Advertisment

ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദുവല്ലാതായി തീരുന്ന വളരെ വിചിത്രമായ മത ബോധം

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

പ്രപഞ്ചത്തിലെ സഹസ്ര കോടി ജീവജാലങ്ങളിൽ മനുഷ്യനൊഴികെ വേറെ ആർക്കും ജാതിയും മതവും സമുദായവും ഒന്നും പ്രശ്നമല്ല. പ്രകൃതിയിലേക്ക് നോക്കി മറ്റു ജീവജാലങ്ങളിൽ നിന്ന് മനുഷ്യൻ ഇക്കാര്യത്തിൽ ഒരു പ്രചോദനം ഉൾക്കൊള്ളുന്നത് നല്ലതല്ലേ??? ഒരപകടം വരുമ്പോൾ ഇന്ന മതത്തിൽ പെട്ടവരുടെയോ; ഇന്ന സമുദായത്തിൽ പെട്ടവരുടെയോ രക്തം മതിയെന്ന് ആർക്കെങ്കിലും പറയാനാകുമോ???

പക്ഷെ വിവാഹം, പ്രേമം, അയൽക്കാർ - ഇവയൊക്കെ വരുമ്പോൾ മനുഷ്യൻ മതവും നിറവുമൊക്കെ നോക്കുന്നു. ഇന്ത്യയിൽ മാത്രമല്ല; യൂറോപ്പിലും അമേരിക്കയിലും ഒക്കെ നിറത്തിലൂന്നിയ മിഥ്യാഭിമാനം ഉണ്ട്. 'Whites Only' കോളനികൾ അവിടെയും ഉണ്ട്. വെള്ളക്കാർക്ക് മാത്രം വീട് വാടകക്ക് കൊടുക്കുന്ന രീതികൾ അത്യാധുനിക സമൂഹങ്ങളിൽ ഇന്നും നില നിൽക്കുന്നു.

publive-image

പക്ഷെ അവിടെ ഇത്തരം സങ്കുചിത വീക്ഷണങ്ങൾ ഇന്ത്യയിലേത് പോലെ ദേശീയ നയങ്ങളിലേക്ക് വരുന്നില്ല. പശുവിൻറ്റെ പേരിലോ, പന്നിയുടെ പേരിലോ നടക്കുന്ന കൊലപാതകങ്ങൾ ന്യായീകരിക്കാൻ അവിടെ ആരും ഇന്ത്യയിലേത് പോലെ വരില്ല. ദേശീയമായ മിക്കതിലും ബഹുസ്വരത അത്യാധുനിക സമൂഹങ്ങളുടെ ഭാഗമായി കഴിഞ്ഞു.

ഈ കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ തന്നെ നോക്കിയാൽ ഇത് മനസിലാകും. ഫ്രാൻസ്, ബെൽജിയം - എന്നീ രാഷ്ട്രങ്ങൾക്ക് വേണ്ടി അനേകം കറുത്ത വർഗക്കാർ കളിച്ചു. ഫൈനലിൽ ഫ്രാൻസിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത് കറുത്ത വർഗക്കാർ ആയിരുന്നു. ബഹുസ്വരതയുടെ വിജയമായിരുന്നു ഫ്രാൻസിൻറ്റെ ലോകകപ്പ് വിജയം എന്നാണ് പലരും അവകാശപ്പെട്ടത്. ഇന്ത്യ ആ രീതിയിലേക്ക് വരാൻ ഇനി എത്ര നാൾ എടുക്കും???

കുറെ വർഷങ്ങളായി മുട്ട പരസ്യങ്ങൾ പോലും ദേശീയ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് ഇവിടെ. ഒരുപക്ഷെ മുട്ട കഴിക്കാതെ മതി ഇന്ത്യ ലോകകപ്പിൽ കളിക്കാൻ എന്നായിരിക്കും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വർഗത്തിൻറ്റെ പ്രതീക്ഷ!!! ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദുവല്ലാതായി തീരുന്ന വളരെ വിചിത്രമായ ദേശീയ ബോധവും. മത ബോധവും ആണിപ്പോൾ നമ്മളെ ഭരിക്കുന്നത്.

കേരളത്തിൻറ്റെ നവോത്ഥാന മൂല്യങ്ങളിലും സമീപ കാലത്ത് വലിയ ഇടിവുണ്ടാതായിട്ടാണ് തോന്നുന്നത്. ജാതിയും, മതവും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിൻറ്റെ നവോത്ഥാന പ്രസ്ഥാനത്തിൻറ്റെ ചുക്കാൻ പിടിച്ച ശ്രീ നാരായണ അടിസ്ഥാനപരമായ വീക്ഷണം. "ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്" എന്ന മഹത്തായ മാനവിക ദർശനം ആണ് ഒരുകാലത്ത് കേരളത്തിൽ മുഴങ്ങിക്കേട്ടിരുന്നത്.

കുറേ നാൾ മുമ്പ് മാതൃഭൂമി ചാനലിൽ നടരാജ ഗുരുവിൻറ്റെ പ്രായമായ ഒരു ശിഷ്യനുമായി ഒരു ഇൻറ്റെർവ്യൂ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് എനിക്ക് ജാതിയില്ല; മതമില്ല എന്നാണ്. ശ്രീ നാരായണീയൻമാർ ആകുമ്പോൾ അങ്ങനെ തന്നെയാണ് പറയേണ്ടതും. പക്ഷെ ഇന്നിപ്പോൾ നാരായണ ഗുരുവിനേയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കാൻ നോക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പണ്ടുണ്ടായിരുന്ന ജാതി വേർതിരിവും, ശത്രുതയും ഇന്ന് പലരും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതലാക്കുമ്പോൾ നല്ലതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

..............................................................................................................

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment