ഉയിര്‍പ്പ് നൽകുന്നത് സുരക്ഷിതത്വവും സമാധാനവും

ലീന വര്‍ഗീസ്‌ അനീഷ്‌, കുവൈറ്റ്
Saturday, April 3, 2021

നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങള്‍ക്ക് സമാധാനം’ എന്നു പറഞ്ഞുകൊണ്ടാണ് ഉത്ഥാനത്തിരുനാളിന്റെ സന്തോഷം യേശു നമുക്ക് ആശംസിച്ചത്. അവിടുത്തെ ഉത്ഥാനം നല്‍കിയ സുരക്ഷിതത്വവും സമാധാനവും നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. സമാധാനത്തിന്റെ ഉപകരണങ്ങളായി വ്യക്തികളും കുടുംബങ്ങളും സമൂഹം മുഴുവനും പരിവര്‍ത്തനപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ സന്തോഷം സമൂഹത്തില്‍ ആഘോഷമായി മാറുന്നത്.

സഹോദരനെ പരിഗണിക്കാതെ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. സഹോദരന്റെ ദാരിദ്ര്യത്തിനും ദുരവസ്ഥയ്ക്കും സങ്കടത്തിനും സംഘര്‍ഷത്തിനും ഞാന്‍ കാരണമാകുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മശോധന ചെയ്യാനുള്ള അവസരമാണ് ഉയിര്‍പ്പു തിരുനാള്‍.

വെറും ഒരു നോമ്പ് വീടലും പ്രകടമായ ആചാര ആഘോഷവും മാത്രം ആവാതെ സഹോദരങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍, അവര്‍ക്ക് സുരക്ഷിതത്വവും സമാധാനവും സന്തോഷവും നല്‍കുന്ന വിധത്തില്‍ നമ്മുടെ ജീവിതശൈലിയെ മാറ്റാന്‍ ഉത്ഥാനത്തിരുനാള്‍ നമ്മെ സഹായിക്കട്ടെ.മാനവമോചനത്തിനായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാല്‍‌വരി മലയില്‍ സ്വയം ബലിയായിത്തീര്‍ന്ന ഈശോയുടെ ദിവ്യ ഉയിർപ്പിന്റെ പുണ്യ സ്മരണയിൽ ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുന്നു.

സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും മഹത്തായ സന്ദേശമാണ്‌ ലോക രക്ഷകനായ യേശു തന്റെ ജീവിതത്തിലൂടെ ലോകത്തിന്‌ കാണിച്ചുതന്നത്. തിന്മകളെ അതിജീവിക്കാനുള്ള കരുത്ത് നല്‍കാന്‍ ഈസ്റ്റര്‍ ദിനചിന്തകള്‍ പ്രചോദനമാകും എന്ന പ്രതീക്ഷയോടെ, പ്രത്യാശയുടെ സ്നേഹ സന്ദേശമായെത്തുന്ന ഈ സുദിനത്തില്‍ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ബന്ധു ജനങ്ങള്ക്കും , സ്നേഹം നിറഞ്ഞ എല്ലാ കൂട്ടുകാർക്കും പ്രാർത്ഥനയിൽ നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍

×