Advertisment

കേജ്‌രിവാളിനെ കുറിച്ചുള്ള അപക്വമായ വിലയിരുത്തലുകളും അതിരുകടന്ന ആവേശവും

New Update

publive-image

Advertisment

രവിന്ദ് കേജ്‌രിവാളിനെ ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയായി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ സോഷ്യൽ മീഡിയയിലേയും മലയാളം ചാനലുകളിലേയും ചിലരൊക്കെ കാണുന്നു.

ഒപ്പം കോൺഗ്രസിൻറ്റെ ചരമ ദിനവും ഡൽഹിയെ കുറിച്ച് ഒന്നുമറിയാത്ത ചിലരൊക്കെ കേരളത്തിലും ഗൾഫിലും എയർ കണ്ടീഷൻ മുറികളിൽ ഇരുന്ന് വിധിക്കുന്നു.

കേരളത്തിലെ ഇടതുപക്ഷക്കാർ പണ്ടേ കോൺഗ്രസ്‌ വിരോധികളായതുകൊണ്ടായിരിക്കണം ആം ആദ്മി പാർട്ടി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ അവർ ഇത്രകണ്ട് സന്തോഷിക്കുന്നത്.

publive-image

ഡൽഹിയിൽ മാത്രം വിജയിച്ചതുകൊണ്ട് എങ്ങനെ ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ കഴിയും എന്നുള്ളത് ഇതെഴുതുന്ന ആൾക്ക് മനസിലാകാത്ത കാര്യമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഒറ്റ സീറ്റ് ഡൽഹിയിൽ പോലും കിട്ടിയില്ല.

സോഷ്യൽ മീഡിയയിലെ ചിലർ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിജയത്തിനൊപ്പം കോൺഗ്രസിൻറ്റെ ചരമ ദിനവും കുറിക്കുന്നു.

ഇൻഡ്യായാകെ വേരുള്ള ഒരു ദേശീയ പാർട്ടിയെ ഡൽഹിയിൽ മാത്രം വിജയം കൈവരിക്കാൻ സാധിക്കുന്ന ഒരു പ്രാദേശിക പാർട്ടിക്ക് എങ്ങനെ മറിച്ചിടാൻ സാധിക്കും എന്നതും ഇതെഴുതുന്ന ആൾക്ക് മനസിലാകുന്നില്ല.

സത്യത്തിൽ ഇന്ത്യ മുഴുവൻ ആം ആദ്മി പാർട്ടിക്ക് വിജയിക്കാൻ ആവുമോ? ഇന്ത്യ മുഴുവൻ ജയിക്കണമെങ്കിൽ കോർപ്പറേറ്റ് പണവും, തൊഴിൽ സൃഷ്ടിക്കുന്ന വമ്പൻ പദ്ധതികളും അവശ്യം വേണ്ട സംഗതികളാണ്.

കോർപ്പറേറ്റ് പണം കിട്ടണമെങ്കിൽ 'ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറ്റ്' അതല്ലെങ്കിൽ മൂലധന നിക്ഷേപം എന്ന് പറയുന്നത് നടത്തി വിജയിക്കണം. മൂലധന നിക്ഷേപത്തിലൂടെ മാത്രമേ തൊഴിൽ അവസരങ്ങൾ വരൂ.

കേജ്‌രിവാൾ 5 വർഷം ഡൽഹി ഭരിച്ചിട്ട് വമ്പൻ മൂലധന നിക്ഷേപം നടത്തിയ ഒരു പദ്ധതി ആർക്കെങ്കിലും ചൂണ്ടി കാണിക്കാമോ? നേരേമറിച്ച് ഷീലാ ദീക്ഷിത് 15 വർഷം ഡൽഹി ഭരിച്ചപ്പോൾ ഫ്‌ളൈ ഓവറുകൾ, അണ്ടർ പാസുകൾ, ഡൽഹി മെട്രോയുടെ വൻ മുന്നേറ്റം, കോമൺവെൽത് ഗെയിമ്സ് വില്ലേജ് - ഇങ്ങനെ അനേകം വൻ മൂലധന നിക്ഷേപമുള്ള വമ്പൻ പദ്ധതികൾ നടപ്പിലാക്കി.

ഷീലാ ദീക്ഷിതിൻറ്റെ ആ 15 വർഷത്തിലൂടെയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയുടെ മുഖഛായ മാറുന്നത്. ഡൽഹിയിലെ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻറ്റെ മുന്നിൽ പോയി നോക്കിയാൽ അറിയാം ആ മാറ്റം.

ഇങ്ങനെ ഒരു തലസ്ഥാന നഗരത്തിന് വേണ്ട രീതിയിൽ ഡൽഹിയുടെ മുഖഛായ മാറ്റുന്നതിനിടയിൽ ചുറ്റുമുള്ള ദരിദ്ര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഡൽഹിയിലേക്ക് ഒഴുകി.

ആ തൊഴിലാളികളും, ചേരികളിലേയും പുനരധിവാസ കോളനികളിലെ ആളുകളും, ലോവർ മിഡിൽ ക്‌ളാസും, ഗ്രാമീണരും ഒക്കെയാണ് കേജ്രിവാളിൻറ്റെ വോട്ട് ബെയ്‌സ്.

കൂടെ കുറച്ച് ഇടതു പക്ഷക്കാരുമുണ്ട്. ഓട്ടോക്കാരും, ടാക്സിക്കാരും, ചില വീട്ടമ്മമാരും, ഐഡിയലിസം തലക്ക് പിടിച്ച ചിലരുമാണ് കേജ്രിവാളിൻറ്റെ പ്രചാരണം നയിക്കുന്നത്. ഡൽഹിയിലെ മധ്യ വർഗമോ, വരേണ്യ വർഗമോ കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

മാധ്യമങ്ങൾ വളരെയേറെ 'ഹൈപ്പ്ഡ്' ആക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി. ഡൽഹിയിൽ അങ്ങനെ തികഞ്ഞ ആം ആദ്മി നിലപാടൊന്നും ജനങ്ങൾക്കില്ല. വൈദ്യുതിയുടേയും വെള്ളത്തിൻറ്റേയും ബില്ലൊക്കെ കുറയണമെന്നു ജനങ്ങൾക്ക് മോഹമുണ്ടായിരുന്നു.

കേജ്രിവാൾ ജനങ്ങളുടെ ആ മോഹം കുറേയൊക്കെ സാധിച്ചു തന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേജ്രിവാൾ കുറച്ചു നല്ല പ്രവർത്തനങ്ങളൊക്ക നടത്തി. പക്ഷെ 20-30 വർഷമായി ഡെൽഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡൽഹി മെട്രോ ആണ്.

കേജ്രിവാളും കേന്ദ്രവും തമ്മിൽ അടിയായത് കൊണ്ട് മെട്രോയുടെ നാലാം ഘട്ട വികസനം രണ്ടു വർഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ മെട്രോയുടെ നാലാം ഘട്ട വികസനത്തിന് അപ്പ്രൂവൽ കിട്ടിയപ്പോൾ പോലും പല സ്ഥലങ്ങളും മെട്രോ വരുന്നതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനൊക്കെ ആരെ പഴിക്കണം?

ഇന്നിപ്പോൾ ഡൽഹിയിൽ ആം ആദ്മി തരംഗമുണ്ടെങ്കിൽ വോട്ട് ശതമാനം കൂടുകയല്ലേ വേണ്ടത്? ഇത്തവണ മുഖ്യ എതിരാളിയായ ബി.ജെ.പി.-യുടെ വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തെ 32- ൽ നിന്ന് 38.66 ശതമാനമായി ഉയരുകയാണ് ഉണ്ടായത്. അതെങ്ങനെ സംഭവിച്ചു?

ഡൽഹിയിലെ മധ്യ വർഗമോ, വരേണ്യ വർഗമോ കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കാത്തതാണ് അതിന് കാരണം. അതുകൊണ്ടാണ് ഇത്തവണ ബി.ജെ.പി.-യുടെ വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തെ 32- ൽ നിന്ന് 38.66 ശതമാനമായി ഉയർന്നത്.

അതേസമയം ആം ആദ്മി പാർട്ടിയുടെ വോട്ടിങ് ശതമാനം 54.59-ൽ നിന്ന് ഇത്തവണ 53.57 ശതമാനമായി കുറയുകയും ചെയ്തു. 2015-ൽ ഉണ്ടായിരുന്ന വോട്ടുവിഹിതം പോലും 2020 ആയപ്പോൾ ആം ആദ്മി പാർട്ടിക്ക് നിലനിർത്താനായില്ല.

ഈ 5 വർഷത്തിനുള്ളിൽ വോട്ടുവിഹിതത്തിലുള്ള കുറവ് തന്നെ കാണിക്കുന്നത് ഡൽഹിയിൽ വലിയ ആം ആദ്മി തരംഗം ഒന്നും ഇല്ലാ എന്നുള്ളത് തന്നെയാണ്. ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് സെക്റ്ററും കെജ്രിവാളിനോട് അധികം മമതയൊന്നും കാണിക്കുന്നില്ല.

ഇംഗ്ളീഷ് ചാനലുകൾ പലതും ആം ആദ്മി സർക്കാരിൻറ്റെ പല നിലപാടുകൾക്കും എതിരായാണ് ഡിബേറ്റുകൾ സംഘടിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 5 വർഷത്തിനുള്ളിൽ വോട്ടുവിഹിതത്തിലുള്ള കുറവ് വന്നതിന് ഈ മാധ്യമ വിരോധവും ഒരു കാരണമാകാം.

കോൺഗ്രസ്സ് സർക്കാരുകൾ വമ്പൻ മൂലധന നിക്ഷേപത്തിലൂടെ സൃഷ്ടിച്ച വികസന പദ്ധതികളാണ് കേജ്‌രിവാളിനെ പോലുള്ള ഒരു നേതാവിനെ സൃഷ്ടിച്ചതെന്ന് വേണമെങ്കിൽ പറയാം. കേജ്‌രിവാളിന് വേണ്ടി പ്രചാരണം നടത്താൻ വലിയൊരു സൈബർ സേനയുമുണ്ട്.

പക്ഷെ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കാത്ത കേജ്രിവാളിൻറ്റെ വികസന മോഡൽ ഇന്ത്യ മുഴുവൻ ഒരിക്കലും ഓടില്ല. ഡൽഹിയിൽ പോലും അധിക നാൾ ഓടുമോ എന്നുള്ള കാര്യം സംശയമാണ്.

കാരണം ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലാണ്. ഒരു നൂറ് പോസ്റ്റിന് അപേക്ഷ ക്ഷണിച്ചാൽ ലക്ഷങ്ങൾ അപേക്ഷിക്കുന്ന സാഹചര്യം ആണ് ഇന്ന് ഈ രാജ്യത്തുള്ളത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ജാനുവരിയിൽ 12 ലക്ഷം പേരാണ് 8000 പോലീസ് കോൺസ്റ്റബിൾമാരുടെ ജോലിക്ക് അപേക്ഷിച്ചത്.

ഷീലാ ദീക്ഷിത്തിനെ പോലെ ഒരു മുതിർന്ന, പക്വതയും കാര്യഗൗരവവും ഉള്ള നേതാവിനെ കോൺഗ്രസ് പാർട്ടിക്ക് ഡൽഹിയിൽ ഇന്നില്ലാ. സിഗ്നേച്ചർ പാലം ഉൾപ്പെടെ ഷീലാ ദീക്ഷിത് തുടങ്ങി വച്ച ചില പ്രോജക്റ്റുകൾ ആണ് വികസനത്തിൻറ്റെ പേരിൽ ഇപ്പോൾ കേജ്രിവാൾ സ്വന്തം പേരിൽ ആക്കിയത്.

ദൽഹി മെട്രോയുടെ നാലാം ഘട്ടം ഇപ്പോഴും രണ്ടും മൂന്നും വർഷം പിന്നിലാണ്. ഷീലാ ദീക്ഷിത്തിനെ പോലെ ഒരു വമ്പൻ വികസന പദ്ധതിയും കേജ്‌രിവാളിന് അവകാശപ്പെടാൻ ഇല്ലാ. ഖജനാവ് കാലി ആക്കുന്ന ഫ്രീ സർവീസുകൾ ഒരിക്കലും ഒരു നല്ല സാമ്പത്തിക നടപടി ആയി കണക്കാക്കാനാവില്ല.

'ഫ്രീ സർവീസുകൾക്ക്' പൊതു ഖജനാവിലെ പണം കണ്ടമാനം കെജ്‌രിവാൾ ഒഴുക്കുന്നു. 'ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറ്റ്' അതല്ലെങ്കിൽ മൂലധന നിക്ഷേപം നടത്താൻ കേജ്രിവാളിൻറ്റെ കയ്യിൽ പണം ഇല്ലാത്തത് ഇത് മൂലമാണ്.

ഡൽഹി പോലുള്ള നമ്മുടെ തലസ്ഥാന നാഗരിക്ക് അവശ്യം വേണ്ടത് വമ്പൻ ഇൻഫ്രാസ്ട്രക്ച്ചർ വികസനമാണ്. ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിലൂടെ മാത്രമേ ഡൽഹിയിൽ തൊഴിൽ സൃഷ്ടിക്കപ്പെടുകയുള്ളൂ.

കെജ്രിവാളി ൻറ്റെ നെത്ര്വത്ത്വത്തിൽ അങ്ങനെയുള്ള വമ്പൻ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടുന്നില്ലാ. അതുകൊണ്ടാണ് ആം ആദ്മി പാർട്ടി ഒരു താൽക്കാലിക പ്രതിഭാസം ആയി പലരും നിരീക്ഷിക്കുന്നത്.

'പാനി', ബിജലി', 'സഡക്ക്' - ഇവ മൂന്നും വാഗ്ദാനം ചെയ്താണ് ഉത്തർ പ്രദേശിൽ മായാവതിക്ക് വൻ ഭൂരിപക്ഷം കിട്ടിയത്. പലരും വിചാരിക്കുന്നത് പോലെ ബഹുജൻ സമാജ് പാർട്ടി ദളിതരുടെ മാത്രം പാർട്ടി ആയിരുന്നില്ല.

ബഹുജൻ സമാജ് പാർട്ടി പാവപ്പെട്ടവരുടേയും, ചേരി നിവാസികളുടേയും പാർട്ടി ആയിരുന്നു; കൂട്ടത്തിൽ ശക്തമായ സാന്നിധ്യമായി ദളിതരും ഉണ്ടായിരുന്നെന്ന് മാത്രം. ബഹുജൻ സമാജ് പാർട്ടിയുടെ 'പാനി', ബിജലി', 'സഡക്ക്' - ഇവ മൂന്നിൽ നിന്ന് റോഡ് മാറ്റിനിർത്തി വെള്ളവും ഇലക്ട്രിസിറ്റിയും ആയിരുന്നു കേജ്രിവാളിൻറ്റെ വാഗ്ദാനങ്ങൾ.

വെള്ളവും വൈദ്യുതിയും ചേരി നിവാസികൾക്കും, പുനരധിവാസ കോളനികൾക്കും, ലോവർ മിഡിൽ ക്ലാസിനും നൽകി എത്ര നാൾ കേജ്‌രിവാളിന് ഡൽഹി ഭരിക്കാൻ സാധിക്കും? 5 വർഷം മുമ്പ് ഡൽഹിയിൽ പോലും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പാർട്ടിയാണ് ബഹുജൻ സമാജ് പാർട്ടി.

മായാവതിയും ബഹുജൻ സമാജ് പാർട്ടിയും ഇന്നെവിടെ നിൽക്കുന്നു? ഉത്തർപ്രദേശിൽ പോലും ബഹുജൻ സമാജ് പാർട്ടിയുടെ നില ഇന്നിപ്പോൾ പരുങ്ങലിലാണ്. ദീർഘ കാലാടിസ്ഥാനത്തിൽ കേജ്‌രിവാളിനെ കാത്തിരിക്കുന്നതും ഇതു തന്നെയാണ്.

വെള്ളവും വൈദ്യുതിയും ഫ്രീ ആയി കൊടുത്തുകൊണ്ട് പാവപ്പെട്ടവരെ പോലും അധിക നാൾ കൂടെ നിർത്താൻ ആവില്ല എന്ന് തന്നെയാണ് ഉത്തർപ്രദേശ് രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നത്.

കോൺഗ്രസിനെ ഡൽഹി തിരഞ്ഞെടുപ്പിലെ പരാജയം എന്താണ് പഠിപ്പിക്കുന്നത്? കേജ്‌രിവാളിന് വേണ്ടി പ്രചാരണം നടത്താൻ വലിയൊരു സൈബർ സേനയുണ്ട്. പ്രചാരണത്തിൽ കോൺഗ്രസ് മഹാമോശമാണ്.

അതല്ലെങ്കിൽ കോൺഗ്രസിനെ പോലെ രാഷ്ട്ര നിർമാണ പ്രക്രിയ നടത്തിയിട്ടുള്ള മറ്റൊരു പാർട്ടിയുണ്ടോ? നെഹ്‌റുവിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കാൻ ഈയിടെ അന്തരിച്ച പി.പരമേശ്വരനെ പോലുള്ള സംഘ പരിവാറുകാർ ശ്രമിച്ചപ്പോൾ അത് തിരുത്തേണ്ട കോൺഗ്രസുകാരെ കാണാനില്ലായിരുന്നു. അവിടെയാണ് പ്രശ്നം മുഴുവനും.

ആ 'കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണ്' ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ കോൺഗ്രസിന് തടസം. കോൺഗ്രസിൻറ്റെ കാലത്തെ കുറിച്ച് പറയാനാണെങ്കിൽ ധവള വിപ്ലവം, ഹരിത വിപ്ലവം, കംപ്യുട്ടറൈസേഷൻ, ടെലികോം റെവലൂഷൻ - അങ്ങനെ പലതുമുണ്ട്.

ആ ചരിത്രമൊന്നും കോൺഗ്രസുകാർ ഇന്ത്യൻ ജനതയെ പഠിപ്പിക്കാത്തതാണ് ബി.ജെ.പി. നേട്ടമുണ്ടാക്കാൻ കാരണം. ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ. ജവഹർ‍ലാൽ നെഹ്‌റുവിൻറ്റെ കാലം തന്നെ നോക്കൂ: വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ.

അതിനോട് താരതമ്യപെടുത്തുമ്പോൾ കുറെ നാൾ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയയിൽ നിന്നുള്ള അഭയാർഥി പ്രശ്നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആർ. ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം നെഹ്റു സർക്കാരിൻറ്റെ കാലത്തുണ്ടായതാണ്.

അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാൻറ്റ്, ഭക്രാ നൻഗൽ ഡാം - ഇവയൊക്കെ നെഹ്റു യാതാർദ്ധ്യമാക്കിയ ബ്രിഹത് പദ്ധതികളായിരുന്നു.

അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിൻറ്റെ ഉജ്ജ്വല നേട്ടം. ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്റു ആയിരുന്നു.

ഐ.എഫ്.എസ്.-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്റു നേരിട്ടാണ് ഇൻറ്റെർവ്യൂ ചെയ്തിരുന്നത്. നമ്മുടെ കെ.ആർ. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു.

ഇന്നങ്ങനെ ഇൻറ്റെർവ്യൂ ചെയ്യാൻ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ട്?

നെഹ്‌റുവിനെ കുറിച്ച് മാത്രമല്ല; ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷൻ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റർ മൻമോഹൻ സിംഗിന്റെ ആധാർ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്.

ഷീലാ ദീക്ഷിത്തിൻറ്റെ ഡൽഹിയിലെ വികസന പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇന്ന് മറ്റ്‌ നേതാക്കളുടെ സംഭാവനകൾ പോലെ തന്നെ പലരും മനസിലാക്കുന്നില്ല; ഒപ്പം കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ള പ്രചാരണവും വളരെയധികം ഉണ്ട്.

നെഹ്രുവും ഇന്ദിരാ ഗാന്ധിയും മാത്രമല്ലാ; ഡോക്ടർ മൻമോഹൻ സിങ്ങും രാഷ്ട്ര നിർമാണ പ്രക്രിയയിൽ കരുത്തുറ്റ സംഭാവനകൾ നൽകിയ വ്യക്തിത്ത്വമാണ്.

ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ മൻമോഹൻ സിംഗിൻറ്റെ നേട്ടങ്ങളാണ്.

ഡോക്ടർ മൻമോഹൻ സിംഗിൻറ്റെ കൂടെ പ്രവർത്തിച്ച ചിലരെ എനിക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മൻമോഹൻ സിംഗ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തൻറ്റെ പ്രീമിയർ പദ്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാൾ ഇതെഴുതുന്ന ആളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.

അങ്ങനെയുള്ള ഡോക്ടർ മൻമോഹൻ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താൽപര്യക്കാർ 2G കേസിൽ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ!!! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ?

മാധ്യമ പ്രവർത്തകർ മുൻ CAG വിനോദ് റായിയോട് അതിൻറ്റെ പേരിൽ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല. ഡോക്ടർ മൻമോഹൻ സിംഗ് അന്തർ മുഖനായിരുന്നു.

അത് ബി.ജെ.പി. - യും, സംഘ പരിവാറുകാരും മാക്സിമം മുതലാക്കി. പക്ഷെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീർഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടർ മൻമോഹൻ സിംഗ്. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും.

ഡൽഹിയിലെ ഏറ്റവും പാവപ്പെട്ട ഒരു വിഭാഗമായിരുന്നു സൈക്കിൾ റിക്ഷാക്കാർ. പക്ഷെ കഴിഞ്ഞ 8-10 വർഷങ്ങളായി ചവിട്ടുന്ന സൈക്കിൾ റിക്ഷകൾ ഡൽഹിയിൽ കുറഞ്ഞു വരികയാണ്. ആ സ്ഥാനം ഇലക്ട്രിക്ക് റിക്ഷകൾ കയ്യടക്കുന്നു.

ഞങ്ങൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിൽ 90 ശതമാനം ചവിട്ടുന്ന സൈക്കിൾ റിക്ഷകളും അപ്രത്യക്ഷമായി കഴിഞ്ഞു. സത്യത്തിൽ ഇതുപോലുള്ള ക്രിയാത്മകമായ പരിപാടികളാണ് ദാരിദ്ര്യം നേരിടാൻ ഏറ്റവും നല്ലത്.

അത്തരം ക്രിയാത്മകമായ പദ്ധതികൾ മറ്റാരേക്കാളും ആവിഷ്കരിച്ചത് കോൺഗ്രസ് സർക്കാരുകൾ ആയിരുന്നു.

ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ ഡോക്ടർ മൻമോഹൻ സിംഗിൻറ്റെ ഭരണകാലത്തെ നേട്ടങ്ങളാണ്.

UPA ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മൻമോഹൻ സിംഗ് തയാറായത് എന്ന് സഞ്ജയ് ബാറു തൻറ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു.

കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രിയായ ഡോക്ടർ മൻമോഹൻ സിങ് മുന്നോട്ടു വെച്ചത്.

UPA ഭരണ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല.

എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്.

138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്.

ഇതെഴുതുന്ന ആൾക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു.

സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ ഇന്ന് ബി.ജെ.പി.-യും, സംഘ പരിവാറുകാരും പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടർ മൻമോഹൻ സിങ് പരാജയമാകും?

ദാരിദ്ര്യം നേരിടുന്നതിൽ കേജ്‌രിവാളും തീർച്ചയായും പരാജയം ആയിരുന്നില്ലാ. ദരിദ്രരെ സംരക്ഷിച്ച വഴി ഡൽഹി തിരഞ്ഞെടുപ്പിൽ വിജയം അദ്ദേഹം അർഹിക്കുന്നു.

തോൽക്കുന്ന പാർട്ടിക്ക് വോട്ടു ചെയ്തിട്ട് കാര്യമില്ല എന്ന് കരുതിയ കോൺഗ്രസ് പ്രവർത്തകരിൽ പലരും ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്തു. "ആങ്ങള ചത്താലും വേണ്ടില്ല; നാത്തൂൻറ്റെ കണ്ണീര് കാണണം" - എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ടല്ലോ.

കോൺഗ്രസുകാരുടെ ഇടയിൽ ബി.ജെ.പി.-യോടുള്ള സമീപനം ഇത്തരത്തിലുള്ള പോരുകാരിയായ സഹോദരിയുടേതായിരുന്നു എന്ന് പറയേണ്ടി വരും. കോൺഗ്രസ് തോറ്റാലും പ്രശ്നമില്ല; ബി.ജെ.പി. ജയിക്കരുത് എന്നുള്ള ചിന്തയായിരുന്നു അവരുടെ ഇടയിൽ പ്രബലം.

സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിക്കുന്നതിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അവർ മനപ്പൂർവം പിന്നോക്കം പോയതായിരുന്നോ എന്ന് സംശയിക്കണം. കോൺഗ്രെസും ആം ആദ്മി പാർട്ടിയും തമ്മിൽ അഡ്ജസ്റ്റ്‌മെൻറ്റ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് പല കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും വായിച്ചെടുക്കേണ്ടത്.

രാജ്യത്തെ പല ഭാഗങ്ങളിലും ബി.ജെ.പി.-യുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനെതിരേ ഒരു ജനകീയ സമരം ഉരുത്തിരിഞ്ഞു വരുമ്പോൾ, ആം ആദ്മി പാർട്ടിക്ക് അനുകൂലമായി ഒരു നിഷ്ക്രിയ നിലപാട് കോൺഗ്രസ് നെത്ര്വത്വം സ്വീകരിച്ചെങ്കിൽ അത് ശരിയായ കാര്യം തന്നെയാണ്.

കോൺഗ്രസ്സ് സർക്കാരുകൾ ഉണ്ടാക്കിയ വികസന മുന്നേറ്റം വൈകിയാണെങ്കിലും ഡൽഹിയിലെ ആളുകൾ തിരിച്ചറിയും. കാരണം ഡൽഹി മാറിയത് എങ്ങനെയാണെന്ന് പല ഡെൽഹിക്കാരും നേരിട്ട് കണ്ടിട്ടുണ്ട്.

ഇപ്പോഴും കോൺഗ്രസിന് വോട്ട് ബെയ്‌സ് ഡൽഹിയിൽ ഉണ്ട്. പി. സി. ചാക്കോയെ പോലുള്ള ഒന്നിനും കൊള്ളാത്ത ചിലരെ ഡൽഹിയിലെ പാർട്ടി നയിക്കാൻ ഏൽപിച്ചതാണ് കോൺഗ്രസ്‌ ചെയ്ത തെറ്റ്.

കഴിവുള്ളവർ നേതൃ സ്ഥാനത്തേക്ക് വന്നാൽ കോൺഗ്രസ്‌ അണികളുടെ ആത്മവീര്യം വീണ്ടെടുക്കുവാൻ സാധിക്കും. ഒന്നുമില്ലെങ്കിലും തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്‌.

കേജ്‌രിവാൾ തീർച്ചയായും ഒരു മോശം മുഖ്യമന്ത്രിയല്ലാ. വിദ്യാഭ്യാസം, ആരോഗ്യം - ഈ മേഖലകളിൽ സംഭാവനകൾ നൽകുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ സംഭാവനകളെക്കാൾ നൂറിരട്ടി പ്രചാരണം നടക്കുന്നുണ്ടെന്ന് മാത്രം.

മൊഹല്ല ക്ലിനിക്കുകൾ, തെരുവോരത്ത് താമസിക്കുന്നവർക്ക് ഷെൽട്ടറുകൾ - ഇവ സ്ഥാപിച്ചതൊക്കെ കേജ്രിവാളിൻറ്റെ നല്ല പദ്ധതികളായിരുന്നു.

വൈദ്യുതി ചാർജ്, ബസ് ചാർജ്, വാട്ടർ ചാർജ് - ഇവ ഒക്കെ കുറച്ചതും, സാമ്പത്തികം കുറഞ്ഞവർക്ക് അതൊക്കെ സൗജന്യമാക്കിയതുമൊക്കെ ഡൽഹി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ അളവറ്റ് സഹായിച്ചു.

ജെ.എൻ.യു. - വിൽ നന്ന ആക്രമണത്തോടും, പൗരത്വ പ്രക്ഷോഭത്തോടും തണുത്ത സമീപനം സ്വീകരിച്ച കെജ്‌രിവാൾ ഒരു നല്ല തന്ത്രശാലിയായ നേതാവാണ്. ഷഹീൻ ബാഗിലെ പ്രക്ഷോഭകാരികൾക്കെതിരെ ഉണ്ടായ വെടിവെപ്പിനോടും കേജ്‌രിവാൾ തീവ്രമായി പ്രതികരിച്ചു കണ്ടില്ല.

മതവും രാജ്യസ്നേഹവും ഡൽഹി പോലുള്ള നമ്മുടെ തലസ്ഥാന നഗരിയിൽ വളരെ 'സെൻസിറ്റീവ്' ആയുള്ള കാര്യങ്ങളാണെന്ന് തന്ത്രശാലിയായ കേജ്‌രിവാവാളിന് അറിയാം. നേതാക്കളെ മുഴുവൻ നിർത്തി ബി.ജെ.പി.-യുടെ ഭിന്നിപ്പിക്കൽ പ്രചാരണം അധികം ഏശാതെ പോയത് കേജ്രിവാളിൻറ്റെ പക്വമായ നിലപാട് മൂലമാണ്.

വികസന പദ്ധതികളും, തന്ത്രപരമായ രാഷ്ട്രീയ സമീപനങ്ങളും കാണിക്കുന്നത് കേജ്‌രിവാൾ ഒരു മോശം നേതാവല്ലാ എന്ന് തന്നെയാണ്.

അതുകൊണ്ടുതന്നെ ഡൽഹി തിരഞ്ഞെടുപ്പിൽ വിജയം അദ്ദേഹം അർഹിക്കുന്നു. പക്ഷെ ആ വിജയത്തോട് സോഷ്യൽ മീഡിയയിലും, മലയാള ചാനലുകളിലും നടക്കുന്ന ചില വികാര ജീവികളുടെ അപക്വമായ വിലയിരുത്തൽ കണ്ടില്ലെന്ന് നടിക്കാനും ആവില്ല.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment