Advertisment

നാട്ടിലെങ്ങും പാട്ടായ എഫ് എം റേഡിയോ തരംഗവും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം കൈവച്ചതും വയ്ക്കാത്തതുമായ റേഡിയോ ദൗത്യങ്ങളും

author-image
ദാസനും വിജയനും
Updated On
New Update

സ്വർഗത്തിൽ നിന്നുമുള്ള സ്വരമാധുരി , ആകാശവാണിയെന്ന സംസ്കൃത വാക്കിന്റെ അർത്ഥം പ്രാവർത്തികമാക്കിക്കൊണ്ട് മൈസൂരിലെ എംവി ഗോപാലസ്വാമി സ്വന്തം വീട്ടിൽ നിന്നും ആരംഭിച്ച റേഡിയോ , പിന്നീട് ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുക്കുകയായിരുന്നു .

Advertisment

ആകാശവാണി തൃശൂർ ആലപ്പുഴ കോഴിക്കോട് - വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ , വാർത്തകൾ വായിക്കുന്നത് പ്രതാപൻ , വാർത്തകൾ വായിക്കുന്നത് സുഷമ എന്നിവരുടെ ശബ്ദഗാംഭീര്യം ഇന്നും നമ്മിൽ അലയടിക്കുന്നു . ഒരു കാലഘട്ടത്തിൽ മലയാളികൾക്ക് വാർത്തകൾ എത്തിച്ചുനൽകിയിരുന്ന മാവേലിക്കര രാമചന്ദ്രൻ എന്ന അവിവാഹിതൻ ഇന്നിപ്പോൾ എവിടെയുണ്ടെന്നോ എവിടെപ്പോയെന്നോ ആർക്കുമറിയില്ല ! ആ ശബ്ദവും ആ വ്യക്തിയും ഇന്നിപ്പോൾ മിസ്സിംഗ് ആണ് !

പ്രവാസഭൂമിയിൽ കേട്ട ആദ്യമലയാളി ശബ്ദമായിരുന്നു കെപികെ വേങ്ങര . ഉമ്മുൽഖുവൈൻ റേഡിയോയിലൂടെ മലയാളിക്ക് സുപരിചിതനായ

കെപികെ മരുഭൂമിയുടെ മമ്മുട്ടിയായിരുന്നു .

അത്രയും ഗാംഭീര്യത്തിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണമായിരുന്നു

സിനിമാനടൻ കൂടിയായ മൊയ്‌തീൻ കോയയും , സത്യഭാമയും ആൽബർട്ട് അലക്‌സും രമേശ് പയ്യന്നൂരും സത്യഭാമയും  നാസർ ബേപ്പൂരും ബാലകൃഷ്ണൻ പെരിയയും സനൽ പോറ്റിയും എല്ലാം . സുബൈർ മഠത്തിൽ എന്ന ഒരു ശുദ്ധഹൃദയൻ ആത്മഹത്യയും ചെയ്തു . ഏറെ കഴിഞ്ഞ് അശാലതയും ബാലകൃഷ്ണൻ പെരിയയും ഓൺലൈൻ റേഡിയോയുമായി ആലുക്കാസുമായി കൈകോർക്കുകയായിരുന്നു .

publive-image

കെപികെയ്ക്ക് പിന്നാലെ വെട്ടൂർ ജി ശ്രീധരന്റെ കിഴിൽ നിസാർ സായിദും ഹിഷാം അബ്ദുൽ സലാമും ആശാ ശരതും എല്ലാം ചേർന്നുകൊണ്ട് റേഡിയോ ഏഷ്യാ എന്ന വാർത്താധിഷ്ടിതമായ ഒരു റേഡിയോ നിലവിൽ വന്നു . പിന്നീട് ആ റേഡിയോവിൽ രാജീവ് ചെറായിയും സിന്ധുവും

ധന്യലക്ഷ്മിയുടെ വാർത്താവായനയും ഒക്കെ ചേർന്നപ്പോൾ റേഡിയോവിന്റെ കൊഴുപ്പുകൂട്ടി .

പിന്നീടാണ് ഹിന്ദി ഉറുദു മലയാളം ഭാഷകൾ വെവ്വേറെ സമയങ്ങളിലായി പ്രക്ഷേപണം ചെയ്തുകൊണ്ട് ഉമ്മുൽ ഖുവൈൻ റേഡിയോവിന്റെ കീഴിൽ ഹം എഫ് എം നിലവിൽ വന്നു . ആദ്യത്തെ മലയാളം എഫ്എം അതായിരുന്നു എന്ന് വേണമെങ്കിൽ അവർക്ക് അവകാശപ്പെടാം.

കിഷോർ സത്യയായിരുന്നു അതിൽ മലയാളം കൈകാര്യം ചെയ്തിരുന്നത് എങ്കിലും കിഷോര്‍  ചാർമിളയെ കല്യാണം കഴിച്ചതോടെ ആ റേഡിയോവും മലയാളം നിർത്തി ഹിന്ദിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു .

ഇതിന്നിടയിൽ മൊയ്‌തീൻ കോയയും സത്യഭാമയും രമേശ് പയ്യന്നൂരും ചേർന്നുകൊണ്ട് ഒരു റേഡിയോ പ്രൊപോസൽ ഉണ്ടാക്കുകയും ഹൈപവർ / ആലുക്കാസ് പോലുള്ള കമ്പനികളെ സമീപിക്കുകയും അപ്രതീക്ഷിതമായി ഏഷ്യാനെറ്റിന്റെ ചെയർമാൻ റെജിമേനോനെ കാണുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു .

റെജിമേനോൻ കൊയാജിയോട് പാർട്ണർഷിപ്പ് ഓഫർ ചെയ്‌തെങ്കിലും അതെല്ലാം നിരസിച്ചുകൊണ്ട് പോഗ്രാം ഹെഡ് എന്ന ജോലി നേടിക്കൊണ്ട് ഏഷ്യാനെറ്റ് റേഡിയോ ദുബായ് മീഡിയ സിറ്റിയിൽ ഓഫീസും അബുദാബിയിൽ ഫ്രീക്വൻസി യുമായി ആരംഭിക്കുകയായിരുന്നു . വിനോദ് മജിദും ഫ്രാൻസിസും ഒക്കെ മാർക്കറ്റിംഗ് ഏറ്റെടുത്തുകൊണ്ട് ഏഷ്യാനെറ്റിനെ വൻ വിജയമാക്കികൊണ്ടിരിക്കുമ്പോൾ ക്രിയേറ്റിവിറ്റി പോരെന്ന് പറഞ്ഞുകൊണ്ട് സാക്ഷാൽ എസ്കെഎൻ ദുബായിലേക്ക് വണ്ടി കയറുകയായിരുന്നു

പ്രതിവർഷം കോടിക്കണക്കിന് രൂപ ലാഭത്തിൽ പോയിരുന്ന വമ്പന്‍ റേഡിയോവിലേക്ക് പറന്നിറങ്ങിയ എസ്കെഎൻ ധാരാളം മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിച്ചു . അതിന്റെ ഭാഗമെന്നോണം അദ്ദേഹത്തിന്റെ ഒരു സിൽബന്തിയെ പ്രോഗ്രാം തലപ്പത്തേക്ക് കെട്ടിയിറക്കിയപ്പോൾ

ചങ്കൂറ്റത്തോടെ കോയയും ഒക്കെ റേഡിയോയെ മൊഴി ചൊല്ലി മെറ്റ് എന്ന ടിവി ചാനലിലേക്ക് ചേക്കേറി . അതോടെ ആ കുത്തക കമ്പനിയുടെ  റേഡിയോ ഓരോ ദിവസവും താഴോട്ട് പോയി പോയി പിന്നെ പിന്നെ അതില്ലാതാകുന്ന അവസ്ഥയിലേക്ക് പരിണമിച്ചു .

''കുഞ്ഞിലേ റേഡിയോ എന്ന മാധ്യമത്തോട് വല്ലൊത്തൊരിഷ്ടം മനസ്സിൽ വളർന്നത് ആ ശബ്ദം കേട്ടു കേട്ടാണ്‌. ഖാൻ കാവിൽ എന്ന എന്നേക്കും പ്രിയപ്പെട്ട റേഡിയോ താരം ! ഞങ്ങളുടെ ഗ്രാമാക്കീറിൽ നിന്ന് മലയാളത്തോളം വളർന്ന മഹാപ്രതിഭ. തന്റെ പാഷന്റെ വഴിയേ നിരന്തരം പിന്തുടർന്നു നേടിയ തൊഴിലായിരുന്നു അദ്ദേഹത്തിന് റേഡിയോ. ആകാശവാണിയുടെ തൃശൂർ, കോഴിക്കോട് തുടങ്ങിയ നിലയങ്ങളിൽ യുവവാണി, നാടകം, വിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിച്ചപ്പോഴൊക്കെ വലിയ ആരാധകവൃന്ദത്തെ നേടിയ കലാകാരൻ.

ആദ്യമൊക്കെ കാവുന്തറയിലും നടുവണ്ണൂരിലും പരിസരങ്ങളിലും അദ്ദേഹം കഥാപ്രസംഗവും നാടകങ്ങളും എഴുതി അവതരിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. പിന്നീട് നേരിൽ പരിചയപ്പെടാനും ഒന്നിച്ചു പ്രവർത്തിക്കാനും ഇടയാക്കിയത് പ്രിയപ്പെട്ട എം.ജി മാഷ് തന്നെ. ഖാൻ കാവിൽ എന്ന റേഡിയോ ലെജൻഡിന്റെ സംവിധാനത്തിൽ ആകാശവാണി സ്റ്റുഡിയോയിൽ നാടകങ്ങളിൽ എന്റെയും ശബ്ദം പലകുറി ആലേഖനം ചെയ്യപ്പെട്ടു.

ഗൾഫിൽ പല റേഡിയോകളിലും വിജയകരമായി പ്രവർത്തിക്കുമ്പോൾ എന്റെ പ്രധാന പ്രേരണയും പ്രചോദനവും ഖാൻ കാവിലും എം.ജി മാഷുമായിരുന്നു. ആ റേഡിയോ മാസ്റ്ററെ ഒരു ജൂൺ 5 ന് അകാലത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.'' മൊയ്‌തീൻ കോയ ആകാശവാണിയിലെ ഖാൻ കാവിലിന്റെ ഓർമ്മകളിൽ നിന്നും എഴുതിയത് .

publive-image

എ എം റേഡിയോകളുടെ വളിപ്പുകളും ബോറടികളും കാട് കയറിയപ്പോൾ മലയാളികളിൽ ഏറെ പേരും ഹിന്ദി ഇംഗ്ലീഷ് എഫ്എം ചാനലുകളിലേക്ക് ചേക്കേറി . അങ്ങനെയിരിക്കുമ്പോഴാണ് ദീപക്ക് ദേവിന്റെ ചലനം ചലനം എന്ന സ്റ്റേഷൻ ജിംഗിളോടെ തരംഗമായ ഹിറ്റ് എഫ്എം 2004 ജൂൺ 9 ന് ദുബായ് നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിൽ മീഡിയ സിറ്റിയിൽ നിന്നും ആരംഭിച്ചത് .

ശരിക്കും പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലായില്ല . എതിരാളികൾക്കൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നിയത് . കുറെ മലയാളവും ഒപ്പം തന്നെ ഇംഗ്ലീഷും മംഗ്‌ളീഷും ഒക്കെ കൂട്ടിക്കലർത്തിയുണ്ടാക്കിയ ബഹളത്തിൽ മറ്റെല്ലാ റേഡിയോകളും മുട്ടുമടക്കി .

മുംബയിൽ ടൈംസ് ഓഫ് ഇന്ത്യയിലെ റേഡിയോ താരം കോഴിക്കോട്ടുകാരൻ അജിത് മേനോൻ ഒരു വർഷത്തോളം ഹോം വർക്കുകൾ ചെയ്തുകൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിലെ വിവിധ സംസ്കാരങ്ങളിൽ ജനിച്ചുവളർന്നവരെ പെറുക്കിയെടുക്കുകയായിരുന്നു .

ഷാബുവും ജോണും നൈലയും റിയാസും ലക്ഷ്മിയും ആദ്യത്തെ വട്ടം കയറിക്കൂടിയപ്പോൾ മിഥുനും മായയും ക്രിസും ശാലുവും അർഫാസും

ഫസലുവും ഒക്കെ രണ്ടാംവട്ടമായി ദുബായിലെത്തുകയായിരുന്നു . അന്തർദ്ദേശ്ശീയ റേഡിയോകളുടെ മാർഗങ്ങൾ പിന്തുടർന്നുകൊണ്ട് മലയാളത്തിൽ ഒരു പുത്തൻ റേഡിയോ സംസ്കാരം കൊണ്ടുവരുവാൻ ഹിറ്റ് എഫ്എമ്മിന്‌ സാധിച്ചു എന്നതാണ് അവർക്ക് അഹങ്കരിക്കാവുന്ന

ഒരു നല്ല കാര്യം .

മമ്മുട്ടി ഹിറ്റ് പരേഡ് എന്ന ഒറ്റ റോഡ്‌ഷോയിലൂടെയാണ് ഹിറ്റ് എഫ്എം ഒന്നാമതെത്തിയത് എന്നാരെങ്കിലും അവകാശപ്പെട്ടാൽ അവർക്കത് നിഷേധിക്കുവാനാകില്ല . ദുബായ് നഗരത്തെ ഒന്നടങ്കം നിശ്ചലമാക്കിയ മലയാളിയുടെ റോഡ് ഷോ ഇന്നും മമ്മുട്ടി ഫാൻസുകാർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നു .

സാധാരണ റേഡിയോക്കാരൊക്കെ ഓണസദ്യയും അൽ നാസർ ലെഷർലന്റുമൊക്കെയായി നീങ്ങുമ്പോൾ

അവരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് മമ്മുട്ടി ഹിറ്പരേഡ് എന്ന ബ്രഹ്മാണ്ഡ ഷോ ദുബായ് നഗരം ചുറ്റിക്കൊണ്ട് അരങ്ങേറിയത് . മമ്മുട്ടി വരെ അക്ഷരാർത്ഥത്തിൽ കിടുങ്ങിപ്പോയ ആ ഷോ നടക്കുവാനുള്ള കാരണമായത് അജിത് മേനോൻ എന്ന മനുഷ്യന്റെ നേതൃത്വമാണ് .

മമ്മുട്ടിയും ടീമും 2003 ൽ ആരംഭിച്ച h2o എന്ന കമ്പനി വെള്ളത്തിലായപ്പോൾ അവിടെ ജോലിക്കാരായിരുന്ന സത്താർ അൽ കരനും ശ്രീശൻ മേനോനും മമ്മുട്ടിയുമായുള്ള ബന്ധം അറ്റുപോകാത്ത വിധത്തിൽ സൂക്ഷിച്ചിരുന്നു . സിബിഐ സിനിമകളുടെ തുടർച്ചയായി

ഇറങ്ങിയ നേരറിയാൻ സിബിഐ എന്ന സിനിമയെ ഗിന്നസ് റെക്കോർഡിൽ ഉലപ്പെടുത്തി ഒരു ഷോ ചെയ്യാം എന്ന് കരുതിയപ്പോൾ ആ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നില്ല .

ആയിടക്കാണ് എറണാകുളത്തെ കവിത തിയറ്ററിൽ ഒരു വര്ഷം മുഴുവനും മമ്മുട്ടി ചിത്രങ്ങൾ കളിക്കുന്ന വിവരം അറിഞ്ഞത് . ബർദുബായിലെ ഊട്ടുപുരയിൽവെച്ച് സത്താർ അൽ കരൻ മമ്മുട്ടിയെ ഫോണിൽ വിളിച്ചുകൊണ്ട് ഷോ ഉറപ്പിച്ചപ്പോൾ ഷോയുടെ പേരിട്ടത് അജിത് മേനോനായിരുന്നു .

25 ഫുൾ പേജ് പരസ്യങ്ങളും ദുബായിലെ ആർടിഎ യുടെ ബസുകളിലും മുഴുവൻ ഷോയുടെ പോസ്റ്ററുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ

ഹിറ്റ് എഫ്എം റേഡിയോവിലെ എല്ലാ ആര്ജെകളും മമ്മുട്ടി ഷോക്കുവേണ്ടി അഹോരാത്രം പണിയെടുത്തു . ഒരൊറ്റ ഷോ കൊണ്ട് മലയാളികളുടെ മനം കവർന്ന റേഡിയോയായി ഹിറ്റ് എഫ്എം മാറുകയായിയിരുന്നു .

ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹെലിപ്പാഡിൽ നിന്നും ഹെലിദുബായുടെ ഹെലികോപ്റ്ററിൽ മംസാർ പാർക്കിലേക്ക് മമ്മുട്ടിയുമായി പറന്നുയർന്ന ഹെലികോപ്റ്റർ മംസാർ പാർക്കിലെ പതിനായിരങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് ലാൻഡ് ചെയ്തപ്പോൾ ദുബായിൽ മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു . ലംബോര്ഗിനിയും ഫെറാരിയും ഹാർലി ഡേവിഡസന്കളും ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ദുബായ് പോലീസിന്റെ മേൽനോട്ടത്തിൽ 22 ഓളം റെഡ്‌സിഗ്നലുകൾ കട്ട് ചെയ്തു നീങ്ങിയപ്പോൾ റോഡിനിരുവശവും മലയാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു .

publive-image

ദേര ഹയാത്തിലെ ഗലേറിയയിൽ ഏഴു സിനിമകളുടെ പ്രദർശനവും പിന്നീട് ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടന്ന ഡിന്നർ പാർട്ടിയിൽ ബാലഭാസ്കർ ആദ്യമായി ദുബായിൽ വയലിൻ വായിച്ചു . ദുബായ് രാജകുടുംബാംഗങ്ങളും വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ് തലവന്മാരും കച്ചവട പ്രമുഖരും പങ്കെടുത്ത ഡിന്നർപാർട്ടി ഗ്രാൻഡ് ഹയാത്തിലെ ആദ്യ ഇവന്റ് കൂടിയായിരുന്നു .

മമ്മുട്ടി ഹിറ്റ് പരേഡിന്‌ന്റെ ശേഷം അതിനെ വെല്ലുന്ന ഒരു ഷോ തന്നെ വേണം എന്ന് അജിത് മേനോൻ ആവശ്യപ്പെട്ടപ്പോൾ അതേ ഊട്ടുപുരയിൽ വെച്ചുണ്ടായ അടുത്ത ക്രിയേറ്റിവിറ്റിയാണ് ഹിറ്റ് ജെറ്റ് എന്ന ആശയം . സത്താർ അൽ കരന്റെ തലയിലുദിച്ച ഒരാശയത്തെ അജിത്‌മേനോൻ വാർത്തെടുത്ത് ആദ്യയാത്ര കേരളത്തിലെ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോമിലേക്കായി നിശ്ചയിക്കുകയായിരുന്നു .

സിൽവർ സ്റ്റോമിന്റെ എംഡി ഷാലിമാറിനെ വിളിച്ചുകൊണ്ട് 2006 ജൂൺ 20 ന് ചരിത്രപ്രധാനമായ ആ യാത്ര ഉറപ്പിച്ചു . 96 യാത്രക്കാരും 7 ക്രൂ മെമ്പർമാരും ദുബായിൽ നിന്നും ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലേക്ക് പറക്കുന്നു . അവിടെ കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ സ്വീകരണവും പിന്നീട് ട്രെയിലർ ലോറിയിൽ ചിങ്കാരി മേളക്കാരുടെ അകമ്പടിയോടെ തുറന്ന വാഹനങ്ങളിൽ അതിരപ്പിള്ളിയിലേക്ക് മഴ നനഞ്ഞുള്ള ഒരുഗ്രൻ യാത്ര .

സമ്മർ ടു മൺസൂൺ എന്ന് പേരിട്ട ആ ഹിറ്റ് ജെറ്റ് , ആ ചാർട്ടേർഡ് വിമാനം ഇടക്കുവെച്ച് എൻജിൻ തകരാറ് സംഭവിക്കുകയും യാത്ര മുടങ്ങിയപ്പോൾ അതൊന്നും വകവെക്കാതെ അടുത്ത നാളുകളിൽ തന്നെ അടുത്തവിമാനം തയാറാക്കുകയിരുന്നു . അതേ ആശയമാണ് ഇന്നിപ്പോൾ ഇംഗ്ലീഷ് ഹിന്ദി റേഡിയോ സ്റ്റേഷനുകൾ നടപ്പിലാക്കി വരുന്നത് . ചാർട്ടേർഡ് വിമാനം എന്നത് ഇന്ന് തമാശയായി മാറിയെങ്കിലും അന്നത് മഹാസംഭവമായിരുന്നു .

ദുബായിലെ എഫ്എമ്മിന്റെ വിജയം നാട്ടിൽ വളരെ സംസാരവിഷയമായി മാറി . 2006 ൽ ഇന്ത്യ റേഡിയോകൾക്ക് വാതിലുകൾ തുറന്നപ്പോൾ

മലയാളത്തിലെ പ്രമുഖ പത്രങ്ങളും ചാനലുകളും റേഡിയോവിലേക്ക് കാലെടുത്തുവെച്ചു . മലയാളമനോരമയുടെ റെസിഡന്റ് എഡിറ്ററും സംഘവും ദുബായിലെത്തി റേഡിയോകളെ കുറിച്ച് പഠിച്ചു .

ലോകത്തിലെ ഏറ്റവും നല്ല ക്യാപ്‌ഷനുമായി റേഡിയോ മംഗോ നാട്ടിലെങ്ങും പാട്ടാക്കിയപ്പോൾ കേരളവും എഫ്എമ്മുകളെ രണ്ടുകൈകളും നീട്ടി സ്വീകരിച്ചു . മനോരമ റേഡിയോ മംഗോയും മാതൃഭൂമി ടൺ കണക്കിന് ഫണ്മായി ക്ലബ്ബ് എഫ്എം ഉം സണ്ണിന്റെ റെഡ് എഫ്എമും റേഡിയോ മിറിച്ചിയും ഒക്കെ കേരളത്തിൽ റേഡിയോകളെ വിതച്ചുകൊണ്ട് പാട്ടുകൾ കൊയ്തെടുത്തു .

2008 ജനുവരിയിൽ ഓക്സിജൻ എഫ്എം എന്നപേരിൽ റേഡിയോ ഏഷ്യയുടെ ബാനറിൽ മുന്നയുടെയും ജയലക്ഷ്മിയുടെയും നേതൃത്വത്തിൽ ആരംഭിക്കുകയും കിടിലൻ ഫിറോസും ആര്യനും അതുപോലെ നാട്ടിൽനിന്നും വന്ന കുറെ നല്ലവരായ ചെറുപ്പക്കാരും അതിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു . പെട്ടെന്നൊരു സുപ്രഭാതത്തിൽ ടീമില്‍ ഒരു പ്രധാനിയുടെ  ചില ത്രികോണ പ്രണയങ്ങളും അതുപോലെയുള്ള അസ്വാരസ്യങ്ങളും ഒരു നല്ല റേഡിയോ അടച്ചുപൂട്ടുവാൻ അധികൃതർ നിര്ബന്ധമാവുകയായിരുന്നു .

മുംബയിലെ ആസിഫ് മരിക്കാറിന്റെ സഹായത്തോടെ അജിത് മേനോൻ ആസൂത്രണം ചെയ്ത ഗൾഫ് മലയാളം മ്യൂസിക്ക് അവാർഡ്‌സ് എന്ന ഷോയിലൂടെയാണ് ഷഹബാസ് അമനും വിനീത് ശ്രീനിവാസനും ദീപക്‌ദേവും സ്റ്റീഫൻ ദേവസിയും ഷാൻ റഹ്‌മാനും ബെന്നി ദയാലും സയനോറയും രഞ്ജിനിജോസും ജ്യോത്സ്നയും എല്ലാം ഗൾഫിൽ ആദ്യമായി അരങ്ങേറിയത് .

കൂടാതെ ബോളിവുഡ് താരങ്ങളായ ശ്രീദേവിയും അനിൽകപൂറും ജാക്കി ഷ്‌റോഫും , വിദ്യാബാലനും സംഗീത ചക്രവർത്തിമാരായ ബലമുരളീകൃഷ്ണയും , ദക്ഷിണാമൂർത്തിയും , എസ്പി ബാലസുബ്രമണ്യവും , യേശുദാസും എല്ലാം ഈ സംഗീതനിശയുടെ ഭാഗമായിരുന്നു . ആരും തൊടാൻ ശൈര്യപ്പെടാതിരുന്ന ശോഭനയുടെ മായാരാവണും, ഫോർ യു മം എന്ന മാതൃദിനത്തിൽ അമ്മമാരെ നാട്ടിൽ നിന്നും ദുബായിലേക്ക് കൊണ്ടുവരുന്ന പരിപാടിയും ഹിറ്റ് ദ ഡ്യൂൺസും പതിനാല് ജില്ലക്കാരെ അണിനിരത്തി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗും ഹിറ്റ് ജെറ്റുകൾ നിരവധി രാജ്യങ്ങളിലേക്ക് പറക്കുന്നതും സംഭവബഹുലങ്ങളായിരുന്നു .

publive-image

മോഹൻലാലിന്റെ മുപ്പത് വർഷത്തെ സിനിമാജീവിതത്തിൽ ആഘോഷമായ ലാൽ സലാം ഹിറ്റ് എഫ്എം അങ്ങേറ്റെടുക്കുകയിരുന്നു . അജിത് മേനോന്റെ പ്രത്യേക താത്പര്യപ്രകാരം സത്താർ അൽ കരനുമായി സഹകരിച്ചുനടത്തിയ ആ ഇവന്റ് ദുബായിലെ ഏറ്റവും വലുപ്പമേറിയതും വിലകൂടിയതുമായ ഷെയ്ഖ് റാഷിദ് ഹാളിൽ വെച്ചായിരുന്നു അരങ്ങേറിയത് .

ആ ഹാളിലെ ആദ്യത്തെ ഇന്ത്യൻ ഇവന്റ് എന്ന ബഹുമതിയോടെ നടന്ന ഷോയോടനുബന്ധിച്ച് ലാലിൻറെ ഫോട്ടോ പ്രദർശനം ബബിൾ ലോഞ്ചിൽ വെച്ചും

ഫാൻസുകാർക്കുള്ള ഡിന്നർപാർട്ടി അറ്റ്ലാന്റിസിൽ വെച്ചും നടന്നപ്പോൾ ഹിറ്റ് എഫ്എം ദുബായിയെ ഇളക്കി മറിക്കുകയായിരുന്നു .

26 ഫുൾ പേജ് പരസ്യങ്ങളുമായി ലാൽ സലാം അരങ്ങേറിയപ്പോൾ ദുബായ് സ്റ്റുഡിയോ സിറ്റിയും അൽ ഫത്താനും അതിന്റെ ഭാഗഭാക്കാകുയായിരുന്നു .

ദുബൈയിലെ രാജകുടുംബാംഗങ്ങൾ മോഹൻലാലിനെ ആദരിച്ചപ്പോൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ചു .

പിന്നീട് റെഡ് എഫ്എം എന്ന പേരിൽ വേഷപ്രച്ഛന്നനായി ഒരു റേഡിയോ വന്നെങ്കിലും ഒരു ഗുരുത്വക്കേട് ആ ഫ്രീക്വൻസിയിൽ നിഴലിച്ചിരുന്നു .

സിനിമാക്കാരായ മീര നന്ദനും ശ്രീജിത് വിജയനും ആദിൽ ഇബ്രാഹിമും അടിച്ചുപൊളിച്ചു തുടങ്ങിയ റേഡിയോയുടെ ക്രിയേറ്റീവ് മനുവായിരുന്നു .

നിസ്സാര പടലപ്പിണക്കങ്ങളിൽ അകപ്പെട്ട് ആ റേഡിയോയും അവസാനിച്ചപ്പോൾ ആർ ജെ കൾ എല്ലാവരും വിവിധ റേഡിയോകളിലേക്ക് ചേക്കേറി . വോയ്‌സ് ഓഫ് കേരള പോലെയും പ്രവാസി ഭാരതിപോലെയും റേഡിയോകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതായിരുന്നു അതിന്റെയൊക്കെ അവസ്ഥകൾ .

നിധി എന്ന യുവരക്തത്തിന്റെ മേൽനോട്ടത്തിൽ അജ്മാനിൽ നിന്നും ആരംഭിച്ച ഗോൾഡ് എഫ്എം എല്ലാ വൈതരണികളെയും അതിജീവിച്ചുകൊണ്ട് മുന്നേറുന്നു. കൊച്ചിയിലെ റെഡ് എഫ്എമ്മിലെ നമിത നയ്യാർ പിന്നീട് ഗോൾഡിന്റെ സാരഥ്യം ഏറ്റെടുത്തുവെങ്കിലും മാനേജ്‌മന്റ് ബഡ്ജറ്റിങ്ങിൽ പിടിച്ചുനിൽക്കുവാനാകാതെ അവർ ഫ്ളവേഴ്സിലേക്ക് ചേക്കേറുകയും ഇപ്പോൾ ആലപ്പുഴ ക്ളബിഎഫ്എമ്മിൽ മനഃസമാധാനമായി ജോലി ചെയ്യുകയും  ചെയ്യുന്നു .

വൈശാഖ് സോമരാജൻ ഗോൾഡിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ചാരിറ്റി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് റേഡിയോ ജനനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു .

കുറെ നല്ല നിക്ഷേപകരുമായി ദുബായിലെ സ്റ്റുഡിയോ സിറ്റിയിൽ നിന്നും ആരംഭിച്ച റേഡിയോ മി . ശരിക്കും പറഞ്ഞാൽ ദുബായിൽ മലയാളികളിൽ ഏറെ പ്രതീക്ഷ വളർത്തിയ യുവ റേഡിയോ ക്രിയേറ്റീവ് ഹെഡുകൾ എന്ന് പറയുന്നവരുടെ വിവരമില്ലായ്മയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചപ്പോൾ നിക്ഷേപകർ ഏറെ വിഷമിച്ചു .

ഹിറ്റ് എഫ്എമ്മിൽ നിന്നും ചേർന്ന ക്രിസ് അയ്യരും അതുപോലെ അനൂപും അശ്വതിയും ഒക്കെ കഷ്ടപ്പെട്ട് പണിയെടുത്തപ്പോൾ റേഡിയോ മുന്നോട്ട് കുതിച്ചെങ്കിലും ചിലരുടെ അനാവശ്യ ഇടപെടലുകൾ റേഡിയോയെ പിന്നോട്ട് വലിക്കുകയായിരുന്നു .

publive-image

സത്താർ അൽ കരന്റെ ഉടമസ്ഥതയിലുള്ള 1971 ഇവന്റസിന്റെ ഇന്റർനാഷണൽ മലയാളം ഫിലിം അവാർഡ്‌സ് എന്ന ഒരു അവാർഡ്‌സ് ഷോയോടനുബന്ധിച്ച് യുഎഇ നാഷണൽ ദിനമായ 2011 ഡിസംബർ 2 ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ അൽ ബദിയ ഗോൾഫ് ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട ആയിരങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ മെമ്പറും , ദുബായ് ടൂറിസം ഡയറക്ടറും

ദുബായ് സ്റ്റുഡിയോ സിറ്റി ഡയറക്ടറും , സംവിധായകരായ സിദ്ധിഖും ബ്ലെസ്സിയും റോഷൻ ആൻഡ്‌റൂസും മധു അമ്പാട്ടുമൊക്കെ ചേർന്ന്

നിലവിളക്കുകൊളുത്തി ഉത്‌ഘാടനം നിർവഹിച്ച റേഡിയോ മി ചുരുങ്ങിയ നാളുകളിൽ തന്നെ ഒന്നാം നിരയിലേയ്ക്ക് കുതിക്കുകയായിരുന്നു .

മലയാളത്തിലെ നക്ഷത്രങ്ങൾ ലോകത്തിന്റെ നെറുകയിൽ എന്ന വാചകവുമായി ദുബായ് ബുർജ് ഖലീഫയിലെ അർമനിയിൽ 2012 ഡിസംബർ രണ്ടിന് ഇന്റർനാഷനൽ മലയാളം ഫിലിം അവാർഡ്‌സ് സെക്കന്റ് എഡിഷൻ നടത്തുമ്പോൾ റേഡിയോ മി , മറ്റുള്ള എല്ലാ റേഡിയോകളെയും പിന്നിലാക്കിക്കൊണ്ട് ഒന്നാം നിരയിലേയ്ക്ക് എത്തുകയായിരുന്നു .

അർമനിയിലെ പവലിയനിയിലെ ആദ്യ  ഇവന്റിൽ മലയാളത്തിന്റെ കൂടിയാട്ടവും സോപാന സംഗീതവും മോഹനവീണയുമൊക്കെ അരങ്ങേറിയപ്പോൾ മലയാളികൾക്ക് അതൊരു അഭിമാനമായി മാറി . പിന്നെന്തോ കണ്ണേറ് കിട്ടിയതുപോലെ അനാവശ്യ പ്രശ്നങ്ങളിൽ അകപ്പെട്ട ആ റേഡിയോയെ മോഹൻലാൽ ടീം ഏറ്റെടുക്കുവാൻ ശ്രമിച്ചെങ്കിലും അതിന്നായി ഡിന്നർ പാർട്ടി നടത്തിയെങ്കിലും ഒന്നും എവിടെയും എത്താതെ അതൊരു തമിഴ് റേഡിയോയായി പരിണമിക്കുകയായിരുന്നു .

നാട്ടിലെങ്ങും പാട്ടായതിന് ശേഷം ദുബായിലും പാട്ടുകളുമായി വന്നിറങ്ങിയ റേഡിയോ മംഗോ , ഫുജൈറയിൽ നിന്നുമുള്ള ഫ്രീക്വൻസിയിൽ ആരംഭിച്ചുവെങ്കിലും ശബ്ദത്തിന്റെ വ്യതിയാനങ്ങളിൽ പെട്ടതുകൊണ്ട് മറ്റുള്ളവരുമായി കിടപിടിക്കുവാനാകാതെ അവസാനിപ്പിച്ചു പോകേണ്ടതായി വന്നത് ദുബായിലുള്ളവർക്ക് തീരാനഷ്ടം തന്നെയായിരുന്നു . കാരണം മറ്റുള്ള റേഡിയോക്കാരുടെ അഹങ്കാരം പിന്നെയും പിന്നെയും കേൾക്കേണ്ടി വരുമ്പോൾ ഓപ്‌ഷനുകൾ നഷ്ടപ്പെടുകയായിരുന്നു .

അള്ളാ റാഖ റഹ്‌മാൻ എന്ന എ ആർ റഹ്‌മാന്റെ ഷോയുടെ അകമ്പടിയോടെ ആരംഭിച്ച മാതൃഭൂമി ക്ലബ്ബ് എഫ്എം ടൺ കണക്കിന് ഫൺമായി

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാനാണ് ഉത്‌ഘാടനം നിർവഹിച്ചത് . പിഎസ് ശ്രീകുമാറിന്റെയും കെആർ പ്രമോദിന്റേയും മേൽനോട്ടത്തിൽ ആരംഭിച്ച റേഡിയോ വളരെ നല്ല രീതിയിൽ ലോക്ക് ഡൗണുകളെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങുന്നു . വളരെ സൂക്ഷ്മതകളോടെ നടന്നുപോകുന്ന റേഡിയോ ഷോകളെല്ലാം വളരെ മേന്മ നിറഞ്ഞവയാണ് .

ആശാ ശരതും നൈലയും ആദിലും ജോണും മൊയ്‌തീൻ കോയയും കെപികെ വേങ്ങരയും ആൽബർട്ട് അലക്‌സും ഒക്കെ റേഡിയോവിൽ നിന്നും സിനിമകൾ അഭിനയിച്ചപ്പോൾ മിഥുനും മീരാനന്ദനും ശ്രീജിത് വിജയനുമൊക്കെ സിനിമകളിൽ നിന്നും റേഡിയോ സെലിബ്രിറ്റികളായി മാറുകയായിരുന്നു .

സിനിമാക്കാർക്ക് മാത്രമല്ല റേഡിയോകാർക്കും ഫാന്‍സുകളും ആരാധകരും ഉണ്ടാക്കാം എന്നത് റോഡ് ഷോകളിലൂടെയും

ഫോട്ടോ ഷൂട്ടുകളിലൂടെയും പരസ്യങ്ങളിലൂടെയും തെളിയിച്ചത് അജിത് മേനോൻ എന്ന റേഡിയോ ചക്രവർത്തിയായിരുന്നു . ഗ്രാമഫോൺ എന്ന റേഡിയോ പരിപാടി ഇന്നും മലയാളികൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു .

ലേബർ ക്യാമ്പുകളിലെയും അറബി വീടുകളിലെയും സാധാരണക്കാരായ മലയാളി ബാച്ചലേഴ്സിന്‍റെ വീക്ക്നെസ്സായിരുന്നു ആ ഷോ . കഴിഞ്ഞ 16 വർഷങ്ങളായി നല്ല നിലവാരത്തിൽ തുടരുന്ന ബ്രേക്ക് ഫാസ്റ്റ് ക്ലബ്ബും ,ഒരു ഉലച്ചിലും തട്ടാതെ ഷാബുവിന്റെ വർത്താവയനാ ശൈലിയും , റിയാസിന്റെ മ്യൂസിക്ക് പ്രൊഡക്ഷനും ഫസലുവെന്ന ന്യൂസ് റീഡർ ഏറെക്കാലം രഹസ്യമാക്കി നടത്തിയിരുന്ന ഗഫൂർക്കയും ഒക്കെ ഇന്നും ഏവരും മനസ്സിൽ സൂക്‌ഷിക്കുന്നു .

റേഡിയോ നല്ല രീതിയിൽ പോകുന്നതിനിടക്ക് ചില സർവസാധാരണമായ തൊഴുത്തിൽ കുത്തുകളിൽ അകപ്പെട്ട് ലക്ഷ്മിയും ഷാലുവും ക്രിസ്സും ഒക്കെ ടാറ്റ പറഞ്ഞുവെങ്കിലും അവർക്കൊന്നും പകരം വെക്കുവാൻ ആരെയും കിട്ടിയിരുന്നില്ല .

ഒരു ആസ്ട്രേലിയക്കാരൻ കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തപ്പോൾ മലയാളത്തിലെ വാർത്ത ഇംഗ്ലീഷിൽ പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അജിത്‌മേനോനുമായി അസ്വാരസ്യങ്ങൾ ആരംഭിച്ചു .

അതിനേക്കാളുപരി താൻ സ്വന്തമെന്ന് കരുതി വളർത്തി വലുതാക്കിയ ചിലരൊക്കെ മേനോനെ പിറകിൽ നിന്നും കുത്തിയപ്പോൾ ആപ്പിളിൽ

സ്റ്റീവ് ജോബ്‌സിന് സംഭവിച്ചതുപോലെ അദ്ദേഹവും മെല്ലെ പടിയിറങ്ങുകയായിരുന്നു . ഇതിന്നിടയിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുവാനും

റേഡിയോക്കു സാധിച്ചു . മിഥുനും സിന്ധുവും ചേർന്നവതരിപ്പിച്ച ഷോയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റേഡിയോ ഷോ .

publive-image

ഒരിക്കൽ മെഗാസ്റ്റാർ മമ്മുട്ടിയും സിദ്ധിഖ് ലാലിലെ ലാലും ദേര സിറ്റി സെന്ററിലെ റാഡോ ഷോറൂമിൽ വാച്ച് വാങ്ങുവാൻ പോകുമ്പോൾ

ഹിറ്റ് എഫ്എം സാരഥികൾ ലാലിനെ സ്റ്റുഡിയോവിലേക്ക് ക്ഷണിക്കുവാൻ വന്നു .

ക്ഷണം സ്വീകരിച്ച ശേഷം ലാൽ പറഞ്ഞു '' ഇക്കഴിഞ്ഞ വാരം ഞാൻ ഇടക്കിടക്ക് നിങ്ങളുടെ റേഡിയോ കേട്ടിരുന്നു , ആ റേഡിയോയുടെ വിജയത്തിന്റെ മുഖ്യ കാരണം നിങ്ങളുടെ സൗണ്ട് പ്രൊഡക്ഷനും , രസകരമായ പ്രോമോകളും , പിന്നെ ടൈമിങ്ങിനൊത്ത എഡിറ്റിങ്ങുമാണ് . സംസാരിച്ചു തുടങ്ങിയാൽ അതിട്ട് വലിച്ചുനീട്ടാതെ നിർത്തേണ്ടിടത്ത് നിർത്തി പാട്ട് കേൾപ്പിക്കുന്ന ടൈമിംഗ് ആണ് നിങ്ങളുടെ വിജയം '' .

ജൂൺ എന്ന മാസത്തിലാണ് ആകാശവാണിയും ഹിറ്റ് എഫ്എമ്മുമൊക്ക പ്രക്ഷേപണം തുടങ്ങിയതെന്നതിനാൽ ജൂൺ മാസത്തിൽ തന്നെ ഈ റേഡിയോക്കാരെയൊക്കെ സുഖിപ്പിച്ചു കളയാമെന്ന് കരുതി .അത്രേയുള്ളൂ !!!

പതിനാറ് വർഷങ്ങളായി മലയാളികളെ വാർത്തകളും വിശേഷങ്ങളുമായി സന്തോഷിപ്പിക്കുന്ന റേഡിയോക്ക് മംഗളം നേർന്നുകൊണ്ട് ദാസനും

മറ്റുള്ള റേഡിയോക്കാരും കൂടുതൽ നാളുകൾ ജനങ്ങളിൽ എത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് വിജയനും !!!

dasanum vijayanum
Advertisment