കുളിക്കുമ്പോൾ സോപ്പ് കൈയിൽ നിന്നും വീണുപോയാൽ അത് നേരെ ക്ളോസറ്റിലായിരുക്കും വീഴുക. ഒരു ചായക്കാരന്‍ മറ്റൊരു ചായകടക്കാരനെ തേടിപ്പോയി – ട്രോളുകള്‍ കൊണ്ട് പൊറുതി മുട്ടിയ വടക്കന്‍. മാരാര്‍ജി ഭവനിലെത്തിയത് ഇന്ദിരാഭവനില്‍ കാലു കുത്തിയിട്ടില്ലാത്ത കോണ്‍ഗ്രസുകാരന്‍ ..

പിന്നാമ്പുറങ്ങള്‍ / എ കെ സത്താര്‍
Friday, March 15, 2019

സി കെ പത്മനാഭൻ നല്ലൊരു കമ്മ്യുണിസ്റ്റ് ആയിരുന്നു എന്നാണ് കേട്ടുകേൾവി. അദ്ദേഹം അവിടെത്തന്നെ നിന്നിരുന്നെങ്കിൽ കേവലം ഒരു മന്ത്രിയെങ്കിലും ആയിപ്പോയേനെ ! ഒകെ വാസു ബിജെപിയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്നു . അദ്ദേഹം അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ ഒന്നുകിൽ 56 കഷ്ണം അല്ലെങ്കിൽ ഒന്നുമല്ലാതാകുമായിരുന്നു !

അൽഫോൺസ് കണ്ണന്താനം നല്ല ഒരു സിവിൽ സർവീസുകാരൻ ആയിരുന്നു എന്നാണ് അറിയുന്നത്. ഡൽഹിയിൽ ആയിരിക്കുമ്പോൾ അഴിമതിക്കെതിരെ എന്തൊക്കെയോ പൊളിച്ചുകളഞ്ഞിട്ടുണ്ട് എന്നൊക്കെ പത്രക്കാർ പാടിപ്പുകഴ്ത്തിയിട്ടുണ്ട്.

മമ്മുട്ടിയുടെ കിംഗ് സിനിമയുടെ പ്രചോദനം അദ്ദേഹത്തിന്റെ ചെയ്തികൾ ആയിരുന്നു എന്നും വായിച്ചിട്ടുണ്ട് . ഇന്നിപ്പോൾ കിങ്ങിന്റെ തിരക്കഥാകൃത്ത് ദുഖിക്കുന്നുണ്ടാകും ഈ..യാളുടെ കഥയാണല്ലോ ഞാൻ സിനിമയാക്കിയത് എന്നോർത്ത്.

സിപിഎം ലേബലില്‍ കാഞ്ഞിരപ്പിള്ളിയിൽ നിന്നും ജയിച്ചുകയറിയ അൽഫോൺസ് പിന്നീട് ബിജെപിയിലേക്ക് മറുകണ്ടം ചാടി ഇന്നിപ്പോൾ കേന്ദ്രമന്ത്രിയുമായി. കേന്ദ്രവും കേരളവും തമ്മിലുള്ള നീക്കുപോക്കുകൾക്ക് ഒരു പാലമായിട്ടാണ് വിമർശകർ ഈ കളികളെ കാണുന്നത്.

ലാവലിൻ കേസ് തീര്‍ക്കാനും ബിജെപിക്കാര്‍ ഇരകളായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ബിജെപി പ്രതികാരം ചെയ്യാതിരിക്കാനും സിപിഎം ഒരു ദൂതനെ അങ്ങോട്ട് അയച്ചു എന്നൊക്കെയാണ് എതിരാളികൾ പറഞ്ഞുപരത്തുന്നത്.

കൈരളിയുടെ എംഡി ആയിരുന്ന ജോൺ ബ്രിട്ടാസ് സ്റ്റാർ ടിവിയുടെ കീഴിലെ ഏഷ്യാനെറ്റിൽ കയറിക്കൂടുകയും അവിടത്തെ കുറെ കച്ചവട രഹസ്യങ്ങളും തന്ത്രങ്ങളുമായി തിരിച്ചു കൈരളിയിൽ വരികയും ചെയ്തതുപോലെയുള്ള തന്ത്രം.

അന്ന് ജോണ്‍ ബ്രിട്ടാസ് പോകുമ്പോൾ തന്നെ യാത്രയയപ്പ് പരിപാടിയിൽ പിണറായി വിജയൻ പറയുകയുണ്ടായി ” ബ്രിട്ടാസിന് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്ന് ” . അത് കേട്ടപാടെ സിപിഎം ശത്രുക്കൾ പറഞ്ഞുപരത്തി , ഇതൊരു ചാരക്കളി ആണെന്ന്.

ഒരു കാലഘട്ടത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ബാലികേറാ മലകളായ പല സീറ്റുകളിലും സിപിഎം കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർക്ക് സീറ്റുകൾ നൽകി പരീക്ഷണങ്ങൾ നടത്തുമായിരുന്നു.

കോട്ടയത്തുനിന്നും സുരേഷ് കുറുപ്പും ആലപ്പുഴയിൽ നിന്നും ടിജെ ആഞ്ചലോസും കണ്ണൂരിൽ നിന്നും എപി അബ്ദുള്ളക്കുട്ടിയും ഒറ്റപ്പാലത്തുനിന്നും ശിവരാമനും ആലപ്പുഴയിൽ നിന്നും കെഎസ് മനോജും പോലെയുള്ളവരെ ചാവേറുകൾ ആക്കുകയും യുഡിഎഫിന്റെ കെടുകാര്യസ്ഥതയിൽ ഇവരൊക്കെ ജയിച്ചു കയറുകയും ചെയ്യുന്ന അവസ്ഥ വിശേഷങ്ങൾ ഉണ്ടായി.

ഇവരൊക്കെ ജയിച്ചിട്ട് ഡൽഹിയിൽ എത്തിയാൽ പിന്നെ കൂട്ടുകെട്ടെല്ലാം കോൺഗ്രസ്സുകാരുടെ കൂടെ ആയിരുന്നു.

മെല്ലെമെല്ലെ ആ ചെറുപ്പക്കാർ ജയിപ്പിച്ചുവിട്ട പാർട്ടിയുടെ രഹസ്യ അജണ്ടകളും നേതാക്കന്മാരുടെ തരികിടകളും മനസ്സിലാക്കി മനസ്സ് മാറുന്ന കാഴ്ചകൾ നാം കണ്ടു. ഇന്ത്യ മുഴുവനും കോൺഗ്രസ്സ് തരംഗം ആഞ്ഞടിച്ച 1984 തിരഞ്ഞെടുപ്പിൽ 28 വയസുകാരനായിരുന്ന സുരേഷ്കുറുപ്പ് യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കോട്ടയത്തുനിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപെട്ടു.

കുറുപ്പിന്റെ മനസ്സ് കോൺഗ്രസിലേക്ക് ചായുന്നു എന്ന് മനസ്സിലാക്കിയ സിപിഎം പിന്നീടുള്ള മൂന്നു തിരഞ്ഞെടുപ്പുകളിൽ കുറുപ്പിനെ സിപിഎം ബെഞ്ചിൽ ഇരുത്തി.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സിപിഎം എംപി ആയിരുന്നു ടിജെ ആഞ്ചലോസ് , പിന്നീട് സിപിഎം അദ്ദേഹത്തെയും പുറത്താക്കി . ഇപ്പോൾ സിപിഐ യുടെ കൂടെ കൂടി ജീവിച്ചുപോകുന്നു.

ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ഒറ്റപ്പാലത്തുനിന്നും വിജയിച്ച ശിവരാമന്റെ ഗതിയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു . സിപിഎം പുറത്താക്കി പിന്നെ തിരിച്ചു എടുത്തു . ഇപ്പോൾ കൈക്കോട്ട് കിളച്ചുകൊണ്ട് കുടുംബം നോക്കുന്നു.

പ്രശ്നങ്ങൾ മണത്തറിഞ്ഞ എപി അബ്ദുള്ളക്കുട്ടി സിപിഎം പുറത്താക്കുന്നതിന് മുൻപേ കോൺഗ്രസിലേക്ക് ചാടി . അതിനുള്ള പണിയായി സരിതക്കേസിൽ പെടുത്തുകയും ചെയ്തു . ആലപ്പുഴയിലെ കെഎസ് മനോജ് നാടുതന്നെ വിട്ട് പ്രവാസിയായി ജീവിച്ചുപോകുന്നു .

ഇപ്പോൾ കോൺഗ്രസ്സിന്റെ ഇലക്ഷൻ പ്രചാരണത്തിന് വരുന്നെന്ന് കേട്ടു . കെവി തോമസ് മാഷിനെ മലർത്തിയടിക്കുവാൻ കൊണ്ടുവന്ന സിന്ധു ജോയി സിപിഐഎമ്മിനെ മലർത്തിയടിച്ചു കോൺഗ്രസ്സിൽ ചേർന്നു . ഇന്നിപ്പോൾ കോൺഗ്രസിനെയും മലർത്തിയടിച്ചുകൊണ്ട് സുവിഷേശവുമായി നടക്കുന്നു. എന്തായാലും കേരളത്തില്‍ ബിജെപിയിലേയ്ക്കുള്ള ഈ ചതുരംഗ കളികള്‍ക്ക് തുടക്കം കുറിച്ചത് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന വി വിശ്വനാഥമേനോനായിരുന്നു.

ഇത്രയൊക്കെ ഇവിടെ കഥകൾ എഴുതുവാൻ കാരണമായത് ടോം വടക്കൻ എന്ന പഴന്തുണിയുടെ കാര്യം ഓർത്താണ് . ” കുളിക്കുമ്പോൾ സോപ്പ് കൈയിൽ നിന്നും വീണുപോയാൽ അത് നേരെ ക്ളോസറ്റിലായിരുക്കും വീഴുക” എന്ന് ടോം വടക്കനെ കുറിച്ച് ഒരു പെൺകുട്ടി കമന്റ് ഇട്ടത്‌ വായിച്ചപ്പോൾ തോന്നിയതാ എന്തെങ്കിലും എഴുതണമെന്ന്.

2009 ജനുവരിയിൽ ടോം വടക്കൻ എന്ന വക്താവിന് ദുബായിലേക്ക് വിസ എടുക്കുകയും ഒരു വലിയ പരിപാടിയുടെ ഉത്‌ഘാടകൻ ആക്കുകയും ചെയ്തു . ഇംഗ്ലീഷിൽ നന്നായി സംസാരിക്കും എന്നൊക്കെ കരുതിയാണ് അങ്ങേരെ തന്നെ തിരഞ്ഞെടുത്തത്.

ശശി തരൂർ തിരുവനന്തപുരത്തും ടോം വടക്കൻ തൃശൂരും സോണിയാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ സ്ഥാനാർത്ഥിയാവും എന്നും കേട്ടിരുന്നു . ജയിച്ചാൽ മന്ത്രിയാകുമെന്ന ഉറപ്പിലാണ് അദ്ദേഹത്തെ തന്നെ കൊണ്ടുവരുവാൻ തീരുമാനിച്ചത്.

ദുബായ് എയർപോർട്ടിൽ അദ്ദേഹത്തെ പിടിച്ചുവെക്കുകയും പെട്ടെന്നുതന്നെ റിലീസ് ചെയ്യുകയും ചെയ്തു. അറ്റ്ലാന്റിസ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്.

രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി തൃശൂർ പാർലമെന്റ് സീറ്റ് പോയിട്ട് കോർപ്പറേഷൻ കൗൺസിലർ ആകുവാൻ വരെ യോഗ്യതയില്ലെന്ന് . കേരളത്തിൽ എത്ര നിയമസഭാ സീറ്റ് ഉണ്ടെന്ന് വരെ അറിയാത്ത രാഷ്ട്രീയക്കാരൻ . ശാസ്തമ൦ഗലത്തെ ഇന്ദിരാ ഭവനില്‍ കാലുകുത്താന്‍ സാധിക്കാത്ത കോണ്‍ഗ്രസുകാരന്‍ .

1984 തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയെ അധികാരത്തിൽ കയറ്റിയ റെഡിഫ്യൂഷൻ എന്ന പരസ്യക്കമ്പനിയിലെ കണക്കപ്പിള്ളയായിരുന്നു ഈ മഹാൻ . പിന്നീട് വി ജോർജ്ജിന്റെ കാലുകൾ കഴുകി സോണിയാഗാന്ധിയുടെ ഓഫീസ് കാര്യങ്ങളുമായി കയറിപ്പറ്റി.

പെട്ടെന്നായിരുന്നു എഐസിസി പ്രഖ്യാപിച്ചത് ടോം വടക്കനും രഞ്ജി തോമസും സെക്രട്ടറിമാരായി എന്ന് . അന്നുതന്നെ കേരളത്തിലെ പാവപ്പെട്ട നേതാക്കന്മാർ ഞെട്ടിയിരുന്നു . പക്ഷെ എല്ലാവരും കരുതി ഏതോ ബുദ്ധിജീവികൾ ആണെന്ന്.

അതുകൊണ്ടാരും ബഹളമുണ്ടാക്കിയില്ല . പിന്നീടാണ് ടോം വടക്കൻ ടിവിയിൽ വരുവാൻ തുടങ്ങിയത് . ടിവിയിൽ വന്നില്ലായിരുന്നുവെങ്കിൽ മലയാളം സംസാരിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ തൃശൂർ സീറ്റ് കിട്ടിപ്പോയേനെ.

ടിവിയിൽ മുഖം കാണിച്ചതും മലയാലം സംസാരിച്ചതുമാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ് . ” ഒരു ചായക്കാരൻ മറ്റൊരു ചായക്കാരനെ തേടി പോയി ” എന്ന് കോൺഗ്രസ്സുകാർക്ക് ആശ്വസിക്കാം.

×