Advertisment

എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ – എന്നിങ്ങനെയുള്ള കേരളത്തിൻറ്റെ വികസനത്തെ അടയാളപ്പെടുത്തിയ ജീവിത സൂചികകൾ മൂലം കൊട്ടിഘോഷിക്കപ്പെട്ടിരുന്ന 'കേരളാ മോഡലിന്' 1990-കൾക്ക് ശേഷം എന്തു സംഭവിച്ചു? ഇന്നിപ്പോൾ പ്രകൃതി ഇത്ര കനിഞ്ഞനുഗ്രഹിച്ചിട്ടും കേരളത്തിൽ നാം നമ്മുടെ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചിട്ടില്ല. ഇത്രയേറെ തോടുകളും, പുഴകളും, കായലുകളും, നീണ്ട കടൽ തീരവും ഉണ്ടായിട്ട് നാം ജല ഗതാഗതം വികസിപ്പിച്ചിട്ടില്ല.

കേരളത്തിലെ വ്യവസായിക, കാർഷിക, സേവന മേഖലകളെ വികസിപ്പിച്ചിട്ടില്ല. അതേ സമയം ഇതൊന്നുമില്ലാഞ്ഞിട്ടും മറ്റു സംസ്ഥാനങ്ങളിൽ വികസനം കൈവന്നു. പൻജാബിലും, ഹരിയാനയിലും വരെ അവർ ഉൾനാടൻ മത്സ്യ കൃഷി വികസിപ്പിച്ചു. അവരൊക്കെ കാർഷിക രംഗത്ത് വൻതോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നു.

എല്ലാ വികസിത രാജ്യങ്ങളും കാർഷിക രംഗത്ത് വൻ തോതിലുള്ള യന്ത്രവൽക്കരണം കൊണ്ടുവന്നിട്ടുണ്ട്. തെങ്ങു കയറാനുള്ള യന്ത്രം, മണ്ണ് കുഴിക്കാനുള്ള യന്ത്രം. പാൽ കറക്കാനുള്ള യന്ത്രം, മരം മുറിക്കാനുള്ള യന്ത്രം – ഇങ്ങനെ യന്ത്രവൽക്കരണത്തെ ആശ്രയിക്കാവുന്ന എത്രയെത്ര മേഖലകൾ കേരളത്തിൽ ഉണ്ടായിരുന്നു??? അതിനെ കുറിച്ചൊക്കെ ആകുലരാകുന്നതിന് മുമ്പ് ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ കാണേണ്ടതുണ്ട്.

publive-image

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രം പറയുമ്പോൾ സാക്ഷരതാ നിരക്ക് ഉയർന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം മലയാളിയുടെ വായനാ സംസ്കാരം ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ മാറിയ കഥ കൂടി നാം ഓർക്കണം. മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു.

'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂട്ടാൻ പ്രധാന കാരണം. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്.

പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. കേരളത്തിൽ പ്രിൻറ്റിങ് ടെക്‌നോളജി വ്യാപിപ്പിച്ചതിൻറ്റെ ക്രെഡിറ്റും മിഷനറിമാർക്ക് അവകാശപ്പെടാവുന്നതാണ്.

എഴുത്താശാൻമാർ നെത്ര്വത്ത്വം കൊടുത്ത 'കുടിപ്പള്ളിക്കൂടം' ഒക്കെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും മലബാർ ഉൾപ്പെടെയുള്ള മദ്രാസ് പ്രസിഡൻസിയുടെ 'ലിറ്ററസി റെയ്റ്റ്' ആയി 1901 - ലെ സെൻസസിൽ കാണിക്കുന്നത് പുരുഷൻമാർക്ക് 11.9 ശതമാനവും, സ്ത്രീകൾക്ക് 0.11 ശതമാനവും ആണ്. ഇതിൽ നിന്ന് തന്നെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് എഴുതാനും, വായിക്കാനും അന്നത്തെ കേരളത്തിൽ കഴിഞ്ഞിരുന്നൂ എന്ന് ഊഹിക്കാം.

ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി പിന്നീട് സാക്ഷരതയിൽ കേരളം കണ്ടത് ഒരു വൻ കുതിച്ചു ചാട്ടമാണ്. 1951 ആയപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാക്ഷരത 31.5 ശതമാനം ആയി മാറി. അപ്പോഴും ഇന്ത്യയൊട്ടാകെ 7.9 ശതമാനം സ്ത്രീകൾക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ.

1991 ആയപ്പോൾ മൊത്തം കേരളത്തിലെ 'ലിറ്ററസി റെയ്റ്റ്' ആയി കാണിക്കുന്നത് 78 ശതമാനമാണ്. അപ്പോഴും ബീഹാറിൽ 31 ശതമാനവും, ഉത്തർ പ്രദേശിൽ 34 ശതമാനവും മാത്രമേ സാക്ഷരത ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ നമുക്ക് കേരളത്തിൻറ്റെ സവിശേഷ വികസന മാതൃക മനസിലാക്കാം. ഈ സവിശേഷ വികസന മാതൃകയാണ് പിന്നീട് 'കേരളാ മോഡൽ' വികസനം എന്നറിയപ്പെട്ടത്.

സാക്ഷരത ഉയർന്ന 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഒരു വൻ വിപ്ലവം തന്നെയുണ്ടായി. 'ആധുനികത' എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന നോവലുകളുടെ ഉദയവും, വളർച്ചയും മലയാളത്തിലും ഉണ്ടായി.

കോട്ടയം കേന്ദ്രമായി മലയാള മനോരമ, മനോരാജ്യം, മംഗളം - തുടങ്ങിയ അനേകം വീക്കിലികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജനപ്രിയ നോവലുകളിലൂടെ മലയാളിയുടെ വായനയുടെ തോത് ഉയർത്തുന്നതിൽ ഈ വീക്കിലികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിനോടോപ്പം 'വായനശാലാ പ്രസ്ഥാനവും' കേരളത്തിൽ ഉണ്ടായി.

5000 ലൈബ്രറികൾ അല്ലെങ്കിൽ വായനശാലകൾ കേരളത്തിൽ അക്കാലത്ത് ഉണ്ടായി എന്ന് പറയുമ്പോൾ തന്നെ മലയാളിയുടെ വായനയിൽ വന്ന മാറ്റം കാണാം. 40 പത്രങ്ങളോളമാണ് 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്!!! അതൊക്കെ കൂടാതെ ആയിരത്തിൽ ഏറെ പ്രസിദ്ധീകരണങ്ങളും!!! മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്തതായിരുന്നു വായനയിൽ ഉണ്ടായ ആ നേട്ടം.

ഇതിനും മുമ്പേ ഉണ്ടായ കർഷക സമരങ്ങളുടെ കഥ കൂടി പറഞ്ഞില്ലെങ്കിൽ കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ കാലത്തുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെ കുറിച്ചുള്ള കഥാകഥനത്തിന് ഒരു പൂർണതയും കൈവരില്ലാ. 1934-ൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാണ് ആദ്യമായി ചെറുകിട കർഷകരുടെ അതല്ലെങ്കിൽ പാട്ട കർഷകരുടെ പ്രശ്നം ഏറ്റെടുത്തത്.

1937-ൽ രൂപം കൊണ്ട മലബാർ കർഷക സംഘവും, പിന്നീട് 1940 -ൽ രൂപമെടുത്ത കമ്യുണിസ്റ്റ് പാർട്ടിയും ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി കേരളത്തിലങ്ങോളമിങ്ങോളം സമരങ്ങൾ സംഘടിപ്പിച്ചു. 1940-50 കാലയളവിൽ ഇത്തരം സമരങ്ങളാൽ കേരളം പ്രക്ഷുബ്ദ്ധമായി. പിന്നീട് കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ 1957 ഡിസംബർ 18- ന് 'കേരളാ അഗ്രെറിയൻ ബിൽ' നിയമസഭയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.

48 ദിവസത്തെ തുടർച്ചയായ ചർച്ചക്ക് ശേഷം 1959 ജൂൺ 10- ന് ആ ബിൽ പാസായി. ഹൈക്കോടതിയിലും, പിന്നീട് സുപ്രീം കോടതിയിലും വളരെക്കാലം നീണ്ടുനിന്ന നിയമ പോരാട്ടമാണ് 'കേരളാ അഗ്രെറിയൻ ബിൽ' - നെ പറ്റി പിന്നീടുണ്ടായത്.

അവസാനം ആദ്യത്തെ ബില്ലിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തി 1970-ൽ നിലവിൽ വന്ന അച്യുത മേനോൻ സർക്കാരാണ് കേരളത്തിൽ ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത്. ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കിയത് മൂലം പാട്ടഭൂമി സ്ഥിരപ്പെടുത്തിയതിന് പുറമെ കുടികിടപ്പ് അവകാശം കർഷക തൊഴിലാളികൾക്ക് ആദ്യമായി കിട്ടി. അന്നത്തെ അവസ്ഥയിൽ അതൊരു വലിയ വിപ്ലവം തന്നെയായിരുന്നു.

ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വഴി 'മിനിമം വേജ്' പരിഷ്ക്കരിച്ച മറ്റൊരു നിയമമായിരുന്നു കേരളത്തിലെ അടുത്ത സാമൂഹ്യ വിപ്ലവം. സ്ത്രീകൾക്ക് 1957-ൽ നിലവിൽ വന്ന 'മറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ്' വഴി ഒട്ടേറെ അവകാശങ്ങളും, ആനുകൂല്യങ്ങളും നൽകി. ഈ മാറ്റങ്ങളെ കുറിച്ചൊക്കെ അന്നത്തെ നിലവിലിരുന്ന സാഹചര്യങ്ങളിൽ കൂടിയാണ് നാം നോക്കി കാണേണ്ടത്. അതല്ലാതെ ഇന്നത്തെ സാഹചത്ര്യത്തിൽ അതിനെയൊക്കെ നോക്കിക്കണ്ടാൽ കാര്യങ്ങൾ മനസ്സിലാവുകയില്ല.

ശാസ്ത്ര സാഹിത്ത്യ പരിഷത്തും, യുക്തിവാദി സംഘടനകളും കൊണ്ടുവന്ന ശാസ്ത്ര ബോധം കൂടി 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ കാണാം. ഈ സാമൂഹ്യ അവബോധത്തിൻറ്റെ ഫലമായി മറ്റൊരു സംസ്ഥാനത്തും അന്ന് നിലവിൽ വരാത്ത സാർവത്രിക സ്‌കൂൾ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ രൂപം കൊണ്ടു. 1990 ആയപ്പോൾ മൊത്തം കേരളത്തിലെ 'ഇൻഫൻറ്റ് മോർട്ടാലിറ്റി റെയ്റ്റ്' അതല്ലെങ്കിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ കേവലം 17 ആയി കുറഞ്ഞു.

അപ്പോഴും ബീഹാറിൽ നവജാത ശിശുക്കളുടെ മരണം ആയിരത്തിൽ 75 -ഉം, ഉത്തർ പ്രദേശിൽ 98 -ഉം ആണെന്ന് പറയുമ്പോൾ നമുക്ക് അന്നത്തെ കേരളത്തിൻറ്റെ വികസനം മനസിലാക്കാം. ഇതൊക്കെ രേഖപ്പെടുത്തിയ കണക്കുകളാണ്. കണക്കുകളിൽ ഒത്തിരി കൃത്ത്വമത്ത്വം ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശിശു മരണ നിരക്ക് അതിനേക്കാൾ എത്രയോ കൂടുതലാകാൻ മാത്രമേ സാധ്യത ഉള്ളൂ.

ബീഹാറിൽ ഈയിടെ ‘Encephalatis Syndrome’ അതല്ലെങ്കിൽ മസ്തിഷ്ക്ക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികൾ മരിച്ചതും, അതിനുമുമ്പ് ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ 100-ൽ ഏറെ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വാർത്തയും ഒക്കെ കേരളത്തിൻറ്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങളോട് കൂട്ടി വായിക്കുമ്പോൾ മാത്രമേ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്ര വ്യത്യസ്തമാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ.

ബീഹാറിൽ ഈയിടെ നൂറിലേറെ കുട്ടികൾ മരിച്ചപ്പോൾ എല്ലാവരും അംഗീകരിച്ച ഒരു കാര്യമുണ്ട്: ലിച്ചിപ്പഴം വെറും വയറ്റിൽ കഴിക്കുന്നതൊക്കെ ഒരു കാരണമായി ചൂണ്ടി കാണിക്കാമെങ്കിലും ആത്യന്തികമായി ബീഹാറിലെ ദാരിദ്ര്യം തന്നെയാണ് ആ മരണങ്ങൾക്ക് കാരണമെന്നുള്ളത്. ‘ഹീറ്റ് വേവ്’ കാരണം ബീഹാറിൽ മാത്രം കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിൽ നൂറോളം പേർ മരിച്ചു. ഉത്തരേന്ത്യയിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ‘ഹീറ്റ് വേവ്’ കാരണം മരിച്ചവരുടെ സംഖ്യ ഇതിലും എത്രയോ കൂടുതലാണ്.

1990-കളുടെ തുടക്കത്തിൽ തന്നെ 4500-ൽ ഏറെ 'പ്രൈമറി ഹെൽത്ത് സെൻറ്ററുകൾ അതല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിച്ചതാണ് ആരോഗ്യ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ കാരണം. ആരോഗ്യ രംഗത്തെ മാറ്റം ജനസംഖ്യ നിയന്ത്രിക്കുന്നതിലും ഉതകി. പടിപടിയായി ജനസംഖ്യ നിയന്ത്രിക്കുന്നതിൽ കൈവന്ന നേട്ടങ്ങളുടെ പട്ടികയിൽ 1990-കൾക്ക് ശേഷം കേരളത്തിലെ പല പ്രദേശങ്ങളിൽ നിന്നും 'സീറോ പോപ്പുലേഷൻ റെയ്റ്റ്' അതല്ലെങ്കിൽ ജനസംഖ്യയിൽ കാര്യമായ കൂടൽ ഇല്ലാതാവാതിരിക്കുന്ന അവസ്ഥയും കൈവന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെന്നും, കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് കൊണ്ട് വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ്. പ്രൊഫെസ്സർ ഭഗവതി വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളും വികസനത്തിലേക്ക് നയിക്കും എന്ന് പറയുമ്പോൾ പ്രൊഫെസ്സർ അമർത്യ സെൻ അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്നാണു പറയുന്നത്.

കേരളമാണ് അമർത്യ സെൻറ്റെ വാദഗതികൾ ഏറ്റു പിടിക്കുന്നവർ മാതൃകയായി ഉയർത്തി കാണിക്കുന്നത്. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചു എന്ന് തന്നെയാണ് അമർത്യ സെന്നിൻറ്റെ വാദം. കേരളം, ഗോവ, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു.

കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സബ്രദായം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി.

500 കുടുംബങ്ങൾക്ക് ഒരു റേഷൻ കട എന്ന രീതിയിൽ 1950-കൾക്ക്ശേഷം പ്രവർത്തിച്ച കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തിൽ വളരെയേറെ ഉയർത്തി. 'ക്വാളിറ്റി ഓഫ് ലൈഫ്' അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ വ്യത്യസ്തവുമാണ്. ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ ഭാഗമായി ഈ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിനെ' അതല്ലെങ്കിൽ 'ക്വാളിറ്റി ഓഫ് ലൈഫ്' - നെ കാണാം.

1990-കൾക്ക് ശേഷം എല്ലാവരും ഉയർത്തിപ്പിടിച്ച 'കേരളാ മോഡലിന്' പിന്നീട് എന്തു സംഭവിച്ചു? പ്രശ്നങ്ങൾ 1990-ന് മുമ്പ് തന്നെ തുടങ്ങിയിരുന്നൂ എന്ന് വേണമെങ്കിൽ പറയാം. ഗൾഫിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകിയ പണം ഒരിക്കലും 'പ്രോഡക്റ്റീവ് ഇൻവെസ്റ്റ്‌മെൻറ്റിന്' പോയില്ല എന്നതായിരുന്നു മൂല കാരണം.

തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടി ഉണ്ടായ ട്രെയിഡ് യൂണിയൻ പ്രസ്ഥാനങ്ങൾ തൊഴിൽ സംകാരത്തെ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് 1990-കൾക്ക് ശേഷം കേരളത്തിൽ കണ്ടത്. കേരളം ഒരിക്കലും ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആയിരുന്നില്ല. നമ്മുടെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സംസ്ഥാനം ഒരു 'എൻറ്റർപ്രണർ ഫ്രണ്ട്‌ലി സ്റ്റേയിറ്റ്' ആകുന്നതിനെ കുറിച്ച് അത്രയ്ക്ക് ബോധവാന്മാരും അല്ല.

കേരളത്തിലെ തനതായ ഇൻവെസ്റ്റ്‌മെൻറ്റ് വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും ആണെന്ന് പറയാം. കേരളത്തിൽ ഉണ്ടായ വിദ്യാഭ്യാസത്തിലേയും, ആരോഗ്യത്തിലേയും മുന്നേറ്റം കേരളത്തിൻറ്റെ 'ഹ്യുമൻ ഡെവലപ്പ്മെൻറ്റ് ഇൻഡക്സിൽ' പ്രതിഫലിച്ചതാകാം ഇന്നിത്രയും പ്രവാസികളെ കാണാൻ സാധിക്കുന്നത്. പക്ഷെ മലയാളി ഓർക്കേണ്ട ഒരു കാര്യമുണ്ട്.

വിദേശങ്ങളിൽ നിന്നുള്ള 'റെമിറ്റൻസസ്' എല്ലാ കാലത്തും കേരളത്തിലേക്ക് ഒഴുകത്തില്ലാ. അതുകൊണ്ട് സംരംഭകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് പകരം വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിന് വേണ്ടി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, ജനങ്ങളും ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.

.........................................................................................

 

 

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment