Advertisment

മോന്‍സന്‍റെ തട്ടിപ്പില്‍ പണം പോയത് പണത്തിനോട് ആർത്തിയുള്ള ചില വ്യക്തികൾക്കും ബ്ലാക്ക് മണിക്കാർക്കും ഒക്കെയാണ്. എന്നാല്‍ കരുവന്നൂർ ബാങ്കിൽ നിന്നും പാവപ്പെട്ടവര്‍ക്ക് നഷ്ടമായത് ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമാണ്. മാധ്യമങ്ങളുടെ നിലവിളി കേട്ടാല്‍ ആരാണ് 'പാവങ്ങള്‍' തെറ്റിദ്ധരിച്ചു പോകും! സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്നിപ്പോൾ മോൺസന്റെ പുരാവസ്തുക്കൾ പോലെയാണ് - ദാസനും വിജയനും എഴുതുന്നു

New Update

ഡോക്ടർ മോൺസൺ മാവുങ്കലാണ് ചാനലുകൾ നിറയെ. ആ മനുഷ്യൻ പറ്റിച്ച ജനതയെ കളിയാക്കിയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയ നിറയെ . കേരളത്തിൽ ഇതൊന്നും പുത്തരി അല്ലെന്നിരിക്കെ ഇക്കാര്യങ്ങൾ വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന മുഖ്യധാരാ ചാനലുകളും പത്രങ്ങളും ഇടതടവില്ലാതെ മോൺസന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവിടെ നഷ്ടമാകുന്നത് ഒരു വാർത്താസംസ്കാരമാണ് .

Advertisment

publive-image

ഇവിടെ പറ്റിക്കപ്പെട്ടിരിക്കുന്നത് നോട്ടിരട്ടിപ്പ് സംഘങ്ങൾക്കും പലിശക്കാർക്കും പണത്തിനോട് അമിതമായി ആർത്തിയുള്ള ചില വ്യക്തികൾക്കും ബ്ലാക്ക് മണിക്കാർക്കും ഒക്കെയാണ് . അല്ലാതെ അധ്വാനിച്ചു പണമുണ്ടാക്കിയ ഒരുത്തനോ പാവപ്പെട്ടവനോ നല്ല രീതിയിൽ നടക്കുന്നവനോ അല്ല .

അവരുടെ ഇടനിലക്കാർ ആയിരുന്ന സഹീൻ ആന്റണി പോലുള്ള ചാനല്‍ പിമ്പുകള്‍ക്കും എല്ലാ ചന്തക്കും പോകുന്ന ചില പോലീസ് മേധാവി കൾക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .

publive-image

കരുവന്നൂർ ബാങ്കിൽ നിന്നും അതുപോലെയുള്ള സർവീസ് സഹകരണ ബാങ്കുകളിലും കബളിപ്പിക്കപ്പെട്ട ആയിരങ്ങൾ ഉള്ള നാടാണിത് . ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കിയ സംഭവ വികാസങ്ങൾ കേരളത്തിൽ അരങ്ങേറിയിട്ടും ആ വിഷയങ്ങൾ ഗൗരവമായി എടുക്കാതെ എല്ലാവരും പുരാവസ്തുക്കളുടെ പിന്നാലെയാണ് .


മക്കളുടെ കല്യാണങ്ങൾക്കും വീടുപണിക്കും ഒക്കെ വെച്ചിരുന്ന കോടിക്കണക്കിനു രൂപയാണ് കരുവന്നൂരിലെ ബിജുമാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൊണ്ട് പുട്ടടിച്ചത് .


അങ്ങനെയുള്ള വാർത്തകൾ സാധാരണക്കാരിൽ എത്തുന്നതിന്റെ മുൻപേ ബിഷപ്പിന്റെ നർക്കോട്ടിക്‌സ് ജിഹാദും മോശയുടെ അംശവടിയുമൊക്കെയായി കേരളത്തിലെ മുഖ്യവാർത്തയും മാധ്യമങ്ങളുടെ അന്തി ചർച്ചയും.

ഏതെങ്കിലും ജനപ്രതിനിധി ആ വഴിയെങ്ങാനും പോയാൽ പിന്നെ അയാളെ കൊന്നു കൊലവിളിക്കുന്ന കടമ വളരെ ഭംഗിയായി ചാനലുകാർ ഏറ്റെടുത്തു കഴിഞ്ഞു . കേരളത്തിൽ എല്ലാ കാര്യങ്ങളിലും പുകമറകൾ സൃഷിടിച്ചുകൊണ്ടുള്ള വാർത്തകൾ സർവ സാധാരണമാണ് . കാലാകാലങ്ങളായി അതിവിടെ നടന്നു പോകുന്നുമുണ്ട് .

publive-image

നാടിനെയും നാട്ടുകാരെയും ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾ നമ്മുക്ക് ചുറ്റിലുമുണ്ട് . പക്ഷെ അതൊക്കെ വളരെ നൈസായി ഒഴിവാക്കിക്കൊണ്ട് പെൺവാണിഭ കഥകളും , സീരിയൽ നടിമാരുടെ പൂർവകാല കഥകളും , സിനിമാനടിമാരുടെ ഗർഭവും ഗർഭ കാലഘട്ടങ്ങളും, വിവാഹ മോചന വിശേഷങ്ങളും , മനുഷ്യനെ തരിപ്പിക്കുന്ന ഇക്കിളി കഥകളുമൊക്കെ വൈകുന്നേരമായാൽ ഇറക്കിവിടുന്ന മുഖ്യധാരാ പത്രങ്ങളും ചാനലുകളും വാർത്ത ദാരിദ്ര്യത്തിൽ ഒന്നുമല്ല . അവർക്ക് വേണ്ടത് മറ്റു പലതുമാണ് .

ഓരോരോ ചാനലുകളും പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ഇന്നിപ്പോൾ ഓരോരോ വ്യക്തിയുടെയോ രാഷ്ട്രീയപാർട്ടിയുടെയോ മതത്തിന്റെയോ ഒക്കെ സംരക്ഷണത്തിലാണ് നിലകൊണ്ടുപോകുന്നത് .


സ്വതന്ത്രമായ മാധ്യമ പ്രവർത്തനം എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു, ആഗോള തലത്തിലും ദേശീയതലത്തിലും ഇന്നിപ്പോൾ കേരളത്തിലും . മാധ്യമ നിലപാടുകൾ എന്നത് മോൺസന്റെ പുരാവസ്തുക്കൾ പോലെയായിരിക്കുന്നു .


തോന്നിയതുപോലെ വാർത്തകൾ , തോന്നിയതുപോലെ റിപ്പോർട്ടുകൾ , തോന്നിയതുപോലെ ഇന്റർവ്യൂകൾ. എല്ലാവരിലും ആവശ്യത്തിൽ കൂടുതൽ തള്ളുകൾ .

publive-image

ആവശ്യത്തിൽ കൂടുതൽ പൊങ്ങച്ചം , ആവശ്യത്തിൽ കൂടുതൽ അഹങ്കാരം . ആർഭാടങ്ങൾക്ക് പിന്നാലെ പോകുന്നവർ ഒരു കാർ വാങ്ങിയാൽ അത് എങ്ങനെ വാങ്ങി എന്നത് മനസ്സിലാക്കാതെ അല്ലെങ്കിൽ ശ്രദ്ധിക്കാതെ അവരുടെ കാറിൽ കയറിയുള്ള യാത്രകൾ , അവർ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ പ്രണയിച്ച കഥകൾ , മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ആദ്യമായി ആൽക്കഹോൾ സേവിച്ച കഥകൾ , അങ്ങനെ അങ്ങനെ...

ഇതൊക്കെ കാണുമ്പോൾ , അങ്ങനെയുള്ളവരെ സമൂഹം പൊക്കി പറയുന്നത് കാണുമ്പൊൾ , അവർക്കുള്ള സോഷ്യൽ മീഡിയ ലൈക്കുകൾ കാണുമ്പൊൾ സാധാരണക്കാരായ ചെറുപ്പക്കാർ സ്വർണ്ണം കടത്തിയും , കടത്തുന്നവരെ പൊട്ടിച്ചും , ഡോളർ കടത്തിയും , മയക്കുമരുന്ന് കച്ചവടങ്ങൾ നടത്തിയും സമൂഹത്തിൽ പണക്കാരനാകുവാൻ , അങ്ങനെ വിലകൂടിയ കാറുകൾ വാങ്ങുവാൻ , സിനിമാനടികളുമായി വിലസുവാൻ , പോലീസ് ഉദ്യോഗസ്ഥരുമായി ചങ്ങാതുമുണ്ടാക്കുവാൻ , മന്ത്രിമാരെ കൂട്ടുകാരാക്കുവാൻ വ്യഗ്രത കാണിക്കുന്നു .

പണ്ടൊക്കെ ഒരു മന്ത്രിയുമായി കൂട്ടുകൂടുവാനോ , പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിക്കുവാനോ സിനിമ നായകനുമായി അടുപ്പക്കാരനാകുവാനോ ധാരാളം കടമ്പകൾ ഉണ്ടായിരുന്നു .

ക്ഷണിക്കുന്ന എല്ലാ വിവാഹങ്ങൾക്കും, എല്ലാ ഉത്ഘാടനങ്ങൾക്കും പോയിരുന്നത് എല്ലാവരുടെയും കുടുംബമഹിമയും സ്ഥാനമാനങ്ങളും ഒക്കെ നോക്കിയായിരുന്നു .

പിന്നീട് എല്ലാറ്റിന്റെയും മാനദണ്ഡങ്ങൾ പണവും , കാറും , വീടും സൗകര്യങ്ങളുമൊക്കെ നോക്കിയായിരുന്നു. ആർക്കും ആരെയും കാണാവുന്ന തരത്തിൽ ഗൾഫിലും അമേരിക്കയിലുമൊക്കെ ഇവർ സന്ദർശിക്കുന്ന വേളകളിൽ സാഹചര്യങ്ങൾ ഉയർന്നു .

publive-image

അങ്ങനെ സാഹചര്യങ്ങൾ ഉയർന്നപ്പോൾ നാട് മുഴുവൻ ഓരോരോ സ്വപ്നമാരും , സരിതമാരും , മോൺസൺ മാരും ഇറ്റലിക്കാരിമാരും മുളച്ചുപൊന്തി . കൊച്ചി അവരുടെ ആസ്ഥാനമായി മാറി .

സിനിമാക്കാരും ചാനൽ റിപ്പോർട്ടർമാരും മെല്ലെ മെല്ലെ സ്ഥലക്കച്ചവടവും അല്ലാതെയുമുള്ള ബ്രോക്കർമാരുമായി മാറി .


മോന്‍സന്‍റെ സംഭവത്തില്‍ വിവാദത്തിലായ മാധ്യമ പ്രവര്‍ത്തകന്‍ 5 വര്‍ഷം മുന്‍പ് വണ്ടിക്കൂലിക്ക് പണമില്ലാതെ നടന്ന പയ്യനാണ്. ഇപ്പോള്‍ കക്ഷിക്ക് ഏര്‍ണാകുളത്ത് 3 ഹോട്ടലുകള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ ഷെയര്‍, ഇന്നോവ ക്രിസ്റ്റ ഒക്കെയുണ്ട്. എല്ലാം വളരെ പെട്ടെന്നായിരുന്നു.


അക്കഥകള്‍ ഇ ഡി അന്വേഷിക്കുന്നുണ്ട്. അവരെല്ലാം ചേർന്നുകൊണ്ട് നാട്ടിൽ എന്ത് ചെയ്താലും മറച്ചുവെക്കുവാൻ രാഷ്ട്രീയക്കാരെയും പോലീസുകാരെയും കൂടെ കൂട്ടി .

ഇലക്ഷൻ വരുമ്പോൾ ക്യാമ്പയിനുകൾ വരെ ചെയ്യുവാൻ ഇക്കൂട്ടർ രംഗത്തെത്തി . പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാലം ഇട്ടുകൊണ്ട് അവരവരുടെ കാര്യങ്ങൾ ഭംഗിയായി നടത്തിപ്പോന്നു .

കൂടാതെ ഇവർ എങ്ങനെയെങ്കിലും , കള്ളക്കടത്തിലോ , മയക്കുമരുന്നിലോ , ഹവാലയിലോ , ആഫ്രിക്കൻ സ്വർണ ഖനനത്തിലോ പണമുണ്ടാക്കി ആദ്യം ഉണ്ടാക്കുന്നത് നല്ല നല്ല ബന്ധങ്ങളാണ് . അതിന്നായി പണം വീശിയെറിയുന്നു . പിടിക്കേണ്ടവരെ പിടിക്കുന്നു , കാണേണ്ടവരെ കാണുന്നു . അവരെ സുഖിപ്പിക്കുന്നു .

പിന്നീട് തിരഞ്ഞെടുപ്പ് വരുമ്പോൾ പണം കോരിയെറിഞ്ഞുകൊണ്ട് സ്ഥാനാർത്ഥിയാകുന്നു . കേരളത്തിൽ ഒരു മണ്ഡലത്തിൽ നാലും അഞ്ചും കോടി പൊടിച്ചാൽ എംഎൽഎ ആകാം , വേണേൽ മന്ത്രിയുമാകാം . അതാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് .

publive-image

ഇനി ഇതെല്ലാം അവസാനിപ്പിക്കണമെങ്കിൽ വളരെ പെട്ടെന്നൊന്നും ആർക്കും സാധ്യമല്ല . ഇതൊരു വലിയ ചങ്ങലയാണ് . മദ്യവും മയക്കുമരുന്നും , പെണ്ണും ഒക്കെ ചേർന്നുകൊണ്ടുള്ള വലിയ ചങ്ങല .

ഈ ചങ്ങല പൊട്ടിക്കുവാൻ ജനം തീരുമാനിക്കണം. അല്ലാതെ രാഷ്ട്രീയക്കാരെയോ മറ്റുള്ളവരെയോ ആശ്രയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല .അത് തീർച്ച !!!

ഏറെ വിഷമത്തോടെ കരുവന്നൂരിലെ ബാങ്കിൽ പണം നിക്ഷേപിച്ചു ജീവിതം കോഞ്ഞാട്ടയായ ദാസനും മോശയുടെ അംശവടി ഉണ്ടാക്കി കൂലി കിട്ടാത്ത ശിൽപ്പി വിജയനും

monson mavunkal
Advertisment