Advertisment

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങൾ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

രുപതാം നൂറ്റാണ്ടിൽ ജനസംഖ്യ കൂടിയതും, കാർഷിക വ്യവസ്ഥിതിയിൽ നിന്നുള്ള വരുമാനം കൂട്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ആവശ്യത്തിന് തികയാതെ വന്നതും, മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് നടന്ന മാറ്റവും, കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണു കുടുംബത്തിലേക്കുള്ള മാറ്റവും ഒക്കെ അങ്ങേയറ്റം സങ്കീർണമായ സാമൂഹ്യ പ്രക്രിയകളായിരുന്നു.

Advertisment

ഇരുപതാം നൂറ്റാണ്ടിലെ കേരളീയ ചരിത്രം അങ്ങനെ വളരെ സംഭവബഹുലമാണ്. സാമൂഹ്യ മാറ്റങ്ങളുടെ തുടർകഥകളായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായത്. ആ സാമൂഹ്യ മാറ്റങ്ങളിൽ പ്രധാനമായിരുന്നു ജാതി മേധാവിത്ത്വത്തിൻറ്റെ പതനം. ഒപ്പം മരുമക്കത്തായ സമ്പ്രദായം, കൂട്ടുകുടുംബ വ്യവസ്ഥിതി, ജന്മിത്ത്വം - ഇവയുടേയും പതനം ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ സംഭവിച്ചു.

publive-image

കേരളത്തിലെ സാമൂഹ്യ ചരിത്രത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി പറയുന്നത് ഒരു നൂറ്റാണ്ടു മുമ്പ് വരെ നിലനിന്നിരുന്ന ജാതിനിഷ്ഠയിൽ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് കേരളം കമ്യൂണിസത്തിലേക്കും, അരാജകത്ത്വത്തിലേക്കും വഴി മാറി എന്നാണ്. കേരളം ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ തീർത്തും ദരിദ്ര സംസ്ഥാനമായിരുന്നു എന്ന വസ്തുത കൂടി കാണണം; അന്ന് പൂർണമായ അർഥത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിരുന്നില്ലെങ്കിലും.

ജാതിവ്യവസ്ഥ കേരളത്തിൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ വൈകിയാണ് എത്തിയത്. പക്ഷെ “ലെയ്റ്റായ് വന്താലും ലെയ്റ്റസ്റ്റായി വരുവേൻ” എന്നുള്ള രജനീകാന്തിൻറ്റെ ഡയലോഗ് പോലെ ആണ് എട്ടാം നൂറ്റാണ്ട് മുതൽ ജാതിവ്യവസ്ഥ കേരളത്തിൽ ആഴത്തിൽ വേരൂന്നിയത്. നമ്പൂതിരി ഇല്ലങ്ങളൊക്കെ അയിത്ത സങ്കൽപ്പങ്ങളിൽ ഊന്നി പൊതു നിരത്തുകളിൽ നിന്ന് വളരെ മാറിയാണ് പടുത്തുയർത്തിയത്. മനുഷ്യൻ മനുഷ്യനെ കാണുന്നത് പോലും പാപം എന്ന വിചിത്രമായ സാമൂഹ്യ ബോധമായിരുന്നു ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തിൽ.

"തൊട്ടു കൂടാത്തവർ, തീണ്ടി കൂടാത്തവർ

ദ്രിഷ്ടിയിൽ പെട്ടാൽ ദൊഷമുള്ളോർ" - എന്നുള്ള കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹ്യാന്തരീക്ഷത്തെ കുറിച്ചുള്ള രീതികളൊക്കെ ഇന്ന് മനുഷ്യന് സങ്കൽപ്പിക്കാൻ പോലും ആവാത്തതാണ്. അമ്പലത്തിൽ പോയിട്ട്, അമ്പലത്തിൻറ്റെ ചുറ്റുമുള്ള റോഡുകളിൽ കൂടി നടക്കുവാൻ പോലും 1924 - ലെ വൈക്കം സത്യഗ്രഹ സമരം വിജയിക്കുന്നതിന് മുമ്പ് വരെ ഈഴവർക്ക് കേരളത്തിൽ അവകാശം ഉണ്ടായിരുന്നില്ല.

ജാതീയമായ അടിമത്തം അധർമമാണെന്ന ബോധം പ്രാചീന കാലത്തിൽ ഇന്ത്യയിലേയും, കേരളത്തിലേയും മിക്കവർക്കും ഇല്ലായിരുന്നു. ലോകത്തിലും അടിമത്തം അധർമമാണെന്ന നേരിയ ബോധം പോലും വലിയ തത്ത്വചിന്തകൾ അവതരിപ്പിച്ച യവന ചിന്തകൻമാർക്കു പോലും ഉണ്ടായിരുന്നില്ല. അരിസ്റ്റോട്ടിൽ അടിമത്തത്തെ ന്യായീകരിച്ചു.

യവനൻ യവനനെ അടിമയാക്കുന്നത് തെറ്റാണെന്നു മാത്രം പ്ലേറ്റോ വാദിച്ചു. പ്രാചീന റോമിലും, ഗ്രീസിലും, അറേബ്യയിലും, ഇന്ത്യയിലും ഈ പ്ലേറ്റോണിയൻ അഭിപ്രായം ചിരകാലം നിലനിന്നിരുന്നതാകാം ജാതീയമായ അടിമത്തത്തിന് എതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയാതെ പോയത്.

മധ്യ കാല ഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടേയും, മാടംബിമാരുടേയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. അതുകൊണ്ടാണ് സ്വന്തം തൊഴുത്ത് വൃത്തിയാക്കുന്നതിൽ പിൽകാലത്ത് സാമൂഹ്യ പരിഷ്കർത്താക്കൾ മുൻഗണന നൽകിയത്.

കേരളത്തിലും അത്തരത്തിൽ സാമൂഹ്യ വിപ്ലവത്തിന് പത്തൊമ്പതും, ഇരുപതും നൂറ്റാണ്ടുകളിൽ തുടക്കം കുറിക്കപ്പെട്ടു. കേരള നവോത്ഥാനത്തിൻറ്റെ തുടക്കക്കാരനായ ഒരാൾ അയ്യാ വൈകുണ്ഠ സ്വാമികളാണ്. വൈകുണ്ഠ സ്വാമികൾ, തൈക്കാട്ട് അയ്യാവ്, ആറാട്ടുപുഴ വേലായുധ പണിക്കർ, മൂലൂർ, നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി - തുടങ്ങിയവരായിരുന്നു തുടക്കത്തിലേ കേരളത്തിലെ നവോത്ഥാന ശിൽപികൾ.

ചാവറ കുര്യാക്കോസ് ഏലിയാസ്, സഹോദരൻ അയ്യപ്പപ്പൻ, മോശ വത്സലം, പൊയ്കയിൽ അപ്പച്ചൻ, വക്കം അബ്ദുൾ ഖാദർ മൗലവി, വർഗീസ് മാപ്പിള, അബ്ദുർ റഹിമാൻ സഹാബ് - ഇവരും കേരള നവോത്ഥാനത്തിന് ആക്കം കൂട്ടി. അയ്യങ്കാളിയുടെ വില്ലു വണ്ടി സമരവും, നാടാർ സ്ത്രീകളുടെ മാറ് മറയ്ക്കാൻ ഉള്ള സമരവും ഒക്കെ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിൽ നാഴിക കല്ലുകളാണ്.

കേരളത്തിലേക്ക് വന്ന മിഷണറിമാർ അച്ചടി വിദ്യയിലൂടെയും മത പ്രചാരണ പത്ര പ്രവർത്തനത്തിലൂടെയും ആധുനികതയുടെ അടിക്കല്ലുകൾ സാമൂഹ്യ നവോത്ഥാന പ്രക്രിയകൾക്കൊപ്പം നമ്മുടെ അന്നത്തെ സമൂഹത്തിൽ പാകി. പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ ആദ്യ കാലത്ത് കേരളത്തിൽ എഴുത്തും വായനയും അറിയാവുന്ന അധികം ആളുകൾ ഇല്ലായിരുന്നു എന്ന് മനസിലാക്കുമ്പോഴാണ് അച്ചടിയുടേയും, പ്രാദേശിക ഭാഷകളുടേയും വളർച്ചയുടെ ഗുണം നാം തിരിച്ചറിയേണ്ടത്.

ഇന്ത്യയിൽ ഇംഗ്ളീഷും, പ്രാദേശിക ഭാഷകളും വികസിച്ചതിന് ഒരു പ്രധാന കാരണം വിദേശികളുടെ വരവാണ്. മലയാളത്തിൽ തന്നെ ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി - ഇവരൊക്കെ മലയാള ഭാഷയുടെ വികാസത്തിന് നിസ്തുല സംഭാവനകൾ നൽകിയവരാണല്ലോ.

ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിൻറ്റെ നവോത്ഥാന പ്രസ്ഥാനത്തിൻറ്റെ ചുക്കാൻ പിടിച്ച ശ്രീ നാരായണ ഗുരുവിൻറ്റെ അടിസ്ഥാനപരമായ വീക്ഷണം. ഗുരു വചനത്തിൻറ്റെ കാതൽ നോക്കൂ:

"അവനവനാത്മ സുഖത്തിനാചരിപ്പതു

അപരന്നു സുഖത്തിനായ് വരേണം" - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തൻറ്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയിൽ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണർക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കിൽ ഉപകാരം ചെയ്യുക - ഇതാണ് ഇതിൻറ്റെ അർഥം. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദർശിക്കുവാൻ സാധിക്കുക എന്നതാണ് ഗുരു ദർശനം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്.

"ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" - എന്ന മഹത്തായ മാനവിക ദർശനം ലോകത്തിനു സംഭാവന ചെയ്യാൻ നവോത്ഥാന നായകന് കഴിഞ്ഞു. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യൻ നന്നായാൽ മതി" എന്നും ഗുരു പറഞ്ഞു. "ഹിംസയെക്കാൾ വലിയ പാപമില്ല; മനുഷ്യൻറ്റെ സ്നേഹ ഗുണത്തെ അത് അപഹരിച്ചു കളയും" - എന്ന് ഗുരു പറഞ്ഞത് ദാരിദ്ര്യത്തേയും അക്രമത്തേയും ന്യായീകരിക്കുന്നവർക്കുള്ള ഒരു താക്കീതായിട്ടാണ്.

"വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക" എന്ന ഗുരുവിൻറ്റെ ഉൽബോധനത്തെ തുടർന്നാണ് ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെടുന്നത്. ഗുരുവിൻറ്റെ വാക്കുകളുടെ മഹത്ത്വം ഉൾക്കൊണ്ട് പണ്ട് ചതയ ദിനാഘോഷത്തിൽ എസ്. എൻ. ഡി. പി. യോഗം നടത്തുന്ന ജാഥയിൽ മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:

“ജാതി വിചാരം പോകണമെങ്കിൽ

ആര്യ വിചാരം പോയെ തീരൂ

ആര്യ വിചാരം പോകണമെങ്കിൽ

ഗുരുവിൻ വഴിയെ പോയെ തീരൂ”.

അനേകം മറ്റു കവിതകളും ഇരുപതാം നൂറ്റാണ്ടിലെ ജാതീയതക്കെതിരേ വന്നു.

"വേണ്ട വേണ്ട ജാതീം മതങ്ങളും

വേണ്ട ജാതികൊണ്ടങ്കം കുറിക്കലും

പഞ്ചഭൂതങ്ങൾ സൂര്യനും ചന്ദ്രനും

പങ്കിടുന്നില്ല ദേശവും ഭാഷയും

മക്കളെ നിങ്ങൾ ആണുങ്ങളാവുക

ചിട്ടയോടെ പൊരുതി മുന്നേറുവാൻ" - എന്നുള്ള കവിതകളൊക്കെ വന്നത് ഇരുപതാം നൂറ്റാണ്ടിലെ ആ സാമൂഹ്യാന്തരീക്ഷത്തിൽ നിന്നായിരിക്കണം. ജാതി വേർതിരിവും, ശത്രുതയും ആയിരിക്കാം പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ അരാജകവാദം വല്ലാത്ത രീതിയിൽ പിന്നീട് വളർത്തിയത്.

സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളോടുമുള്ള പ്രതിഷേധം എല്ലാ സാമൂഹ്യ രീതികളേയും നിഷേധിക്കുന്നതിലേക്ക് എത്തിയതാകാം അരാജകത്ത്വത്തിന് ഇത്ര വലിയ സ്വീകാര്യത കേരളീയ സമൂഹത്തിൽ കിട്ടാൻ കാരണം. ജോൺ എബ്രാഹത്തേയും, ബാലചന്ദ്രൻ ചുള്ളിക്കാടിനേയും, കവി അയ്യപ്പനേയും ഒക്കെ ആരാധിച്ചിരുന്ന ഒരു യുവ തലമുറ കേരളത്തിൽ 1980-കളിലും, 90-കളിലും വളർന്നു വരാനും ഒരുപക്ഷെ മുൻ തലമുറയിലുണ്ടായിരുന്ന ജാതി വേർതിരിവും, സാമൂഹിക അസമത്ത്വവും ആയിരിക്കാം കാരണം.

ഈ ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങൾ സാഹിത്യത്തിലും, സിനിമയിലും വളരെയേറെ പ്രതിഫലിക്കുന്നത് കാണാം. മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിൻറ്റെ പ്രമേയം. നോവൽ എന്നതിലുപരി ഒരു ചരിത്രപുസ്തകമാണ് 'അയൽക്കാർ'.

ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ കേരളത്തിലുണ്ടായ സാമൂഹ്യ പരിവർത്തനങ്ങളുടെ ചരിത്രമായി തന്നെ ഈ നോവലിനെ കാണാം. നോവലിൻറ്റെ മുഖവുരയിൽ കേശവദേവ് പറയുന്നത് "ഫ്യൂഡലിസത്തിൻറ്റെ നേർഛായയുള്ള മരുമക്കത്തായ സമ്പ്രദായത്തിൻറ്റെ തകർച്ചയും, ജാതീയമായ അവകാശങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ഈഴവ സമൂദായത്തിൻറ്റെ വിജയകരമായ സ്വാതന്ത്ര്യ സമരം, ക്രിസ്ത്യൻ സമുദായത്തിൻറ്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായുള്ള ഉയർച്ച - ഈ മുന്നു പരിവർത്തനങ്ങളെ മൂന്നു കുടുംബങ്ങളിൽ പ്രതിഫലിക്കുന്നതാണ് അയൽക്കാർ" എന്നാണ്.

നായർ-ഈഴവ-ക്രിസ്ത്യൻ സമുദായങ്ങൾ പരിവർത്തനം ചെയ്യപ്പെട്ട കഥയാണ് നോവലിലുള്ളത്. നായർ മേധാവിത്ത്വവും അതിൽ നിന്ന് അവരുടെ പതനവും, ഈഴവരുടേയും, താഴ്ന്ന ജാതിക്കാരുടേയും അടിമത്ത്വ മനോഭാവവും, അതിൽ നിന്നുള്ള അവരുടെ മുന്നേറ്റത്തിൻറ്റെ ചരിത്രവും 'അയൽക്കാരിൽ' വളരെ നന്നായി പറയുന്നുണ്ട്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും കഥ പറയുമ്പോൾ പി. കേശവദേവ് അതൊക്കെ നന്നായി വ്യാഖ്യാനിക്കുന്നുമുണ്ട്. കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത്. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴി ശിവശങ്കര പിള്ളയുടെ 'കയറിൽ' അന്നത്തെ താലികെട്ട് കല്യാണങ്ങളുടെ സചിത്രമായ വിവരണവുമുണ്ട്.

ഗുരുവായൂർ സത്യഗ്രഹത്തിൻറ്റേയും, വൈക്കം സത്യഗ്രഹത്തിൻറ്റേയും, ക്ഷേത്ര പ്രവേശന വിളംബരത്തിൻറ്റേയും ചരിത്രമല്ലാതെ ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രത്തിൽ മറ്റൊരു ഏട് കൂടി ഉണ്ട്. അത് കേരളത്തിൽ സ്ത്രീകളുടെ നിലയിൽ വന്ന ഒരു മാറ്റമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ എടുത്തു പറയേണ്ട ഒരു സാമൂഹ്യ മാറ്റമാണത്.

നമ്പൂതിരി സ്ത്രീകൾക്ക് ചാരിത്ര്യഭംഗം വന്നാൽ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന സ്മാർത്ത വിചാരം വളരെക്കാലം കേരളത്തിൽ നിലനിന്നിട്ടുണ്ട്‌. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ 36 വർഷം നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയിൽ സാധനമായി നരകിച്ചതു മിച്ചം! കേരളത്തിൽ ഇതൊക്കെ നടന്നിട്ട് ഒരു നൂറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ല.

പണ്ടത്തെ 'സ്മാർത്ത വിചാരം' നമ്പൂതിരി സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' മുൻനിർത്തിയുള്ള കുറ്റവിചാരണ ആയിരുന്നെങ്കിലും അത് നടത്തുന്ന തറവാട്ടിൽ സ്മാർത്തൻമാർക്കും അവരുടെ അനുയായികൾക്കും നല്ല സദ്യ ഒരുക്കണമായിരുന്നു. എം. ടി. - യുടെ പരിണയത്തിൽ അത് കാണിച്ചിട്ടുണ്ട്. സ്മാർത്ത വിചാരം നടത്തി പല കുടുംബങ്ങളും തകർന്ന കാര്യം അറിയാമോ എന്ന് മനോജ്‌ കെ. ജയൻറ്റെ ക്യാരക്റ്റർ ചോദിക്കുന്നുമുണ്ട് 'പരിണയത്തിൽ'.

ഇത്തരത്തിൽ ഫ്യുഡൽ മേൽക്കോയ്മകളിൽ നിലനിന്നിരുന്ന പല ദുഷിച്ച രീതികളും, ആചാരങ്ങളും ആണ് ഇരുപതാം നൂറ്റാണ്ടിൽ തകർക്കപ്പെട്ടത്. പക്ഷെ ഇതിനൊക്കെ അപ്പുറം ലോകമൊട്ടാകെ സംഭവിച്ച മറ്റൊരു പ്രധാന കാര്യവും കേരളത്തിൽ സംഭവിച്ചു. അത് ജനസംഖ്യയുടെ വർദ്ധനവായിരുന്നു. പഴയ കാല ഭൂപ്രഭുക്കൾക്ക് അധികാരം നഷ്ടപ്പെടുത്തിയതിൽ ഈ ജനസംഖ്യാ വർധന നിർണായക സ്വാധീനം ചെലുത്തി. ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധത്തിൽ കേരളത്തിൽ ആയുർദൈർഘ്യം കൂടി എന്നത് ഒരു പരമാർത്ഥമാണ്.

പണ്ട് കുട്ടികൾ മരിക്കുന്നത് ഒരു വിഷയം ആയിരുന്നില്ല. അഷ്ട വൈദ്യ പാരമ്പര്യം ഉണ്ടായിരുന്ന കേരളത്തിൽ കുട്ടികൾ ഇഷ്ടം പോലെ മരിക്കാറുണ്ടായിരുന്നു. പണ്ട് നമ്പൂതിരി ഇല്ലങ്ങളിൽ ഉണ്ണികൾ മരിക്കുക പതിവായിരുന്നു എന്നാണ് ദേവകി നിലയങ്ങോട് പറയുന്നത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നാട്ടു രാജ്യങ്ങളും, പ്രഭുക്കളും അവരുടെ യുദ്ധ വീര്യന്മാരും തമ്മിലുള്ള നിരന്തരമായ സംഘടനങ്ങൾക്ക് ബ്രട്ടീഷ് ഭരണത്തിൻറ്റെ ആധിപത്യത്തിൽ കുറച്ചൊക്കെ മാന്ദ്യം സംഭവിച്ചു.

'സെൻട്രൽ ലീഡർഷിപ്പ്' അല്ലെങ്കിൽ കേന്ദ്രീകൃതമായ ഭരണ സംവിധാനം മൂലം കിട്ടിയ വലിയ മെച്ചങ്ങളിൽ ഒന്നായിരുന്നു അത്. യുദ്ധങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും പരിഹരിക്കേണ്ടിയിരുന്ന നാട്ടുരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് കുറെയൊക്കെ കേന്ദ്രീകൃതമായ ഭരണ സംവിധാനം മൂലം ശമനം സംഭവിച്ചു. അതൊക്കെ കൂടാതെ പകർച്ച വ്യാധികളേയും, രോഗങ്ങളേയും കുറേയൊക്കെ കീഴ്പ്പെടുത്തിയപ്പോൾ ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞു; ആയുർദൈർഖ്യം കൂടി.

കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. എം. ടി. -യുടെ 'നാലുകെട്ട്' ആ ഭൂമി വീതം വെയ്‌പിൻറ്റെ പ്രശ്നങ്ങളൊക്കെ പറയുന്നുണ്ടല്ലോ.

കാർഷിക വ്യവസ്ഥിതിയിലെ പരിമിതികളിൽ നിന്ന് വ്യവസായിക മേഖലകളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം ലോകം മുഴുവൻ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ ഉണ്ടായ ഒന്നാണ്. കേരളത്തിലെ ജനങ്ങളിലും അത്തരത്തിൽ 'അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ' നിന്നും 'ഇൻഡസ്ട്ട്രിയൽ സൊസൈറ്റിയിലേക്കുള്ള' കുടിയേറ്റം ഉണ്ടായി.

മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഒന്നാം ലോക മഹാ യുദ്ധത്തിലും, രണ്ടാം ലോക മഹാ യുദ്ധത്തിലും ധാരാളം മലയാളി പുരുഷൻമാർ പങ്കെടുത്തു. സൈന്യത്തിൽ അന്നൊക്കെ ചേർന്നത് രാജ്യസ്നേഹം മൂലം അല്ലായിരുന്നു. ബ്രട്ടീഷുകാരോട് രാജ്യസ്നേഹത്തെ പ്രതി കൂറ് കാട്ടേണ്ട കാര്യമൊന്നും ഇല്ലല്ലോ. തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു സൈന്യത്തിൽ ചേരാൻ അന്നൊക്കെ കാരണമായത്.

ഇന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു. ആ ദാരിദ്ര്യമൊക്കെ മറന്നുകൊണ്ട് ആരും കേരളത്തിലെ ഇന്നലെകളെ നോക്കി കാണരുത്. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരുന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണ് സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ചാണകം മെഴുകിയ മുറ്റങ്ങളും, വീടുകളും 40-50 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു.

സിനിമാ തിയേറ്ററുകളൊക്കെ ഓല കൊട്ടകങ്ങളായിരുന്നു. അത്താഴ പട്ടിണിക്കാർ ഇഷ്ടം പോലെ എഴുപതുകളിലും, അറുപതുകളിലും അതിനു മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. ഗൾഫ് പണത്തിൻറ്റെ കുത്തൊഴുക്കിനു ശേഷമാണ് കേരളത്തിൻറ്റെ മുഖഛായ മാറുന്നത്. ചാണകം മെഴുകിയ മുറ്റങ്ങൾക്ക് അപ്പോൾ മാറ്റം സംഭവിച്ചു. സിമൻറ്റിട്ടും, റെഡ് ഓക്സ്യഡുമായി വീടുകളുടെ ഫ്ലോറുകൾ മാറി. പിന്നീട് മൊസയ്ക്ക് വന്നു. ഇപ്പോൾ ടൈയ്ൽസും മാർബിളുമൊക്കെയായി പോർച്ചുകളുടേയും വീടുകളുടേയുമൊക്കെ ഫ്ലോറുകൾ. പഴയ ചാണകം മെഴുകിയ മുറ്റങ്ങളിൽ പോലും ഇപ്പോൾ ടൈൽസുകളായി വരുന്നൂ. അത്രക്കുണ്ട് കേരളത്തിലെ മാറ്റങ്ങൾ!

1950-കൾക്ക് ശേഷമാണ് പ്രഭു കുടുംബങ്ങളിൽ നിന്നും, രാജ കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ സാധാരണക്കാർ ഓടിട്ട വീടുകളിൽ താമസിക്കാൻ തുടങ്ങിയത്. 1970-കളിലും, 80-കളിലും ഗൾഫ് പണം വൻതോതിൽ കേരളത്തിലേക്ക് ഒഴുകിയപ്പോൾ ഓട് കോൺക്രീറ്റിന് വഴിമാറി. കേരളത്തിലെ തൊഴിലാളികൾ കാർഷിക മേഖലയിൽ നിന്ന് കൺസ്ട്രക്ഷൻ മേഖലയിലേക്ക് വൻതോതിൽ കുടിയേറുകയും ചെയ്തു.

ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുൻപ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികൾ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ പി. കെ ബാലകൃഷ്ണൻറ്റെ 'ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും' എന്ന പുസ്തകം പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ ജന്മിമാർ ആയിരിന്നിട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ.

എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കൽ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തൻറ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി. തന്നെ താൻ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ കേരള സംസ്ഥാനം 'ക്വാളിറ്റി ഓഫ് ലൈഫ്' അതല്ലെങ്കിൽ മാനവ വിഭവ ശേഷി ഇൻഡക്സിൽ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു. കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു.

പത്തു മുപ്പതു വർഷം മുമ്പുള്ള പലരും മാവേലി സ്റ്റോറുകളുടെ മുമ്പിൽ ക്യൂ നിന്നവരാണ്. അതിനൊക്ക മുമ്പ് വട്ട ഇലയിൽ സ്കൂളുകളിൽ ഉപ്പുമാവ് വാങ്ങിതിന്ന ചരിത്രവും പലർക്കുമുണ്ട്. കേരളത്തിൽ ഉൽപ്പാദിക്കപ്പെട്ടിരുന്ന അരി ഇരുപതാം നൂറ്റാണ്ടിൽ പലപ്പോഴും മൊത്തം ജനസംഖ്യയുടെ വിശപ്പടക്കാൻ ഉതകിയിരുന്നില്ല എന്നതാണ് യാഥാർഥ്യം.

പക്ഷെ ഇതൊക്കെയാണെങ്കിലും ചക്ക, മാങ്ങ, തേങ്ങ, ആഞ്ഞിലിക്കാ വിള, കശുമാങ്ങ, അനേകം വാഴപഴങ്ങൾ - ഇവ ഒക്കെ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണ ദാരിദ്ര്യം കേരളത്തിൽ ഒരിക്കലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ അനുഭവപ്പെട്ടിരുന്നില്ല. പക്ഷെ 99 - ലെ വെള്ളപ്പൊക്കത്തിന് ശേഷവും, രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുണ്ടായ ക്ഷാമത്തിൻറ്റെ സമയത്തും ജനങ്ങളുടെ വിശപ്പ് അകറ്റിയത് കപ്പയായിരുന്നു. കുടിയേറ്റ കർഷകരേയും പല പ്രതിസന്ധി ഘട്ടങ്ങളിൽ വിശപ്പടക്കാൻ സഹായിച്ചതും കപ്പയായിരുന്നു.

ചരിത്രപരമായി കേരളം തന്നെ പണ്ട് സാമ്പത്തികമായി ഒരു ദരിദ്ര പ്രദേശമായിരുന്നു. കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളേയോ, വലിയ സാമ്രാജ്യങ്ങളേയോ സൃഷ്ടിച്ചിട്ടില്ല. സിന്ധു-യമുന-ഗംഗാ സമതലങ്ങളിൽ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മർവാഡികളെ പോലെയോ, ചെട്ടിയാർമാരെ പോലെയോ ഉള്ള ഒരു വലിയ ഒരു വ്യാപാര സമൂഹവും കേരളത്തിൽ ഇല്ലായിരുന്നു.

കാർഷിക നികുതി ഇല്ലായിരുന്നതിനാൽ പോർച്ചുഗീസുകാർ വന്ന് കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിൻറ്റെ അഭിവൃദ്ധിയുടെ കഥ നാം അൽപ്പമെങ്കിലും കേൾക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവർ ഓർത്തിരിക്കുന്നതു നല്ലതാണ്. വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ അഹങ്കരിച്ചാൽ ചിലപ്പോൾ അവസാനം ചരിത്രം തിരയുമ്പോൾ ആ ആന കുഴിയാന ആയി തീരുമെന്ന് സാരം.

ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളും ഉൾപ്പെട്ടിരുന്ന മൗര്യ, മുഗൾ സാമ്രാജ്യങ്ങളുടെ പടയോട്ടമൊന്നും കേരളത്തിലേക്ക് വന്നിട്ടില്ല. “Wayanadan forests stopped him” - എന്നാണ് ചന്ദ്ര ഗുപ്ത മൌര്യൻറ്റെ കേരളത്തിലേക്കുള്ള പടയോട്ടത്തെ കുറിച്ച് ചരിത്രകാരനായ ഡി. ഡി. കൊസാംബി പറയുന്നത്. കേരളത്തിൽ ബ്രട്ടീഷുകാർ വന്ന് പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുന്നതിനു മുൻപ് കേരളം പൊതുവേ കൊടും കാടായിരുന്നു. തകഴിയുടെ 'കയറിൽ' ഈ പ്ലാൻറ്റേഷൻ കൃഷിയെ കുറിച്ച് പറയുന്നുണ്ട്.

പത്തൊമ്പത്, ഇരുപതാം നൂറ്റാണ്ടുകളിൽ ജന സംഖ്യ കൂടുകയും, പല വെളിപ്രദേശങ്ങളിൽ കൃഷി തുടങ്ങുകയും, പ്ലാൻറ്റേഷൻ കൃഷി ആരഭിക്കുകയും, കാട് കയ്യേറുകയും ഒക്കെ ചെയ്യുന്നതിന് മുൻപ് കേരളം കാവുകളും, കാടുകളും ഒക്കെയായി താരതമ്യേനെ ജനസംഖ്യ കുറഞ്ഞ് ഇന്ത്യയിലെ സാമ്രാജ്യങ്ങളിൽ നിന്ന് അകന്നു കഴിഞ്ഞ പ്രദേശമായിരുന്നു.

ഒരു വശത്ത് സഹ്യ പർവ്വതം; മറുവശത്ത് അറബിക്കടൽ - ഇവ രണ്ടും കേരളത്തിന് വളരെ പ്രത്യേകമായ ഒരു 'ഐഡൻറ്റിറ്റി' നൽകി. അറബ്, പോർച്ചുഗീസ്, ബ്രട്ടീഷ് - ഇവരുടെ വരവും, പിന്നീട് ഇരുപതാം നൂറ്റാണ്ടിലുണ്ടായ ദേശീയ പ്രസ്ഥാനവും, കമ്യുണിസ്റ്റ് മുന്നേറ്റവും കേരളത്തിൻറ്റെ ആ ഒറ്റപ്പെടലിന് വിരാമമിട്ടു എന്ന് പറയാം.

കൃഷിയും, കൃഷിയിൽ നിന്നുള്ള 'അഗ്രിക്കൾച്ചറൽ സർപ്ലസ്' വ്യവസായത്തിലേക്കും വന്നാലേ ആധുനിക രീതിയിൽ ഒരു സമ്പദ് വ്യവസ്ഥ വികസിക്കുകയുള്ളൂ. ഇവിടെയാണ് പണ്ടത്തെ കേരളം പിന്നോക്കം പോയത്. മലബാറിലെ മാപ്പിള്ളാർക്ക് പണ്ട് ഒരു കച്ചവട പാരമ്പര്യം ഉണ്ടായിരുന്നു. അറബ് നാടുകളുമായി പണ്ടേ കേരളത്തിന് ബന്ധമുണ്ടായിരുന്നു.

ചരിത്രകാരനായ എം.ജി. എസ്. നാരായണനൊക്കെ ചൂണ്ടികാട്ടുന്നത് പോലെ ഉത്തരേന്ത്യയെക്കാൾ ഒരുപക്ഷെ കേരളത്തിന് കപ്പൽമാർഗം വ്യാപാരബന്ധമുണ്ടായിരുന്ന അറബ് നാടുകളുമായിരുന്നു അടുത്ത ബന്ധം. പഴയ നിയമം ബെബിളിലെ ചില സുഗന്ധ വ്യഞ്ജനവുമായിട്ടുള്ള റെഫെറൻസുകൾ കേരളവുമായി ബദ്ധപ്പെട്ടാണ് ചില ചരിത്രകാരന്മാർ കാണുന്നത്.

മലബാറിലെ മാപ്പിളമാരുടെ ചരിത്രവും, ക്നാനായ ക്രിസ്ത്യാനികളുടെ ചരിത്രവും ആ കച്ചവട പാരമ്പര്യത്തിൽ അധിഷ്ഠിതമായ കുടിയേറ്റമാണല്ലോ. അത് കൂടാതെ മാലിയിൽ നിന്ന് വന്നു കൊച്ചിക്കടുത്തു താമസിക്കുന്ന ആംഗ്ലോ ഇന്ത്യൻ ജനതയുമുണ്ട്. യഹൂദരും അവരുടെ സിനഗോഗും കേരളത്തിൽ ഉണ്ടായിരുന്നു.

ചൈനീസ് കച്ചവട ബന്ധവും ഒരുകാലത്ത് കേരളത്തിൽ വിപുലമായി ഉണ്ടായിരുന്നു. ചീന ചട്ടി, ചീന വല, പത്തിരി - ഇങ്ങനെ പലതും കേരള സമൂഹത്തിൽ എത്തിയത് പുറത്തു നിന്നാണല്ലോ. പക്ഷെ ഈ കച്ചവടക്കാരുടെ ഒക്കെ സംഖ്യാ മൊത്തം ജന വിഭാഗത്തിൻറ്റെ എത്ര ശതമാനം വരും? തുലോം കുറവാണ്. പൊതു സമൂഹത്തിൽ ഈ കച്ചവട പാരമ്പര്യം വളരെ അധികം സ്വാധീനം ചെലുത്തി എന്നേ പറയാനാകൂ. കച്ചവടത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ കേരളത്തിന് തീർത്തും അന്യമായിരുന്നു എന്ന് തന്നെ വേണം പറയാൻ.

അന്നത്തെ ദാരിദ്ര്യാവസ്ഥയിൽ നിന്നും അഭിവൃദ്ധിക്ക് വേണ്ടി മലയാളി കുടിയേറ്റം തുടങ്ങുന്നത് അപ്പോഴാണ്. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിംഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. 'സിംഗപ്പൂരിൽ നിന്നുള്ള മേനോൻ' എന്നതൊക്കെ പണ്ടത്തെ സിനിമകളിൽ കേൾക്കാവുന്ന ഒരു ഡയലോഗായിരുന്നല്ലോ.

സിലോണിലും പലരും അന്നൊക്കെ ജോലി ചെയ്തിരുന്നല്ലോ. 'ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം' എന്നു പറഞ്ഞുകൊണ്ട് അന്നൊക്കെ മലയാളികൾക്ക് വേണ്ടി സിലോണിൽ നിന്ന് വാർത്തകളും, മറ്റു പരിപാടികളും റേഡിയോയിൽ വന്നിരുന്നല്ലോ. പിന്നീട് ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി.

മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല.

കൃഷിഭൂമിയിലൂടെ ജീവിത വരുമാനം കണ്ടെത്താൻ പറ്റാതിരുന്ന മലയാളിയുടെ സ്വോഭാവികമായ ഒരു പരിവർത്തനമാണ് പ്രവാസിയായി മാറിയത്തിലൂടെ കാണുന്നത്. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ ചരിത്രം പറയുമ്പോൾ ക്രിസ്ത്യൻ, മുസ്‌ലിം സമൂഹങ്ങളിലുണ്ടായ മാറ്റങ്ങളുടെ കഥ കൂടി പറയണം. കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും.

കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴിയുടെ 'കയറിൽ' തകഴി ശിവശങ്കര പിള്ള നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ക്രിസ്ത്യാനികൾ രക്ഷപെട്ടത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നതാണ്. മുപ്പതു നാൽപതു വർഷം മുമ്പത്തെ കേരളത്തിൻറ്റെ അവസ്ഥ അറിയാവുന്ന ആർക്കും അറിയാം - കേരളത്തിലെ പല ക്രിസ്ത്യാനി കുടുംബങ്ങളും രക്ഷപെട്ടത് നേഴ്സുമാരുടെ പണം കൊണ്ടാണെന്നുള്ള കാര്യം. ഇരുപതാം നൂറ്റാണ്ടിൻറ്റെ ആദ്യ പകുതിയിൽ പോലും ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദരിദ്രരായിരുന്നു.

ഇംഗ്ലീഷ് വിദ്യാഭ്യാസം ആയിരിന്നു ക്രിസ്ത്യാനികളുടെ ഉയർച്ചക്ക് ഒരു കാരണം. കേരളത്തിൽ വന, തോട്ടം മേഖലകളിലേക്കുള്ള കുടിയേറ്റവും, റബർ, ഏലം, കാപ്പി - എന്നിങ്ങനെ നാണ്യ വിളകളിൽ നിന്നുള്ള സമ്പത്തുമാണ് ക്രിസ്ത്യാനികളെ സബന്നരാക്കിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം - എന്നിങ്ങനെ ഇന്ന് പല തോട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെല്ലാം പണ്ട് കൊടും കാടുകളായിരുന്നു.

എസ്. കെ. പൊറ്റക്കാടിൻറ്റെ 'വിഷകന്യക' മധ്യ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് പോയ ഒരു കുടിയേറ്റ കുടുംബത്തിൻറ്റെ കഷ്ടപ്പാടുകളുടെ കഥ പറയുന്ന നോവലാണ്. ഇന്ന് പലർക്കും അറിയാൻ വയ്യാത്ത മലമ്പനി വന്ന് തുള്ളി മരിച്ച കഥയൊക്കെ ആ നോവലിലൂടെ അറിയാൻ സാധിക്കും. മലബാറിന് പോയ കുടിയേറ്റക്കാരോക്കെ മലേറിയ വന്ന് തുള്ളി മരിക്കുന്നതൊക്കെ ഇന്നത്തെ ന്യു ജെനെറേഷൻ കുട്ടികൾ അറിയാൻ സാധ്യത ഇല്ലല്ലോ.

പണ്ട് പാലായിൽ നിന്നും, മീനച്ചിൽ താലൂക്കിൽ നിന്നും മലബാറിലേക്ക് കുടിയേറിയവരൊക്കെ നടന്നും, ബോട്ടിലും, പിന്നീട് ട്രെയിനിലും, വീണ്ടും നടന്നും ഒക്കെയാണ് മലബാറിൽ എത്തിയത്. ഇന്ന് ബസിലും, കാറിലും ഒക്കെ സഞ്ചരിക്കുന്ന പുതു തലമുറക്കാരോട് പണ്ടത്തെ 'കരിവണ്ടികളുടെ' കഥയൊന്നും പറഞ്ഞാൽ അവർക്ക് മനസിലാകില്ല. ആന ചവിട്ടിക്കൊന്ന കുടിയേറ്റക്കാരുടെ കഥ പറഞ്ഞാലും 'ന്യൂ ജെനറേഷന്' മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

കുടിയേറ്റ കാലഘട്ടം കഴിഞ്ഞതിന് ശേഷം പിന്നീട് നേഴ്സിങ്ങിൻറ്റെ സാധ്യത ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനു ഊന്നൽ നൽകിയിരുന്നത് കൊണ്ട് അനേകം ക്രിസ്ത്യൻ പെൺകുട്ടികൾ നേഴ്സുമാർ ആയി കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, ഗൾഫിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. മറ്റു സമുദായങ്ങൾ അവരുടെ യാതാസ്ഥികത്വം കാരണം അങ്ങനെ പെൺകുട്ടികളെ നേഴ്സുമാരാക്കാൻ വിട്ടില്ല.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, ജോലിയും ഒക്കെ നിഷേധിച്ചു. ഇപ്പോൾ ആ സമുദായങ്ങൾ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും ഒക്കെ മുൻഗണന കൊടുക്കുന്നു; നേഴ്സുമാരാക്കാനും വിടുന്നു. ഇന്നിപ്പോൾ പുതിയ തലമുറയിൽ എല്ലാ കമ്യുണിറ്റികളിൽ നിന്നുമുള്ള പെൺകുട്ടികൾ നേഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് നേഴ്സ് ജോലിയിൽ ഉണ്ടായിരുന്ന മേൽക്കോയ്മ പതുക്കെ പതുക്കെ നഷ്ടപ്പെടുകയാണ്.

മുസ്ലീമുകളുടെ സ്ഥിതി പണ്ട് ക്രിസ്ത്യാനികളെക്കാൾ മോശമായിരുന്നു. ബഹു ഭൂരിപക്ഷം കേരളത്തിലെ മുസ്ലീം സ്ത്രീകൾ ഈയടുത്ത കാലം വരെ നിരക്ഷരർ ആയിരുന്നു. കച്ചവടക്കാരായി കുറെയേറെ മുസ്ലീമുകൾ ഉണ്ടായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിന് മുമ്പ് ഒരു സാമ്പത്തിക അഭിവൃദ്ധി ബഹു ഭൂരിപക്ഷം മുസ്ലീങ്ങൾക്കും അവകാശപ്പെടാനില്ലായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിൻറ്റെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു', ബാല്യ കാല സഖി, പാത്തുമ്മയുടെ ആട് - ഈ കൃതികൾ ഒക്കെ കാണിക്കുന്ന ഒരു ശരാശരി മുസ്ലീമിൻറ്റെ അവസ്ഥ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. 1970 - കളിലും, 80 - കളിലും കേരളത്തിലേക്ക് ഒഴുകിയ ഗൾഫ് പണമാണ് അവരെ രക്ഷിച്ചത്.

ഗൾഫ് പണം കേരളത്തിലേക്ക് ഒഴുകിയ ആദ്യ കാലത്ത് മുസ്ലീമുകളിൽ പലരും ആ പണമൊക്കെ കല്യാണങ്ങൾക്കും, വീടിനുമൊക്കെയാണ് മുടക്കിയത്. പിന്നീടാണ് മുസ്ലീങ്ങൾ വിദ്യഭ്യാസത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് മുസ്ലീങ്ങൾ അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ചപെടുത്തികൊണ്ടിരിക്കയാണ്.

ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ സാമൂഹ്യ മാറ്റങ്ങളുടെ ചരിത്രം പറയുമ്പോൾ നമ്മുടെ വായനാ സംസ്കാരം മാറിയ കഥ കൂടി പറയണം. എഴുത്താശാൻമാർ നെത്ര്വത്ത്വം കൊടുത്ത 'കുടിപ്പള്ളിക്കൂടം' ഒക്കെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും മലബാർ ഉൾപ്പെടെയുള്ള മദ്രാസ് പ്രസിഡൻസിയുടെ 'ലിറ്ററസി റെയ്റ്റ്' ആയി 1901 - ലെ സെൻസസിൽ കാണിക്കുന്നത് പുരുഷൻമാർക്ക് 11.9 ശതമാനവും, സ്ത്രീകൾക്ക് 0.11 ശതമാനവും ആണ്.

ഇതിൽ നിന്ന് തന്നെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് എഴുതാനും, വായിക്കാനും അന്നത്തെ കേരളത്തിൽ കഴിഞ്ഞിരുന്നൂ എന്ന് ഊഹിക്കാം. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി പിന്നീട് സാക്ഷരതയിൽ കേരളം കണ്ടത് ഒരു വൻ കുതിച്ചു ചാട്ടമാണ്. 1951 ആയപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാക്ഷരത 31.5 ശതമാനം ആയി മാറി.

അപ്പോഴും ഇന്ത്യയൊട്ടാകെ 7.9 ശതമാനം സ്ത്രീകൾക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ. സാക്ഷരത ഉയർന്ന 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഒരു വൻ വിപ്ലവം തന്നെയുണ്ടായി.

'ആധുനികത' എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന നോവലുകളുടെ ഉദയവും, വളർച്ചയും മലയാളത്തിലും ഉണ്ടായി. കോട്ടയം കേന്ദ്രമായി മലയാള മനോരമ, മനോരാജ്യം, മംഗളം - തുടങ്ങിയ അനേകം വീക്കിലികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജനപ്രിയ നോവലുകളിലൂടെ മലയാളിയുടെ വായനയുടെ തോത് ഉയർത്തുന്നതിൽ ഈ വീക്കിലികൾ വഹിച്ച പങ്ക് നിസ്തുലമാണ്.

ഇരുപതാം നൂറ്റാണ്ടിൽ ഉത്തരാർദ്ധത്തിൽ ദിവസ വേതനക്കാരായ തൊഴിലാളികളിൽ പലരും കാർഷിക മേഖലയിൽ നിന്ന് കൺസ്ട്രക്ഷൻ മേഖലയിലേക്ക് വൻതോതിൽ കുടിയേറിയത് പോലെ തന്നെ പുതുതായി തൊഴിൽ മേഖലകളും രൂപപ്പെട്ടു. അന്ന് അങ്ങനെ രൂപപ്പെട്ട തൊഴിൽ മേഖലകളായ ആധുനിക തയ്യൽ മെഷീനുകൾ ഉപയോഗിച്ചുള്ള ടെയിലറിങ്, ഡ്രൈവിങ്, പല രീതിയിലുള്ള മെക്കാനിക്ക് ജോലികൾ - തുടങ്ങിയവ അന്നത്തെ കേരളീയ സമൂഹത്തിൽ മാറ്റം വരുത്തി.

ഫാക്ടറി തൊഴിലാളികൾ എന്ന വിഭാഗം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ കൂടി അന്നത്തെ കേരളത്തെ കുറിച്ചോർക്കുമ്പോൾ നാം കാണണം. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കിയ ഭക്ഷണശീലങ്ങളിലെ മാറ്റം മത്സ്യമാംസ രംഗത്തും പ്രകടമായി. മത്സ്യബന്ധന മേഖലയിൽ 'ഇൻഡോ - നോർവീജിയൻ പ്രജക്റ്റ്' ആധുനികതക്ക് തുടക്കമിട്ടു.

'ബ്ലൂ റവലൂഷൻ' അതല്ലെങ്കിൽ മത്സ്യോത്പാദനത്തിൽ വിപ്ലവം ഈ 'ബ്ലൂ റവലൂഷൻ' സാധ്യമാക്കി. പുതിയ പ്ലാസ്റ്റിക്ക് നെറ്റുകളും അവ ഉപയോഗിച്ച് ബോട്ടുകാർ 'ബോട്ടം ട്രോളിംഗ്' എന്നുള്ള പുതിയ രീതിയിലുള്ള മീൻ പിടുത്തവും അന്ന് കൊണ്ടുവന്നു. അതൊക്കെ തീരദേശങ്ങളിൽ വലിയ അഭിവൃദ്ധി കൊണ്ടു വന്നതുപോലെ തന്നെ ബോട്ടുകാരും വള്ളക്കാരും തമ്മിലുള്ള സംഘടനത്തിലേക്കും വഴിവെച്ചു.

ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ ആ ആധുനികവൽക്കരണ പ്രക്രിയക്ക് ഇത്തരത്തിലുള്ള ഒരു 'സൈഡ് ഇഫക്റ്റും' ഉണ്ടാകുന്നത് മലയാളിക്ക് കാണേണ്ടി വന്നു. ജയനും മധുവും അച്ഛനും മകനുമായി മത്സരിച്ചഭിനയിച്ച 'മീൻ' സിനിമ ആ കഥ പറയുന്നുണ്ടല്ലോ. സാമുദായികമായി ചിന്തിച്ചാൽ ആ ആധുനികവൽക്കരണ പ്രക്രിയയുടെ ഭാഗമായ മത്സ്യത്തൊഴിലാളികളിൽ വലിയൊരു ശതമാനവും ക്രിസ്ത്യനികളായിരുന്നു.

കൊല്ലത്തെ നീണ്ടകര ഏഷ്യയിലെ ഏറ്റവും വലിയ ഫിഷിംങ്ങ് ഹാർബറായി അന്ന് മാറി. കശുവണ്ടി, കയർ, മത്സ്യോൽപ്പന്നങ്ങൾ എന്നിവ വൻതോതിൽ കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കാൻ തുടങ്ങി. ഒപ്പം തൊഴിലാളി യൂണിയനുകളും രൂപപ്പെട്ടു. അവർ കൂടുതൽ അവകാശങ്ങൾ തൊഴിലാളിക്ക് നൽകണമെന്ന് വാദിച്ചു.

ഇത്തരത്തിൽ 'ട്രെയിഡ് യൂണിയനിസം' സമൂഹത്തിൻറ്റെ ഏല്ലാ തലങ്ങളിലേക്ക് വ്യാപിച്ചതും, കേരളത്തിൻറ്റെ വ്യവസായിക വളർച്ചയ്ക്ക് അത് വിഖാതമായതും ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ സംഭവമാണ്. 'വരവേൽപ്പ്' സിനിമാ ആ 'ട്രെയിഡ് യൂണിയനിസത്തേയും' അന്നത്തെ തൊഴിലാളി നേതാക്കൻമാരുടെ സംസ്കാരത്തേയും നന്നായി തുറന്നു കാട്ടുന്നുണ്ടല്ലോ.

ഇത്തരത്തിലുള്ള ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ സുദീർഘമായ സാമൂഹ്യ-സാമ്പത്തിക ചരിത്രം ചിലരൊക്കെ എഴുതിയിട്ടുണ്ട്. കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി തൻറ്റെ ‘The Decline of Nair Dominance' അതല്ലെങ്കിൽ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം' എന്ന പുസ്തകത്തിൽ ഈ മാറ്റങ്ങൾ കുറെയൊക്കെ പ്രദിപാദിച്ചിട്ടുണ്ട്.

പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, സാഹിത്യ സൃഷ്ടികളായ എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും', തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയറും', എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥയും', പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും, ബഷീർ കൃതികളും ഒക്കെ പറയുന്നത് ഒരു കാലഘട്ടത്തിൻറ്റെ കഥ തന്നെയാണ്.

പണ്ടത്തെ നീതി നിഷേധങ്ങളുടെ കഥകളും, വസ്തുതകളും പറഞ്ഞാൽ മിഥ്യാഭിമാനത്തിൽ അഭിരമിക്കുന്ന പലർക്കും ഇഷ്ടപ്പെടുകയില്ലാ. ചരിത്രം പറഞ്ഞു മിഥ്യാഭിമാനം ഊട്ടി വളർത്താനാണല്ലോ ഇന്നിപ്പോൾ പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രൊഫസർ റോബിൻ ജെഫ്രി 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ വലിയ തോതിലുള്ള വിമർശനങ്ങൾ ഉണ്ടായി. പക്ഷെ പ്രൊഫസർ റോബിൻ ജെഫ്രി "താൻ തൻറ്റെ വാദങ്ങളിൽ ഉറച്ചു നിൽക്കുന്നു; പിൽക്കാല പഠനങ്ങൾ തൻറ്റെ നിരീക്ഷണങ്ങൾ ശരി വെച്ചിട്ടുണ്ട്" എന്നുമാണ് പറയുന്നത്.

തകഴിയും, എം. ടി. വാസുദേവൻ നായരും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും ഒക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും ചിന്തിക്കാനും സാധ്യമല്ലല്ലോ. പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത് പോലെ തറവാടുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലിലും, വെട്ടിലും ഒക്കെ അവസാനിപ്പിച്ചിട്ട് പോലീസ് സ്റ്റെഷനിലും, കോടതിയിലും കൊണ്ട് പോയി പോലീസിനും, വക്കീലിനും കാശ് കൊടുത്ത് മുടിഞ്ഞ കഥയാണ്.

മന്നത്ത് പദ്മനാഭൻ തന്നെ പറഞ്ഞിട്ടുള്ളത് നായർ തറവാടുകൾ മിക്കവയും തകർന്നിട്ടുള്ളത് 'മൂന്നു കെട്ടുകൾ' കാരണമാണെന്നാണ്. 'താലി കെട്ട്', 'നാല് കെട്ട്', 'കേസ് കെട്ട്' ഇവയായിരുന്നു ആ മൂന്നു 'കെട്ടുകൾ'. യാതാസ്ഥികത്ത്വവും, പുരുഷ മേൽകോയ്മയും, അക്രമവും കാണിച്ച മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ തലമുറ എന്നുള്ളത് വളരെ നല്ലതാണ്.

ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിലുണ്ടായ പുതിയ തലമുറ പുതിയ അവസരങ്ങൾ അവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി തേടിയ കഥയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ പ്രക്രിയ ഇന്നത്തെ 'ന്യൂ ജെനെറേഷൻ' അനസ്യൂതം തുടരുന്നു. പുരോഗമനകരമായ ഒരു സമൂഹത്തിൽ ഫ്യുഡൽ ദുഷ്പ്രഭുത്ത്വത്തിൽ അടങ്ങിയ പണ്ടത്തെ ചരിത്ര വസ്തുതകളോർത്ത് ആരും കുണ്ഠിതപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

വൈകാരികമായല്ല ചരിത്രത്തെ - അത് സ്വന്തം കുടുംബ ചരിതമാണെങ്കിൽ കൂടി സമീപിക്കേണ്ടത്. ചരിത്രം ചരിത്രമാണ്. ഇന്നത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതത്തിൽ പഴയ കാല സംഭവങ്ങളൊക്കെ നമ്മളെ ബാധിക്കുന്ന കാര്യങ്ങളല്ല. ചരിത്രത്തെ ചരിത്രമായി മാത്രം കണ്ടാൽ പിന്നെ വികാരാവേശം കൊള്ളേണ്ട കാര്യമില്ല. അപ്പോൾ പിന്നെ ചരിത്രം പറഞ്ഞു ആരേയും വിമർശിക്കേണ്ട കാര്യമില്ലാ. ചിലരൊക്കെ പറയുന്ന പോലെയുള്ള യാതൊരു പ്രശ്നങ്ങളും അപ്പോൾ ഇല്ലാ.

ചരിത്രത്തെ സമീപിക്കുമ്പോൾ നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു പറഞ്ഞ ഒരു കാര്യം സ്മരണീയമാണ്. പണ്ട് മുൻ സോവിയറ്റ് യൂണിയൻറ്റെ രാഷ്ട്ര തലവനായിരുന്ന ക്രൂഷ്ചേവ് ഇന്ത്യ സന്ദർശിക്കുകയുണ്ടായി. രാഷ്ട്രപതി ഭവനിലെ പഴയ ബ്രട്ടീഷ് വൈസ്രോയിമാരുടെ ചിത്രങ്ങൾ കണ്ട അദ്ദേഹം ക്രുദ്ധനായി. നിങ്ങൾ ഇപ്പോഴും പഴയ കൊളോണിയൽ കാലഘട്ടത്തെ സ്മരിക്കുകയാണോ എന്ന്‌ ക്രുദ്ധനായി ക്രൂഷ്ചേവ് ചോദിച്ചു: അപ്പോൾ നെഹ്‌റു പറഞ്ഞത് “You Cannot Wipe Out History by Removing Them” എന്നാണ്.

ചരിത്രത്തെ സമീപിക്കുമ്പോൾ ഇക്കാര്യം നാം പ്രത്യേകം ഓർമിക്കണം. അനേകം വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. തമാശയും ഗൗരവവും ഒക്കെ കലർത്തിയാണ് ചരിത്രം പഠിക്കേണ്ടത്; ചരിത്രം പറഞ്ഞു വികാരാവേശം കൊള്ളേണ്ട ഒരു കാര്യവുമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലായിരുന്ന് കഴിഞ്ഞുപോയ ചരിത്ര വസ്തുതകളെ കുറിച്ച് ആകുലപ്പെട്ടിട്ടും പരിഭവിച്ചിട്ടും കാര്യമില്ല. ഇന്ന് നമ്മളെ ഒരു രീതിയിലും ബാധിക്കാത്തതാണ് ആ ചരിത്ര സംഭവങ്ങൾ.

.........................................................................................................................

 

 

 

publive-image

(ലേഖകന്‍ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment