നടന്‍ മുരളി മുതല്‍ കേസില്‍ അകപ്പെട്ടും കുഴിയില്‍ ചാടിയും സംവിധായകന്‍ കമല്‍ വരെ നീളുന്ന ഇടതു സിനിമാധാര ! പ്രേം നസീറില്‍ തുടങ്ങി രമേശ് പിഷാരടിവരെയെത്തി നില്‍ക്കുന്ന വലതു വഴിത്താര ! നാടോടുമ്പം നടുവേ ഓടണമെന്ന് ചിന്തിക്കുന്ന മലയാള സിനിമയിലെ കലാകാരന്മാരുടെ മെയ് വഴക്കവും തഴക്കവും – ദാസനും വിജയനും

ദാസനും വിജയനും
Friday, February 19, 2021

കമൽ ഒരു നല്ല കൊടുങ്ങല്ലൂർ കാരനായിരുന്നു. അപ്പോഴൊക്കെ ആ മനുഷ്യൻ സംവിധാനം ചെയ്ത ചിത്രങ്ങൾ കേരളം ഒന്നടങ്കം ഏറ്റുവാങ്ങിയിരുന്നു. വടക്കാഞ്ചേരിക്കാരൻ ഭരതൻ എന്ന പ്രതിഭയുടെ അനുഗ്രഹാശിസുകളോടെ കമാലുദ്ധീൻ കേരളത്തിൽ ”പ്രാദേശിക വാർത്തകൾ” വായിച്ചപ്പോൾ എല്ലാവർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു.

പ്രായം കൂടുന്തോറും മനുഷ്യനിൽ മാറ്റം സംഭവിക്കും എന്നതിൽ തർക്കമൊന്നുമില്ല. ഇന്നിപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുവാൻ മാത്രം സമയം കണ്ടെത്തുന്ന കമാലുദ്ധീൻറെ ഈ നിറം മാറ്റത്തിന്റെ കാരണം മറ്റൊന്നുമല്ല. ഒരു പെൺകുട്ടി തനിക്കെതിരെ കേസുകളുമായി നീങ്ങിയപ്പോൾ തത്ക്കാലം രക്ഷ നേടുവാൻ സിപിഎമ്മിന്റെ മുഖ്യമന്ത്രി തന്നെ വേണം.

ആ ഒരു സ്നേഹം മാത്രമാണ് ഈ സിനിമാക്കാർക്ക് എന്നും രാഷ്ട്രീയക്കാരോടും പാർട്ടികളോടും ഉള്ളൂ എന്നത് ഓരോരുത്തരുടെയും കാര്യങ്ങൾ പഠിച്ചാൽ മനസിലാകും !

ഇക്കഴിഞ്ഞ വര്‍ഷം ഒരു യുവനടി കമൽ എന്ന കമാലുദ്ധീനെതിരെ പീഡനത്തിന് കേസ് കൊടുത്തിരുന്നു. ആ കേസുകൾ ഒത്തു തീർപ്പാക്കിയത് കേരളം ഭരിക്കുന്നവരാണ്. ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപകാര സ്മരണയെന്നോണം ഇവരൊക്കെ പാർട്ടിയുടെ എംഎൽഎയോ എംപിമാരോ ആയാൽ കേരളം ഞെട്ടേണ്ടതില്ല.

ഇന്നിപ്പോൾ കേരളത്തിൽ എംഎൽഎ ആയതും എംപി ആയതും എംഎൽഎ ആകുവാൻ കുപ്പായം തയ്പ്പിച്ചു വെച്ചവരും പാർട്ടിയുടെ സോഷ്യൽ മീഡിയ ചേകവന്മാരും ഒക്കെ സിനിമ ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ നാം പലതും മനസിലാക്കേണ്ടിയിരിക്കുന്നു.

ഒരാൾക്കും ജനങ്ങളുടെ സേവനമല്ല വലുത്, അവർക്ക് അവരുടെ ഇമേജിനെ പിടിച്ചു നിർത്തണം. ഒപ്പം കേസുകളിൽ നിന്നും തലയൂരണം, അത്രമാത്രം !!

കേരളത്തിൽ ഒരു മുരളി ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്ക് സിപിഎം ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും സുധീരന്റെ മുന്നിൽ മുട്ടുകുത്തി. ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലത്തുനിന്നും മത്സരിച്ചു, കെആർ നാരായണന്റെ മുന്നിൽ ഒന്നുമല്ലാതായി.

ഒഎൻവി കുറുപ്പ് എ ചാൾസിന്റെ മുന്നിൽ തോറ്റു തൊപ്പിയിട്ടു. പ്രേം നസീർ കോൺഗ്രസിനുവേണ്ടി 1987 -ൽ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും പാർട്ടിക്ക് ജയിച്ചു കയറാൻ പറ്റിയില്ല.

അന്നേ മുതൽ നമ്മൾ മലയാളികൾ പറയുന്ന ഒരു കാര്യം ”ഇത് കേരളമാണ്, ആന്ധ്രയോ തമിഴ്നാടോ അല്ല, ഇവിടെ വിവരമുള്ളവർ കൂടുതലാണ്, സമ്പൂർണ സാക്ഷരതയാണ് ” എന്നൊക്കെ.

പക്ഷെ മാങ്ങാ തൊലിയാണ് ഇവിടെ. പത്തനാപുരത്ത് ഗണേശൻ 37 കൊല്ലത്തെ എൽഡിഎഫ് കോട്ട പൊളിച്ചപ്പോൾ, പിന്നീട് മന്ത്രിയായപ്പോൾ, സകലമാന പെണ്ണ് കേസുകളിൽ പെട്ടപ്പോൾ മുതൽ സിനിമക്കാരിൽ ഒരു രാഷ്ട്രീയ കമ്പം ഇല്ലാതില്ല.

ബഹുമാനപ്പെട്ട മമ്മുട്ടി പണ്ടേ മുതൽ ഇടതു സഹയാത്രികൻ ആണെന്നാണ് വെപ്പ്. മോഹൻലാൽ തലസ്ഥാനത്തെ കോൺഗ്രസ്സ് ലോബിയിലും.

ഇന്നിപ്പോൾ ആ ലോബിയിലെ പലരും ബിജെപി പാളയത്തിലേക്ക് കൂട് മാറിയെങ്കിലും ലാലേട്ടൻ മനസ്സ് തുറന്നിട്ടില്ല.

പലരും ലാലേട്ടനെ പാളയത്തിൽ കൊണ്ട് ചെന്ന് കെട്ടുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധിമാനായ മോഹൻലാൽ ആർക്കും പിടുത്തും കൊടുത്തിട്ടില്ല.

എന്നും കൂടെ ഉണ്ടായിരുന്ന മേജർ രവി ഇപ്പോൾ കൂടുമാറിയ സ്ഥിതിക്ക് ലാലേട്ടൻ മനസ്സ് ഇനിയും തുറക്കുവാൻ സാദ്ധ്യതയില്ല.

കൈരളി ചാനലിൽ ഗൾഫിലെ മുസ്ലിം മുതലാളിമാരിൽ നിന്നും പണം വാങ്ങിയെടുക്കാനും അസ്വസ്ഥരായ മുസ്ലിം വിഭാഗത്തെ സിപിഎമ്മിനോട് അടുപ്പിക്കുവാനും മാത്രമാണ് മമ്മുട്ടിയെ പിണറായി വിജയൻ കൂടെ കൂട്ടിയിരിക്കുന്നത്.

കൈരളിയുടെ ചെയർമാൻ ആയിരുന്നാലും പാർട്ടിയുടെ വക്താവ് ആയിരുന്നാലും മമ്മുട്ടിയുടെയും കുടുംബത്തിന്റെയും വോട്ട് കോൺഗ്രസിന് തന്നെയാണ് എന്നാരെങ്കിലും പറഞ്ഞാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ ഭാഗ്യം ഹൈബി ഈഡന് കിട്ടി. ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് അദ്ദേഹമിക്കാര്യം വെളിപ്പെടുത്തിയത്. അതുപോലെ കൊക്കക്കോള കമ്പനിയുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ ആകുവാൻ രണ്ടു കോടി യുടെ ചെക്ക് അഡ്വാൻസ് ആയി നൽകിയപ്പോൾ അത് വേണ്ടെന്ന് വെപ്പിച്ച അച്യുതാനന്ദൻ സഖാവിനോട് അടങ്ങാത്ത കലി തോന്നിയ മമ്മുട്ടി കൈരളി ചെയർമാൻ സ്ഥാനം വരെ ഉപേക്ഷിക്കുവാൻ തയാറായി.

ഇവരൊക്കെ ജനങ്ങളെ കാണിക്കുവാൻ ഇടതു പക്ഷത്തെ ആരാധിക്കുമെങ്കിലും മനസ്സ് നിറയെ വലതു ചിന്താഗതികളാണ്.

ഇന്നസെന്റ് എന്ന ‘അമ്മ പ്രസിഡന്‍റിന് ക്യാൻസർ രോഗം വന്നതിനു ശേഷം മമ്മുട്ടിയുടെ ഉപദേശപ്രകാരവും ആവശ്യപ്രകാരവുമാണ് ലോക്സഭാ സീറ്റു നൽകുവാൻ സിപിഎം തയാറായത്.

കാരണം ലോക്സഭയിൽ എംപി ആയാൽ പിന്നെ ചികിത്സക്കുള്ള പണം തേടി നടക്കേണ്ട കാര്യമില്ല. എല്ലാം സർക്കാർ നോക്കിക്കൊള്ളും.

മുഖത്ത് ചായം തേക്കുന്നവർക്ക് ജനങ്ങളോട് അങ്ങനെ പ്രതിബദ്ധതകൾ ഒന്നുമില്ല. അപ്പോൾ കാണുന്നവനെ അപ്പനെന്നു വിളിക്കുന്നവരാണ് ഒട്ടുമിക്ക സിനിമാക്കാരും.

പറയുന്നതും ചെയ്യുന്നതും എപ്പോഴും വ്യത്യസ്തം ആയിരിക്കും. അതുകൊണ്ടാണ് ഇന്നസെന്റിനെ ചാലക്കുടിക്കാർ രണ്ടാം തവണ എട്ടുനിലയിൽ പൊട്ടിച്ചത്.

ഇന്നസെന്റ് ഏഴുതവണ മണ്ഡലം കറങ്ങിയപ്പോൾ എതിരാളി ഹാർട്ട് അറ്റാക്കിനാൽ ഒരു തവണ പോലും മണ്ഡലത്തിൽ എത്തിയിരുന്നില്ല. എന്നിട്ടും ജനം ഇന്നസെന്റിനെ മനസ്സിലാക്കി കയ്യൊഴിഞ്ഞു.

മുകേഷിന്റെ ഭാര്യ സരിത വിവാഹമോചനക്കേസും പീഡനക്കേസും മുകേഷിനെതിരെ കൊടുത്തപ്പോൾ അതിൽ നിന്നും രക്ഷനേടുവാൻ ഓടിപ്പോയി പാർട്ടിയിൽ ചേരുന്നു, സീറ്റ് വാങ്ങിയെടുക്കുന്നു, എംഎൽഎ ആകുന്നു.

ഇതുവരെ മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് കൊല്ലത്തുകാർ പറയുമ്പോൾ മുകേഷ് ആ ചിരിയുമായി മറുപടി പറയാനാകാതെ കുഴയുന്നു. ഇക്കൊല്ലത്തെ കാര്യം കണ്ടറിയണം.

സീറ്റ് കിട്ടുമോ എന്ന് വരെ സംശയമാണ്. അതൊക്കെ വെച്ച് നോക്കുമ്പോൾ തമ്മിൽ ഭേദം സുരേഷ് ഗോപി തന്നെ. പാവങ്ങൾക്ക് എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

പക്ഷെ തൃശൂരിൽ ഗർഭിണിയുടെ വയർ തടവുന്നത് കണ്ടപ്പോൾ ഉള്ളിൽ ചിരിവന്നു. ലങ്ക സിനിമയും കുടജാദ്രിയുമൊക്കെ മനസില്‍ ഓടിയെത്തി.

ആഷിഖ് അബുവും റീമയും ഇടതു സഹയാത്രികർ ആണെങ്കിലും ഒന്നും കാണാതെയല്ല അവർ ഇടതിന്റെ വക്താക്കൾ ആയത്.

മഹേഷിന്റെ പ്രതികാരത്തിന്റെ നിർമ്മാതാവിന്റെ ഭാഗത്ത് നിന്നുമുള്ള കേസുമുതൽ പ്രളയഫണ്ടിന്റെ പേരിലെ സംഗീത പരിപാടിയുടെ പ്രശ്നങ്ങൾ വരെ ഒതുക്കി തീർത്തതും ഒതുക്കി തീർക്കുവാൻ ഭീഷണി ഇറക്കുന്നതുമൊക്കെ പാർട്ടിയുടെ കൂടെ നിൽക്കുന്പോഴാണ്.

നാട്ടിലെ ചില ചെറുപ്പക്കാർ പലിശക്കാരിൽ നിന്നും പണം വായ്പയെടുത്ത് അടവ് മുടങ്ങുന്പോൾ പലിശക്കാർ ബുദ്ധിമുട്ടിക്കാൻ തുടങ്ങുന്പോൾ നേരെ പോയി സിപിഎമ്മിലോ ബിജെപിയിലോ ചേരും.

പിന്നെ എല്ലാ ജാഥകളിലും പ്രകടനങ്ങളും പങ്കെടുക്കും. അപ്പോൾ പിന്നെ പലിശക്കാരുടെ ധൈര്യം താനേ ചോർന്നു പോകും. അതിപ്പോൾ കൊച്ചിയിലെയും കേരളത്തിലെയും ഒട്ടുമിക്ക സിനിമാക്കാരും തല്ലു കേസിലോ പെണ്ണുകേസിലോ പണമിടപാടിലോ മയക്കുമരുന്നിലോ ഒക്കെ പെട്ടാൽ ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്.

ചുംബന സമര നായികയും കെട്ടിയോൻ എന്ന് പറയുന്ന ആളുമൊക്കെ ഇതേ രീതിയാണ് കേരളത്തിൽ അനുവർത്തിച്ചു പോരുന്നത്. അതിലിപ്പോൾ ചില സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഒക്കെ ഇതേ നയം സ്വീകരിച്ചു കഴിഞ്ഞു.

ആരൊക്കെ ഈ ഭരണത്തെ പ്രകീർത്തിച്ചും മുഖ്യന്ത്രിയെ പ്രവാചകനാക്കിയും പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ടോ അവരുടയൊക്കെ പിന്നിൽ ഇത്തരം അജണ്ടകൾ ഇല്ലാതെയില്ല.

മാല പാർവതിയുടെ മകൻ ഒരു ട്രാൻസ് ജെൻഡറിന് രാത്രി അശ്ലീലം അയച്ചപ്പോഴും ഭാഗ്യലക്ഷ്മി ഒരാളെ വീട്ടിൽ പോയി തല്ലിയപ്പോഴും കേരളവർമ്മയിലെ ദീപ നിഷാന്ത് കോപ്പിയടിച്ചു പിടിച്ചപ്പോളും ഒക്കെ ആശ്രയിച്ചത് ഈ പാർട്ടിയെയും മുഖ്യമന്ത്രിയെയുമാണ്. ഇവരൊക്കെ ഈ ഭരണം നില നിർത്തുവാൻ അശാന്ത പരിശ്രമം ചെയ്യുന്നുമുണ്ട്.

പാർട്ടണർ മാർക്ക് പണം തിരികെ കൊടുക്കുവാനാകാതെ കേസുകളും, എതിരെയുള്ള വിധികളുമായി മുന്നോട്ട് നീങ്ങുമ്പോൾ ചില ചാനൽ മുതലാളിമാരും അതുപോലെ അല്ലറ ചില്ലറ കേസുകളുമായി നീങ്ങുന്ന ചാനൽ തൊഴിലാളികളും ഇന്നിപ്പോൾ പാർട്ടിയുടെ വക്താക്കളായി മാറിക്കഴിഞ്ഞു.

അവർക്ക് വേണ്ടത് അവരുടെ സ്വകാര്യമായ പ്രശ്ന പരിഹാരങ്ങളും അതുപോലെ ഒരു എംഎൽഎ സീറ്റുമാണ്.

അവർക്ക് സ്വന്തം കൂടപ്പിറപ്പുകളായ ബഷീറിന്റെ മരണവും എസ്.വി പ്രദീപിന്റെ മരണവും സോണി എം ഭട്ടതിരിപ്പാടിൻറെ മരണവും സംവിധായകൻ സച്ചിയുടെ മരണവും അതുപോലെ പലരുടെയും മരണങ്ങളിൽ ഇവരുടെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സലിംകുമാറും ധർമ്മജനും പിഷാരടിയും സുരാജ് വെഞ്ഞാറമ്മൂടും ഒക്കെ വലതുപക്ഷത്തിലേക്ക് കൂടുതൽ അടുത്തപ്പോൾ ഒരു കാര്യം മനസ്സിലായി. സലിം കുമാറും ധർമ്മജനും ഒറിജിനൽ കോൺഗ്രസ്സുകാരെന്ന് പറയുവാൻ മടി കാണിക്കാത്തവരും അതുപോലെ ഒറിജിനൽ വ്യക്തിത്വങ്ങളുമാണ്.

പക്ഷെ രമേശ് പിഷാരടിയുടെ വരവിൽ ആ ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നില്ല. ഇടവേള ബാബുവും കുടുംബവും ജന്മനാ കോൺഗ്രസ്സുകാരാണ്. നടൻ സിദ്ധിഖ് കഴിഞ്ഞ തവണ കോൺഗ്രസ്സിൽ വരാൻ തയാറായിരുന്നു.

പക്ഷെ കടുത്ത കോൺഗ്രസുകാരനായ ജഗദീഷിനെ ഇപ്പോൾ പാർട്ടി വേദികളിൽ കാണാനുമില്ല.
പത്തനാപുരത്തെ ഐശ്വര്യ കേരളയാത്രയിൽ പ്രതീക്ഷിച്ചിരുന്നു. ബിജു മേനോൻ ഒരു നല്ല വ്യക്തിത്വമാണ്. ചങ്കൂറ്റമുള്ളവനുമാണ്.

ജോയ് മാത്യുവിന്റെ രാഷ്ട്രീയവും ചങ്കൂറ്റത്തിന്റേതാണ്. കൂടാതെ കുറെ കീടങ്ങളും ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയം കളിക്കുന്നുണ്ട്.

സിനിമാക്കാർ എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും ആ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയോട് സിപിഎം കാണിച്ച അനീതി ഒരിക്കലും മറക്കരുത്. അതുപോലെ സലിം കുമാർ എന്ന ദേശീയ അവാർഡ് ജേതാവിനോട് കമാലുദ്ധീൻ ചെയ്തതും ഒരിക്കലും മറക്കരുത്.

പാവം പാവം രാജകുമാരന്മാരും അഴകിയ രാവണന്മാരും ചമ്പക്കുളം തച്ചന്മാരും മഴയെത്തും മുൻപേ ഈ പുഴയും കടന്ന് പെരുവണ്ണാപുരത്തെ വിശേഷങ്ങൾക്കും പ്രാദേശിക വാർത്തകൾക്കുമായി ശുഭയാത്രകൾ നടത്തുമ്പോൾ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കൈക്കുടന്ന നിലാവിൽ മഞ്ഞുപോലൊരു പെൺകുട്ടിയായി സ്വപ്നക്കൂടുമായി വന്ന് എന്നോടിഷ്ടം കൂടാമോ എന്ന് ഓർക്കാപ്പുറത്ത് ചോദിച്ചാൽ സ്വപ്നക്കൂട്ടിൽ ഗ്രാമഫോണിൽ ഗസലുകളുമായി മധുരനൊമ്പരക്കാറ്റേറ്റ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തെ ഓർമ്മകളുമായി ഇരിക്കുന്ന ആഗതൻ മേഘമൽഹാർ പോലെ ആയുഷ്കാലം ഉള്ളടക്കം മനസിലാകാതെ വിഷ്ണുലോകം കാണുമ്പോൾ പച്ചക്കുതിരകളും മിന്നാമിന്നിക്കൂട്ടങ്ങളും നിറം മാറുന്നു.

അങ്ങനെ ആമിയും സമീറും ഉണ്ണികൃഷ്ണനും ഗദ്ദാമയും ഒക്കെ പെരുമഴക്കാലത്തെ രാപ്പകലിൽ
പ്രണയമീനുകളുടെ കടലിലേക്ക് പോകുമ്പോൾ സ്വപ്നസഞ്ചാരി ഉട്ടോപ്പ്യയിലെ രാജാവാകുന്നു. ഇവിടെ കറുത്ത പക്ഷികൾ ഗോളടിക്കുന്നു.

ഇനിയും ഇവരെയൊന്നും വളരുവാൻ അനുവദിച്ചുകൂടാ എന്നുറപ്പിച്ചുകൊണ്ട് സംവിധായകൻ ദാസനും ചലച്ചിത്രമേളയിൽ പോയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്നുള്ള വിശ്വാസത്താൽ നടൻ വിജയനും

 

 

 

×