Advertisment

ജുഡീഷ്യറിക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുന്ന ഇന്നത്തെ ഇന്ത്യ

New Update

publive-image

Advertisment

യോധ്യയിൽ മസ്ജിദ് 450 വർഷത്തോളം നിലനിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകുകയും, റാഫേൽ അഴിമതിയിൽ പ്രഥമ ദൃഷ്ട്യാ അഴിമതി നടന്നിട്ടില്ലെന്നും വിധിയെഴുതിയ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥക്ക് എല്ലാ മഹത്വവും നഷ്ടപ്പെടുകയാണ്.

ധർമബോധമുള്ളവരുടെ മുമ്പിൽ ഇന്ത്യൻ ജുഡീഷ്യറിക്ക് ഇനി തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ സാധിക്കുകയില്ല.

ജസ്റ്റീസ് ദീപക് മിശ്രക്ക് എതിരെ ജസ്റ്റീസ് ചെലമേശ്വർ, ജസ്റ്റീസ്മദൻ ലോകുർ, ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർക്കൊപ്പം അസാധാരണമായ പത്ര സമ്മേളനം നടത്തിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇപ്പോഴത്തെ ഭരണ വർഗത്തിൻറ്റെ ദാക്ഷിണ്യമായ രാജ്യസഭാ സീറ്റ് സ്വന്തമാക്കുമ്പോൾ അത് ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ വലിയ നാണക്കേടായി മാറുന്നു എന്നുള്ളത് ദുഃഖസത്യമാണ്.

നേരത്തേ അയോദ്ധ്യ കേസിലെ വിധി പ്രസ്താവിച്ചപ്പോൾ, ഇസ്ലാമികമെന്ന് തോന്നാത്ത കെട്ടിടാവശിഷ്ടങ്ങൾക്ക് മീതെ മസ്ജിദ് എന്നുള്ള ആർക്കിയോളജിക്കൽ റിപ്പോർട്ട് മാത്രം അംഗീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.

publive-image

അതല്ലാതെ അവ ക്ഷേത്രാവശിഷ്ടങ്ങളാണെന്നോ ക്ഷേത്രം പൊളിച്ചിട്ടാണെന്നോ എന്നതിന് ഒരു തെളിവുമില്ല എന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ബാബരി മസ്ജിദ് നിർമിച്ചത് സംഘ പരിവാറുകാർ പറയുന്നത് പോലെ ക്ഷേത്രം പൊളിച്ചിട്ടാണ് എന്ന്‌ സുപ്രീം കോടതി പോലും പറഞ്ഞിട്ടില്ല.

1949 ഡിസംബർ 16-ന് മസ്ജിദ് അടച്ചിടുന്നത് വരെ അവിടെ ആരാധിച്ചിരുന്നത് മുസ്ലീംങ്ങളായിരുന്നു എന്നും കോടതി തന്നെ പറയുന്നുണ്ട്.

ബാബരി മസ്ജിദിനുള്ളിൽ വിഗ്രഹം കൊണ്ടു വെച്ചതാണ് എന്നും പിന്നീട് നിയമം ലംഘിച്ച് പള്ളി പൊളിച്ചു കളഞ്ഞു എന്നും തെളിവുകൾ നിരത്തി കോടതി തന്നെ അംഗീകരിക്കുകയും ചെയ്തു.

വിഗ്രഹം സംഘ പരിവാറുകാർ പ്രചരിപ്പിച്ചത് പോലെ 'സ്വയം ഭൂ' ആയി വന്നതല്ല. പിന്നെ 450 വർഷം നിലനിന്ന പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയണമെന്ന വിധിക്ക് ആധാരമായി എന്തു ന്യായമാണ് കോടതി മുന്നോട്ട് വച്ചതെന്ന് പലർക്കും ഇന്നും മനസ്സിലായിട്ടില്ല.

സുപ്രീം കോടതി പതിനാറാം നൂറ്റാണ്ടിലും പിന്നോട്ട് പോയി. ഇങ്ങനെ ചരിത്രം തിരഞ്ഞു പോയാൽ നീതി എവിടെ ചെന്നു നിൽക്കും എന്നു മാത്രം ചോദിക്കരുത്. ഒരു മിനിമം ചരിത്ര ബോധമുള്ളവർക്ക് ചിരിക്കാൻ പറ്റുന്ന ഒന്ന് മാത്രമാണ് ചരിത്രം നിരത്തിയുള്ള അയോധ്യയെ കുറിച്ചുള്ള ചിലരുടെ ഒക്കെ ന്യായീകരണങ്ങൾ.

ചക്രവർത്തിമാർ, രാജാക്കൻമാർ, ഫ്യുഡൽ പ്രഭുക്കൾ - ഇവരുടെ ഒക്കെ ചരിത്രത്തിലെ ക്രൂരതകൾ ആർക്കെങ്കിലും തിരുത്താനാകുമോ?

- നീറോ

- കലിഗുള

- ചെഞ്ചിഷ്ഖാൻ - ഇവരുടെയൊക്കെ ക്രൂരതകൾക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പരിഹാരം തേടണമെന്ന് പറഞ്ഞാൽ അത് പമ്പര വിഡ്ഢിത്ത്വമല്ലാതെ മറ്റെന്താണ്?

അനേകം നഗരങ്ങൾ ആക്രമണങ്ങളിൽ പണ്ട് അന്ഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. ആ നഗരങ്ങളൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ലോകത്ത് പുനർസൃഷ്ടിക്കണമെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?

ഇരുപത്തൊന്നാം നൂറ്റാണ്ടിലായിരിന്നു ചരിത്ര വസ്തുതകളെ കുറിച്ച് ആകുലപ്പെട്ടിട്ടും പരിഭവിച്ചിട്ടും ഒരു കാര്യവുമില്ല. ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കാത്തതാണ് ആ ചരിത്ര സംഭവങ്ങൾ. തമാശയും ഗൗരവവും ഒക്കെ കലർത്തിയാണ് ചരിത്രം പഠിക്കേണ്ടത്; ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല.

ചരിത്രം പറയുമ്പോൾ വേറെ പല കാര്യങ്ങളും നോക്കേണ്ടതായി വരും. ബ്രട്ടീഷുകാർ വരുന്നതിനു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്ന 600 ഓളം നാട്ടു രാജ്യങ്ങൾ തമ്മിൽ എത്ര യുദ്ധങ്ങൾ നടന്നിട്ടുണ്ട്? രജപുത്രർ തമ്മിൽ സ്ഥിരം യുദ്ധമല്ലായിരുന്നുവോ?

അന്നൊക്കെ എത്ര ക്ഷേത്രങ്ങൾ കൊള്ളയടിക്കപെട്ടിട്ടുണ്ട്? എത്ര ക്ഷേത്രങ്ങൾ തകർക്കപെട്ടിട്ടുണ്ട്? ഇതിൻറ്റെയൊക്കെ കണക്ക് കൃത്യമായി ആർക്കെങ്കിലും അറിയാമോ? ഒന്നും വേണ്ട - ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നല്ലോ കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ.

തല പോയ ചേകവരുടെ ഒക്കെ ബന്ധുക്കളും, ചെറു മക്കളുടെ മക്കളുടെ ചെറു മക്കളും കണക്കു ചോദിക്കാൻ വന്നാൽ എന്തായിരിക്കും ഈ നാടിൻറ്റെ അവസ്ഥ?

ആരോമൽ ചേകവരും, അരിങ്ങോടരും തമ്മിലുള്ള അങ്കം വെട്ടിൻറ്റെ കാരണമായ മൂപ്പിളമ തർക്കം വിവരിക്കുന്ന വടക്കൻ പാട്ട് ഒന്ന് പഠിച്ചാൽ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാകും.

"കൊള്ളി തലക്കൽ ബലി ഒപ്പം ചെയ്തു

ശേഷിച്ച നെല്ലും, അരിയും ചൊല്ലി

എടമുണ്ടൻ തെങ്ങിൻറ്റെ തേങ്ങ ചൊല്ലി

വേടൻ പിലാവിൻറ്റെ ചക്ക ചൊല്ലി

വടുക പുളിയൻറ്റെ മാങ്ങ ചൊല്ലി" - ഇങ്ങനെയാണ് ആ പാട്ട് പോകുന്നത്. കവിയുടെ വാക്കുകളിൽ പോലുമുണ്ട് പരിഹാസം.

ഈ വരികൾ തന്നെ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാക്കുന്നു. ഇതൊക്കെ എഴുതിവെച്ചവർ ഇവിടുള്ളവർ തന്നെയാണ്.

ഒതേനനും, മതിലൂർ ഗുരുക്കളും തമ്മിലുള്ള അങ്കത്തിനു നിദാനം ഒതേനൻറ്റെ ജാതി ബോധമായിരുന്നു.

"കുൻജാരനല്ലേ കുലമവൻറ്റെ

എൻ തല മണ്ണിൽ കത്തുവോളം

കുൻജാരനാചാരം ചെയ്യുകേലാ" - എന്നാണ് ആചാര കൈ നീട്ടാൻ പറഞ്ഞ കോമ കുറുപ്പിനോട് ഒതേനൻ പറഞ്ഞത്.

തച്ചോളി ഒതേനൻ തന്നെ മതിലൂർ ഗുരുക്കളോട് അങ്കം കുറിച്ചത് എങ്ങനെയാണ്? മതിലൂർ ഗുരുക്കൾ വന്നപ്പോൾ ഇരട്ട കുഴൽ തോക്ക് പ്ലാവിൽ ഒന്ന് ചാരി.

രാജാവ് അല്ലെങ്കിൽ പോന്നു തമ്പുരാൻ വരുമ്പോൾ പൊൻ കുന്തം ചാരനുള്ളതാണ് ആ പ്ലാവ് എന്ന ആചാര മുറ തെറ്റിച്ചതിനാണ് തച്ചോളി ഒതേനൻൻറ്റെ രോഷ പ്രകടനം. "പൊൻ കുന്തം ചാരും പിലാവോടിപ്പോൾ" എന്ന് പറഞ്ഞാണ് തച്ചോളി ഒതേനൻ ചാടി വീണു മതിലൂർ ഗുരുക്കളോട് അങ്കം കുറിക്കുന്നത്.

ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്.

വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം - ഇതിനൊക്കെ നമ്മൾ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. അതാണ് ചരിത്രം.

ഇവിടെ ഒരു നൂറ്റാണ്ടു മുമ്പ് ബഹു ഭൂരിപക്ഷം വരുന്ന ദളിതനും, ആദിവാസിക്കും പിന്നോക്ക ജാതിക്കാർക്കും അമ്പലങ്ങളിൽ കേറാൻ അവകാശമില്ലായിരുന്നു.

500 വർഷം മുമ്പുള്ള ബാബറി മസ്ജിദിൻറ്റെ കാര്യം പറയുമ്പോൾ 100 വർഷം പഴക്കം ഉള്ള കേരള ചരിത്രം പലരും സൗകര്യപൂർവം മറക്കുന്നു. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ" എന്നാണല്ലോ ചങ്ങമ്പുഴ പാടിയത്.

അങ്ങനെയുള്ള പ്രതികാരമൊക്കെ ചെയ്യാൻ തുടങ്ങിയാൽ കാര്യങ്ങൾ എവിടെ ചെന്ന് നിൽക്കും?

ചിലർ ഇന്നത്തെ കേന്ദ്ര സർക്കാരിൻറ്റെ നടപടികളെ ന്യായീകരിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥകാലത്തെ കാര്യം പറഞ്ഞാണ്. അടിയന്തിരാവസ്ഥയുടെ സമയം മാറ്റിനിർത്തിയാൽ, കോടിക്കണക്കിന് ഇൻഡ്യാക്കാരെ സദാ ഹഠാദാകർഷിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി എന്നുള്ളത് ഇന്ദിരാ ഗാന്ധിയുടെ വിമർശകർ കാണില്ല.

1971 -ൽ പാക്കിസ്ഥാനെതിരെ സമ്പൂർണ വിജയം നേടിത്തന്ന നേതാവായിരുന്നു ഇന്ദിര ഗാന്ധി. ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പാക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരുന്നു. മഹാ ഭൂരിപക്ഷം ഇൻഡ്യാക്കാരും പട്ടിണിയില്ലാതെ ഇന്നും ജീവിക്കുന്നത് ആ ഹരിത വിപ്ലവം മൂലം മാത്രമാണ്.

ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കുറിച്ച് പറഞ്ഞു ഇന്നത്തെ കേന്ദ്ര സർക്കാരിൻറ്റെ നടപടികളെ ന്യായീകരിക്കുന്നത് ഒട്ടുമേ ശരിയല്ല എന്ന്‌ യാഥാർഥ്യബോധമുള്ളവർക്ക് ചിന്തിച്ചാൽ മനസിലാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് പണ്ടത്തെ കാര്യങ്ങൾ പറയുന്നതിൽ കാര്യമില്ല. 40 വർഷം മുമ്പുള്ള ഫ്യുഡൽ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യ. ഫ്യുഡൽ സമ്പ്രദായത്തിലെ മൂല്യ വ്യവസ്ഥ വീണ്ടും ഇന്ത്യയിൽ പുനർസൃഷ്ടിക്കാനോനോ ഇന്ന് ബി.ജെ.പി. ശ്രമിക്കുന്നത്?

ഫ്യുഡൽ പ്രഭുക്കന്മാർ വീണ്ടും ഇന്ന് ബി.ജെ.പി. - യുടെ നേത്ര്വത്ത്വത്തിൽ ഉദയം കൊള്ളുകയാണോ? അതിനാണോ കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബി.ജെ.പി. ഇപ്പോൾ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നത്?

ഡിജിറ്റൽ ലോകത്തിന്റെ മൂല്യങ്ങൾക്കനുസരിച്ചു നാം മാറാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ 40 വർഷം മുമ്പുള്ള ഫ്യുഡൽ ഇന്ത്യയെ വീണ്ടും പുനർസൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment