Advertisment

അടച്ചുപൂട്ടലല്ല വേണ്ടത്, ശീലങ്ങൾ മാറ്റുന്നതാണ് ശ്രദ്ധിക്കേണ്ടത് ! കതകടച്ചിരുന്നാൽ മറ്റ് സാധ്യതകളുടെ വാതായനങ്ങൾ കൂടി അടയും. തീവ്രതയ്ക്കനുസരിച്ച് സ്വന്തം വീടുകളിൽ തുടങ്ങി ഗുരുതരമെങ്കിൽ മാത്രം മെഡിക്കൽ കോളേജുകളിലേയ്ക്ക് രോഗികളെ മാറ്റുന്നതും പരീക്ഷിക്കണം 

New Update

publive-image

Advertisment

കോവിഡിനെ പ്രതിരോധിക്കാൻ അടച്ചു പൂട്ടലും ഒളിച്ചിരിക്കലും എത്രത്തോളം പ്രയോഗികമാണെന്ന കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് തോന്നുന്നു.

അനവസരത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ രാജ്യത്ത് കോവിഡിനേക്കാൾ വലിയ ദുരന്തമായിരുന്നെന്ന് സർക്കാരുകൾക്ക് മനസിലായിട്ടില്ലെങ്കിലും ജനത്തിനത് ബോധ്യമായിട്ടുണ്ട്. അത് ആവർത്തിക്കാൻ ആലോചിക്കുമ്പോൾ നാട്ടിലെ പൊതുവായ സാഹചര്യങ്ങൾ വിലയിരുത്താൻ അധികാരികൾക്ക് കഴിയണം.

കൊറോണ വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യങ്ങളിലേയ്ക്കാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. സമ്പർക്കം വഴിയും സാമൂഹ്യവ്യാപനം വഴിയുമുള്ള രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.

വ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്താനാകാത്ത കേസുകൾ നിരവധിയാണ്.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ പ്രതിരോധ ദൗത്യങ്ങളിൽ മാന്ദ്യമോ പാളിച്ചകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. എത്രത്തോളം ജാഗ്രത ആകാമോ അതൊക്കെ വേണം.

അതേസമയം അടച്ചു പൂട്ടിയിരുന്നും കതകടച്ചിരുന്നും കൊറോണയെ എത്രത്തോളം പ്രതിരോധിക്കാൻ കഴിയും എന്ന് സംശയമാണ്. പകരം രോഗവാഹകരെ തടയുകയാണ് വേണ്ടത്.

നമ്മുടെ ശീലങ്ങൾ മാറിയിരിക്കുന്നു. മാസ്ക്, കൈകഴുകൽ , സാമൂഹ്യ അകലം എന്നീ കാര്യങ്ങളിൽ സർക്കാരിനുപോലും വീഴ്ച്ച പറ്റിയ സംഭവങ്ങൾ അരങ്ങേറി. എന്ത് പ്രവേശന പരീക്ഷയുടെ പേരിലായാലും സാമൂഹിക അകലം പാലിക്കാത്ത സാഹചര്യം അനുവദിക്കരുത്.

മറ്റൊന്ന് രോഗികളുടെ കാര്യമാണ് . കൊറോണയുടെ പേരിൽ അനാവശ്യ ഭീതി പരത്താൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. അവരുടെ താല്പര്യങ്ങൾ മറ്റു പലതുമാകാം.

ഒരാളിൽ കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞാൽ രോഗത്തിന്റെ തീവ്രത അനുസരിച്ച് അവരെ കൈകാര്യം ചെയ്യേണ്ട രീതിയും മാറേണ്ടിയിരിക്കുന്നു.

യാതൊരു ലക്ഷണവുമില്ലാതെ രോഗം സ്ഥിരീകരിച്ചവരെ പോലും ദിവസങ്ങളോളം സർക്കാർ ആശുപത്രികളിലെ കോവിഡ് വാർഡുകളിൽ പാർപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. ഇക്കാര്യത്തിൽ കൊറോണയെ അതിജീവിച്ച മറ്റ് വിദേശ രാജ്യങ്ങളിലെ മാതൃക നമുക്കും പിന്തുടരാവുന്നതാണ്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത രോഗികൾക്ക് സാഹചര്യങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ സുരക്ഷിതമായി കഴിയാൻ അനുവാദം നൽകുന്നത് പരിഗണിക്കണം. ഇവർക്ക് ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള നിരന്തര ജാഗ്രതയും ഉപദേശ നിർദേശങ്ങളും ഉറപ്പാക്കണം.

ആരോഗ്യ പ്രശ്നങ്ങൾ  ചെറിയ തോതിലാണെങ്കിൽ അവർക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഒരുക്കുന്ന കാര്യവും പരിഗണിക്കണം. അതേസമയം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികൾക്ക് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ കോവിഡ് വാർഡുകളിൽ വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയും ചെയ്യണം.

പകരം തീവ്ര ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ കൂടി സർക്കാർ കോവിഡ് വാർഡുകളിൽ പ്രവേശിപ്പിക്കുന്നതിലൂടെ അർഹരായ ഗുരുതര രോഗികൾക്ക് ശ്രദ്ധ കിട്ടാൻ വൈകുന്ന സാഹചര്യം ഉണ്ടാകാതെയും സൂക്ഷിക്കണം .

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തുടക്കം മുതൽ തന്നെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെ സുരക്ഷിതമായി വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാറുണ്ട്.

ഇത്തരം ആഗോള സാഹചര്യങ്ങൾ കേരളവും വിലയിരുത്തിയാൽ കോവിഡിനൊപ്പമുള്ള ബാക്കി കാലങ്ങൾ നമുക്കും അനായാസേന അതിജീവിക്കാനാകും.

corona spread
Advertisment