Advertisment

ഇവിടെ ഭരണ കൃഷിക്കാര്‍ ഈന്തപ്പഴവും സ്വര്‍ണവും ഡോളറുമൊക്കെ കൃഷിചെയ്ത് മാസാമാസം ദുബായിലെത്തി വിളവെടുപ്പ് നടത്തുമ്പോള്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ അംബാനിയെപ്പോലെയൊരു ഭീമന്‍ വിളകള്‍ക്ക് വില നിശ്ചയിക്കുന്നത് തടയാന്‍ പോര്‍മുഖത്താണ്. കെജരിവാളിന്‍റെ നാകടം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. കര്‍ഷകരുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ദാസനും വിജയനും...

New Update

publive-image

Advertisment

കർഷകസമരം ആളിക്കത്തുകയാണ് !!! സാധാരണ പ്രക്ഷോഭങ്ങൾ പോലെ സുതാര്യമായി കണക്കാക്കിയാൽ ഭരിക്കുന്നവരുടെ അടിവേരുകൾ തോണ്ടുന്ന സമരമായിരിക്കും കർഷകരുടേത്.

ശൈത്യകാലത്ത് വിളവെടുപ്പുകൾ എല്ലാം കഴിഞ്ഞു കർഷകരെല്ലാം ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ ഭരണവർഗ്ഗവും ഭരണവർഗ്ഗത്തെ മൂട് താങ്ങുന്ന ഗോസാമിമാരും പല കിംവദന്തികളും ഇറക്കിവിടുന്നുണ്ട്.

പ്രതിദിനം അഞ്ഞൂറ് രൂപയ്ക്കാണ് കർഷകർ സമരത്തിനായി കൂലി വാങ്ങുന്നതെന്നും പാകിസ്താനിലെ കുറെ കർഷകർ നുഴഞ്ഞുകയറും എന്നൊക്കെയുള്ള അടിസ്ഥാനരഹിതമായ വാർത്തകളാണ് പടച്ചുവിടുന്നത്. അപ്പോഴും കർഷകർ കൂട്ടം കൂട്ടമായി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും ട്രാക്ടറുകളിലും ട്രക്കുകളിലുമായി ഡൽഹിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ് !!!

ഇത് കര്‍ഷകരുടെ സ്വാതന്ത്ര്യ സമരം !

ഇവിടെ സമരം ചെയ്യുന്നത് ചോരനീരാക്കി കൃഷിചെയ്യുന്ന കർഷകർ ആയതുകൊണ്ട് പെട്ടെന്നൊന്നും അവരെ പിന്തിരിപ്പിക്കുക അസാധ്യമാണ്. അവർ വന്നിരിക്കുന്നത് രണ്ടും കൽപ്പിച്ചാണ്.

അല്ലാതെ പാർട്ടി പൊതുയോഗത്തിലേക്ക് ആളെ കൂട്ടുവാൻ ക്വട്ടേഷൻ എടുക്കുന്ന സംഘങ്ങൾ കൊണ്ടുവന്നതല്ല . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അതേ രക്തമാണ് ഇന്നത്തെ ഈ കർഷകസമരത്തിൽ പങ്കെടുക്കുന്നത്.

അവരെ പറ്റിക്കുവാൻ സ്റ്റേഡിയത്തിലേക്ക് സമരം മാറ്റുവാൻ പറഞ്ഞാലോ ചുമ്മാ ചർച്ചകൾക്ക് ക്ഷണിച്ചാലോ സാധ്യമല്ല. കര്‍ഷകബിൽ പിൻവലിക്കാതെ ഭരിക്കുന്നവർ പട്ടാളത്തെ ഇറക്കിയാലും പിൻവാങ്ങുന്ന ആൾക്കൂട്ടമല്ല ഇപ്പോൾ ഡൽഹിയിൽ കൂടിയിരിക്കുന്നത്.

അർണാബ് ഗോസാമിയെപ്പോലെ പോലീസിനെ കാണുമ്പോൾ പേടിച്ചു കരയുന്നവരല്ല അവരെന്ന് ചാനലുകാർ എങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു.

എന്താണ് കര്‍ഷക സമരം ? എന്താണ് ബില്‍ ?

ഇനി എന്താണ് ഈ കർഷക സമരം അല്ലെങ്കിൽ ഈ കർഷക ബിൽ എന്താണെന്ന് അറിയാം.

ചുരുക്കി പറയുകയാണെങ്കിൽ പണ്ടൊക്കെ നമ്മുടെ നാട്ടിലെ കർഷകർ വിളയിക്കുന്ന ഒരു വിള. ഉദ്ദാഹരണമായി പറയുകയാണെങ്കിൽ നമ്മുടെ നാട്ടിലെ തോട്ടണ്ടി, അല്ലെങ്കിൽ റബ്ബർ, ഏലക്കായ, കുരുമുളക് എന്തായാലും നാട്ടിൻ പുറത്തെ ഒരു വ്യാപാരി നിശ്ചിത തുക നൽകി ശേഖരിച്ചുകൊണ്ട് മൊത്തമായി ഒരു ലോഡ് ആക്കി പട്ടണത്തിലെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുക എന്ന പതിവായിരുന്നു.

ഈ നിയമപ്രകാരം ഇടനിലക്കാരനെ ഒഴിവാക്കുന്നു. അപ്പോൾ പിന്നെ പത്തു കിലോ കുരുമുളകുമായി കർഷകൻ പട്ടണത്തിലേക്ക് പോകേണ്ടിവരും. അപ്പോൾ വണ്ടിക്കൂലിയും മറ്റു ചിലവുകളും കൂട്ടി കിഴികുമ്പോൾ പണം പോരാതെ വരും.

അങ്ങനെ കർഷകൻ വിഷമിച്ച് ഇരിക്കുമ്പോൾ ഒരു കുത്തക ഭീമൻ അവർക്കിഷ്ടമുള്ള വിലക്ക് വാങ്ങുവാൻ തയാറാകുന്നു. കര്ഷകന് കിട്ടിയ വിലക്ക് തന്റെ നാണ്യവിളകൾ വിറ്റ് ഒഴിവാക്കേണ്ടി വരും.

അംബാനിയേപ്പോലൊരു ഭീമന്‍ വിലനിശ്ചയിച്ചേക്കും

ഉദ്ദാഹരണമായി വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ കൃഷിവകുപ്പ് കൊക്കോ തൈകൾ വിതരണം ചെയ്തു. അതുപോലെ കൃഷിവകുപ്പ് പാം ഓയിൽ വൃക്ഷങ്ങൾ ഹെക്റ്റർ കണക്കിന് വെച്ച് പിടിപ്പിച്ചു.

അതുപോലെ വാനില കൃഷി വ്യാപകമായിരുന്നു കേരളത്തിൽ. ഇതൊക്കെ ഒരോരോ രാജ്യത്തെയും കർഷകരെ വഞ്ചിക്കുവാൻ അതാത് രാജ്യത്തെ കുത്തക ഭീമന്മാർ കളിച്ച കളികൾ ആയിരുന്നുപോലും.

മഡഗാസ്കറിലെ വാനില കൃഷിക്കാർ സമരം ചെയ്തപ്പോൾ അവരെ പൂട്ടാനാണ് കേരളത്തിൽ വാനില ഇറക്കിയത്. മലേഷ്യയിലെ പാം കർഷകർക്കെതിരെ പാം കൃഷിയും

തെക്കേ അമേരിക്കയിലെ കൊക്കോ കർഷകരെ വെട്ടിലാക്കുവാൻ കൊക്കോ കൃഷിയുമൊക്കെ ആരംഭിച്ചു.

കുത്തകകൾ കൃഷിക്കാരുടെ വിളകൾ വാങ്ങാതെ വരുമ്പോൾ താനേ വില കുറക്കേണ്ടിവരുന്ന അവസ്ഥ. ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഓരോരോ നാണ്യവിളകളുടെയും വില അംബാനിയും അദാനിയും പെട്രോൾ വില നിശ്ചയിക്കുന്ന പോലെ നിശ്ചയിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും.

ഇവിടെ കൃഷി വേറെയാണ് !

കേരളത്തിലെ കർഷകരുടെയും അദ്ധ്വാനവർഗ്ഗത്തിന്റെയും വോട്ട് വാങ്ങുന്നവരും, അവരുടെ പേരും പറഞ്ഞുകൊണ്ട് മുതലക്കണ്ണീർ പൊഴിക്കുന്നവരുമായ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ/ ഭരണകർത്താക്കൾ ഇപ്പോൾ ഈന്തപ്പഴവും സ്വർണ്ണവും ഡോളറും ഒക്കെ കൃഷി ചെയ്തു വിളവെടുപ്പ് നടത്തുന്ന തിരക്കിലാണ്.

publive-image

അവർ കൃഷിയുടെ വിത്തിനായി വർഷത്തിൽ പത്തോളം തവണ വിദേശങ്ങളിലേക്ക് പറക്കുകയാണ്. ആയതിനാൽ കർഷകർ അവരെ ഇനി വിശ്വസിക്കേണ്ട. അവർക്ക് സമയമില്ല.

അവരുടെ മക്കൾ കഞ്ചാവ് കൃഷിയിൽ പണമിറക്കി കളിക്കുകയാണ്. അവരുടെ ബന്ധുക്കൾ കൃഷിഭൂമി നികത്തിക്കൊണ്ട് വിത്തുണക്കാനുള്ള കെട്ടിടങ്ങൾ പണിയുകയാണ്. അവരുടെ അണികൾ സോഷ്യൽ മീഡിയയിൽ ന്യായീകരണ ജോലികളുമായി മുന്നേറുകയാണ്.

പഴയ ഏതോ പാർട്ടി റാലിയുടെ ചുമപ്പൻ കൊടികൾ കർഷക സമരത്തിന് പിന്തുണ കാണിച്ചുകൊണ്ട് പ്രൊഫൈൽ പിക്ചർ ആക്കുന്ന തിരക്കിലാണ്.

കെജരിവാള്‍ ബി ടീം ക്യാപ്റ്റനോ ?

ഡൽഹിയിലെ ബി ടീം മുഖ്യനായ അരവിന്ദ് കെജ്രിവാൾ ഇനിയെന്ത് നാടകം കളിച്ചിട്ടും കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ ബി ടീം ആണെന്നുള്ള വസ്തുത ജനം എന്നേ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.

അങ്ങേരെ വീട്ടു തടങ്കലിലോ നാട്ടു തടങ്കലിലോ ആക്കിയിട്ടും പ്രയോജനം ഒന്നുമില്ല. ആ ചതിയനെ ഒക്കെ കർഷകർ തിരിച്ചറിഞ്ഞു. ഭീം ആർമിയുടെ ലക്ഷ്യവും സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു.

അതുപോലെ പലരും സമരക്കാരിൽ കയറിപ്പറ്റാം. സമരത്തെ വഴിതിരിച്ചുവിടാനുള്ള കളികൾ കളിക്കാം. പക്ഷെ കർഷകസമരത്തിന്റെ ലക്‌ഷ്യം ഒന്ന് മാത്രമായതുകൊണ്ട് പെട്ടെന്നൊന്നും അങ്ങനെ ആർക്കും അവരെ ചതിക്കുവാനാകില്ല.

അവർ നാടിന്റെ സമ്പത്ത് കാത്തുസൂക്ഷിക്കുന്നവരാണ്, നാടിന്റെ വിശപ്പ് മാറ്റുന്നവരാണ്. അല്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും ജനങ്ങളെ രണ്ടായി പിരിച്ചും ജീവിക്കുന്നവരല്ല എന്ന സത്യം ഭരിക്കുന്നവർ മനസ്സിലാക്കുക.

നമ്മുടെ നാടിന്റെ സ്വന്തം കർഷകർ ഇന്നിപ്പോൾ ഡൽഹിയിലെ റോഡുകളിലും തെരുവോരങ്ങളിലും റൊട്ടിയും ഭക്ഷിച്ചുകൊണ്ട് നമ്മുക്ക് വേണ്ടി പടപൊരുതുകയാണ്, അവരെ തോൽപ്പിക്കുവാൻ അത്ര എളുപ്പമല്ല.

കർഷകസമരം വിജയിക്കട്ടെ !!! നന്മയുള്ളവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്,

ഡൽഹിയിൽ കർഷകർക്കായി റൊട്ടി ചുട്ടുകൊണ്ട് ദാസനും ട്രാക്ടർ ഓടിച്ചുകൊണ്ട് വിജയൻ സിങ്ങും

 

 

dasanum vijayanum
Advertisment