Advertisment

മാറ്റങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുമ്പോഴും കാശ്മീരിൽ എന്ത് സംഭവിക്കും? അതാണ് കാത്തിരുന്ന് കാണേണ്ടത്

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

ന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാശ്മീർ വിഷയത്തിൽ ബി.ജെ.പി. സർക്കാർ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതുകൊണ്ട് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് പോലും ആർട്ടിക്കിൾ 370-ലും, 35 A -ലും മാറ്റം വരുത്തിയതിൽ കൃത്യമായ ഒരു നിലപാട് എടുക്കാൻ സാധിക്കുന്നില്ല. ബി.ജെ.പി.-യോട് എപ്പോഴും ഇടഞ്ഞു നിന്നിരുന്ന അരവിന്ദ് കെജ്രിവാൾ പോലും മാറ്റങ്ങളെ അനുകൂലിച്ചു.

കോൺഗ്രസിലെ തന്നെ പ്രബലനായ ജ്യോതി രാജ സിന്ധ്യ ഈ തിരുത്തൽ പ്രക്രിയയെ സ്വാഗതം ചെയ്തു. കുറച്ചുകൂടി ജനാധിപത്യപരമായും, ഭരണഘടനാനുസൃതമായ മാർഗങ്ങളിൽ ഊന്നിയും ഈ തിരുത്തൽ പ്രക്രിയ കൊണ്ടുവരാമായിരുന്നു എന്ന് മാത്രമാണ് ജ്യോതി രാജ സിന്ധ്യയുടെ വിമർശനം. മിക്കവാറും കോൺഗ്രസിൻറ്റെ വിമർശനം അങ്ങനെ ഒതുങ്ങുന്ന ലക്ഷണമാണ് കാണുന്നത്.

പക്ഷെ ബി.ജെ.പി. -യും, കോൺഗ്രസും, മറ്റ് പ്രതിപക്ഷ പാർട്ടികളും എങ്ങനെ ചിന്തിക്കുന്നു എന്നുള്ളതല്ല ഇവിടെ പ്രശ്നം. കാശ്മീരി ജനത എങ്ങനെ ഈ മാറ്റങ്ങളെ വരാൻ പോകുന്ന നാളുകളിൽ ഉൾക്കൊള്ളും എന്നതിലാണ് കേന്ദ്ര സർക്കാരിൻറ്റെ ആർട്ടിക്കിൾ 370-ലും, 35 A -ലും വരുത്തിയ മാറ്റത്തിൻറ്റെ വിജയം കുടികൊള്ളുന്നത്.

അങ്ങേയറ്റം അഴിമതിയും, സ്വജനപക്ഷപാതവും, കാപട്യവും, ചതിയും, നുണ പ്രചാരണവും കൈമുതലായുള്ള ഒരു 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' എന്നും ജമ്മു കാശ്മീരിൽ ഉണ്ടായിരുന്നു. 'കാശ്മീർ സിംഹം' എന്ന് അറിയപ്പെട്ടിരുന്ന ഷെയ്ഖ് അബ്ദുള്ളയിൽ നിന്ന് തുടങ്ങിയതാണ് ആ 'എലീറ്റ് ക്ളാസിൻറ്റെ' ഉദയം. കാശ്മീരിനെ കുളമാക്കിയതിൻറ്റെ മുഴുവൻ ഉത്തരവാദിത്വവും അവിടുത്തെ ഈ 'എലീറ്റ് ക്ളാസിൽ' ഉൾപ്പെട്ട നേതാക്കന്മാർക്കാണ്.

കാശ്മീർ താഴ്വരയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാനും സ്കൂളുകളും മറ്റും അടച്ചുപൂട്ടാൻ മുന്നിട്ടിറങ്ങുന്ന പല വിഘടനവാദി നേതാക്കളുടേയും മക്കൾ വിദേശത്താണ്. വിഘടനവാദി നേതാക്കൾ തങ്ങളുടെ മക്കളുടെ കാര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പാവപ്പെട്ട കാശ്മീരി യുവാക്കളെ ജീവൻ പണയം വെച്ചുകൊണ്ടുള്ള കളിക്ക് പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത.

publive-image

മുഫ്തി മുഹമ്മദ് സയ്യിദ്ൻറ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടേയും കുടുംബക്കാരുടെ ചുറ്റിലും മാത്രം കറങ്ങുകയാണ് കാശ്മീർ രാഷ്ട്രീയം. അതാണ് കാശ്മീരിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഈ രണ്ടു കുടുംബക്കാരും, വിഘടന വാദികളും കേന്ദ്ര സർക്കാരിനെ എതിർക്കുമ്പോഴും അവരുടെയൊക്കെ ധൂർത്തിനും, അത്യാഢംബരപൂർവമായ ജീവിതശൈലിക്കും അവരാരും ഒരു കുറവും വരുത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ശതകോടികൾ വിലയുള്ള സർക്കാർ ബംഗ്ളാവുകളിൽ സൗജന്യമായാണ് മുൻ മുഖ്യമന്ത്രിമാരായിരുന്ന ഉമർ അബ്ദുള്ളയും, മെഹ്ബൂബാ മുഫ്ത്തിയും ഇപ്പോഴും താമസിക്കുന്നത്. ബംഗ്ളാവുകൾ നവീകരിക്കുന്നതിനും, മോടി പിടിപ്പിക്കുന്നതിനു വേണ്ടിയും അവരൊക്കെ കോടികൾ ചെലവിടുന്നു. അതൊക്കെ കൂടാതെ അവർക്ക് സംരക്ഷണ ഒരുക്കുവാനും ഓരോ മാസവും ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടുന്നു.

കാശ്മീരിൽ മുമ്പ് ഭരിച്ചിട്ടുള്ള ബക്ഷി ഗുലാം മുഹമ്മദ്, ഖവാജ ഷംസുദ്ദിൻ, ഗുലാം മുഹമ്മദ് സാദിഖ്, ഫാറൂക്ക് അബ്‌ദുള്ള - ഇവരൊക്കെയും ധൂർത്തിലും, അഴിമതിയിലും, സ്വജനപക്ഷപാതത്തിലും, അത്യാഡംബരപൂർവ്വമായ ജീവിത ശൈലിക്കും ഒട്ടും മോശക്കാരായിരുന്നിട്ടില്ല.

കാശ്മീരിലെ ഈ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' അവരുടെ താൽപര്യങ്ങൾക്കനുസൃതമാണ് അവിടെ ഇതുവരെ ഭരണം നടത്തിയിട്ടുള്ളത്. ഇന്ത്യൻ പാർലമെൻറ്റ് പാസ്സാക്കിയ പല പ്രധാനപ്പെട്ട നിയമങ്ങളും ജമ്മു കാശ്മീരിന് ഇന്നും ബാധകമായിട്ടില്ല. ഇന്ത്യൻ പാർലമെൻറ്റ് പാസ്സാക്കുന്ന നിയമങ്ങൾ ആർട്ടിക്കിൾ 370-പതും, 35 A -ലൂടെയും നേടിയെടുത്ത അവകാശങ്ങൾ മൂലം ജമ്മു കാശ്മീരിന് ബാധകമല്ല. അവ വീണ്ടും അവിടുത്തെ നിയമസഭ പാസ്സാക്കിയാൽ മാത്രമേ അവിടെ ആ നിയമം ബാധകമാകുകയുള്ളു.

ഇന്ന് ഇന്ത്യയിൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വിവരാവകാശ നിയമം കാശ്മീരിൽ ഇന്നും അംഗീകരിച്ചിട്ടില്ലാ. ഇന്ത്യൻ പീനൽ കോഡിനു പകരം 'രൺബീർ പീനൽ കോഡ്' എന്ന നിയമമാണ് കാശ്മീരിൽ ഇതുവരെ പ്രയോഗത്തിൽ ഉണ്ടായിരുന്നത്. അവയൊക്കെ ഇനി അസാധുവാകും.

1988-ലെ അഴിമതി നിരോധന നിയമം കാശ്മീരിൽ ഇതുവരെ പാസ്സാക്കിയിട്ടില്ല. ബക്കാർവാലകളെ പോലെ 11.9 ശതമാനം വരുന്ന ഷെഡ്യൂൾഡ് ട്രയിബുകൾ ഉള്ള കാശ്മീരിൽ അവർക്ക് സംവരണമില്ല. ദേവാലയങ്ങളിൽ ആയുധധാരികൾ പ്രവേശിക്കുന്നതിനും ആയുധം സൂക്ഷിക്കുന്നതിനും എതിരായുള്ള 'ദ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ക്റ്റ്‌ ഇതുവരെ കാശ്മീരിൽ നടപ്പാക്കപ്പെട്ടിട്ടില്ല.

ജമ്മു ആൻഡ് കാശ്മീരിൻറ്റെ മുൻ ഗവർണറായിരുന്ന ജഗ്‌മോഹൻ കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-നേയും, 35 A -നേയും സാവധാനം 'ഡൈലൂട്ട്' ചെയ്യുക എന്ന നിർദ്ദേശമായിരുന്നു നേരത്തേ മുന്നോട്ട് വെച്ചിരുന്നത്. കാശ്മീരിൻറ്റെ സുഗമമായ ഭരണത്തിന് ഈ 'വെള്ളം ചേർക്കൽ' പ്രക്രിയ സാവധാനം മുന്നോട്ട് നീങ്ങുമ്പോഴാണ് ബി.ജെ.പി. ഒറ്റയടിക്ക് ഇതിനെ ഇല്ലാതാക്കി മാറ്റിയത്.

'സ്പെഷ്യൽ പ്രിവിലേജുകൾ' ഒക്കെ ദീർഘകാലമായി അനുഭവിച്ചു പോരുന്ന കാശ്മീരിലെ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ വയ്യാ. കാശ്മീരി ജനതക്ക് അത് ഉപയോഗപ്പെടും എന്ന് അവരെ പറഞ്ഞു മനസിലാക്കാതെ നടത്തിയ ഈ നിയമ നിർമാണം കാശ്മീരിലെ 'പൊളിറ്റിക്കൽ എലീറ്റ് ക്ളാസ്' രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കാനാണ് സാധ്യത ഏറെയുള്ളത്.

publive-image

പണ്ട് ടൈമ്സ് ഓഫ് ഇന്ത്യയിൽ ചില കാശ്മീരി വിഘടനവാദി നേതാക്കളുടെ ഒക്കെ മക്കൾ പഠിക്കുന്ന സ്ഥലങ്ങളും, ജോലി ചെയ്യുന്ന സ്ഥലങ്ങളും കൃത്യമായി അച്ചടിച്ചു വന്നതാണ്. അവരൊക്കെ സ്വന്തം മക്കളെ അളവറ്റ് സംരക്ഷിക്കുകയും, കാശ്മീരിലെ സാധാരണക്കാരെ വഴി തെറ്റിക്കുകയും ആണ് ചെയ്യുന്നത്. ഇവരെ കൊണ്ട് കാശ്മീരിലെ ജനതക്ക് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ല.

കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് കാപട്യക്കാരായ വിഘടനവാദി നേതാക്കളെ തുറന്നു കാണിക്കലാണ്. ഇടതുപക്ഷമാണ് ജനപക്ഷം എന്ന കേരളത്തിലുള്ള പലരുടേയും ചിന്ത പോലെ തന്നെ 'ബ്രെയിൻ വാഷ്' ചെയ്യപ്പെട്ടിരിക്കുന്ന കുറെ ആളുകളാണ് കാശ്മീരിലെ വിഘടനവാദി നേതാക്കളെ സപ്പോർട്ട് ചെയ്യുന്നത്. മതം, ജാതി, കമ്മ്യുണിസം - ഇതൊക്കെ തലയ്ക്കു പിടിച്ചാൽ എല്ലാ 'ലോജിക്കും' നഷ്ടപ്പെടും.

പിന്നെ അന്ധമായ വിശ്വാസിയാകും. 'കാശ്മീരിയാത്ത്' എന്ന കാശ്മീരിൻറ്റെ സ്വത്ത്വവാദം ഉയർത്തി കാശ്മീരിലെ വിഘടനവാദി നേതാക്കളും അവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഈ രീതിയിൽ തന്നെ. പാക്കിസ്ഥാന് വേണ്ടി ചില തീവ്രവാദി സംഘടനകൾ പ്രചാരണം നടത്തുന്നതും മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മാത്രമാണ്.

1948-ലെ 'ഇൻസ്ട്രമെൻറ്റ് ഓഫ് അക്സെഷൻ' പ്രകാരവും ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി നിർണയിച്ച റാഡ്ക്ലിഫ് എഗ്രിമെൻറ്റ് ' പ്രകാരവും പാക്കിസ്ഥാന് കാശ്മീരിൽ ഒരവകാശവും ഇല്ലാ. അതുകൊണ്ട് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ അവകാശ വാദവും പറഞ്ഞു കൊണ്ട് പാക്കിസ്ഥാൻ വരുന്നത് ശുദ്ധ മൗഢ്യമാണ്.

കാശ്മീരിലെ നേതാക്കളെ പോലെ തന്നെയാണ് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയിലെ നേതാക്കളും. സ്വന്തം മക്കളെ വിദേശത്തും സ്വദേശത്തും ഉള്ള മികച്ച സ്ഥാപനങ്ങളിൽ വിടുമ്പോൾ അന്യൻറ്റെ മക്കളെ കാശ്മീരിൽ സംഭവിക്കുന്ന പോലെ കല്ലെറിയാനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനും വിടുന്നു. ബി.ജെ.പി. നേതാക്കളുടെ മക്കളും കമ്യുണിസ്റ്റ് പാർട്ടിയിലെ നേതാക്കളുടെ മക്കളെ പോലെ തന്നെ സുരക്ഷിതരായിരിക്കാനാണ് സാധ്യത മുഴുവനും.

ശബരിമല പ്രക്ഷോഭത്തിൽ കല്ലെറിഞ്ഞവരിലും, കലാപം നടത്തിയവരിലും ഒരു മുതിർന്ന ബി.ജെ.പി. നേതാവിൻറ്റെ മക്കളെ പോലും കണ്ടില്ലാ. വിശ്വാസം സംരക്ഷിക്കുവാൻ വേണ്ടി അവരാരും കേസുകളിൽ കുടുങ്ങിയില്ലാ. 'ധർമം സംരക്ഷിക്കുവാൻ വേണ്ടി' ബി.ജെ.പി. നേതാക്കളുടെ മക്കളെ അവരാരും നിയോഗിച്ചില്ല; തെരുവിൽ കലാപം ഉണ്ടാക്കാനായും മക്കളെ പറഞ്ഞു വിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുന്നത് വരെ മാത്രമേ അവർക്കൊക്കെ നേതാക്കന്മാരായി ജനങ്ങളുടെ ഇടയിൽ വിലസാൻ സാധിക്കുകയുള്ളൂ.

പക്ഷെ കാശ്മീരിൻറ്റെ കാര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദ്ൻറ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിർത്തിയാൽ പിന്നെ ആർക്ക് കാശ്മീർ താഴ്വരയിൽ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാൻ പറ്റും എന്നതാണ് ആ ചോദ്യം. ബി.ജെ.പി. -ക്ക് കാശ്മീർ താഴ്വരയിൽ കാര്യമായ സ്വാധീനമില്ല.

കോൺഗ്രസിൻറ്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീർത്തും ദുർബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കാശ്മീർ താഴ്വരയിൽ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർക്ക് അങ്ങനെ എളുപ്പത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ അവിടേ ഏർപ്പെടാനും സാധിക്കില്ല.

കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നത് സിവിൽ സർവീസിൽ ഒന്നാം റാങ്ക് കിട്ടുകയും, IAS-ൽ നിന്ന് പിന്നീട് രാജി വെക്കുകയും ചെയ്ത ഷാ ഫസലിൻറ്റെ കൂടെ 2019 മാർച്ചിൽ മുൻ ജെ.എൻ.യു. വൈസ് പ്രെസിഡൻറ്റ് ആയിരുന്ന ഷെഹല റഷീദ് ഷോര തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷെ അവർക്ക് കാശ്മീർ താഴ്വരയിൽ കണ്ടമാനം മുന്നേറ്റം നടത്താൻ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഷാ ഫസലിനേയും, ഷെഹല റഷീദ് ഷോരയേയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കണ്ടമാനം പ്രോത്സാഹിപ്പിക്കുമെന്നും തോന്നുന്നില്ല.

ആര് ഭരിച്ചാലും കാശ്മീരി യുവാക്കളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കണമെങ്കിൽ തൊഴിലില്ലായ്മ എന്ന പ്രശ്നം അഭിമുഖീകരിക്കണം. ടൂറിസം, കാശ്മീരി ഷാളുകൾ, കാർപ്പെറ്റുകൾ, കര കൗശല ഉൽപ്പന്നങ്ങൾ - തുടങ്ങിയ നാമമാത്രമായ തൊഴിൽ സൃഷ്ടിക്കുന്ന മേഖലകളേ ഇന്ന് കാശമീർ താഴ്വരയിലുള്ളൂ. പരമ്പരാഗത ടൂറിസത്തിലും, കൃഷിയിലും ആധുനിക രീതിയിൽ നിക്ഷേപം വരേണ്ടതുണ്ട്.

'ട്രെയിഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്റ്' ഇല്ലാതെ ആഗോളവൽക്കരണത്തിൻറ്റെ ഈ കാലത്ത് ഒരു സമ്പത് വ്യവസ്ഥയ്ക്കും വികസിക്കുവാൻ സാധ്യമല്ല. പക്ഷെ കാശ്മീർ താഴ്വരയിൽ ഇൻവെസ്റ്റ്മെൻറ്റ് നടത്തുന്നതിന് മുൻപ് തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണോ എന്ന് ഓരോ നിക്ഷേപകനും ചിന്തിക്കും. അവിടെയാണ് പ്രശ്നം മുഴുവനും.

പാക്കിസ്ഥാനുമായും, ചൈനയുമായും അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ കാശ്മീർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'സ്റ്റ്രാറ്റജിക്കലായി' വളരെ പ്രാധാന്യമുള്ള ഒരു ഇടമാണ്. ഈ ഒരു 'ജിയോ പൊളിറ്റിക്കൽ തലമാണ്' ഇന്ത്യൻ സൈന്യത്തെ സംബന്ധിടത്തോളം അവിടെ അവർ ശക്തമായ സാന്നിധ്യം നിലനിർത്താൻ കാരണം.

publive-image

കാശ്മീർ താഴ്വര സ്വതന്ത്രമായി അവിടുത്തെ ജനതക്ക് വിട്ടു കൊടുത്താൽ എത്രയും വേഗത്തിൽ പാക്കിസ്ഥാൻ അത് കൈക്കലാക്കാൻ നോക്കും. ഉയർന്ന പ്രദേശമായ ജന്മുവും ലഡാക്കും ഇസ്രായേലിലെ ഗോലാൻ കുന്നു പോലെ ഇന്ത്യക്ക് 'സ്റ്റ്രാറ്റജിക്കലായി' അതല്ലെങ്കിൽ യുദ്ധതന്ത്ര പ്രധാനമായുള്ളതാണ്. പാക്കിസ്ഥാൻ ആണവരാജ്യമാണ്; ഇന്ത്യക്ക് എന്നും ഭീഷണിയും. ഇന്ത്യക്ക് ആ ഭീഷണി അവഗണിക്കാൻ വയ്യാ.

അതൊക്കെ കൂടാതെയാണ് കാഷ്‌മീരിലൂടെ ഇന്ത്യയാകമാനം പടരുന്ന ഇസ്‌ലാമിക തീവ്രവാദം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈയടുത്തു നടന്ന അമേരിക്കൻ സന്ദർശന വേളയിൽ പറഞ്ഞത് 30,000-ത്തിനും, 40,000-ത്തിനും ഇടയിൽ സൈനിക പരിശീലനം കിട്ടിയ തീവ്രവാദികൾ പാക്കിസ്ഥാനിൽ ഉണ്ടെന്നാണ്. ഇവർ അഫഗാനിസ്ഥാനെതിരേയും, ഇന്ത്യൻ സൈന്യത്തിനെതിരേയും നിരന്തരം അക്രമങ്ങൾ അഴിച്ചു വിടുന്നൂ.

പാക്കിസ്ഥാൻ മനസ്സു വെയ്ക്കുകയാണെങ്കിൽ കാശ്മീർ പ്രശ്നം ഇന്ത്യയുമായി ചർച്ച നടത്തി നിഷ്പ്രയാസം പരിഹരിക്കാൻ സാധിക്കും. പക്ഷെ ഇൻഡ്യാ വിരുദ്ധത പാക്കിസ്ഥാൻ ഭരണ വർഗത്തിൻറ്റെ രക്തത്തിൽ അടങ്ങിയിട്ടുണ്ടെന്ന രീതിയിലാണ് അവർ ഇന്ത്യക്കെതിരെ പലപ്പോഴും തീവ്രവാദികളെ പ്രാത്സാഹിപ്പിക്കുന്നത്.

ഇതിനൊരു മാറ്റം സമീപ ഭാവിയിൽ ചിലപ്പോൾ നമുക്ക് പ്രതീക്ഷിക്കാം. പാക്കിസ്ഥാനെ ഭരിക്കുന്നത് മൂന്നു ശക്തികളാണെന്നാണ് ബേനസിർ ഭൂട്ടോ ഒരിക്കൽ പറഞ്ഞിട്ടുള്ളത്: അള്ളാഹുവും, അമേരിക്കയും, ആർമിയുമാണ് ആ മൂന്നു ശക്തികൾ. ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി സ്ഥിരം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്ന ഇതെഴുതുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞത് പാക്കിസ്ഥാനിൽ ചെന്നാൽ ഉടൻ തന്നെ സൈന്യത്തിൻറ്റെ നിരീക്ഷണത്തിലാകും എന്നാണ്.

പാക്കിസ്ഥാനിൽ പടർന്നു പന്തലിച്ചിരുന്ന ഇസ്ലാമിക മത മൗലിക വാദത്തിനെതിരെ പൊതു സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്. പക്ഷെ അങ്ങനെ ക്രിയാത്മകമായി ഇടപെടാൻ പാക്കിസ്ഥാൻ സൈന്യം ആരെയും അനുവദിക്കില്ല. അവർക്ക് ഇസ്ലാമിക മത മൗലിക വാദവും, ഇന്ത്യൻ വിരോധവും നില നിർത്തേണ്ടത് ആവശ്യമാണ്.

ഇന്ത്യയുടെ പുരോഗതി മാതൃക ആക്കണമെന്ന് പാക്കിസ്ഥാനിലെ നയ രൂപീകരണം നടത്തുന്ന കുറെ പേർക്കൊക്കെ ആഗ്രഹമുണ്ടെങ്കിലും പാക്കിസ്ഥാൻ സൈന്യം അതിന് എതിരു നിൽക്കുകയാണ്. ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ 'Blood and Sword: A Daughter’s Memoir' എന്ന പുസ്തകത്തിൽ ഇന്ന് നടമാടുന്ന പാക്കിസ്ഥാനിലെ അസ്ഥിരത വ്യകതമായി പറയുന്നുണ്ട്.

ബോംബ് സ്ഫോടനങ്ങളും, വെടി വെയ്പുകളും മൂലം കറാച്ചി പോലുള്ള അനേകം നഗരങ്ങളിൽ ജന ജീവിതം ദുസ്സഹമായി കഴിഞ്ഞിരിക്കുന്നു. മത മൗലിക വാദത്തെയും, പട്ടാളത്തിൻറ്റെ ഉരുക്കു മുഷ്ടിയെയും ഇഷ്ട്ടപ്പെടാത്ത ആർക്കും നൽകുന്ന വലിയ പാഠമാണ് നമ്മുടെ സഹോദര രാജ്യമായ പാക്കിസ്ഥാനിലെ ഇന്ന് കാണുന്ന ദുരവസ്ഥ. ട്രംപ്പ് കേറിയത്തിൽ പിന്നെ അമേരിക്കയിൽ നിന്ന് വലിയ സഹായമൊന്നും കിട്ടുന്നില്ല. ചൈനയുടെ സഹായമില്ലെങ്കിൽ പാക്കിസ്ഥാന് ഇന്നു നിലനിൽപ്പ് തന്നെ സാധ്യമല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പൊയ്കൊണ്ടിരിക്കുന്നത്.

പാക്കിസ്ഥാൻറ്റെ ഇന്നത്തെ അവസ്ഥയും, അമേരിക്കയുടെ മാറിയ നിലപാടുമാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. വളരെയധികം 'ഇൻവെസ്റ്റ്മെൻറ്റ്' പാക്കിസ്ഥാനിൽ നടത്തിയിട്ടുള്ള ചൈനക്കും പാക്കിസ്ഥാനിൽ സമാധാനം നിലനിന്നു കാണണമെന്ന് ആഗ്രഹമുണ്ട്. മിക്കവാറും അമേരിക്കയുടേയും, ചൈനയുടേയും, പാക്കിസ്ഥാൻറ്റേയും മൗനാനുവാദത്തോടെയായിരിക്കും ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370-ഉം, 35 A -ലിലൂടെയും കാശ്മീർ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കിയത്. അത് പുറത്ത് പറയുന്നില്ലെന്ന് മാത്രം.

ഇമ്രാൻ ഖാൻ ഈയടുത്തു വെളിപ്പെടുത്തിയത് പോലെ പാക്കിസ്ഥാനിലെ 30,000-ത്തിനും, 40,000-ത്തിനും ഇടയിലുള്ള സൈനിക പരിശീലനം കിട്ടിയ തീവ്രവാദികളെ പഴയപോലെ ഇന്ത്യക്കെതിരെ തിരിച്ചുവിട്ടാൽ കാശ്മീർ താഴ്വര വീണ്ടും അശാന്തമാകും; അവിടെ ചോരപ്പുഴകൾ ഒഴുകും. അത് ഇനി അമേരിക്കയുടെ സമ്മർദത്തിൻറ്റെ ഫലമായി സംഭവിക്കില്ലെന്നാണ് തോന്നുന്നത്.

വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണത്തിന് ശേഷം ഭീകര പ്രവർത്തകർക്കെതിരെ നിലപാട് ശക്തമാക്കാൻ അമേരിക്ക പാക്കിസ്ഥാനിൽ കണ്ടമാനം സമ്മർദം ചെലുത്തി. നാഷണൽ ജ്യോഗ്രഫിക്ക് കുറച്ചു നാൾ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു ഡോക്കുമെൻറ്ററിയിൽ അമേരിക്കൻ ജെനറൽമാർ പറഞ്ഞത് പാക്കിസ്ഥാൻ അമേരിക്കക്കെതിരെ നിലകൊള്ളുന്ന 'അൽ ക്വയ്ദ' പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കാം എന്ന് സമ്മതിച്ചപ്പോഴും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരപ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ചു എന്നാണ്.

publive-image

പക്ഷെ 16 വർഷത്തിൽ ഏറെയായി അഫ്ഗാനിസ്ഥാനിൽ ഇടപെട്ടിട്ട് അമേരിക്കക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പാക്കിസ്ഥാനെതിരെ സമ്മർദം ശക്തമാക്കിയിരിക്കയാണ്. ഇസ്‌ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും, അവരെ കുറ്റ വിചാരണ ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യണം എന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത രീതിയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

വൻതോതിൽ അമേരിക്കൻ സഹായം കൈക്കൊള്ളുന്ന രാഷ്ട്രം എന്ന നിലക്ക് പാക്കിസ്ഥാന് അമേരിക്കൻ തിട്ടൂരം അനുസരിക്കാതെ നിവൃത്തിയില്ല. അമേരിക്കയുടെ ഈ കർക്കശ നിലപാടാണ് കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ ഏറ്റവും നിർണായകമായിട്ടുള്ളത്.

അമേരിക്കൻ ഡോളറിൻറ്റേയും, ചൈനീസ് ഇക്കോണമിയുടേയും, സൗദി അറേബ്യൻ റിയാലിൻറ്റേയും പിൻബലത്തിൽ മാത്രം ജീവിക്കുന്ന പാകിസ്താൻറ്റെ കൂടെ കൂടിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്ന തിരിച്ചറിവ് കശ്മീർ ജനതക്ക് പകർന്നു കൊടുക്കാൻ ഇന്ത്യക്ക് ഇനിയുള്ള കാലയളവിൽ സാധിക്കണം. വിഘടനവാദി സംഘടനകളുടെ നേതാക്കൾ ഇന്ത്യയോടൊ പാകിസ്താനോടോ പ്രത്യേകിച്ച് സ്നേഹം ഒന്നും ഉള്ളവരല്ല.

'ഐഡിയോളജിക്കൽ ഓറിയൻറ്റേഷൻ' ഉള്ള തീവ്രവാദികളും, വിഘടനവാദി നേതാക്കളും കാശ്മീരിൽ വളരെ കുറവാണ്. ശുദ്ധ ഗതിക്കാരായ ജനങ്ങളെ മത രാഷ്ട്രീയ നേതാക്കൾ അവരുടെ സ്വാർത്ഥ ലാഭങ്ങൾക്കായി ഉപയോഗിക്കുന്നതാണ് കശ്മീരിലെ യഥാർത്ഥ പ്രശ്നം. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക് വരുന്ന ഫണ്ടുകൊണ്ട് സുഗമായി ജീവിക്കുന്ന 'പാരാസൈറ്റുകൾ' ആണ് കാശ്മീരിലെ വിഘടനവാദി പ്രസ്ഥാനങ്ങൾ കൂടുതലും നയിക്കുന്നത്.

മറ്റേതു തീവ്രവാദി പ്രസ്ഥാനങ്ങളും ചെയ്യുന്നത് പോലെ തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക് വരുന്ന ഫണ്ടിൻറ്റെ ചെറിയ ഒരു അംശം കാശ്മീരിലെ ചെറുപ്പകാർക്ക് കൊടുത്ത് അവരെ മരണത്തിലേക്ക് തള്ളി വിടുകയാണ് നേതാക്കൾ ചെയ്യുന്നത്. കുറച്ചുപേരുടെ താൽപര്യങ്ങൾക്ക് വേണ്ടി ഭൂമിയിലെ സ്വർഗം' എന്ന് കവികൾ വിശേഷിപ്പിച്ചിട്ടുള്ള കശ്മീർ കുറെ നാളായി കൂട്ട കുരുതികളുടെ നാടായി അതുകൊണ്ട് മാറി.

കാശ്മീരിന് ഇന്നാവശ്യം വാണിജ്യവും, വ്യവസായവും ആണ്. സംസ്ഥാനത്ത് നിക്ഷേപത്തിലൂടെ വികസനം ഉണ്ടാവുമ്പോൾ തന്നെ പല പ്രശ്നങ്ങളും മാറി കിട്ടും. വിനോദ സഞ്ചാരവും, കൈത്തറിയും ഒക്കെ കാശ്മീരിൻറ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഏതൊരു പ്രദേശത്തെയും പോലെ പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയൊക്കെ കാശ്മീരിലുണ്ട്.

യുവാക്കൾക്ക് തൊഴിൽ കിട്ടിയാൽ തന്നെ അവർ തീവ്രവാദത്തിൽ നിന്നു മാറി ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് നീങ്ങും. അതിലേയ്ക്കാണ് കാശ്മീരുമായി ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടത്. എല്ലാത്തിനും ഉപരിയായി കാശ്മീരിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കണം. അതിനുള്ള എല്ലാ വഴികളും ആരായണം.

പാക്കിസ്ഥാൻ അതിനു സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇന്ത്യ ഒറ്റക്കു ആ വഴി മുന്നേറാൻ ഉള്ള നിശ്ചയ ദാർഢ്യo കാണിക്കണം. അതിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരിൻറ്റെ നിലപാടുകൾ സഹായകരമാകുമോ എന്നതാണ് നിർണായകമായ ചോദ്യം. ഇനിയുള്ള കാലയളവിൽ സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കപ്പെടുമോ എന്നുള്ളതാണ് പ്രധാനമായും നോക്കി കാണേണ്ടത്.

 

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment