Advertisment

മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകളും, എക്സിറ്റ് പോളും ഒക്കെ പ്രവചിച്ച വിജയം ബി.ജെ.പി.ക്ക് എന്തുകൊണ്ട് ഉണ്ടായില്ല - നാം മനസിലാക്കേണ്ട മഹാരാഷ്ട്രയുടെ പ്രശ്നങ്ങൾ

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

ഹാരാഷ്ട്രയിൽ അഭിപ്രായ സർവേകളും, എക്സിറ്റ് പോളും ഒക്കെ പ്രവചിച്ച വിജയം ബി.ജെ.പി. - ക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ കാർഷിക പ്രതിസന്ധിയാണിതിന് പ്രധാന കാരണമെന്ന് തോന്നുന്നു. സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അകലം മഹാരാഷ്ട്രയിൽ വളരെ വലുതാണ്. അതുപോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട മഹാരാഷ്ട്രയിൽ ഇൻഡസ്ട്രിയൽ ഏരിയകളും, ഗ്രാമീണ മേഖലകളും തമ്മിലുള്ള അന്തരവും വളരെ വലുതാണ്.

രാജ്യത്തിൻറ്റെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അകലം വളരെ വലുതാണ്. ഒരുവശത്ത് മനുഷ്യർ ചാണകക്കുഴികളിലെന്നതുപോലെ ചേരികളിൽ താമസിക്കുന്നു. മറുവശത്ത് ഇന്ത്യയിലെ വ്യവസായ പ്രമുഖകരും, സിനിമാക്കാരും, സച്ചിൻ ടെണ്ടുൽക്കറെ പോലുള്ള സ്പോട്സ് താരങ്ങളും സമ്പത്തിൻറ്റെ ആർഭാടങ്ങളിലും ജീവിക്കുന്നു.

മുകേഷ് അംബാനി മണിമാളിക കെട്ടിപ്പൊക്കിയതുകൊണ്ട് ഇതെഴുതുന്നയാളുടെ കഞ്ഞികുടി മുട്ടുന്നില്ല; ഇന്ത്യയിലെ മധ്യവർഗത്തിൻറ്റെ കഞ്ഞികുടിയും മുട്ടുന്നില്ലാ.

publive-image

പക്ഷെ ജന സാമാന്യത്തിന് നല്ല ഒരു വീട് എന്ന ഒരു സ്വപ്നം മുംബയിൽ ഇന്നും അകലെയാണ്. പണ്ട് ഒരു ഹിന്ദി സിനിമയിൽ വീടിൻറ്റെ പേരിലുള്ള തർക്കത്തിന് നായകൻ പോലീസ് ഇൻസ്പെക്റ്ററെ കാണുമ്പോൾ അദ്ദേഹം പറയുന്നത്, "യേ പൂരാ മുംബൈ കാ സമസ്യാ ഹേ" എന്നാണ് - "മുംബൈ നഗരത്തിൻറ്റെ മൊത്തത്തിലുള്ള പ്രശ്നമാണിത്" എന്ന്.

അത്രമാത്രമാണ് മുംബയിലെ പാർപ്പിട പ്രശ്നങ്ങൾ. നല്ല ഒരു മഴ പെയ്താൽ നഗരം വെള്ളത്തിനടിയിലാകുക കൂടി ചെയ്യും എന്ന് മനസിലാക്കുമ്പോഴാണ് നമ്മുടെ 'അർബൻ പ്ലാനിങ്' എത്ര മോശപ്പെട്ട അവസ്ഥയിലാണെന്ന് നാം സ്വയം തിരിച്ചറിയേണ്ടത്. 5000 വർഷങ്ങൾക്ക് മുമ്പുള്ള സിന്ധു നദീ തട നാഗരികതയിൽ പോലും നല്ല ടൗൺ പ്ലാനിങ് ദൃശ്യമായിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. അതായത് നാം 5000 വർഷങ്ങൾ പുറകിലാണെന്നു സാരം!!!

ഇനി മുംബൈ നഗരം വിട്ട് മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും ഇൻഡസ്ട്രിയൽ ഏരിയകളിലേക്കും ചെന്നാലോ? ആദ്യം തന്നെ ബോധ്യപ്പെടുന്നത് ഇൻഡസ്ട്രിയൽ ഏരിയകളും, ഗ്രാമീണ മേഖലകളും തമ്മിലുള്ള അന്തരമാണ്. ഇതെഴുതുന്ന ആൾ ഇഷ്ടം പോലെ തവണ പൂനെ, മുംബൈ, കോൽഹാപ്പൂർ, രത്നഗിരി, സാംലി - ഇവിടെയൊക്കെ പോയിട്ടുണ്ട്.

സാംലിയിൽ കിർലോസ്കർ കമ്പനിക്ക് 'കിർലോസ്കർ വാഡി' എന്നറിയപ്പെടുന്ന വലിയ 'ടൗൺഷിപ്പ്' തന്നെയുണ്ട്. അവർക്കു സ്വന്തമായി സ്പോട്സ് സ്റ്റേഡിയവും, ഗോൾഫ് കോഴ്സുമുണ്ട്. പക്ഷെ അവിടുത്തെ ഗ്രാമങ്ങളുടെ സ്ഥിതിയോ?? - തീർത്തും കഷ്ടം. ഇന്ത്യയിലെ ഏറ്റവും പോഷകാഹാരക്കുറവാണ് മഹാരാഷ്ട്രയിലെ പല ജില്ലകളിലും. അനേകം വാർത്തകൾ മഹാരാഷ്ട്രയിലെ പല ജില്ലകളിൽ നിന്നും പോഷകാഹാര കുറവിനെ കുറിച്ച് വന്നിട്ടുണ്ട്.

സ്പോട്സ് സ്റ്റേഡിയവും, ഗോൾഫ് കോഴ്‌സും ഒക്കെയുള്ള ടൗൺഷിപ്പ് സ്വന്തമായുള്ള കമ്പനിയും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയും തമ്മിലുള്ള അകലം വളരെ വലുതാണ്. ഇതു തന്നെയാണ് മൊത്തം മഹാരാഷ്ട്രയുടെ പ്രശ്നവും.

ഈയടുത്ത കാലം വരെ മഹാരാഷ്ട്ര യിൽ ദേവദാസി സമ്പ്രദായം വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത്, 1990-കളിൽ നടന്ന സംഭവങ്ങളാണ്.

അത് കൂടാതെ വർഗീയത - അതിൽ മുംബൈയും, മഹാരാഷ്ട്രയും കഴിഞ്ഞിട്ടേ ഇന്ത്യയിൽ വേറെ സംസ്ഥാനമുള്ളൂ. 'റൂറൽ-അർബൻ ഡിഫറൻസ്' - ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ? 'ഡിസ്പാരിറ്റി' അല്ലെങ്കിൽ സാമ്പത്തിക അസമത്ത്വം മഹാരാഷ്ട്രയിലെ പോലെ ഇത്രയധികം നില നിൽക്കുന്ന വേറൊരു സംസ്ഥാനമുണ്ടോ?

പലപ്പോഴും വികസന പ്രശ്നങ്ങളും, തൊഴിലില്ലായ്മയും ആണ് നിലനിൽക്കുന്ന വ്യവസ്ഥിതിയോട് ഒരു സുപ്രഭാതത്തിൽ പ്രതിഷേധത്തിൻറ്റെ രൂപത്തിൽ പുറത്തു വരുന്നത്. ഒരു വശത്ത് ഇന്ത്യയിൽ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്.

മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ - ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 72 വർഷങ്ങൾ കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 40 ശതമാനത്തോളം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

70 ശതമാനത്തോളം കുഞ്ഞുങ്ങളിലും, 50 ശതമാനത്തോളം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ കാണാം. ഒരു വശത്ത് വമ്പൻ ഷുഗർ മില്ലുകൾ ഉള്ളപ്പോഴും മറുവശത്ത് ചെറുകിട കർഷകൻ അവിടെ വലിയ ദുരിതത്തിലാണ്.

കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ 2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്ര്യം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്. റഷ്യൻ T .V . പോലും ഇന്ത്യൻ കർഷകരുടെ ദുരിത കഥകൾ പ്രക്ഷേപണം ചെയ്തു. എന്നിട്ടും നമ്മൾ ഇന്ത്യാക്കാർ അറിയുന്നില്ല. ഇന്ത്യൻ കർഷകരെ കുറിച്ച് റഷ്യൻ T .V . നേരത്തെ പ്രക്ഷേപണം ചെയ്ത ഒരു ഡോക്കുമെൻറ്ററിയിൽ മഹാരാഷ്ട്രക്കാരനായ ഒരു ഓറഞ്ചു കർഷകൻ വിങ്ങിക്കരയുന്നത് കാണിച്ചിരുന്നു.

കർഷകരോക്കെ T .V . ക്യാമറകളുടെ നേരെ നോക്കി വിങ്ങിക്കരയുമ്പോൾ അവരുടെ ദുരിതം എത്രമാത്രമാണെന്ന് മനസിലാക്കാം. ഒരുവശത്ത് തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം വലിയ പ്രശ്നമാണെങ്കിൽ മറുവശത്ത് മഴയെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ഉയർന്ന പ്രദേശത്തുള്ള കർഷകർക്ക് മഴ പെയ്യാതിരുന്നാലും വലിയ പ്രശ്നമാണ്. പരുത്തി പോലെ വെള്ളം കൂടുതൽ ആവശ്യമുള്ള കൃഷിയിലേക്ക് ഡെക്കാൻ മേഖലയിലുള്ള കർഷകർ തിരിഞ്ഞതും ഈ പ്രശ്നത്തിൻറ്റെ ആഖാതം കൂട്ടുന്നു.

കേരളത്തിലെ ചിലർ പ്രചരിപ്പിക്കുന്നത് പോലെ മഹാരാഷ്ട്രയിൽ കുറെ നാൾ മുമ്പ് നടന്ന കർഷക സമരത്തിൽ കണ്ട ആളുകൾ മുഴുവൻ കമ്യൂണിസ്റ്റുകാരല്ലാ. അതുകൊണ്ട് കേരളത്തിലെ സൈബർ സഖാക്കൾ അമിത ആവേശം കൊള്ളേണ്ട കാര്യവുമില്ല.

ശരദ് പവാറിൻറ്റെ എൻ. സി. പി., ആം ആദ്മി പാർട്ടിക്കാർ, ശിവസേന, കോൺഗ്രസ്സ് എന്നീ സംഘടനകളിൽ പെട്ടവർ പിന്തുണ പ്രഖ്യാപിച്ചു വന്നത് കൊണ്ടാണ് അന്ന് കർഷക സമരത്തിന് വലിയ ബഹുജന പിന്തുണ മുംബൈ അടുത്തപ്പോൾ കിട്ടിയത്. അളമുട്ടിയാൽ ചേരയും കടിക്കും എന്നു തന്നെയാണന്ന് വ്യക്തമാക്കപ്പെട്ടത്.

മുംബൈ നഗരത്തിൽ വലിയ സ്വീകരണം കർഷക മാർച്ചിന് ലഭിച്ചിരുന്നു. വിവിധ സംഘടനകളടെ നേതൃത്വത്തിൽ കുടിവെള്ളവും ലഖുഭക്ഷണങ്ങളും അന്ന് പ്രകടനം നടത്തിയ കർഷകർക്ക് വിതരണം ചെയ്തായിരുന്നു. രാജ്യസ്നേഹവും പാക്കിസ്ഥാൻ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്ളീഷ് ടി.വി. ന്യൂസ് ചാനലുകൾ ഇതൊക്കെ കണ്ടില്ല എന്നത് വേറെ കാര്യം.

മഹാരാഷ്ട്രയിൽ നിന്ന് ദളിത് കോടീശ്വരന്മാർ ഉണ്ട്. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്.

ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്.

പക്ഷെ മറുവശത്ത് മഹാരാഷ്ട്രയിലെ കോറിഗോണിൽ കുറെ നാൾ മുമ്പ് ഉടലെടുത്തത് പോലെ ദളിതരുടെ നെത്ര്വത്ത്വത്തിൽ പ്രകടനങ്ങളും തുടർന്ന് ക്രമ സമാധാന പ്രശ്നങ്ങളും ഉടലെടുക്കുന്നു. അസമത്ത്വവും, പട്ടിണിയും, ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഇന്ത്യയിലെ നിലനിൽക്കുന്ന വ്യവസ്ഥിതിയോട് ഇടയ്ക്കിടെ പ്രതിഷേധം ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഈ ഇൻഡ്യാ മഹാരാജ്യത്തിൽ വികസന പ്രശ്നങ്ങൾ പരിഹരിച്ച് ഏല്ലാ മതങ്ങളും, ജാതികളും തമ്മിലുള്ള മുറിവുകൾ ഉണക്കി അവരെ ഒന്നിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്താതിരിക്കുന്നതു വരെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകളും, എക്സിറ്റ് പോളും ഒക്കെ പ്രവചിച്ച വിജയം ബി.ജെ.പി. - ക്ക് ലഭിക്കാതിരുന്നത് ഒരുപക്ഷെ ഇതുകൊണ്ടെക്കെ ആവാം.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment