യുഡിഎഫിലെ മാണിക്കെതിരെ സ്പീക്കറുടെ കസേര തള്ളിമറിച്ചിട്ടവര്‍ അതേ മാണിയുടെ പ്രതിമ അനാശ്ഛാദനം ചെയ്ത രാഷ്ട്രീയമുള്ള നാട്ടില്‍ പരസ്പരം വെട്ടിയവര്‍ 22 സീറ്റുകളില്‍ റോക്ക് എന്‍ റോള്‍ കളിക്കില്ലെന്നാര് കണ്ടു – ഇലക്ഷന്‍ 21 – ദാസനും വിജയനും

ദാസനും വിജയനും
Wednesday, March 3, 2021

ശരിക്കും പറഞ്ഞാൽ സിപിഎം-ആർഎസ്എസ് അന്തർധാര കേരളത്തിൽ തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. സഖാവ് ഇഎംഎസിന്‍റെ കാലം മുതൽ തുടങ്ങിയ ആ ബാന്ധവം നായനാരുടെ കാലഘട്ടത്തിലും വിഎസിന്‍റെ കാലഘട്ടത്തിലും അന്തർധാരയായി തന്നെ നിലകൊണ്ടു.

ഇന്നിപ്പോൾ പിണറായി കോടിയേരി വിജയരാഘവൻ എംവി ഗോവിന്ദൻ കാലഘട്ടം വന്നപ്പോൾ അത് ബാഹ്യധാരയായി മാറിയെന്നേയുള്ളൂ. ഇവർ തമ്മിലുള്ള അടി തുടങ്ങുന്നത് എൺപതുകളിലാണ്.

അന്ന് ആർഎസ്എസ് കേരളത്തിൽ കൂടുതൽ വേരോടുവാൻ തുടങ്ങിയപ്പോൾ ചില ഭാഗങ്ങളിലെ സഖാക്കൾ കൂട്ടത്തോടെ സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ആർഎസ്എസുമായി കൂടുതൽ അടുക്കുകയും ചെയ്തു.

സ്വാഭാവികമായും കടൽത്തീരത്തെ സിപിഎം അനുഭാവികളും പിന്നെ കണ്ണൂർ കാസർഗോഡ് കൊടുങ്ങല്ലൂർ ഭാഗങ്ങളിലെ സഖാക്കളും ഒക്കെയാണ് ധാരാളമായി ആർഎസ്എസിലേക്ക് ഒഴുകി തുടങ്ങിയത്.

1989 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിപി സിങ്ങിന്റെ പേരും പറഞ്ഞുകൊണ്ട് സിപിഎം ബിജെപി ബന്ധം വളരെ വ്യക്തമായി കേന്ദ്രത്തിൽ അരങ്ങേറിയപ്പോൾ ബിജെപി രണ്ടു സീറ്റിൽ നിന്നും 85 സീറ്റിലേക്ക് ഉയർന്നു. സിപിഎം ഇതുവരെ ആ ബന്ധത്തെ കുറിച്ച് ‘കമാ’ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.

എങ്കിലും അതൊന്നും ആരും മറക്കാത്ത യാഥാർഥ്യങ്ങൾ ആയിരുന്നു. ആ കള്ളത്തരത്തെ മറയ്ക്കുവാൻ 1991 തിരഞ്ഞെടുപ്പിൽ വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം എന്നൊരു സംഭവത്തെ അവർ ഉപയോഗിച്ചു. അതിപ്പോഴും സിപിഎം അണികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കെജി മാരാരുമായും അബ്ദുൾനാസർ മദനിയുമായും ബന്ധമുണ്ടാക്കിയത് അവരെന്നോ മറന്നു.

1992 ഒറ്റപ്പാലം ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പിൽ ശിവരാമന് വേണ്ടി അന്നത്തെ ഐഎസ്എസ് ന്റെ അബ്ദുൾനാസർ മദനി രംഗത്തിറങ്ങിയപ്പോൾ സിപിഎം ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിന് മേലെയായിരുന്നു. ആ പാലം പണിതത് പൂന്തുറ സിറാജ് എന്ന പിണറായി ഭക്തൻ ആയിരുന്നു.

കാലാകാലങ്ങളിലായി മണ്ഡലങ്ങളിലെ ജാതി നോക്കിയും മതം നോക്കിയും ജാതിയിലെ ഉപജാതി നോക്കിയും മതത്തിലെ വിഭാഗങ്ങൾ നോക്കിയും ഒക്കെ തന്നെയാണ് സിപിഎം സ്ഥാനാർത്ഥി നിർണ്ണയങ്ങൾ നടത്തിയിട്ടുള്ളൂ. എകെ ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ചത് പോലെ, കെ മുരളിധരൻ കൊടുവള്ളിയിൽ മത്സരിച്ചതുപോലെയുള്ള റിസ്കുകൾ എടുക്കാനൊന്നും ഇതുവരെ പിണറായി വിജയനും കോടിയേരിയും ഈ വർഗീയത വിളമ്പി നടക്കുന്ന വിജയരാഘവൻ വരെ തയാറായിട്ടില്ല.

സിപിഎം മതത്തിനെതിരാണ് എങ്കിൽ എന്തുകൊണ്ട് പിണറായി വിജയൻ തവനൂരിലോ കെടി ജലീൽ ധർമ്മടത്തോ മത്സരിക്കുവാൻ ചങ്കൂറ്റം കാണിക്കുന്നില്ല.

യുഡിഎഫിലെ മാണിക്ക് എതിരെ സ്പീക്കർ കസേര തള്ളി മറിച്ചിട്ടവർ അതേ മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത നാടാണ് കേരളമെന്നുള്ളതുകൊണ്ടും അതൊക്കെ അംഗീകരിക്കുവാൻ അണികൾ തയാറായിട്ടുള്ളതുകൊണ്ടും ഇവിടെ ആർക്കും എന്തും പ്രസംഗിക്കാം.

സ്വർണ്ണക്കടത്ത് വിഷയം വന്നതുമുതൽ കേന്ദ്ര സംസ്ഥാന ഭരണകക്ഷി ബന്ധങ്ങള്‍ ഏതാണ്ടൊക്കെ അരക്കിട്ടുറപ്പിച്ചത് പോലെയായിരുന്നു. അണികൾ സോഷ്യൽ മീഡിയയിലും വെഞ്ഞാറംമൂട്ടിലും മട്ടന്നൂരും ഒക്കെ അങ്കം വെട്ടി മരിക്കുമ്പോൾ ഈ പറഞ്ഞ നേതാക്കന്മാരൊക്കെ സ്വർണ്ണത്തിൽ മുങ്ങി കളിക്കുകയായിരുന്നു.

സ്വർണ്ണം മാത്രമല്ല, മയക്കുമരുന്നിലും റിവേഴ്സ് ഹവാലയിലും ഒക്കെ ഇവർ ഒരുമിച്ചാണ് കരുക്കൾ നീക്കുന്നത്. തൃശൂർ ജില്ലയിലെ പ്രമുഖ കേന്ദ്ര ഭരണ നേതാവ് സ്വർണ്ണം കോയമ്പത്തൂരിലേക്ക് കടത്തുന്നത് സ്വന്തം അമ്മയെയും കുടുംബത്തെയും കാറിലിരുത്തിയാണ്.

അതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സംസ്ഥാനത്തെ പോലീസ് ഉന്നതരാണ്. മണൽ കടത്തൊക്കെ ഇവർ ഇതേ രീതികൾ തന്നെയാണ് രൂപപ്പെടുത്തിയത്. പകൽ തമ്മിൽ കണ്ടാൽ കീരിയും പാമ്പും, രാത്രി കർസേവയും !!!

സ്വർണ്ണക്കടത്തിന്റെ അന്വേഷണം അപ്രതീക്ഷിതമായി ചില വിശ്വനാഥന്മാരിലേക്ക് നീങ്ങിയപ്പോൾ അവർ നിലനിൽപ്പിനായി കേന്ദ്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുണ്ടാക്കിയ അന്തർധാരകളാണ് ഇന്നിപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ പ്രത്യുപകാരമായി നാലല്ല നാൽപ്പത് ഏക്കർ കൊടുത്താലും അത്ഭുതപ്പെടേണ്ടതില്ല.

അന്വേഷണങ്ങൾ മറ്റുള്ള മന്ത്രിമാരിലേക്കും സ്പീക്കറിലേക്കും എന്തിനധികം പ്രമുഖന്‍റെ മകളിലേക്കും നീങ്ങുമെന്നായപ്പോൾ തലസ്ഥാനത്തെ ഒരു ഉന്നത ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ് ഈ ഡീലിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

അതിന്നായി മെഗാസ്റ്റാറുകൾ വരെ അണിനിരന്നപ്പോൾ മാത്രമാണ് കേന്ദ്ര പിന്തുണക്കാരനായിരുന്ന ഒരു സംവിധായകൻ ആ പാർട്ടിയിൽ നിന്നും പടിയിറങ്ങിയത്.

കേരളത്തിലെ ബിജെപിയിലെയും ആർഎസ്എസിലെയും നേതാക്കന്മാർ വരെ അറിയാതെയാണ് ഇവർ ഇക്കളികൾ കളിക്കുന്നത്.

കേരളത്തിലെ ആർഎസ്എസ്-സിപിഎമ്മിന്റെ ഇപ്പോഴത്തെ പാലം പണിതയാൾക്ക് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണം ലഭിച്ചിരിക്കുന്നത് ഒരു റോൾസ് റോയ്സ് കാറാണ്.

മലയാളിയുടെ ചിന്താഗതികളും വരുമാന മാർഗ്ഗങ്ങളും സമ്മാനരീതികളും എല്ലാം മാറി എന്നതിന്റെ തെളിവാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാറോളം സീറ്റുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നെങ്കിലും അതിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും സംഘ പരിവാറിന്റെയും സകലമാന പ്രൊപ്പോഗണ്ടകളും ഇല്ലാതാക്കിക്കൊണ്ട് യുഡിഎഫ് പത്തൊൻപത് സീറ്റുകളിൽ വൻ ഭൂരിപക്ഷം നേടിയപ്പോൾ അമിത്ഷാ വരെ കേരളത്തെ എഴുതിത്തള്ളി.

ഇത്തവണത്തെ ഡീലിൽ 22 സീറ്റുകളാണ് ബിജെപിയെ സഹായിക്കുവാൻ എൽഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസുകാരുടെ അടിസ്ഥാനപരമായ ആരോപണം. പകരമായി ബാക്കി വരുന്ന 118 സീറ്റുകളിൽ സംഘ് പരിവാറുകാർ എൽഡിഎഫിനെ സഹായിക്കണമത്രെ. ബിജെപിക്കാരല്ല എൽഡിഎഫിന് വോട്ട് മറിക്കേണ്ടത്, പകരം കടുത്ത ആർഎസ്എസ് വോട്ടുകളാണ് മറിച്ചു കുത്തുവാൻ ഓർഡർ ഇറക്കിയിട്ടുള്ളതത്രെ.

കാരണം ബിജെപിക്കാരിൽ സാധാരണക്കാരും ഉള്ളത് കൊണ്ട് ചിലപ്പോൾ വിവരങ്ങൾ ചോർന്നേക്കാം. ആർഎസ്എസ് ആകുമ്പോൾ അവർ ആ കേഡർ നിലപാടിൽ ഉറച്ചുനിന്നേക്കാം. പക്ഷെ ഇക്കാര്യത്തിൽ ആർഎസ്എസിന്റെ വാർ റൂമുകളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നടന്നു വരുന്നുവെന്നാണ് എതിരാളികള്‍ പറയുന്നത്.

വർഷങ്ങളായി പാകിസ്ഥാനെക്കാൾ ശത്രുക്കളായി കണ്ടിരുന്ന, തങ്ങളുടെ കൂടപ്പിറപ്പുകളെ വെട്ടിനുറുക്കിയ സിപിഎമ്മിന് വോട്ടു ചെയ്യേണ്ടതായി വന്നാൽ ബലിദാനികൾ മേലെ ഇരുന്നുകൊണ്ട് ശപിക്കുവാൻ സാധ്യത ഉണ്ട് എന്ന് ആർഎസ്എസുകാര്‍ തന്നെ പറഞ്ഞു നടക്കുന്നതായും എതിരാളികള്‍ പ്രചരിപ്പിക്കുന്നു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവും പ്രതിരോധത്തിലായ വിഷയമായിരുന്നു ലാവലിനും സ്വണ്ണക്കടത്തും.

പക്ഷെ സ്വർണ്ണക്കടത്തിൽ സമൂഹത്തിലെ സിനിമ-സാംസ്കാരിക-സാമ്പത്തിക മേഖലയിലെ പല കൊമ്പൻ സ്രാവുകളും ഉൾപ്പെട്ടപ്പോൾ അവരെല്ലാം അകത്താകും എന്ന നിലയിൽ അന്വേഷങ്ങൾ നീണ്ടപ്പോൾ, അന്വേഷണം അജിത് ഡോവലും ഷൗക്കത് അലിയുമൊക്കെ ഏറ്റെടുത്തപ്പോൾ ഈ തിരഞ്ഞെടുപ്പ് കോമ്പ്രമൈസ് അല്ലാതെ സിപിഎമ്മിന്റെ മുന്നിൽ വേറെ മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

പിണറായി വിജയൻ ചിരിച്ചു കാണിക്കുവാൻ കോടിക്കണക്കിന് രൂപ മീഡിയയിലും റോഡ്വക്കിലെ ഹോർഡിങ്ങുകളിലും പത്രത്തിന്റെ മുൻ പേജുകളിലും ചിലവാക്കിയപ്പോൾ, ചെറുപ്പക്കാർ കുറെയധികം പേരും ആ കള്ളക്കളികളിൽ കമിഴ്ന്നു വീണപ്പോൾ സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് ചിന്തിക്കുവാൻ പറ്റാതെയായി.

സ്വന്തം മന്ത്രിസഭയിലെ മൂന്നോളം മന്ത്രിമാരും സ്വന്തം സ്റ്റാഫിലെ ഒട്ടുമിക്കവരും എന്തിനധികം നിയമസഭയിലെ സ്പീക്കർ വരെ തലയിൽ തോർത്തുമുണ്ടിട്ട് എന്നും അന്വേഷണം നേരിടുവാൻ പോകുന്നത് കാണുമ്പോൾ ആർക്കാണ് സഹിക്കുക.

അപ്പോൾ പിന്നെ പത്ത് സീറ്റെങ്കിൽ സീറ്റ്. മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന ചിന്താഗതിയിലാണ് സമൂഹത്തിലെ സിനിമ ഉന്നതന്മാർ ഈ കോംപ്രമൈസുകൾക്ക് കളമൊരുക്കിയത്.

മാപ്പിള സഖാക്കളുടെ വോട്ടുകൾ വിശ്വസിക്കാനാവില്ല എന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടതുകൊണ്ട് എന്തായാലും ബിജെപി എങ്കിൽ ബിജെപി എന്ന് കരുതിയതിലും തെറ്റുകൾ പറയാനാകില്ല.

സിപിഎമ്മിന്റെ സീറ്റുവിഭജനത്തിൽ വരെ ആർഎസ്എസ് നോമിനികൾ കയറിക്കൂടുമെന്നാണ് മേല്‍പ്പറഞ്ഞ കോണ്‍ഗ്രസ് ശത്രുക്കള്‍ പറയുന്നത്. അതിന്റെ ലക്ഷണങ്ങൾ തൃത്താലയിലിട്ട് എംബി രാജേഷിനെ ഇല്ലാതാക്കുമ്പോഴും വൈപ്പിനിൽ എസ് ശർമയെ വെട്ടിനിരത്തിയപ്പോഴും നാം കണ്ടു.

ഇത്തവണത്തെ എൽഡിഎഫ് സീറ്റുവിഭജനത്തിൽ ഈ ഒരു ബാന്ധവം മറനീക്കി പുറത്തു വരും.

അതിന്റെ ഭാഗമായാണ് സഖാവ് വിജയരാഘവൻ ശിഹാബ് തങ്ങളെയും ന്യുന പക്ഷങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കുന്നതത്രെ. ലവ് ജിഹാദ് വിഷയത്തിലും, ഹലാൽ വിഷയത്തിലും ഏറ്റവും കൂടുതൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് സിപിഎമ്മിന്റെ നേതാക്കൾ മാത്രമാണ്.

കേരളത്തിലെ ബിജെപിക്കാരായാലും ആർഎസ്എസുകാരായാലും സാമാന്യം ഒരു മര്യാദ ഉൾക്കൊണ്ടു മാത്രമേ പ്രസംഗിക്കാറുള്ളൂ. ശശികല ടീച്ചർ വരെ ഇപ്പോൾ പഴയപോലെ വിഷം തുപ്പുന്നില്ല. പക്ഷെ സിപിഎം സെക്രട്ടറി ഒരാൾ മതി ഇന്നത്തെ ബിജെപിയുടെ ക്ഷീണം തീർക്കുവാൻ.

കെ സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം ഏത് കുരിശിനെ കൂട്ട് പിടിച്ചാണെങ്കിലും അഞ്ച് സീറ്റ് ഒപ്പിക്കണം എന്നത് അത്യാവശ്യമായ ഒരു കാര്യമാണ്.

എന്നാലേ അമിത്ഷായുടെ മുന്നിൽ കൈകൂപ്പിയാണെങ്കിലും നിൽക്കുവാൻ സാധിക്കുകയുള്ളൂ.

ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും ഇലക്കുമാത്രമേ കേടുപാടുകൾ സംഭവിക്കൂ, ഇവിടെ ആരാണ് മുള്ള് ആരാണ് ഇല എന്നത് ദൃശ്യം 2 വിലെ ജോർജ്ജ്കുട്ടിയെ പോലെ ദുരൂഹതയായി അവശേഷിക്കുന്നു.

എന്തായാലും സുമാബി സഖ്യം മുന്നേറട്ടെ,

വഴിയല്ല പ്രധാനം ലക്ഷ്യമാണെന്ന വിശ്വാസത്തിൽ മെഗാസ്റ്റാർ ദാസനും എൻഐഎ, ഇഡി, കസ്റ്റംസ്, നാർകോട്ടിക്സ് ഇവരൊക്കെ ഭായ് ഭായ് എന്ന വിശ്വാസത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് വിജയനും

×