Advertisment

പി. ചിദംബരത്തെ തീഹാർ ജയിലിലിട്ട് രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ ഭരണവർഗം രാജ്യത്തോട് എന്താണ് വിളിച്ചു പറയുന്നത്?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

പി. ചിദംബരത്തെ തീഹാർ ജയിലിലിട്ട് പീഡിപ്പിക്കുമ്പോൾ ആഭ്യന്തര മന്ത്രാലയവും, ബി.ജെ.പി. - യും, സംഘ പരിവാറും ഒക്കെ ചേരുന്ന ഇന്നത്തെ ഭരണവർഗം രാജ്യത്തോട് എന്താണ് വിളിച്ചു പറയുന്നത്? അവരൊക്കെ കള്ളപണത്തിൻറ്റെ കാര്യത്തിൽ വിശുദ്ധൻമാരാണെന്ന് സ്ഥാപിക്കുവാനുള്ള മൂഢ ശ്രമമല്ലേ ഇവിടെ നടക്കുന്നത്???

പി. ചിദംബരം വിശുദ്ധൻ അല്ല. പക്ഷെ നമ്മുടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ആരാണ് വിശുദ്ധർ ആയിട്ടുള്ളത്? പണ്ട് സാമ്പത്തിക വിദഗ്ധൻ ജഗദീഷ് ഭഗവതി പ്രസിദ്ധമാക്കിയ 'റെൻറ്റ് സീക്കിങ്' എന്ന തിയറി ആണ് ഇവിടെ നടക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ പലരുടേയും കയ്യിൽ നിന്ന് കാശ് വാങ്ങിക്കുന്നതിനെ 'റെൻറ്റ് സീക്കിങ്' എന്ന് പറയാറുണ്ട്.

രാഷ്ട്രീയക്കാരുടെ റോൾ നല്ല ബിസിനസ്സ് സംസ്കാരം വളരണമെങ്കിലോ, നല്ല കാർഷിക അഭിവൃദ്ധി നേടണമെങ്കിലോ നിർണായകമാണ്. അപ്പോൾ രാഷ്ട്രീയക്കാർ അതിൻറ്റെ പങ്ക് അല്ലെങ്കിൽ 'റെൻറ്റ്' പറ്റി ജീവിക്കുന്നു; കോടികൾ മുടക്കി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു. പുണ്യം കിട്ടാനാണ് രാഷ്ട്രീയക്കാരനാവുന്നത് എന്ന് ധരിക്കുന്നവരാണ് യഥാർത്ഥ മണ്ടന്മാർ.

publive-image

ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ മുൻകൈ എടുത്ത ബി.ജെ.പി. നേതാക്കളും ഒട്ടുമേ വിശുദ്ധരല്ല. ബി.ജെ.പി. നേതാക്കൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാനും, ഹെലികോപ്ട്ടറിൽ കറങ്ങി നടക്കാനും, ദേശീയ പത്രങ്ങളിൽ ഒന്നും രണ്ടും പേജു മുഴുനീളെ പരസ്യം നൽകാനും കാശു വേണ്ടേ? ജന ലക്ഷങ്ങളെ സംഘടിപ്പിച്ചുള്ള വമ്പൻ സമ്മേളനങ്ങൾക്കും, പാർട്ടി സമ്മേളനങ്ങൾക്കും ബി.ജെ.പി. - ക്കും കാശ് വേണ്ടേ???

സോഷ്യൽ മീഡിയയിലും, ഓൺലയിൻ പത്രങ്ങളിലും നുണ പ്രചാരണങ്ങൾ സംഘടിപ്പിക്കാനും ബി.ജെ.പി. നേതാക്കൾക്ക് കാശ് വേണ്ടേ??? ഇതൊക്കെ കള്ളപ്പണമല്ലാതെ മറ്റെന്താണ്??? നമ്മുടെ എല്ലാ രാഷ്ട്രീയക്കാരും കള്ളനു കഞ്ഞി വെക്കുന്നവരാണെന്ന് അല്ലെങ്കിലും ആർക്കാണ് അറിയാൻ വയ്യാത്തത്?

ഡൽഹിയിൽ 'സ്യൂട്കേസ് പൊളിറ്റിക്സ്' എന്ന പദ പ്രയോഗം തന്നെ ഉണ്ടായിരുന്നു . അല്ലെങ്കിൽ മദ്യ രാജാക്കന്മാർ ഒക്കെ എങ്ങനെ രാജ്യ സഭയിൽ കടന്നു കൂടി? പണ്ട് ചാനൽ ചർച്ചയ്ക്കിടെ ഒരാൾ പറഞ്ഞത് വ്യാപാര സംഘടനയായ ASSOCHAM - ൻറ്റെ അനൌദ്യോഗിക അറിയിപ്പ് പ്രകാരം കഴിഞ്ഞ ഡെൽഹി തിരഞ്ഞെടുപ്പിൽ 200 കോടി മുടക്കി എന്നാണ്. 200 കോടി നിസാര തുകയൊന്നുമല്ലല്ലൊ. കോർപ്പറേറ്റ് മുതലാളിമാരുടെ ഈ പണം ഒക്കെ ഏത് പാർട്ടിക്കാണ് കിട്ടിയതെന്ന് ആരും പറയാതെ തന്നെ എല്ലാവർക്കും അറിയാം.

ഹാർദിക് പട്ടേൽ കുറെ നാൾ മുമ്പ് പറഞ്ഞത് ഗുജറാത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ ആയി ജോലി കിട്ടാൻ 25 ലക്ഷം രൂപാ കൈക്കൂലി കൊടുക്കണമെന്നാണ്. കരുണാകരനെ കുറിച്ച് അൽഫോൻസ് കണ്ണന്താനം പണ്ട് പരസ്യമായി പയനിയർ പത്രത്തിൽ പറഞ്ഞത് "He is pathologically corrupt" എന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിൽ എല്ലാവരും കള്ളന്മാരാണ്.

ഇന്നത്തെ രാഷ്ട്രീയം മൊത്തം പണ കൊഴുപ്പിൻറ്റേതാണ്. ആ രാഷ്ട്രീയത്തിൽ അംഗമായ പി. ചിദംബരത്തിന് മാത്രമല്ല; ഒരാൾക്കും ധാർമികമായി ഒരു ഔന്നത്യവും അവകാശപ്പെടാനില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അവരുടെ കൃത്യമായ കണക്കുകൾ കാണിക്കാറുണ്ടോ? കോൺഗ്രെസിലും, പ്രാദേശിക പാർട്ടികളിലും കമ്മീഷൻ പോകുന്നത് വ്യക്തികൾക്കാണ്.

ബി ജെ പി, സി.പി.എം. - ഇവ കേഡർ സംവിധാനത്തിലുള്ള പാർട്ടികളായതു കൊണ്ട് കമ്മീഷൻ പോകുന്നത് പാർട്ടിക്കാണെന്നേയുള്ളൂ. പിന്നെ കൊടുക്കുന്നവരും, വാങ്ങിക്കുന്നവരും തമ്മിൽ ഒരു ധാരണയും, confidentiality -യും ഉള്ളതുകൊണ്ട് ഇതൊക്കെ തെളിയിക്കുക മിക്കപ്പോഴും അസാധ്യമാണ്. ബി.ജെ.പി. - ക്ക് ഉള്ളത് പോലെ കള്ളപ്പണം ഇന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കുമില്ല.

തിരഞ്ഞെടുപ്പുകളിലും, പ്രചാരണങ്ങളിലും അവർ കാണിക്കുന്ന പണക്കൊഴുപ്പ് മാത്രം മതി അക്കാര്യം മനസിലാക്കുവാൻ. ഈയിടെ കർണാടകത്തിൽ നടന്ന 'ഓപ്പറേഷൻ ലോട്ടസിൽ' ഒക്കെ പണക്കൊഴുപ്പ് വളരെ വ്യക്തമായതായിരുന്നു. പല ദേശീയ മാധ്യമങ്ങളിലും ഒരു എം എല്‍ എ- ക്ക് ഇത്ര കോടി എന്ന് പറഞ്ഞു കണക്കുകൾ പോലും വന്നിരുന്നു. പിന്നെ പി. ചിദംബരത്തെ കള്ളപ്പണത്തിൻറ്റെ പേരിൽ ജയിലിലിട്ട് ഇവർ എന്തിനാണ് നാടകം കളിക്കുന്നത്???

പണ്ടൊരു ബി. ജെ. പി. പ്രസിഡൻറ്റിനെ നോട്ടു കെട്ടുകളുമായിയാണ് പിടിച്ചത്. വീഡിയോ തെളിവും ഉണ്ടായിരുന്നു. ചാനലായ ചാനലുകളിൽ മുഴുവൻ പ്രക്ഷേപണം ചെയ്തതുമാണ്. മധ്യ പ്രദേശിൽ ബി. ജെ. പി. ഭരിച്ചപ്പോൾ വ്യാപം ആഴിമതി കേസിൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾ പോലൊന്നുള്ള ഭയാനകമായ ഒന്ന് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസിനെതിരെ വാളോങ്ങിയ ബി.ജെ.പി. പിന്നീട് ശരിക്കും വെട്ടിലായി. സോണിയ ഗാന്ധിയേയും, കുടുംബത്തേയും ഒതുക്കാൻ ഉയർത്തിയ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിനെ കുറിച്ച് BJP - കാർക്കും, സന്ഖ പരിവാറുകാർക്കും പിന്നീട് പുതിയ വെളിപ്പെടുത്തൽ ഉണ്ടായപ്പോൾ മുതൽ ഒന്നും മിണ്ടാനാകുന്നില്ല.

ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമൺ സിങ്ങിനും മകനും പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ മുതിർന്ന അഭിഭാഷകനും സ്വരാജ് അഭിയാൻ നേതാവുമായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ചേർന്ന് പുറത്തു വിട്ടത്തിൽ പിന്നെയാണവർക്ക് ആ കാര്യത്തിൽ മിണ്ടാട്ടമില്ലാതായത്. ബി.ജെ.പി. - കാരനായ സ്വന്തം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ബി.ജെ.പി. - യ്ക്ക് ധൈര്യമുണ്ടായില്ല.

അഴിമതിക്കാരെ ഒക്കെ ശിക്ഷിക്കണമെങ്കിൽ സ്വതന്ത്ര ചുമതലയുള്ള പോലീസ് കമ്മീഷൻ വരണം. അങ്ങനെയുള്ള സ്വതന്ത്ര ചുമതല വഹിക്കുന്ന പോലീസ് കമ്മീഷന് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിരും ആണ്. കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൈകൾ ശുദ്ധമല്ല. ഹര്യാനയിലെ ഓം പ്രകാശ് ചൌട്ടാലയുടെ വീട് റെയ്ഡു ചെയതപ്പോൾ CBI കണ്ടെടുത്തത് 3000 കോടി രൂപയാണ്.

നമ്മുടെ പരമോന്നത കോടതിയായ സുപ്രീം കോടതി ഏറ്റവും ശക്തമായി ഇടപെട്ട കേസാണ് ജെയിൻ ഹവാലാ കേസ്. ജെയിൻ ഡയറിയിൽ അദ്വാനിയടക്കം ഇന്ത്യൻ രാഷ്ട്രീയത്തിലെ മിക്ക ഉന്നതരുടേയും പേരുണ്ടായിരുന്നു എന്നാണ് സ്വാമിനാതൻ അയ്യർ പരസ്യമായി ട്യംസ് ഓഫ് ഇന്ത്യയിൽ എഴുതിയത്. എന്നിട്ടെന്തായി? എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചു.

കേസ് തെളിവില്ലാത്തത് കാരണം തള്ളിപ്പോയി. ഇതുപോലെ അഴിമതിയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒറ്റകെട്ടാണ്. പിന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പല വീര വാദങ്ങളും മുഴക്കും. ജയലളിതയെ തൊണ്ടിയോടെ പിടിച്ചിട്ടും ശിക്ഷിക്കാൻ നീണ്ട 18 വർഷം എടുത്തു. ഇനി ശിക്ഷ കിട്ടി ജയിലിൽ ചെന്നാലും ബാലകൃഷ്ണ പിള്ളയുടേയും, ലാലു പ്രസാദ് യാദവിൻറ്റേയും കാര്യത്തിലെന്നതു പോലെ അവർക്കൊക്കെ ജയിലിൽ സുഖവാസം ആണ്.

ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകൾ ബി.ജെ.പി സര്‍ക്കാര്‍ ഫോളോ ചെയ്തതു പോലെ മോദിക്കും അമിത് ഷാക്കും എതിരായ കേസുകള്‍ കോണ്‍ഗ്രസ് ഫോളോ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ചിദംബരത്തിന് ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഇപ്പഴത്തെ പ്രധാനമന്ത്രി കസേരയില്‍ മോദിയും ഉണ്ടാവുമായിരുന്നില്ല.

കോൺഗ്രസ്‌ നേരത്തേ ഭരണത്തിലിരുന്നപ്പോൾ പലപ്പോഴും 'അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സ്' കളിച്ചതാണ് അവർക്ക് വിനയായത്. യെദൂരപ്പ മുതൽ ഇഷ്ടം പോലെ കള്ള പണക്കാരും, കേസിൽ നിന്നൊഴിവായി കിട്ടാൻ ബി.ജെ.പി.-യിൽ ചേർന്ന മുകുൾ റോയിയെ പോലുള്ള വലിയ കള്ളന്മാരും ഒക്കെ വിലസി നടക്കുമ്പോഴാണ് ചിദംബരത്തിനും മകനും എതിരെയുള്ള കേസ്.

അമിത് ഷാക്കും മകൻ ജയ് ഷാക്കും എതിരെ കേസ് എടുക്കാൻ സി.ബി.ഐ. ധൈര്യപ്പെടുമോ? അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങ് വർദ്ധിച്ച കാര്യം 'The Wire' എന്ന ഓൺലൈൻ മാധ്യമം നേരത്തേ പുറത്തുകൊണ്ടുവന്നിരിന്നു. ഒരു വർഷം കൊണ്ട് ജയ് ഷായുടെ വരുമാനം വർധിച്ചത് 16000 ഇരട്ടിയാണ് എന്ന ആരോപണത്തിനെതിരെ കേസ് എടുക്കാൻ സി.ബി.ഐ. തയ്യാറല്ല.

കാർത്തി ചിദംബരത്തിനും അച്ഛൻ ചിദംബരത്തിനും ഒരു നിയമവും അമിത് ഷാക്കും മകനും മറ്റൊരു നിയമവും എന്നത് ശരിയാണോ? കേരളത്തിലെ ബി.ജെ.പി. ഉണ്ടാക്കിയ മെഡിക്കൽ അഴിമതി ആരും മറക്കരുത്. കേരളത്തിലെ ബി.ജെ.പി. അധ്യക്ഷന് തന്നെ സമർപ്പിച്ച റിപ്പോർട്ടിലല്ലേ ആ അഴിമതി കഥ ഉള്ളത്???

ദേശീയ മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്തത് കൊണ്ട് ബി.ജെ.പി.-ക്ക് ആ അഴിമതി കഥ ദേശീയ ശ്രദ്ധ ആകർഷിക്കാതെ മൂടി വെക്കാൻ സാധിച്ചു. പക്ഷെ കേരളത്തിലെ ജനങ്ങൾക്ക് അത് മറക്കാൻ ആവില്ല. 9000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് 15 സ്യൂട്കേസുകളുമായി കടന്ന വിജയ് മല്ലയ്യയും, 13000 കോടിക്കടുത്ത് ബാങ്കുകളെ വെട്ടിച്ച് ന്യുയോർക്കിലെ അത്യാഢംബര ഫ്ളാറ്റിലേക്ക് താമസം മാറ്റിയ നീരവ് മോഡിയും ഒക്കെ ഉള്ള അഴിമതി കഥകൾ ബി.ജെ.പി. ഭരിക്കുമ്പോൾ തന്നെ അല്ലേ ഉണ്ടായത്???

കൂടാതെ വമ്പൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ജതിൻ മേഹ്ത്താ, മെഹർ ചോംസ്കി, കോത്താരി തുടങ്ങിയവരുമുണ്ട്. ഇവരിൽ പലർക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് അടുത്ത ബന്ധവുമുണ്ട്. കിട്ടാക്കടത്തിൻറ്റെ അധിപന്മാരായ 12 കമ്പനി ഉടമകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിൽ ആ കമ്പനി ഉടമകളിൽ ഓരോരുത്തരും ആരുടെ തോളിൽ കയ്യിട്ട് സെൽഫി എടുക്കുന്നവരാണെന്ന് പൊതുജനത്തിന് അറിയാമായിരുന്നു.

അതുപോലെ പതഞ്ജലിയും, ബാബ രാംദേവും - നരേന്ദ്ര മോദിയുടെ നേത്വത്ത്വത്തിലുള്ള ബി.ജെ.പി. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ കേറിയതിന് ശേഷമല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി പതഞ്ജലി മാറിയത്??? ഇവിടേയും വമ്പൻ അഴിമതി മണക്കുന്നില്ലേ???

കോൺഗ്രസ് ഭരണകാലത്ത് ബാബാ രാംദേവിനെ ഉപയോഗിച്ച് അഴിമതിക്കെതിരെ സത്യാഗ്രഹ സമരം നടത്തി ബി.ജെ.പി. രാഷ്ട്രീയം കളിക്കുക ആയിരുന്നു. ഇപ്പോൾ പ്രൈവറ്റ് ജെറ്റിൽ പറന്നു നടക്കുന്ന ബാബാ രാംദേവും, അദ്ദേഹത്തിൻറ്റെ സ്ഥാപനങ്ങളും തികഞ്ഞ കോർപ്പറേറ്റ് സംരംഭമായി മാറി കഴിഞ്ഞു.

ഭരണ പക്ഷത്തിന് വമ്പൻ കോർപ്പറേറ്റു മുതലാളിമാരുടേയും, മാധ്യമങ്ങളുടേയും പിന്തുണ ഉള്ളപ്പോൾ ബാബാ രാംദേവ് നടത്തിയെന്ന് പറയപ്പെടുന്ന ഭൂമി കയ്യേറ്റങ്ങളും, തൊഴിലാളി ചൂഷണവുമൊക്കെ ഈ പിന്തുണയിൽ വിസ്മരിക്കപ്പെടുന്നു. ഇപ്പോൾ 'ക്രോണി ക്യാപിറ്റലിസത്തിൻറ്റെ' മൂർദ്ധന്യമാണ്. കോൺഗ്രസ് ഭരണകാലത്തുണ്ടായിരുന്ന 'ക്രോണി ക്യാപിറ്റലിസത്തിനെക്കാൾ കഷ്ടം.

എന്തായാലും നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ 16 മന്ത്രി സ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കയാണെന്നാണ് പല ന്യൂസ് റിപ്പോർട്ടുകളും പറയുന്നത്. കോൺഗ്രസിൽ നിന്ന് ചാടിപ്പോവുകയും, പിന്നീട് സ്പീക്കറാൽ അയോഗ്യരാക്കപ്പെട്ടവരും ആയുള്ള എം എല്‍ എ- മാർക്ക് വേണ്ടിയാണീ മന്ത്രി സ്ഥാനങ്ങൾ. ഇനി അവരുടെ കാര്യത്തിൽ സുപ്രീം കോടതി കനിഞ്ഞില്ലെങ്കിൽ അവർക്ക് രാഷ്ട്രീയ ഭാവിയില്ലാ.

പക്ഷെ സാമ്പത്തികമായി ആ എം എല്‍ എ- മാർക്ക് ഇപ്പോഴും നേട്ടം തന്നെയാണ്. അവരെ കോൺഗ്രസിൽ നിന്ന് ചാടിച്ച വകുപ്പിൽ കോടികൾ മറിഞ്ഞു കാണും എന്നുറപ്പാണ്. "എൻറ്റെ കച്ചമെഴുക്കിന് ആയില്ല" എന്നൊക്കെ പറഞ്ഞു 'ഒരു വടക്കൻ വീരഗാഥയിൽ' ആരോമൽ ചേകവർ നാടുവാഴിയിൽ നിന്ന് പണക്കിഴികൾ വെപ്പിച്ചത് പോലെ കൂറ് മാറിയ എം എല്‍ എ- മാർ സിദ്ധാരാമയ്യയ്യോട് പറഞ്ഞു പണക്കിഴികൾ വെപ്പിച്ചുട്ടുണ്ടാകാം.

'ഓപ്പറേഷൻ ലോട്ടസിൻറ്റെ' ഭാഗമായി ഒരു എം എല്‍ എ- ക്ക് 20 കോടി എന്ന് പറഞ്ഞു പല ദേശീയ മാധ്യമങ്ങളിലും കണക്കുകൾ വന്നിരുന്നു. ചില മാധ്യമങ്ങൾ ഒരു എം എല്‍ എ - ക്ക് 200 കോടി വരെ വന്നൂ എന്നും പറയുന്നു. പൂജ്യം കൂടിപോയതാണോ എന്ന് ചോദിച്ചാൽ അറിയില്ല; സത്യമായും അറിയില്ല. ബി.ജെ.പി. - യിലുള്ള വൻ വ്യവസായിയായ നിതിൻ ഗഡ്കരിയേയും, വണിക്കുകളുടെ നാടായ ഗുജറാത്തിൽ നിന്നുള്ള അമിത് ഷായെയും ശത കോടികൾ വെച്ചുള്ള രാഷ്ട്രീയ കച്ചവടം ആരെങ്കിലും പഠിപ്പിക്കണമോ? എന്തായാലും സ്ഥാനഭൃഷ്ടരാക്കപ്പെട്ട എം.എൽ.എ.- മാർക്ക് കോളടിച്ചു. ഇനി അവരുടെ ഒരു പത്തു തലമുറയ്ക്ക് അല്ലലില്ലാതെ ഉണ്ടുറങ്ങി കഴിയാം!!!


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment