Advertisment

കേരളത്തിലെ ഒരു യുവ വ്യവസായിക്ക് അവാർഡ് കൊടുത്തത് കേരളത്തിലെ ഒന്നാമനായ ഒരു വ്യവസായിയും മുഖ്യമന്ത്രിയും ചേർന്നാണ്. ആ ആഴ്ചയിൽതന്നെ ആ ഒന്നാമനായ വ്യവസായി വാടകയിനത്തിൽ കൊടുത്ത ചെക്ക് മടങ്ങി ? കോടീശ്വരന്മാരെ റാങ്ക് അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മാഗസിനിൽ അവാർഡ് കിട്ടുവാൻ ചിലവാക്കേണ്ടത് ഏകദേശം അൻപതിനായിരം ഡോളർ ! ടീച്ചറമ്മയ്ക്ക് അവാര്‍ഡ് കിട്ടും മുന്‍പേ കേരളത്തില്‍ കോവിഡ് പ്രതിരോധം തരിപ്പണമായി ... അവാർഡുകളുടെ ആകെത്തുക - ദാസനും വിജയനും

New Update

publive-image

Advertisment

കേരളത്തിൽ ഈ അവാർഡ് സംസ്കാരം കൊണ്ടുവന്നത് , നമ്മുടെ ഓർമ്മകൾ ശരിയാണെങ്കിൽ പത്മശ്രീ , പത്മവിഭൂഷൺ എന്നിവയിലൂടെ ആണ് . സിനിമ അവാർഡുകൾ നടക്കുമ്പോൾ , അതിപ്പോൾ സംസ്ഥാന അവാർഡായാലും ദേശീയ അവാർഡായാലും വളരെയേറെ വിവാദങ്ങൾ നിലനിന്നിരുന്നു .

പണ്ട് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എംഎസ് സത്യുവായിരുന്നു ജൂറിക്കമ്മറ്റി ചെയർമാൻ .

അടൂരിന്റെ മതിലുകൾക്ക് അവാർഡുകൾ കൊടുക്കാതെ ഒരു വടക്കൻ വീരഗാഥക്കും വടക്കുനോക്കി യന്ത്രത്തിനും അവാർഡുകൾ വാരിക്കോരി കൊടുത്തപ്പോൾ അടൂർ ഗോപാൽജി ഇടഞ്ഞു . ജൂറി ചെയർമാൻ വടക്കുനിന്നുമുള്ള ആളായതുകൊണ്ട് 'വടക്കൻ' വീരഗാഥക്കും , 'വടക്കു 'നോക്കി യന്ത്രത്തിനും അവാർഡുകൾ ലഭിച്ചതെന്നും ' വടക്കേ ' മതിലുകൾ എന്നിട്ടിരുന്നെങ്കില്‍ അടൂരിനും അവാർഡുകൾ കിട്ടിയേനെ !!

പിന്നീട് നമ്മുടെ ഒരു മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡൽഹിയിൽ ഒക്കെ വളരെ പിടിപാടുള്ള സമയത്ത് പത്മശ്രീ ദുബായിലും ഖത്തറിലും സൗദിയിലും കൊച്ചിയിലുമൊക്കെയായി വിറ്റിരുന്നു . അന്ന് പത്തുലക്ഷം രൂപയാണ് പത്മശ്രീക്ക് വിലയിട്ടിരുന്നത് .

എട്ടു ലക്ഷം അവർക്ക് കൊടുക്കണം . ബാക്കി രണ്ട് ഇടനിലക്കാരനും കിട്ടും . നമ്മുടെ സ്വന്തം ഷെട്ടിയും അതുപോലെ പല പകൽമാന്യന്മാരും പത്മശ്രീ വാങ്ങിയത് ആ ദൽഹി മസാലയിൽ നിന്നുമായിരുന്നു എന്നത് കുറച്ചൊക്കെ ആളുകൾക്ക് അറിയാവുന്ന സത്യങ്ങളാണ് . പിന്നീടാണ് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ ഈ നഗ്നസത്യങ്ങൾ മാലോകരോട് വിളിച്ചുപറഞ്ഞത് . അതോടെ എല്ലാം ഒളിച്ചും പാത്തുമായി ഡീലുകൾ .

കോടീശ്വരന്മാരെ റാങ്ക് അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മാഗസിനിൽ അവാർഡ് കിട്ടുവാൻ ചിലവാക്കേണ്ടത് ഏകദേശം അൻപതിനായിരം ഡോളർ മാത്രം. ഒപ്പം അവരുടെ കവർപേജിലും താങ്കളുടെ തിരുമോന്തയും പ്രസിദ്ധീകരിക്കും .

അവർ പറയും താങ്കളാണ് ഏറ്റവും വലിയ കോടീശ്വരൻ , എത്രയാണ് താങ്കളുടെ ആസ്തി എന്നൊക്കെ . ഇതൊക്കെ കാണുമ്പോൾ ശരിക്കുമുള്ള ചില പണക്കാരിൽ ചിലർ ചിരിക്കും.. ചിലർ എങ്ങനെയെങ്കിലും ആ ലിസ്റ്റിൽ കയറി കൂടുവാൻ പണികൾ തുടങ്ങും .

ഗിന്നസ് ബുക്കിൽ ഇടം പിടിക്കണമെങ്കിൽ പതിനായിരം ഡോളർ കൊടുത്താൽ അവർ തന്നെ അതിനായുള്ള കാറ്റഗറികളും സംഭവങ്ങളും നിങ്ങൾക്കായി ഉണ്ടാക്കി തരുമെന്നാണ് പാണന്‍മാര്‍ പാടി നടക്കുന്നതു . ഓസ്കറിൽ മാത്രമാണ് വലിയ അഴിമതികൾ നടക്കാത്തത് എന്നൊക്കെ പറയുമ്പോഴും അതൊക്കെ ചുമ്മാ തട്ടിപ്പാണെന്ന് അത് നടത്തുന്നവർക്ക് അറിയാം .

അതുപോലെ തന്നെയാണ് ഇപ്പോഴത്തെ ഇലക്ഷൻ സർവേകളും പിആർ കളികളും . നമ്മുടെ ടീച്ചറമ്മയുടെ , എന്നുവെച്ചാൽ ആരോഗ്യമന്ത്രിയുടെ ആരോ ദുബായിൽ ഇരുന്നോ ലണ്ടനിൽ ഇരുന്നോ അവർക്കായി ഈ വക അവാർഡുകളും , മാഗസിൻ കവർ പേജുകളും തരപ്പെടുത്തി കൊടുക്കുന്നുണ്ട് എന്നാരെങ്കിലും പറഞ്ഞാൽ ടീച്ചറമ്മക്ക് ചിരിക്കുവാനെ സാധിക്കൂ .

കോവിഡിനുവേണ്ടി ഒരു മണ്ണാങ്കട്ടയും ചെയ്യാത്ത ഒരു ആരോഗ്യമന്ത്രി ഇക്കഴിഞ്ഞ കോവിഡിനെ വിറ്റുകൊണ്ട് ശരിക്കും സോഷ്യൽ മീഡിയയിൽ വിലസിയിരുന്നു . കോവിഡ് എല്ലാം നിയന്ത്രണവിധേയം എന്നൊക്കെ പറഞ്ഞുകൊണ്ട് പാവപ്പട്ട ഗൾഫുകാരുടെ മേൽ അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചപ്പോൾ അങ്ങ് വടക്ക് വാളയാറിലും മഞ്ചേശ്വരത്തും പാറശ്ശാലയിലും ഒരു കൂസലുമില്ലാതെ ആയിരങ്ങൾ കേരളത്തിലേക്ക് പ്രവഹിക്കുകയായിരുന്നു .

എന്നിട്ട് മാസത്തിൽ ഒരു അവാർഡും ഒരു സിഎൻഎൻ ഇന്റർവ്യൂവും ഒരു വോഗ് മാഗസിൻ കവർ പേജിലും . ഈ മാഗസിനൊക്കെ കോവിഡിൽ പൂട്ടാതെ പണിക്കാർക്ക് ശമ്പളം കൊടുത്തത് ആരുടെ പണമായിരുന്നോ ആവോ ?

അതുപോലെ നമ്മുടെ മുതലാളിത്ത വിരുദ്ധ പാര്‍ട്ടി ചാനൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി ഗൾഫിലുടനീളം അവാർഡുകൾ വാരിക്കോരി കൊടുക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു . അതിന്നായി കേരളത്തിന്റെ മുഖ്യമന്ത്രിയും മെഗാസ്റ്റാറും അങ്ങനെ കുറെ മന്ത്രിമാരും പറന്നിറങ്ങി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ചുകൊണ്ട് കുറെ വേദനിക്കുന്ന കോടീശ്വരന്മാരെയും കോടീശ്വരനായി എന്ന് പറയുന്ന കുറെ പ്രാഞ്ചികളെയും ആദരിച്ചിരുന്നു .

അവരിൽ മിക്കവാറും ആളുകൾ ഇന്നിപ്പോൾ ഗൾഫിൽ നിന്നും നാട്ടിലേക്കും നേപ്പാളിലേക്കും കാനഡയിലേക്കും ഒക്കെ മുങ്ങിയിരിക്കുകയാണ്. കുറേപേർ മുങ്ങുവാൻ കുപ്പായം തയ്പ്പിച്ചുകൊണ്ട് ഇരിക്കുന്നു .

കേരളത്തിലെ ഒരു യുവ വ്യവസായി എന്ന് പറയുന്ന ആൾക്ക് അവാർഡ് കൊടുത്തത് കേരളത്തിലെ ഒന്നാമനായ ഒരു വ്യവസായിയും മുഖ്യമന്ത്രിയും ചേർന്നുകൊണ്ടാണ് . ആ ആഴ്ചയിൽ തന്നെ ആ യുവ വ്യവസായി , ഒന്നാമനായ വ്യവസായിക്ക് വാടകയിനത്തിൽ കൊടുത്ത ചെക്ക് മടങ്ങി. ഇതാണ് ഇവിടെ നടക്കുന്ന അവാർഡുകളുടെ ആകെത്തുക .

അതുപോലെ ഒട്ടുമിക്ക ചാനലുകാരുടെയും അവാർഡ് നൈറ്റുകളിൽ അവരുടെ അവാർഡ് വാങ്ങുവാൻ സൂപ്പർസ്റ്റാറുകൾക്ക് അങ്ങോട്ട് പണം കൊടുക്കണം. മാത്രമല്ല ഫസ്റ്റ് ക്‌ളാസ് ടിക്കറ്റും അതുപോലെയുള്ള സൗകര്യങ്ങളും . ഇക്കാര്യത്തിൽ അമീർഖാൻ മാത്രമാണ് ഈ വക കളികൾക്ക് കൂട്ടുനിൽക്കാത്ത മഹാൻ .

ബാക്കിയെല്ലാവരും ഷോ തുടങ്ങുമ്പോൾ മുൻ സീറ്റിൽ വന്നിരുന്നുകൊണ്ട് ഉറക്കം തൂങ്ങും. ഷോയുടെ അവസാനം മാത്രമേ അവർക്കുള്ള അവാർഡുകൾ വിതരണം ചെയുകയും ചെയ്യൂ . അതുവരെ ഇരുന്നാൽ മാത്രമേ കൂലിയും ലഭിക്കുകയുള്ളൂ.

അതിന്റെയിടയിൽ എന്തൊക്കെ കോപ്രായങ്ങൾ കാണിക്കണം , പാട്ടുപാടണം നൃത്തം ചെയ്യണം കൂടാതെ റിമിടോമി പോലുള്ളവരെ പൊക്കിയെടുക്കണം . ദുബായിലെ ഒരു അവാർഡിൽ ദക്ഷിണാമൂർത്തിക്ക് അവാർഡ് കൊടുത്തത് രഞ്ജിനി ഹരിദാസ് , കാലം പോയ ഒരു പോക്ക്..

ഇന്നിപ്പോൾ യുഎഇയിൽ ശക്തമായ അവാർഡുകൾ ഒന്നൊന്നായി വാങ്ങിക്കൂട്ടിയ ഒരു വനിതാ സംരഭക സ്വന്തം നിക്ഷേപകരെ വഞ്ചിച്ചു എന്ന കാരണത്താൽ ദുബായിൽ കേസിൽ അകപ്പെട്ടിരിക്കുകയാണ്. ഒരു ഭാ​ഗത്ത് അവർക്ക് ലഭിച്ച അവാർഡുകൾ വാർത്തയിൽ നിറയുമ്പോൾ മറുഭാ​ഗത്ത് സ്വന്തം സംരഭങ്ങളുടെ പേരിൽ അവർക്കെതിരെയും കേസുകളും കുമിഞ്ഞു കൂടുന്നതാണ് സ്ഥിതി.

അവാർഡുകൾ വാങ്ങിക്കൂട്ടുമ്പോൾ താൻ അതിനൊക്കെ അർഹനാണോ അർഹയാണോ എന്നും മനസ്സാക്ഷികളോട് ചോദിക്കേണ്ടതാണ് .

മുഖ്യമന്ത്രിയും മമ്മുട്ടിയും മന്ത്രിമാരും അവാർഡുകൾ കൊടുക്കുന്ന ചിത്രങ്ങൾ കാണിച്ചുകൊണ്ട് വലിയ വലിയ പ്രോജക്ടുകളിലേക്ക് പണം പിരിച്ചുകൊണ്ട് ഇപ്പോൾ ചക്രശ്വാസം മുട്ടുന്ന നൂറുകണക്കിന് പ്രാഞ്ചിയേട്ടന്മാരും പ്രാഞ്ചിയേട്ടത്തിമാരും വിലസുന്ന ഈ നാട്ടിൽ നമ്മുക്കും കിട്ടണം ഒരു അവാർഡ് , നമുക്കും മുഖ ചിത്രങ്ങളാകണം !!!

എനിക്കും ഒരു അവാർഡ് കിട്ടിയാൽ സന്തോഷമാണെന്ന് അറിയിച്ചുകൊണ്ട് പ്രാഞ്ചി ദാസനും മംഗളത്തിലെങ്കിലും ഒരു മുഖചിത്രം വരുമോ എന്ന ചോദ്യവുമായി മിസ്സിസ് വിജയനും

 

dasanum vijayanum
Advertisment