Advertisment

ഇന്ത്യയിൽ നോൺ വെജിറ്റേറിയൻ ആഹാര രീതികൾ പിന്തുടരുന്നവർക്കിടയിൽ കൊറോണ വ്യാപിക്കുമോ ? കൊറോണയുടെ സമയത്തും ഇൻഡ്യാക്കാർക്കിടയിൽ അന്ധവിശ്വാസങ്ങൾ പന പോലെ വളരുകയാണ്

New Update

publive-image

Advertisment

കോവിഡ് - 19 എന്ന് നാമകരണം ചെയ്തിട്ടുള്ള കൊറോണയുടെ സമയത്തും ഇൻഡ്യാക്കാർക്കിടയിൽ അന്ധവിശ്വാസങ്ങൾ പന പോലെ വളരുകയാണ്. അതിലൊന്നാണ് മുട്ടയും മീനും ഇറച്ചിയും ഒക്കെ കഴിച്ചാൽ കോവിഡ് - 19 അതിവേഗത്തിൽ പടരും എന്നുള്ളത്.

'നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി' (NECC) രണ്ടു ദിവസം മുമ്പ് ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ ദേശീയ പത്രങ്ങളിൽ പരസ്യം ചെയ്യുക വരെ ഉണ്ടായി.

കഴിഞ്ഞ ദിവസം സ്വാമി രാംദേവ് യോഗ ചെയ്യുന്നതും, പുഷ് അപ്പ് എടുക്കുന്നതും റിപ്പബ്ലിക്ക് ചാനൽ ലൈവ് ആയി കാണിക്കുകയുണ്ടായി. ശരീരത്തിന്റെ ഫിറ്റ്നെസിനും, മാനസികാരോഗ്യത്തിനും യോഗാഭ്യാസം വളരെ നല്ലതാണ്. പക്ഷെ ഹഠയോഗം അനുഷ്ഠിച്ചത് കൊണ്ട് മാത്രം കോവിഡ് - 19 പകരാതിരിക്കുമോ?

ഇന്ത്യയിലെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരുന്ന അനേകം പേർ കൊറോണ സമയത്തു തന്നെ അന്ധ വിശ്വാസം പ്രചരിപ്പിക്കുകയാണ്. നിരവധി ബി.ജെ.പി. നേതാക്കൾ അത് ആവർത്തിക്കുക പോലും ചെയ്യുന്നു.

അവർക്കെതിരെ ഒരു നടപടിയും കേന്ദ്ര സർക്കാരിൻറ്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലാ. പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തിയ ആളുകളെ മാലയിട്ടാദരിക്കുന്ന സംഘ പരിവാറുകാരിൽ നിന്ന് അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ നടപടി പ്രതീക്ഷിക്കുന്നത് തന്നെ വലിയ തെറ്റാണ്.

publive-image

ഇന്ന് ഉത്തരേന്ത്യക്കാരും നന്നായി ഇറച്ചിയും, മീനും, മുട്ടയും ഒക്കെ കഴിക്കും. ഇതെഴുതുന്നയാൾ ഡൽഹിയിൽ പഠിച്ചപ്പോൾ എന്റെ റൂം മേറ്റ് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരു ബ്രാഹ്മണൻ മിശ്ര ആയിരുന്നു. പുള്ളി ബീഫ് അടക്കം എല്ലാം കഴിച്ചുട്ടെണ്ടെന്നാണ് എന്നോട് പറഞ്ഞത്.

നല്ല വണ്ണവും, പൊക്കവുമുള്ള ആളായത് കൊണ്ട് ഒരു ഫുൾ ചിക്കനൊക്കെ പുള്ളി കഴിക്കുമായിരുന്നു. ഇന്ന് മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ചിക്കൻ വറുത്തതും, ചിക്കൻ സൂപ്പും, മുട്ടയും, മീൻ ടിക്കയുമൊക്കെ കിട്ടും.

സ്വന്തം വീട്ടിൽ നോൺ വെജിറ്റേറിയൻ ഉണ്ടാക്കാത്തവർ പോലും പുറത്തു പോയി കഴിക്കുന്നത് ഇതെഴുതുന്നയാൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.

ആധുനികവൽകരിക്കപെട്ട എല്ലാ സമൂഹങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും പ്രതിപത്തി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ ഇതാണ് കാണിക്കുന്നത്.

2016 - ൽ കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ കണക്കുകളിൽ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും നോൺ വെജിറ്റേറിയൻ ആഹാരം കഴിക്കുന്നവരാണ് ഭൂരിപക്ഷം.

ആന്ധ്ര, തെലുങ്കാന, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ 90 ശതമാനത്തിൽ ഏറെയും പേർ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകളിൽ തന്നെ ഉള്ളത്.

സസ്യാഹാരം കഴിക്കുന്ന സംസ്ഥാനങ്ങളിൽ പോലും 30 മുതൽ 40 ശതമാനം വരെ ആളുകൾ സസ്യേതര ഭക്ഷണം കഴിക്കുന്നവരുമാണ്.

ഇന്ത്യയിൽ പൊതുവെ പശു ഇറച്ചി ആരും കഴിക്കാറില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ്. മലയാളികളും, ബംഗാളികളും മീൻ കഴിക്കുന്നത് പോലെ ഇന്ത്യയിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ പശു ഇറച്ചി കഴിക്കും.

അവരെ സംബന്ധിച്ച് ബീഫ് വില കുറഞ്ഞ മാംസം ആണ്. നല്ല പ്രോട്ടീൻ കിട്ടുന്ന വില കുറവുള്ള ഭക്ഷണം. ബീഫിൽ പശു ഇറച്ചിയും പെടും. പശു ഇറച്ചിയും, പോത്തിറച്ചിയും, എരുമയുടെ ഇറച്ചിയും കൂടി ചേരുന്നതാണ് ഇന്ത്യയിൽ ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും ദളിതരും, പാവപെട്ടവരും, മുസ്ലീങ്ങളും വില കുറഞ്ഞ മാംസം എന്ന രീതിയിൽ ബീഫ് കഴിക്കുന്നവരാണ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കാണെങ്കിൽ ഉത്തരേന്ത്യയിൽ പോലും ബീഫ് കഴിക്കുന്നതിനു മതപരമായ വിലക്കില്ല.

ചരിത്രകാരന്മാർ തന്നെ പറയുന്നത് ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഈ പശു സംരക്ഷണം ഒരു വലിയ വിഷയം ആക്കുന്നതിനു മുൻപ് ഇതൊരു വലിയ വിഷയമേ ആയിരുന്നില്ല എന്നാണ്.

പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പശു ഇറച്ചി ഒരു പ്രശ്നമേ അല്ല.

ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്ക് അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇതൊക്കെ കാണിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ നാഷണൽ ജ്യോഗ്രഫിക് വളരെ നന്നായി കാണിച്ചിട്ടുണ്ട്.

കേരളത്തിൽ നോൺ വെജിറ്റെറിയൻ വിളമ്പിയിരുന്ന മിക്ക ഹോട്ടലുകളിലും, തട്ടു കടകളിലും കിട്ടിയിരുന്ന വിഭവം ആയിരുന്നു ബീഫ്. കേരളത്തിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും ബീഫിന് യാതൊരു വിലക്കും ഇല്ല.

ബംഗാളികളും നോൺ വെജിറ്റെറിയൻ ആഹാരത്തിൻറ്റെ കാര്യത്തിൽ ഒട്ടും മോശക്കാരല്ല. മീനൊക്കെ ജാതി മത ഭേദമെന്യേ ബംഗാളി സംസ്കാരത്തിൻറ്റെ ഭാഗം തന്നെയാണ്.

വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്നവരാണ് ബംഗാളി ബ്രാഹ്മണർ. പഞ്ഞാബികൾക്കാണെങ്കിൽ തന്തൂരി ചിക്കനടക്കം പല മംസാഹാരങ്ങളും ഉണ്ട്. കാശ്മീരിൽ ആണെങ്കിൽ അനവധി മാംസാഹാര വിഭവങ്ങളുണ്ട്.  27 തരം മട്ടൻ വിഭവങ്ങളുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. തമിഴർക്കാണെങ്കിൽ ചെട്ടിനാടൻ ചിക്കനുണ്ട്.

2006 -ലെ സി.എസ്.ഡി.എസ്. സർവ്വേ പറയുന്നത് 69 ശതമാനം ഇന്ത്യാക്കാരും മാംസാഹാരികൾ ആണെന്നാണ്. 45 ശതമാനം ബ്രാഹ്മണർ പോലും മാംസാഹാരികൾ ആണെന്നാണ് സി.എസ്.ഡി.എസ്. സർവ്വേ പറയുന്നത്.

അത് കൊണ്ട് സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവൽകരിച്ചു പറയുകയും അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ട ഒരു കാര്യവുമില്ല. ഇതൊക്കെ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ഒന്നോർത്തിരിക്കുന്നതു നല്ലതാണ്.

ഇന്ത്യയിലെ പല നഗരങ്ങളിലും നിന്നുള്ള നാഷണൽ സാമ്പിൾ സർവേകൾ നോൺ വെജിറ്റെറിയൻ ആഹാരത്തോടും, ഫാസ്റ്റ് ഫുഡ്സ് - നോടും ഇൻഡ്യാക്കാർക്കും പ്രതിപത്തി ഏറി വരുന്നതായിട്ടാണ് കാണിക്കുന്നത്. നൂഡിൽസും അതു പോലുള്ള ആഹാരങ്ങളും വീടുകളിൽ മാത്രമല്ല; കവലകളിലും കിട്ടും.

ഉത്തരേന്ത്യയിലെ അനേകം നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും ഇതെഴുതുന്നയാൾക്കിത് നേരിട്ട് കാണുവാൻ സാധിച്ചിട്ടുണ്ട്. അത് കൂടാതെ ഭാര്യയും, ഭർത്താവും ജോലി ചെയ്യുന്ന ഇന്ത്യയിലെ ഇന്നത്തെ അണു കുടുംബങ്ങളിൽ ആർക്കാണ് പാരമ്പര്യ ഭക്ഷണ രീതികൾ കർശനമായി പിന്തുടരാൻ സമയമുള്ളത്?

അത് കൊണ്ട് തന്നെ ബ്രെഡ്ഡും, ബട്ടറും, ജാമും, ഓംലെറ്റും ഒക്കെ ഇന്ത്യയിലെ പല കുടുംബ ആഹാര ക്രമങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്നത്തെ കുട്ടികൾക്കാണെങ്കിൽ ഐസ്ക്രീമിനോടും, പിസയോടും, നൂഡിൽസിനോടും ഒക്കെ താൽപര്യം നല്ലതു പോലെ ഉണ്ട്.

ഇന്ത്യയിലെ പട്ടാള ക്യാമ്പുകളിലെല്ലാം പൂണുൽ ഇട്ട ഉയർന്ന ജാതിക്കാർ വരെ മീൻ, മുട്ട, ചിക്കൻ, മട്ടൺ എല്ലാം കഴിക്കുന്നവരാണ്. ഞങ്ങളുടെ അടുത്തുള്ള ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിൻറ്റെ ക്യാമ്പിലേക്ക് അവർ സ്ഥിരമായി മട്ടണും ചിക്കനും ഒക്കെ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ട്.

മലയാളികൾ സൺഡേ സ്പെഷ്യൽ ആയി സ്വകാര്യമായി ഉണ്ടാക്കുന്ന ബീഫ് കറിയിൽ നിന്നും വാങ്ങി കഴിക്കുന്ന ചില പൂണൂൽ ധാരികളും ഇഷ്ടം പോലുള്ള നാടാണ് ഇന്ത്യ. മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കല്ല; മിശ്രഭുക്കാണ് എന്നതാണ് ഇതൊക്കെ കാണിക്കുന്നത്.

ഇപ്പോൾ വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ ധാരാളം ഉണ്ട്. അവരുടെ പ്രധാന വാദം പല്ലിൻറ്റെ ഘടന, മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങൾ, മനുഷ്യ സ്വഭാവത്തിൽ മാംസാഹാരം വരുത്തുന്ന മാറ്റങ്ങൾ - ഇവയെല്ലാം പരിഗണിക്കുമ്പോൾ സസ്യാഹാരം ആണ് മനുഷ്യന് നന്ന് എന്നാണെന്നാണ്.

എണ്ണയിൽ വറുക്കാത്തതും, ഉപ്പും, മുളകും, മസാലയും, പുളിയും ഒന്നും അധികമില്ലാത്ത സസ്യാഹാരത്തിൻറ്റെ മഹത്ത്വം ഇതെഴുതുന്ന ആളും നിഷേധിക്കുന്നില്ല. പക്ഷെ അപ്പോഴും ചോദ്യം ഉയരുന്നു - മനുഷ്യൻ അടിസ്ഥാനപരമായി മാംസാഹാരിയോ; അതോ സസ്യാഹാരിയോ?

മനുഷ്യ ചരിത്രത്തിൻറ്റെയും, മനുഷ്യൻറ്റെ ആഹാര രീതിയുടെയും ചരിത്രം 'The Great Human Race' എന്ന പരമ്പരയിലൂടെ നാഷണൽ ജ്യോഗ്രഫിക് വളരെ നന്നായി കാണിക്കുന്നുണ്ട്.

ടാൻസാനിയായിൽ ഒരു സ്ത്രീയെയും, പുരുഷനെയും ആദിമ കാലത്തെ എന്നത് പോലെ ആഹാരം കഴിച്ചു കൊണ്ട് ജീവിക്കുന്ന കാഴ്ചയാണ് നാഷണൽ ജ്യോഗ്രഫിക് കാണിച്ചു തരുന്നത്. ആദ്യം മനുഷ്യൻ മറ്റു മൃഗങ്ങൾ കീഴ്പ്പെടുത്തുയ മൃഗങ്ങളെ അവർ ഭക്ഷിച്ചതിനു ശേഷമുള്ള മാംസം കഴിച്ചിരുന്നു.

പിന്നീടാണ് കല്ലുകൾ കൊണ്ട് മൃഗങ്ങളെ കീഴ്പ്പെടുത്താനുള്ള ആയുധങ്ങൾ മനുഷ്യൻ ഉണ്ടാക്കുന്നത്. മനുഷ്യൻ തീ കണ്ടെത്തുന്നതു വരെ കായ്കിഴങ്ങുകളും ജീവികളേയും പച്ചയ്ക്കാണ് ഭക്ഷിച്ചിരുന്നത്.

ഒറ്റയ്ക്കും, കൂട്ടത്തോടെയുമുള്ള വേട്ടയാടലുകൾ മനുഷ്യൻറ്റെ ആവശ്യമായിരുന്നു. വെന്ത മാംസം കഴിച്ചു തുടങ്ങിയതിൽ പിന്നെയാണ് മനുഷ്യന് ശാരീരികമായ ചില മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയത്.

പല്ലിൻറ്റെ വലിപ്പം കുറഞ്ഞതും കുടലിൻറ്റെ നീളം കുറഞ്ഞതുമൊക്കെ ഇതിൽ വരും. കൃഷി കണ്ടു പിടിക്കുന്നത് വരെ മനുഷ്യൻ വെറും നായാടി ആയിരുന്നു.

കൃഷി കണ്ടു പിടിച്ചതോടൊപ്പം മനുഷ്യൻ മൃഗങ്ങളെ വളർത്താനും തുടങ്ങി. ആടും, ഒട്ടകവും, പശുവും, യാക്കും ഒക്കെ ഇങ്ങനെ മനുഷ്യൻ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്ത മൃഗങ്ങളാണ്. പാലിന് വേണ്ടി മാത്രമല്ല; മാംസത്തിനും വേണ്ടി കൂടെയായിരുന്നു ഇങ്ങനെ 'ഡൊമിസ്റ്റിക്കേറ്റ്' ചെയ്തത്.

യഥാർത്ഥത്തിൽ കൃഷി കണ്ട് പിടിച്ചത് തന്നെ മനുഷ്യൻറ്റെ അടിസ്ഥാനപരമായ വേട്ടയാടലിന് എതിരായിരുന്നു എന്ന വാദം കൂടി നരവംശ ശാസ്ത്രജ്ഞന്മാർക്കിടയിൽ ഉണ്ട്.

അനേകം നൂറ്റാണ്ടുകളിലെ പരിണാമങ്ങൾക്ക് ഒടുവിലാണ് മനുഷ്യൻറ്റെ ലക്ഷക്കണക്കിന് വർഷങ്ങളായി മാംസാഹാരത്തിനും, കായ്കിഴങ്ങുകൾക്കും അനുരൂപമായിരുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് വ്യതിയാനം സംഭവിച്ചത്.

മണിക്കൂറുകൾ കുനിഞ്ഞ് നിന്ന് അരിക്കും ഗോതമ്പിനും വേണ്ടി ഞാറ് നടുന്നതും, കള പറിക്കുന്നതും മറ്റും നായാടിയായ മനുഷ്യൻ അനേകം നൂറ്റാണ്ടുകൾക്കു ശേഷം രൂപപ്പെടുത്തിയ ജീവിതചര്യ ആണ്.

മാംസാഹാരികൾ ക്രൂരന്മാരാണെന്ന നിഗമനം ശുദ്ധ ഭോഷ്കാണ്. മനുഷ്യ ശരീരത്തിലുള്ള ദഹന രസങ്ങൾ കൃത്യമായി 'ആൽക്കലയിൻ' അല്ല. 'അസിഡിക്' കൂടി ചേർന്നതാണ്. അത് കൊണ്ട് തന്നെ മനുഷ്യൻറ്റെ ദഹന രസം സസ്യാഹാരത്തിനു മാത്രം അനുയോജ്യമാണെന്ന വാദവും തെറ്റാണ്.

മാംസാഹാരത്തിൽ അധിഷ്ഠിതമായ ആദിമ മനുഷ്യൻറ്റെ ജീവിതചര്യക്ക് തെളിവുണ്ടോ എന്ന് ശാസ്ത്ര കൗതുകമുള്ളവർ ചോദിച്ചു പോകും. തെളിവുണ്ട് എന്നു തന്നെയാണ് കൃത്യമായ ഉത്തരം.

പ്രസിദ്ധ ചരിത്രകാരനായ വിൽ ഡ്യൂറൻറ്റ് തന്റെ ഭാര്യയായ ഏരിയൽ ഡ്യൂറൻറ്റുമൊപ്പം നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയിട്ടുണ്ട്. 13 വോളിയത്തിലുള്ള ‘The Story of Civilization’ ചരിത്ര വിദ്യാർത്ഥികളുടേയും, നരവംശ ശാസ്ത്രജ്ഞന്മാരുടേയും ഒരു നിധിയാണ്.

അതീവ മനോഹരമായ ഭാഷാ ശൈലി കൊണ്ടും, ഗവേഷണത്തിൻറ്റെയും, തെളിവുകളുടെയും വിപുലത കൊണ്ടും ഏതൊരു വായനക്കാരനെയും അമ്പരപ്പിക്കുന്നതാണ് വിൽ ഡ്യൂറൻറ്റിൻറ്റെ കൃതികൾ.

നാഗരികതയുടെ ചരിത്രം - 13 വോളിയമായി എഴുതിയതിന് പുറമേ ‘The Story of Philosophy’, ‘Lessons from History’ - എന്നീ പുസ്തകങ്ങളും വിൽ ഡ്യൂറൻറ്റ് എഴുതിയിട്ടുണ്ട്. 'ബെസ്റ്റ് സെല്ലെർ' പട്ടികയിലുള്ള ‘The Story of Civilization’ - ലെ ആദ്യ വോളിയമാണ് ‘Our Oriental Heritage’.

ആ പുസ്തകത്തിലെ പ്രസിദ്ധമായ അധ്യായമാണ് ‘From Hunting to Industry’. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ആദിമ മനുഷ്യൻറ്റെ നായാടലിൽ നിന്ന് വാണിജ്യത്തിലേക്കുള്ള ചരിത്രമാണിത്.

വിൽ ഡ്യൂറൻറ്റ് ആഫ്രിക്കയിൽ പോയ അനേകം മിഷനറിമാരുടെ യാത്രാ വിവരണങ്ങളും, പര്യവേഷക സംഘങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ആദിമ മനുഷ്യൻറ്റെ ആഹാര രീതിയുടെ ചരിത്രം വിവരിക്കുന്നു.

എല്ലാ ആദിമ മനുഷ്യരുടെ കൂട്ടവും മാംസാരികൾ മാത്രമല്ല; അവർ മനുഷ്യ മാംസവും തിന്നിരുന്നു എന്നാണ് വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിൽ ഡ്യൂറൻറ്റ് പറയുന്നത്.

ഗോത്ര ജനതകൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കീഴ്പ്പെടുത്തിയവരുടെ രക്തം കുടിക്കുകയും, മാംസം ഭക്ഷിക്കുകയും ചെയ്യുന്നതും സർവ സാധാരണം ആയിരുന്നു എന്നാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ചകൾ വിവരിച്ചു കൊണ്ട് വിൽ ഡ്യൂറൻറ്റ് പറയുന്നത്.

നാഷണൽ ജ്യോഗ്രഫിക്കും ഇപ്പോൾ പോലും മനുഷ്യ മാംസം ഭക്ഷിക്കുന്നവർ ആഫ്രിക്കയിലെ ഉൾ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്.

ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്കിടയിലും അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്.

നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.

ഇനി കേരളത്തിൻറ്റെ പ്രാദേശിക സസ്കാരത്തിലേക്കു വന്നാലോ? മൽസ്യത്തിലും, മാംസത്തിലും, മുട്ടയിലും ഒക്കെ അധിഷ്ഠിതമായ ഒരു വിപുലമായ ഭക്ഷ്യ സംസ്കാരം കേരളത്തിൽ ഉണ്ടായിരുന്നു; കേരളീയമായ വൈദ്യ സംസ്കാരത്തിൽ പോലും ഉണ്ടായിരുന്നു.

കേരളത്തിൽ മിക്ക വീടുകളിലും പണ്ട് കോഴിയും, കോഴി കൂടും ഉണ്ടായിരുന്നു. കുട്ടനാട്ടിൽ മിക്ക വീടുകളിലും താറാവും, താറാവു കൃഷിയും ഉണ്ടായിരിന്നു. കേരളത്തിൽ മിക്ക ആളുകളും, പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ ഉള്ളവർ മീൻ കഴിക്കുന്നവരാണല്ലോ.

പ്രസവ ശേഷം പല സ്ത്രീകൾക്കും പണ്ട് ആട്ടിൻ സൂപ്പ് കൊടുക്കുമായിരുന്നു. താറാമുട്ടയിൽ മുക്കുറ്റി ചേർത്ത് കൊടുക്കുന്ന രീതി, താറാമുട്ടയിൽ കങ്കായനം ഗുളികയും, കരിയാംബൂവും ചേർത്ത് കൊടുക്കുന്ന രീതി, ആമ ഇറച്ചി, കോഴി മരുന്ന് - അങ്ങനെ എത്രയോ പ്രയോഗങ്ങൾ നമ്മുടെ ആയുർവേദത്തിലും, നാട്ടു വൈദ്യത്തിലും, ആദിവാസി വൈദ്യത്തിലും ഉണ്ടായിരുന്നു.

ഇന്ത്യയിൽ സസ്യാഹാരികൾ വെജിറ്റേറിയൻസ്) ആണ് കൂടുതൽ രോഗികൾ എന്നാണ് ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’ - ലെ ചീഫ് ഫിസിഷ്യൻ ഇതെഴുതുന്ന ആളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.

കാരണം ലളിതം. സസ്യാഹാരത്തിൻറ്റെ പേരിൽ ഇവിടെ അങ്ങേയറ്റം , മസാലയുള്ളതും എണ്ണ മയമുള്ളതും ആയിട്ടുള്ള ആഹാരം ആളുകൾ കഴിക്കുന്നു.

കൂടാതെ കണ്ടമാനം മധുരം കഴിക്കുന്നതുകൊണ്ട് ലോകത്തിലെ 'പ്രമേഹത്തിൻറ്റെ തലസ്ഥാനം' കൂടിയാണ് ഇന്ത്യ മഹാരാജ്യം. അപ്പോൾ പിന്നെ ഇന്ത്യയിലെ സസ്യാഹാരത്തിന് എന്ത് മഹത്വമാണ് ഉള്ളത്?

ഭക്ഷണ കാര്യത്തിൽ 'കൺക്ലൂഷൻ' ഒന്നേയുള്ളൂ. നിങ്ങൾക്ക് ദഹന ശക്തിയുണ്ടോ - എന്തും കഴിക്കാം. കല്ലും ദഹിക്കണം എന്നാണ് ആയുർവേദ ആചാര്യന്മാർ പറയുന്നത്. പല ആയുർവേദ ഡോക്ടർമാരും എന്നോടിത് നേരിട്ടു പറഞ്ഞിട്ടുണ്ട്.

യോഗാചാര്യന്മാരും, സന്യാസികൾ പോലും പറഞ്ഞിട്ടുണ്ട്. കുമയൂൺ യോഗ സംസ്ഥാൻ സ്ഥാപിച്ച ഡോക്ടറായ സ്വാമി ഗ്യാൻ വിജയ് സരസ്വതി നേരിട്ട് ഇതെഴുതുന്ന ആളോട് പറഞ്ഞിട്ടുണ്ട് - "ദഹന ശക്തിയുണ്ടോ എന്തും കഴിക്കാം" - എന്നാണ് അദ്ദേഹം പറഞ്ഞത്.

പക്ഷെ ഇപ്പോൾ ഇതൊന്നും പറയാൻ പാടില്ലല്ലോ. സംസ്കാരത്തിൻറ്റെ സംരക്ഷകരായ കുറെ ആളുകളും, സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവൽകരിച്ച് സംസാരിക്കുന്നവരും വന്നിട്ടുണ്ടല്ലോ.

ഇന്നിപ്പോൾ സസ്യാഹാരത്തെ (വെജിറ്റേറിയനിസം) മഹത്വവൽകരിച്ച് പലരും പലതും പറയുന്നു. അതൊക്കെ ഹിന്ദു സമൂഹത്തിൻറ്റെ അഭിവാജ്യ ഖടകങ്ങളായാണ് പലരും കാണുന്നത്.

ഇന്ധ്യയിൽ ഗോമാംസത്തിനെതിരെ ഇത്ര വലിയ പുകിൽ ഉണ്ടാക്കുന്നത് എന്തിനാണെന്ന് വിവേകമുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. ആയുർവേദത്തിൽ ഗോമാംസം അടക്കമുള്ള പല മാംസ ഭക്ഷണങ്ങളുടെ ഗുണ ഗുണങ്ങളെ കുറിച്ച് കൃത്യമായ വിവരണമുണ്ട്.

ആടിൻറ്റെ മാംസം പോലെ തന്നെ വേറെ പല ഗുണങ്ങളും ഉള്ളതാണ് ഗോമാംസവും. ഇറച്ചികൾ വേർ തിരിക്കുമ്പോൾ മതത്തിൻറ്റെ കണ്ണിൽ കൂടി നോക്കുമ്പോഴാണ് കുഴപ്പം മുഴുവനും.

വാജീകരണ ചികിത്സയിൽ ഗോമാംസം അത്യുത്തമമാണ്. ചില രോഗികൾക്ക് ഓജസ്സും, ശക്തിക്കും വേണ്ടി മാംസ ഭക്ഷണം വേണ്ടി വരും.

അങ്ങനെയുള്ള രോഗികൾ സസ്യാഹാരികളായ രോഗികൾ ആണെങ്കിൽ അവർ അറിയാതെ മാംസ ഭക്ഷണം കൊടുക്കണമെന്നാണ് അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയെ പോലുള്ളവർ പറയുന്നത്. ചരക സംഹിതയിൽ തന്നെ ഗോമാംസത്തിൻറ്റെ ഗുണ ഗുണങ്ങൾ അടങ്ങിയ ഉദ്ധരിണികൾ ഉണ്ട്.

പണ്ട് ക്ഷാമവും, പ്രളയവും ഒക്കെ വരുമ്പോൾ ആളുകൾ പശുക്കളെ കൊന്നു തിന്നിരുന്നു. പിന്നീടു ക്ഷാമവും, പ്രളയവും ഒക്കെ മാറുമ്പോൾ അവർക്ക് പാലിനും, ചാണകത്തിനും വേറെ മാർഗം ഇല്ലായിരുന്നു. ഇതിനൊരു പോംവഴി ആയിട്ടാണ് ഗോവധ നിരോധനം ഇന്ത്യയിലെ കാർഷിക സംസ്കാരത്തിൻറ്റെ ഭാഗമായത്.

അപ്പോഴും മാട്ടിറച്ചി കഴിക്കുന്ന പലരും ഉണ്ടായിരുന്നു. ഇതൊക്കെ പല ചരിത്ര കാരന്മാരും ചൂണ്ടി കാണിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗോവധ നിരോധനം ഇന്ത്യയിൽ വേണമെന്ന് വാശി പിടിക്കുന്നത് അബദ്ധ ജടിലമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമാണോ? ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴും ചാണകം മെഴുകിയ തറയിലാണോ എല്ലാവരും കിടക്കുന്നത്?

ചാണകം മെഴുകിയ മുറ്റങ്ങളും വീടുകളിലും നിന്ന് സിമൻറ്റിട്ടും, റെഡ് ഓക്സഡുമായി വീടുകളുടെ ഫ്ലോറുകൾ മാറി. പിന്നീട് മൊസയ്ക്ക് വന്നു. ഇപ്പോൾ ടൈൽസും, മാർബിളുമൊക്കെയായി.

ഉത്തരേന്ത്യയിലും ഇത്തരം വിപുലമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു. വിദൂര ഗ്രാമങ്ങളിൽ മാത്രമാണ് മാറ്റമില്ലാത്തത്. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പോലെ കേരളത്തിൽ ചാണകം ഉണക്കിയെടുത്താണോ പാചകം ചെയ്യുന്നത്?

പശുവും, എരുമയും ആണോ കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്ര? പാൽ, തൈര്, വെണ്ണ, നെയ്യ്, പനീർ, പാൽ ഉൽപന്നങ്ങളിൽ നിന്നുള്ള ബർഫി പോലുള്ള അനേകം പലഹാരങ്ങൾ - ഇതൊക്കെ മിക്ക ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും, നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ഉണ്ട്. പാലിനെ കൂടാതെ ഉത്തരേന്ത്യയുടെ പോലെ പാൽ ഉൽപന്നങ്ങൾ കേരളത്തിൽ ഉണ്ടോ?

ഉത്തരേന്ത്യൻ ഗ്രാമ സംസ്കാരം കേരളത്തിലും പറിച്ചു നടാൻ ശ്രമിക്കുകയാണ് ചില സംഘടനകൾ. യമനിൽ ആടിനെ മേയ്ക്കാൻ പോകുന്നവരിൽ നിന്ന് വലിയ വിത്യാസം ഒന്നും ഈ പശു സ്നേഹികൾക്കും, സസ്യാഹാര പ്രിയർക്കും ഇല്ല.

'നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി' (NECC) രണ്ടു ദിവസം മുമ്പ് മുട്ടക്കെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെ ദേശീയ പത്രങ്ങളിൽ പരസ്യം ചെയ്യുവാൻ നിർബന്ധിതമായത് തന്നെ കാണിക്കുന്നത് അതാണ്.

കോവിഡ് - 19 എന്ന കൊറോണയുടെ സമയത്തെങ്കിലും വെജിറ്റേറിയനിസത്തിനു വേണ്ടി ഘോര ഘോരം വാദിക്കുന്നവർ മിതത്വം പാലിക്കേണ്ടതുണ്ട്.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)

Advertisment