Advertisment

ക്വാ‌ർട്ടർ കളിക്കാൻ ഭാഗ്യമില്ലാതെ ജപ്പാൻ; ഏഷ്യൻ പ്രതീക്ഷയെ തല്ലിക്കെടുത്തി ക്രൊയേഷ്യ, മൂന്ന് കിക്കുകൾ തടുത്തിട്ട ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് സൂപ്പർ ഹീറോ, കഴിഞ്ഞ തവണത്തെ റണ്ണ‌ർ അപ്പുകളെ വിറപ്പിച്ചെന്ന് സമാധാനിച്ച് ജപ്പാൻ. ഷൂട്ടൗട്ടിൽ പിഴച്ചുപോയ ജപ്പാൻ കരയുന്നു !

New Update

ദോഹ : ക്വാ‌ർട്ടർ കളിക്കാൻ ഭാഗ്യമില്ലാതെ ജപ്പാൻ. 120 മിനിറ്റ് നിലവിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ സമനിലയിൽ പിടിച്ചുനിറുത്തിയിട്ടും ഷൂട്ടൗട്ടിൽ പിഴച്ചുപോയ ജപ്പാന് ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടറിലെത്തുക എന്ന മോഹം ഉള്ളിലവശേഷിപ്പിച്ച് നാട്ടിലേക്ക് മടങ്ങണ്ടിവരുന്നു. ഇന്നലെ ഈ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ടിൽ ജപ്പാനെ 3-1ന് കീഴടക്കിയാണ് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലെത്തിയത്.

Advertisment

publive-image


നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 43-ാം മിനിട്ടിൽ മയീദയുടെ ഗോളിലൂടെ ജപ്പാൻ മുന്നിലെത്തിയപ്പോൾ 55-ാം മിനിട്ടിൽ ഇവാൻ പെരിസിച്ചാണ് കളി സമനിലയിലാക്കിയത്. ജപ്പാന്റെ മൂന്ന് കിക്കുകൾ സുന്ദരമായി തട്ടിക്കളഞ്ഞ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചാണ് മത്സരത്തിലെ സൂപ്പർ ഹീറോയായത്.


അതിരുവിട്ട ആക്രമണങ്ങൾക്ക് മുതിരാത്ത ശൈലിയുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. സുന്ദരമായ അവസരങ്ങൾ ഇരുടീമുകളും ഒരുക്കിയെടുത്തിരുന്നു. ക്രൊയേഷ്യ പന്തിന്റെ നിയന്ത്രണം നിലനിറുത്തി അവസരങ്ങൾ തുന്നിയെടുക്കാൻ നോക്കിയപ്പോൾ ജപ്പാൻ പന്തുകാലിൽ കിട്ടുമ്പോഴൊക്കെ ഇരച്ചു കയറുവാൻ ശ്രമിച്ചു.

നായകൻ ലൂക്കാ മൊഡ്രിച്ചാണ് കൊയേഷ്യൻ മുന്നേറ്റങ്ങൾ മെനഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജപ്പാന്റെ ബോക്സിനുള്ളിൽ പന്തെത്തിക്കാനും സ്കോർ ചെയ്യാനുമുള്ള ലൂക്കയുടെയും കൂട്ടരുടെയും ശ്രമങ്ങളൊക്കെയും പ്രതിരോധം വിഫലമാക്കിക്കൊണ്ടിരുന്നു. ഹൈബാളുകൾ കളിക്കാനുള്ള ക്രൊയേഷ്യയുടെ തന്ത്രവും ജപ്പാന്റെ പ്രതിരോധം നിർവീര്യമാക്കി.

ഇതിനിടയിലാണ് 43-ാം മിനിട്ടിലെ ജപ്പാന്റെ ആദ്യ ഗോൾ പിറന്നത്. ഡൊവാൻ ഷോർട്ടായി എടുത്ത ഒരു കോർണറിൽ നിന്നുള്ള ഹൈക്രോസ് ആദ്യം ഹെഡ് ചെയ്തത് യോഷിദയാണ്.അടുത്തഷോട്ടിൽ മയീദ പന്ത് വലയിലേക്ക് തട്ടിയിട്ടപ്പോൾ റഷ്യൻ ലോകകപ്പിലെ റണ്ണർ അപ്പുകൾ അസ്ത്രപ്രജ്ഞരായിപ്പോയി. ഒരു ഗോളിന്റെ ലീഡ് നൽകിയ ആത്മവിശ്വാസവുമായാണ് ജപ്പാൻ ഇടവേളയ്ക്ക് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ലീഡുയർത്താനാണ് ജപ്പാൻ ശ്രമിച്ചത്. എന്നാൽ ക്രൊയേഷ്യൻ ടീം തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതോടെ കളി ആവേശകരമായി.55-ാം മിനിട്ടിൽത്തന്നെ ക്രൊയേഷ്യയുടെ പരിശ്രമങ്ങൾ ഫലം കണ്ടു.

ഇവാൻ പെരിസിച്ചിന്റെ തകർപ്പൻ ഒരു ഹെഡറാണ് ഗോളിൽ കലാശിച്ചത്. ലോവെറിന്റെ ഒരു ക്രോസ് പുറത്തേക്കുപോകുമെന്ന് തോന്നിപ്പിച്ചെങ്കിലും പെരിസിച്ചിന്റെ തലയ്ക്ക് പാകത്തിലായിരുന്നു. ശക്തമായ ഒരു ഹെഡറിലൂടെയാണ് പെരിസിച്ച് അത് വലയിലേക്ക് കയറ്റിവിട്ടത്. ഇതോടെ കളി തുല്യതയിലായി.

തുടർന്ന് ലീഡു നേടാൻ ഇരുടീമുകളും നോക്കി. 66-ാം മിനിട്ടിൽ ബുദിമിറിന്റെ ഒരു ഹെഡർ പുറത്തേക്കുപോയത് ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് പകരക്കാരെയിറക്കി കളി പിടിക്കാനുള്ള ജപ്പാന്റെ പതിവ് തന്ത്രം കണ്ടു.

79-ാംമിനിട്ടിൽ ഫ്രീകിക്കിൽ നിന്നുള്ള അവസരം ബോക്സിനുള്ളിൽ ഷൂട്ട് ചെയ്യുന്നതിന് പകരം പാസുചെയ്യാൻ ശ്രമിച്ചത് ജപ്പാന് തിരിച്ചടിയായി. അവസാനസമയത്ത് ഇരുഭാഗത്തും പന്തെത്തിയെങ്കിലും അധികസമയത്തിനായി റഫറിക്ക് വിസിലൂതേണ്ടിവന്നു. അധികസമയത്ത് ക്രൊയേഷ്യയും ജപ്പാനും മാറിമാറി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പലതും നിർഭാഗ്യം കൊണ്ട് നിർവീര്യമായി ഷൂട്ടൗട്ടിലേക്ക് വഴിതുറന്നു.

publive-image


ഷൂട്ടൗട്ടിൽ ജപ്പാന്റെ ആദ്യ രണ്ട് കിക്കുകളും ലിവാകോവിച്ച് തട്ടിക്കളഞ്ഞതോടെ കാര്യങ്ങൾ വ്യക്തമായിരുന്നു. ആദ്യ കിക്കെടുത്ത ജപ്പാന്റെ 10-ാം നമ്പർ കുപ്പായക്കാരൻ താക്കുമി മിനാമിനോയുടെ ഷോട്ട് ദുർബലമായിരുന്നു. ലിവാകോവിച്ച് നിഷ്പ്രയാസമാണ് ഇത് തടുത്തത്. മിറ്റമയുടെ കിക്കിനെയും ഇതേ വിധിയാണ് കാത്തിരുന്നത്.


അതേസമയം വ്ളാസിച്ചും ബ്രാസോവിച്ചും ആദ്യ രണ്ട് ക്രൊയേഷ്യൻ കിക്കുകളും വലയിലാക്കിയിരുന്നു. മൂന്നാം കിക്കെടുത്ത അസാനോയ്ക്ക് മാത്രമാണ് ജപ്പാൻനിരയിൽ വലയിലെത്തിക്കാൻ കഴിഞ്ഞത്.

അതേസമയം ക്രൊയേഷ്യയുടെ മൂന്നാം കിക്ക് ലിവാജേ പോസ്റ്റലടിച്ചുകളഞ്ഞു.യാഷിദ എടുത്ത നാലാംകിക്ക് ലിവാകോവിച്ച് തട്ടിയകറ്റി. അടുത്ത തങ്ങളുടെ കിക്ക് പസാലിച്ച് വലയിൽ കയറ്റിയതോടെ ക്രൊയേഷ്യൻ വിജയാരവം മുഴങ്ങി.

Advertisment