അഭിമാനികളായ ഭാരതസ്ത്രീകളുടെ രൂപത്തില്‍ ആദ്യം മോഡിജിയെ തോല്‍പ്പിച്ചത് ഭാര്യ യശോദാബെൻ, പിന്നെ കവിതാ കര്‍ക്കര, ഒപ്പം നിന്ന് തോല്‍പ്പിച്ചവരില്‍ സ്മൃതി ഇറാനിയും ആനന്ദിബെന്‍ പട്ടേലും നിര്‍മ്മല സീതാരാമനും വരെ. ഇപ്പോള്‍ നേര്‍ക്കുനേര്‍ നിന്ന് അങ്കം കുറിക്കാന്‍ മമതയും പിന്നെ പ്രിയങ്കയും !! പെണ്ണൊരുമ്പെട്ടാൽ മോഡിയും വീഴുമോ ?

പിന്നാമ്പുറങ്ങള്‍ / എ കെ സത്താര്‍
Friday, February 8, 2019

പെണ്ണൊരുമ്പെട്ടാൽ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്, എങ്കിലും ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രിയുടെ പ്രധാനമായ ഒരു തലവേദന ഇന്നിപ്പോൾ ഈ പെണ്ണുങ്ങളെക്കൊണ്ട് മാത്രമാണ്.

ചരിത്രപരമായ ഹിമാലയൻ യാത്രകൾക്കിടയിലും സാമൂഹ്യക്ഷേമകാര്യങ്ങളിലും പെണ്ണ് ഒരു ശല്യമാകേണ്ട എന്ന് കരുതി യശോദാബെൻ നരേന്ദ്രഭായി എന്ന ഭാര്യയെ അവരുടെ വീട്ടിലിരുത്തി ജനങ്ങളെ സേവിക്കുവാൻ ഇറങ്ങുമ്പോൾ, പ്രധാനമന്ത്രിപദമൊന്നും സ്വപ്നം കണ്ടിരുന്നില്ല. എങ്കിലും അമേരിക്കയിലേക്ക് പോകണമെന്ന വാശി മനസ്സിൽ കാത്തുസൂക്ഷിച്ചിരുന്നു. ആത്മാർത്ഥമായ ആഗ്രഹമായതുകൊണ്ടാകണം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തി, ആ വഴിക്ക് അമേരിക്കയിലെ മൻഹാട്ടൻ കാണുവാനുള്ള ഭാഗ്യമൊരുങ്ങി.

ആദ്യമായി ഒരു പെണ്ണിൽ നിന്നും കിട്ടിയ തിരിച്ചടി, നമ്മുടെയൊക്കെ അറിവ് അനുസരിച്ച് ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ്. മുംബൈ അറ്റാക്ക് കഴിഞ്ഞപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിജി മുംബൈയിൽ എത്തുകയും അന്നത്തെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട ഹേമന്ദ് കർക്കരെയെന്ന യഥാർത്ഥ രാജ്യസ്നേഹിയുടെ ഭാര്യ കവിത കർക്കരെക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം എന്ന പേരിൽ ഒരു സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.

എനിക്കാ പണം വേണ്ടായെന്ന് ചങ്കുറപ്പോടെ കവിത കർക്കരെ മോദിജിയുടെ മുഖത്ത് നോക്കി പറയുമ്പോൾ അവിടെ അദ്ദേഹം തോൽവി ഏറ്റുവാങ്ങുകയിരുന്നു. ആ പണം തിരസ്കരിച്ചതിൽ എല്ലാം ഉൾക്കൊള്ളുന്നു.

2014 ൽ മോഡിജി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് സ്മൃതി ഇറാനിയായിരുന്നു തിരഞ്ഞെടുപ്പിലെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കിയിരുന്നത്. ബാംഗ്ലൂരിലെ ഒരു പെൺവിഷയം വെളിയിൽ വിടുവാൻ ഒരുങ്ങിയിരുന്ന തെഹൽക്ക മേധാവി തേജ്പാലിനെ ഗോവയിൽ വെച്ച് ചതിയിൽ പെടുത്തുമ്പോഴും പ്രതിപക്ഷത്തെ മുഖ്യശത്രുവായിരുന്ന ദിഗ് വിജയ്‌സിങ്ങിന്റെ നാവടപ്പിക്കുവാൻ ഒരു പത്രപ്രവർത്തകയെ ചട്ടം കെട്ടിക്കുമ്പോഴും ചരടുവലികൾ നടത്തിയിരുന്ന സ്മൃതിയുടെ അമേത്തിയിലെ തോൽവി അപ്രതീക്ഷിതമായിരുന്നില്ല.

എങ്കിലും പിന്നീട് മന്ത്രിസ്ഥാനം കിട്ടിയിട്ട് കളിച്ചകളികളിൽ ഉണ്ടായ തോൽവി ഭയാനകമായിരുന്നു. ഈ പെണ്ണിനെക്കൊണ്ട് പണ്ടാരമായല്ലോ എന്നുവരെ പറയിപ്പിച്ചു.

പിന്നെ മോഡിജിയുടെ ജീവിതത്തിൽ ഒരു പരാജയമായിരുന്നു തന്റെ പിൻഗാമിയായി നിയമിച്ച ഗുജറാത്ത് മുൻമുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ. കഴിവുകേടുകളുടെ സംസ്ഥാന സമ്മേളനമായി മാറിയ ആ പാവം സ്ത്രീയെ അവസാനം ചെവിയിൽ പിടിച്ചു പുറത്തേക്ക് ഇടുകയായിരുന്നു.

പിന്നീട് തമിഴ്‌നാട്ടിൽ ജയലളിത മരണപ്പെട്ടപ്പോൾ ചെന്നൈയിലേക്കു ഓടിക്കിതച്ച് എത്തുകയും കോടാനുകോടി ജനങ്ങൾ നോക്കി നിൽക്കെ അഴിമതിക്കെതിരെ പടവാളെടുത്ത് അധികാരത്തിൽ എത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിയുടെ രാജകുമാരി ആയിരുന്ന ശശികലയുടെ തലയിൽ കൈതൊട്ട് അനുഗ്രഹിക്കുകയും ചെയ്തു.

അതിലും വലിയ തോല്‍വി വേറെ ഉണ്ടാകാനില്ലല്ലോ. അന്നദ്ദേഹം മനസ്സിൽ കരുതിക്കാണും ഒരു പാർട്ടിയെ മൊത്തം വിഴുങ്ങാമെന്ന്. പക്ഷെ ആ സ്വപ്നങ്ങൾ ഗവർണർ തല്ലിക്കെടുത്തിയപ്പോൾ ഒരുവട്ടം കൂടി പെണ്ണിന്റെ മുന്നിൽ ഒരു പ്രധാനമന്ത്രി തോൽക്കുകയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന, ശവപ്പെട്ടിയുടെ ആണിയിൽ വരെ അഴിമതിക്കറ പുരണ്ട പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന ഗോവക്കാരൻ, ഇപ്പോൾ ഐസിയുവിൽ കഴിയുന്ന മുഖ്യമന്ത്രി പരീഖർ സാബിന് പകരം നിർമല സീതാരാമൻ എന്നൊരു ബുദ്ധിയുള്ള പെണ്ണിനെ പ്രതിരോധം ഏൽപ്പിക്കുകയാണെങ്കിൽ എല്ലാ അഴിമതിക്കറകളും ഇല്ലാതാകും എന്ന് കരുതി.

പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും. താനൊരു റബ്ബർസ്റ്റാമ്പ് മാത്രമാണെന്നും എല്ലാവരുംകൂടി തന്നെ കരുവാക്കുകയാണെന്നും തിരിച്ചറിഞ്ഞപ്പോൾ അവരും ചുവടുകൾ മാറ്റി തുടങ്ങി . അതിന്റെ പരാജയം മോഡിജി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അത് കുറേക്കാലം വേട്ടയാടുകയും ചെയ്യും.

ഇതുവരെ സ്വന്തം പാർട്ടിക്ക് ക്ലച്ച് പിടിക്കാത്ത കേരളത്തിൽ, പാർട്ടിയെ വളർത്തുവാൻ ഉപയോഗിച്ച തുറുപ്പ് ചീട്ടാണ് ശബരിലയിലെ പെണ്ണ് വിഷയം. അതിപ്പോൾ മധുരിച്ചിട്ട് തുപ്പാനും കായ്ച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. സത്യാഗ്രഹസമരമെല്ലാം എന്തായോ ആവോ ?

ഇക്കഴിഞ്ഞ മാസം അദ്ദേഹം വലിയൊരു നാണക്കേടിൽ അകപ്പെട്ടത് കൊൽക്കത്തയിൽ വെച്ചായിരുന്നു. 35000 കോടിയുടെയും 15000 കോടിയുടെയും ഒക്കെ അഴിമതി സ്വന്തം പോക്കറ്റിൽ കിടക്കുമ്പോൾ കൊൽക്കത്തയിലെ ശാരദയെ അന്വേഷിച്ചുപോയ സിബിഐക്കാരെ അറസ്റ്റ് ചെയ്ത് തിരിച്ചയപ്പോൾ മുഖത്ത് അടി കിട്ടിയത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് തന്നെ.

എല്ലാറ്റിലും അമേരിക്കക്കാർ വീറ്റോ പ്രയോഗിക്കുന്നതുപോലെ സിബിഐ തലവന്മാരെ പുറത്താക്കുവാനും തിരിച്ചെടുക്കുവാനും ഒക്കെ വീറ്റോ ഉപയോഗിച്ചുവന്ന മോഡിജിക്ക്‌ ജീവിതത്തിൽ ഇതുവരെ കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് കൊൽക്കത്തയിൽ ദിദി സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഒരു പ്രധാനമന്ത്രി ഏറ്റുവാങ്ങിയത് കൊൽക്കത്തയിൽ നിന്നാണെന്നത് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിക്കും.

“ഇന്ന് ഞാൻ നാളെ നീ”, നവ ഇന്ത്യയുടെ ഇന്ദിര പ്രിയങ്കഗാന്ധി ഇന്നലെ ഒരു കാര്യം മോദിജിക്കായി പറഞ്ഞു, അല്ലെങ്കിൽ പറയിപ്പിച്ചു.
ഇന്ന് വദേരയെ ചോദ്യം ചെയ്‌താൽ നാളെ മോദിയെ ചോദ്യം ചെയ്യുവാനും മടിക്കില്ല എന്ന്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറയുന്ന സ്വന്തം ആങ്ങളയെ വരെ ഞെട്ടിച്ചുകൊണ്ടാണ് പ്രിയങ്ക ബോംബ് പൊട്ടിച്ചത്.

ഇത് കേട്ടപ്പോൾ തമിഴ്‍നാട്ടിലെ ജയലളിത കരുണാനിധി അങ്കം ഓർമ്മയിൽ വന്നു. നാലര വർഷമായി ഭരണം കിട്ടിയിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ, കള്ളപ്പണം തിരികെ കൊണ്ടുവരാതെ ഇന്നിപ്പോൾ തിരഞ്ഞെടുപ്പ് ആയപ്പോൾ ഇടതുപക്ഷം പെണ്ണ് വിഷയം കൊണ്ടുവരുന്നതുപോലെ തറ കളികൾ കളിക്കുവാൻ ഇറങ്ങിയാൽ മോഡിയല്ല സാക്ഷാൽ ദേവേന്ദ്രൻ വന്നാലും വിവരം അറിയും എന്ന അവസാന മുന്നറിയിപ്പാണ് പ്രിയങ്ക നൽകിയത്.

ഇന്ദിരാഗാന്ധിയുടെ തനി രൂപത്തിൽ അല്ലെങ്കിൽ അതേ സ്വഭാവരൂപീകരണത്തിൽ പാർട്ടി സെക്രട്ടറി പദത്തിൽ എത്തിയിരിക്കുമ്പോൾ ഇനിയെന്തും നമ്മുക്ക് പ്രതീക്ഷിക്കാം. വാളെടുത്തവരൊക്കെ വാളാൽ എന്നുള്ളത് പ്രാവർത്തികമാകുന്നത് വരും നാളുകളിൽ പ്രതീക്ഷിക്കാം.

×