Advertisment

അഫീലിന്റെ മരണം, ചില പാഠങ്ങൾ... ഏതാനും കുറച്ചു പേരെ കണ്ടെത്തി ശിക്ഷിക്കുന്നതിലല്ല, ഇനി ഒരു കായിക മത്സരത്തിലും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുമ്പോളാണ് അഫീലിന് ശരിയായ നീതി കിട്ടുന്നത് - മുരളി തുമ്മാരുകുടി എഴുതുന്നു

author-image
മുരളി തുമ്മാരുകുടി
Updated On
New Update

publive-image

Advertisment

പാലായിൽ കായിക മത്സരങ്ങൾ നടക്കവെ തലയിൽ ഹാമ്മർ വീണ് പരിക്കേറ്റ അഫീലിന്റെ മരണം എല്ലാവരെയും സങ്കടത്തിലാക്കി. ആ കുടുംബത്തിന്റെ ദുഃഖം നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലപ്പുറമാണ്. അഫീലിന് ആദരാജ്ഞലികൾ... കുടുംബത്തെ ദുഃഖം അറിയിക്കുന്നു.

ഈ വിഷയത്തിലെ ‘അന്വേഷണ റിപ്പോർട്ട്’ വന്നു എന്ന് വായിച്ചു. സംഘാടകരിൽ അഞ്ചു പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. മത്സരം നിയന്ത്രിച്ചിരുന്ന ഒഫീഷ്യൽസ്, അമ്പയർ, മത്സരക്രമം നിശ്ചയിച്ചവർ, സംഘാടകരിലെ മറ്റു ചുമതലക്കാർ എന്നിവരുൾപ്പെടെ അഞ്ചു പേരിലേക്കാണ് നടപടികൾ അന്തിമമായി ചുരുങ്ങുന്നത്.

ഒരപകടം ഉണ്ടായിക്കഴിഞ്ഞാൽ കുറച്ചു പേരെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കുക എന്നതല്ല, മറിച്ച് അതിൻറെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി അവ ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് സുരക്ഷാ രംഗത്തെ അന്താരാഷ്ട്രീയമായ രീതി. അതിനാൽ ഭാവിയിലേക്കായി ചില നിർദ്ദേശങ്ങൾ പറയാം.

1. അടിസ്ഥാനപരമായി സുരക്ഷാ ബോധമില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്. ഒരു വർഷം പതിനായിരത്തോളം ആളുകളാണ് കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഒരല്പം സുരക്ഷാ ബോധവും മിനിമം മുൻകരുതലും ഉണ്ടെങ്കിൽ ഒഴിവാക്കാവുന്നതും. എന്നാൽ അതിനുള്ള അറിവ് സമൂഹത്തിൽ ഒരിടത്തുമില്ല. വലുതും ചെറുതുമായ കായികമേളകൾ നടക്കുന്നതിന് മുൻപ് ആരെങ്കിലും ഒരു സുരക്ഷാ പ്ലാൻ ഉണ്ടാക്കാറുണ്ടോ?

പങ്കെടുക്കുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും ഒരു സുരക്ഷാ ബ്രീഫിങ്ങ് നൽകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരം. ഇതൊന്നും കായിക മേളക്ക് മാത്രം പോരാ. സ്‌കൂൾ തുറക്കുന്ന അന്ന് തന്നെ സ്‌കൂളിൽ ഒരു സുരക്ഷാ ബ്രീഫിങ്ങ് നടത്തണമെന്ന് ഞാൻ പറഞ്ഞു തുടങ്ങിയിട്ട് വർഷം പത്തായി.

സ്‌കൂൾ വിനോദയാത്രക്കിടെ തട്ടേക്കാട് പതിനെട്ട് കുട്ടികൾ മരിച്ചതിനെ തുടർന്ന് എങ്ങനെയാണ് സുരക്ഷിതമായി വിനോദയാത്ര നടത്തേണ്ടത് എന്ന ഒരു പുസ്തകം തന്നെ ഞാൻ എഴുതിയിരുന്നു. അത് കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഫ്രീ ആയി എത്തിക്കുകയും ചെയ്തു.

എന്നിട്ടും ഇപ്പോൾ ഏതെങ്കിലും സ്‌കൂളിലെ വിനോദയാത്രക്ക് മുൻപ് സുരക്ഷാ ബ്രീഫിങ് നടക്കുന്നുണ്ടോ? അപകടം ഉണ്ടായിക്കഴിയുന്പോൾ ധാർമ്മിക രോഷം ഉണ്ടായത് കൊണ്ടോ കുറച്ചു പേരെ കുറ്റക്കാരാക്കിയത് കൊണ്ടോ അപകടങ്ങൾ ഒഴിവാകില്ല.

2. കായിക മത്സരങ്ങളിൽ അപകടങ്ങളുണ്ടാകുന്നത് കേരളത്തിൽ ആദ്യമായിട്ടല്ല. ഡിസ്കസ് ത്രോയുടെ ദൂരം അളക്കാൻ പോയ അധ്യാപകന്റെ തലയിൽ ജാവലിൻ വന്നു തറച്ച സംഭവം എൻറെ ചെറുപ്പകാലത് ഞങ്ങളുടെ നാട്ടിലുണ്ടായി. ആഴത്തിൽ മുറിവുണ്ടായെങ്കിലും ഭാഗ്യത്തിന് അദ്ദേഹം രക്ഷപെട്ടു. ഇതേ സാഹചര്യമാണ് കോട്ടയത്തുണ്ടായത്.

കേരളത്തിൽ ഒരു സ്ഥലത്ത് നടന്ന അപകടത്തിൽ നിന്ന് പാഠം പഠിച്ച് മറ്റൊരിടത്ത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നമുക്കുണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. വലിയ സ്ഥാപനങ്ങളിളെല്ലാം ഓരോ മാസവും നടത്തുന്ന സുരക്ഷാ മീറ്റിങ്ങിൽ അവർ ജോലി ചെയ്യുന്ന രംഗത്ത് ലോകത്തെവിടെയെങ്കിലും ഒരപകടമുണ്ടായിട്ടുണ്ടെങ്കിൽ ആ വിഷയം ചർച്ചക്ക് വരും. പാഠങ്ങൾ പഠിക്കുകയും ചെയ്യും.

3. ഏതൊരു കായികമത്സരത്തിലും അല്പം അപകട സാധ്യതയുണ്ട്. അല്പം റിസ്ക് എടുക്കാൻ കുട്ടികളെ സന്നദ്ധരാക്കുക എന്നത് കായിക പരിശീലനത്തിന്റെ ഭാഗവുമാണ്. അതേ സമയം ഡിസ്കസ് ത്രോയും ഹാമ്മർ ത്രോയും അല്പം ‘കൈ വിട്ട’ കളി തന്നെയാണ്. ഹാമ്മറും ഡിസ്‌ക്കസും കറക്കി എറിയുന്പോൾ കയ്യിൽ നിന്നും തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം മത്സരങ്ങൾ പ്രൊഫഷണലായി നടത്തുന്ന സ്ഥലങ്ങളിൽ ത്രോ ചെയ്യുന്ന സ്ഥലത്ത് ചെറിയൊരു ഭാഗം മാത്രം തുറന്നിട്ട് ബാക്കിയുള്ളത് സുരക്ഷാവേലി കെട്ടിയിട്ടുണ്ടാകും. കേരളത്തിൽ എത്ര സ്‌കൂളുകളിൽ ഇങ്ങനെയൊരു സംവിധാനമുണ്ട് ? ഈ സംവിധാനമില്ലാത്തിടത്ത് രണ്ടു ത്രോ ഐറ്റങ്ങൾ ഒരുമിച്ചു നടത്തരുത്.

4. ഒരപകടം ഉണ്ടായിക്കഴിഞ്ഞാൽ കുറച്ചു പേരെ ഉത്തരവാദികളാക്കി ശിക്ഷിക്കുന്നതിലൂടെ സമൂഹം സുരക്ഷാബോധമില്ലാതെ വരുത്തിവെക്കുന്ന വിപത്തുകളിൽ നിന്നുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകുകയാണ്. ഇതേ പാറ്റേൺ നമ്മൾ തട്ടേക്കാട് മുതൽ പുറ്റിങ്ങൽ വരെ കണ്ടതാണ്.

ഒരപകടം ഉണ്ടാകുന്നു, കുറച്ചു പേർക്കെതിരെ കേസെടുക്കുന്നു, അവർ കുറച്ചു നാൾ ജയിലിൽ കിടക്കുന്നു, കുറേ നാൾ കോടതി കയറുന്നു, സമൂഹത്തിന് സന്തോഷമാകുന്നു, ഒട്ടും സുരക്ഷാബോധം ഇല്ലാതെ നമ്മൾ വീണ്ടും മുന്നോട്ട് പോകുന്നു. അടുത്ത അപകടം വരുന്പോൾ ഇതേ കഥ ആവർത്തിക്കുന്നു.

അഫീലിന്റെ മരണം ഏറ്റവും ഖേദകരമാകുന്പോൾ തന്നെ കോട്ടയത്ത് കായിക മത്സരം നടത്തിയവരാരും അവിടെ അപകടം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചവരല്ല. കായികമേള സംഘടിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ നിയമാവലി ഉണ്ടായിരിക്കുകയും ഉത്തരവാദപ്പെട്ടവർ അവ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യമില്ലെങ്കിൽ അവരെ കുറ്റവാളികളാക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല.

(അപകട ശേഷം ഒട്ടും മനുഷ്യത്തമില്ലാതെ അപകടമുണ്ടാക്കിയ ഹമ്മർ കഴുകിയെടുത്ത് മത്സരം തുടർന്നു എന്ന് വായിച്ചു. ഇത് ശരിയാണെങ്കിൽ അത് ചെയ്തവർ തീർച്ചയായും അത്തരം പെരുമാറ്റത്തിന് ഉത്തരം പറഞ്ഞേ തീരൂ).

5. അപകടമുണ്ടാക്കിയ ഹാമ്മർ എറിഞ്ഞ കുട്ടിയുടെ മനോവേദന സ്‌കൂൾ അധികൃതർ മനസ്സിലാക്കുന്നുണ്ടെന്നും ആ കുട്ടിക്ക് വേണ്ടത്ര കൗൺസലിംഗ് നൽകുന്നുണ്ടെന്നും കരുതാം. അല്ലെങ്കിൽ വലിയ കുറ്റബോധം ആ കുട്ടിയുടെ ഭാവി ജീവിതത്തെ ബാധിക്കും. അതുണ്ടാകാതെ നോക്കണം.

ഏതാനും കുറച്ചു പേരെ കണ്ടെത്തി ശിക്ഷിക്കുന്നതിലല്ല, ഇനി ഒരു കായിക മത്സരത്തിലും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുമ്പോളാണ് അഫീലിന് ശരിയായ നീതി കിട്ടുന്നത്.

Advertisment