Advertisment

കേരളീയ സമൂഹത്തിലെ അരാജകത്ത്വ പ്രവണത

New Update

publive-image

Advertisment

ജോൺ എബ്രാഹത്തേയും, ബാലചന്ദ്രൻ ചുള്ളിക്കാടിനേയും, കവി അയ്യപ്പനേയും ഒക്കെ ആരാധിച്ചിരുന്ന ഒരു യുവ തലമുറ 1980-കളിലും, 90-കളിലും കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അത്തരം അരാജകവാദികളെ ആരാധിക്കുന്ന എത്ര പേർ കേരളത്തിൽ ഉണ്ട്??? ബാലചന്ദ്രൻ ചുള്ളിക്കാട് പോലും ഈയിടെ തന്നെ ഒരു റോൾ മോഡലോ, സാംസ്കാരിക നായകനോ ആയി ആരും കാണരുതെന്ന് പറഞ്ഞിരുന്നു. അല്ലെങ്കിലും പുള്ളിയുടെ 'ചിദംബര സ്മരണകൾ' എന്ന ആത്മകഥ വായിച്ചാൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആർക്കും 'റോൾ മോഡലായി' കാണാൻ ആവില്ല.

അരാജക വാദികൾ കണ്ടമാനം ഉള്ളതാണ് കേരളത്തിലെ കലാ-സാഹിത്യ മേഖലകൾ. ഇടതുപക്ഷവുമായി അടുത്തുനിൽക്കുന്ന ഇത്തരക്കാരാണ് പലപ്പോഴും വികലമായ കലാബോധം തങ്ങളുടെ സൃഷ്ടികളിലൂടെ വിളംബരം ചെയ്യുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ അംശവടിയിൽ അടിവസ്ത്രം തൂക്കുമ്പോൾ ഫ്രാങ്കോക്ക് അത് കിട്ടേണ്ടതാണെന്ന് പലരും പറയും. പക്ഷെ ഫ്രാങ്കോ അല്ല അരാജക വാദികളുടെ കണ്ണിലെ പ്രതിപാദ്യ വിഷയം എന്ന് സുബോധത്തോടെ ചിന്തിച്ചാൽ പലർക്കും മനസിലാക്കാം.

ഫ്രാങ്കോയെ കേന്ദ്ര കഥാപാത്രമാക്കി അരാജക വാദികൾ മത സങ്കൽപ്പങ്ങളെ വെല്ലു വിളിക്കുകയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോൾ ചില സ്ഥാപിത താൽപര്യക്കാർ അല്ലാതെ ക്രിസ്ത്യൻ സമൂഹമൊന്നും പ്രതിഷേധിച്ചു കണ്ടില്ല. ഫ്രാങ്കോയെ ഇനീ ബലാത്സംഗ കേസിൽ ശിക്ഷിച്ചാലും ക്രിസ്ത്യൻ സമൂഹത്തിൻറ്റെ മത വികാരം വ്രണപ്പെടാനുള്ള ചാൻസൊന്നും ഒട്ടുമേ ഇല്ലാ. പക്ഷെ മെത്രാൻറ്റെ അംശവടിയിൽ ജെട്ടി തൂക്കിയിട്ട് വിമർശിക്കുമ്പോൾ അത് പല ക്രിസ്ത്യാനികളും അംഗീകരിച്ചെന്നു വരികയില്ല.

സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിന്നാണ് പുരുഷനും വരുന്നതെന്ന് എല്ലാവർക്കും അറിയാം. പക്ഷെ തൃശൂരിലെ കേരളവർമ കോളേജിൽ യുവതിയുടെ കാലുകൾക്കിടയിൽ തലകീഴായി ശബരിമല ശാസ്താവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ചിത്രം പ്രദർശിപ്പിക്കുന്നതിനെ എത്ര പേര് അനുകൂലിക്കും??? ഇവിടെയൊക്കെ 'മിതത്ത്വം' എന്ന് പറയുന്നത് വരുന്നതായിരിക്കും നമ്മുടെ സമൂഹത്തിൻറ്റെ കെട്ടുറപ്പിന് അഭികാമ്യം.

മതപരമായ വിഷയങ്ങളിൽ ഒരു മിതത്ത്വം പുലർത്തുന്നതാണ് ഉത്തരവാദിത്ത്വബോധമുള്ള ഒരു പൗരൻ നമ്മുടെ പാരമ്പര്യ സമൂഹത്തിൽ അനുവർത്തിക്കേണ്ട രീതി. കലാസൃഷ്ടി നടത്തുന്ന അരാജകവാദികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല. അവർക്ക് വിവാഹത്തേയും, കുടുംബ സങ്കൽപ്പങ്ങളേയും, മത രീതികളേയും, ഭരണകൂടത്തേയും എന്നുവേണ്ട സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളേയും വെല്ലുവിളിക്കണം. ഇതിനൊക്കെ പകരം എന്താണ് അവരുടെ കയ്യിലുള്ളത് എന്നു ചോദിച്ചാൽ അവർക്ക് തന്നെ മറുപടി ഇല്ലാ. ചുരുക്കം പറഞ്ഞാൽ സുബോധം ഉള്ളവർക്ക് ചേരുന്ന പണി അല്ല ഈ അരാജക വാദികളെ സപ്പോർട്ട് ചെയ്യൽ.

ഇന്ത്യൻ സമൂഹമെന്നുള്ളത് പാശ്ചാത്യ ലിബറൽ കോസ്മോപോളിറ്റൻ സമൂഹമല്ലാ. യാഥാസ്ഥിതികവും, പാരമ്പര്യവുമായ അനേകം മൂല്യങ്ങൾ പേറുന്ന ഒരു സമൂഹമാണ് നമ്മുടേത്. കേരളത്തിൽ പോലും ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് ശബരിമല യുവതീ പ്രവേശനത്തിനോടുള്ള പ്രതിഷേധത്തോടെ വ്യക്തമായതാണ്.

അങ്ങനെയുള്ളൊരു സമൂഹത്തിൽ അരാജക സങ്കൽപ്പങ്ങളിൽ ഊന്നിയ കലാസൃഷ്ടികൾ അല്ല ഉണ്ടാവേണ്ടത്. ഇന്നത്തെ സാഹചര്യത്തിൽ മതങ്ങളേയും, മത ചിഹ്നങ്ങളേയും അവഹേളിക്കുന്ന ഒരു പരിപാടിയും അനുവദിക്കരുത്. വളരെ 'സെൻസിറ്റീവ്’ ആയി വിശ്വാസികൾ ഇത്തരം രീതികളെ സമീപിക്കുന്ന നമ്മുടെ സമൂഹത്തിൽ അത് വലിയ ദോഷം ചെയ്യും.

ക്രിസ്ത്യാനിയുടെ കാര്യത്തിലായാലും, ഹിന്ദുവിൻറ്റെ കാര്യത്തിലായാലും, മുസ്ലീമിൻറ്റെ കാര്യത്തിലായാലും ഇത്തരം കാര്യങ്ങളിൽ ഭരണകൂടം ഒരേ നിലപാട് സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം. യുവതിയുടെ കാലുകൾക്കിടയിൽ തലകീഴായി ശബരിമല ശാസ്താവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ചിത്രം പ്രദർശിപ്പിച്ചത് വിരലിലെണ്ണാവുന്ന തല തിരിഞ്ഞവർ ചെയ്തതാണെന്ന് എല്ലാവർക്കും അറിയാം.

പക്ഷെ എങ്ങനെ അതിനെ ചില കഴുകൻമാർ മുതലാക്കുന്നു എന്നും കൂടി ഈ അവസരത്തിൽ നാം കാണണം. ഇത്തരം സംഭവങ്ങളെ മുതലാക്കാൻ ധാരാളം കഴുകൻമാർ ഉള്ള സമൂഹമാണ് നമ്മുടേത്. 'ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുന്നു' എന്ന രീതിയിൽ ചിലരൊക്കെ ഈ സംഭവത്തിൻറ്റെ പേരിൽ വ്യാപകമായ പ്രചാരണം അഴിച്ചു വിടുമ്പോൾ പൊതുജനത്തിൻറ്റെ 'സെൻസിറ്റിവിറ്റിയെ' അപമാനിക്കുന്ന സൃഷ്ടികൾ ഇല്ലാതിരിക്കുന്നതാണ് നമ്മുടെ സമൂഹത്തിൻറ്റെ കെട്ടുറപ്പിന് നല്ലത്.

ഈ അവസരത്തിൽ പണ്ട് ഡൽഹിയിലെ ജെ.എൻ.യു. - വിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാദ സമ്മേളനത്തേയും, ദേശ വിരുദ്ധ മുദ്ര വാക്യങ്ങളേയും കൂടി ഓർക്കണം. കാശ്മീരിനെ കുറിച്ച് സെമിനാറുകളും, ചർച്ചകളും, പ്രഭാഷണങ്ങളും നടക്കുമ്പോൾ ഡൽഹിയിലുള്ള കുറെ കാശ്മീരികൾ യൂണിവേഴ്സിറ്റിയിൽ വരുന്നത് സ്ഥിരം സംഭവമാണ് എന്നാണ് പല വിദ്യാർഥികളും ടി. വി. അഭിമുഖങ്ങളിൽ ആ സംഭവത്തെ തുടർന്ന് അന്ന് പറഞ്ഞത്. അവരാണ് ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴക്കിയതും.

ദേശ വിരുദ്ധ മുദ്ര വാക്യങ്ങൾ മുഴക്കിയത് തെറ്റ് തന്നെയായിരുന്നു. അതുകൊണ്ട് വിദ്യാർഥികൾ മുദ്രാ വാക്യങ്ങൾ മുഴക്കിയതു തടയാനും നോക്കി എന്നാണ് പല വിദ്യാർഥികളും അന്ന് ടി. വി. അഭിമുഖങ്ങളിൽ പറഞ്ഞത്. പിന്നീടാണ് അർനാബ് ഗോസ്വാമിയുടെയും, ടി. വി. ചാനലുകളുടേയും പ്രക്ഷേപണം ഉണ്ടായത്. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റിയുടെ ഒരു കോണിൽ നടന്ന പരിപാടിയുടെ മുഴുവൻ ഉത്തരവാദിത്ത്വം എല്ലാ വിദ്യാർത്ഥികളുടേയും, അധ്യാപകരുടെയും തലയിൽ പിന്നീട് കെട്ടിവെക്കപ്പെട്ടു.

ജെ.എൻ.യു. - വിൽ മുദ്രാവാക്യം വിളിച്ച കാശ്മീരികളെ അറസ്റ്റ് ചെയ്താൽ കാശ്മീരിൽ പ്രശ്നമുണ്ടാകും; ബി.ജെ.പി. - യും, പി. ഡി. പി. - യുമായുള്ള അന്നുണ്ടായിരുന്ന ബന്ധം അതോടെ തീരും. അതുകൊണ്ട് അന്ന് അന്യരെ ബലിയാടാക്കി. യൂണിവേഴ്സിറ്റിയിൽ നിയന്ത്രണം ഏർപെടുത്തുക എന്നുള്ളയിരുന്നു അന്ന് വേണ്ടിയിരുന്ന പക്വമായ തീരുമാനം.

പക്ഷെ ജെ.എൻ.യു. - വിനെതിരേ നിലകൊണ്ടിരുന്ന സംഘ പരിവാർ സംഘടനകൾ ആ പ്രശ്നത്തെ മുൻനിർത്തി യൂണിവേഴ്സിറ്റിക്കെതിരെയുള്ള ഒരു വലിയ ക്യാമ്പയിനുമായി മുന്നേറി. ഒരു യൂണിവേഴ്സിറ്റിയുടെ അധികാരികൾ നേരിടേണ്ട ഒരു പ്രശ്നത്തെ പോലീസിനെ ഒക്കെ ഇറക്കി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി.ജെ.പി.-യും, സംഘ പരിവാറുകാരും വളരെ സമർത്ഥമായി ദുരുപയോഗിച്ചു.

ഡൽഹിയിലെ ജെ.എൻ.യു. - വിൽ നടന്ന പ്രശ്നത്തിലും അരാജകവാദ പ്രവണത നന്നായി കാണാം. സോവിയറ്റ് യൂണിയനിലേയും, കിഴക്കൻ യൂറോപ്പിലെയും കമ്യുണിസത്തിൻറ്റെ തകർച്ചക്ക് ശേഷം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകം എഴുതിയ കെ. വേണു ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചത് 'ഭാഷാ ദേശീയത' എന്ന സങ്കൽപ്പം ആയിരുന്നു.

സോവിയറ്റ് യൂണിയനിൽ ഉണ്ടായത് പോലെ ദേശീയതയുടെ ഉയർത്തെഴുന്നേൽപ്പ് ആണെന്ന് തോന്നുന്നു ഇന്ത്യയിലും കെ. വേണുവിനെ പോലെ തീവ്ര ഇടതുപക്ഷ സങ്കൽപ്പങ്ങൾ പേറിയിരുന്നവർ അന്ന് സ്വപ്നം കണ്ടത്. ഭാഷാ ദേശീയത അംഗീകരിച്ചാൽ ആദ്യം ബുദ്ദിമുട്ടുന്നത് അടിസ്ഥാനപരമായി പ്രവാസി ആയ മലയാളികൾ തന്നെ ആയിരിക്കും എന്നത് ഇവരൊന്നും മനസിലാക്കിയില്ല.

മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മദ്രാസ്, ബാൻഗ്ലൂർ, ഹൈദരാബാദ് - ഇവിടങ്ങളിൽ ഒക്കെ ലക്ഷ കണക്കിന് മലയാളികൾ ഉണ്ട്. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും ഒക്കെയുള്ള മലയാളികൾക്കെതിരെ ഭാഷാ വികാരമോ, പ്രാദേശിക വികാരമോ ഉണ്ടായാൽ അവർ എന്ത് ചെയ്യും?

പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ സാമ്പത്തിക അടിത്തറ. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് കെ. വേണു ഭാഷാ ദേശീയത വലിയ സംഭവമായി അവതരിപ്പിച്ചതും അതിനു വേണ്ടി പ്രസംഗിച്ചു നടന്നതും. ജെ.എൻ. യു. - വിൽ കുറെ വർഷങ്ങൾക്ക് മുമ്പ് മുഴങ്ങിയ "കേരൾ മാങ്ഗേ ആസാദി" എന്ന മുദ്രാവാക്യവും ഈ ഭാഷാ ദേശീയ വാദം ചുവടു പിടിച്ചായിരിക്കണം. ഇന്ത്യൻ ദേശീയതയെ ഇവരൊന്നും മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല.

ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും ഇവർ മനസ്സിലാക്കിയതായി തോന്നുന്നില്ല. കെ. വേണു അവതരിപ്പിച്ച ദേശീയതയെ കുറിച്ചുള്ള ആശയം മുൻപും ഇടതുപക്ഷക്കാർ ഇന്ത്യയിൽ പേറിയിരുന്നതാണ്. അത്തരം ആശയങ്ങളൊക്കെ ഒരു സെമിനാറിലോ, വർക്ക്ഷോപ്പിലോ, മറ്റേതെങ്കിലും ചർച്ചാ വേദികളിലോ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു.

പക്ഷെ യൂണിവേഴ്സിറ്റിയിലെ മുദ്രാവാക്യം വിളി തീർത്തും തെറ്റായ സന്ദേശം നൽകി. ദേശീയതാ മുദ്രാവാക്യം പേറുന്ന ബി.ജെ.പി.-യും, സംഘ പരിവാറുകാരും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത് വളരെ സമർത്ഥമായി ദുരുപയോഗിക്കുകയും ചെയ്തു. ഇതൊക്കെയാണ്‌ പലപ്പോഴും അരാജക വാദികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ.

ഇത്തരത്തിലുള്ള അരാജകവാദികൾ വലിയ വിപ്ലവകാരികൾ ആണെന്നാണ് അവരുടെ പക്ഷം. കള്ളിനും, കഞ്ചാവിനും, പുകവലിക്കും ഒക്കെ അടിമപ്പെട്ട് നടക്കുന്നവർ രാജ്യത്ത് എന്ത് സാമൂഹ്യ മാറ്റമാണ് കൊണ്ട് വരുന്നത്? ഇത്തരക്കാർ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, വഴിയിൽ കാണുന്നവർക്കും ഒക്കെയാണ് പലപ്പോഴും ദുരിതങ്ങൾ സമ്മാനിക്കുന്നത്. ജന്മനാ ഉള്ള കലയെപ്പോലും കള്ള് ഷാപ്പിനും, പട്ട ഷാപ്പിനും അപ്പുറം ഒരു ജീവിതമില്ലാതെ ഇക്കൂട്ടർ നശിപ്പിക്കുന്നു. സ്വന്തം കുടുംബത്തിലെ സ്ത്രീകളും ഇവരെ പോലെ ഒരു മുഷിഞ്ഞ സഞ്ചിയും തൂക്കി തെക്ക് വടക്ക് നടന്നാൽ കുടുംബം പുലരുമോ എന്നുള്ള ചോദ്യത്തിന് ഇവരൊക്കെ ഉത്തരം പറയേണ്ടതാണ്.

സത്യത്തിൽ "ഞങ്ങൾ പുരുഷന്മാർക്ക് എന്തും ചെയ്യാം; പക്ഷെ സ്ത്രീകൾ അടങ്ങിയൊതുങ്ങി ജീവിച്ചോണം" എന്ന് പുരുഷാധിപത്യ പ്രവണതയോട് കൂടി പറയുന്നവർക്കുള്ള ഒന്നാണ് അരാജകത്ത്വം. "സ്ത്രീകൾക്കും ജോൺ എബ്രാഹം, കവി അയ്യപ്പൻ - ഇവരെ പോലെ കള്ളിനും, കഞ്ചാവിനും, പുകവലിക്കുമൊക്കെ അടിമപ്പെട്ട് അരാജക വാദികളായിക്കൂടെ" എന്ന ചോദ്യം പണ്ടേ ഉന്നയിക്കപ്പെട്ടതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൻറ്റെ സ്പെഷ്യൽ ഇഷ്യൂവിൽ ആണെന്ന് തോന്നുന്നു - ഈ ചോദ്യം ചില അരാജക വാദികളോട് ഉന്നയിക്കുകയും ചെയ്തതാണ്. അപ്പോൾ അവർ പറഞ്ഞത് "സ്വപ്നത്തിൽ പോലും അവർക്ക് അവരുടെ അമ്മയോ, സഹോദരിയോ അങ്ങനെയുള്ള ജീവിതം അവലംബിക്കുന്നത് അംഗീകരിക്കുവാൻ കഴിയില്ല" എന്നതാണ്. ഇവരുടെ ഒക്കെ കാപട്യം വെളിവാക്കുവാൻ ഇതിൽ കൂടുതൽ മറ്റെന്തു വേണം?

കേരളത്തിലെ സാമൂഹ്യ ചരിത്രത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി പറയുന്നത് ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതിനിഷ്ഠയിൽ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് കേരളം കമ്യൂണിസത്തിലേക്കും, അരാജകത്ത്വത്തിലേക്കും വഴി മാറി എന്നാണ്. ജാതിവ്യവസ്ഥ കേരളത്തിൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ വൈകിയാണ് എത്തിയത്.

പക്ഷെ "ലെയ്റ്റായ് വന്താലും ലെയ്റ്റസ്റ്റായി വരുവേൻ" എന്നുള്ള രജനീകാന്തിൻറ്റെ ഡയലോഗ് പോലെ ആണ് എട്ടാം നൂറ്റാണ്ട് മുതൽ ജാതിവ്യവസ്ഥ കേരളത്തിൽ ആഴത്തിൽ വേരൂന്നിയത്. നമ്പൂതിരി ഇല്ലങ്ങളൊക്കെ അയിത്ത സങ്കൽപ്പങ്ങളിൽ ഊന്നി പൊതു നിരത്തുകളിൽ നിന്ന് വളരെ മാറിയാണ് പടുത്തുയർത്തിയത്. മനുഷ്യൻ മനുഷ്യനെ കാണുന്നത് പോലും പാപം എന്ന വിചിത്രമായ സാമൂഹ്യ ബോധമായിരുന്നു ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിൽ. അമ്പലത്തിൽ പോയിട്ട്, അമ്പലത്തിൻറ്റെ ചുറ്റുമുള്ള റോഡുകളിൽ കൂടി നടക്കുവാൻ പോലും വൈക്കം സത്യഗ്രഹ സമരം വിജയിക്കുന്നതിന് മുമ്പ് വരെ ഈഴവർക്ക് കേരളത്തിൽ അവകാശം ഉണ്ടായിരുന്നില്ല.

ജാതി വേർതിരിവും, ശത്രുതയും ആയിരിക്കാം കേരളത്തിൽ അരാജകവാദം വല്ലാത്ത രീതിയിൽ വളർത്തിയത്. സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളോടുമുള്ള പ്രതിഷേധം എല്ലാ സാമൂഹ്യ രീതികളേയും നിഷേധിക്കുന്നതിലേക്ക് എത്തിയതാകാം അരാജകത്ത്വത്തിന് ഇത്ര വലിയ സ്വീകാര്യത കേരളീയ സമൂഹത്തിൽ കിട്ടാൻ കാരണം.

സാഹിത്യത്തിൽ തിരുവിതാംകൂറിലെ നായരീഴവ ശത്രുതയെ കുറിച്ച് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ നോവലായ 'അയൽക്കാർ' നന്നായി വിവരിക്കുന്നുണ്ട്. പക്ഷെ ഇന്നിതൊക്കെ ഓർക്കുന്നവർ എത്ര പേരുണ്ട്? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളീയ ജനത അത്ര വലിയ ചരിത്ര ബോധം ഉള്ളവരല്ല.

പഴയ ജാതി വേർതിരിവുകൾ പ്രത്യക്ഷത്തിൽ ഇപ്പോൾ കേരളത്തിലില്ല. പരോക്ഷമായിട്ട് കണ്ടേക്കാം. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാമ്പത്തിക വളർച്ചയുമൊക്കെ ആ പഴയ ആ 'രോഷാകുലനായ ചെറുപ്പക്കാരൻ' എന്ന ഇമേജിലേക്കുള്ള മടക്കയാത്ര അസാധ്യമാക്കി. അതുകൊണ്ട് ഈ കാലഘട്ടത്തിൻറ്റെ അതല്ലെങ്കിൽ ഇന്നത്തെ ലോകത്തിൻറ്റെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ സഞ്ചരിക്കുന്നവരായി ഇപ്പോഴുള്ള അരാജകവാദികളെ കാണാം.

Advertisment