Advertisment

ഇന്ന് മിഥ്യാഭിമാനം പേറുന്നവർക്ക് ഓർമ്മകൾ ഉണ്ടായിരിക്കണം

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

 

ന്നത്തെ കാലത്ത് 'പനക്കുറുക്ക്‌' കഴിച്ചിട്ടുള്ളവർ എത്ര പേരുണ്ട്? ഒരു നൂറ്റാണ്ട് മുമ്പ് വരെ ചാക്കിൽ കെട്ടി കുടപ്പന പൊളിച്ച് അതിനകത്ത് നിന്ന് കിട്ടുന്ന 'കുറുക്കുണ്ടാക്കാൻ' പറ്റിയ സാധനങ്ങളൊക്കെ വീടുകളിൽ സൂക്ഷിക്കുമായിരുന്നു. കുലച്ച കുടപ്പനയുടെ നൂറ്കൊണ്ട് ഉണ്ടാക്കുന്ന കുറുക്കായ പനങ്കഞ്ഞിയും, ചേമ്പിൻ താളിൻറ്റെ കറിയുമൊക്കെ കഴിച്ചവർ ഇന്നത്തെ 'ന്യൂ ജെനറേഷനിൽ' കാണില്ല.

പണ്ട് മധ്യ തിരുവിതാംകൂറിൽ നിന്ന് മലബാറിന് പോയ കുടിയേറ്റക്കാരോക്കെ മലേറിയ വന്ന് തുള്ളി മരിച്ചതൊക്കെ ഇന്നത്തെ ന്യു ജെനെറേഷൻ കുട്ടികൾ അറിയാൻ സാധ്യത ഇല്ല. പണ്ട് പാലായിൽ നിന്നും, മീനച്ചിൽ താലൂക്കിൽ നിന്നും മലബാറിലേക്ക് കുടിയേറിയവരൊക്കെ നടന്നും, ബോട്ടിലും, പിന്നീട് ട്രെയിനിലും, വീണ്ടും നടന്നും ഒക്കെയാണ് മലബാറിൽ എത്തിയത്.

ഇന്ന് ബസിലും, കാറിലും ഒക്കെ സഞ്ചരിക്കുന്ന പുതു തലമുറക്കാരോട് പണ്ടത്തെ 'കരിവണ്ടികളുടെ' കഥയൊന്നും പറഞ്ഞാൽ അവർക്ക് മനസിലാകില്ല. ഹൈറേഞ്ചിലേക്കും മലബാറിലേക്കുമൊക്കെ പോയ കുടിയേറ്റക്കാരെ ആന ചവിട്ടിക്കൊന്ന കഥകൊളൊക്കെ പറഞ്ഞാലും ഇന്നത്തെ 'ന്യൂ ജെനറേഷന്' മനസിലാക്കാൻ ബുദ്ധിമുട്ടാണ്.

publive-image

പത്തു മുപ്പതു വർഷം മുമ്പുള്ള പലരും മാവേലി സ്റ്റോറുകളുടെ മുമ്പിൽ ക്യൂ നിന്നവരാണ്. അതിനൊക്ക മുമ്പ് വട്ട ഇലയിൽ സ്കൂളുകളിൽ ഉപ്പുമാവ് വാങ്ങിതിന്ന ചരിത്രവും പലർക്കുമുണ്ട്. 'ഉപ്പുമാവിൻറ്റെ പിള്ളേർ' എന്നായിരുന്നു 40-50 വർഷം മുമ്പ് സർക്കാർ സ്‌കൂളിൽ പോകുന്ന കുട്ടികൾ അറിയപ്പെട്ടിരുന്നത് തന്നെ. പക്ഷെ ഇന്നിപ്പോൾ കുടുംബ മാഹാത്മ്യങ്ങളേയും ചരിത്രത്തിൻറ്റേയും പേരിൽ മിഥ്യാഭിമാനം പേറുന്നവർക്ക് അത്തരം കഥകളൊക്കെ ഓർമ്മപ്പെടുത്തുന്നത് പോലും ഇഷ്ടപ്പെടുകയില്ല.

കേരളത്തിൽ ഉൽപ്പാദിക്കപ്പെട്ടിരുന്ന അരി ഇരുപതാം നൂറ്റാണ്ടിൽ പലപ്പോഴും മൊത്തം ജനസംഖ്യയുടെ വിശപ്പടക്കാൻ ഉതകിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. പക്ഷെ ഇതൊക്കെയാണെങ്കിലും ചക്ക, മാങ്ങ, തേങ്ങ, ആഞ്ഞിലിക്കാ വിള, കശുമാങ്ങ, അനേകം വാഴപഴങ്ങൾ - ഇവ ഒക്കെ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ഭക്ഷണ ദാരിദ്ര്യം കേരളത്തിൽ ഒരിക്കലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ അനുഭവപ്പെട്ടിരുന്നില്ല.

നെല്ലിനും അരിക്കും കുറവ് സംഭവിച്ചപ്പോഴും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പച്ചപ്പ് കേരളത്തെ സഹായിച്ചെന്ന് വേണം കരുതാൻ. പ്രകൃതി വിഭവങ്ങൾ കൊണ്ട് എന്നും അനുഗ്രഹീതമായിരുന്നു കേരളം. പക്ഷെ 'പഞ്ഞ കർക്കിടകം' ഒക്കെ മഴക്കാലത്തിൻറ്റെ അവസാനം പണ്ട് കേരളത്തിൽ ഉണ്ടായിരുന്നു. കർക്കിടകം മാറി ചിങ്ങം വരുമ്പോഴായിരുന്നു ഓണം പോലെയുള്ള ഉൽസവങ്ങൾ കേരളത്തിൽ ആഘോഷിച്ചു പോന്നിരുന്നത്.

ക്ഷാമവും പണ്ട് കേരളത്തിൽ അനുഭവപെട്ടിട്ടുണ്ട്. പക്ഷെ അന്നൊക്കെ ചക്ക പുഴുക്കും, കപ്പ പുഴുക്കും ജനസാമാന്യത്തിൻറ്റെ വിശപ്പ് പരിഹരിച്ചു. വഞ്ചിയിൽ അന്നൊക്കെ 'പുഴുക്ക്' ജനങ്ങളുടെ വിശപ്പടക്കാൻ വേണ്ടി സപ്ലൈ ചെയ്തിരുന്നതൊക്കെ പഴമക്കാരോട് സംസാരിച്ചാൽ മനസിലാകും.

99 - ലെ വെള്ളപ്പൊക്കത്തിന് ശേഷവും, രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുണ്ടായ ക്ഷാമത്തിൻറ്റെ സമയത്തും ജനങ്ങളുടെ വിശപ്പ് അകറ്റിയത് കപ്പയായിരുന്നു. കുടിയേറ്റ കർഷകരേയും പല പ്രതിസന്ധി ഘട്ടങ്ങളിൽ വിശപ്പടക്കാൻ സഹായിച്ചതും കപ്പയായിരുന്നു. ഇത്തരം കഥകളൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഓർക്കുന്നതൊക്കെ നല്ലതാണ്. അതല്ലാതെ ഇവിടെ നിത്യവും തേനും പാലും ഒഴുകുകയായിരുന്നു എന്ന് ധരിച്ചുവശാലായാൽ ചരിത്രത്തെ പ്രതി വസ്തുതകൾക്ക് നിരക്കാത്ത രീതിയിൽ മിഥ്യാഭിമാനം കൈവരും.

...................................

 

(ലേഖകന്‍ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment