ദൃശ്യം സിനിമയും ഇടതുപക്ഷവും ഒരേ തൂവല്‍പക്ഷികള്‍ – ദൃശ്യത്തിലെ ജോര്‍ജുകുട്ടിയേപ്പോലെ കേരള രാഷ്ട്രീയം കണ്ട ഏറ്റവും നല്ല ജോര്‍ജുകുട്ടിയോ പിണറായി. കള്ളത്തരങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ ഒന്നും നോക്കാതെ യു ടേണ്‍. ഇനി ദൃശ്യം 2 പോലെ എല്‍ഡിഎഫ് 2 വരുമോ ? – ദാസനും വിജയനും

ദാസനും വിജയനും
Friday, February 26, 2021

കേരളം കണ്ടതിൽ വെച്ചേറ്റവും ആവേശജനകവും പണക്കൊഴുപ്പും ചെളിവാരി എറിയലുകളും നിറയുന്ന ഒരു അസംബ്ലി തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുവാൻ പോകുന്നത്.

പിണറായി വിജയൻ എന്ന ഒറ്റയാൻ കേരളത്തിന്റെ മനസ്സും ജനങ്ങളുടെ മനസ്സും ശരിക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുവാൻ കച്ച കെട്ടിയിട്ടുള്ളത്.

പക്ഷെ പിണറായി എന്ന സൂത്രശാലിയായ കുറുക്കനോട് നേരിടുവാൻ കോൺഗ്രസ്സിൽ ഏറ്റവും കരുത്തന്‍ കെ സുധാകരൻ ആണെന്നാണ് ഒരിതെങ്കിലും ഡൽഹിയിലെ കോൺഗ്രസ്സിന്റെ ശാപമായ എകെ ആന്റണിയുടെയും അതുപോലെയുള്ള ചില കിങ്കരന്മാരുടെയും ഒതുക്കലിൽ സുധാകരൻ എന്ന സിംഹം ഇപ്പോളും കൂട്ടിനകത്ത് തന്നെയാണ്.

പിണറായി വിജയന്റെ അണികൾ ഇപ്പോൾ പറയുന്നത് ദൃശ്യം2 പോലെ എൽഡിഎഫ് 2 വരുമെന്നും കേരളത്തിന്റെ ക്ളാസിക് ക്യാപ്റ്റൻ പിണറായി വിജയൻ ആണെന്നും ഒക്കെയാണ്.

അവർ പറയുന്നതിലും കാര്യമില്ലാതില്ല. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ജോർജ്ജ് കുട്ടി
പിണറായി വിജയനെന്ന വ്യക്തിത്വം തന്നെയാണ്.

26 വയസ്സുമുതൽ തുടങ്ങിയ കുഴിച്ചുമൂടലുകൾ ഇതുവരെ ആർക്കും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

ഒന്നിലും തെളിവുകൾ അവശേഷിപ്പിക്കാതെ എല്ലാം വളരെ ഭംഗിയായി നേരിടുന്ന പിണറായി എന്തും പിടിക്കപ്പെടുമെന്ന് തോന്നുമ്പോൾ യു ടേൺ കളികൾ കളിച്ചും എതിരാളികളെ കൈപ്പിടിയിൽ ആക്കിയും അല്ലെങ്കിൽ അവരെ ഒന്നിനും കൊള്ളരുതാത്തവർ ആക്കിയും ജയിച്ചു ജയിച്ചു പോകുന്നു.

കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതിയായിരുന്ന ലാവ്ലിൻ കേസിനെ അട്ടിമറിച്ചത് ആദ്യം കോൺഗ്രസുകാരെ കൊണ്ടായിരുന്നു എങ്കിൽ ഇന്നിപ്പോൾ സാക്ഷാൽ അമിത്ഷായെ ഉപയോഗിച്ചുകൊണ്ട് കേസിനെ നീട്ടിവെച്ചു നീട്ടിവെച്ചു ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ശത്രുക്കള്‍ പാടി നടക്കുന്നത്.

എകെ ആന്റണിയും കെ ശങ്കരനാരായണനും പിജെ കുര്യനും ടികെ നായരുമൊക്കെ ലാവലിൻ കേസുകൾ ഇല്ലാതാക്കുവാൻ ശ്രമിച്ചു എന്നാരെങ്കിലും പറഞ്ഞാൽ അവിശ്വസിക്കേണ്ട കാര്യമില്ല.

അതിന്റെ ഭാഗമായാണ് ഒരു ജഡ്ജ് സിബിഐ കോടതിയിൽ ലാവലിൻ കേസ് വിധി പറഞ്ഞത്. ഇന്നിപ്പോൾ പോലീസ് ഉപദേശകനായിരുന്ന രമൺ ശ്രീ വാസ്തവയും ബിജെപിയുടെയും സിപിഎമ്മിന്റെയും ഇടയിലെ പാലമായ കേരള ഹൗസ് ക്യാബിനറ്റ് റാങ്കുകാരനായ മുൻ എംപിയുമൊക്കെ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിനായി ലാവലിൻ കേസിനെ ബിജെപിക്ക് മുന്നിൽ അടിയറവ് വെപ്പിക്കുമ്പോൾ തോൽക്കുന്നത് അഴിമതി വിരുദ്ധ യജ്ഞമാണ്.

ഒരു രാജ്യത്തിൻറെ കോൺസുലേറ്റ് മുഖേന മന്ത്രിമാരും സെക്രട്ടറിമാരും സ്പീക്കറും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും മക്കളും എംഎൽഎ മാരും ഒക്കെ സ്വർണ്ണവും ഡോളറും മയക്കുമരുന്നും ഒക്കെ കടത്തുമ്പോൾ ഇവിടെ അരങ്ങേറിയത് ഒരു പാരലൽ സാമ്പത്തിക മന്ത്രാലയമാണ്.

നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചപ്പോൾ കേരളത്തിൽ നടക്കുന്നു എന്ന് തോന്നിയ ചില ഇടപാടുകളിലെ സംശയവും സിപിഎമ്മിലെ തന്നെ ചില സ്വർണ്ണക്കടത്തുകാരുടെ വിവേചനപൂർണ്ണമായ ഒറ്റലുകളുമാണ് ഈ സ്വർണ്ണക്കടത്ത് കേസുകൾ വെളിയിൽ വരുവാൻ സഹായകമായത്.

പക്ഷെ സിപിഎം അണികളിൽ ഇതൊരു വലിയ മാന്യമായ സംഭവമാണെന്നും പാർട്ടിയെ തകർക്കുവാൻ കേന്ദ്രവും അമേരിക്കയും ഒക്കെ കളിക്കുന്നു എന്നൊക്കെയുമാണ് ചിന്താഗതി.

അവിടെയാണ് പിണറായി വിജയൻ വീണ്ടും നായകപരിവേഷത്തിൽ അവതരിക്കുന്നത്. അണികളുടെ ഈ വിവരമില്ലായ്മ നേതാക്കന്മാർക്ക് നല്ലവണ്ണം അറിയുകയും അതനുസരിച്ചുള്ള പത്രപ്രസ്താവനകൾ ഇറക്കുകയും ചെയുന്നു.

ഇതിനെ പ്രതിരോധിക്കുവാൻ കോൺഗ്രസ്സുകാർക്ക് ആവുന്നില്ല എന്നതാണ് സിപിഎമ്മിന്റെ ആദ്യ വിജയം.

ഇപ്പോൾ തന്നെ കോൺഗ്രസ്സിൽ 28 മത് വയസ്സിൽ മന്ത്രിയായ, ഒരു തിരഞ്ഞെടുപ്പിലും പാർട്ടിയെ തോൽവി അറിയിക്കാതെ നയിച്ച കുശാഗ്ര ബുദ്ധിക്കാരനായ രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രതിഛായ ഒരളവ് വരെ തകർക്കുവാൻ സിപിഎമ്മിനായിട്ടുണ്ട്.

അദ്ദേഹത്തിന് സങ്കി എന്ന ഓമനപ്പേര് ചാർത്തുന്നതിൽ അവർ ഏറെ വിജയിച്ചു. അതുപോലെ കെ സുധാകരനെ സങ്കിയാക്കുവാൻ ആഞ്ഞു പരിശ്രമിച്ചപ്പോൾ തിരിച്ചു പി ജയരാജനെ സുധാകരൻ സങ്കിയാക്കി മാറ്റിക്കൊണ്ട് മറുപടി കൊടുത്തുകൊണ്ട് സഖാക്കളുടെ വായടപ്പിച്ചു.

രമേശ് ചെന്നിത്തലയും അതുപോലെ കണ്ണിനു കണ്ണ് പല്ലിന് പല്ല് കളികൾ കളിക്കണമായിരുന്നു. പണ്ട് കെ കരുണാകരനെ കരിങ്കാലി ആക്കിയവർ ഉമ്മൻചാണ്ടിയെ പെണ്ണുപിടിയൻ ആക്കുവാൻ കളിക്കുകയും തൽക്കാലം വിജയിക്കുകയും ചെയ്തു.

കെ മുരളീധരന്റെ രാഷ്ട്രീയ ഭാവി കളയുവാൻ ശ്രമിച്ചതും എല്ലാവരും ഓർക്കണം.

ഇത്രയും അഴിമതിക്കഥകൾ തുടർച്ചയായി കിട്ടിയിട്ടും പിണറായി വിജയൻറെ പ്രതിച്ഛായ തകർക്കുവാൻ ആകാത്തതിൽ രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അല്ലറ ചില്ലറ പിടിവാശികൾ ഇല്ലാതെയില്ല.

കോൺഗ്രസ്സ് എന്നത് ഒരു ടീമായി നിന്നുകൊണ്ട് ഓരോ അഴിമതികളും ഓരോ നേതാക്കളെ കൊണ്ട് പറയിപ്പിക്കണമായിരുന്നു.

ഉദാഹരണമായി ഈ അടുത്തുണ്ടായ ജാഥകളിൽ ഏറ്റവും വിജയകരമായ ഐശ്വര്യ കേരളയാത്രക്കിടയിൽ രമേശ് ചെന്നിത്തല തന്നെ കടൽക്കൊള്ള പൊട്ടിച്ചപ്പോൾ അവിടെ കഥ തിരക്കഥ സംഭാഷണം സംവിധാനം ഒക്കെ ഒരാളിൽ ഒതുങ്ങിപ്പോയോ എന്നാരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.

ആ വിഷയം പാർട്ടിയിലെ തന്നെ സമുന്നതരായ മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചുകൊണ്ട് ചെന്നിത്തല ആ വിഷയം ഏറ്റെടുക്കണമായിരുന്നു. എങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തി ആ വിഷയത്തിൽ പ്രതിപക്ഷത്തിന് ലഭിക്കുമായിരുന്നു.

കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴൊക്കെ, അച്യുതാനന്ദനും നായനാരും മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഒരു ഡീൽ നടക്കുന്നുണ്ടെങ്കിൽ അതിൽ കണ്ണൂരിൽ നിന്നുള്ള ലോബി, അത് ശശി ആയിരുന്നാലും ഇപി ജയരാജൻ കോടിയേരി ആയിരുന്നാലും സാക്ഷാൽ പിണറായി വിജയൻ ആയിരുന്നാലും അറിയാതെ ഒന്നും നടക്കാറില്ല.

ചില വീടുകളിൽ അമ്മമാർ പാല് വിറ്റ കാശും കുരുമുളക് വിറ്റ കാശും അടുക്കളയിൽ വെക്കുമ്പോൾ മക്കൾ അതെടുത്ത് മാറ്റി വെക്കുന്നു. ‘അമ്മ ചോദിച്ചാൽ അത് കാണിച്ചുകൊടുക്കുന്നു അല്ലെങ്കിൽ അത് അടിച്ചു മാറ്റുന്നു.

ആ രീതിയാണ് സിപിഐഎമ്മിൽ കാലാകാലമായി നടന്നുവരുന്നത്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ പണം ദേശാഭിമാനിക്ക് എന്ന് പറഞ്ഞു വാങ്ങിയെടുത്തു പിന്നീട് മാതൃഭൂമി വർത്തയാക്കിയപ്പോൾ അത് തിരിച്ചുകൊടുത്തുകൊണ്ട് കേരളത്തിലെ ആദ്യത്തെ യു ടേൺ അടിച്ചു കൊണ്ട് യു ടേൺ യാത്രക്ക് തിരികൊളുത്തി.

വിവാദനായകനായ സേവി മനോ മാത്യുവിന്റെ വീട്ടിൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി താമസം തുടങ്ങിവെച്ചു, സംഭവം വിവാദമായപ്പോൾ വീട് തിരികെ കൊടുത്തുകൊണ്ട് കോടിയേരി യു ടേൺ അടിച്ചു.

വിഎസ് അച്യുതാനന്ദൻ ബന്ധുവിന് ഭൂമിദാനം ചെയ്തു, സംഭവത്തെ സ്വന്തം പാർട്ടിക്കാർ വിവാദമാക്കിയപ്പോൾ ഭാസുരേന്ദ്ര ബാബുവിനെപോലെ ന്യായീകരണം പറയാതെ വിഎസ് അത് തിരിച്ചു വാങ്ങി മറ്റൊരു മാതൃക യു ടേണിൽ സ്ഥാപിച്ചു.

കളമശ്ശേരി ഭൂമി വിവാദത്തിലും കിനാലൂരിലും ഒക്കെ ഈ യു ടേൺ നിർബാധം തുടർന്ന് പോന്നു. ബിനീഷ് ബിനോയ് ദുബായിലെ അറബി വിവാദത്തിലും സിപിഎം യു ടേൺ ചെയ്തുകൊണ്ട് പ്രശ്നം പരിഹരിച്ചു.

ഇന്നിപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി, യു ടേൺ അടിയുടെ ചക്രവർത്തിയായി മാറിയിരിക്കുകയാണ്.

ആദ്യം വാർത്ത പുറത്തുവരുമ്പോൾ ഒരു പൊട്ടനെ പോലെ ”എനിക്കൊന്നുമറിയില്ല” എന്നൊക്കെ പറഞ്ഞുകൊണ്ട് തട്ടി തപ്പുവാൻ നോക്കുമെങ്കിലും പിന്നീട് പ്രശ്നം സങ്കീർണ്ണമാകുമ്പോൾ ഉദ്യോഗസ്ഥരെയും മറ്റുള്ള മന്ത്രിമാരെയും പഴിചാരി രക്ഷപ്പെടുവാൻ ശ്രമിക്കും.

വീണ്ടും സംഭവം വഷളാകുമ്പോൾ യു ടേൺ അടിച്ചുകൊണ്ട് ജനങ്ങളെ പറ്റിക്കുന്ന ഈ അവസ്ഥ തുടങ്ങിയിട്ട് ഏറെ നാളുകളായി. അതിപ്പോൾ സ്പ്രിംഗ്ലർ ആയാലും സ്വപ്ന ആയാലും ശിവശങ്കർ ആയാലും ബെവ് ക്യു ആയാലും പിഡബ്ള്യുസി ആയാലും കെഎസ്ആർടിസി ആയാലും ലൈഫ്മിഷൻ ആയാലും പമ്പ മണൽ ആയാലും വെഞ്ഞാറമ്മൂട് കൊലപാതകം ആയാലും സോമാലിയൻ കടൽ കൊള്ളയായാലും.

ഇന്നത്തെ കേരളത്തിന്റെ ആവശ്യം ഒരു നല്ല മുഖ്യമന്ത്രിയാണ്. ആ കാര്യത്തിൽ രാഹുൽഗാന്ധിയെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ആദ്യം പരിഗണിക്കേണ്ടത്.

ഒരു നല്ല മുഖ്യമന്ത്രിക്കേ ഒരു നല്ല പ്രധാനമന്ത്രിയാകുവാൻ സാധിക്കുകയുള്ളൂ. രമേഷ്ജി തത്കാലം ഒരു കൊല്ലം ഉപ മുഖ്യൻ ആകട്ടെ. ആഭ്യന്തരവും കയ്യിൽ വെച്ചോളൂ. അല്ലെങ്കിൽ പിന്നെ കേരളത്തിന്റെ ബുദ്ധികേന്ദ്രമായ ശശി തരൂർ ഒരു കൊല്ലം മുഖ്യമന്ത്രിയാകട്ടെ.

എങ്കിൽ മാത്രമേ പിണറായി വിജയൻറെ പണക്കൊഴുപ്പിനും കിറ്റുകൾക്കും പത്രപ്പരസ്യങ്ങൾക്കും വർഗീയ പ്രീണനങ്ങൾക്കും ഒരു തടയിടുവാൻ സാധിക്കൂ.

ഇനിയൊരു ദൃശ്യം 2 ആവർത്തിക്കാതിരിക്കുവാൻ ജോർജ്ജ്കുട്ടിയെ വിജയിപ്പിക്കാതിരിക്കുക,

ഇത്തവണ നിങ്ങളുടെ വോട്ടുകൾ പാഴാക്കിയാൽ ഇനിയൊരിക്കലും ദുഖിച്ചിട്ട് കാര്യമില്ല എന്നോർമ്മിപ്പിച്ചുകൊണ്ട്,

സ്വന്തം കാര്യം സിന്ദാബാദ് പറഞ്ഞുകൊണ്ട് ചെന്നിത്തലയിൽ നിന്നും ദാസനും
കടൽകൊള്ളയിൽ മനം നൊന്തുകൊണ്ട് കടലിൽ യു ടേൺ അടിച്ചുകൊണ്ട് സഖാവ് വിജയനും

×