Advertisment

മുസ്‌ലീങ്ങൾക്കായിരിക്കും പണി കിട്ടാൻ പോകുന്നത് എന്നതാണ് പൗരത്വ ബില്ലിനെ പറ്റിയുള്ള ഏറ്റവും വലിയ തമാശ. സത്യത്തിൽ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്

New Update

publive-image

Advertisment

പ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്‌ലീം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും - മുസ്ലീങ്ങൾക്ക് പോലീസിൽ നിന്നും, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ എന്നോർത്ത്.

പക്ഷെ ഇങ്ങനെ ആഹ്ലാദിക്കുന്ന ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും ലളിതമായ ഒരു സത്യം മനസിലാക്കുന്നില്ലാ. മുസ്ലീങ്ങളേക്കാൾ ഹിന്ദുക്കളിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് പണി കിട്ടാൻ പോകുന്നത് എന്നതാണ് ആ ലളിതമായ സത്യം.

ദരിദ്രരും നിരക്ഷരരും ഹിന്ദു കമ്യൂണിറ്റിയിലും ഇഷ്ടം പോലെ ഉണ്ട്. ആ ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.

നമ്മുടെ സർക്കാർ സംവിധാനത്തിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും പ്രവർത്തിക്കില്ല. ബ്രട്ടീഷുകാർ ഉണ്ടാക്കിവെച്ച മിക്ക ചട്ടങ്ങളും ആണ് ഇന്നും നമ്മുടെ സർക്കാർ സംവിധാനത്തിൽ പ്രതിഫലിച്ചു കാണുന്നത്.

publive-image

ഒരു സർക്കാർ ഓഫീസിൽ കേറിചെന്നാൽ പ്യൂൺ തൊട്ട് ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, സെക്ഷൻ ഓഫീസർ, അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസർ - ഇങ്ങനെ ഒരു വലിയ നിര ഹയരാർക്കിയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഏതു സർക്കാർ ഓഫീസിലും ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ഫോറം പൂരിപ്പിക്കണം. ഇന്നത്തെ ഡിജിറ്റൽ-ഇലക്ട്രോണിക്ക് യുഗത്തിലും ഫോറം പൂരിപ്പിക്കൽ ചടങ്ങുണ്ട്.

ഫോറങ്ങൾ ഇൻറ്റർനെറ്റിൽ കിട്ടുമെന്ന് മാത്രം. ഇങ്ങനെ ഫോറം പൂരിപ്പിക്കുമ്പോൾ ഒരു വാക്ക് തെറ്റിയാൽ, അതല്ലെങ്കിൽ ഒരു അക്ഷരം തെറ്റിയാൽ പോലും അപേക്ഷ 'റിജക്റ്റ്' ചെയ്യപ്പെടാറുണ്ട്. നമ്മുടെ സർക്കാർ സംവിധാനത്തിൽ അധികാരവും ചട്ടവും ആണ് വലുത്; അല്ലാതെ ജനസേവനം അല്ലാ ലക്‌ഷ്യം.

ഇന്നത്തെ നമ്മുടെ ഭരണ സംവിധാനത്തിൽ ഒരു പരിധിയിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ചട്ടങ്ങൾ ലംഖിച്ചാൽ അവർക്ക് അത് പ്രശ്നമാകും.

പരാതികൾ അവർക്കെതിരെ പോകാം; കോടതികളിലും അവരുടെ നടപടികൾ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഒരു 'എലാബറേറ്റ്' സർക്കാർ സംവിധാനത്തിനുള്ളിലാണ് ഈ പൗരത്വ ബിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് എല്ലാവരും ഓർമിക്കണം.

ദരിദ്രരും നിരക്ഷരരുമായ ഏതു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനം ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ മിക്ക ക്ഷേമ പദ്ധതികളും പരാജയപ്പെടാൻ കാരണവും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനമാണ്.

സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാൻ ചിലപ്പോഴൊക്കെ പൊതുജനവും തയാറാകാറില്ല. ഏതെങ്കിലും വീട്ടിൽ സാമൂഹിക-സാമ്പത്തിക സർവേയുമായി ഒരു സർവേ ജീവനക്കാരൻ കയറി ചെല്ലുമ്പോൾ അയാളോട് സഹകരിക്കണമോ; ശരിയുത്തരം പറയണമോ എന്നുള്ളത് ആ വീട്ടിലുള്ളവരാണ് തീരുമാനിക്കേണ്ടത്.

ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരുടെയും കഴുത്തിന് പിടിച്ച് നമുക്ക് ഒരു വിവരവും ശേഖരിക്കുവാൻ ആവില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ പൗരത്വ ബിൽ നടപ്പാക്കുന്നതെന്ന് എല്ലാവരും ഓർമിക്കണം.

ഭരിക്കുന്ന ഗവൺമെൻറ്റും ജനങ്ങളും തമ്മിൽ ഒരു വിശ്വാസം നിലവിലില്ലെങ്കിൽ പൊതുജനം വിവര ശേഖരണത്തിനോട് സഹകരിക്കാൻ തയാറാകാറില്ല. അതിപ്പോൾ നിലവിലില്ല. കണ്ടമാനം അവിശ്വാസ്യത ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.

കോടതികൾക്ക് പോലും പൗരത്വത്തിൻറ്റെ കാര്യത്തിൽ വലിയ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം ഇലക്ഷൻ ഐഡൻറ്റിറ്റി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, പ്രോപ്പർട്ടി ടാക്സ് രേഖകൾ, പാസ് ബുക്കുകൾ – എന്നിങ്ങനെയുള്ള 19 രേഖകൾ ഹാജരാക്കിയിട്ടും ഗോഹട്ടി ഹൈക്കോടതി ഒരാൾക്ക് പൗരത്വം നിഷേധിച്ചു; പത്രങ്ങളിലെല്ലാം വന്ന വാർത്തയാണത്.

മുംബൈ ഹൈക്കോടതി 'ഇലക്ഷൻ ഐഡൻറ്റിറ്റി കാർഡ്' പൗരത്വത്തിന് തെളിവായി സ്വീകരിക്കാം വിധിച്ചു എന്നും കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ ഉണ്ടായിരുന്നു. 'വേരിഫൈഡ് ആധാറും' പൗരത്വത്തിന് തെളിവായി സ്വീകരിക്കും എന്ന് പറയപ്പെടുന്നു.

സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ വലിയ ആശയകുഴപ്പമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. കോടതികൾക്ക് പോലും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്ന് ഈ രാജ്യത്ത് നിലവിലുള്ളത്.

അപ്പോൾ പൗരത്വം കിട്ടിയാലേ ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂ എന്നുള്ള കാര്യം വന്നാൽ എന്ത് സംഭവിക്കും? ജനം സർക്കാർ ഓഫീസുകൾ കേറിയിറങ്ങി വലയും.

ഇനി സർക്കാർ ഉദ്യോഗസ്ഥന്മാർ പേപ്പറും പേനയുമായി പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ നടന്നാലോ? വൻ അഴിമതിക്കും, കെടുകാര്യസ്ഥതക്കും അത് വഴി തെളിക്കും എന്നുള്ളത് വളരെ വ്യക്തമാണ്. സർക്കാർ ഓഫീസർമാരെ പ്രീതിപ്പെടുത്തി പൗരത്വം സമ്പാദിക്കാനായിരിക്കും പിന്നീടുള്ള തത്രപ്പാട്. അതാണ് ആസാമിൽ കണ്ടത്.

ആസാമിൽ ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പുകളിൽ മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാൾ വലിയ മണ്ടത്തരം മാത്രമായിരിക്കും.

ഇനി ഈ പൗരത്വ നിയമത്തിനപ്പുറവും ചില കാര്യങ്ങളുണ്ട്. വരാൻ പോകുന്ന കാലങ്ങളിൽ ഇന്ത്യയിലെ പാവപ്പെട്ടവരെ കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം വരും. കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ അതാണ് നാം കണ്ടത്.

മതവും രാജ്യസ്നേഹവും ഒന്നും അധികനാൾ ഇന്ത്യയിൽ ഇനി ഓടാൻ പോകുന്നില്ല. 'മോഡി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.

അതല്ലെങ്കിൽ ബി.ജെ.പി. എങ്ങനെ ഡൽഹിയിൽ തോറ്റുപോയി??? ഡൽഹിയിൽ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി. 5329 പൊതുയോഗങ്ങളും, റോഡ് ഷോകളും ആണ് നടത്തിയത്. ഇതിനേക്കാൾ വലിയ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്താനാണ്???

ബി.ജെ.പി. - യുടെ പ്രമുഖരെല്ലാം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തായിരുന്നു. പല വീടുകളിലും സംഘ പരിവാർ പ്രവർത്തകർ നേരിട്ട് ചെന്നു. വാതിൽ തുറക്കുമ്പോൾ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാൽ തൊട്ടു തൊഴുതു; പലരുടേയും കാലിൽ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബി.ജെ.പി. ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ചത്.

പക്ഷെ ഈ നാടകങ്ങളൊന്നും ഡൽഹിയിൽ ഓടിയില്ല. ഡൽഹിയിലെ വിജയത്തിന് കാരണമായി പല സർവേകളും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടേയും, വീട്ടമ്മമാരുടേയും ആം ആദ്മി പാർട്ടിക്കുള്ള ഉറച്ച പിന്തുണയാണ്.

30 കോടിക്കടുത്ത് തീർത്തും ദരിദ്രരായ ആളുകൾ ഇന്ത്യയിൽ ഉണ്ട്. അവർക്കൊക്കെ ഡൽഹിയിൽ കണ്ടതുപോലെ സൗജന്യ സേവനങ്ങൾ കൊടുക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം ഈ രാജ്യത്ത് ഭാവിയിൽ വരും. അത് കണ്ടിട്ടാണ് കോൺഗ്രസ് 'ന്യായ്‌' പദ്ധതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത്.

പക്ഷെ ബാക്കിയുള്ള കാര്യങ്ങളിലെന്നതുപോലെ കോൺഗ്രസിൻറ്റെ പ്രചാരണം 'ന്യായ്‌' പദ്ധതിയുടെ കാര്യത്തിലും തീർത്തും മോശമായിരുന്നു. അതുകൊണ്ട് 'ന്യായ്‌' പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസിന് ആയില്ല.

പക്ഷെ അരവിന്ദ് കേജ്‌രിവാളിന് സൗജന്യ സേവനങ്ങളെ കുറിച്ചുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. അതുകൊണ്ട് അരവിന്ദ് കേജ്‌രിവാൾ വൻ ഭൂരിപക്ഷത്തോടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

ഇനി സർക്കാർ തലത്തിലുള്ള സൗജന്യ സേവനങ്ങളുടെ മുന്നോട്ടുള്ള പടിയാണ് ഭാവിയിലെ ഇന്ത്യ കാണാൻ പോകുന്നത്. 'ന്യായ്‌' പദ്ധതിയുടെ ഭാഗമായിരുന്ന 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെച്ചുകഴിഞ്ഞു.

ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാനായുള്ള 'ഡയറക്റ്റ് ക്യാഷ് ട്രാൻസ്ഫറിൻറ്റെ' ഭാഗമാണ് ഈ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പലരും പ്രചരിപ്പിക്കുന്നത്. മുൻ ചീഫ് ഇക്കണോമിക്ക് അഡ്വൈസർ അരവിന്ദ് സുബ്രമണ്യമൊക്കെ ഈ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തിൻറ്റെ ശക്തരായ പ്രചാരകരാണ്.

അരവിന്ദ് സുബ്രമണ്യം എഴുതിയ ‘Of Counsel – The Challenges of the Modi – Jaitley Economy’ എന്ന പുസ്തകത്തിൽ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.

പൗരത്വമാണെങ്കിലും, സൗജന്യ ക്യാഷ് ട്രാൻസ്ഫർ പദ്ധതിയാണെങ്കിലും നമ്മുടെ സർക്കാർ സംവിധാനത്തിൽ അതൊക്കെ നടപ്പാക്കണമെങ്കിൽ അതിനൊക്കെ 'രേഖ' വേണം. ഇവിടെയാണ് മുസ്‌ലീം കമ്യൂണിറ്റി 'സ്‌കോർ' ചെയ്യാൻ പോകുന്നത്.

മതബോധം പോലെ തന്നെ ശക്തമായ സാമുദായിക ബോധവും മുസ്ലീങ്ങൾക്കിടയിൽ ഉണ്ട്. മുസ്‌ലീം പള്ളികളിൽ വരുന്നവരും,

സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായി മുസ്‌ലീം കമ്യൂണിറ്റിയിൽ അവർക്കിടയിലെ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകൾ ഇന്ന് നിലവിൽ ഉണ്ട്.

ഇതെഴുതുന്നയാളുടെ അറിവ് ശരിയാണെങ്കിൽ മുസ്‌ലീങ്ങളിലെ പാവപ്പെട്ടവർക്കിടയിൽ കമ്യൂണിറ്റിയിലെ വിദ്യാഭ്യാസമുള്ളവർ പൗരത്വ ബില്ലിന് വേണ്ടിയുള്ള വിവരശേഖരണവും തുടങ്ങിക്കഴിഞ്ഞു.

'ശുദ്ധിയും', 'വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല. അങ്ങനെ തയാറാകാത്തത് കൊണ്ടാണല്ലോ ദാരിദ്ര്യം അനേകം നൂറ്റാണ്ടുകളോളം ഇന്ത്യയിൽ നിലനിന്നത്.

ചുരുക്കം പറഞ്ഞാൽ നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ 'എലാബറേറ്റ്' ആയിട്ടുള്ള ചട്ടങ്ങളും, നിയമങ്ങളും മൂലം ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment