തിയറ്ററുകള്‍ ടാക്സില്ലാതെ തുറന്നുകൊടുക്കാന്‍ ഉപദേശകനായത് ‘സഖാവ് കടയ്ക്കല്‍ ചന്ദ്രനായി’ അവതരിക്കുന്ന മമ്മൂട്ടിയോ ? എല്ലാം ‘വണ്‍’ റിലീസിന് മുന്നോടിയായി. കരുത്തരായ കരുണാകരനും കുഞ്ഞാലിക്കുട്ടിക്കും വരെ ഷോക് ട്രീറ്റ്മെന്‍റുകള്‍ കൊടുത്ത മണ്ണാണിത് ! എംബി രാജേഷിനെയും സമ്പത്തിനെയും വരെ മൂലയ്ക്കിരുത്തിയ നാട്. ഇവിടെ നേരറിയാതെ ആരു വന്നാലും എല്ലാം ശരിയാകണമെന്നില്ല. രണ്ടാം അങ്കത്തിനൊരുങ്ങുന്ന പിണറായി ടീമിനെക്കുറിച്ച് ദാസനും വിജയനും !

ദാസനും വിജയനും
Tuesday, January 12, 2021

എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്ന ആപ്തവാക്യവും പിണറായി വിജയൻറെ അടവ് നയങ്ങളും അണികളുടെ ആവേശവുമാണ് കഴിഞ്ഞതവണ ഭരണം നേടിയെടുക്കുവാൻ സാധ്യമാക്കിയത്.

എങ്കിലും ഇത്തവണത്തെ അസംബ്ലി തിരഞ്ഞടുപ്പിൽ ഈസി വാക്കോവർ ഒന്നുമല്ല
എന്നത് ഏതൊരു ഇടതുപക്ഷക്കാരനും മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്.

ലീഡർ കെ കരുണാകരന്റെ പല നയങ്ങളെയും അച്ചിട്ട പോലെ ഏറ്റെടുത്ത പിണറായി വിജയൻ കേരളത്തിലെ ഓരോ മുക്കും മൂലയിലെയും കച്ചവടക്കാരെയും മുതലാളിമാരെയും സമൂഹത്തിൽ ഉന്നതിയിൽ ഉള്ള ഏവരെയും അവരവരുടെ കേന്ദ്രങ്ങളിൽ ചെന്ന് കണ്ടും അരമനകളും പള്ളിമേടകളും സമസ്തകളും മഠങ്ങളും ഒക്കെ കയറി ഇറങ്ങി അത്യവശ്യം വാഗ്ദാനങ്ങൾ നൽകിയുമൊക്കെയാണ് ഭരണത്തിൽ എത്തി ചേർന്നത്.

ഓരോ മുതലാളിമാരെയും പേരെടുത്ത് വിളിച്ചും സിനിമകളുടെ സംവിധായകന്മാരെയും നടന്മാരെയും നടിമാരെയും അണിയറ പ്രവർത്തകരെയും നേരിട്ടും ഫോണിൽ വിളിച്ചും, സാഹിത്യ സാംസ്കാരിക നായക നായികമാരെ ആദരിച്ചും, എതിർ ചേരിയിൽ നിന്ന അല്ലെങ്കിൽ എതിരായി സംസാരിക്കുമായിരുന്ന മാധ്യമക്കാരെ കൂടെ കൂട്ടിയും അവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തും കോമ്പ്രമൈസ് ചെയ്തും പിഡിപി എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി ശിവസേന പോലുള്ള വർഗീയ കക്ഷിക്കാരുടെ തോളിൽ കൈകൾ ഇട്ടുമൊക്കെയാണ് പാർട്ടിയെ വിജയത്തിൽ എത്തിച്ചത്.

കൂടാതെ എതിർ ചേരിയിലുള്ള ഉമ്മൻ ചാണ്ടി പോലുള്ള നേതാക്കന്മാരുടെ പ്രതിച്ഛായ ഇല്ലാതാക്കിയും സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകളെയും വ്യക്തികളെയും ഏറ്റെടുത്ത് പെരുമ്പാവൂർ വിഷയം ചെറുപ്പക്കാർക്കിടയിൽ കത്തിച്ചു കൊടുത്തും ന്യുനപക്ഷങ്ങളുടെ സംരക്ഷകർ എന്ന ലേബൽ ഉണ്ടാക്കിയെടുത്തുമായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രതിപക്ഷത്തെ പല ചുണക്കുട്ടികളുടെയും വായ മൂടി കെട്ടുവാനുള്ള തന്ത്രങ്ങളും കൂടെ കൂട്ടാവുന്നവരെ കൂടെ കൂട്ടിയും അല്ലാത്തവരുടെ മേൽ വിജിലൻസ് ആയുധമാക്കിയും ജയിലിൽ അടച്ചുമൊക്കെ മുന്നേറുമ്പോൾ ഒരു കാര്യം ഇടതുപക്ഷം മനസ്സിലാക്കിയേ പറ്റൂ. ഇത് കേരളമാണ്. ജനങ്ങൾ എങ്ങനെയും തിരിയാം. ആരെയും ജയിപ്പിക്കാം അതുപോലെ ആരെയും തോൽപ്പിക്കാം.

അസൂയ എന്നത് നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും കൂടപ്പിറപ്പ് ആയതുകൊണ്ട് അങ്ങനെയൊന്നും ഒരാളെ ജയിപ്പിച്ചു വിടുമെന്ന് കരുതണ്ട.

കരുത്തനായ കുഞ്ഞാലിക്കുട്ടിയും കരുണാകരനും ഷോക്ക് ട്രീറ്റ്മെന്റുകൾ കൊടുത്ത മണ്ണാണ്.

എംബി രാജേഷും എ സമ്പത്തും ഇന്നും ഇക്കഴിഞ്ഞ തോൽവികളിൽ നിന്നും മുക്തരായിട്ടില്ല. ഇനി ഒരു നിയമസഭാ സീറ്റിൽ ജയിച്ചാലേ അവർക്ക് ഉറക്കം വരൂ.

പിണറായി വിജയൻ മുഖ്യമന്ത്രിയാകുവാൻ വീണ്ടും ധർമ്മടത്തോ മട്ടന്നൂരോ മത്സരിക്കുകയാണെങ്കിൽ ഓഞ്ചിയത്തെ ചേകവനായ ടിപി ചന്ദ്രശേഖറിന്റെ മകനായ അഭിനന്ദ് പിണറായിക്കെതിരെ സ്ഥാനാർത്ഥിയായേക്കും.

അങ്ങനെ വന്നാൽ കേരളം മുഴുവൻ ചർച്ചാ വിഷയമാകുന്ന ഒരു സംഭവമായിരിക്കും അത്. ദേശീയ മാധ്യമങ്ങൾ വരെ ഇക്കാര്യങ്ങൾ ഏറ്റെടുക്കും.

മട്ടന്നൂരിലെ സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന ഷുവൈബിനെ ഇല്ലാതാക്കിയെങ്കിലും നല്ലൊരു സ്ഥാനാർത്ഥി അവിടെ എൽഡിഎഫ് നു എതിരായി നിന്നാൽ ജയിക്കാമെന്നത് എൽഡിഎഫിന് അറിയാം.

അഭിനന്ദിന്റെ പേര് ഉയർന്നുവന്നപ്പോൾ മുതൽ ഭീഷണികൾ ഉണ്ടെന്നാണ് അറിവ്. എൽഡിഎഫ് കോമ്പ്രമൈസിനായി ഒഞ്ചിയത്തേക്ക് ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടത്രെ !!!

പാർട്ടി സെക്രട്ടറി മലമ്പുഴയിൽ മത്സരിക്കുമ്പോൾ പാലക്കാട്ടുകാരുടെ കണ്ണിലുണ്ണിയായ കൃഷ്ണകുമാറായിരിക്കും ബിജെപി സ്തനാർത്ഥി. യുഡിഎഫിന്റെ സ്ഥാനാർത്ഥി മോശമാണെങ്കിൽ അവിടെ വിജയരാഘവന് വിയർക്കേണ്ടിവരും.

പാലക്കാട്ട് എൻഎൻ കൃഷ്ണദാസും തൃത്താലയിൽ എംബി രാജേഷും മത്സരിച്ചാൽ തീപാറും എങ്കിലും എൽഡിഎഫിനായിരിക്കും നഷ്ടങ്ങൾ സംഭവിക്കുക.

പാലക്കാട്ട് ബിജെപി യുഡിഎഫിനെയും മലമ്പുഴയിൽ യുഡിഎഫ് ബിജെപിയെയും സഹായിക്കാം. മണ്ണാർക്കാട്ട് ഇത്തവണ കാന്തപുരം വെല്ലുവിളിക്കുവാൻ സാധ്യത ഏറെ കുറവാണ്.

ഷൊർണൂരിൽ ശശിയെ മാറ്റിയില്ലെങ്കിൽ ബിജെപിക്ക് സാധ്യത വർദ്ധിക്കും. ശശിയെ മാറ്റിയാൽ രണ്ടുമൂന്ന് മണ്ഡലങ്ങളിൽ ശശി കളിക്കും . ലോക്സഭാ തിരഞ്ഞെടുപ്പിൽ കളിച്ചതുപോലെ !!!

കൂത്തുപറമ്പിൽ കെകെ ഷൈലജക്ക് എതിരായി ലീഗിന്റെ ബാനറിൽ ഫിറോസ് കുന്നുംപറമ്പിൽ മത്സരിച്ചാൽ ആ മത്സരവും സംസാരവിഷയമാകും.

ഒരാൾ അവാർഡുകൾക്ക് പിന്നിലും മറ്റൊരാൾ ചാരിറ്റിയുടെ പേരിലുള്ള ഷോ ഓഫിന്റെ പിന്നിലും ആയതുകൊണ്ട് അവർതമ്മിൽ നല്ല ചേർച്ചയാണ്. കോഴിക്കോട് ജില്ലയും കണ്ണൂർ ജില്ലയും കാസർഗോട്ട് ജില്ലയും ഇത്തവണ എൽഡിഎഫിന് ഈസിയായിരിക്കില്ല.

കാരണം ഈ ഭരണത്തിൽ മുഖ്യമന്ത്രിയും മറ്റുള്ള മന്ത്രിമാരും തിരിഞ്ഞു നോക്കാത്ത ജില്ലകളാണ് ഇവ മൂന്നും. ആയതിനാൽ ഇടതുപക്ഷത്ത് തന്നെ വളരെ എതിർപ്പുകൾ നിലനിൽക്കുന്നു. പലയിടത്തും ഇപ്പോഴത്തെ എംഎൽഎമാരെ മാറ്റി പ്രതിഷ്ഠിക്കേണ്ടി വരും.

തൃശൂർ ജില്ല മനസ്സ് തുറക്കാത്ത ജില്ലയാണ്. മര്യാദക്കുള്ള സ്ഥാനാർത്ഥികളെ ആര് നിർത്തിയാലും ജയിപ്പിച്ചുകൊടുക്കുന്ന മണ്ഡലങ്ങൾ.

മൂന്നു തവണ വിജയിച്ച ചാലക്കുടിയിൽ ജനങ്ങൾ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തും മണലൂരും കുന്നംകുളത്തും കൊടുങ്ങല്ലൂരും ഒക്കെ ബിഡിജെഎസ് വോട്ടു പിടിച്ചപ്പോൾ കുലുക്കി കുത്തിൽ ജയിച്ചുപോയതാണ്.

ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥികൾ വളരെ എണ്ണം പറഞ്ഞവരായിരിക്കും എങ്കിൽ പെട്ടെന്നൊന്നും ജയിച്ചു കയറുവാൻ എൽഡിഎഫിന് സാധ്യമാകില്ല. ഒല്ലൂരും പുതുക്കാടും ചേലക്കരയിലും തൃശൂരും എങ്ങോട്ടും ചായാവുന്ന മണ്ഡലങ്ങൾ ആയതിനാൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല.

മലപ്പുറത്ത് ഒരു മണ്ഡലത്തിൽ അഞ്ചുകോടി രൂപ ആര് ചിലവാക്കുന്നുവോ അവർക്ക് ജയിച്ചുകയറാം. ഇത്തവണ എൽഡിഎഫ് കെടി ജലീലിനും
ശ്രീരാമകൃഷ്ണനും സീറ്റുകൾ കൊടുക്കുകയാണെങ്കിൽ അതിന്റെ നഷ്ടം എൽഡിഎഫിന് തന്നെ.

ലീഗുകാർ ജീവൻ പണയംവെച്ചും പണിയെടുത്തും അവരെ തോൽപ്പിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടുപേർക്കും ലീഗുകാരുടെ വോട്ടുകൾ കിട്ടിയിട്ടുണ്ട്. ഇത്തവണ അവരെ തോൽപ്പിക്കുവാൻ തന്നെ ഒരു പടയെ അണിനിരത്തുമെന്ന് അറിയുന്നു.

നിലമ്പൂരും താനൂരും തിരൂരും പെരിന്തൽമണ്ണയിലും മങ്കടയിലും കോടികൾ വാരി എറിയുവാൻ എൽഡിഎഫ് തയാറായി കഴിഞ്ഞു. പണിയെടുക്കുന്ന അണികൾക്ക് പുത്തൻ ബൈക്കുകൾ വാങ്ങി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുവാൻ കൊടുക്കുകയും ജയിച്ചാൽ അതവർക്ക് സ്വന്തമാക്കാം എന്ന വാഗ്ദാനവുമാണ് നടന്നു പോരുന്നത്.

കൂടാതെ ഈ ‘കിറ്റുകൾ’ ആദ്യം പരീക്ഷിച്ചു വിജയിച്ചത് നിലമ്പൂരും താനൂരും ഒക്കെയാണ്.

എറണാകുളവും കോട്ടയവും ഇത്തവണ എൽഡിഎഫിന് പ്രതീക്ഷയുള്ള ജില്ലകൾ ആണെങ്കിലും ഇടുക്കിയും പത്തനംതിട്ടയും ഇത്തവണ കൈവിടുവാൻ സാധ്യതകൾ ഏറെയാണ്.

മാണിയുടെ മകൻ വന്നില്ലായിരുന്നെകിൽ കോട്ടയവും എറണാകുളവും ബാലികേറാ മലകൾ തന്നെ ആയിരിക്കുമായിരുന്നു. ആ പണി ബെന്നി ബഹനാനും ടിയു കുരുവിളയും കൂടി ചെയ്തുകൊടുത്തപ്പോൾ എൽഡിഎഫിന് ഇപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു.

ആലപ്പുഴ ഇത്തവണ എൽഡിഎഫിനെ തുണക്കുമോ എന്നത് കണ്ടറിയണം. സുധാകരനെയും തോമസിനെയും മാറ്റി നിർത്തിയാൽ അത്രയും നല്ലത്. കായംകുളത്തെ സ്ഥാനാർത്ഥിയെയും മാറ്റേണ്ടിവരും. അല്ലെങ്കിൽ ഡിവൈഎഫ്ഐ അവരെ തോൽപ്പിക്കും.

കൊല്ലവും തിരുവനന്തപുരവും ഒപ്പത്തിനൊപ്പം നിൽക്കുവാനാണ് സാദ്ധ്യതകൾ ഏറുന്നത് . കാരണം അവിടെയൊക്കെ യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നവർ ആയിരിക്കും .

പഴയ പല പുലികളെയും ഒഴിവാക്കി , കണ്ണൂരിലെ ശശിയേയും കൊച്ചിയിലെ ഗോപി കോട്ടമുറിക്കലിനെയും അവതരിപ്പിക്കുവാൻ സാധ്യത ഏറെയാണ്. കാരണം അണികൾക്ക് ഇപ്പോൾ ആദർശവും നന്മയുമൊന്നുമല്ല ഇഷ്ടം എന്നത് എൽഡിഎഫ് എന്നേ മനസ്സിലാക്കിയിരിക്കുന്നു.

കിറ്റിലും പണത്തിലും പെൻഷനിലും മറിയുന്നവർ ആയി കേരളത്തിലെ പ്രബുദ്ധ ജനതയെ മാറ്റിയെടുത്തതിൽ എൽഡിഎഫിന് ഏറെ അഭിമാനിക്കാം.

ഒരു കാലത്ത് ആദർശവുമായി പൊരുത്തപ്പെട്ട് ജീവിക്കുവാൻ പഠിപ്പിച്ചവർ തന്നെ ഇപ്പോൾ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് നാടിനെയും നാട്ടുകാരെയും എത്തിച്ചതിൽ എൽഡിഎഫിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ജനങ്ങൾക്കും സൗകര്യങ്ങൾ വേണം. എന്നും പാവപ്പെട്ടവനായി ജീവിക്കുവാൻ അവർ ഇഷ്ടപ്പെടുന്നില്ല.

കേരളത്തിലെ ഒരു മുഖ്യമന്ത്രിയെ ഗാന്ധിജിക്കും മദർ തെരേസയ്ക്കും ഒപ്പമായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ഈയടുത്ത് റിലീസ് ആക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബോബി സഞ്ജയ്മാർ കഥയും തിരക്കഥയും എഴുതി മമ്മുട്ടിയെന്ന ഒരു നല്ല സഖാവ് നായകനാകുന്ന മറ്റൊരു നല്ല സഖാവ് സംവിധാനം ചെയ്യുന്ന ”വൺ” എന്ന ചിത്രം ഈ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം കീഴടക്കുവാൻ തയാറായി കഴിഞ്ഞു.

കടക്കൽ ചന്ദ്രൻ എന്ന പേരുള്ള മുഖ്യമന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളം പ്രളയത്തിൽ മുങ്ങിപ്പോകുമായിരുന്നു, അല്ലെങ്കിൽ ഓഖിയിൽ പറന്നുപോകുമായിരുന്നു, അല്ലെങ്കിൽ നിപ്പയിൽ അലിഞ്ഞുപോകുമായിരുന്നു. അല്ലെങ്കിൽ കൊറോണ വിഴുങ്ങിക്കളയുമായിരുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

വൺ എന്ന ആ സിനിമക്കായി സിനിമ തിയറ്ററുകൾ തുറന്നുകൊടുക്കുകയും ഏതാനും മാസങ്ങൾ ടാക്സുകൾ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയുള്ള ഉപദേഷ്ടാവ് പ്രൈസ് വാട്ടർ കൂപ്പർ ഹാവ്സോ ശിവശങ്കരനോ സിഎം രവീന്ദ്രനോ ബ്രിട്ടാസോ ഒന്നുമല്ല. സാക്ഷാൽ മമ്മുട്ടിയെന്ന സൂപ്പർതാരമാണ് പിണറായി വിജയൻ എന്ന നമ്മുടെ കേരളത്തിന്റെ ഇരട്ടചങ്കന്റെ ഉപദേഷ്ടാവ്.

ഇറങ്ങിയ സിനിമകളിൽ പകുതിയിൽ ഏറെയും ബോക്സ്ഓഫീസിൽ പൊട്ടി പൊളിഞ്ഞിട്ടും, മലയാള സിനിമയിൽ നിന്നും ഔട്ടായി എന്ന് പലതവണ മാധ്യമങ്ങൾ എഴുതികൂട്ടിയിട്ടും എതിരാളികൾ പറഞ്ഞുപരത്തിയിട്ടും ഇന്നും ഈ 69 വയസ്സിൽ അജയ്യനായി നിലനിൽക്കുന്ന മമ്മുട്ടിയാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഊർജ്ജം നൽകുന്നയാൾ !!! മമ്മുട്ടി എന്ന നടൻ ഇല്ലായിരുന്നെങ്കിൽ മോഹൻലാൽ ഇത്രയും നാൾ സിനിമയിൽ പിടിച്ചുനിൽക്കില്ലായിരുന്നു എന്നതും മറ്റൊരു സത്യം.

എന്തൊക്കെ പ്രതിസന്ധികളെ തരണം ചെയ്യുവാനും തോൽവികൾ കൂസാതെ ജയത്തിലേക്ക് നടന്നടുക്കുവാനും മമ്മുട്ടിക്ക് സാധിച്ചതുപോലെ ഇന്നിപ്പോൾ ആരെ എവിടെ എങ്ങനെ ഒക്കെ കൂടെ കൂട്ടണം അല്ലെങ്കിൽ ഒതുക്കണം എന്നൊക്കെ ഉപദേശിക്കുന്നയാളാണ് നമ്മുടെ മെഗാതാരം .
സ്ഥാനാർത്ഥി നിർണ്ണയങ്ങളിലും മറ്റുള്ള പാർട്ടിയുടെ നയപരമായ തീരുമാനങ്ങളിലും മമ്മുട്ടിയും പിണറായിയും പാച്ചുവും കോവാലനുമാണ് .

ഇത്തവണത്തെ സ്ഥാനാർഥികളിലും നമ്മുക്ക് ഈ ഒരു രസതന്ത്രം കാണുവാനാകും !!!

എൽഡിഎഫ് ഇനിയും വരുമെന്ന പ്രതീക്ഷകളിൽ സഖാവ് വിജയനും
എല്ലാം ശരിയാക്കും എന്ന ശുഭപ്രതീക്ഷകളിൽ സഖാവ് ദാസനും

 

×