Advertisment

പിസി ചാക്കോയും കെവി തോമസും പിജെ കുര്യനുമൊക്കെ കാശും തന്ത്രങ്ങളും ഉള്ളവരാണ്. മത്സരിച്ചേ അടങ്ങൂ എങ്കില്‍ ഇടത് കുത്തക മണ്ഡലങ്ങളില്‍ ഇവരെ ഇറക്കി തിരിച്ചു പിടിക്കട്ടെ. പിണറായിക്കെതിരെ ഒരു തുറുപ്പു ഗുലാന്‍ വേണം ? സലിം കുമാറും ഐഎം വിജയനും ധര്‍മ്മജനും തൃശൂരിലെ തീപ്പൊരി കെഎസ്‌യുക്കാരിയുമൊക്കെ പട്ടികയില്‍ ഇടം പിടിക്കണം. ജലീലിനെ പൊളിക്കാന്‍ സിദ്ദിഖ് വരട്ടെ ! സ്വരാജിനെ പിടിച്ചുകെട്ടാന്‍ ബാബുവല്ല, രാജാമണി വേണം - യുഡിഎഫിന് വിജയിച്ചുകയറാന്‍ തന്ത്രങ്ങളിങ്ങനെ - ദാസനും വിജയനും !!

New Update

publive-image

Advertisment

ഒരു കണക്കിന് നോക്കുകയാണെങ്കിൽ ഈ ത്രിതലത്തിൽ തിരഞ്ഞെടുപ്പ് നടന്നത് കേരളത്തിന് ഗുണം ചെയ്യും. കാരണം ലോക്സഭയിൽ കൈപ്പത്തിയിൽ ആഞ്ഞുകുത്തിയ മലയാളി മനസ്സ് പതിവുപോലെ ത്രിതലത്തിൽ അരിവാളിലും അരിവാളിന്റെ സഹോദര ചിഹ്നങ്ങളിലും കുത്തി കേരളത്തിന്റെ പൊതുവായ തിരഞ്ഞെടുപ്പ് ചിന്താഗതികളെ ബലപ്പെടുത്തി.

ഇനി വരുന്ന നിയമസഭയിൽ അവരുടെ മനസ്സ് വീണ്ടും കേരളത്തിന്റെ പൊതുവായ ഭരണമാറ്റം കൊണ്ടുവരും എന്ന കണക്കുകൂട്ടലുകളിലാണ് ഇരു മുന്നണികളും.

ഒരുതവണ കയ്യിൽ കുത്തിയാൽ പിന്നെ അരിവാളിൽ പിന്നെ വീണ്ടും കയ്യിൽ. ഇതാണ് ഇക്കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ കേരളത്തില്‍ കണ്ടുവരുന്ന പരമ്പരാഗത സ്വഭാവ സവിശേഷത !!

കേരളം കണ്ടതിൽ വെച്ചേറ്റവും കൂടുതൽ പണം ഇറക്കി തിരഞ്ഞെടുപ്പിനെ സിപിഎം നേരിട്ടത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ്.

പല പേരുകളിലായി പിരിച്ചതും അല്ലാതെയുള്ള ഫണ്ടുകളും ഓരോരോ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി വക മാറ്റി ചിലവഴിച്ചെങ്കിലും കേരളജനത ലോക്സഭയിലെ തങ്ങളുടെ തീരുമാനം കൈപ്പത്തിയിൽ തന്നെ പതിപ്പിക്കുകയായിരുന്നു.

ഒരു തരത്തിലും പ്രതീക്ഷിക്കാത്ത തോൽവിയാണ് അന്ന് ഇന്നത്തെ ഭരണമുന്നണി നേരിട്ടത്. ആത്മവിശ്വാസത്തോടെയുള്ള സ്ഥാനാർത്ഥിനിർണ്ണയം യുഡിഎഫിന്റെ വിജയം സുനിശ്ചിതമാക്കിയപ്പോൾ ആലപ്പുഴയിലെ ഒരു കനൽത്തരിയിൽ എൽഡിഎഫ് സമാധാനിക്കുകയായിരുന്നു.

ഫ്ലക്സ് പൊങ്ങി ! സ്ഥാനാര്‍ഥികള്‍ മുങ്ങി !!

നൂറോളം കൂറ്റൻ ഹോർഡിങ്ങുകൾ കേരളത്തിലെ റോഡുവക്കുകളിൽ പിണറായി വിജയന് വേണ്ടിയും കോടിയേരിക്കു വേണ്ടിയും ഉയർന്നു പൊന്തിയപ്പോൾ കാസർഗോട്ടെ ഉണ്ണിത്താനും കണ്ണൂരിന്റെ സുധാകരനും പാലക്കാട്ടെ ശ്രീകണ്ഠനും ആലത്തൂരിന്റെ പെങ്ങളൂട്ടിയും കോടിയേരിയുടെ പതിനെട്ട് സീറ്റുകൾ എന്ന മോഹം തകർത്തെറിയുകയായിരുന്നു.

വടകരയിൽ കെ മുരളീധരനെ കെട്ടിയിറക്കിയപ്പോൾ തന്നെ എൽഡിഎഫ് തോൽവി ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

പിണറായിക്കെതിരെ തുറുപ്പു ഗുലാന്‍ ?

അതുപോലെ പിണറായി വിജയനെതിരെ കെ സുധാകരനെയോ വിടി ബൽറാമിനെയോ ഇറക്കി വിട്ടാൽ ധർമ്മടം മണ്ഡലത്തിൽ നിന്നും പിണറായി വിജയന് ഒരിഞ്ചു നീങ്ങുവാൻ സാധിക്കാതെ വന്നേക്കും.

പഞ്ചാബിലെ അമരീന്ദർ സിങ്ങിനെപ്പോലെ രമേശ് ചെന്നിത്തല ഹരിപ്പാടും അരുവിക്കരയും വേണ്ടെന്നു വെച്ച് പിണറായി വിജയനെ നേരിട്ടാൽ പിന്നെ ഒരു പോരാളിഷാജിയും ചെന്നിത്തലയെ കളിയാക്കുവാൻ സമയം കളയുമെന്ന് തോന്നുന്നില്ല. തോൽക്കുന്നെങ്കിൽ തോൽക്കട്ടെ അങ്ങനെ ചെയ്യാന്‍ ചെന്നിത്തല ധൈര്യം കാണിക്കുമോ ?

ചാക്കോയും കുര്യനും തോമസ് മാഷുമൊക്കെ വിയര്‍പ്പൊഴുക്കട്ടെ !

കേവലം സീറ്റുമോഹങ്ങളുമായി ഡൽഹിയിൽ നിന്നും വണ്ടികയറിയിട്ടുള പിജെകുര്യനും പിസി ചാക്കോയും കെവി തോമസ് മാഷുമൊക്കെ എൽഡിഎഫിന്റെ കുത്തക സീറ്റുകൾ പിടിച്ചടക്കുവാൻ തയാറായാൽ അവർക്ക് കെപിസിസി സീറ്റുകൾ നൽകണം.

കാലങ്ങളായി എൽഡിഎഫിനെ മാത്രം ജയിപ്പിക്കുന്ന ചില യുഡിഎഫ് അനുകൂല സീറ്റുകൾ നമ്മുക്ക് കണ്ടുപിടിക്കാം. ഉദാഹരണമായി പത്തനംതിട്ടയിലെ റാന്നിയെന്ന സീറ്റിൽ ജയിച്ചുവരുവാൻ പിജെ കുര്യനോട് ആവശ്യപ്പെടുക.

പതിറ്റാണ്ടുകളായി എൽഡിഎഫ് ജയിച്ചുകയറിയ വടകര പാർലമെന്റ് സീറ്റിൽ മുല്ലപ്പള്ളിയും മുരളീധരനും ജയിക്കാമെങ്കിൽ പിജെ കുര്യൻ കുറച്ചു പണമൊക്കെ ചിലവാക്കി എൻഎസ്എസ് നെയും എൽഡിഎഫിലെ ചിലരെയുമൊക്കെ കയ്യിലെടുത്ത് റാന്നിയിൽ ജയിച്ചുവരട്ടെ !!!

വൈപ്പിനില്‍ സലിം കുമാറോ ധര്‍മ്മജനോ ?

publive-image

കെവി തോമസ് മാഷ് എറണാകുളത്ത് നിന്നാൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെങ്കിലും, അതൊരു യുഡിഎഫ് കുത്തക സീറ്റ് ആയതിനാൽ ആ സീറ്റിൽ ഇപ്പോഴത്തെ എംഎൽഎയോ അല്ലെങ്കിൽ മുൻ മേയറോ ഒക്കെ മത്സരിക്കട്ടെ.

തൊട്ടടുത്ത പള്ളുരുത്തി യുഡിഎഫ് സീറ്റ് ആണെങ്കിലും കഴിഞ്ഞ തവണ യുഡിഎഫിനെ കൈവിട്ട സ്ഥിതിക്ക് വേണമെങ്കിൽ തോമസ് മാഷിന് ഒരു കൈ പരീക്ഷിക്കാം.

അല്ലെങ്കിൽ വൈപ്പിനിൽ മത്സരിച്ചുകൊണ്ട് ആ സീറ്റ് തിരിച്ചു പിടിക്കട്ടെ.

തോമസ് മാഷ് അല്ലെങ്കിൽ ആ സീറ്റ് പിടിക്കുവാൻ ഏറ്റവും യോഗ്യൻ ഭരത് സലിം കുമാർ തന്നെയാണ്. സലിംകുമാർ സമ്മതിച്ചില്ലെങ്കിൽ ധർമ്മജൻ മത്സരിച്ചാൽ എൽഡിഎഫ് അവിടെ വിയർക്കേണ്ടി വരും.

ചാക്കോ തോല്‍ക്കുന്ന പണി നിര്‍ത്തി ജയിക്കുന്ന പണിയെടുക്കണം

പിസി ചാക്കോ മത്സരിക്കുവാൻ തീരുമാനിച്ചുകൊണ്ടാണ് നടപ്പ് എങ്കിൽ അദ്ദേഹവും ഒരു സീറ്റ് എൽഡിഎഫിൽ നിന്നും തിരിച്ചുപിടിച്ചു യുഡിഎഫിനെ ശക്തിപ്പെടുത്തട്ടെ.

ഹൈക്കമാന്റിന്റെ അറുപത് എന്ന ലക്ഷ്യം നിറവേറ്റട്ടെ !!! യുഡിഎഫ് കുത്തകയായിരുന്ന ചാലക്കുടി സീറ്റ് കഴിഞ്ഞ മൂന്നു തവണ തുടർച്ചയായി എൽഡിഎഫിന്റെ കൈകളിൽ ആണ്. ആ ഉറച്ച സീറ്റിനെ തിരിച്ചുപിടിക്കട്ടെ ചാക്കോസാർ.

അല്ലെങ്കിൽ പിന്നെ 20/20 കാർ ചോദിക്കുന്ന സീറ്റ് ചാക്കോക്ക് വിട്ടുകൊടുക്കേണ്ടി വന്നേക്കാം. കൊടുങ്ങല്ലൂർ സീറ്റിൽ സിഎസ് ശ്രീനിവാസനെ പോലെയോ എംഎസ് ശ്രീദേവിയെപോലെയോ ആരെങ്കിലും ഒരു പുതുമുഖം മത്സരിച്ചുകൊണ്ട് സീറ്റ് തിരിച്ചു പിടിക്കട്ടെ.

തൃപ്പുണിത്തുറയില്‍ ബാബുവല്ല, വേണു രാജാമണി വരട്ടെ !

തൃപ്പൂണിത്തുറയിൽ സ്വരാജ് വേരുറപ്പിക്കുന്നത് തടയിടുവാൻ കെ ബാബുവിന് സാധിക്കുമെന്ന് തോന്നുന്നില്ല. അവിടെ ബിജെപിയും വളരെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

അവിടേക്ക് ഏറ്റവും ഉത്തമനായി തോന്നുന്നത് നെതർലൻഡ്സ് മുൻ അംബാസിഡർ മഹാരാജാസിലെ വേണു രാജാമണി എന്ന ഐഎഫ്എസ് കാരനാണ്. കറ തീർന്ന കോൺഗ്രസുകാരനായ വേണു രാജാമണി പഴയകാല കെഎസ്യു പ്രവർത്തകൻ കൂടിയാണ്.

പിടി തോമസുമായുള്ള അടുത്ത ബന്ധം തൃപ്പൂണിണിത്തുറ തിരിച്ചുപിടിക്കുവാൻ വേണു രാജാമണിക്ക് സാധിക്കുമെന്ന് കരുതുന്നു. തൃപ്പൂണിത്തുറക്കാർ ഒരു ബ്രാഹ്മണനെ കൈവിടുമെന്ന് കരുതുന്നില്ല.

ജലീലിനെ പൊളിക്കാന്‍ സിദ്ദിഖ് ?

publive-image

ജനങ്ങൾ ഏറ്റവും വെറുക്കുന്ന കെടി ജലീൽ മത്സരിക്കുകയാണെകിൽ അദ്ദേഹത്തെ നേരിടുവാൻ ഏറ്റവും അനുയോജ്യൻ പഴയ സിമിക്കാരൻ തന്നെ. കോഴിക്കോട്ടെ ഡിസിസിയുടെ പ്രസിഡണ്ട് തവനൂരിലെ മന്ത്രിയെ നേരിട്ടാൽ മത്സരം തീപാറും.

ജലീലിന്റെ വായിൽ നിന്നും വീഴുന്ന അഹങ്കാരം നിറഞ്ഞ മുഷ്ക്ക് വർത്തമാനങ്ങൾ നേരിടുവാൻ യുഡിഎഫിൽ സിദ്ധിഖിനും കെഎം ഷാജിക്കും മാത്രമേ സാധിക്കൂ. വാടാ എന്ന് വിളിക്കുമ്പോൾ പോടാ എന്ന് പറയുന്നവർ ഏറ്റുമുട്ടട്ടെ !!!

പൊന്നാനിയിൽ ഇത്തവണ സ്പീക്കർ ശ്രീരാമൻ മത്സരരംഗത്ത് വരുവാൻ സാധ്യത കുറവാണ്. കെ മുരളീധരൻ പറഞ്ഞതുപോലെ ലീഗിന് 30 സീറ്റുകൊടുത്താൽ പൊന്നാനി പോലുള്ള സീറ്റുകളിൽ പിടിമുറുക്കുവാൻ സാധിക്കും.

പാലക്കാട്ടെ പടക്കുതിരകള്‍ !

വിടി ബാലറാമിനും ഷാഫി പറമ്പിലിനും കെഎം ഷാജിക്കും അൻവർ സാദത്തിനും ശബരീനാഥിനും റോജി ജോണിനും അനിൽ അക്കരെക്കും ഇത്തവണ വലിയ വെല്ലുവിളികൾ നേരിട്ടേക്കാം.

ബാലരാമനെതിരെ തോറ്റ എംപി എംബിരാജേഷിന്റെ പേര് പറയുന്നുണ്ടെങ്കിലും അത് എൽഡിഎഫിന്റെ അടവ് നയമാണ്. രാജേഷിന് പാലക്കാട്ട് ഉറച്ച സീറ്റ് നൽകുവാനാണ് സാധ്യത കൂടുതൽ.

കെആർ മീരയെപോലുള്ള ഒരു സൗമ്യതയെ ബാലരാമനെതിരെയും ദീപ നിഷാന്തിനെപ്പോലുള്ള ഒരു പോരാളിയെ അനിൽ അക്കരെക്ക് എതിരെയും എൻഎൻ കൃഷ്ണദാസിനെ പോലുള്ള ഒരു പല്ലുകൊഴിഞ്ഞ സിംഹത്തെ ഷാഫി പറമ്പിലിനെതിരെയും മത്സരിപ്പിക്കുവാനാണ് ആലോചനകൾ നടക്കുന്നത് .

ദീപ നിഷാന്തിനെപ്പോലുള്ളവരാണ് പാർട്ടിക്ക് ഇപ്പോഴത്തെ ആവശ്യം. കാരാട്ട് റസാഖും പിവി അൻവറും അബ്ദുറഹ്മാനും ഒക്കെ അക്കൂട്ടത്തിൽ പെടും.

ഐഎം വിജയനും സാധ്യതയുണ്ട് !

മലമ്പുഴയിൽ വിഎസിനെതിരെ പടപൊരുതിയ സതീശൻ പാച്ചേനി വിഎസിനെ തളച്ചുനിർത്തിയിരുന്നു. പിന്നീട് അവിടെ ബിജെപിയുടെ സി കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തായി.

ഇപ്പോഴും ഒരു കിടിലൻ സ്ഥാനാർത്ഥിയെ പണം ചിലവാക്കുവാൻ നിർത്തിയാൽ ആ സീറ്റ് പൂഷ്പം പോലെ പിടിച്ചെടുക്കാം. യുഡിഎഫ് ഒരു പണച്ചാക്കിനെ ഇറക്കിയാൽ ആ സീറ്റ് കൈപ്പത്തിയിൽ വന്നു ചേരും.

ചേലക്കരയിൽ എങ്ങനെയും ആ ഐഎം വിജയനെ മത്സരിപ്പിക്കുക. ഐഎം വിജയൻ കറ കളഞ്ഞ കരുണാകര ഭക്തനാണ്. കൂടെ നടക്കുന്നവർ സമ്മതിക്കാത്തതിനാലാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിക്കാതിരുന്നത്.

കൂടെ നടക്കുന്നവരെല്ലാം പറവട്ടാനിയിലെ സിപിഎം അനുഭാവികളാണ് . വിജയൻ ജയിച്ചാൽ സ്പോർട്സ് വകുപ്പ് മന്ത്രിയാക്കും എന്ന ഉറപ്പ് നല്‍കിയാലും തരക്കേടില്ല !!

ഒറ്റപ്പാലത്ത് സരിന്‍, ആലത്തുരില്‍ ഗോപിനാഥ്, മണലൂരില്‍ കെഎസ്‌യു ക്കാരി !

publive-image

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ഒഴികെ ആര് നിന്നാലും അൻവറിനെ എട്ടുനിലയിൽ പൊട്ടിക്കാം. അതുപോലെ ഒറ്റപ്പാലത്ത് ഡോക്ടർ സരിനോട് പ്രവർത്തിക്കുവാൻ ആവശ്യപ്പെടുക.

പട്ടാമ്പി തത്കാലം ലീഗിന് വിട്ടുകൊടുക്കുക. ആലത്തൂർ എവിഗോപിനാഥിന് കൊടുക്കുക.

സിപി ജോണിനെ പോലുള്ളവർക്ക് നല്ല സീറ്റുകൾ വിട്ടുകൊടുക്കുക.

തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് ഒരു മുസ്ലിം പണച്ചാക്കിനെ സ്വതന്ത്രൻ ആക്കുക. അത്യാവശ്യം രാഷ്ട്രീയമൊക്കെ അറിയാവുന്നവർ വേണം കൈപ്പമംഗലത്ത്. മണലൂരിൽ ആ കെഎസ്‌യുക്കാരി പെൺകുട്ടിക്ക് കൊടുക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചാടിക്കടന്ന ആ ഉശിരുള്ള പെൺകുട്ടി !

കെസി ജോസഫിന് പല്ലൊക്കെ കൊഴിഞ്ഞതിനാല്‍ ഇരിക്കൂറിൽ അങ്ങേരുതന്നെ വേണം എന്ന വാശി അരുത്. പകരം സജീവ് ജോസഫിന് അവസരമുണ്ട്. കൊയിലാണ്ടിയിൽ മുല്ലപ്പള്ളി മത്സരിക്കട്ടെ. പേരാംബ്ര ലീഗിന് നൽകിയാൽ അവർക്കു ജയിക്കുവാൻ അറിയാം. അഴീക്കോട്ട് ഷാജിക്കെതിരെ നികേഷ്കുമാർ തന്നെയായിരിക്കും.

ഷാജിയെ വെട്ടുവാൻ വിജിലൻസ് ഒക്കെ ഉണ്ടെങ്കിലും അവിടെ സാധ്യത ഷാജിക്ക് തന്നെ. കണ്ണൂരിൽ രാഗേഷ് മത്സരിച്ചാൽ സീറ്റ് ഉറപ്പ്. പേരാവൂരിൽ സണ്ണിച്ചായൻ തന്നെ . ഇവരൊക്കെ പണിയെടുത്തവർ ആണ്.

കെഎം അഭിജിത്തിനും നല്ലൊരു സീറ്റ് നൽകിയാൽ പിടിച്ചെടുത്തോളും. മൂവാറ്റുപുഴയിൽ വാഴക്കനും ഇപ്പോൾ പണിയെടുത്തുതുടങ്ങി, അതിന്റെ ഗുണം ത്രിതലത്തിൽ യുഡിഎഫിന് ഉണ്ടായി. അപ്പോൾ പിന്നെ ആ സീറ്റ് വാഴക്കൻ തന്നെ എടുക്കട്ടേ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണിച്ച ധൈര്യം സീറ്റുവിഭജന വേളയിൽ ഹൈക്കമാന്‍റ് കാണിച്ചാൽ ഇത്തവണ നൂറിൽ എത്തുമെന്ന ഉറപ്പിൽ വീണ നായരും താഹിനയും സൗമ്യ ജയനും അഭിജിത്തും ഒക്കെ സീറ്റുകളിൽ ഇടം പിടിക്കട്ടെ എന്ന് മാത്രം ഉപദേശിച്ചുകൊണ്ട്,

ഒട്ടേറെ കാലമായി സീറ്റുമോഹവുമായി ബൂത്ത് സെക്രട്ടറി ദാസനും വാർഡ് മെമ്പർ വിജയനും !!!

 

dasanum vijayanum
Advertisment