Advertisment

നൂറ്റാണ്ടുകളായി ഇവിടെ ഒരുമിച്ചു ജീവിക്കുന്ന ഹിന്ദുവിന്റേയും മുസ്ലീമിന്റേയും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലായിടങ്ങളിലും അധികാര മോഹങ്ങളാണ് മതത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ കാരണം

New Update

publive-image

Advertisment

പ്പോൾ ഇസ്‌ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ പോയ നിമിഷയേയും, സോണിയയേയും കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നു. ഐസിസു-കാർ മസ്ജിദിൽ പോകുന്നില്ല എന്നാണ് ഫാത്തിമയും ആയിഷയും ഇപ്പോൾ പറയുന്നത്.

മുമ്പ് നിമിഷയും സോണിയയും ആയിരുന്ന ഇവർക്ക് ഇപ്പോൾ ബുദ്ധന് ബോധോദയം വന്നതുപോലെ പതുക്കെ പതുക്കെ ബോധോദയം വരുന്നൂ. ആടുമേയ്ക്കാൻ പോകുന്നതിനു മുമ്പ് ഈ ബോധോദയം ഒന്നും ഒരിക്കലും വന്നിരുന്നില്ല.

ചില പഠനങ്ങളൊക്കെ പറയുന്നത് ഇസ്‌ലാമിക്ക് സ്റ്റേറ്റിൽ ആളുകൾ ചേരുന്നത് അവരുടെ പുരുഷ കാമനകളെ ഉദ്യോതിപ്പിക്കാനാണെന്നാണ്. അടങ്ങാത്ത ലൈംഗിക മോഹങ്ങളും, അധികാര മോഹങ്ങളും ഒക്കെ വരുമ്പോൾ ഭക്തിക്കും ആത്മീയതക്കും അവിടെ എന്താണ് പ്രസക്തി? മതപരമായ പ്രാർത്ഥനകൾക്ക് പോലും ഐസിസു-കാർ പോകാത്തത് വെറുതെയല്ല.

സത്യം പറഞ്ഞാൽ മതത്തെ അധികാര താൽപര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്ന ആളുകളൊന്നും ഭക്തിയോടോ, ആത്മീയതയോടോ, മതപരമായ പ്രാർത്ഥനകളോടോ ഒരു താൽപര്യവും കാണിക്കാറില്ലെന്നുള്ളതാണ് യാഥാർഥ്യം.

പാക്കിസ്ഥാൻ സ്ഥാപകനായ മുഹമ്മദാലി ജിന്നയുടെ ജീവിതം തന്നെ നോക്കിയാൽ ഇത് വളരെ വ്യക്തമാകും. മുഹമ്മദാലി ജിന്നയെ ഇസ്ലാമിക നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തന്നെ തെറ്റായ പ്രയോഗമാണ്.

പേരിൽ ഒഴിച്ചാൽ ഇന്ത്യയിലെ ഒരു ശരാശരി മുസ്ലീമുവായി ജിന്നക്ക് വളരെ വിദൂര സാമ്യമേയുണ്ടായിരുന്നുള്ളൂ. ജിന്ന എങ്ങിനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. 80 ശതമാനം സുന്നി മുസ്ലീങ്ങളുള്ള ഇന്നത്തെ ഇന്ത്യയിലെ (അന്നത്തെ ഭാരതത്തിലും) ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഉപവിഭാഗമായ ഖോജ ഷിയ വിശ്വാസിയായിരുന്നു ജിന്ന.

publive-image

അന്നും ഇന്നും വളരെ ചെറിയ ഭൂരിപക്ഷമുള്ള ഈ സമുദായം ഒരു പ്രഭു കുടുംബരീതിയിൽ ജീവിക്കുന്നവരാണ്. മത വിശ്വാസത്തിൽ മുസ്ലീങ്ങളുമായി വളരെയധികം വ്യത്യസപ്പെട്ട് കിടക്കുന്ന ജിന്നയും ഖോജാ ഷിയ വിഭാഗവും ഒരിക്കലും ഇന്ത്യൻ മുസ്ലീങ്ങളുടെ മത നേതാവായിരുന്നില്ല.

രാഷ്ട്രീയ / ഭരണ താൽപര്യത്തിലൂന്നി അദ്ദേഹം ചെയിതതിനൊക്കെ ഒരു മതത്തിൻറ്റെ പിന്തുണ ഒരിക്കലുമുണ്ടായിരുന്നില്ല. വെറും അധികാര മോഹിയായിരുന്നു ജിന്ന. അതിനു വേണ്ടി മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തി. അധികാരത്തിനു വേണ്ടി മത കാർഡ് കളിച്ച വ്യക്തിയാണ് ജിന്ന.

ജിന്ന വിവാഹം ചെയിതിരുന്നത് പാഴ്സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി പാഴ്സി വിഭാഗത്തിൽപെട്ട സ്ത്രിആയിരുന്നു. (അവർ 'മറിയം' എന്ന പേർ സ്വീകരിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിൽ പിന്നീട് ചേർന്നിട്ടുണ്ട്.) ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല.

എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ജിന്നയുടെ എതിരാളിയായിരുന്ന ഗാന്ധിക്ക് ജിന്നക്ക് അറിയാവുന്നതിനേക്കാൾ വളരെ നന്നായി ഖുർആനിലെ പല ഉദ്ധരണികളും അറിയാമായിരുന്നു.

മഹാത്മാ ഗാന്ധി എല്ലാ വൈകുന്നേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു. സൂഫിസത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ മുസ്ലീമിന്റെ ആധ്യാത്മികത കൂടുതൽ ഉൾക്കൊണ്ടത് ജിന്നയെക്കാൾ എന്തുകൊണ്ടും ഗാന്ധിയായിരുന്നു എന്ന് നിസംശയം പറയാം.

ഇനി ജിന്നയുടെ ജീവിതരീതികളുടേയും, മതാനുഷ്ഠാനത്തിന്റെയും കാര്യം പറയുകയാണെങ്കിൽ ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളിൽ കാണാം.

ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവചരിത്രങ്ങളിൽ പറയപ്പെടുന്നുണ്ട്. വരേണ്യ വർഗ്ഗത്തിൽ പെടുന്ന ആളുകളെ പോലെ തന്നെ സ്ഥിരം വൈകീട്ട് സ്ക്കോച്ചും ഹവാനാ ചുരുട്ടും ഉപയോഗിക്കുന്ന ആളായിരുന്നു മുഹമ്മദാലി ജിന്ന.

മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. മുന്തിയ തരം സ്കോച്ചിൽ താഴെയുള്ള മദ്യമൊന്നും ജിന്ന കഴിച്ചിരുന്നില്ലെന്നുമാണ് 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' പോലുള്ള പുസ്തകങ്ങൾ പറയുന്നത്.

ഇംഗ്ളീഷിൽ പറയുന്നത് പോലെ 'ക്രോണിക് സ്മോക്കർ' ആയിരുന്നു ജിന്ന. 'ക്രോണിക് സ്മോക്കർ' ആയതു കൊണ്ട് തന്നെ പിൽക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടി പെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉർദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു.

ഇംഗ്ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാൻറ്റ്സുമൊക്കെ. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

ജിന്നയെ പോലെ തന്നെ അധികാര മോഹികളാണ് സംഘ പരിവാറുകാരും. ഭക്തിയോ, ആത്മീയതയോ, മതപരമായ പ്രാർത്ഥനകളോ സംഘ പരിവാറുകാരുടേയും അടുത്തുകൂടി പോലും പോവത്തില്ല.

ഇന്ത്യയിൽ ബി.ജെ.പി. അധികാരത്തിൽ വരാൻ കാരണമായ ബാബരി മസ്ജിദ് Vs രാമ ജൻമഭൂമി വിഷയം അടിസ്ഥാനപരമായി രാഷ്ട്രീയം മാത്രമാണ്. ബാബ്രി മസ്ജിദ് വിവാദം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ പ്രശസ്ത എഴുത്തുകാരനായ ആശിഷ് നന്ദി അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പൂജാരിയുമായി ഒരു ഇൻറ്റർവ്യൂ നടത്തുകയുണ്ടായി.

അപ്പോൾ ആ പൂജാരി ആശിഷ് നന്ദിയോട് പറഞ്ഞത് ബി.ജെ.പി. - യിലെ ഒറ്റ നേതാക്കൾ പോലും ക്ഷേത്രത്തിൽ വന്നിട്ടില്ല എന്നാണ്. ആകെ വിജയ രാജാ സിന്ദ്യ മാത്രമാണ് വന്നത്. അവർ പോലും നേരിട്ട് വന്നില്ല.

പുഷ്പാഞ്ജലി കഴിക്കാൻ ഒരാളുടെ കയ്യിൽ കാശ് കൊടുത്തു വിട്ടത് മാത്രം. പിന്നീട് രാമജന്മഭൂമി വിവാദത്തെ എതിർത്ത ആ പൂജാരി ദാരുണമായി കൊല ചെയ്യപ്പെട്ടു. ക്ഷേത്രപൂജാരിയെ കൊല ചെയ്തത് ആരാണ്? എന്താണ് അവരുടെയൊക്കെ ഭക്തിയും ആത്മീയതയും ?

പണ്ട് ഡൽഹിയിലെ ഒരു സെമിനാറിൽ പ്രശസ്ത എഴുത്തുകാരനായ ആശിഷ് നന്ദി അയോധ്യയുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്നത് ഇതെഴുതുന്ന ആൾ നേരിട്ട് കേട്ടതാണ്. ഇതെഴുതുന്ന ആൾ ആശിഷ് നന്ദിയുടെ പ്രഭാഷണം കേട്ട് കഴിഞ്ഞു ഒരു തവണ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസിൽ പോകുമ്പോൾ ഉത്തർ പ്രദേശിൽ നിന്നുള്ള 3 എം.എൽ. എ. - മാർ കൂടി ഞങ്ങളുടെ കമ്പാർട്ട്മെൻറ്റിൽ ഉണ്ടായിരുന്നു.

ദക്ഷിണേന്ത്യയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു ഉത്തർ പ്രാദേശിലേക്കു മടങ്ങുകയായിരുന്നു ആ 3 എം.എൽ. എ. - മാർ. ആശിഷ് നന്ദി പറഞ്ഞ കാര്യം ഞാൻ അവരോട് പറഞ്ഞു. അവർ ഒന്നും മിണ്ടിയില്ല. സംഭവം വാസ്തവമാണെന്ന് അവർക്കും അറിയാം.

ബാബ്ബ്രി മസ്ജിദ് പൊളിച്ച് ജനങ്ങളുടെ പ്രശനങ്ങളുമായി ബന്ധവുമില്ലാത്ത ഒരു വ്യാജ 'ഇഷ്യു' ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും സൃഷ്ടിച്ചു. ഇതുപോലെ മുസ്ലിം വിരോധവും, ന്യൂനപക്ഷ വിരോധവും രാഷ്ട്രീയ നേട്ടത്തിനായി ആസൂത്രിതമായി നടപ്പിലാക്കുകയാണ് സംഘ പരിവാർ.

ഇന്ത്യ മഹാ രാജ്യത്ത് സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശനവുമില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് വാരണാസിയിൽ ജീവിക്കുന്നത്. വിശ്വ പ്രസിദ്ധമായ 'ബനാറസ് സിൽക്ക് സാരി' നെയ്യുന്നത് മുസ്ലീങ്ങളാണ്. അവർ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമാണ് താമസിക്കുന്നതും.

ഇതെഴുതുന്നയാൾ വാരണാസി സന്ദർശിച്ചപ്പോൾ 'ബനാറസ് സിൽക്ക് സാരി' വാങ്ങിക്കാൻ എന്നെ ഒരു മുസ്ലിം നെയ്ത്തുകാരൻറ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് തന്നെ യോഗിയായ ലഹരി മഹാശയയുടെ വീടിന് അടുത്തുള്ള ഒരു കച്ചവടക്കാരനാണ്.

ഇന്ത്യയുടെ ക്ഷേത്ര നഗരികളിലെല്ലാം ഇതുപോലെ ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് ജീവിക്കുന്നത്. രാമേശ്വരം ക്ഷേത്രത്തിനടുത്താണ് നമ്മുടെ മുൻ പ്രസിഡൻറ്റ് ഡോക്ടർ അബ്ദുൽ കലാം ജനിച്ചു വളർന്ന വീട്. രാമേശ്വരത്തും ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് ജീവിക്കുന്നത്.

അതുപോലെ തന്നെ വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യമതക്കാർ ആയിരങ്ങളാണ്.

ഫക്കീറായിരുന്ന ഷിർദി സായി ബാബയേയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയേയും, ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. പുനെയ്ക്കടുത്തുള്ള ഷിർദ്ദി സായി ബാബയുടെ ഖബറിൽ പോകുന്നവരിൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളാണ്.

"അള്ളാ മാലിക്" (God is King), "സബ് കാ മാലിക് ഏക്" (Everyone's Master is One) എന്നു പറഞ്ഞ ഒരു മുസ്ലീമിൻറ്റെ ഖബറിന് ചുറ്റുമാണ് അവിടെ ഒരു അമ്പലമുള്ളത്. പച്ചത്തുണി വിരിച്ച ഖബറിൽ താടി വളർത്തിയ മുസൽമാന്മാർ വിശറി വീശുന്നത് അവിടെ ആർക്കും കാണാം. ആയിരക്കണക്കിന് വരുന്ന ഭക്ത ജനങ്ങളിൽ ഒരു മുസ്ലീമിനേയും അവിടെ കാണാറില്ല. ഹിന്ദുക്കളാണ് സായി ബാബയെ കൂടുതലും ദൈവമായി കണ്ട് ആരാധിക്കുന്നത്.

ഇതൊക്കെ കാണിക്കുന്നത് ഭക്തിയുടേയും, ആത്മീയതയുടേയും കാര്യത്തിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണ ജനങ്ങൾ മത വ്യത്യാസങ്ങൾ നോക്കാറില്ല എന്നാണ്. ഇങ്ങനെ തികഞ്ഞ മത സൗഹാർദത്തോടെ ജീവിക്കുന്ന ഇൻഡ്യാക്കാരിൽ രാഷ്ട്രീയ താൽപര്യം മാത്രം ലക്ഷ്യം വെച്ച് ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. അപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അത് അയോധ്യയുടെ കാര്യത്തിലാണെങ്കിലും, കാശിയുടെ കാര്യത്തിലാണെങ്കിലും, മധുരയുടെ കാര്യത്തിലാണെങ്കിലും.

പുറത്തുനിന്നുള്ളവരാണ് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നതും. നൂറ്റാണ്ടുകളായി അവിടെ ഒരുമിച്ചു ജീവിക്കുന്ന ഹിന്ദുവിൻറ്റേയും മുസ്ലീമിൻറ്റേയും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല. എല്ലായിടങ്ങളിലും സത്യം പറഞ്ഞാൽ അധികാര മോഹങ്ങളാണ് മതത്തിൻറ്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ കാരണം. നിഷ്കളങ്കരായ വിശ്വാസികൾ പലപ്പോഴും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment