കാശ്മീരിൽ പോളിംഗ് ശതമാനം ഉയർത്തി വീണ്ടെടുക്കേണ്ട ജന വിശ്വാസം

വെള്ളാശേരി ജോസഫ്
Monday, June 17, 2019

മ്മുകാശ്മീരില്‍ കഴിഞ്ഞ ദിവസം വീണ്ടും ഭീകരാക്രമണം ഉണ്ടായി. 5 സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദത്തിന് അനുകൂലമായിട്ടുള്ള ലോക്കൽ സപ്പോർട്ടിൻറ്റെ വേരറുക്കുകയാണ് തീവ്രവാദം നേരിടാൻ ഏറ്റവും നല്ലത്.

പഞ്ചാബിലും തമിഴ്നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടത് അങ്ങനെയാണ്; അവിടെയൊക്കെ ‘പൊളിറ്റിക്കൽ പ്രോസസിലൂടെ’ ജനത്തെ വിശ്വാസത്തിലെടുത്തു. അതാണിപ്പോൾ കാശ്മീരിൽ കാണാത്തത്. ലോക്കൽ സപ്പോർട്ട് ബെയ്‌സിനെ നേരിടാതെ പാക്കിസ്ഥാനെതിരെ ബി.ജെ.പി.-യും, സംഘ പരിവാർ സംഘടനകളും സ്ഥിരം കൊലവിളി നടത്തിയിട്ട് വലിയ പ്രയോജനം ഒന്നുമില്ല.

കാശ്മീരിൽ മണ്ഡലങ്ങൾ കുറച്ചും, ലഡാക്കിലും ജമ്മുവിലും മണ്ഡലങ്ങൾ കൂട്ടിയുമുള്ള പുതിയ ആഭ്യന്തര മന്ത്രി അമിത് ഷാ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയപ്പെടുന്ന പുനർ നിർമിതി വന്നാലും കാശ്മീരിൽ പോളിംഗ് ശതമാനം എന്നൊന്നുള്ളത് ഉയർന്നില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് കാശ്മീരിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ സാധിക്കില്ല.

സംഘ പരിവാർ അമിത് ഷായെ ആഭ്യന്തരമന്ത്രിയാക്കിയതു തന്നെ കൃത്യമായ ലക്ഷ്യങ്ങളോടെയും പ്ലാനിങ്ങോടെയുമാണെന്നാണ് തോന്നുന്നത്. കാശ്മീരിന് പ്രത്യേക അവകാശങ്ങൾ കൊടുക്കുന്ന 370, 35 A എന്നിവ റദ്ദു ചെയ്തു കശ്മീർ ഇന്ത്യയിലെ മറ്റുള്ളത് പോലെ ഒരു സംസ്ഥാനമാക്കുക എന്നതാണ് അമിത് ഷാ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം എന്നാണ് തോന്നുന്നത്. നേരത്തേ തന്നെ ഒരു ഇൻറ്റർവ്യൂവിൽ രാജ്യസഭയിൽ തങ്ങൾക്ക് ഭൂരിപക്ഷം കിട്ടിയാൽ 370, 35 A വകുപ്പുകൾ ഇല്ലാതാക്കും എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

പല സംസ്ഥാനങ്ങളിലും ഇപ്പോൾ ബി.ജെ.പി. ഭരണം ഉള്ളതുകൊണ്ട് രാജ്യസഭയിലും ബി.ജെ.പി.- ക്ക് ഭൂരിപക്ഷം കിട്ടാൻ ഇനി അധികം കാലതാമസം ഉണ്ടാകില്ല. ഭരണഘടന മാറ്റിയെഴുതിയാലും കാശ്മീരിൽ പോളിംഗ് ശതമാനം ഉയർത്തി ജനവിശ്വാസം വീണ്ടെടുക്കാൻ പറ്റുമോയെന്നുള്ള ചോദ്യം ജനാധിപത്യ പ്രക്രിയയിൽ വളരെ പ്രസക്തമാണ്.

മൊത്തം സംസ്ഥാനത്തിൽ പാർലമെൻറ്റും നിയമസഭാ മണ്ഡലങ്ങളും ഏറെയുള്ള കാശ്മീരിനെ പുനസംഘടിപ്പിച്ചു കാശ്മീർ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ജമ്മുവിനും ലഡാക്കിനും കൂടുതൽ പ്രാധാന്യം കൊടുത്ത് കാശ്മീർ പ്രശ്നം പരിഹരിക്കാനുള്ള അമിത് ഷായുടെ നീക്കം വിജയിക്കുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കാത്ത ഏതു നീക്കവും പാളിയതാണ് ഇതുവരെ ജമ്മു ആൻഡ് കാശ്മീരിൽ കണ്ടിട്ടുള്ളത്. മോഡി സർക്കാരിൻറ്റെ കാശ്മീർ നയമാകട്ടെ ഇതുവരെ വലിയ പരാജയവുമാണ്.

ജമ്മുവിലും ലഡാക്കിലും തീവ്രവാദമില്ല എന്നുള്ളതാണ് സംഘ പരിവാറുകാരിൽ ചിലരൊക്കെ ഈ നിയമസഭ/പാർലമെൻറ്റ് മണ്ഡലങ്ങളുടെ പുനർ നിർമ്മിതിക്ക് പറയുന്ന ന്യായീകരണം. ആദ്യം അമിത് ഷായുടെ നെത്ര്വത്ത്വത്തിൽ ജമ്മു ആൻഡ് കാശ്മീരിൽ ഉള്ള മുഴുവൻ കോൺസ്റ്റിറ്റ്യുവൻസികൾ പുനർ നിർണ്ണയിക്കും. അതോടെ ജമ്മുവിലേയും ലഡാക്കിലേയും MLA-മാരുടേയും, എം.പി.-മാരുടേയും എണ്ണം കൂടും.

ഇങ്ങനെ കശ്മീരിലെ വരും തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന കുറവിലൂടെ അമിത ഷാ എന്ന ആഭ്യന്തര മന്ത്രിക്ക് കാശ്മീർ പ്രശ്നം പരിഹരിക്കാനാകുമോ? കണ്ടറിയണം. കാശ്മീർ മേഖലക്ക് മൊത്തം സംസ്ഥാനത്തിൽ പ്രാധാന്യം കുറക്കുകയും, ജമ്മു, ലഡാക്ക് മേഖലകൾക്ക് പ്രാധാന്യം കൂട്ടുകയും ചെയ്യുന്ന ഇത്തരം നയം മൊത്തത്തിൽ എന്തൊക്കെ പ്രശ്നങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്നുള്ളത് പ്രവചനാതീതമാണ്.

കാശ്മീരിൽ പാകിസ്താൻറ്റെ കൈ കടത്തൽ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. കഴിഞ്ഞ യു.പി.എ. ഒന്നിൻറ്റേയും, രണ്ടാം യു.പിഎ. – യുടെ സർക്കാരിൻറ്റെയും കാലത്ത് പലതും ചെയ്തു കാശ്മീരികളുടെ വിശ്വാസം ആർജിക്കാൻ കുറച്ചൊക്കെ കഴിഞ്ഞിരുന്നു; സമാധാന അന്തരീക്ഷം കൈ വന്നിരുന്നതും ആണ്. കഴിഞ്ഞ മോഡി സർക്കാർ ആണ് എല്ലാം തകിടം മറിച്ചത്. ബി.ജെ.പി.- യുടേയും, സംഘ പരിവാറിൻറ്റേയും പ്രവർത്തന രീതിക്കനുസരിച്ച് ഗുജറാത്തിൽ ചെയ്തത് പോലെ ജനങ്ങളെ അടിച്ചൊത്തുക്കാമെന്ന് അവർ കരുതി. അവിടെയാണ് തെറ്റ് സംഭവിച്ചത്.

ഉത്തരേന്ത്യയിലും ഗുജറാത്തിലും ഉള്ളപോലെ ദരിദ്രവാസികളായ മുസ്ലീങ്ങളല്ല കാശ്മീരിൽ ഉള്ളത്. ഒരു വലിയ വിഭാഗം പ്രാദേശിക വാസികൾ ‘ഹൈ ഹാൻഡഡ്നെസ്സിനെ’ ചെറുക്കുമെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയി. ബി.ജെ.പി. സർക്കാരിൻറ്റെ അവസരവാദപരമായുള്ള പി.ഡി.പി.-യുമായുള്ള കൂട്ടുകെട്ടാണ് കാര്യങ്ങൾ തകിടം മറിച്ചത്. ആ കൂട്ടുകെട്ട് ജനവിധിക്ക് എതിരായിരുന്നു. ആ അവസരവാദപരമായ കൂട്ടുകെട്ട് നിലവിൽ വന്നതിൽ പിന്നെ കാശ്മീരിൽ വിഘടന വാദം പതിൻമടങ് വർദ്ധിക്കുകയും കൂടുതൽ ആളുകൾ അതിലേക്ക് ആകർഷിക്കപെടുകയും ചെയ്തു.

ഇനിയിപ്പോൾ കാശ്മീർ പ്രശ്നം പരിഹരിക്കാനായി വരാൻ പോകുന്നത് പുതിയ ആഭ്യന്തര മന്ത്രി അമിത് ഷായുടേതെന്ന് പറയപ്പെടുന്ന നിയമ സഭാ/പാർലമെൻറ്റ് മണ്ഡലങ്ങളുടെ പുനർ നിർമിതി ആണ്. കാശ്മീരിൽ മണ്ഡലങ്ങൾ കുറച്ചും, ലഡാക്കിലും ജമ്മുവിലും മണ്ഡലങ്ങൾ കൂട്ടിയുമുള്ള പുനർ നിർമിതിക്കാണ് അമിത് ഷാ ലക്ഷ്യം വെക്കുന്നത്.

പണ്ട് സിക്ക് തീവ്രവാദവും, തമിഴ്നാട്ടിൽ എൽ.ടി.ടി.ഇ. -യോടുള്ള അനുഭാവവും സ്വതന്ത്ര ഇന്ത്യ സധൈര്യം നേരിട്ട തീവ്രവാദ പ്രവണതകളാണ്. രണ്ട് മുൻ ഇന്ത്യൻ പ്രധാന മന്ത്രിമാർക്ക് ആ തീവ്രവാദങ്ങൾ ഉയർത്തിയ വെല്ലുവിളിയിൽ ജീവൻ നഷ്ടപ്പെട്ടു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ശരീരത്ത് എത്ര വെടിയുണ്ടകൾ തുളച്ചു കയറി എന്ന് പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർമാർക്ക് പോലും അറിയില്ല.

രാജീവ് ഗാന്ധിയുടെ ബോംബ് സ്ഫോടനത്തിലൂടെ ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ തുന്നി കെട്ടിയപ്പോൾ അത് ചെയ്ത ഒരു ഡോക്റ്റർ പോലും മോഹാലസ്യപ്പെട്ട് വീണു എന്നാണ് ജീവ ചരിത്രകാരന്മാർ പറയുന്നത്. പക്ഷെ ഇതൊക്കെയാണെങ്കിലും ഇന്ത്യ സധൈര്യം സിക്ക്-തമിഴ് തീവ്രവാദത്തെ നേരിട്ടു. തീവ്രവാദങ്ങൾ നേരിടേണ്ട രീതി ‘പൊളിറ്റിക്കൽ പ്രോസസ്’ എന്നൊന്നുള്ളത് തുടങ്ങിവെച്ചാണ് എന്നതും കോൺഗ്രസ്സ് സർക്കാരുകൾ ലോകത്തെ കാണിച്ചുകൊടുത്തു.

കെ. പി. എസ്. ഗില്ലിനേയും റിബൈറോയേയും ഉപയോഗിച്ച് പഞ്ചാബിൽ പണ്ട് ശക്തമായി തീവ്രവാദത്തെ അടിച്ചമർത്തിയപ്പോഴും അതിനോടൊപ്പം തിരഞ്ഞെടുപ്പുകൾ ഭംഗിയായി നടത്തി. സയ്നയിഡ് ഗുളിക കഴുത്തിൽ തൂക്കിയിട്ട് നടന്നിരുന്ന എൽ.ടി.ടി.ഇ. -ക്കാരെ നേരിട്ടപ്പോഴും ജയലളിത തമിഴ്‌നാട്ടിലും ‘പൊളിറ്റിക്കൽ പ്രോസസ്’ എന്നൊന്നുള്ളത് മറന്നില്ല. കോൺഗ്രസ്സ് പഞ്ചാബിലും, തമിഴ്‌നാട്ടിലും തുടങ്ങിവെച്ച ആ ‘പൊളിറ്റിക്കൽ പ്രോസസ്’ ആണിപ്പോൾ കാശ്മീരിൽ കാണാത്തത്.

2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പില് വൻ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരിൽ വളർന്നു വരുന്ന ജനാധിപത്യാവബോധത്തെ കുറിച്ചുള്ള പ്രതീക്ഷയാണ് നൽകിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടർമാരാണ്.

പക്ഷെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷോപ്പിയാനിലും പുൽവാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കിൽ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ളയിൽ 35 ശതമാനവും, തെക്കൻ കാശ്മീരിൽ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുൽഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങൾ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ.

കാശ്മീരിലെ സ്ഥിരം പ്രശ്ന ബാധിത മേഖലയായ അനന്ത്നാഗിൽ 2014-ൽ 59.7 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ 2019 ആയപ്പോൾ അത് 13.6 ശതമാനമായി കുറഞ്ഞു. മൊത്തം കാശ്മീർ മേഖലയിൽ 2014-ൽ 56.49 ശതമാനം പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ 2019 ആയപ്പോൾ അത് 22.5 ശതമാനമായി ചുരുങ്ങി. ചുരുക്കം പറഞ്ഞാൽ ഒരു ‘പൊളിറ്റിക്കൽ പ്രോസസ്’ ഇപ്പോഴത്തെ ബി.ജെ.പി. സർക്കാരിന് കാശ്മീരിൽ ഇതുവരെ തുടങ്ങിവെക്കാൻ സാധിച്ചിട്ടില്ല.

പഞ്ചാബിലും തമിഴ്നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോൺഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ ‘പൊളിറ്റിക്കൽ പ്രോസസ്’ എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോൾ കാശ്മീരിൽ കാണാത്തത്.

 

(ഇതെഴുതുന്ന വ്യക്തി നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം).

×