Advertisment

കേജ്‌രിവാളിൻറ്റെ ജെ.എൻ.യു.വിനെതിരേ നടന്ന ആക്രമണങ്ങളോടുള്ള തണുപ്പൻ പ്രതികരണം എന്താണ് കാണിക്കുന്നത് ?

New Update

publive-image

Advertisment

ണ്ടു ദിവസം മുമ്പ് 2020 ജനുവരി 5 - അന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിശോദിയയുടെ ജന്മദിനമായിരുന്നു. ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാളും മറ്റു മന്ത്രിമാരും ജനുവരി 5 രാത്രി സിസോദിയയ്ക്ക് 'ബർത്ത് ഡേ കേക്ക്' മുറിച്ചു കൊടുത്ത് 'ബർത്ത് ഡേ' ആഘോഷിക്കുന്ന തിരക്കിലായിരുന്നു.

അപ്പോൾ ജെ.എൻ.യു. - വിനകത്ത്‌ അകമികൾ നുഴഞ്ഞു കയറി അധ്യാപകരേയും വിദ്യാർത്ഥികളേയും ആക്രമിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്ന അൽകാ ലംബയും, മറ്റും കോൺഗ്രസ് നേതാക്കളും ജെ.എൻ.യു. - വിനകത്ത്‌ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹി പോലീസ് ആസ്ഥാനം പ്രതിരോധിച്ചു.

പക്ഷെ അത്തരം ഒരു പ്രതിഷേധവും ജെ.എൻ.യു. - വിനേതിരേയുള്ള അക്രമത്തോടോ, പൗരത്വ ബില്ലിനെതിരേയോ അരവിന്ദ് കേജ്‌രിവാളിൻറ്റെ ഭാഗത്തു നിന്നുണ്ടായില്ല. ജെ.എൻ.യു. - വിനകത്ത്‌ ഉണ്ടായ അക്രമങ്ങളോടുള്ള അരവിന്ദ് കേജ്‌രിവാളിൻറ്റെ പ്രതികരണം തീർത്തും തണുപ്പൻ തന്നെയായിരുന്നു. പഴയ ശൗര്യം ഒന്നും കാണാനേ ഇല്ലായിരുന്നു.

publive-image

അരവിന്ദ് കേജ്‌രിവാളിൻറ്റെ ജെ.എൻ.യു. - വിനകത്ത്‌ ഉണ്ടായ അക്രമങ്ങളോടുള്ള തണുപ്പൻ പ്രതികരണം എന്താണ് കാണിക്കുന്നത്? ബി.ജെ.പി. - യും, ആം ആദ്മി പാർട്ടിയും തമ്മിലുള്ള അന്തർധാര മനസിലാക്കേണ്ടത് ഇവിടെയാണ്.

പൗരത്വ ബിൽ പ്രക്ഷോഭ വേളയിൽ സൗജന്യ വൈഫൈ കൊടുത്തതല്ലാതെ എപ്പോയെങ്കിലും അരവിന്ദ് കേജ്‌രിവാളിനെ ആരെങ്കിലും തെരുവിൽ കണ്ടോ? അല്ലെങ്കിൽ നിസാര പ്രശ്നങ്ങൾക്ക് പോലും എപ്പോഴും തെരുവിൽ ഇറങ്ങുന്ന ആളാണ് ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാൾ.

ജമ്മു കശ്മീർ വിഷയത്തിൽ കേജ്‌രിവാൾ കേന്ദ്ര സർക്കാരിൻറ്റെ കൂടെയായിരുന്നു. കേജ്‌രിവാളിന് കുഴലൂത്ത് നടത്തുന്ന കുറെ കമ്യൂണിസ്റ്റുകാർ കേരളത്തിലുണ്ട്. ഇങ്ങനെ കേജ്‌രിവാളിന് വേണ്ടി കുഴലൂത്ത് നടത്തുകയും, കൊട്ടിപ്പാട്ട് നടത്തുകയും ചെയ്യുമ്പോൾ അരവിന്ദ് കേജ്‌രിവാൾ ബി.ജെ.പി. - യുടെ രാഷ്ട്രീയ അജണ്ടകൾക്ക് ശക്തി പകരുകയാണെന്നുള്ള കാര്യം ഈ കമ്യൂണിസ്റ്റുകാർ വിസ്മരിക്കുന്നു.

കേജ്രിവാൾ വിചാരിച്ചാലോ, കേന്ദ്ര സർക്കാർ വിചാരിച്ചാലോ അത്ര എളുപ്പം പരിഹരിക്കാവുന്നതല്ല ഡൽഹിയിലെ പ്രശ്നങ്ങൾ. ആ രീതിയിൽ അതിനെ അംഗീകരിക്കേണ്ടതിനു പകരം വാഗ്ദാനങ്ങളും, പ്രസ്താവനാ യുദ്ധങ്ങളും നടത്തി ജനങ്ങളെ മണ്ടന്മാരാക്കുകയാണ് കേജ്രിവാൾ ചെയ്യുന്നത്.

ഈയിടെ റാം വിലാസ് പസ്വാനും കേജ്‌രിവാളും തമ്മിൽ ഡൽഹിയിൽ സപ്ലൈ ചെയ്യുന്ന കുടിവെള്ളത്തിൻറ്റെ സുരക്ഷിതത്ത്വം പറഞ്ഞു ഉടക്കി. ഡൽഹിയിൽ എന്നല്ല, ഇന്ത്യയിൽ ഒരിടത്തും സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാ.

സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്തതു കൊണ്ടാണല്ലോ മധ്യവർഗം അവരുടെ വീടുകളിൽ 'വാട്ടർ പ്യൂരിഫയർ' വാങ്ങിവെച്ചിരിക്കുന്നത്. സുരക്ഷിതമായ കുടിവെള്ളം ലഭ്യമാണെങ്കിൽ 'വാട്ടർ പ്യൂരിഫയറിൻറ്റെ' ആവശ്യം തന്നെ ഇല്ലല്ലോ.

മഞ്ഞപ്പിത്തവും, അമീബിക്ക് ഡിസൻട്രി പോലുള്ള രോഗങ്ങളും ഇൻഡ്യാക്കാർക്ക് വരുന്നത് സുരക്ഷിതമായ കുടിവെള്ളത്തിൻറ്റെ അഭാവം മൂലമാണല്ലോ. വയറിളക്കം പോലും സർവ സാധാരണമാകുന്നത് ഈ സുരക്ഷിതമായ കുടിവെള്ളത്തിൻറ്റെ അഭാവം മൂലം മാത്രമാണ്.

റാം വിലാസ് പസ്വാൻറ്റെ ആരോപണം വന്നശേഷം ടൈമ്സ് ഓഫ് ഇന്ത്യയുടെ ലേഖകർ ഡൽഹിയുടെ പല ഭാഗങ്ങളിലും നിന്ന് കുടിവെള്ളം ശേഖരിച്ച് പരിശോധിച്ചു. അവസാനം കേജ്രിവാളിന് ഡൽഹിയിലെ കുടിവെള്ളം അത്രയൊന്നും സുരക്ഷിതമല്ല എന്ന് അംഗീകരിക്കേണ്ടിവന്നു. ഇത്രയൊക്കെയേ ഉള്ളൂ കേജ്രിവാളിൻറ്റെ മിക്ക അവകാശവാദങ്ങളും.

24 മണിക്കൂറിനകം ഡൽഹിയിലെ റോഡുകളിലെ കുണ്ടും കുഴികളും അടക്കും എന്നതായിരുന്നു കേജ്രിവാളിൻറ്റെ മറ്റോരു വലിയ പ്രഖ്യാപനവും വാഗ്ദാനവും. ഇതെഴുതുന്നയാൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിൽ മാത്രം ഇഷ്ടം പോലെ കുണ്ടും കുഴികളും ഉള്ള റോഡുകൾ ഉണ്ട്.

ദിവസേന ആ റോഡുകളിൽ കൂടി ഞാൻ സഞ്ചരിക്കുന്നു. ഞാൻ അനുഭവിക്കുന്നത് പോലെ തന്നെ ഡൽഹി നിവാസികാളായ പലരും ദുരിതം അനുഭവിക്കുന്നുണ്ട്.

അതുകൊണ്ടാണ് കേജ്രിവാളിൻറ്റെ റോഡുകളുടെ കാര്യത്തിലെന്നതു പോലെ വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നിന് പിന്നാലെ മറ്റൊന്നായി ഉണ്ടായിട്ടും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി കോൺഗ്രസിന് പിന്നിൽ മൂന്നാമതെത്തിയത്.

ഷീലാ ദീക്ഷിത് 15 വർഷം ഡൽഹി ഭരിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു. ഫ്ളൈ ഓവറുകൾ, അണ്ടർ പാസുകൾ, മെട്രോ - അങ്ങനെ നിരവധി വികസന സംരഭങ്ങൾ നടത്തി. ഡൽഹിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല 'പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റം' ഷീലാ ദീക്ഷിത് കൊണ്ടുവന്നു.

കുറച്ചു നാൾ മുമ്പ് ഷീലാ ദീക്ഷിത് മരിച്ചപ്പോൾ കർമയോഗിയായ ഇ. ശ്രീധരൻ പോലും ഷീലാ ദീക്ഷിത് ഡൽഹി മെട്രോയ്ക്ക് നൽകിയ കരുത്തുറ്റ പിന്തുണ അനുസ്മരിച്ചു. കേജ്രിവാളിന് ഡൽഹി മെട്രോയോ അതുപോലുള്ള വികസന പദ്ധതികളോ ഒന്നും അവകാശപ്പെടാനാവില്ല.

മറിച്ചു ഷീലാ ദീക്ഷിത്തിനെ തീർത്തും മോശക്കാരിയാക്കി ബി.ജെ.പി. - ക്ക് വഴിയൊരുക്കിയതിൽ കേജ്രിവാളിന് വലിയ പങ്കുണ്ട്.

മാധ്യമങ്ങൾ വളരെയേറെ 'ഹൈപ്പ്ഡ്' ആക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി. ഡൽഹിയിൽ അങ്ങനെ തികഞ്ഞ ആം ആദ്മി നിലപാടൊന്നും ജനങ്ങൾക്കില്ല. വൈദ്യുതിയുടെയും വെള്ളത്തിൻറ്റെയും ബില്ലൊക്കെ കുറയണമെന്നു ജനങ്ങൾക്ക് മോഹമുണ്ടായിരുന്നു.

കേജ്രിവാൾ ജനങ്ങളുടെ ആ മോഹം കുറേയൊക്കെ സാധിച്ചു തന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേജ്രിവാൾ കുറച്ചു നല്ല പ്രവർത്തനങ്ങളൊക്ക നടത്തി. പക്ഷെ 20-30 വർഷമായി ഡെൽഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡൽഹി മെട്രോ ആണ്.

കേജ്രിവാളും കേന്ദ്രവും തമ്മിൽ അടിയായത് കൊണ്ട് മെട്രോയുടെ നാലാം ഘട്ട വികസനം രണ്ടു വർഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ മെട്രോയുടെ നാലാം ഘട്ട വികസനത്തിന് അപ്പ്രൂവൽ കിട്ടിയപ്പോൾ പോലും പല സ്ഥലങ്ങളും മെട്രോ വരുന്നതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനൊക്കെ ആരെ പഴിക്കണം?

മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് ശ്വസിക്കുവാൻ ഉള്ള വായുവാണ്. ആ കാര്യം പോലും ശരിയാക്കാൻ പറ്റാത്ത ഭരണാധികാരി വൻ പരാജയം അല്ലേ? മാലിന്യ കൂമ്പാരങ്ങൾ ഇതെഴുതുന്നയാൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിൽ തന്നെ ഇഷ്ടം പോലെ ഉണ്ട്.

കൊതുക് കടി പകൽ സമയത്ത് ഓഫീസിൽ പോലും ഉണ്ട്. അതൊക്കെ ചൂണ്ടി കാണിച്ചാൽ കേജ്രിവാൾ ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനെ കുറ്റം പറയും. ബി.ജെ.പി. - ക്കാർ കേജ്രിവാളിനേയും കുറ്റം പറയും.

മാലിന്യ നിർമാർജനവും, കൊതുക് നിവാരണവും ഒന്നും നടക്കുന്നില്ലാ എന്ന് മാത്രം ഡൽഹിയിലെ പൗരൻമാർക്ക് അറിയാം. ഡൽഹിയിലെ വായു മലിനീകരണത്തിൻറ്റെ ദുരിതം ആണെങ്കിൽ ലക്ഷകണക്കിനാളുകൾ ഈയിടെ നേരിട്ട് അനുഭവിച്ചു കഴിഞ്ഞതാണ്.

സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചത് പൊലൂഷൻ നിയന്ത്രണ പരിധിക്ക് പുറത്തു കടന്നത് കൊണ്ടല്ലേ? കേജ്രിവാൾ ചെയ്യുന്നത് പോലെ വെറുതെ വാചകമടിച്ചിട്ടും, പരസ്യം ചെയ്തതുകൊണ്ടും ആർക്കും ശുദ്ധ വായു ഒന്നും ലഭിക്കില്ല.

ഡൽഹിയിലെ വായു മലിനീകരണം 25 ശതമാനം കുറച്ചു എന്നു കാണിച്ചുകൊണ്ട് കേജ്രിവാൾ ടൈമ്സ് ഓഫ് ഇന്ത്യയിൽ പരസ്യം ചെയ്തിരുന്നു. പക്ഷെ പരസ്യങ്ങൾ പോലെയല്ലല്ലോ യാഥാർഥ്യങ്ങൾ. വായു മലിനീകരണം കൂടിയതുകൊണ്ട് പിന്നീട് ഡൽഹി സർക്കാർ തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മോഡിയുടേയും കേജ്രിവാളിൻറ്റേയും മിക്ക അവകാശവാദങ്ങളും പുളുവാണെന്ന് 'ഹാർഡ് സ്റ്റാറ്റിസ്റ്റിക്സ്' നോക്കിയാൽ ആർക്കും കാണാം. പക്ഷെ സത്യത്തിനും ധർമത്തിനും യാതൊരു വിലയുമില്ലാത്ത കലികാലത്തിൽ 'ഹാർഡ് സ്റ്റാറ്റിസ്റ്റിക്സ്' ഒക്കെ ആർക്ക് വേണം?

അസത്യങ്ങൾ പ്രചരിപ്പിക്കുവാൻ രണ്ടു കൂട്ടർക്കും സൈബർ സേനാന്ഗങ്ങൾ ധാരാളം ഉണ്ട്. ഇതെഴുതുന്നയാൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിൽ 25 പുനരധിവാസ കോളനികൾ ഉണ്ട്. മോഡി കേന്ദ്രം ഭരിച്ചിട്ടും, കേജ്രിവാൾ ഡൽഹി ഭരിച്ചിട്ടും ഞാൻ അവിടെയൊന്നും ഒരു മാറ്റവും കണ്ടിട്ടില്ല; ആ 25 പുനരധിവാസ കോളനികളിൽ കൂടി ഒരു പാലരുവികളും ഒഴുകുന്നില്ലാ.

കേജ്‌രിവാളിന് പബ്ലിക് റിലേഷൻ നടത്താൻ നല്ലൊരു ടീമുണ്ടെന്നാണ് തോന്നുന്നത്. അതാണ്‌ കൂടെ കൂടെ കേജ്രിവാളിൻറ്റെ മഹത്വം പ്രചരിപ്പിക്കുന്ന പ്രചാരണങ്ങൾ വരുന്നത്. ഈയിടെ ഡൽഹിയിൽ ഉണ്ടായ ഭീകരമായ വായു മലിനീകരണം മാത്രം മതി കേജ്രിവാളിൻറ്റെ പല പ്രഖ്യാപനങ്ങളും ശുദ്ധ പുളുവാണെന്ന് തിരിച്ചറിയുവാൻ.

മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് ശ്വസിക്കുവാൻ ഉള്ള വായുവാണ്. ആ കാര്യം പോലും ശരിയാക്കാൻ പറ്റാത്ത ഭരണാധികാരി വൻ പരാജയം അല്ലേ? മാലിന്യ കൂമ്പാരങ്ങൾ ഞാൻ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിൽ തന്നെ ഇഷ്ടം പോലെ ഉണ്ട്. കൊതുക് കടി പകൽ സമയത്ത് ഓഫീസിൽ പോലും ഉണ്ട്.

അതൊക്കെ ചൂണ്ടി കാണിച്ചാൽ കേജ്രിവാൾ ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനെ കുറ്റം പറയും. ബി.ജെ.പി. - ക്കാർ കേജ്രിവാളിനേയും കുറ്റം പറയും. മാലിന്യ നിർമാർജനവും, കൊതുക് നിവാരണവും ഒന്നും നടക്കുന്നില്ലാ എന്ന് മാത്രം ഡൽഹിയിലെ പൗരൻമാർക്ക് അറിയാം.

ഡൽഹിയിലെ വായു മലിനീകരണത്തിൻറ്റെ ദുരിതം ആണെങ്കിൽ ലക്ഷകണക്കിനാളുകൾ ഈയിടെ നേരിട്ട് അനുഭവിച്ചു കഴിഞ്ഞതാണ്. സ്കൂളുകൾക്ക് ഡൽഹി സർക്കാർ തന്നെ അവധി പ്രഖ്യാപിച്ചത് പൊലൂഷൻ നിയന്ത്രണ പരിധിക്ക് പുറത്തു കടന്നത് കൊണ്ടല്ലേ?

കേജ്രിവാൾ ചെയ്യുന്നത് പോലെ വെറുതെ വാചകമടിച്ചിട്ടും, പരസ്യം ചെയ്തതുകൊണ്ടും ആർക്കും ശുദ്ധ വായു ഒന്നും ലഭിക്കില്ല.

ഇപ്പോൾ ഡൽഹിയിൽ 70 അംഗ നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. 2020 ഫെബ്രുവരി 8 - നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം 2020 ഫെബ്രുവരി 11 - നും. ഡൽഹിയിൽ ഭരണമില്ലാതായിട്ട് ബി.ജെ.പി. - ക്ക് 22 വർഷമായി. 2015 - ൽ 70 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 67 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടിക്ക് നിലവിലുള്ളത് 62 അംഗങ്ങൾ മാത്രം.

വികസനം, വായു മലിനീകരണം, പൗരത്വ നിയമം, യമുനയുടെ ശുദ്ധീകരണം, ഡെൽഹിക്കുള്ള സമ്പൂർണ സംസ്ഥാന പദവി - ഇവയൊക്കെ 2020 ഫെബ്രുവരി 8 - ലേക്കുള്ള തിരഞ്ഞെടുപ്പിൽ വിഷയങ്ങൾ ആകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

2014 - ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് 32.90 ആയിരുന്നു വോട്ടിംഗ് ശതമാനം. കോൺഗ്രസിന് 15.10 ശതമാനവും. ഇത് രണ്ടും കൂടി കൂട്ടിയാൽ ബി.ജെ. പി. - യുടെ 46.40 ശതമാനത്തേക്കാൾ കൂടുതലായിരുന്നു. പക്ഷെ 2019 ആയപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ടിംഗ് ശതമാനം 18.7 ആയി താഴ്ന്നു.

കോൺഗ്രസിന് 22.3 ശതമാനം ആയി. 2014-ലെ 15.10 -ൽ നിന്ന് വോട്ടിങ് ശതമാനം കോൺഗ്രസിന് ഉയർത്താനായി. ഇത് രണ്ടും കൂടി കൂട്ടിയാൽ പോലും ബി.ജെ. പി. - യുടെ 56 ശതമാനത്തിനടുത്ത് 2019-ൽ എത്തിയതുമില്ല. അഞ്ചു ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്നിലായിരുന്നു ആം ആദ്മി പാർട്ടിയുടെ സ്ഥാനം. ഇത് കാണിക്കുന്നത് ജനങ്ങൾ മണ്ടൻമാർ അല്ലെന്നാണ്.

ഭാവിയിൽ ബി.ജെ. പി. - യേയും കാത്തിരിക്കുന്നത് ഇതൊക്കെ തന്നെ. എല്ലാ കാലത്തും ജനങ്ങളെ വെറുതെ പ്രസ്താവനകളിലൂടെയും പ്രചാരണത്തിലൂടെയും മണ്ടൻമാർ ആക്കാൻ ആർക്കും സാധിക്കില്ല.

കേജ്‌രിവാളിൻറ്റേത് മിക്കതും പൊള്ള വാഗ്ദാനങ്ങളാണ്. പക്ഷെ കേജ്‌രിവാളിന് വമ്പൻ പബ്ലിക് റിലേഷൻസ് സംവിധാനം ഉണ്ട്. കേരളത്തിൽ പോലും അങ്ങേർക്ക് കട്ട ഫാൻസ്‌ ഉണ്ട്. അവർക്കൊക്കെ അരവിന്ദ് കേജ്‌രിവാൾ കൺ കണ്ട ദൈവം പോലെയാണ്.

കേരളത്തിലെ അരവിന്ദ് കേജ്‌രിവാളിൻറ്റെ ആരാധകരിൽ മിക്കവരും ഇടതുപക്ഷക്കാർ ആണെന്നാണ് തോന്നുന്നത്. ഇടതുപക്ഷക്കാർ അല്ലെങ്കിലും വ്യക്തിപൂജയുടെ ആളുകൾ ആണല്ലോ.

കാറൽ മാർക്സ്, ഫ്രഡറിക്ക് എൻഗൽസ്‌, വി. ഐ. ലെനിൻ, ജോസഫ് സ്റ്റാലിൻ, മാവോ, ഹോച്ചിമിൻ, ഫീഡൽ കാസ്‌റ്റ്രോ, ചെഗുവേരാ, ഇ.എം.എസ്. നമ്പൂതിരിപ്പാട് - ഇവർക്കൊപ്പം അരവിന്ദ് കേജ്‌രിവാളും ഒരുപക്ഷെ ഭാവിയിൽ ഇടതുപക്ഷക്കാരുടെ വ്യക്തിപൂജയുടെ പട്ടികയിൽ സ്ഥാനം നേടിയേക്കാം.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment