Advertisment

പഴയ മുച്ചീട്ടുകളിയുടെ ഓൺലൈൻ വേർഷൻ പരീക്ഷിക്കുന്നവരും അവരുടെ പരസ്യം നൽകുന്ന ചാനലുകളും തലമറന്ന് എണ്ണതേക്കുന്ന പണി നിർത്തണം. നിങ്ങൾ ബിജുലാൽമാരെ സൃഷ്ടിക്കാൻ ഇറങ്ങിപുറപ്പെടരുത് !  

New Update

publive-image

Advertisment

കേരളത്തിലെ ഒന്നാമൻ എന്നൊക്കെപറയപ്പെടുന്ന ഒരു ചാനൽ തുറന്നു കഴിഞ്ഞാൽ അതിൽ കല്യാണ പരസ്യങ്ങൾ കൂടാതെ വേറെ ഒരു പരസ്യമാണ് അധികവും പ്രത്യക്ഷപ്പെടുന്നത്.

മലപ്പുറത്തെ ഒരു പയ്യൻ ഓണലൈനിൽ ഒരു കളർ ഉണ്ടാക്കുന്ന കളി കളിച്ചെന്നോ, അവന് പതിനയ്യായിരം രൂപ കിട്ടിയെന്നോ അവൻ മൂന്നാറിൽ പോയെന്നോ അടിച്ചുപൊളിച്ചെന്നോ ഒക്കെ ഉള്ള പരസ്യമായിരുന്നു അത്.

ആ പരസ്യം കണ്ടുകൊണ്ട് കുറെയെണ്ണം ആ കളികൾതുടങ്ങിക്കാണും. ആദ്യം വീട്ടിലെ ചെറിയ ചെറിയ സാധനങ്ങൾ എടുത്തുവിൽക്കും, പിന്നെ സ്വർണ്ണത്തിനായി അമ്മയോ ഉമ്മയോ ഒക്കെ ആയി അടികൂടും.

പിന്നെ നാട്ടിലെ ചെറിയ ചെറിയ പലിശക്കാരെ കാണും. ബൈക്കിന്റെ ബുക്കും പേപ്പറും പണയം വെക്കും . അങ്ങനെ അവനും അടിച്ചുപൊളിക്കും. അത് മൂന്നാറിൽ അല്ല. അവന്റെ സ്വന്തം അടുക്കളയിലെ പാത്രങ്ങൾ അടിച്ചുപൊളിക്കും.

പണ്ടൊക്കെ ഓറിയന്റൽ ഫൈനാൻസ്, ലാബെല്ല ഫിനാൻസ് എന്നിവക്കൊക്കെ മുഴുവൻ പേജ് പരസ്യങ്ങൾ കൊടുത്തു. പിന്നീട് ആട് തേക്ക് മാഞ്ചിയക്കാർക്ക് കൊടുത്തു, അത് കഴിഞ്ഞു ടൈം ഷെയറുകാർക്ക് കൊടുത്തു, പിന്നെ പിന്നെ ലിസ് എന്ന ലോട്ടറിക്കാരൻ.

അതുപോലെ മുളച്ചുപൊന്തിയ മണിചെയിൻ കമ്പനികൾ, സ്വർണ്ണക്കടകളിലെ ഷെയറുകൾ, എല്ലാവര്‍ക്കും ഇഷ്ടംപോലെ മുഴുവൻ പേജ് പരസ്യങ്ങളും പ്രൈം ടൈം സ്പോട്ടുകളുമൊക്കെ കൊടുക്കും. പരമാവധി പണം അവരിൽ നിന്നും ഊറ്റിക്കുടിക്കും. പിന്നീട് ആ കമ്പനികൾക്കെതിരേ തട്ടിപ്പ് കേസുകളും മറ്റും വരുമ്പോൾ കേരളത്തിലെ ജനനന്മക്കായി ക്യാമ്പയിനുകളും ആരംഭിക്കും.

ഇതാണ് ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെയും ചാനലുകളുടെയും സ്ഥിതിഗതികൾ. ചൈന മൊബൈലുകാരുടെ സ്‌പോൺസർഷിപ്പ് വാങ്ങി ചൈനക്കെതിരെ സംസാരിക്കുന്ന ഗോസാമിമാർ.

കളർ പ്രെഡിക്ഷൻ ആപ്പുകൾ മുതൽ എംഎൽഎം, ബോണിൻ ഷോപ്പ് പോലത്തെ നിരവധിയനവധി ആപ്പുകളും ഓൺലൈൻ സൈറ്റുകളും ഇപ്പോൾ ലഭ്യമാണ്. മലബാറിലെ മോശമല്ലാത്ത കുടുംബങ്ങളിലെ പയ്യന്മാരെയും പെൺപിളേളരെയും ഒക്കെ ഉദ്ദേശിച്ചിട്ടുള്ള ഈ ആപ്പുകളിൽ റമ്മി ചീട്ടുകളിയും, മുച്ചീട്ടും പന്നിമറിയും ഒക്കെ കിട്ടുന്നു.

ടെലഗ്രാമിൽ ഒരു ഗ്രൂപ്പിൽ ജോർജ് എന്ന അപരനാമത്തിലുള്ള ആളാണ് അഡ്മിൻ. ഒരു ലക്ഷത്തോളം മെമ്പർമാർ ഉള്ള ഗ്രൂപ്പിൽ മുപ്പത്തിയഞ്ച് വയസ്സിന്റെ താഴെയുള്ളവരാണ് അധികവും. മലബാർ മേഖലകളിൽ ഈഗ്രൂപ്പിലൂടെ മയക്കുമരുന്നും വിതരണം ചെയ്യുന്നുണ്ടെന്നാണ് പരാതി.

കൂടാതെ പെൺകുട്ടികളെ ഉപയോഗിച്ചുകൊണ്ട് പണമുള്ള മെമ്പർമാരെ ചേർക്കുന്നു. അങ്ങനെ ഒരു പാരലൽ കാസിനോ സമ്പ്രദായം കേരളത്തെ ഇപ്പോൾ വലിഞ്ഞുമുറുക്കുന്നു. ചെറുപ്പക്കാർ മുഴുവനും ഇപ്പോൾ ഈ പണം വാരികളികളുടെ പിന്നാലെയാണ്.

നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പുകളിലും പൂരപ്പറമ്പുകളിലും കാണുന്ന ആനമയിലൊട്ടകത്തിന്റെ ഓൺലൈൻ വേർഷനാണ് ഒട്ടുമിക്ക കളികളും. അഞ്ചുവെച്ചാൽ പത്ത്, പത്ത് വെച്ചാൽ ഇരുപത്, അങ്ങനെ വെച്ചുവെച്ചു അവസാനം വീടിന്റെ ആധാരം വരെ പണയംവെക്കുന്ന അവസ്ഥകളിലേക്ക് പല ചെറുപ്പക്കാരും പോയപ്പോൾ പലരും ആത്മഹത്യ ചെയ്തു.

പലരും ഒളിച്ചോടി. ഇന്നിപ്പോൾ കേരളത്തിലെ ഒരു ട്രഷറിയിൽ നിന്നും കളക്ടറുടെ പേരിലെ രണ്ടുകോടി രൂപയോളം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ബിജുലാൽ ഒരു ട്രഷറിജീവനക്കാരൻ ആയിരുന്നു.

ലോക്ക് ഡൗണിൽ ഭാര്യയുമായി ടിക് ടോക് കളിച്ചുകൊണ്ട് ഓൺലൈനിൽ കളിക്കാരനായി. പിന്നീട് മെല്ലെ മെല്ലെ റമ്മിയിൽ ആകൃഷ്ടനായി. കളിച്ചു കളിച്ച് രണ്ടു കോടിയോളം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ആ പണത്തിൽ റമ്മികളിച്ചുകൊണ്ട് ഇന്നിപ്പോൾ സൈബർ പോരാളികളുടെ കൂനിന്മേൽ കുരു ആയിരിക്കുകയുമാണ്.

ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിതംവെച്ച് ബലിയാടാക്കുന്ന ഇത്തരം കമ്പനികളുടെ പരസ്യങ്ങൾ നിയന്ത്രിക്കുവാനും അവരുടെ ഓൺലൈൻ വെബ്‌സൈറ്റുകളും ആപ്പുകളും നിരോധിക്കുവാനും ഇവിടെനിയമങ്ങൾ ഒന്നുമില്ലേ? ഇപ്പോൾ ടെലഗ്രാമിൽ ഒരു ഗ്രൂപ്പ് കൂടി ആരംഭിച്ചിരിക്കുകയാണ് ഈ കളിക്കാർ.

എന്നും കേരളത്തിലാണ് ഇത്തരക്കാരുടെ തേർവാഴ്ചകൾ അരങ്ങേറുന്നത്.  വളരെ ബുദ്ധിയും സമർത്ഥ്യവുമൊക്കെ ഉണ്ടെന്ന് പറയപ്പെടുന്ന മലയാളിക്ക് തന്നെ വീണ്ടും വീണ്ടും പറ്റിക്കപെടുവാൻ വിധി .

ഇനിയെങ്കിലും ഇത്തരക്കാരുടെ പരസ്യങ്ങൾ എത്ര കോടികിട്ടിയാലും ജനങ്ങളിൽ എത്തിക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട്,

ഭാര്യയുടെ അക്കൗണ്ടിലേക്ക് പണമയക്കുവാൻ ട്രഷറിയിൽ തപ്പിനടക്കുന്ന പോരാളി ദാസനും

സ്വന്തം വീട്ടിലെ ആധാരം പണയംവെച്ചുകളിച്ചു  അമ്മയുമായി വഴക്കിടുന്ന വിജയനും

dasanum vijayanum
Advertisment