തുകയാണ് വേണ്ടത്. “Democracy is a debate” - എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള ഒരു നിർവചനം തന്നെ. അത്തരം രീതികളൊന്നും ഇപ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം ഒട്ടുമേ കാണിക്കുന്നില്ല.

കാശ്മീരിൻറ്റെ കാര്യത്തിൽ ഭരണഘടനയുടെ 370- ആം അനുച്ഛേദം റദ്ദു ചെയ്യുന്നതിനു മുൻപേ കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കണമായിരുന്നു; കുറഞ്ഞ പക്ഷം അത്തരം വിപുലമായ പ്രചാരണങ്ങളൊക്കെ നടത്തണമായിരുന്നു.

കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു ഒരു ജനായത്ത വ്യവസ്ഥിതിയിൽ ഇത്തരം നിയമ നിർമാണം ഒക്കെ നടത്തേണ്ടിയിരുന്നത്. അത് ബി.ജെ.പി. ചെയ്തില്ലാ; അത്തരം രീതികളൊക്കെ അവർക്ക് വഴിപ്പെടുന്നതും അല്ലാ. ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാർക്ക് മാത്രം ഭൂമി വാങ്ങിക്കുവാനുള്ള അവകാശവും, സ്കോളർഷിപ്പ് സ്കീമുകളും ഒക്കെ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം ആർട്ടിക്കിൾ 35 A റദ്ദാക്കിയപ്പോൾ അതുകൊണ്ടു തന്നെ വഞ്ചിക്കപ്പെട്ട ഒരു 'ഫീലിംഗ്' ആണ് കാശ്മീരി ജനതക്കുള്ളത്.

ഇത്തരം നിയമ നിർമാണവും നോട്ടു നിരോധനവും, GST - യും പോലെ തന്നെ അത്യന്തം നാടകീയമായിട്ടാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. നേത്ര്വത്ത്വം നടപ്പാക്കിയത്. ജമ്മു കാശ്മീരിലെ പുതിയ ഭരണ സമ്പ്രദായം കൊണ്ടുവന്ന് ഒരു മാസത്തോടടുക്കുമ്പോഴും കാശ്മീരിൽ ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല. ഇനി എപ്പോഴാണ് കാശ്മീരിൽ 'നോർമൽസി' കൈവരിക്കുന്നത് എന്ന് ചോദിച്ചാൽ ബി.ജെ.പി. - കാർക്ക് തന്നെ ഉത്തരമില്ലാത്ത കാഴ്ചയാണ് ഇപ്പോഴുള്ളത്.

"ഇപ്പോഴത്തെ പദ്ധതികൾ ഇമ്പ്ലിമെൻറ്റ് ആയി വരാൻ കുറെ വർഷങ്ങൾ എടുക്കും" - എന്നാണിപ്പോൾ ബി.ജെ.പി.-ക്കാർ പ്രശ്നങ്ങൾ ചൂണ്ടികാട്ടുമ്പോൾ ന്യായമായി സ്ഥിരം പറയുന്നത്. ഇൻഡ്യാ മഹാരാജ്യത്തെ ഒള്ള തൊഴിലും കൂടി കളഞ്ഞത് അവർ കാണുന്നില്ലാ!!! ഇനി പന്തീരാണ്ട് കാലം കഴിയുമ്പോൾ 'ജോബ് ക്രിയേഷൻ' ഉണ്ടായിട്ടും, കാശ്മീരിൽ 'നോർമൽസി' വരുമ്പോഴും ആർക്കെന്തു പ്രയോജനം???

ഡോക്റ്റർ മൻമോഹൻ സിങ് രാജ്യ സഭയിൽ പറഞ്ഞത് പോലെ "ദീർഘ കാലത്തിൽ നമ്മളൊന്നും ജീവിച്ചിരിക്കില്ല" എന്ന വസ്തുത കുറഞ്ഞപക്ഷം സുബോധമുള്ള ബി.ജെ.പി.-ക്കാരെങ്കിലും മനസിലാക്കണം.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment