Advertisment

അമ്മമാരെ വെള്ളപൂശാന്‍ ആഗോള അവാര്‍ഡ് മേള ! സമരം പൊളിക്കാന്‍ വെള്ളം ചീറ്റല്‍ ! സ്വര്‍ണക്കടത്തും മയക്കുമരുന്നും മറയ്ക്കാന്‍ അറസ്റ്റ് പരമ്പര ! പഴയ ശത്രുക്കളുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ കള്ളത്തരങ്ങള്‍ ഒന്നൊന്നായ് പുറംലോകത്തേയ്ക്ക് ! കേരളത്തിലിപ്പോള്‍ നടക്കുന്നത് യഥാര്‍ത്ഥ അയ്യപ്പനും കോശിയും കളിതന്നെ - ദാസനും വിജയനും എഴുതുന്നു...

New Update

publive-image

Advertisment

പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കിടയിൽ കേരളത്തിലെ പൊതുവായ രാഷ്ട്രീയ ചിത്രം നോക്കിയാൽ പഴയ ഐവി ശശി ടി ദാമോദരൻ സിനിമകളുടെ ഓർമ്മവരും.

ഈനാട് ഇനിയെങ്കിലും ഉണരൂ എന്നീ സിനിമകൾ പോലെ ആകെക്കൂടി കൂട്ടി കുഴഞ്ഞുകിടക്കുന്ന ഈ അവസ്ഥയിൽ ഏറെ ദുഃഖിച്ചത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കുറെ സ്ഥാനാർത്ഥികളാണ്.

അണികളിൽ ആവേശം ഉണർത്തുന്ന ടീച്ചറമ്മയുടെ അവാർഡുകൾ വാർത്തകളിൽ വരുമ്പോഴാണ് ജനം ബഹുമാനിക്കുന്ന സ്പീക്കറുടെ റിവേഴ്സ് ഹവാല വാർത്തകൾ ചാനലിൽ നിറയുന്നത്. കഴിഞ്ഞ വർഷമൊക്കെ ടീച്ചറമ്മയുടെ അവാർഡുകൾ യുഎൻ, അല്ലെങ്കിൽ മറ്റേതെങ്കിലും മീഡിയയിൽ വന്നാൽ കേരളത്തിലെ സാധാരണക്കാരായ ഒട്ടുമിക്കവരുടെയും പ്രൊഫൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമായിരുന്നു.

അവാർഡ് തന്നെ വേണമെന്നില്ല യുഎൻ ഒരു ഓൺലൈൻ മീറ്റിംഗിൽ അതിഥിയായി ടീച്ചറമ്മയെ ക്ഷണിച്ചാലും അതൊക്കെ വാർത്തകളായി മാറിയിരുന്നു.

ആഗോള 'അവാര്‍ഡ്' മേള !

കേരളത്തിൽ പ്രേക്ഷകരിൽ വേരുറപ്പിക്കുവാൻ തത്രപ്പാട് കാണിക്കുന്ന സിഎൻഎൻ, ബിബിസി പോലുള്ള ചാനലുകാർ ടിവി ചർച്ചക്ക് ക്ഷണിച്ചാലും അതിനെ ഭയങ്കരമായ ഒരു അംഗീകാരമാക്കി മാറ്റി ടീച്ചറമ്മയെ വാനോളം പുകഴ്ത്തുമ്പോൾ ഒരു പരിധിവരെ സ്വർണ്ണ ക്കടത്ത് വാർത്തകളിൽ നിന്നും തത്കാലത്തേക്കെങ്കിലും മാറി നിൽക്കുകയായിരുന്നു.

പിന്നീട് കോവിഡ് ആദ്യമായി കേരളത്തിൽ പത്തനംതിട്ട വഴി കാലുകുത്തുമ്പോൾ ടീച്ചറമ്മ ജനങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനമായി നിറഞ്ഞുനിന്നു.

ഇത് ഒരു ജനകീയ വാർത്താസമ്മേളനമായി മാറിയപ്പോൾ അസൂയപൂണ്ട ചില നിക്ഷിപ്ത താൽപര്യക്കാർ അതിനെ ഹൈജാക്ക് ചെയ്യുകയായിരുന്നു.

പിന്നീട് ആ വാർത്താവായനയിൽ നിന്നും ഓടി രക്ഷപെടുവാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പ്രയോഗിക്കേണ്ടിവന്നു.

സമരവും വെള്ളം ചീറ്റലും !

ഈ സ്വർണ്ണക്കടത്തും കൊക്കൈൻ വ്യാപാരവും ഊരാളുങ്കലും ഈന്തപ്പഴവുമൊക്കെ കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കേണ്ടിയിരുന്ന സമയത്താണ് കോവിഡ് പ്രോട്ടോക്കോൾ എന്ന ആയുധം വെച്ച് പ്രതിപക്ഷത്തിന്റെ സമരങ്ങളെ വെള്ളം ചീറ്റി ഇല്ലാതാക്കിയത്.

ആ സമയത്താണ് ഒരു മാഗസിന്റെ പുറം ചട്ടയിൽ ടീച്ചറമ്മയെ കാണിച്ചു എന്നത് കേരളം ആഘോഷിച്ചത്. ഇന്റർനാഷണൽ ലെവലിൽ മാഗസിനുകളും ചാനലുകളും വംശനാശ ഭീഷണി നേരിടുമ്പോൾ പിആർ കമ്പനികളാണ് അവരെയൊക്കെ പിടിച്ചുനിർത്തിക്കുന്നത്.

അഞ്ചുലക്ഷം ഇന്ത്യൻ രൂപ ചിലവാക്കിയാൽ കേരളത്തിൽ ഏതു മരങ്കോടനും ഫോബ്സിന്റെയും വോഗിന്റെയും മുഖചിത്രത്തിൽ വരാമെന്നുള്ളത് തെളിയിക്കുവാൻ തയാറാണ്. അവരൊക്കെ പണിക്കാർക്ക് ശമ്പളം കൊടുക്കുന്നത് ഈ വക പിആർ കളികളിലൂടെ മാത്രമാണ്.

അവാര്‍ഡ് പോലും ? നാണമില്ലല്ലോ സഖാവേ…

അതിന്നിടയിൽ ആസ്ട്രേലിയയിൽ ഏതോ കെട്ടിടത്തിന്റെ പരസ്യപ്പലകയിൽ കേരളത്തിന്റെ നേതാവിന്റെ ചിത്രം വന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് കുറെ പേര് സോഷ്യൽ മീഡിയയിൽ അർമ്മാദിച്ചു.

പിന്നീടാണ് മനസിലായത് ഏതോ ഒരു ഡിസൈനർ കഞ്ചാവടിച്ചു ചുമ്മാ അഡോബ് ഫോട്ടോഷോപ്പിൽ കളിച്ച കളിയാണെന്ന്.

കഴിഞ്ഞ കാലങ്ങളിൽ ഈ വക മാഗസിനുകളും ചാനലുകളും അമേരിക്കയും യൂറോപ്പും ആസ്ട്രേലിയയുമൊക്കെ കുത്തകമുതലാളിമാരുടെ സങ്കേതങ്ങളാണ് എന്ന് മുറവിളി കൂട്ടിയവരാണ് ഇന്നിപ്പോൾ ഈ വക പെയ്ഡ് അവാർഡുകൾക്ക് പിന്നാലെ പോകുന്നത് എന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

പ്രൈസ് വാട്ടർ കൂപ്പർ ഹൗസും അങ്ങനെയുള്ള ഓരോരോ കൺസൾട്ടൻസി കമ്പനികളുടെയും പണി തന്നെ ഇങ്ങനെയുള്ള പ്രാഞ്ചിയേട്ടൻ കളികളാണ്.

കാശുണ്ടോ…  ഒരവാര്‍ഡ് എടുക്കാന്‍ ?

ഒരു മില്യൺ ഡോളർ ചിലവാക്കിയാൽ ആഫ്രിക്കക്കടുത്തുള്ള ഒരു ചെറിയ രാജ്യത്തിൻറെ പ്രസിഡണ്ടായി ഒരു ദിവസം ജീവിക്കാം. ഒരു ലക്ഷം ഡോളർ ചിലവാക്കിയാൽ സൈപ്രസ് പോലത്തെ രാജ്യങ്ങളിൽ ഡിപ്ലോമാറ്റ് പാസ്പോർട്ട് കിട്ടും.

അഞ്ഞൂറ് ഡോളർ ചിലവാക്കിയാൽ ഡോക്ടറേറ്റ് കിട്ടാം. അമ്പത് ഡോളർ ചിലവാക്കിയാൽ ലണ്ടനിൽ ഒരു സ്ക്വയർ ഫീറ്റ് സ്ഥലവും 'സർ' എന്ന ബഹുമതിയും ലഭിക്കും.

അവാർഡുകൾ, ഇതുപോലെ സർട്ടിഫിക്കറ്റുകൾ, ക്വാളിറ്റി സർട്ടിഫിക്കറ്റുകൾ എന്തും ഓൺലൈൻ വിപണിയിൽ ലഭ്യമാണ്. ഒറിജിനൽ അച്ഛനെയും അമ്മയെയും അല്ലാതെ വേറെ എന്തും പണംകൊണ്ട് വാങ്ങുവാനാകുന്ന ഈ കാലഘട്ടത്തിൽ ഇനിയെങ്കിലും ഈ വക കളികൾ ടീച്ചറമ്മയുടെ പിആർ കമ്പനിക്കാരോ മക്കളോ ആരെന്നറിയില്ല, അവരിത് നിർത്തണം.

ഈ ആഴ്ച ലോകത്തെ അമ്പത് വനിതകളിൽ ഒരാളാക്കി ടീച്ചറമ്മയെ മാറ്റിയത് വായിച്ചു. പക്ഷെ എല്ലാം എല്ലാവരും മനസിലാക്കിയത് കൊണ്ടാണെന്നു തോന്നുന്നു ആരും അധികം ഷെയർ ചെയ്തതായി കണ്ടില്ല. അവസാനം അതും ചീറ്റി !!

വെട്ട്… കുത്ത്… കഞ്ചാവ്… കൈക്കൂലി… കടുംവെട്ട്

ജനങ്ങൾ ഏറ്റവും അധികം വിശ്വാസമർപ്പിച്ചുകൊണ്ട് അധികാരം ഏൽപ്പിച്ച ഒരു ഭരണകൂടം . വെട്ടും കുത്തും കൊലകളും ഒക്കെ ഉണ്ടാകുമെങ്കിലും അഴിമതി ഒരിക്കലും ഉണ്ടാകില്ലെന്നാണ് കരുതിയത്.

ഇന്നിപ്പോൾ സെക്രട്ടറിയേറ്റിലെ കക്കൂസിൽ തുടക്കാൻ ഉപയോഗിക്കുന്ന പേപ്പറിൽ പോലും കമ്മീഷൻ അടിച്ചു എന്ന് കേൾക്കുമ്പോഴും എവിടെയൊക്കെ കയ്യിട്ട് വാരാം എന്നതിൽ ഓരോരുത്തരും മത്സരിക്കുകയായിരുന്നു എന്നത് അറിയുമ്പോഴും 1996 ഭരണം ഓർമ്മയിൽ വരുന്നു .

അന്നത്തെ മുഖ്യൻ കോമഡികളുമായി മുന്നോട്ട് നീങ്ങുന്നതിന്നിടക്ക് കണ്ണൂരുകാരൻ സെക്രട്ടറിയും മന്ത്രിമാരും ചേർന്നുകൊണ്ട് കേരളത്തിൽ കടും വെട്ടുകൾ വെട്ടുകയായിരുന്നു.

2001 തിരഞ്ഞെടുപ്പിൽ അവരിൽ പലരെയും പാർട്ടി സീറ്റുകൾ കൊടുക്കാതെ മാറ്റിനിർത്തിയെങ്കിലും പിന്നീട് വന്ന പുണ്യാളൻ മുഖ്യമന്ത്രി ഇവരെയൊക്കെ വെറുതെ വിടുകയായിരുന്നു.

രാഷ്ട്രീയക്കാർ തമ്മിൽ തമ്മിൽ സ്വന്തം പല്ലുകൾ കുത്തി മണപ്പിച്ചാൽ ജനം അവരെ തെരുവിൽ കല്ലെറിയും എന്നാണ് പുണ്യാളൻ അഴിമതികൾ കാണിച്ചുകൊടുത്ത പിറവം കാരന്‍ ടിഎം ജേക്കബിനെ ഉപദേശിച്ചത്.

നമ്മള്‍ കോംപ്രമൈസ് !!

ഇക്കഴിഞ്ഞ ഭരണകാലത്തും കുറെയധികം കേസുകളിൽ അന്നത്തെ പ്രതിപക്ഷത്തെ പൂട്ടുവാൻ സാധിക്കുമായിരുന്നെങ്കിലും 'കു.കു.കു' കൂട്ടുകെട്ട് ഒരു കോമ്പ്രമൈസ് ഭരണമാണ് കാഴ്ചവെച്ചിരുന്നത്.

അതിന്റെ ശിക്ഷ ഇന്നിപ്പോൾ 'കു.കു.കു' കൂട്ടുകെട്ടിന് പലതരത്തിൽ കോഴയുടെ പേരിലും സോളാറിന്റെ പേരിലും ഇന്നിപ്പോൾ രണ്ടു എംഎൽഎ മാരുടെ അറസ്റ്റ് പോലെയും കിട്ടിയപ്പോൾ ഇപ്പോഴും വ്യക്തി ബന്ധങ്ങളാൽ പലരും ഈ ഭരണത്തിലെ പലരെയും സംരക്ഷിക്കുന്നു .

പ്രായമുള്ള മക്കൾ ഉണ്ടെന്ന വിഷമത്താൽ ഭരണത്തിലെ ഒരു ഉന്നതന്റെ സ്വർണ്ണക്കടത്തും റിസോർട്ട് സന്ദർശനവും മൂടിവെച്ചിട്ടുള്ള നേതാക്കന്മാർ ഇപ്പോഴും ഉണ്ട്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നോണം വിജിലൻസ് അന്വേഷണം വേണ്ടെന്നു വെക്കുന്ന അവസ്ഥയും നമ്മുക്ക് മനസ്സിലാക്കാം.

ഡിപ്ലോമാറ്റ് കടത്തു വീരന്‍ !

മറ്റൊരു മന്ത്രിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ഉന്നത മത മേലധ്യക്ഷന്മാർ ഇടപെട്ടുകൊണ്ട് മുക്കി കളയുമ്പോൾ ഇവിടെ വളർന്നുവന്നത് കേരളം കണ്ട ഏറ്റവും വലിയ അധോലോക കള്ളക്കടത്തുകളാണ്.

ഡിപ്ലോമാറ്റ് പാസ്പോർട്ടിന്റെ ബലത്തിൽ നൂറുകോടിയോളം രൂപ ഷാർജയിലേക്കെത്തിച്ചുകൊണ്ട് അവിടെ സ്വന്തം സഹോദരന് യൂണിവേഴ്സിറ്റി ഉണ്ടാക്കിക്കൊടുക്കുന്ന ചെറുപ്പക്കാരനായ സുമുഖനായ നേതാവ്.

വിശുദ്ധ ഖുർആനെ കൂട്ടുപിടിച്ചുകൊണ്ടും റമദാനിലെ സകാത്തിനെ കൂട്ടുപിടിച്ചും സ്വർണം കടത്തുന്ന മറ്റൊരു സുമുഖനായ നേതാവ്.

ആ ചിരിയിലുണ്ട് ചതി…

ഇവരുടെയൊക്കെ ചിരികളിൽ തന്നെ തട്ടിപ്പ് ഉണ്ടെന്ന് എതിരാളികൾ പ്രചരിപ്പിച്ചപ്പോഴും പാവപ്പെട്ട വോട്ടർമാർ ഒരിക്കലും അവരെയൊന്നും തെറ്റിദ്ധരിച്ചില്ല. ഇങ്ങനെയൊന്നും ഇതൊക്കെ പിടിക്കപ്പെടും എന്ന് ഒരുത്തനും ഒരു ഊരാളുങ്കനും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അഥവാ പിടിക്കപ്പെട്ടാലും ഇങ്ങനെയൊക്കെ ആകുമെന്നും ഇവർ കരുതിയില്ല. കാരണം രാഷ്ട്രീയ കോംപ്രമൈസ് തന്നെ.

ഇത് അയ്യപ്പനും കോശിയും കളി

ഇപ്പോൾ പിടിക്കപ്പെട്ടത് ശരിക്കും പറഞ്ഞാൽ ചിലരുടെ പഴയ വൈരാഗ്യങ്ങൾ അയ്യപ്പനും കോശിയും സിനിമയിലേതെന്ന പോലെ വെളിയിൽ വന്നപ്പോഴാണ്.

1972 ജനുവരി 2 മുതൽ ജനുവരി 9 വരെ നീണ്ട തലശ്ശേരി കലാപത്തിൽ ഉരുത്തിരിഞ്ഞ ഒരു വൈരാഗ്യം.

അന്നത്തെ കലാപത്തിന് നേതൃത്വം കൊടുത്ത ആളും കലാപത്തെ അടിച്ചമർത്തിയ ജെയിംസ് ബോണ്ട് എന്ന പേരുള്ള ഉദ്യോഗസ്ഥനും തമ്മിലുള്ള വൈരാഗ്യം ഇന്നിപ്പോൾ കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു.

അന്നത്തെ മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കേരള കേഡറിലെ ഒരു യുവ ഐപിഎസ് ഓഫീസർ കലാകാരികൾ ആരാണെന്ന് മനസ്സിലാക്കി പിടിമുറുക്കിയപ്പോൾ അവിടെ കുടുങ്ങിപ്പോയത് പാർട്ടിയുടെ അന്നത്തെ യുവ എംഎൽഎ ആയിരുന്നു.

അന്നത്തെ ആ യുവ എംഎൽഎയും അന്നത്തെ ആ യുവ ഐപിഎസ് ഓഫീസറും തമ്മിലുള്ള വൈരാഗ്യമാണ് ഇന്നിപ്പോൾ ഈ സ്വർണ്ണക്കടത്ത് കേസുകൾ വളരെ സൂക്ഷ്മമായി പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതേ കളികൾ ആണ് ഇക്കൂട്ടർ വെഞ്ഞാറമ്മൂട്ടിലും പയറ്റി നോക്കിയത്. കാലം മാറി എന്നത് ഓർക്കാതെ !!!

പാർട്ടിയിൽ നിന്നും അണികളും എംപിമാരും എംഎൽഎമാരും ഒക്കെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൊഴിഞ്ഞുപോക്ക് തുടങ്ങിയപ്പോൾ അതിന് ഒരു അവസാനം ഉണ്ടാക്കുന്നതിനായും, പാർട്ടിയുടെ സമുന്നത നേതാവിന്റെ ഊരാളുങ്കൽ ബന്ധങ്ങൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള വടകരയിലെ വിമതരെ ഇല്ലായ്മ ചെയ്യന്നതിനും അന്നത്തെ നേതാവിന്റെ ആജ്ഞപ്രകാരം മാഷാ അള്ളാ ഇന്നോവക്കാർ ആ മനുഷ്യനെ 52 വെട്ടുകൾ വെട്ടി വീഴ്ത്തിയപ്പോൾ കേസന്വേഷിക്കുവാൻ അന്നത്തെ ചങ്കൂറ്റമുള്ള ആഭ്യന്തര മന്ത്രി ഒരു ടീമിനെ നിയോഗിച്ചു .

അന്നത്തെ ഭരണക്കാർ ഒറ്റക്കെട്ടായി അന്വേഷണ സംഘത്തെ പിന്തുണച്ചപ്പോൾ മുട്ടക്കോഴിമലയിലെ പാർട്ടി ഗ്രാമം വരെ ഞെട്ടിവിറച്ചു.

കൊയിലാണ്ടിയിലെ ഹൈവേയിൽ സിനിമാസ്റ്റൈലിൽ നേതാക്കന്മാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് ഭീഷണികൾ ഉയർന്നു.

അവരുടെ വീട്ടുകാരെ ഇല്ലായ്മ ചെയ്യുമെന്നുള്ള ഭീഷണികള്‍ ഉയർന്നപ്പോൾ ഡിവൈഎഎസ്‌പി എൻഐഎയിലേക്ക് കൂടുമാറി. അവരിലെ ആ വൈരാഗ്യവും ഇന്നിപ്പോൾ സ്വർണ്ണക്കടത്ത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിൽ സഹായമാകുന്നു.

എങ്കിലും അന്വേഷണ ഉദ്യോഗസ്ഥനും മന്ത്രിയും തമ്മിലുള്ള ഫാറൂഖ് കോളേജിലെ ക്ലസ്സ്മേറ്റ്സ് സ്നേഹം ഇവിടെ ഇല്ലാതിരുന്നാൽ ഇപ്പറഞ്ഞ മടിയിലെ കനമെല്ലാം വെളിയിൽ വരുമെന്ന് ഉറപ്പ്.

'ഉന്നത' മക്കള്‍ ഹരീശ്രീ കുറിച്ചത് ദുബായില്‍ !

മയക്കുമരുന്നിന്റെ വ്യാപാരികൾ ആദ്യം കച്ചവടം തുടങ്ങിയത് ദുബായിലായിരുന്നു. ആ വ്യാപാരങ്ങളിൽ കേരളത്തിലെ കണ്ണൂരിലെ ഒട്ടുമിക്ക നേതാക്കന്മാരുടെയും മക്കൾ നിക്ഷേപിച്ചിരുന്നു.

publive-image

സിനിമയും ബിറ്റ് കോയിനും റെസ്റ്റോറന്റുകളും എല്ലാം മുൻനിരയിൽ കാണിച്ചിരുന്നു എങ്കിലും

മുഖ്യമായ കച്ചവടം ഡാൻസ് ബാറുകളും മദ്യവും മസാജ് സെന്ററുകളും ഒക്കെ ആയിരുന്നു.

പക്ഷെ അപ്പോഴും സ്വർണ്ണക്കടത്ത് അതിന്റെ വഴിയിൽ നടന്നിരുന്നു. സിനിമ നടികളും സെലിബിറ്റികളും മുഖേന സ്വർണ്ണം കടത്തി വിട്ടപ്പോൾ ആദ്യമൊക്കെ പാർട്ണർ മാരായ ആളുകളെ മെല്ലെമെല്ലെ ഒഴിവാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടി.

അങ്ങനെ വന്നപ്പോൾ ഒരു മുൻ പാർട്ണർ ആണ് കസ്റ്റംസിന് എല്ലാ കാര്യങ്ങളും അണുവിട വിടാതെ ഒറ്റുകൊടുത്തത്. അദ്ദേഹമിപ്പോൾ ബംഗളുരുവിൽ ഉണ്ട്. ആ 45 ലക്ഷം അദ്ദേഹത്തിന് കിട്ടിക്കാണും.

ശത്രുക്കള്‍ തലപൊക്കി !

അതുപോലെ ദുബായിൽ വെച്ചുള്ള കച്ചവടങ്ങളിൽ കുറെ പേരുടെ ജീവിതം ഇവർ അമ്മാനമാടി കളിച്ചിട്ടുണ്ട്. ഇവർക്കായി പണം മുടക്കിയ ഒരു സിനിമ നിർമ്മാതാവ് കുടുംബസഹിതം ആത്മഹത്യ ചെയ്തു. ആരും ഒന്നും പറഞ്ഞില്ല.

കുറെ പേരുടെ വീട്ടിലേക്കു പാർട്ടിയുടെ ലോക്കൽ ഗുണ്ടകളെ അയച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതും എല്ലാവരും പേടിച്ചുകൊണ്ട് മറച്ചുവെച്ചു. ഒരു പോലീസുകാരന്റെ കാലിന്റെ ചിരട്ട അടിച്ചുപൊട്ടിച്ചിട്ടുണ്ട്. അദ്ദേഹവും സമയം ആകുവാൻ കാത്തിരുന്നു. മറ്റൊരു പോലീസുകാരന്റെ വീട് പിടിച്ചെടുത്തു. അദ്ദേഹം ഹൃദയം പൊട്ടി മരിച്ചു.

അങ്ങനെ അങ്ങനെ നൂറുകണക്കിന് വൈരാഗ്യങ്ങൾ ഇവർ ഉണ്ടാക്കിയെടുത്തു. കുമരകത്തെ ഒരു റിയൽ എസ്റ്റേറ്റ് ഡീലിൽ കേരളത്തിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ മുതലാളിയെ ഇല്ലാതാക്കി.

ഇവരെല്ലാം തക്കം പാർത്തിരുന്നു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിഴിഞ്ഞത്തെയും മിക്കവാറും ഡീലുകളിൽ ഇവന്മാർ കയ്യിട്ടു വാരി, നിരവധി കച്ചവടക്കാരെ ഇല്ലായ്മ ചെയ്തു.

ശത്രുക്കൾ തക്കം പാർത്തിരുന്നു , ഇന്നിപ്പോൾ അവരെല്ലാം പണി കൊടുത്തുകൊണ്ടിരിക്കുന്നു !!!

രാഷ്ട്രീയത്തിലെ ചില നേതാക്കൻമാരുടെ സ്വകാര്യ ബന്ധങ്ങളുടെ പേരിൽ പലർക്കെതിയുമുള്ള ആരോപണങ്ങളും അന്വേഷങ്ങളും തണുപ്പിച്ചു പൊന്നാനിയും തവനൂരും ഇങ്ങനെയുള്ള ആനുകൂല്യങ്ങൾ നേടിയെടുത്തവർ ആണ്.

പക്ഷെ തടി രക്ഷപ്പെടുവാൻ ഇവർ എതിർചേരിയിലെ എംഎൽഎമാരെ അറസ്റ്റ് ചെയ്തപ്പോഴും ബാറുമുതലാളിയുടെയും ഒരു ബസ്റ്റാന്‍റ് വേശ്യയുടേയും ആരോപണങ്ങളിൽ പലരെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കാര്യങ്ങൾ ഈക്വലൈസ് ചെയ്യുവാന്‍ ശ്രമിക്കുമ്പോഴും ഇവിടെ നഷ്ടപ്പെടുന്നത് ചിലരുടെ മുഖംമൂടികൾ ആണ്.

കൂട്ടുകച്ചവടം പൊളിഞ്ഞപ്പോള്‍ ?

ഡോളർ കടത്തിലും വിദേശയാത്രകളിലും എല്ലാം അന്വേഷണം ആവശ്യപ്പെടുന്നത് ആ കോംപ്രമൈസുകളും അവസാനിച്ചു എന്നതിന്റെ തെളിവാണ്.

ഇപ്പോൾ എല്ലാ തരത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെയും വൈരാഗ്യം ഇവർക്കെതിരെ തിരിയുകയാണ്. അവരിങ്ങനെ പോയാൽ കേരളത്തിലെ കോമ്പ്രമൈസ് രാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിക്കപ്പെട്ടേക്കാം. ഇതിന്റെ ഗുണഭോക്താക്കൾ ജനങ്ങളാണ്.

ഇപ്പോൾ ഈ അധോലോകം കാത്തിരിക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളാണ്. ഈ ഫലങ്ങൾ അനുകൂലമായാൽ ചിലപ്പോൾ കേരളത്തിൽ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാം.

പ്രതിപക്ഷത്തെ നിരവധി നേതാക്കന്മാർ അറസ്റ്റ് ചെയ്യപ്പെട്ടെക്കാം. സ്വണ്ണക്കടത്ത് വിഷയം തന്നെ മാറിമറിഞ്ഞേക്കാം. ചെറുപ്പക്കാർ തെരുവിൽ ഇറങ്ങിയേക്കാം !!

കേരളം കുട്ടിച്ചോറാക്കുന്ന ഈ മദ്യ മയക്കുമരുന്ന് അധോലോക കൊള്ളസംഘത്തെ ഇപ്പോഴെങ്കിലും തിരിച്ചറിയുവാൻ സഹായിച്ച എല്ലാ അന്വേഷണ ഉദ്യോഗസ്ഥൻമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്, തലസ്ഥാനത്തെ ആ വിശ്വനാഥന്‍റെയും കള്ളുകച്ചവടക്കാരന്‍റെയും കയ്യിൽനിന്നും കേരളത്തെ മോചിപ്പിക്കാൻ എല്ലാവരുടെയും സഹായം ആവശ്യപ്പെട്ടുകൊണ്ട്

വിശ്വനാഥന്‍റെ മുൻകാല ഡ്രൈവർ ദാസനും, ശ്രീരാമന്‍റെ ഡ്രൈവർ വിജയനും…

 

 

dasanum vijayanum
Advertisment