Advertisment

ഇന്ത്യയിലുള്ള നിറത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ..

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ്. ഹിന്ദുയിസത്തിൽ ശ്രീകൃഷ്ണൻ കാർവർണനാണ്; പരമ ശിവനാകട്ടെ നീലകണ്ഠനും. പക്ഷെ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ ആഴത്തിൽ വേരൂന്നിയിട്ടുള്ള നമ്മുടെ സമൂഹത്തിൽ കാർവർണനെ ആരാധിക്കുന്ന സ്ത്രീകളും, നീലകണ്ഠനായ പരമ ശിവനെ ആരാധിക്കുന്നവരും വെളുപ്പിൽ അഴകില്ല എന്ന് പറഞ്ഞാൽ പെട്ടെന്നൊന്നും അംഗീകരിച്ചു തരില്ല.

പെണ്‍കുട്ടികൾ വെളുത്തിരിക്കണം എന്നതാണ് നമ്മുടെ സൗന്ദര്യ സങ്കൽപ്പം. അതുകൊണ്ടാണ് പാർവതി, ലക്ഷ്മി, സരസ്വതി - ഈ ദേവതമാരെല്ലാം വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്. നാഷണൽ മ്യുസിയത്തിലോ, മറ്റേതെങ്കിലും ചരിത്ര മ്യുസിയത്തിലോ പോയാൽ പണ്ടുണ്ടായിരുന്ന ദേവതാ സങ്കൽപ്പങ്ങളിൽ ഇങ്ങനത്തെ വെളുത്തു തുടുത്തിട്ടുള്ളതും, പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നതും ആയിരിക്കുന്ന ഒരു ദേവതകളേയും കാണാൻ സാധിക്കില്ല എന്നുള്ളത് പരമ സത്യമാണ്. പക്ഷെ അതൊന്നും ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

ചരിത്രപരമായി ആര്യൻ വരവോടു കൂടിയും, പിന്നീട് യവനരും, മുഗളനും, താർത്താരിയും, അഫ്ഗാനിയും, പേർഷ്യരും എല്ലാം ചേർന്നാണ് ഇൻഡ്യാക്കാർക്ക് ഈ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ സമ്മാനിച്ചത്. 200-300 വർഷം നമ്മെ ഭരിച്ച ബ്രട്ടീഷുകാരാണ് ശരിക്കും ഈ നിറത്തെ ചൊല്ലിയുള്ള 'സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്' ഇൻഡ്യാക്കാരിൽ രൂഢമൂലമാക്കിയത്.

publive-image

ബ്രട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസർമാർക്കും, സിവിൽ സർവീസ് ഉദ്യോഗസ്ഥ പ്രഭുക്കൾക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാൻ വലിയ പ്രയാസമായിരുന്നു. അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാർ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്!!!

ഇന്ത്യയിൽ 'ഹോമോജെനസ്' ആയിട്ടുള്ള ഒരു കമ്യുണിറ്റി പോലും ഇല്ലാ എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ ഒന്നടക്കം പറയുന്നത്. ഒരു ഗ്രാമത്തിൽ തന്നെയുള്ള പലരും പോലും പല നിറക്കാരും, പല ശാരീരിക 'ഫീച്ചേഴ്സും' ഉള്ളവരുമാണ്. പക്ഷെ നിറം ഇന്ത്യയിൽ എന്നും വളരെ 'സെൻസിറ്റിവ്' ആയ വിഷയം ആയിരുന്നു. അതുകൊണ്ടാണല്ലോ കോടി കണക്കിന് രൂപയുടെ വെളുക്കാനുള്ള ക്രീമായ 'ഫെയർ ആൻഡ് ലവ്ലി' വിറ്റു പോയത്; ഇന്നും വിൽക്കപ്പെടുന്നത്.

സ്ത്രീകളെ സംബന്ധിച്ചാണ് ഇത് എറ്റവും 'സെൻസിറ്റീവ്' ആയിട്ടുള്ളത്. കല്യാണങ്ങളിൽ 'പെണ്ണിന് നിറം കുറഞ്ഞു പോയി' എന്നുള്ളത് സ്ഥിരം കേൾക്കുന്ന ഒരു പരിദേവനമാണല്ലോ. കേരളത്തിൽ മാത്രമല്ല; ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഇതെഴുതുന്നയാളുടെ ഒരു ബംഗാളി സ്ത്രീ സുഹൃത്ത് പറഞ്ഞത് ബംഗാളിലും കല്യാണമാലോചിക്കുമ്പോൾ ആദ്യം പരിഗണിക്കുന്നത് നിറമാണെന്നാണ്.

കറുപ്പിനെ ചൊല്ലിയുള്ള ഈ അപകർഷതാ ബോധം മാറ്റാൻ എന്താണ് എളുപ്പമുള്ള വഴി? എനിക്ക് തോന്നുന്നത് നമ്മുടെ നടൻ ശ്രീനിവാസനാണ് എറ്റവും നല്ല വഴി പറഞ്ഞു തന്നിട്ടുള്ളതെന്നാണ്. ശ്രീനിവാസൻ തൻറ്റെ നിറത്തെ കുറിച്ച് പറഞ്ഞു ആഘോഷിക്കുകയാണ്; ജീവിതം ആഹ്ലാദഭരിതമാക്കുകയാണ്. വളരെ ചുരുക്കം പേർക്കേ ഇതു പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ. തൻറ്റെ നിറത്തേയും, രൂപത്തെയും പറ്റി സ്വയം കളിയാക്കാൻ ഒരു മടിയും ശ്രീനിവാസൻ പല സിനിമകളിലും കാണിച്ചിട്ടില്ല.

ഒരു സിനിമയിൽ വെളുത്ത നിറമുള്ള പെണ്ണിനെ കെട്ടാൻ മുഖം മുഴുവനും ക്രീം തേക്കുന്ന ശ്രീനിവാസനേയും ഇനി കൂടുതൽ വെളുക്കണമെങ്കിൽ വൈറ്റ് വാഷ് ചെയ്യണമെന്ന് പറയുന്ന ബ്യുട്ടീഷനെയും കാണാം. തനിക്കു നല്ല ഗ്ളാമർ ഉണ്ടെന്ന് പല ഇൻറ്റെർവ്യൂകളിലും ശ്രീനിവാസൻ മടി കൂടാതെ പറഞ്ഞിട്ടുമുണ്ട്. സ്വന്തം നിറത്തേയും, രൂപത്തെയും പറ്റി നല്ല ആത്മ വിശ്വാസമുള്ളവർക്കേ അങ്ങനെ പറയാൻ സാധിക്കൂ.

പിന്നെ വേണ്ടത് ശാസ്ത്ര ബോധമാണ്. ഇന്ത്യയിൽ 'ഫെയർ ആൻഡ് ലവ്ലി' - യും, ആയുർവേദ മരുന്നുകളും ഉപയോഗിച്ച് ശരീരം വെളുപ്പിക്കാൻ ശ്രമിക്കുമ്പോൾ മദാമ്മമാർ വെയിൽ കൊണ്ട് കാണ്ടമാനമുള്ള വെളുപ്പ് മാറ്റിയെടുക്കുവാൻ ശ്രമിക്കുകയാണ്. പക്ഷെ അവിടെയും നിറത്തെ ചൊല്ലി പ്രശ്നങ്ങളുണ്ട്.

ജർമ്മൻ സിറ്റിസൺ ആയ ഒരു മലയാളി ഇതെഴുതുന്നയാളോട് പറഞ്ഞ ഒരു സംഭവം പറയാം. അവർ താമസിക്കുന്ന മുറിക്കടുത്ത് ഒരു കറുത്ത വർഗക്കാരൻ ഒരു ജർമ്മൻ നേഴ്‌സിനെ ഡെയ്റ്റിങ്ങിൻറ്റെ ഭാഗമായി കൊണ്ടുവന്നു. രാത്രി മുഴുവൻ അവർ സെക്സിൽ ഏർപ്പെട്ടു. രാവിലെ നേഴ്‌സിനെ ട്രെയിനിൽ കയറ്റി യാത്ര അയക്കാൻ ചെന്നപ്പോൾ കറുത്ത വർഗക്കാരൻ ഒന്ന് ചുംബിക്കാൻ ശ്രമിച്ചു. നേഴ്സ് സമ്മതിച്ചില്ല.

വെളുത്ത വർഗക്കാരിയെ കറുത്ത വർഗക്കാരൻ പരസ്യമായി ചുംബിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കുറച്ചിലായിരുന്നു. ആകെ ഡിപ്രെസ്ഡ് ആയി തിരിച്ചു വന്ന ആ കറുത്ത വർഗക്കാരനെ നോർമലാക്കാൻ തങ്ങൾ വളരേ പണിപ്പെട്ടു എന്നാണ് ആ മലയാളിയായ ജർമ്മൻ സിറ്റിസൺ ഇതെഴുതുന്ന ആളോട് പറഞ്ഞത്. രാത്രി മുഴുവൻ സെക്സിൽ ഏർപ്പെട്ടാലും പകൽ പരസ്യമായി ചുംബിക്കാൻ പാടില്ല. വളരേ വിചിത്രമല്ലേ കാര്യങ്ങൾ???

സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മലയാളികളിലും പണ്ട് ഈ നിറത്തെ ചൊല്ലി പ്രശ്‌നങ്ങളുണ്ടായിരുന്നു. കേരളത്തിലെ വിവാഹ മാർക്കറ്റിൽ നിറം കുറവാണ് എന്ന കാരണത്താൽ മാറ്റിനിർത്തപ്പെടുന്ന പെൺകുട്ടികളെ തമിഴ്നാട്ടിലേയും മൈസൂരിലേയും വിവാഹ മാർക്കറ്റിലേക്ക് പണ്ട് കയറ്റുമതി ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു.

പണ്ട് കേരളത്തിൽ ജോലി ചെയ്തിരുന്ന തമിഴരും അവരുടെ വരുമാനത്തിൽ ഏറിയപങ്കും ചിലവഴിക്കുന്നത് സ്വന്തം മുഖം ഒന്ന് വെളുപ്പിക്കാൻ ആയിരുന്നു. നിറ വെറിയുടെ പരിഹാസങ്ങൾ തന്നെ കാരണം. ഇന്ന് പല ഇന്ത്യൻ നഗരങ്ങളിൽ ആഫ്രിക്കക്കാർക്ക് തല്ലു കിട്ടുന്നതും ഈ നിറ വെറി കൊണ്ടു തന്നെ.

ഇന്നത്തെ സംഘ പരിവാറുകാരുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിലാപാടെടുക്കണമെങ്കിൽ കറുപ്പിനെ അംഗീകരിക്കണം. വെളുത്ത ഗോമാതാവ് തരുന്നതെല്ലാം നമ്മുടെ കറുത്ത എരുമ മാതാവും തരുന്നുണ്ടല്ലോ. എന്നിട്ടെന്താ വെളുത്ത ഗോമാതാവിനെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന സംഘ പരിവാറുകാർ കറുത്ത എരുമ മാതാവിനെ സംരക്ഷിക്കണമെന്ന് പറയാത്തത്???

കറുത്തു മെലിഞ്ഞ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് സംഘ പരിവാറുകാർ 'ഭാരത മാതാവായി' പ്രദർശിപ്പിക്കാത്തത്? 'ഭാരത മാതാവ്' എന്തുകൊണ്ടാണ് വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ സ്ത്രീകളെല്ലാം അങ്ങനെ വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നവരാണോ??? ഇന്ത്യൻ സ്ത്രീത്ത്വത്തിൻറ്റെ പ്രതീകമായി 'ഭാരത മാതാവിനെ' പ്രദർശിപ്പിക്കുമ്പോൾ യാഥാർഥ്യ ബോധം എന്നൊന്ന് വേണ്ടേ???

മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള ആളാന്ദിയൽ 'ജീവ സമാധിയായി' കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധനായ ജ്ഞാനേശ്വറിനെ കുറിച്ചുള്ള ഒരു കഥയുണ്ട്. പണ്ട് ഒരു യജ്ഞസ്ഥലത്ത് ബ്രാഹ്മണർ ജ്ഞാനേശ്വറിന് പ്രവേശനം നിഷേധിച്ചു.

അഹങ്കാരികളായ ബ്രാഹ്മണരെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടി ജ്ഞാനേശ്വരി എഴുതിയ ജ്ഞാനേശ്വർ യജ്ഞ സ്ഥലത്ത് പ്രവേശനം നിഷേധിച്ചപ്പോൾ വഴിയെ പോകുന്ന ഒരു പോത്തിനെ വിളിച്ചു ബ്രാഹ്മണരോട് പറഞ്ഞു: "വേണമെങ്ങിൽ ഈ പോത്തിനും വേദം ജപിക്കാമെന്ന്". "കാണട്ടെ" എന്നു ബ്രാഹ്മണരും പറഞ്ഞു. ജ്ഞാനേശ്വർ പോത്തിനെ അനുഗ്രഹിച്ചു. പോത്ത് പോത്തിൻറ്റെ ശബ്ദത്തിൽ വേദം ജപിക്കാൻ തുടങ്ങി.

വിദ്വേഷ രാഷ്ട്രീയം പ്രസംഗിക്കുന്ന സംഘ പരിവാറുകാരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ പണ്ട് ജ്ഞാനേശ്വർ ചെയ്തത് പോലെ ഈ കലികാലത്തിലും പോത്തിനെ കൊണ്ട് വേദം ജപിപ്പിക്കണമെന്നാണ് തോന്നുന്നത്.

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment