Advertisment

തികഞ്ഞ മതേതര മനസിന്റെ ഉടമയാണ്‌ മന്ത്രി വി. അബ്ദുറഹ്മാന്‍; അങ്ങനെയുള്ള ഒരാളെയാണ് ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ് വര്‍ഗീയവാദിയായി മുദ്രകുത്തിയത്! വര്‍ഗീയത ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാക്കുകയാണോ ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസിന്‍റെ ശ്രമം ? കേരള സമൂഹത്തിന്‍റെ മനസാക്ഷിയെത്തന്നെ മുറിവേല്‍പ്പിച്ചിരിക്കുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍; പ്രസ്താവന പിന്‍വലിച്ചതുകൊണ്ടോ മാപ്പുപറഞ്ഞതുകൊണ്ടോ ആ മുറിവുണക്കാനാവില്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

മലപ്പുറം ജില്ലയിലെ പൊന്നാനി പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ട തറവാടാണ് വളപ്പില്‍ കുടുംബം. പണ്ടുമുതലേ ബിസിനസ് കുടുംബം. മകളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ അടിയന്തിരാവശ്യങ്ങള്‍ക്കു ധാരാളം പേര്‍ സഹായം തേടി വളപ്പില്‍ തറവാട്ടിലെത്തും. തുണതേടിയെത്തുന്ന ആര്‍ക്കും വേണ്ട സഹായം കൊടുത്തു സന്തോഷത്തോടെ മടക്കി അയക്കാന്‍ തറവാട്ടില്‍ ആരെങ്കിലുമുണ്ടാകും.

പൊന്നാനി വളപ്പില്‍ അബ്ദുറഹ്മാന്‍ തികഞ്ഞ ദാനശീലനാണ്. ഓണത്തിനും റംസാന്‍ പോലെയുള്ള പെരുന്നാളുകള്‍ക്കും ചുറ്റുപാടുള്ള സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം ഭക്ഷണമെത്തിച്ചു കൊടുക്കുക അബ്ദുറഹ്മാന്‍ വര്‍ഷങ്ങളായി തുടരുന്ന പതിവാണ്. ചുറ്റുവട്ടത്തുള്ള ക്ഷേത്രങ്ങളില്‍ അന്നദാനം നടത്താനും അബ്ദുറഹ്മാന്‍റെ സഹായമുണ്ടാകും. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെയാണ് ഇതൊക്കെയും.


അതെ ഇതു വി. അബ്ദുറഹ്മാന്‍. സംസ്ഥാന മന്ത്രിസഭയിലെ സ്പോര്‍ട്സ്, ഫിഷറീസ്, വഖഫ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ ചുമതല നോക്കുന്ന മന്ത്രി.


മന്ത്രി അബ്ദുറഹ്മാന്‍ വാരാന്ത്യങ്ങളില്‍ വളപ്പില്‍ വീട്ടിലെത്തുമ്പോഴെല്ലാം സന്ദര്‍ശകരേറെയുണ്ടാവും. ചുറ്റുവട്ടത്തെ സുഹൃത്തുക്കളും പഞ്ചായത്ത് ഭാരവാഹികളും രാഷ്ട്രീയക്കാരുമൊക്കെയുണ്ടാകും കൂട്ടത്തില്‍. എല്ലാവരുമായി ഏറെ നേരം സംസാരിച്ചിരിക്കും അദ്ദേഹം. ആരു വന്നാലും എപ്പോഴും വളപ്പില്‍ തറവാട്ടില്‍ ഭക്ഷണ പാനീയങ്ങള്‍ തയ്യാറായിരിക്കും. അതും വിഭവസമൃദ്ധമായ ഭക്ഷണം. പെരുന്നാള്‍ സമയത്ത് എന്നും വൈകിട്ട് വലിയ വിരുന്നു തന്നെയാകും.

മലപ്പുറം ജില്ലയില്‍ തറവാടികളും സമ്പന്നരുമായ മുസ്ലിങ്ങള്‍ വളരെയുണ്ട്. സഹായം തേടി വരുന്നവര്‍ക്കൊക്കെ കൈ തുറന്നു താങ്ങും തണലും ഒരുക്കുന്നവരാണവര്‍. ഗള്‍ഫ് കേന്ദ്രങ്ങളില്‍ ഇങ്ങനെ ധനാഢ്യരായ മുസ്ലിം കുടുംബങ്ങളുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. അതിദരിദ്രരുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഇവരൊക്കെ ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത് ജാതി-മത-രാഷ്ട്രീയ വ്യത്യാസം നോക്കിയല്ല. അതുകൊണ്ടുതന്നെ വര്‍ഗീയതയോ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഇവിടെങ്ങും പൊതുവെ കാണാനാവില്ല.


മന്ത്രി വി. അബ്ദുറഹ്മാന്‍ ഇത്തരക്കാരിലൊരാളാണ്. എപ്പോഴും പ്രസന്നമായ മുഖം. ആരെയും കൈ തുറന്നു സഹായിക്കാനുള്ള മനസുമുണ്ടദ്ദേഹത്തിന്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ തികഞ്ഞ മതേതര മനസോടെ.


അങ്ങനെയുള്ള ഒരാളെയാണ് വിഴിഞ്ഞം ലത്തീന്‍ സമുദായത്തിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ വര്‍ഗീയവാദിയായി മുദ്രകുത്തിയത്. വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ്. അബ്ദുറഹ്മാന്‍റെ പേരില്‍ത്തന്നെയുണ്ട് രാജ്യദ്രോഹിയെന്നാണ് ഫാദര്‍ ഡിക്രൂസ് പറഞ്ഞത്. അതായത് അബ്ദുറഹ്മാന്‍ ഒരു മുസ്ലിം പേരായതുകൊണ്ട് അദ്ദേഹം തീര്‍ച്ചയായും ഒരു വര്‍ഗീയവാദിയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു ഫാദര്‍ ഡിക്രൂസ്.

അങ്ങേയറ്റം മതേതരമായ കേരള സമൂഹത്തില്‍ നിന്ന് ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്താമോ ? കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാണെന്നല്ലേ ഫാദര്‍ ഡിക്രൂസ് പറഞ്ഞുവെച്ചത് ? ഇതാണോ അദ്ദേഹത്തിന്‍റെ സഭ അദ്ദേഹത്തെ പഠിപ്പിക്കുന്നത് ? മത്സ്യത്തൊഴിലാളി സമരത്തിലേയ്ക്ക് വര്‍ഗീയത കൊണ്ടുവരാനല്ലേ ഫാദര്‍ ഡിക്രൂസ് ശ്രമിച്ചത് ? വര്‍ഗീയത ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നിപ്പും സംഘര്‍ഷവും ഉണ്ടാക്കുകയാണോ ഫാദര്‍ ഡിക്രൂസിന്‍റെ ശ്രമം ?

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും സംഘപരിവാരവും അവര്‍ പിന്തുണയ്ക്കുന്ന രാഷ്ട്രീയവും വര്‍ഗീയത പറഞ്ഞ് ജനങ്ങളെ സ്വാധീനിക്കുമ്പോഴും കേരള ജനത ഇതുവരെ അതുള്‍ക്കൊണ്ടിട്ടില്ലെന്ന് ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസും അദ്ദേഹത്തിനു പിന്തുണ നല്‍കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന തീവ്ര ഹിന്ദുത്വ-വര്‍ഗീയ അജണ്ടയെ ചെറുത്തുനില്‍ക്കാന്‍ കേരളത്തില്‍ എക്കാലത്തും മുന്നിട്ടു നിന്നിട്ടുള്ളത് ഇവിടുത്തെ ഹിന്ദു സഹോദരന്മാരാണെന്നും ഫാദര്‍ ഡിക്രൂസ് ഓര്‍ക്കണം.

തീവ്ര ഹിന്ദുത്വ വാദികള്‍ പോലും പറയാത്ത വാക്കുകളാണ് ഫാദര്‍ ഡിക്രൂസ് പറഞ്ഞത്. കേരള സമൂഹത്തിന്‍റെ മനസാക്ഷിയെത്തന്നെ മുറിവേല്‍പ്പിച്ചിരിക്കുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. പ്രസ്താവന പിന്‍വലിച്ചതുകൊണ്ടോ മാപ്പുപറഞ്ഞതുകൊണ്ടോ ആ മുറിവുണക്കാനാവില്ല തീര്‍ച്ച.

Advertisment