1959 -ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേയ്ക്കുള്ള യാത്രാ മധ്യേ തനിക്കൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി ഇഎംഎസ് ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചോദിച്ചു: 'ഇത്രേം ചുരുങ്ങിയ നാൾ കൊണ്ട് ഇത്രയും ആളുകളെ വെറുപ്പിക്കുവാൻ എങ്ങനെ നിങ്ങൾക്ക് കഴിഞ്ഞു എന്ന്'.
ലോകചരിത്രത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത ഒരു കമ്മ്യുണിസ്റ്റ് സർക്കാറിനെതിരെ വിമോചനസമരക്കാലത്ത് നെഹ്‌റു ചോദിച്ച ആ ചോദ്യം ഇന്നിപ്പോൾ കേരളജനത പിണറായി വിജയനോടായി ചോദിക്കുന്നു.
ഇത്രേം വോട്ടുകൾ നൽകി രണ്ടാം തവണ അധികാരമേൽപ്പിച്ച ക്യാപ്റ്റൻ പിണറായി വിജയൻറെ ഭരണത്തിന്റെ അവസാന ആണിക്കല്ല് നിലമ്പൂരിൽ നിന്നും എകെജി സെന്ററിലേക്ക് എത്തുമെന്ന് തന്നെയാണ് കണ്ണൂരിലെ മൂത്ത സഖാക്കന്മാർ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ചിന്നിച്ചിതറിയ ഹിന്ദുത്വം !
ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകൾ ഉണ്ടായിരുന്ന കേരളത്തിൽ ബിജെപിക്ക് വേരോടാതിരുന്നതിന് രണ്ടു കാരണങ്ങൾ ആയിരുന്നു.
കേരളത്തിന്റെ ലീഡറായിരുന്ന കെ കരുണാകരൻ എല്ലാ മാസവും ഒന്നാം തിയതി ഗുരുവായൂർ ദർശനം നടത്തിയിരുന്നത് കൊണ്ട് അന്ന് സവർണ്ണരായ ഹിന്ദുക്കൾ അവരുടെ ആത്മീയ നേതാവായി ലീഡറെ മനസ്സിൽ പ്രതിഷ്ഠിച്ചു.
രണ്ടാമത്തേത് ഒബിസി വിഭാഗത്തിലെ ചില ചാവേറുകൾക്ക് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചോരയോടുള്ള താല്പര്യം കാരണം അവർ കമ്മ്യുണിസ്റ്റ് പാർട്ടിയെ അവരുടെ ബിജെപിയായി മനസ്സിൽ പ്രതിഷ്ഠിച്ചു.
കലക്കലും മീന്‍ പിടുത്തവും !
ഇന്നിപ്പോൾ പൂരം കലക്കുകാർ ഇക്കളികൾ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. 1972 -ൽ നടന്ന തലശ്ശേരി കലാപം മുതൽ 1991 -ലെ പാലക്കാട്ടെ സിറാജുന്നിസ വധത്തോടനുബന്ധിച്ച കലാപവും 1992 -ലെ പൂന്തുറ കലാപവും 1995 -ലെ വിഴിഞ്ഞം കലാപവും 2006 -ലെ തലശ്ശേരി ഫസൽ വധവും 2009 -ലെ ബീമാപ്പള്ളി വെടിവെപ്പും എല്ലാം മുസ്ലിം വോട്ടുകൾ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയക്കളികൾ മാത്രമായിരുന്നു എന്ന് കളിച്ചവർക്ക് നന്നായറിയാം.
പക്ഷെ അന്നൊന്നും പേടിച്ചിട്ട് ആരും അതൊന്നും ഉറക്കെ പറഞ്ഞിരുന്നില്ല . കാലം മാറിയതോടെ യുവാക്കളിൽ ധൈര്യവും ആത്മവിശ്വാസവും കൂടിയതിനാലും സോഷ്യൽ മീഡിയയിലൂടെ എല്ലാം തുറന്നു പറയാവുന്നതിനാലും പൂരം കലക്കൽ പോലുള്ള കലാവിദ്യകൾ ജനത്തിന് അപ്പപ്പോൾ തന്നെ മനസിലാക്കുവാൻ സാധിക്കുന്നു.
സിറാജുന്നിസ എന്ന രക്തസാക്ഷി !
സിറാജുന്നിസ എന്ന പതിനൊന്നുവയസുകാരി പെൺകുട്ടി തന്റെ ബന്ധുവിനോടൊന്നിച്ചു വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കേരളാപോലീസിന്റെ വെടിയേറ്റ് മരിച്ചു.
ആ സംഭവത്തിൽ പോലീസിന്റെ എഫ്‌ഐആർ പ്രകാരം സിറാജുന്നിസ എന്ന പ്രതി മുന്നൂറോളം പേരടങ്ങിയ സംഘത്തോടൊപ്പം അവിടെയുള്ള ബ്രാഹ്മണ കേന്ദ്രം ആക്രമിക്കുവാൻ മുന്നിട്ടിറങ്ങി എന്നായിരുന്നു.
അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു.
വിവാദ ഐപിഎസുകാരന്‍ പിന്നെ സ്വന്തക്കാരനായി
കേരളത്തിലെത്തിയ ഐപിഎസുകാരില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായ പോലിസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. ഈ സമയം പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടിഎം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു.
കലക്ടര്‍മാര്‍ക്ക് പോലീസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വെടിവയ്ക്കാനുള്ള ആക്രോശം വയര്‍ലസിലൂടെ കേട്ട മന്ത്രി കലക്ടറോട് വയര്‍ലസ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട ആക്രോശത്തിന് കെ.ഇ ഇസ്മായില്‍, വിസി കബീര്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍,ആരും എവിടെയും സാക്ഷി പറഞ്ഞില്ല. കൊളക്കാടന്‍ മൂസ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും ഫലമുണ്ടായതുമില്ല.
പഴയ വെറുക്കപ്പെട്ടവന്‍ ഇപ്പോള്‍ ഉപദേശി
ഒരിക്കല്‍ സിപിഎമ്മിന്റെയും പിണറായിയുടേയും ഏറ്റവും വെറുക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ശ്രീവാസ്തവ, പിന്നീട് അതേ മുന്നണിയുടെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകുയും ചെയ്തു.
പിണറായി സര്‍ക്കാരിന് ഏറെ പേരുദോഷം കേള്‍പ്പിച്ച പോലീസ് നിയമഭദഗതിയിലും ശ്രീവാസ്തവയാണ് പ്രതിക്കൂട്ടില്‍. പ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാരക്കേസിനെ തുടര്‍ന്ന് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ നടത്തിയ പ്രസംഗം നിയമസഭ രേഖകളില്‍ ഇപ്പോഴുമുണ്ട്.
രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ ഐജി എന്നാണ് അന്ന് പിണറായി വിജയന്‍ ശ്രീവാസ്തവയെ വിശേഷിപ്പിച്ചത്.
വെടിയുണ്ടകള്‍ പോയ വഴികള്‍ !
പിന്നീടാണ് നാട്ടുകാർക്ക് കാര്യങ്ങൾ പിടികിട്ടിയത്. മുരളി മനോഹർ ജോഷിയുടെ യാത്രക്ക് നേരെ പള്ളിയിൽ നിന്നും ചെരുപ്പേറ് നടത്തിയത് വെളിയിൽ നിന്നും വന്നിറങ്ങിയ കമ്മ്യുണിസ്റ്റ് ഗുണ്ടകളായിരുന്നു എന്നായിരുന്നു ആരോപണം.
പക്ഷെ സത്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിന് മുൻപേ തന്നെ പോലീസിന്റെ എഫ്ഐആറും ജസ്റ്റിസ് യോഹന്നാൻ കമ്മീഷനും അവരുടേതായ വിധികൾ പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു. ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും 'കണ്ടെത്തി'യത്.
ആ റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഇന്നത്തെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മുന്‍ മന്ത്രി കെ.ഇ ഇസ്മായിലും അവരുടെ പാര്‍ടികളുമൊക്കെ ക്രമേണ സിറാജുന്നിസയെ മറന്നു.
പൂന്തുറ കലാപത്തിനു പിന്നില്‍
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ഇടതു പാളയത്തിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗും ഒന്നായതിനു ശേഷം 1991 -ൽ കേരള അസംബ്ലിയിൽ മുസ്ലിം ലീഗിന് 19 സീറ്റുകൾ കിട്ടിയപ്പോൾ ഞെട്ടിയ പാർട്ടികൾ അന്നത്തെ പൂന്തുറയിലെ വിമതനായ യൂത്ത് കോൺഗ്രസ് നേതാവിനെ കൂട്ടുപിടിച്ചുണ്ടാക്കിയ ഒരു കളിയായിരുന്നു പൂന്തുറ കലാപം എന്നൊരു മറുവാദവും നിലവിലുണ്ട്.
ഐഎസ്എസ് എന്ന പാർട്ടിയുണ്ടാക്കി അതിലേക്ക് മദനിയെന്ന നല്ലൊരു പ്രസംഗികനെ മുന്നിൽ നിർത്തി ലീഗിനെതിരെ ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം വിജയിപ്പിക്കുവാൻ അവർ ബാബറിമസ്ജിദ് വിഷയം ആളിക്കത്തിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു രാഷ്ട്രീയ നെറികേടായിരുന്നു പൂന്തുറ കലാപം.
ആന്‍റണിയെ ലക്ഷ്യം വച്ച് വിഴിഞ്ഞം
ലീഡർ കെ കരുണാകരൻ രാജിവെച്ച ഒഴിവിൽ കേന്ദ്രത്തിൽ നിന്നും കെട്ടിയിറക്കിയ എകെ ആന്റണിയെ വിജയിപ്പിച്ചെടുക്കുവാൻ ഒരു ക്രിസ്ത്യൻ വോട്ട് പോലും ഇല്ലാത്ത തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചപ്പോൾ എകെ ആന്റണിക്കെതിരെ മുസ്ലിം സമുദായം വോട്ടു ചെയുന്നതിനായി മറുചേരി ഉണ്ടാക്കിയെടുത്ത കലാപമായിരുന്നു വിഴിഞ്ഞത്തേത്.
1995 മെയ് 14 ന് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട 500 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾ മുസ്ലീം ഭാഗത്ത് ഇറങ്ങിയപ്പോൾ കലാപം പൊട്ടിപ്പുറപ്പെട്ടു, കുടിലുകൾക്ക് തീയിടുകയും തീരത്ത് നിരത്തിയിട്ടിരുന്ന ബോട്ടുകൾ നശിപ്പിക്കുകയും ചെയ്തു. മൗലക്കണ്ണായിരുന്നു ലക്ഷ്യം.
ജനക്കൂട്ടം മൗലക്കണ്ണിനെയും പിതാവ് അബ്ദുൾ ഹമീദിനെയും കനത്ത തടികൊണ്ടുള്ള തുഴ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി മുസ്ലീം സമുദായം അഞ്ച് ക്രിസ്ത്യാനികളെ ബലമായി കടലിൽ മുക്കി കൊന്നത്രെ.
കലാപം കഴിഞ്ഞു ആറുനാൾക്ക് ശേഷം മെയ് 20 നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത് എന്നതാണ് ഏറ്റവും വലിയ പ്ലാനിങ്ങായി നാം കാണേണ്ടത്.
ഫസല്‍ ആരുടെ രക്തസാക്ഷി ?
1972 തലശ്ശേരി കലാപത്തോടെ കയ്യിൽ കിട്ടിയ മുസ്ലിം വോട്ടുകൾ ഓരോരോ തിരഞ്ഞെടുപ്പുകളിലും ചോരുന്നതായി മനസിലാക്കിയ എതിര്‍ പാർട്ടിക്കാര്‍ക്ക് ചോർച്ച തപ്പുന്നതിനിടയിൽ ഫസൽ എന്ന ചെറുപ്പക്കാരന്റെ എൻഡിഎഫിലേക്കുള്ള കാലുമാറ്റം ശ്രദ്ധയിൽ പെട്ടു.
ഫസലിന്റെ വീടിരിക്കുന്ന ഭാഗത്തെ ആയിരക്കണക്കിന് മുസ്ലിം വോട്ടുകൾ പാർട്ടിക്ക് കിട്ടിയില്ല എന്ന് മനസ്സിലാക്കിയ എതിരാളികള്‍ ഇനിയും ഫസലുമാർ കണ്ണൂരിൽ നിന്നും കൊഴിഞ്ഞുപോകാതിരിക്കുവാൻ മെനഞ്ഞെടുത്ത ഒരു കൊലപാതകമായിരുന്നു ഫസലിന്റേത്.
ഫസലിനെ വധിച്ചുകൊണ്ട് ആ ഷർട്ട് ബിജെപി ആസ്ഥാനത്ത് കൊണ്ടിടുകയും ചെയ്തു. ബിജെപി നേതൃത്വം ഫസലിന്റെ ഭാര്യയെക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
അങ്ങനെ സുകുമാരൻ എന്ന സിഐ ആദ്യം അന്വേഷിച്ച കേസിൽ സിബിഐ കാരായി സഹോദരങ്ങളെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു.
സിഐ സുകുമാരനും കാരായിമാരും
പെൻഷൻ തടഞ്ഞുവെച്ചും, ബലാൽസംഘം ആരോപിച്ചും സിഐ സുകുമാരന്റെ ജീവിതം കോഞ്ഞാട്ടയാക്കിയ പാര്‍ട്ടിക്കാർ ആ കൊലപാതകത്തിൽ നിന്നും കാരായി സഹോദരന്മാരെ രക്ഷപ്പെടുത്തുവാൻ വേറെ അഞ്ചു പേരെ കൂടി കുരുതി കൊടുത്തു.
ഒരു പാര്‍ട്ടി അനുഭാവിയോട് അഞ്ചുലക്ഷം ഓഫർ ചെയ്തുകൊണ്ട് ആർഎസ്എസ് കാരനാകുവാൻ ആവശ്യപ്പെടുകയും കൊലപാതകം ഏറ്റെടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു, ആ പാവം അക്കാര്യം ചെയ്യില്ല എന്ന് പറഞ്ഞതേ ഓർമ്മയുള്ളൂ.
രണ്ടു നാൾ കഴിഞ്ഞപ്പോൾ ആ പാവത്തിന്റെയും അവനോട് അക്കാര്യം പറയുവാൻ ഏൽപ്പിച്ചവന്റെയും മൃതശരീരങ്ങൾ തീവണ്ടി തട്ടിയ നിലയിൽ കാണപ്പെട്ടു. സുകുമാരൻ സർക്കിൾ ഇന്ന് നിവൃത്തിയില്ലാതെ പിടിച്ചുനിൽക്കുവാൻ ബിജെപിക്ക് അടിയറവ് പറഞ്ഞു.
ഒരു തോല്‍വിക്ക് മറുപടി കലാപം ?
2004 -ൽ 20 -ൽ 18 ലോക്സഭാ സീറ്റുകളുമായി ചരിത്രത്തിലാദ്യമായി ലോക്സഭയെ ഞെട്ടിച്ച കമ്മ്യുണിസ്റ്റ് പാർട്ടികൾ 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ അബ്ദുൽ നാസർ മദനിയുടെ കൂടെ സ്റ്റേജ് പങ്കുവെച്ചും പിപി മുകുന്ദന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിട്ടും 16 സീറ്റുകളിൽ തോറ്റമ്പിയപ്പോൾ വോട്ടെണ്ണുന്ന ദിവസം രൂപം കൊണ്ട കലാപമായിരുന്നു ബീമാപ്പള്ളിയിലേത് എന്നാണ് മറ്റൊരാരോപണം.
ഈ ഇന്ത്യയിൽ ലവ് ജിഹാദ് എന്ന ആശയം ഉത്ഭവിച്ചത് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടികളിൽ നിന്ന് മാത്രമാണ്. അക്കാര്യം ഏറ്റവും കൂടുതൽ പ്രസംഗിച്ചു നടന്നത് സഖാവ് വിഎസ് അച്യുതാനന്ദൻ ആയിരുന്നു.
അതിൽ നിന്നുമാണ് സംഘപരിവാർ ആ ആശയം ഇന്ത്യയൊട്ടുക്ക് വ്യാപിപ്പിച്ചത്. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പിയടിച്ചു ജയിച്ചു എന്ന് പറഞ്ഞവർ തന്നെ പിന്നീട് വയനാട്ടിലെ ലീഗിന്റെ കൊടി പാകിസ്ഥാൻ കൊടിയാക്കി വടക്കേ ഇന്ത്യയിലെ സംഘപരിവാറുകാർക്ക് എറിഞ്ഞു കൊടുത്തു.
രാഷ്ട്രീയമായി എന്ത് വിവാദം കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വന്നാലും അപ്പോൾ തന്നെ ഇറാഖിലേക്കും സിറിയയിലേക്കും ഐഎസ് ഐഎസ് റിക്രൂട്ട്മെന്റ് എന്നൊക്കെ പറഞ്ഞുകൊണ്ട് ശ്രദ്ധ തിരിച്ചുവിടും.
കണ്‍കെട്ട് വിദ്യകള്‍ പൊളിയുമ്പോള്‍
ഇക്കളികൾ എല്ലാം ജനങ്ങൾക്ക് മനസിലായി തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ
കാഫിർ കളികൾ ഏൽക്കാതെ ഒരു ലക്ഷവും ഒന്നര ലക്ഷവും രണ്ടു ലക്ഷവും വോട്ടുകൾക്ക് മൂക്കും കുത്തി വീഴേണ്ടി വന്നത്.
ഇനിയൊരു രാഷ്ട്രീയ ഭാവി ഇല്ലെന്നു മനസിലാക്കുന്ന അൻവർ - ജലീൽ - റസാഖുമാർ ഇപ്പോൾ ഇടവും വലവും നോക്കാതെ പിണറായി വിജയനെ നിർത്തി പൊരിക്കുമ്പോൾ ശശിമാരായ കണ്ണൂരിലെ സീനിയർ സഖാക്കൾ അവരുടെ ശത്രുവായ ശശിക്കെതിരെ നീങ്ങുന്നു.
ഐസ്ക്രീം കേസ് മുക്കിയ സംസ്ഥാന കമ്മിറ്റിയംഗം പൂരം കലക്കുവാനും കേസുകൾ മുക്കുവാനും സ്വർണ്ണം കടത്തുവാനും കടത്തിയവരെ കടത്തുവാനും സഹായിക്കുന്നു എന്നൊക്കെയാണ് ഇന്നത്തെ കേരളത്തില്‍ അന്‍വറും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
എൽഡിഫ് വരും എല്ലാം ശരിയാകും ഉറപ്പാണ് എൽഡിഫ് എന്നൊക്കെ കേട്ടുകൊണ്ട് കിറ്റിൽ വീണ മലയാളിക്ക് നല്ല നമസ്കാരം
ലോറൻസിന്റെ ശവസംസ്കാര ചടങ്ങിൽ നിന്നും സഖാവ് ദാസനും ക്യാപ്റ്റനെ ഓർത്തു നാണക്കേടുകൊണ്ട് സഖാവ് വിജയനും