Advertisment

ഹൂപ്പ് സ്‌കേർട്ടുകളിലൂടെയും രുദാലിമാരിലൂടെയും പ്രകടമായിരുന്ന കുലസ്ത്രീകളുടെ ആഢ്യത്ത്വം - ഒരുകാലത്ത് ആഢ്യ സ്ത്രീകൾ അനുവർത്തിക്കേണ്ടിയിരുന്ന ആചാരങ്ങൾ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

വിചാരിതമായാണ് ഒരിക്കൽ 'ഹൂപ്പ് സ്‌കേർട്ട്' അണിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ ഇൻറ്റർനെറ്റിൽ കണ്ടത്. ഞാൻ അത് കൂടെ ജോലി ചെയ്യുന്ന ഒരു മാന്യ വനിതയെ കാണിച്ചു. അവർക്കു ഭയങ്കര ചിരി. 'ഹൂപ്പ് സ്‌കേർട്ടിൻറ്റെ' തുണി മാത്രമേ വെളിയിൽ കാണൂ. അതിനുള്ളിൽ വളയമൊക്കെയുണ്ട്. ഈ വളയമൊക്കെ വെച്ച് സ്ത്രീകൾ എങ്ങനെ ഇരിക്കും; എങ്ങനെ നടക്കും - എന്നൊക്കെ ചോദിച്ചപ്പോൾ എൻറ്റെ കൂടെ ജോലി ചെയ്യുന്ന മാന്യ വനിതക്കു പോലും അറിയില്ല.

മധ്യ കാല യൂറോപ്പിൻറ്റെ സംഭാവനയാണ് 'ഹൂപ്പ് സ്‌കേർട്ടുകൾ'. പഴയ കാല ഇംഗ്ളീഷ് സിനിമകളിലും, ഷേക്സ്പീരിയൻ നാടകങ്ങളുടെ അവതരണത്തിലും ഇപ്പോഴും 'ഹൂപ്പ് സ്‌കേർട്ട്' അണിഞ്ഞു നിൽക്കുന്ന സ്ത്രീകളെ കാണാം. സ്ത്രീകൾ 'ഹൂപ്പ് സ്‌കേർട്ട്' അണിഞ്ഞു എങ്ങനെ ഇരിക്കണം; എങ്ങനെ നടക്കണം; എങ്ങനെ നിൽക്കണം എന്നൊക്കെ മധ്യ കാല യൂറോപ്പിൽ പരിശീലിപ്പിക്കുമായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ 'മൊറാലിറ്റി'- യുടെ ഭാഗമായിരുന്നു അത്.

വളരെ പ്രസിദ്ധമായ ഹിന്ദി സിനിമയായ 'രുദാലി' -യിൽ രാജസ്ഥാനിലെ പണ്ടത്തെ വരേണ്യ വർഗ്ഗത്തിലെ സ്ത്രീകളുടെ അവസ്ഥ കാണിക്കുന്നുണ്ട്. അവിടെ സ്ത്രീകൾക്ക് കരയാൻ അവകാശമില്ലായിരുന്നു. 'രുദാലി' എന്ന ഒരു പ്രത്യേക വർഗത്തെ ആളുകൾ മരിക്കുമ്പോൾ കരയാനായി സൃഷ്ടിച്ചു.  ധനാഢ്യരായ ഠാക്കുർ, ജമീന്ദാർ - മുതലായ സമുദായങ്ങളിലെ ആണുങ്ങൾ മരണപ്പെടുമ്പോൾ നിലവിളിച്ച് 'രുദാലിമാർ' ഒരു കാലത്ത് കരഞ്ഞു കൊണ്ടേയിരുന്നു.

publive-image

മാറത്തലച്ചു അങ്ങനെ കരയുന്ന രുദാലിമാരെയാണ് ഡിംപിൾ കപാടിയയുടെ തകർപ്പൻ അഭിനയത്തിലൂടെ 'രുദാലി' സിനിമ നിർമിച്ചവർ പുനരാവിഷ്കരിച്ചത്. ലതാ മങ്കേഷ്‌കർ പാടിയ 'ദില് ഹും ഹും കരേ' എന്ന പാട്ടിലൂടെ നടി ഡിംപിൾ കപാഡിയ രുദാലിമാരെ അനശ്വരമാക്കി.

കരച്ചിൽ മാത്രമല്ല; മുലയൂട്ടൽ പോലെ പ്രകൃതിസഹജമായ പല കാര്യങ്ങളും ചെയ്യാൻ രാജവംശത്തിലേയും, ആഢ്യ ഗൃഹങ്ങളിലേയും സ്ത്രീകൾക്ക് പണ്ട് വിലക്കുണ്ടായിരുന്നു. തിരുവിതാംകൂർ രാജ വംശത്തിലെ സ്ത്രീകൾക്ക് മുലയൂട്ടലിൽ വിലക്കുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്; മുലകുടി മാറാത്ത കുഞ്ഞുങ്ങളേയും കൊണ്ട് രാജവാഴ്ചയുടെ സമയത്ത്‌ കുതിര വണ്ടികൾ നഗരത്തിൻറ്റെ മറ്റു ഭാഗങ്ങളിലേക്ക് പോയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്.

തിരുവനന്തപുരത്തെ 'പിള്ള നഗർ' അത്തരത്തിലുള്ള ആചാരവുമായി ബന്ധപ്പെട്ട്‌ വന്നതാണെന്നും പറയപ്പെടുന്നു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ജപ്പാനിലെ 'കിമോണ' എന്ന വസ്ത്രം, ചൈനയിലെ പാദം വരിഞ്ഞു മുറുക്കിയുള്ള കുഞ്ഞു ചെരിപ്പുകൾ - ഇങ്ങനെ പണ്ടത്തെ കാലത്തെ സ്ത്രീകളെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്.

ഇത്തരത്തിലുള്ള 'ആചാര സംരക്ഷണങ്ങൾ' മൂലം വരും തലമുറയിലെ പിള്ളേരുടെ മുമ്പിൽ ജോക്കർമാരായി തീരണോ എന്നൊക്കെ കേരളത്തിലെ സ്ത്രീകൾക്ക് ഇപ്പോഴേ തീരുമാനിക്കാം. എൻറ്റെ കൂടെ ജോലി ചെയ്യുന്ന മാന്യ വനിത ഹൂപ്പ് സ്‌കേർട്ട്' അണിഞ്ഞു നിൽക്കുന്ന സ്ത്രീകളെ കണ്ട് ചിരിച്ചത് പോലെ പ്രകടനങ്ങളുടെ ഫോട്ടോ കണ്ട് വരും തലമുറ ചിരിക്കാതിരിക്കരുത്.

സത്യത്തിൽ നമ്മുടെ കഥകളി വേഷവുമായി ഈ 'ഹൂപ്പ് സ്കേര്ട്ടുകൾക്ക്' നല്ല സാമ്യമുണ്ട്. കഥകളിയിൽ ചുറ്റിക്കെട്ടിന് മണിക്കൂറുകൾ എടുക്കും. വേഷമഴിക്കും വരെ മൂത്രമൊഴിക്കാൻ പറ്റിയെന്നു വരില്ല. കളരിയാശാന്മാരാണ് പലപ്പോഴും കഥകളിയിലെ ഒരുക്കുന്നതെന്നാണ് കേട്ടിട്ടുള്ളത്. ഹൂപ്പ് സ്‌കേർട്ടിൽ ഒതുങ്ങിയ അരക്കെട്ട്‌ ആയിരുന്നു ലക്‌ഷ്യം. വിക്റ്റോറിയൻ സൗന്ദര്യ സങ്കല്പങ്ങളനുസരിച്ചു ഒതുങ്ങിയ അരക്കെട്ട്‌ വരുത്താനാണ് സ്ത്രീകളെ ഈ പെടാപ്പാട് ഒക്കെ പെടൂപ്പിച്ചത്.

'ഹൂപ്പ് സ്‌കേർട്ട്' അണിഞ്ഞു നിൽക്കുന്ന സ്ത്രീകളെ കാണുമ്പോഴേ ഈ കഥകളി നടൻറ്റെ പോലത്തെ പാവാട ഇട്ടാൽ മൂത്രമൊഴിക്കാൻ പറ്റിയെന്നു വരില്ല എന്ന സത്യം ആർക്കും മനസിലാകും. ഇന്നാളുകൾ അതിനെ കുറിച്ച് പറയുമ്പോൾ ചിരിക്കുമെങ്കിലും 'It is not a laughable thing' എന്ന് സുബോധത്തോടെ ചിന്തിച്ചാൽ മനസിലാകും.

ഒരു കാലത്ത് സ്ത്രീകളുടെ 'മൊബിലിറ്റിയെ' തളക്കുന്ന ഒന്നായിരുന്നു ഇത്തരത്തിലുള്ള വേഷ വിധാനങ്ങളും ആചാരങ്ങളും. ഹൂപ്പ് സ്‌കേർട്ട് ലക്ഷ്യമാക്കിയ ഒതുങ്ങിയ അരക്കെട്ട്‌ കിട്ടാൻ വേണ്ടിയാണ് സ്ത്രീകളെ ബുദ്ധിമുട്ടിച്ചിരുന്നത്. വിക്റ്റോറിയൻ സൗന്ദര്യ സങ്കല്പങ്ങളനുസരിച്ചു ഒതുങ്ങിയ അരക്കെട്ട്‌ വരുത്താനാണ് സ്ത്രീകളെ ഈ പെടാപ്പാട് ഒക്കെ പെടൂപ്പിച്ചത്.

കേരളത്തിലെ ആഢ്യ സ്ത്രീകളും ഇതു പോലുള്ള ചില ആചാരങ്ങളൊക്ക പിന്തുടർന്നതായി ചരിത്രത്തിൽ കാണാം. തിരുവിതാംകൂർ രാജകുടുംബത്തിലെ ഉണ്ണികളായ രാജകുമാരന്മാർക്ക് മുലകൊടുത്ത നായർ സ്ത്രീകളുടെ വീടുകളെയാണ് 'അമ്മച്ചി വീടുകളെന്ന്' വിളിച്ചിരുന്നത്. സംബന്ധ ഗൃഹങ്ങളേയും അങ്ങനെ വിളിച്ചിരുന്നു.

രാജസ്ഥാനിലെ രുദാലിമാരെ പോലെ പണ്ട് കേരളത്തിലും നായർ പ്രമാണിമാർ മരിച്ചാൽ കരയാൻ ദളിത് സ്ത്രീകൾ വരുമായിരുന്നു. സ്ത്രീകൾ നെഞ്ചത്തടിച്ചു പതം പറഞ്ഞു താളത്തോടെ കരയും. 'കണ്ണോക്കു കരച്ചിലെന്നാണ്' ഈ രീതിയെ പറ്റി പറഞ്ഞിരുന്നത്. കരഞ്ഞു കഴിഞ്ഞാൽ നെല്ലും അരിയും എണ്ണയും മറ്റും കൊടുക്കണം. കേരളത്തിലെ കുല സ്ത്രീകൾക്കും ഒരുകാലത്ത് കരയാൻ അവകാശമില്ലായിരുന്നു.

കരച്ചിൽ പോലുള്ള സ്വോഭാവിക രീതികൾ പാലൂട്ടൽ പോലെ തന്നെ കുല സ്ത്രീകൾക്ക് നിഷിദ്ധമായിരുന്നു. എങ്ങനെയുണ്ട് ഒരുകാലത്ത് ആഢ്യ സ്ത്രീകൾ അനുവർത്തിച്ചിരുന്ന ആചാരങ്ങൾ?

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment